പരിണാമത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും പരിഭാഷ തുടരുന്നു:
അദ്ധ്യായം:11ഏകത്വവും ലാളിത്യവും അവസാന ഭാഗം:
റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഅ്ജാസ്:
കൂടുതൽ അസാധാരണമായ കാര്യം എന്തെന്നാൽ, എല്ലാ ജനുസ്സുകളിലും പെട്ട “മോഡേണിസ്റ്റുകൾ” (ഇവിടെ നാം പരിഗണിക്കുന്നത്, പടിഞ്ഞാറുള്ളവരെ മാത്രമല്ല, കിഴക്കുള്ളവരെ കൂടിയാണ്, കാരണം അവരും പാശ്ചാത്യവൽകരിക്കപ്പെട്ടവർ മാത്രമാണ്.), തത്വസംഹിതയുടെ ലാളിത്യത്തെ, മതത്തിന്റെ ക്രമത്തിലുള്ള ഒരു “പുരോഗതിയായി” വാഴ്ത്തുന്നതോടൊപ്പം തന്നെ, മതത്തെ കുറിച്ച് പലപ്പോഴും സംസാരിക്കാറുള്ളത് അത് വിഡ്ഢികൾക്കു വേണ്ടി ഉണ്ടാക്കപ്പെട്ടത് എന്ന നിലയിലോ, അതല്ലെങ്കിൽ, ചുരുങ്ങിയത്, അവർ അഭിസംബോധന ചെയ്യുന്നത് തീർച്ചയായും വിഡ്ഢികളായിരിക്കും എന്ന നിലയിലോ ആണ്. ഒരു തത്വം ലളിതമാണ് എന്ന് ശരിയായ രീതിയിലോ തെറ്റായ രീതിയിലോ സമർത്ഥിക്കുന്നതിലൂടെ തന്നെയാണ് അൽപമെങ്കിലും ബുദ്ധിയുള്ള ഒരാൾക്ക് പോലും, അതിനെ സ്വീകരിക്കാനുള്ള സാധുവായ ഒരു കാരണം നമ്മൾ നൽകുന്നത് എന്ന് നമ്മൾ വിശ്വസിക്കുന്നുണ്ടോ? ഇത്, അടിസ്ഥാനപരമായി, നാം മുമ്പ് പറഞ്ഞത് പോലെതന്നെ, ശാസ്ത്രത്തെ നമുക്ക്
എല്ലാവരുടെയും കൈപ്പിടിയിലെത്തിക്കണം എന്ന സമീപനത്തിന് ഉപോൽബലകമായിട്ടുള്ള “ജനാധിപത്യ” ആശയത്തിന്റെ ഒരു പ്രകടിത രൂപം
മാത്രമാണ്. ഇതേ മോഡേണിസ്റ്റുകൾ തന്നെയാണ് എല്ലായ്പ്പോഴും, അവരുടെ നിലപാടിന്റെ അനിവാര്യ പരിണതിയെന്ന നിലയിലും, ആന്തരികതാവാദത്തിന്റെ (esoterism) പ്രഖ്യാപിത എതിരാളികളായിട്ടുള്ളത് എന്നത് ചൂണ്ടിക്കാട്ടേണ്ട ആവശ്യമില്ല. ആന്തരികതാവാദം, നിർവചന പ്രകാരം തന്നെ പ്രത്യേകക്കാർക്കുള്ളതാണെന്നതിനാൽ തന്നെ, ലളിതമായിരിക്കേണ്ടതില്ല എന്നത് പറയേണ്ടതില്ലല്ലോ. അതിനാൽ, അതിന്റെ നിഷേധം ലളിതവൽകരണത്തിനുള്ള ഏത് ശ്രമത്തിന്റെയും അനിവാര്യമായ ആദ്യ പടിയായി സ്വയം അവതരിക്കുന്നു. മതമെന്ന് ശരിക്കും വിളിക്കപ്പെടുന്ന കാര്യം അഥവാ, കൂടുതൽ സാമാന്യമായി പറയുകയാണെങ്കിൽ, ഏതൊരു പൈതൃകത്തിന്റെയും ബാഹ്യമായ വശം, തീർച്ചയായും എല്ലാവർക്കും അവരവരുടെ ശേഷികൾക്കനുസൃതമായി അതിൽ നിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാൻ തക്കതായത് തന്നെയായിരിക്കണം. ഈയൊരർത്ഥത്തിലാണ് അത് എല്ലാവരെയും അഭിസംബോധന ചെയ്യുന്നതായിട്ടുള്ളത്. എന്നാൽ, ഇതിനർത്ഥം ഏതൊരു അജ്ഞനും (ഇവിടെ ഉദ്ദേശം, മതേതര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അജ്ഞത അല്ല, അത് ഇവിടെ പ്രസക്തമേയല്ല) ഏറ്റവും ബുദ്ധി കുറഞ്ഞവനും ഗ്രഹിക്കാൻ തക്കതായ രീതിയിലുള്ള ലഘുത്വത്തിലേക്ക് അതിനെ ചുരുക്കണം എന്നല്ല. എന്നാൽ, ഇതിൽനിന്ന് വിരുദ്ധമായി, എല്ലാ വ്യക്തികളുടെയും, അവർ എത്ര ഉയർന്നവരാണെങ്കിലും ശരി, സാധ്യതകളുടെ തലങ്ങളിലെല്ലാമുള്ള എന്തെങ്കിലും അതിൽ ഉണ്ടാവണം. ഇതിലൂടെ മാത്രമേ, വികൃതമാക്കപ്പെടാത്ത ഏതൊരു പാരമ്പര്യത്തിന്റെയും അനിവാര്യമായ പരിപൂരകമായിട്ടുള്ളതും ശുദ്ധമായ ഉപക്രമക്രമത്തിൽ പെട്ടതുമായ ആന്തരിക വശത്തിന് അനുയോജ്യമായ ഒരു താങ്ങ് നൽകാൻ മതത്തിനാവുകയുള്ളൂ. പക്ഷെ, മോഡേണിസ്റ്റുകൾ, ആന്തരികതാവാദത്തെയും ഉപക്രമത്തെയും കൃത്യമായി നിരാകരിക്കുന്നതിലൂടെ, മതസംഹിതകൾക്ക് സ്വയം തന്നെഎന്തെങ്കിലും ഗഹനമായ അർത്ഥം ഉണ്ട് എന്നതിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ, മതത്തെ ആത്മീയവൽകരിക്കുന്നു എന്ന് അവർ അവകാശപ്പെടുന്നതോടൊപ്പം തന്നെ, ആത്മാവ് ഏതാണ്ട് പൂർണമായും തന്നെ അസന്നിഹിതമായിട്ടുള്ള, കുടുസ്സായതും മുരടനായതുമായ ബാഹ്യാർത്ഥപരതയിലേക്ക് (literalism) അവർ ചെന്നു പതിക്കുകയും ചെയ്യുന്നു. പാസ്കൽ, “ആര് മാലാഖയാണെന്ന് നടിക്കുന്നുവോ, അവൻ ചെകുത്താനായാണ് നടിച്ചു കാണിക്കുന്നത്” (qui veut faire l’ange fait la bête) എന്ന് പറഞ്ഞത് പലപ്പോഴും ശരിയാണെന്നതിന്റെ ശ്രദ്ധേയമായ ഒരു ഉദാഹരണമാണിത്.
ഏതായാലും, “പ്രാക്തനമായ ലാളിത്യത്തെ” (primitive simplicity) കുറിച്ച ചർച്ച നമ്മൾ മുഴുമിപ്പിച്ച് കഴിഞ്ഞിട്ടില്ല. കാരണം, ഈ പദപ്രയോഗത്തിന് സാംഗത്യം കണ്ടെത്താവുന്നതായ, ചുരുങ്ങിയത് ഒരർത്ഥമെങ്കിലുമുണ്ട്: അത്, ക്രമമില്ലായ്മയുടെ (chaos) അസ്പഷ്ടതയുമായി ബന്ധപ്പെട്ടാണ്. ക്രമമില്ലായ്മ എന്നത്, “തുടക്കത്തിലുള്ളത്” എന്നനിലയിൽ, ഒരു രീതിയിൽ പ്രാക്തനമായത് തന്നെയാണ്. എന്നാൽ, അത് ഒറ്റക്കുള്ളതല്ല. കാരണം, സർവ്വ ആവിർഭാവങ്ങളും, പാരസ്പര്യമാർന്ന രീതിയിൽ സത്തയെയും പദാർത്ഥത്തെയും അനിവാര്യമായും മുന്നുപാധികളാക്കുന്നുണ്ട്. ക്രമമില്ലായ്മ എന്നത്, അതിന്റെ പാദാർത്ഥികമായ അടിത്തറയെ മാത്രമേ പ്രതിനിധാനം ചെയ്യുന്നുള്ളൂ. “പ്രാക്തനമായ ലാളിത്യത്തെ” പിന്തുണക്കുന്നവർ ഇതിനെ കുറിച്ച് കേൾക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, നമ്മൾ അതിന് എതിരല്ല. കാരണം, ലളിതവൽകരിക്കാനുള്ള പ്രവണതയെ അതിന്റെ ആത്യന്തിക പരിണതികളിലേക്ക് കാലക്രമേണ മുന്നോട്ട് കൊണ്ടു പോവുകയാണെങ്കിൽ, അത് നയിക്കുക സ്പഷ്ടതയുടെ ഈ അഭാവത്തിലേക്ക് തന്നെയാണ്. എന്നിരിക്കിലും, ഈ ആത്യന്തികമായ ലാളിത്യം ആവിർഭാവത്തിൽ പെട്ടതല്ല, മറിച്ച് അതിന് കീഴെയാണ് എന്നതിനാൽ തന്നെ, ഒരു രീതിയിലും ശരിക്കുമുള്ള “സ്രോതസ്സിലേക്കുള്ള മടക്കത്തെ” പ്രതിനിധീകരിക്കുന്നേയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവ്വിഷയകമായും, രണ്ട് തത്വങ്ങൾക്കിടയിലുള്ള പ്രത്യക്ഷമാത്രമായ ഒരു വൈരുദ്ധ്യത്തെ ദുരീകരിക്കാനും വേണ്ടി, അസ്തിത്വത്തിന്റെ രണ്ട് ധ്രുവങ്ങളുമായി യഥാക്രമം ബന്ധപ്പെട്ടു കിടക്കുന്ന രണ്ട് കാഴ്ചപ്പാടുകൾക്കിടയിൽ വ്യക്തമായ വേർതിരിവുണ്ടാക്കുക എന്നത് അത്യാവശ്യമാണ് : ക്രമമില്ലായ്മയിൽ നിന്നാണ് ലോകം രൂപപ്പെട്ടത് എന്ന് നമ്മൾ പറയുകയാണെങ്കിൽ, നമ്മൾ അതിനെ പരിഗണിക്കുന്നത് കേവലം പാദാർത്ഥികമായ കാഴ്ചപ്പാടിൽ മാത്രം നിന്നു കൊണ്ടാണ്. അപ്പോൾ, ആ ഉൽഭവത്തെ കാലാതീതമായി നമ്മൾ കണക്കാക്കേണ്ടി വരുന്നു. കാരണം, വ്യക്തമായും, കാലം എന്നത്, ക്രമമില്ലായ്മയിൽ (chaos) നിലനിൽക്കുന്ന ഒന്നല്ല, മറിച്ച് പ്രപഞ്ചത്തിൽ (cosmos) മാത്രമുള്ളതാണ്. അപ്പോൾ, നമുക്ക് ആവിർഭാവത്തിന്റെ വികാസത്തിന്റെ ക്രമത്തെകുറിച്ച് പരാമർശിക്കേണ്ടി വരികയാണെങ്കിൽ, അത് ദൈഹികമായ അസ്തിത്വത്തിന്റെ മണ്ഡലത്തിൽ ആയൊരു മണ്ഡലത്തെ നിർവചിക്കുന്ന മാനദണ്ഡങ്ങൾ കാരണമായി, ഒരു കാലപരമായ തുടർച്ചയുടെ ക്രമമായി പരാവർത്തനം ചെയ്യപ്പെടും. അതിനാൽ, പാദാർത്ഥികമായ ധ്രുവത്തിന്റെ വശത്ത് നിന്നല്ല നമ്മൾ ആരംഭിക്കേണ്ടത്, മറിച്ച് സത്താപരമായ ധ്രുവത്തിന്റെ വശത്ത് നിന്നാണ്. അതിന്റെ ആവിർഭാവം, ചാക്രിക നിയമങ്ങൾക്കനുസൃതമായി, പാദാർത്ഥികമായ ധ്രുവത്തിലേക്ക് അവരോഹണം ചെയ്യുന്നതിലേക്ക് അഭംഗുരം പിൻവാങ്ങിക്കൊണ്ടേയിരിക്കുന്നു, സൃഷ്ടിപ്പ്, ക്രമമില്ലായ്മയിലുള്ള നിർണയം എന്ന നിലയിൽ, തൽക്ഷണ സ്വഭാവത്തിലുള്ളതാണ്. അത് ശരിക്കും ബൈബിളിലുള്ള, “വെളിച്ചമുണ്ടാവട്ടെ” (Fiat Lux ) എന്നത് തന്നെയാണ്. പക്ഷെ പ്രപഞ്ചത്തിന്റെ (cosmos) ഉൽഭവത്തിൽ തന്നെ യഥാർത്ഥത്തിൽ ഉള്ളത് പ്രാക്തനമായ വെളിച്ചം അഥവാ സർവവസ്തുക്കളുടെയും സത്തകളടങ്ങിയിട്ടുള്ള ശുദ്ധ ആത്മാവ് തന്നെയാണ്. അവിടെനിന്ന്, ആവിർഭവിതമായ ലോകത്തിന് ഫലത്തിൽ കൂടുതൽ കൂടുതൽ ദ്രവ്യപരതയിലേക്ക് അവരോഹണം ചെയ്യാനേ സാധിക്കുകയുള്ളൂ.