സലാം പേരോട്
സൂര്യസമാനം പ്രശോഭിച്ചു നിൽക്കുന്ന തിരുനബി(സ്വ) തങ്ങളുടെ വ്യക്തിത്വവിശേഷങ്ങളെ ആവിഷ്കരിക്കാൻ ഭാഷയും ആശയവും അപര്യപ്തമാണ്. പ്രകാശങ്ങളുടെയെല്ലാം പ്രഭവകേന്ദ്രത്തെ എല്ലാ പ്രകീർത്തനങ്ങൾക്കും മേൽ പ്രകാശിച്ചു നിൽക്കുന്ന ആ ദിവ്യസാന്നിധ്യത്തെ സദ് ഗുണസമ്പൂർണ്ണതയുടെ ആകാര പ്രത്യക്ഷമായ ആ മഹാവ്യക്തിത്വത്തെ അവരവരുടെ കാഴ്ചയുടെ പരിമിതികളിൽ നിന്നുകൊണ്ട് പലരും ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. കവിതയായും ഗദ്യകവിതയായും ബൈത്തുകളും പാട്ടുകളുമായും പ്രകീർത്തന പ്രഭാഷണങ്ങളായും പ്രൗഢമായ ഉള്ളടക്കങ്ങളുള്ള ഉപന്യാസങ്ങളും ഗ്രന്ഥങ്ങളായും അങ്ങനെ ആവിഷ്കാരത്തിന്റെ എല്ലാ വിധമായ സങ്കേതങ്ങളിലൂടെയും ലോകത്തിലെ സർവ്വഭാഷകളിലും വിസ്മയാവഹമായ ആ ജീവിതത്തിൽ നിന്നുള്ള പല സന്ദർഭങ്ങളും ആവിഷ്കരിക്കപ്പെടുന്നുണ്ട്. എങ്കിലും ഹൃദയനേത്രങ്ങൾ കെട്ടുപോയ ആത്മശൂന്യർ ആ സൂര്യന് നേരെ കണ്ണടച്ച് സ്വയം ഇരുട്ടിലാവുകയും മറ്റുള്ളവരോട് കണ്ണടക്കാൻ ഉപദേശിക്കുകയുമാണ്. ഈ പശ്ചാത്തലത്തിൽ തിരുജീവിതത്തിന്റെ സർവ്വവ്യാപിയായ പ്രകാശപൂർണ്ണിമയിൽ നിന്ന് ഒരു മിന്നാമിനുങ്ങ് വെട്ടം സ്വാംശീകരിച്ച് പ്രതിഫലിപ്പിക്കാനും സത്യാന്വേഷകർക്ക് മാർഗദർശനം നൽകാനുമുള്ള ഒരു ശ്രമമാണ് ഈ പ്രണയക്കുറിപ്പ്.
സമകാലികലോകത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്നതും വിമർശിക്കപ്പെടുന്നതും സർവമനുഷ്യർക്കും സൃഷ്ടിജാലങ്ങൾക്കാകെയും അനുഗ്രഹമായും മാർഗദർശിയായും അല്ലാഹു അയച്ച പ്രവാചകനായ മുഹമ്മദ് നബി(സ്വ) യാണ് എന്നത് അനിഷേധ്യമായ ഒരു വസ്തുതയാണ്. ഈ പശ്ചാത്തലത്തിൽ പ്രവാചകനെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനം നടത്തുകയും അതു സഹജീവികളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നത് ഏറെ ഫലപ്രദവും അനുയോജ്യവുമായിരിക്കും. അന്തിമപ്രവാചകരായ, ശ്രേഷ്ഠ ഗുണവിശേഷങ്ങൾക്കും സ്വാഭാവമഹിമകൾക്കൊക്കെയും മാതൃകയായ തിരുനബി (സ്വ) യെ സംബന്ധിച്ച് സൂക്ഷ്മമായി പഠിക്കുമ്പോൾ ബോധ്യപ്പെടുന്ന ചില സുപ്രധാനകാര്യങ്ങൾ ഇവിടെ കോറിയിടുകയാണ്.
അന്ധകാരയുഗം എന്നു ചരിത്രകാരന്മാരാൽ വിശേഷിപ്പിക്കപ്പെടാൻ മാത്രം തിന്മകൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ പൂർണ അനാഥനായ ഒരു ബാലൻ വേണ്ടത്ര ശിക്ഷണമോ വിദ്യാഭ്യാസമോ ലഭിക്കാതിരുന്നിട്ടും സർവവിധ തിന്മകളിൽനിന്നും വിട്ടകന്നു ജീവിക്കുന്നു. നല്ലവരുമായി മാത്രം കൂട്ടുകൂടുകയും ദുർബലരെ സഹായിക്കുകയും നിരാലംബർക്ക് അത്താണിയാവുകയും ചെയ്ത് ആ ബാല്യവും യൗവനവും ധന്യമായി. എട്ടാം വയസ്സിൽ അമ്മാവന്റെകൂടെ അയൽരാജ്യത്തേക്ക് വ്യാപാര യാത്രയിൽ പങ്കുചേർന്നു. സത്യസന്ധമായി കച്ചവടം ചെയ്തു ജീവിതമാർഗ്ഗം കണ്ടെത്തേണ്ടതെങ്ങനെയെന്ന് ഈ യാത്രയിലും തുടർന്നുള്ള യാത്രയിലും ആ കുട്ടി പഠിച്ചെടുത്തു.
മുഖത്തു ശ്മശ്രുക്കൾ വളരുന്നതിനു മുമ്പേ സാമൂഹിക കാര്യങ്ങളിൽ പോലും സജീവമായി ഇടപെട്ടു. അന്യായത്തിനെതിരെ നാട്ടിലെ സുമനസ്സുകളുടെ സംഘം ചേർന്ന് രൂപീകരിച്ച ധർമസംഘത്തിന്റെ രൂപീകരണ യോഗത്തിൽ ഈ അനാഥബാലൻ സജീവ സാന്നിധ്യമായി. സത്യസന്ധനെന്നും വിശ്വസ്തനെന്നും സ്വന്തം അഭിധേയമെന്നപോലെ ഈ കുട്ടി അഭിസംബോധന ചെയ്യപ്പെട്ടു. ഈ കൊച്ചുമിടുക്കൻ യൗവനത്തിൽ നാട്ടുകാരുടെ സർവസ്വീകാര്യനായ മധ്യസ്ഥനായിത്തീർന്നതിലും അത്ഭുതമില്ല.
നാല്പതാം വയസ്സിൽ അന്തിമപ്രവാചകനായുള്ള അവിടത്തെ ദൗത്യം പ്രഖ്യാപിക്കപ്പെട്ടു. സർവലോക പരിപാലകനായ അല്ലാഹുവിന്റെ തിരഞ്ഞെടുപ്പായിരുന്നു അത്. അങ്ങനെ മുഹമ്മദ് മുസ്വ് ത്വഫാ (സ്വ) തങ്ങളായി. താൻ പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ട വിവരം ആദ്യം സ്വന്തം കുടുംബത്തെ അറിയിച്ചു. എന്നാൽ നാട്ടിൽ അത് കൊട്ടിഘോഷിച്ചുനടന്നില്ല. തുടക്കത്തിൽ അടുത്ത ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും മാത്രം ഇലാഹീസന്ദേശം കേൾപ്പിച്ചു. അവിടത്തെ അവധാനതയും കരുതലും ശ്രദ്ധയും ഔചിത്യബോധവും അപാരം. മൂന്നു കൊല്ലത്തിനുശേഷം അല്ലാഹുവിൽ നിന്നുള്ള കല്പനപ്രകാരം പരസ്യ പ്രബോധനം നടത്തിയപ്പോൾ നാട്ടിലെ ഭീകരവാദികളാൽ ആ പുണ്യ പുമാനും അംഗുലീപരിമിതരായ അനുയായികളും വേട്ടയാടപ്പെട്ടു. ജന്മനാട്ടിലെ പ്രബോധനപ്രവർത്തനങ്ങൾ വേണ്ടത്ര വിജയം കാണാതെ വന്നപ്പോൾ അറേബ്യയുടെ ഉദ്യാനനഗരമായ (Garden City) ത്വാഇഫിൽ ചെന്നു. കഠിനപീഡനങ്ങളേറ്റുവാങ്ങി. ധിക്കാരികളായ ആ ജനതയിൽനിന്നുള്ള ഈ കിരാത കൃത്യങ്ങളൊന്നും അവിടത്തെ ദൗത്യത്തെ ദുർബലപ്പെടുത്തിയില്ല. ഏകനായ അല്ലാഹുവിനോട് കരഞ്ഞു കരഞ്ഞു പ്രവാചകൻ ഇതു സംബന്ധിച്ച് ഏറ്റുപറയുന്നുണ്ട്. അക്രമികളെ നശിപ്പിക്കാമെന്ന ഇലാഹീവാഗ്ദാനം നിരസിച്ചുകൊണ്ട് പ്രവാചകൻ പറഞ്ഞത്: അവരുടെ സന്തതികളിലൊരാളെങ്കിലും സത്യസന്ദേശം സ്വീകരിക്കാൻ അവർ ഇവിടെ അവശേഷിക്കട്ടെ എന്നായിരുന്നു. അറിവില്ലാത്ത ജനത ചെയ്ത അവിവേകം താൻ മാപ്പാക്കുന്നുവെന്ന് പറഞ്ഞ പ്രവാചകൻ, അല്ലാഹുവേ നീയും അവർക്ക് മാപ്പരുളിയാലുമെന്ന് പ്രാർഥിച്ചു.

അയൽവാസികളും ബന്ധുക്കളുമായവർ തനിക്കും അനുയായികൾക്കുമെതിരെ മർദനവും പീഡനവും അഴിച്ചുവിടുമ്പോൾ തന്റെ അനുയായികളെ ആ പ്രവാചകൻ ഉണർത്തുന്നത് അയൽവാസി പട്ടിണികിടക്കുമ്പോൾ ഉദരം നിറയ്ക്കുന്നവന് മുഹമ്മദിന്റെ അനുയായിയെന്ന് അവകാശപ്പെടാൻ അർഹതയില്ലെന്നാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ നല്ലതു മാത്രം പറയണമെന്നും അല്ലെങ്കിൽ മൗനം പാലിക്കണമെന്നും ഉദ്ബോധിപ്പിച്ചു. അല്ലാഹുവിന്റെ കൃപ നേടണമെന്ന വിചാരത്തിൽ സദാ പ്രവർത്തിക്കുന്നവരുടെ ആവശ്യവും അഭിനിവേശവും അവൻ പൂർത്തീകരിച്ചു നൽകുമെന്ന് ആ പ്രവാചകൻ മൊഴിഞ്ഞു. അറിവനുസരിച്ച് പ്രവർത്തിച്ചാൽ അറിയാത്ത കാര്യങ്ങൾ ദൈവം പഠിപ്പിച്ചുതരുമെന്ന് അവിടന്ന് മൊഴിയുകയുണ്ടായി.
പാവങ്ങളോട് വിനയത്തോടെയും ആഢ്യരോട് അന്തസ്സോടെയും അവിടന്ന് പെരുമാറി. ധർമസമരങ്ങൾക്ക് നേതൃത്വം നൽകാൻ നിർബന്ധിതമായ അവസ്ഥാവിശേഷങ്ങളുണ്ടായപ്പോൾ അവിടെയും സദാചാരനിഷ്ഠയും മൂല്യബോധവും ഉയർത്തിപ്പിടിച്ച പ്രവാചകൻ അനിവാര്യമായ യുദ്ധവേളകളിൽ പോലും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിരപരാധികളെയും കൊല്ലരുതെന്നുദ്ബോധിപ്പിച്ചു. കൊടിമ്പിരിക്കൊണ്ട യുദ്ധവേളകളിലൊന്നിലും ഒരിക്കൽ പോലും യുദ്ധമുഖത്തുനിന്നും പിന്തിരിയാനുള്ള ചിന്ത പോലും ആ ഹൃത്തിലുദിച്ചില്ല. മൃഗങ്ങളിലെ മാതൃത്വത്തെപ്പോലും ബഹുമാനിക്കാൻ ആഹ്വാനം ചെയ്തു. മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗരാജ്യമെന്ന് ഉമ്മപെറ്റ, ലോകത്തെ സകല മക്കളോടും നബി (സ്വ) വിളിച്ചുപറയുന്നു. സമാധാനം ഏറ്റവും വലിയ ആദർശമായി കൊണ്ടുനടന്ന പ്രവാചകൻ സമാധാനാന്തരീക്ഷം സ്ഥാപിക്കുക എന്ന ഉദാത്തമായ ലക്ഷ്യം മുന്നിർത്തി ശത്രുപക്ഷവുമായി ഉണ്ടാക്കിയ ഉടമ്പടികളിൽ കാണിച്ച വിട്ടുവീഴ്ചയും സൗമനസ്യവും ലോകചരിത്രത്തിൽ തുല്യതയില്ലാത്തതാണ്.
പ്രവാചകൻ കാണിച്ച ഭൂതദയ അത്യുൽകൃഷ്ടം. തള്ളപ്പക്ഷിയിൽനിന്നും അതിന്റെ കുഞ്ഞുങ്ങളെ അടർത്തി തനിക്കു സമ്മാനിച്ച ആളോട് അവറ്റകളെ കൂട്ടിൽകൊണ്ടുപോയിവെച്ച് തള്ളപ്പക്ഷിക്ക് തിരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. ഏതു ജീവിക്ക് അന്നം നൽകുന്നതും ഇലാഹിന്റെ പ്രസാദത്തിനുപയുക്തമാണെന്നു പഠിപ്പിച്ചു. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും പാവങ്ങൾക്ക് അന്നം നൽകാനും പ്രവാചകൻ (സ്വ) പ്രേരണ ചെലുത്തി. പ്രകൃതിസംരക്ഷണത്തിന് ഊന്നൽ നൽകിയ പ്രവാചകനിലൂടെ മുഴങ്ങിക്കേട്ട അമൃതവാണിയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന മനുഷ്യകരങ്ങളുടെ വിക്രിയകൾക്കെതിരായ പ്രചണ്ഡമായ താക്കീതും നമുക്ക് കണ്ടെത്താൻ സാധിക്കുന്നു.
കാരക്കയും വെള്ളവും ആഹാരമാക്കി ഇല്ലായ്മയും വല്ലായ്മയും ആരെയും അറിയിക്കാതെ അഭിമാനത്തോടെ ജീവിച്ചു. അധികാരത്തിന്റെ ദന്തഗോപുരത്തിലിരുന്ന് അനുയായികൾക്ക് നിർദേശം നൽകുകയല്ല, അവരിലൊരാളായി ജീവിച്ച് ധർമപ്രഘോഷണം നടത്തുകയാണ് അവിടന്ന് ചെയ്തത്. പലപ്പോഴും കല്ലുവെച്ചുകെട്ടിയ വിശക്കുന്ന വയറുമായിട്ടായിരുന്നു വൻ പ്രയത്നങ്ങളിൽ ഏർപെട്ടത്. ശത്രുക്കൾ താൻ സ്ഥാപിച്ച രാഷ്ട്രത്തെ ആക്രമിക്കാൻ വിവിധ കക്ഷികളുമായി സഖ്യം ചേർന്നു വന്നപ്പോൾ രാഷ്ട്രരക്ഷ ഉറപ്പുവരുത്താൻ അനുയായികളുമൊത്ത് കിടങ്ങുകീറി.
താൻ സ്ഥാപിച്ച മദീനാ രാഷ്ട്രത്തിലെ ന്യൂനപക്ഷ വിഭാഗത്തെ വിളിച്ചുകൂട്ടി അവരുടെ അവകാശങ്ങൾ വായിച്ചുകേൾപ്പിച്ച് അവരെ തൃപ്തരാക്കി. പൗരത്വം എന്ന ആധുനിക സങ്കല്പത്തെ ആയിരത്തിനാനൂറു കൊല്ലം മുമ്പ് മദീനയിൽ നബി (സ്വ) ആവിഷ്കരിച്ചു. പുറത്തുനിന്നു നിങ്ങളെ ഏതെങ്കിലും ശത്രു വന്ന് ആക്രമിച്ചാൽ ഇവിടത്തെ ന്യൂനപക്ഷ സമുദായമായ നിങ്ങളോടൊപ്പമായിരിക്കും ഭൂരിപക്ഷ സമുദായമായ ഞങ്ങളെന്നും ഞങ്ങൾക്കെതിരെവരുന്ന വൈദേശികാക്രമണത്തിൽ നിങ്ങൾ ഞങ്ങളോടൊപ്പം ആയിരിക്കും എന്നാശിക്കുന്നുവെന്നും പറഞ്ഞ നബി (സ്വ) പൗരത്വത്തെയും മനുഷ്യാവകാശത്തെയും സംബന്ധിച്ചുള്ള കാതലായ ആശയങ്ങൾക്ക് അടിത്തറപാകി. ന്യൂനപക്ഷാവകാശരേഖ അവിടന്ന് തയാറാക്കി. ദ ചാർട്ടർ ഒവ് മദീന അഥവാ മദീനാ ലിഖിതം എന്നു ചരിത്രകാരന്മാർ അതിനു പേരു നൽകി. ലോകചരിത്രത്തിൽ ആദ്യമായി ഒരു ഭരണഘടന തയാറാക്കിയതും ഈ പ്രവാചകൻതന്നെ. സ്വജനപക്ഷപാതം അരുതെന്ന് പഠിപ്പിച്ച നബി(സ്വ) തന്റെ മകൾ തെറ്റു ചെയ്താലും ശിക്ഷാർഹതന്നെ എന്നു പ്രഖ്യാപിച്ചു. തൊലിവെളുത്തവരെന്നോ തൊലികറുത്തവരെന്നോ കുചേലരെന്നോ കുബേരരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും തന്നോടൊപ്പമിരുത്തി ഒരേ പാത്രത്തിൽ നിന്ന് ഭക്ഷിപ്പിച്ചു.

ന്യായമായാലും അന്യായമായാലും വംശീയ വിഭാഗീയ ചിന്തകളോടെ പക്ഷപാതിയാവാൻ അവിടന്ന് തുനിഞ്ഞില്ല. സർവവ്യവഹാരങ്ങളിലും നീതിബോധം അവിടന്ന് കാത്തുപോന്നു. സങ്കുചിത ദേശീയതയുടെയോ വംശീയ വിഭാഗീയ താത്പര്യങ്ങളുടെയോ ഒരു ലാഞ്ഛനപോലും തിരുജീവിതത്തിൽ പ്രകടമായില്ല. എല്ലാ പക്ഷപാത ചിന്തകളെയും ദൂരീകരിക്കുന്ന പരിശുദ്ധ ഖുർആനിലെ നൂറ്റിപ്പതിനൊന്നാം അധ്യായമായ സൂറത്തുൽ മസദ് ജനങ്ങളെ അവിടന്ന് ഓതിക്കേൾപിച്ചു. ധർമവും മൂല്യവും ഉയർത്തിപ്പിടിച്ച കാപ്പിരിയായ അടിമയെ യജമാനനെന്ന് പ്രമുഖരുടെ നാവിലൂടെ വിളിപ്പിച്ചു. അതേസമയം തന്റെ അടുത്ത ബന്ധുവും ഉന്നതകുലജാതനും ശരീരലാവണ്യത്തിന്റെ പ്രതീകവുമായ അബൂലഹബ് അധർമത്തെയും ഭീകരതയെയും സത്യവിരുദ്ധതയെയും ആശ്ലേഷിച്ചപ്പോൾ അയാൾക്കുമേൽ അല്ലാഹുവിൽനിന്നുള്ള ശാപത്തിന്റെ വചനങ്ങളിറങ്ങിയപ്പോൾ അത് സ്വന്തം ജനതയെ ഓതിക്കേൾപ്പിച്ചു. കാലപ്രവാഹത്തിന്റെ ഓരോ ബിന്ദുവും അബൂലഹബിനുമേൽ അധർമ്മത്തിന്റെയും അന്യായത്തിന്റെയും പ്രതീകമെന്നോണം ശാപം വർഷിച്ചുകൊണ്ടിരിക്കുന്നു. തദ്വാരാ സങ്കുചിതമായ വംശീയ വിഭാഗീയ താത്പര്യങ്ങൾ പ്രവാചകർ (സ്വ) പൂർണമായും വർജ്ജിച്ചു. നന്മയുടെയും ധർമ്മത്തിന്റെയും മൂല്യങ്ങളെ ജീവിതകാലമത്രയും പ്രതിനിധാനംചെയ്തു.
വിശുദ്ധ മക്കയിലും മദീനാമുനവ്വറയിലും ആ സുഗന്ധം പരന്നു. ആ സുഗന്ധസാന്നിധ്യത്തിൽ സഹവസിച്ച് അത് സ്വാംശീകരിച്ചെടുത്ത സ്വഹാബാക്കൾ വഴി ലോകമാകെയും സുഗന്ധപൂരിതമായി. ഗോത്രീയതക്കും സങ്കുചിത ദേശീയതക്കും വംശീയ വിഭാഗീയ പ്രവണതകൾക്കും അവിടന്ന് മാരകപ്രഹരമേല്പിച്ചു. സൂറത്തുല്‍ മസദിലൂടെ കുലമഹിമയെ മക്കയില്‍വെച്ചുതന്നെ തകര്‍ത്ത് വിശ്വമാനവികസമൂഹമെന്ന പരികല്പന ആവിഷ്കരിച്ചു. മനുഷ്യന്‍റെ ആദരം ഭക്തിസാന്ദ്രമായ ജീവിതവിശുദ്ധിയിലാണെന്ന അനശ്വരപാഠം പകര്‍ന്നേകി. ബദ്റില്‍ എക്കാലത്തേക്കുമുള്ള മഹനീയമാതൃക സുസുന്ദരമായി കാണിച്ചു. സാധാരണക്കാരനായ അനുചരന്‍റെ നിര്‍ദേശത്തിന് സ്വന്തം തീരുമാനത്തെക്കാള്‍ മുന്‍ഗണന നൽകി യുദ്ധത്തിന് അണിചേരേണ്ട സ്ഥാനം ഏതെന്നുറപ്പിച്ചു. വിനയത്തിന്‍റെ നിത്യമുദ്രയായി മഹാനുഭാവനായ ആ പുണ്യപുമാന്‍റെ മഹജ്ജീവിതം തൂമണം തൂകി, സൂര്യസമാനം അതു പ്രഭാസിച്ചു. ഉഹ്ദിലെ പരീക്ഷണത്തിലും ആ പുണ്യപുമാന്‍ ഉറച്ചുനിന്നു. അച്ചടക്കമുണ്ടെങ്കില്‍ ജയം, അതല്ലെങ്കിൽ തോല്‍വിയെന്നു പഠിപ്പിച്ചു. ഹുദൈബിയ സന്ധിയില്‍ വിട്ടുവീഴ്ചയുടെ പാഠം പകര്‍ന്നേകി. സമാധാനത്തിന് വര്‍ധിതപ്രാധാന്യം നൽകി.
ഈ പ്രവാചകന്റെ ആഗമനം ഒരു പ്രവാചകന്റെ ആഗമനമെന്നതിലുപരി അന്ത്യനാൾവരെ നിലനിൽക്കേണ്ട ഒരു നവലോകക്രമത്തിന്റെ ആവിർഭാവമായി. കലയിൽ, സാഹിത്യത്തിൽ, ശാസ്ത്രത്തിൽ, സദാചാരമൂല്യങ്ങളിൽ, ഭരണസംവിധാനങ്ങളിൽ, നിയമനിര്‍മാണങ്ങളില്‍, ഭാഷയില്‍, വേഷത്തിൽ അങ്ങനെ അങ്ങനെ ലോകത്ത് മനുഷ്യപ്രയത്നത്തിന്റെ ഉല്പന്നങ്ങളായി എന്തെല്ലാം ഈടുവെപ്പുകളുണ്ടോ അവയിലൊന്നൊഴിയാതെ സർവതിലും ഈ പ്രവാചകന്റെ സ്വാധീനം നമുക്കിന്ന് അഭിദർശിക്കാൻ സാധിക്കും.