സത്തയുടെ ഗുണാത്മകമായ സങ്കീർണത

പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റെ അടയാളങ്ങളും: അദ്ധ്യായം: 11:
ഏകത്വവും ലാളിത്യവും
: ഭാഗം: 2:

റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഹ്ജാസ്:

ഈ ലളിതവൽകരണം കൃത്യമായും താഴോട്ടുള്ള ഗമനം തന്നെയാണ്. കാർട്ടീസിയൻ ദ്വന്ദ്വവാദത്താൽ പ്രചോദിതമായ സമകാലിക ഭാഷയിൽ പറയുകയാണെങ്കിൽ, ഇതിനെ “ആത്മാവിൽ” നിന്ന് “ദ്രവ്യത്തിലേക്കുള്ള” പ്രയാണമെന്ന് വിശേഷിപ്പിക്കാനാവും. സത്ത, പദാർത്ഥം എന്നീ പദങ്ങൾക്കുള്ള അപര്യാപ്തമായ ബദലുകളാണ് ഈ വാക്കുകളെങ്കിൽ കൂടിയും, നമ്മൾ പറയുന്നത് നന്നായി ഗ്രഹിക്കപ്പെടാൻ ഇവയെ പ്രയോഗിക്കൽ ആവശ്യമാണെന്ന് വരാം. “ആത്മീയമായ” മണ്ഡലവുമായി ബന്ധപ്പെട്ടതിന്റെ കാര്യത്തിൽ, അതല്ലെങ്കിൽ ചുരുങ്ങിയത് ഒരാൾക്ക് ഇപ്പോഴും അതിനെ കുറിച്ച് വിഭാവന ചെയ്യാൻ കഴിയുന്നതിന്റെ കാര്യത്തിൽ, ഈ ലളിതവൽകരണത്തെ, അതിനെ മതപരമായ വീക്ഷണങ്ങളിലേക്ക്, ദാർശനികവും ശാസ്ത്രീയവുമായ വീക്ഷണങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടൊപ്പം തന്നെ, നമുക്ക് പ്രയോഗിക്കേണ്ടി വരുന്നു എന്നത് കൂടുതൽ അസാധാരണമായിരിക്കുന്നു. ഇതിന്റെ സവിശേഷമായ ഉദാഹരണമാണ്, പ്രൊട്ടസ്റ്റന്റിസം. അവിടെ, ഈ ലളിതവൽകരണം പ്രതിഫലിച്ചിട്ടുള്ളത്, ആചാരങ്ങളുടെ പരിപൂർണമായ അടിച്ചമർത്തലിലൂടെയും സദാചാരത്തിന് മതപ്രമാണത്തിന്മേൽ മുൻതൂക്കം നൽകിയതിലൂടെയുമാണ്. മതപ്രമാണത്തെ കൂടുതൽ കൂടുതൽ ലളിതവൽകരിക്കുകയും ന്യൂനീകരിക്കുകയും ചെയ്ത് ചെയ്ത്, അവസാനം അത് ഏതാണ്ട് ഒന്നുമല്ലാതായിത്തീരുന്നു; ആർക്കും തങ്ങൾക്ക് തോന്നിയത് പോലെയൊക്കെ കേട്ടു വ്യാഖ്യാനിക്കാനാവുന്ന തരത്തിലുള്ള ഏതാനും ശുഷ്കമായ സൂത്രവാക്യങ്ങളിലേക്ക് അവ ചുരുങ്ങുന്നു. ആധുനികമായ മനസ്സിന്റെ, അത് മതത്തെ മൊത്തത്തിൽ തന്നെ പൂർണമായും നിരാകരിക്കാത്ത അവസ്ഥയിലായിരിക്കെ തന്നെ, എന്നാൽ അതോടൊപ്പം അതിൽ അന്തർലീനമായിട്ടുള്ളതും അതിനെ രൂപപ്പെടുത്തുന്നതുമായ പാരമ്പര്യവിരുദ്ധ പ്രവണതകൾ കാരണമായി അങ്ങിനെയുള്ള നിരാകരണത്തിലേക്ക് ചലിച്ചു കൊണ്ടിരിക്കുന്നതായ അവസ്ഥയിലുള്ള, ഏകമതപരമായ ഉൽപന്നമാണ് പ്രൊട്ടസ്റ്റന്റിസത്തിന്റെ വിവിധരൂപങ്ങൾ. ഈയൊരു പരിണാമത്തിന്റെ അവസാനത്തിൽ, മതത്തെ “മതകീയത”, അഥവാ യഥാർത്ഥത്തിൽ യാതൊരു പ്രാധാന്യവുമർഹിക്കാത്ത ഒരു അവ്യക്തമായ വൈകാരികത പകരം വെക്കുന്നു. ഇതിനെയാണ്, നാം “പുരോഗതിയെന്ന്” വിചാരിക്കാൻ ഇഷ്ടപ്പെടുന്നത്. ആധുനികമായ മാനസികാവസ്ഥക്ക് എങ്ങിനെയാണ് എല്ലാ സ്വാഭാവിക ബന്ധങ്ങളും തലതിരിഞ്ഞതായിട്ടുള്ളത് എന്നും ഇത് കാണിച്ചു തരുന്നു. അതായത്, നമ്മൾ ഈ പ്രവണതയെ, ആത്മാവ് എന്നത് കേവലം ഒരു ശൂന്യമായ ചട്ടക്കൂടാണെന്ന മട്ടിലോ അഥവാ അസ്പഷ്ടവും അപ്രസക്തവും ആയ ഒരു “ആദർശരൂപം” എന്ന നിലയിലോ കണക്കാക്കികൊണ്ട്, മതത്തിന്റെ “ആത്മീയവൽകരണമായി” കാണാൻ ആഗ്രഹിക്കുന്നു. ഇതിനെയാണ്, ഇപ്പോഴും നമ്മുടെ ചില സമകാലികർ “ശുദ്ധീകരിക്കപ്പെട്ട മതം” എന്ന് വിളിക്കുന്നത്. അത് അങ്ങിനെയായിട്ടുള്ളത്, അതിലെ വാസ്തവികമായ ഉള്ളടക്കം മുഴുവൻ ചോർന്നുപോയി എന്ന കാരണത്താലും തദ്ഫലമായി അതിന് യാഥാർത്ഥ്യവുമായി നേർത്ത ബന്ധം പോലും ഇല്ല എന്ന നിലയിലുമാണ്.

എന്നിരിക്കിലും, ശ്രദ്ധാർഹമായ ഒരുകാര്യം, “പരിഷ്കർത്താക്കൾ” എന്ന് വിളിക്കപ്പെടുന്ന എല്ലാവരും “ആദിമമായ ഒരു ലാളിത്യത്തിലേക്ക്” മടങ്ങുന്നു എന്ന ഒരു നാട്യത്തെ സ്ഥായിയായി പ്രകടിപ്പിക്കുന്നു എന്നതാണ്. എന്നാൽ, ഇതാവട്ടെ അവരുടെ ഭാവനകളിലല്ലാതെ എവിടെയും ഉണ്ടായിരുന്നിട്ടേയില്ല എന്ന് വാദിക്കാവുന്നതാണ്. ഇത്, അവരുടെ പുതുനിർമിതികളുടെ യഥാർത്ഥ സ്വഭാവത്തെ മറച്ചുവെക്കാനുള്ള സൗകര്യപ്രദമായ ഒരു മാർഗമായിരിക്കാം. എന്നാൽ, അതോടൊപ്പം, ഇത് ഒരു മിഥ്യാബോധം കൂടിയാണ്; അവർ സ്വയം തന്നെ അതിന്റെ കളിപ്പാട്ടങ്ങളായിതീരുന്നു. പാരമ്പര്യ വിരുദ്ധ മാനസികാവസ്ഥയുടെ പ്രചാരകർ അവർ നിർവഹിക്കുന്ന ധർമ്മത്തെ കുറിച്ച് യഥാർത്ഥത്തിൽ എത്രത്തോളം ബോധവാൻമാരാണ് എന്നത് നിർണയിക്കുക പ്രയാസമാണ്. കാരണം, ഈ ധർമ്മം തന്നെ അവരിൽ വികലമായ ഒരു മാനസികാവസ്ഥയെ മുന്നുപാധിയാക്കി തീർക്കുന്നുണ്ട്. അതോടൊപ്പം, ഈ പറയപ്പെട്ട നാട്യത്തെ എങ്ങിനെ അവർ സ്വയം തന്നെ അതിന്റെ വക്താക്കളാണെന്ന് സാധാരണയായി വീമ്പ് പറയുന്ന പുരോഗതി എന്ന ആശയവുമായി പൊരുത്തപ്പെടുത്താനാവും എന്ന് നമുക്ക് മനസ്സിലാവുന്നില്ല. ഈയൊരു വൈരുദ്ധ്യം തന്നെ, ഇതിൽ ശരിക്കും വിലക്ഷണമായ എന്തോ ഒന്നുണ്ട് എന്ന് സൂചിപ്പിക്കാൻ പോന്നതാണ്. ഏതായാലും, ഇനി ആദിമമായ ലാളിത്യം എന്ന ആശയത്തിൽ തന്നെ പിടിമുറുക്കുകയാണെങ്കിൽ തന്നെയും, എന്തുകൊണ്ടാണ് എല്ലാ കാര്യങ്ങളും ലളിതമായി ആരംഭിച്ച് കൊണ്ട് പിന്നെ കൂടുതൽ കൂടുതൽ സങ്കീർണമായി കൊണ്ടേയിരിക്കേണ്ടത് എന്നത് നമുക്ക് മനസ്സിലാകുന്നേയില്ല. എന്നാൽ, മറിച്ച് നമ്മൾ എതൊരു ഉൺമയുടെയും ബീജം ആ ഉൺമ പിന്നീട് എന്തായിത്തീരുമോ അതിന്റെയെല്ലാം സംഭവ്യതയെ അനിവാര്യമായും ഉൾക്കൊണ്ടിരിക്കും എന്നും, അതായത് അതിന്റെ അസ്തിത്വത്തിന്റെ ഘട്ടത്തിൽ വികസിച്ചുവരുന്ന എല്ലാ സാധ്യതകളും അതിൽ അടങ്ങിയിട്ടുണ്ട് എന്നും വിചാരിക്കുകയാണെങ്കിൽ, പിന്നെ എല്ലാ വസ്തുക്കളുടെയും ഉൽഭവം തന്നെ അങ്ങേയറ്റം സങ്കീർണമാണെന്ന് മനസ്സിലാക്കുന്നതിലേക്ക് നാം നയിക്കപ്പെടുന്നു. ഇത് തന്നെയാണ്, കൃത്യമായും പറഞ്ഞാൽ, സത്തയുടെ ഗുണാത്മകമായ സങ്കീർണത എന്നത്. ബീജം ചെറുതായിട്ടുള്ളത് പരിമാണപരവും പദാർത്ഥപരവും ആയ അർത്ഥത്തിൽ മാത്രമാണ്. വലിപ്പം എന്ന ആശയത്തെ നമ്മൾ പ്രതിരൂപാത്മകമായി പരാവർത്തനം ചെയ്യുകയാണെങ്കിൽ, വിപരീതസാധർമ്മ്യപ്രകാരം (inverse analogy), പരിമാണത്തിൽ ഏറ്റവും ചെറുത് ഗുണത്തിൽ ഏറ്റവും വലുതായിരിക്കും [4]. ഇതേ പോലെ തന്നെ, എല്ലാ പൈതൃകങ്ങളും അവയുടെ ഉൽഭവത്തിൽ തന്നെ മുഴു തത്വസംഹിതയെയും (doctrine) ഉൾക്കൊണ്ടിരിക്കും. കാലത്തിന്റെ തുടർച്ചയിൽ അതിൽ നിന്ന് ന്യായാനുസൃതമായി ഉളവായിത്തീർന്നേക്കാവുന്ന എല്ലാ വികാസങ്ങളും അനുരൂപീകരണങ്ങളും അതുപോലെതന്നെ എല്ലാ മണ്ഡലങ്ങളിലും അത് ഉണ്ടാക്കിത്തീർക്കാവുന്ന പ്രയോഗങ്ങളും തത്വത്തിൽ അതിൽ അടങ്ങിയിരിക്കുന്നു. തനിച്ചതായ മാനുഷിക ഇടപെടലുകൾ, അതിനെ പൂർണമായും കോലം കെടുത്തിയില്ലെങ്കിൽ കൂടിയും, അതിനെ പരിമിതപ്പെടുത്തുകയോ ചുരുക്കിക്കളയുകയോ ചെയ്യുന്നു. “പരിഷ്കർത്താക്കളുടെ” പ്രവർത്തനത്തിന്റെ ഉള്ളടക്കം യഥാർത്ഥത്തിൽ ഇത് മാത്രമാണ്.

4; ഇവിടെ നമ്മൾ, കടുക് മണിയെ കുറിച്ച ക്രൈസ്തവ സുവിശേഷത്തിലെ അന്യാപദേശത്തെയും ഉപനിഷത്തുകളിലുള്ള സമാനമായ ഭാഗങ്ങളെയും നാം തന്നെ വേറൊരിടത്ത് ഉദ്ധരിച്ചിട്ടുള്ളതിനെ ഓർക്കുന്നത് നന്നായിരിക്കും (മനുഷ്യനും അവന്റെ ആവിർഭാവവും -വേദാന്തപ്രകാരം, അദ്ധ്യായം മൂന്ന്). ഇതുമായി ബന്ധപ്പെട്ട്, മിശിഹയെ തന്നെ ബൈബിളിലെ നിരവധി ഭാഗങ്ങളിൽ ബീജം എന്ന് വിളിച്ചിരിക്കുന്നു എന്നത് കൂടി നാം കൂട്ടിച്ചേർക്കുകയാണ്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy