ഗുണവും പരിമാണവും

റെനെ ഗ്വെനോൺ:
മൊഴിമാറ്റം: ഡോ: തഫ്സൽ ഇഅ്ജാസ്:

ഗുണത്തെയും പരിമാണത്തെയും പരസ്പര പൂരകങ്ങളായ രണ്ട് സംജ്ഞകളായാണ് നാം പൊതുവെ പരിഗണിക്കാറുള്ളത്. എന്നാൽ, നമുക്ക് ഇവ തമ്മിലുള്ള ഇൗ ബന്ധത്തിന്റെ പിന്നിലുള്ള ഗഹനമായ കാരണമെന്തെന്ന് പലപ്പോയും അറിയാൻ സാധിക്കാറില്ല എന്നതാണ് സത്യം. ഇൗ പുസ്തകത്തിന്റെ മുഖവുരയുടെ അവസാന ഭാഗത്ത് സൂചിപ്പിച്ചിട്ടുള്ള ധ്രുവപരമായ പാരസ്പര്യത്തിലാണ് ഇതിന്റെ കാരണം കുടികൊള്ളുന്നത്. പ്രാപഞ്ചിക ദ്വിത്വങ്ങളിൽ (cosmic dualities) വെച്ച് ആദ്യത്തേതായ ഇതിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം. കാരണം, ഇത് നിലകൊള്ളുന്നത് അസ്തിത്വത്തിന്റെ (existence) അഥവാ സാർവലൗകികമായ പ്രത്യക്ഷീകരണത്തിന്റെ (universal manifestation) അതേ തത്വത്തിൽ തന്നെയാണ്. ഇതില്ലാതെ, ഒരു തരത്തിലുള്ള പ്രത്യക്ഷീകരണവും സാധ്യമല്ല തന്നെ. ഹിന്ദു സിദ്ധാന്ത പ്രകാരമുള്ള ‘പുരുഷൻ’ , ‘പ്രകൃതി’ എന്നിവയുടെ ദ്വിത്വം തന്നെയാണിത്. വേറൊരു സങ്കേതമുപയോഗിക്കുകയാണെങ്കിൽ, ഇത് “സത്ത” (Essence), “പദാർത്ഥം” (Substance) എന്നിവയുടെ ദ്വിത്വമാണ്. സർവ പ്രത്യക്ഷീകരണങ്ങളുടെയും രണ്ട് ധ്രുവങ്ങൾ എന്നനിലയിൽ, ഇവയെ സാർവലൗകിക തത്വങ്ങളായി തന്നെ പരിഗണിക്കണം. എന്നാൽ, മറ്റൊരു തലത്തിൽ, അതിനുമപ്പുറം, സാർവലൗകിക അസ്തിത്വത്തിന്റെയുള്ളിൽ ഒരാൾക്ക് വിഭാവന ചെയ്യാവുന്ന ഏറെക്കുറെ ക്ലിപ്തമായ മണ്ഡലങ്ങൾ പോലെയുള്ള മറ്റനവധി തലങ്ങളിൽ, ഇൗ സംജ്ഞകളെ തന്നെ നമുക്ക് സമാനമായി ആപേക്ഷികമായ അർത്ഥത്തിൽ ഉപയോഗിക്കാവുന്നതാണ്. അവിടങ്ങളിൽ ഇവ, ഇൗ രണ്ട് തത്വങ്ങൾക്ക് അനുരൂപമായതിനെ, അല്ലെങ്കിൽ, ഏറെക്കുറെ പരിമിതമായ രീതിയിലുള്ള പ്രത്യക്ഷീകരണത്തിൽ കൂടുതൽ സ്പഷ്ടമായി ഇൗ തത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനെ കുറിക്കുന്നു. ഇപ്രകാരം നമുക്ക് ഒരു ലോകം അഥവാ പ്രത്യേകമായ ഉപാധികളിലൂടെ നിർണയിക്കപ്പെട്ട അസ്തിത്വാവസ്ഥയുടെ സത്തയെയും പദാർത്ഥത്തെയും കുറിച്ചും അല്ലെങ്കിൽ സവിശേഷമായി പരിഗണിക്കപ്പെടുന്ന ഒരു ഉൺമയുടെ (being) സത്താ-പദാർത്ഥങ്ങളെ കുറിച്ചും, എന്തിനേറെ, ഇൗ ഉൺമയുടെ തന്നെ ഒാരോ അവസ്ഥയുടെ സത്താ-പദാർത്ഥങ്ങളെ കുറിച്ചും സംസാരിക്കാനാവും. ഇവിടെ ഉൺമയുടെ അവസ്ഥകൾ എന്നത് കൊണ്ട് വിവക്ഷ, അസ്തിത്വത്തിന്റെ ഒാരോ പദവികളിലുമുള്ള അതിന്റെ പ്രത്യക്ഷീകരണമാണ്. ഇൗ അവസാനം പറഞ്ഞതിന്റെ കാര്യത്തിലുള്ള സത്തയും പദാർത്ഥവും സ്വാഭാവികമായും, അത് നിലകൊള്ളുന്ന ലോകത്തിന്റെ സ്ഥൂല പ്രപഞ്ചപരമായ (macrocosmic) സത്തയുടെയും പദാർത്ഥത്തിന്റെയും സൂക്ഷ്മ പ്രപഞ്ചപരമായ (microcosmic) പ്രതിനിധാനമാണ്. മറുവാക്കുകളിൽ പറഞ്ഞാൽ, ഇവ അതേ തത്വങ്ങളുടെ തന്നെ സവിശേഷ രൂപങ്ങളാണ് (particularizations). ഇൗ ആപേക്ഷിക തത്വങ്ങളാവട്ടെ, പ്രസ്തുത ലോകത്തിന്റെ അവസ്ഥകളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സാർവലൗകിക സത്തയുടെയും പദാർത്ഥത്തിന്റെയും (universal Essence and Substance) നിർണയങ്ങളുമാണ് (determinations).
ആപേക്ഷികമായ ഇൗ അർത്ഥത്തിൽ, വിശേഷിച്ചും പ്രത്യേക ഉൺമകളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുകയാണെങ്കിൽ, സത്തയും പദാർത്ഥവും, മധ്യകാല ക്രിസ്തീയ മതതത്വചിന്തകർ (Scholastic Philosophers) “ആകൃതി” (form) , “ദ്രവ്യം” (matter) എന്ന് വിളിച്ച അതേ കാര്യങ്ങൾ തന്നെയാണ്. എന്നാൽ, ഇൗ അവസാനം പറഞ്ഞ പദങ്ങൾ ഉപയോഗിക്കുന്നതിനെ ഒഴിവാക്കാനാണ് നാം കൂടുതൽ ഇഷ്ടപ്പെടുന്നത്. കാരണം, ലത്തീൻ ഭാഷക്ക് ഇക്കാര്യത്തിലുള്ള അപൂർണത നിമിത്തം, ഇൗ പദങ്ങൾ ഏറെക്കുറെ കൃത്യതയില്ലാതെയാണ് അവ യഥാർത്ഥത്തിൽ പ്രകാശിപ്പിക്കേണ്ട ആശയങ്ങളെ പകർന്നു തരുന്നത്.(1) ആധുനിക ഭാഷയിൽ ഇൗ പദങ്ങൾക്ക് ലഭിച്ചിട്ടുള്ള തീർത്തും വ്യത്യസ്തമായ വിവക്ഷകൾ സന്ദിഗ്ദത്വത്തെ (അവ്യക്തതയെ) കൂടുതൽ വർധിപ്പിക്കുന്നു. പ്രത്യക്ഷീഭവിച്ച ഒരു ഉൺമ ആകൃതിയുടെയും ദ്രവ്യത്തിന്റെയും ഒരു സങ്കലനമാണ് എന്ന് പറയുന്നത്, അതിന്റെ അസ്തിത്വം സത്തയിൽ നിന്നും പദാർത്ഥത്തിൽ നിന്നുമാണ് അനിവാര്യമായും നിർഗമിക്കുന്നത് എന്ന് പറയുന്നതിന് തുല്യമാണ്. അതിനാൽ, അതിൽ ഇൗ രണ്ട് തത്വങ്ങളുമായി ബന്ധപ്പെട്ട എന്തോ ഉണ്ട്. ഇവ രണ്ടിന്റെയും ചേർച്ചയുടെ ഫലത്തെ പോലെയാണ് അതുള്ളത്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ക്രിയാത്മക (active) ഉള്ളടക്കം അഥവാ സത്തയുടെ, അക്രിയാത്മക (passive) ഉള്ളടക്കം അഥവാ പദാർത്ഥത്തിന്റെ മേലുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് അത് ഉണ്ടാവുന്നത്. ഒാരോ വ്യതിരിക്ത ഉൺമയുടെയും കാര്യമെടുത്തു പ്രത്യേകം പറയുകയാണെങ്കിൽ, അതിലടങ്ങിയിട്ടുള്ള ആകൃതിയും ദ്രവ്യവും യഥാക്രമം, ഹിന്ദു പാരമ്പര്യത്തിൽ ‘നാമം’ , ‘രൂപം’ എന്ന് വിളിക്കപ്പെടുന്നവ തന്നെയാണ്. നമ്മുടെ വിശദീകരണങ്ങളെ പരിചിതമായ ഒരു ഭാഷയിലേക്ക് പരാവർത്തനം ചെയ്യാനും തദ്വാരാ കൂടുതൽ എളുപ്പത്തിൽ അവയെ മനസ്സിലാക്കാനും ചിലർക്ക് ഉപയുക്തമാവുമെന്നതിനാൽ, വിവിധ സാങ്കേതിക സംജ്ഞകൾ തമ്മിലുള്ള പൊരുത്തങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ട് നാം പറയുകയാണ് – അരിസ്റ്റോട്ടീലിയൻ വിവക്ഷയിലുള്ള ‘ക്രിയ’ (act), ‘ശേഷി’ (potency) എന്നിവ യഥാക്രമം സത്ത, പദാർത്ഥം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഇൗ അരിസ്റ്റോട്ടീലിയൻ പദങ്ങൾക്ക് ‘ആകൃതി’ , ‘ദ്രവ്യം’ എന്നീ പദങ്ങളേക്കാൾ വിശാലമായ പ്രയോഗ സാധ്യതകളുണ്ട്. എല്ലാ ഒാരോ ഉൺമയിലും ക്രിയ, ശേഷി എന്നിവയുടെ മിശ്രണം ഉണ്ട് എന്ന് പറയുന്നത് അടിസ്ഥാനപരമായി ഇതേ സംഗതി തന്നെയാണ്. കാരണം, അതിലുള്ള ക്രിയ എന്നതിലൂടെയാണ് അത് സത്തയിൽ പങ്ക് കൊള്ളുന്നത്. ശേഷി എന്നതിലൂടെയാണ് അത് പദാർത്ഥത്തിൽ പങ്ക് കൊള്ളുന്നത്. ശുദ്ധമായ ക്രിയ, ശുദ്ധമായ ശേഷി എന്നിവയെ പ്രത്യക്ഷീകരണത്തിൽ എവിടെയും കണ്ടെത്താനാവില്ല. കാരണം, അവ ആത്യന്തികമായി, സാർവലൗകിക സത്ത, സാർവലൗകിക പദാർത്ഥം എന്നിവക്ക് തുല്യാർത്ഥത്തിലുള്ളവയാണ്.
ഇത് മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ നമുക്ക് നമ്മുടെ ലോകത്തിന്റെ അതായത്, വൈയക്തികമായ മാനുഷിക ഉൺമയുടെ മണ്ഡലത്തിന്റെ (individual human being), സത്തയെയും പദാർത്ഥത്തെയും കുറിച്ച് സംസാരിക്കാൻ സാധിക്കും. ഇൗ ലോകത്തെ കൃത്യമായി നിർണയിക്കുന്ന വ്യവസ്ഥകൾക്ക് അനുരൂപമായി പറയുകയാണെങ്കിൽ, ഇൗ രണ്ട് തത്വങ്ങൾ അതിൽ യഥാക്രമം ഗുണം, പരിമാണം എന്നീ സ്വഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഗുണത്തിന്റെ കാര്യത്തിൽ ഇത് ആദ്യ നോട്ടത്തിൽ തന്നെ സ്പഷ്ടമാണെന്ന് അനുഭവപ്പെട്ടേക്കാം. കാരണം, സത്ത എന്നത്, അടിസ്ഥാനപരമായി, ഒരു ഉൺമയുടെ സകല വിശേഷണങ്ങളുടെയും മൂലാധാരപരമായ സംശ്ലേഷണമാണ്. ഒരു ഉൺമയെ അതാക്കുന്നതും സത്ത തന്നെയാണ്. വിശേഷണങ്ങളും ഗുണങ്ങളും അടിസ്ഥാനപരമായി പര്യായങ്ങൾ തന്നെയാണ്. ഗുണത്തെ സത്തയുടെ ഉള്ളടക്കം എന്ന നിലയിൽ പരിഗണിക്കുക എന്നത് അനുവദനീയമാണെങ്കിൽ, അത് നമ്മുടെ ലോകത്ത് മാത്രം പരിമിതപ്പെട്ട ഒന്നല്ല എന്നും അതിന്റെ പ്രസക്തിയെ സാർവലൗകികവൽകരിക്കുന്ന ഒരു സ്ഥാനാന്തരണത്തിന് അത് വഴങ്ങുന്നതാണെന്നും നമുക്ക് കാണാൻ സാധിക്കും. ഇതിൽ അൽഭുതകരമായി ഒന്നുമില്ല; കാരണം ഗുണമാണല്ലോ കൂടുതൽ ഉന്നതമായ തത്വത്തെ പ്രതിനിധാനം ചെയ്യുന്നത്. പക്ഷെ, അത്തരത്തിലുള്ള ഒരു സാർവലൗകികവൽകരണത്തിൽ ഗുണം പരിമാണത്തിന്റെ അന്യോന ബന്ധിതം (correlative) അല്ലാതായി തീരുന്നു. കാരണം, പരിമാണം എന്നത് ഗുണത്തിൽ നിന്ന് വിരുദ്ധമായി, നമ്മുടെ ലോകത്തിന്റെ പ്രത്യേക അവസ്ഥകളുമായി മാത്രം ബന്ധപ്പെട്ടതാണ്. അതിനുമപ്പുറം, ദൈവശാസ്ത്രപരമായ ഒരു കാഴ്ചപ്പാടിലൂടെ നോക്കുകയാണെങ്കിൽ, ദൈവത്തിന്റെ വിശേഷണങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഒരാൾ ഗുണം എന്നതിനെ ദൈവവുമായി ബന്ധപ്പെടുത്തുന്നില്ലേ? എന്നാൽ പാരിമാണികമായ എന്തെങ്കിലും നിർണിതത്വങ്ങൾ അവനിൽ ആരോപിക്കാൻ ഭാവിക്കുന്നത് തന്നെ അചിന്തനീയമാണ് താനും.(2) അരിസ്റ്റോട്ടിൽ തന്റെ “ഇനങ്ങളിൽ” (categories), ഗുണത്തെയും പരിമാണത്തെയും എണ്ണിയിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് നമുക്കിതിനെ ഒരു വേള എതിർക്കാൻ സാധിച്ചേക്കാം. എന്നാൽ, അവിടെ ഇവ ഉൺമയുടെ പ്രത്യേക രീതികളോ ഭാവങ്ങളോ മാത്രമാണ്; അതല്ലാതെ, ഉൺമയുടെ അതേ തലത്തിലേക്ക് വ്യാപിച്ചതല്ല. നേരത്തേ പരാമർശിച്ചിട്ടുള്ള സ്ഥാനാന്തരണം ഇതിൽ അദ്ദേഹം ചെയ്യുന്നുമില്ല. അതിന്റെ ആവശ്യം അദ്ദേഹത്തിനില്ല. കാരണം, അദ്ദേഹം “ഇനങ്ങളെ” എണ്ണിപ്പറഞ്ഞിട്ടുള്ളത്, നമ്മുടെ ലോകവും അതിന്റെ അവസ്ഥകളുമായി ബന്ധപ്പെടുത്തി കൊണ്ടു മാത്രമാണ്. അതിനാൽ ഗുണത്തെ അവിടെ നമ്മൾക്ക് നമ്മുടെ വൈയക്തികാവസ്ഥയോട് കൂടുതൽ സമീപസ്ഥമായ ഒരു വിവക്ഷയിൽ മാത്രമേ മനസ്സിലാക്കാനാവൂ, അങ്ങിനെ മാത്രമേ മനസ്സിലാക്കാൻ പാടുള്ളൂ. ഇൗ വിവക്ഷ എന്നത്, നേരത്തെ നാം പറഞ്ഞത് പോലെ, ഗുണം പരിമാണത്തിന്റെ അന്യോന ബന്ധിതം എന്ന നിലയിലാണ്.
മറിച്ച്, മതതത്വചിന്തകരുടെ “രൂപം” , അരിസ്റ്റോട്ടിൽ “എഡോസ്” എന്ന് വിളിക്കുന്ന അതേ സംഗതി തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. ഇൗ അവസാനം പറഞ്ഞ പദത്തെ “വർഗം” (species) എന്നതിനെ കുറിക്കാനും ഉപയോഗിക്കുന്നു. വർഗം എന്നത്, ശരിക്കും പറഞ്ഞാൽ, അസംഖ്യമായ വൈയക്തികാസ്തിത്വങ്ങളുടെ ഒരു കൂട്ടത്തിന് പൊതുവായുള്ള ഒരു പ്രകൃതം അല്ലെങ്കിൽ സത്തയാണ്. ഇൗ പ്രകൃതമെന്നത്, തികച്ചും ഗുണപരമായ സ്വഭാവത്തിലുള്ളതാണ്. കാരണം അത് ശരിക്കും “അസംഖ്യം” എന്ന വാക്കിന്റെ കൃത്യമായ വിവക്ഷ പ്രകാരം തന്നെയുള്ളതാണ്. വർഗത്തിലെ ഒാരോ വ്യക്തിയിലും അത് അവിഭാജ്യമായും പൂർണമായും ഉണ്ട് എന്നത് കൊണ്ട് തന്നെ അത് പരിമാണത്തെ തൊട്ട് മുക്തവുമാണ്. അത് കൊണ്ട് തന്നെ, വർഗത്തിലെ വ്യക്തികളുടെ എണ്ണം അതിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുകയോ പരിവർത്തിപ്പിക്കുകയോ ചെയ്യുന്നില്ല. കൂട്ടലിനോ കിഴിക്കലിനോ അത് വഴങ്ങുകയുമില്ല. കൂടാതെ, “എഡോസ്” എന്നത്, പദോൽപത്തി ശാസ്ത്ര പ്രകാരം (etymological) “ആശയം” (idea) തന്നെയാണ്. ഇത് ആധുനിക മനശ്ശാസ്ത്ര വിവക്ഷ പ്രകാരമല്ല, മറിച്ച് ഭവശാസ്ത്രപരമായി (ontology), നമ്മൾ വിചാരിക്കുന്നതിനേക്കാളേറെ ഇത് പ്ലാറ്റോയുടെ വീക്ഷണത്തോട് ചേർന്ന് നിൽക്കുന്നു. ഇവ്വിഷയകമായി എന്തൊക്കെ വ്യത്യാസങ്ങൾ പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും വിഭാവനകൾക്കിടയിൽ യഥാർത്ഥത്തിൽ ഉണ്ടോ, അതിനെ, പലപ്പോഴും സംഭവിക്കുന്നത് പോലെ തന്നെ, അവരുടെ ശിഷ്യഗണങ്ങളും വ്യാഖ്യാതാക്കളും വളരെയധികം ഉൗതിപ്പെരുപ്പിക്കുകയുണ്ടായിട്ടുണ്ട്. പ്ലാറ്റോയുടെ “ആശയങ്ങൾ” (ideas), സത്തകൾ (essences)െ കൂടിയാണ്. പ്ലാറ്റോ വിശേഷിച്ചും സ്പഷ്ടമാക്കിയത് അതിന്റെ അതീത വശത്തെയും അരിസ്റ്റോട്ടിൽ സ്പഷ്ടമാക്കിയത് അന്തർലീന വശത്തെയുമാണ്. എന്നാൽ ഇത് പൊരുത്തക്കേടിനെ സൂചിപ്പിക്കുന്നില്ല. “വ്യവസ്ഥാപിത” ബോധങ്ങൾ അനിവാര്യമായും നയിച്ചേക്കാവുന്ന തീർപ്പുകളിൽ നിന്നും തീർത്തും മുക്തമായി നോക്കിയാൽ ഇത് തലങ്ങളിലുള്ള വ്യത്യാസം മാത്രമാണ്. എന്തായാലും, അവ എല്ലായ്പ്പോയും “പ്രാഗ് രൂപങ്ങൾ” (archetypes)െ അഥവാ വസ്തുക്കളുടെ സത്താപരമായ തത്വങ്ങൾ (essential principles) തന്നെയാണ്. പ്രത്യക്ഷീകരണത്തിന്റെ ഗുണപരമായ വശമെന്ന് നാം വിളിക്കുന്നതിനെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്. അതിനും പുറമെ, പ്ലാറ്റോയുടെ ആശയങ്ങൾ, പൈതഗോറസിന്റെ സംഖ്യകളുടെ (Pythagorean Numbers) തന്നെ മറ്റൊരു പേരിലുള്ള നേർക്കു നേരെയുള്ള പിന്തുടർച്ചയാണ്. പൈതഗോറിയൻ സംഖ്യകളെ, മുൻപ് നാം സൂചിപ്പിച്ചത് പോലെ സാദൃശ്യാടിസ്ഥാനത്തിൽ സംഖ്യകൾ എന്ന് വിളിക്കാമെങ്കിലും, അവ ഒരിക്കലും സാധാരണ പാരിമാണിക വിവക്ഷയിലുള്ള സംഖ്യകളേയല്ല എന്ന് ഇത് കാണിച്ചു തരുന്നു. മറിച്ച്, അവ തികച്ചും ഗുണപരമായതാണ്. പാരിമാണിക സംഖ്യകൾ പദാർത്ഥത്തിന്റെ പക്ഷത്ത് എന്തായാണോ ഉള്ളത്, അതിന് വിരുദ്ധമായ പ്രതിനിധാനമാണ് സത്തയുടെ പക്ഷത്ത് ഇവ നിർവഹിക്കുന്നത്(3).
എന്നാൽ, സെന്റ് തോമസ് അകൈ്വനസ് (St. Thomas Aquinas) “സംഖ്യ നിലകൊള്ളുന്നത് ദ്രവ്യത്തിന്റെ പക്ഷത്താണ്”
(numerus stat ex parte materiae) എന്ന് പറയുമ്പോൾ അത് കൊണ്ട് ഉദ്ദേശം പാരിമാണികമായ സംഖ്യയാണ്. ഇതിലൂടെ, പരിമാണം പ്രത്യക്ഷീകരണത്തിന്റെ പദാർത്ഥപരമായ (substantial) വശത്താണെന്ന് അദ്ദേഹം കൃത്യമായി സ്ഥിരീകരിക്കുന്നു. നമ്മൾ “പദാർത്ഥപരം” എന്ന വാക്ക് ഉപയോഗിക്കാൻ കാരണം, മതതത്വചിന്തയുടെ (scholastics) വിവക്ഷയിലുള്ള “ദ്രവ്യം” (matter) ആധുനിക ഭൗതിക ശാസ്ത്രജ്ഞൻമാർ മനസ്സിലാക്കിയിട്ടുള്ള ദ്രവ്യമേ (matter) അല്ല, മറിച്ച് അത് ശരിക്കും “പദാർത്ഥം” (substance) തന്നെയാണ് എന്നത് കൊണ്ടാണ്. ഇത്, രൂപവുമായി ബന്ധപ്പെടുത്തിയും പ്രത്യേക ഉൺമകളെ പരാമർശിച്ചും കൊണ്ടുള്ള ആ വാക്കിന്റെ ആപേക്ഷികാർത്ഥത്തിൽ എടുത്താലും അങ്ങിനെ തന്നെ; അതു പോലെ തന്നെ, ആദിദ്രവ്യം (materia prima) എന്ന നിലയിൽ സാർവലൗകിക പ്രത്യക്ഷീകരണത്തിന്റെ അക്രിയാത്മക തത്വം അതായത് ഹിന്ദു സിദ്ധാന്തത്തിലെ “പ്രകൃതി” എന്നതിന് തുല്യമായിട്ടുള്ള ശുദ്ധ അന്തർലീന ശേഷി (potentaility) എന്ന നിലയിൽ അതിനെ പരിഗണിച്ചാലും, അങ്ങിനെ തന്നെ. ഏതായാലും, പദാർത്ഥത്തിന്റെ വിഷയത്തിൽ, ഇൗ വാക്കിനെ ഏതർത്ഥത്തിൽ എടുത്താലും ശരി, കാര്യങ്ങളെല്ലാം സവിശേഷമായ രീതിയിൽ അവ്യക്തവും ആശയക്കുഴപ്പമുള്ളതുമായിത്തീരുന്നു. ഇതിന് കാരണങ്ങളില്ലാതില്ല(4). നീണ്ട വിശദീകരണങ്ങളൊന്നുമില്ലാതെ തന്നെ നമുക്ക് ഗുണത്തിന് സത്തയുമായുള്ള ബന്ധത്തെ കുറിച്ച് പര്യാപ്തമാം വണ്ണം വ്യക്തമാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, പരിമാണവും പദാർത്ഥവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നമുക്ക് കൂടുതൽ വിശദീകരിക്കേണ്ടതുണ്ട്. കാരണം, പാശ്ചാത്യർ “ദ്രവ്യം” (matter) എന്ന് വിളിക്കുന്ന വാക്കിന്, അത് വലിയ പങ്ക് വഹിക്കുന്ന ആധുനിക വ്യതിചലനത്തിന് മുമ്പ് തന്നെ ഉണ്ടായിട്ടുള്ള വിവിധ രൂപഭാവങ്ങളെ കുറിച്ച് നമുക്ക് ആദ്യം തന്നെ വ്യക്തമാക്കാൻ കഴിയണം. നമ്മുടെ ഇൗ പഠനത്തിന്റെ മൂലത്തിൽ തന്നെ കിടക്കുന്ന വിഷയമെന്ന നിലയിൽ ഇത് ഒന്നു കൂടി അനിവാര്യമാണ്.

1 ഇൗ വാക്കുകൾ, അരിസ്റ്റോട്ടിൽ അതേ വിവക്ഷകളിലുപയോഗിച്ചിട്ടുള്ള ഗ്രീക്ക് സംജ്ഞകളായ ഐഡോസ്, ഹൂലെ എന്നിവയെ ഏറെക്കുറെ അതൃപ്തികരമായ രീതിയിലാണ് പരിഭാഷപ്പെടുത്തുന്നത്. ഇതിനെ കുറിച്ച് നമുക്ക് പിന്നീട് ചർച്ച ചെയ്യേണ്ടതുണ്ട്.
2 സഗുണ ബ്രഹ്മം അഥവാ “ഗുണങ്ങളുള്ളതിനെ” കുറിച്ച് സംസാരിക്കാനാവും, എന്നാൽ “പരിമാണപരമായ” ബ്രഹ്മത്തെ കുറിച്ച ചർച്ചയേയില്ല.
3 ഒരു ഉൺമയുടെ നാമം, അതിൻെ സത്തയുടെ പ്രകാശനം എന്ന നിലയിൽ, ശരിക്കും ഗുണപരമായ വിവക്ഷയിലുള്ള ഒരു സംഖ്യ തന്നെയാണ് എന്നത് ഇവിടെ പ്രത്യേകം നിരീക്ഷിക്കേണ്ട കാര്യമാണ്. ഇത്, പൈതഗോറിയൻ സംഖ്യകളെ കുറിച്ച സങ്കൽപത്തിനും, തദ്വാരാ പ്ലാറ്റോയുടെ ആശയങ്ങൾക്കും ( Platonic ideas) ഉൺമയുടെ സത്താപരമായ വശത്തെ കുറിക്കാൻ “നാമം” എന്ന സംസ്കൃത പദം ഉപയോഗിക്കുന്നതിനും ഇടയിൽ ഒരു അടുത്ത ബന്ധത്തെ സ്ഥാപിക്കുന്നുണ്ട്.
4 സത്തയും പദാർത്ഥവുമായി ബന്ധപ്പെട്ട ഒരു കാര്യം ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതെന്തെന്നാൽ, മതതത്വചിന്തകർ (Scholastics) ഗ്രീക്ക് പദമായ ousia എന്നതിനെ പലപ്പോടും പദാർത്ഥം substantia ) എന്ന് വിവർത്തനം ചെയ്യാറുണ്ട്. എന്നാൽ ഇതിൽ നിന്നും വിരുദ്ധമായി, അതിന്റെ ശരിക്കുള്ളതും വാക്കർത്ഥ പ്രകാരമുള്ളതുമായ അർത്ഥം “സത്ത” ( essence) എന്നത് തന്നെയാണ്. ഭാഷാപരമായ ആശയക്കുഴപ്പം വർദ്ധിക്കുന്നതിന് ഇത് വളരെയധികം കാരണമായിത്തീർന്നിട്ടുണ്ട്. ” ‘Substantial form” എന്ന് തുടങ്ങിയ പ്രയോഗങ്ങൾ ഇതിന് തെളിവാണ്. ഉൺമയുടെ പദാർത്ഥപരമായ വശത്തെയല്ല , മറിച്ച് സത്താപരമായ വശത്തെ കുറിച്ചുള്ള ആശയത്തെ പകർന്നു നൽകാനാണ് ഇൗ പ്രയോഗം ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ ഇത് അതിന് യോജിച്ചതല്ല എന്ന് കാണാനാവും.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy