മുഹമ്മദ് ഇസ്മായിൽ ഇബ്രാഹിം:
അമേരിക്കയിലെ ആഫ്രോ അമേരിക്കൻ വംശജനായിരുന്ന ജോർജ്ജ് ഫ്ളോയിഡിനെ ക്രിമിനൽ കുറ്റം ആരോപിച്ച് അമേരിക്കൻ പോലീസുകാർ മർദ്ധിച്ചുകൊന്ന സമകാലിക സംഭവം വെള്ള വംശീയതക്കെതിരായ ആഗോള വ്യാപകമായ പ്രക്ഷോഭങ്ങൾക്ക് പുതിയ ഉണർവ്വ് നൽകിയിരിക്കുകയാണ്. കറുപ്പെന്നാൽ അപരിഷ്കൃതവും വെറുക്കപ്പെടേണ്ടതുമാണെന്ന പാശ്ചാത്യൻ വംശീയ യുക്തി എത്രമാത്രം ചരിത്ര വിരുദ്ധവും അപരിഷ്കൃതവുമാണെന്ന് വൈജ്ഞാനിക ചരിത്രവും അധികാര ചരിത്രവും മുൻനിറുത്തി പുനർവായിക്കുന്ന ലേഖനം. വംശീയതയെ കുറിച്ച പുതിയ സംവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉൾക്കാഴ്ചയേകുന്ന നിരീക്ഷണങ്ങൾ.
റേസിസത്തെ പറ്റിയുള്ള ചർച്ചകൾ സജീവമായി കൊണ്ടിരിക്കുകയാണ്. ടാൽകം പൗഡറിലും കുങ്കുമപൂവിലുമൊക്കെ നമ്മൾ റേസിസം കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഒന്നാമതായി റേസിസം ഉൽഭവിക്കുന്നത് മനുഷ്യന്റെ ഇത് പോലുള്ള തോന്നലുകളിലാണോ എന്നതിനെ കൂടി അഡ്രസ് ചെയ്യേണ്ടതുണ്ട്. ബ്ലാക്ക് മെയിൽ, ബ്ലാക്ക് ഡെത്ത്, കരിമ്പൂച്ച പോലുള്ള പ്രയോഗങ്ങളിലുമൊക്കെ നാം റേസിസത്തിന്റെ എലമെന്റ് കാണുമ്പോൾ അവയിൽ അതില്ലെന്ന് തീർത്തു പറയാൻ പറ്റാത്തത് പോലെ തന്നെ അവ തീർത്തും അതിനെ ഉൾക്കൊളുന്നു എന്നും പറയാൻ കഴിയില്ല. ഒരു ജനതയിൽ നൈസർഗ്ഗികമായി വംശീയത ഉരുത്തിരിഞ്ഞു വരുമോ എന്നത് കൂടി ആലോചിക്കേണ്ടതുണ്ട്. ഇല്ല എന്നതാവും ഒരളവു വരെ ഉത്തരം, ഒരളവ് വരെ എന്ന ക്ളോസ് വരാൻ കാരണം അതിൽ തീരെ വസ്തുത ഇല്ല എന്ന് പറയാനൊക്കാത്തത് കൊണ്ടും കൂടിയാണ്.
എന്നാൽ ഇത്തരം ആലോചനകളെ പോലും റദ്ദ് ചെയ്യും വിധം നമ്മുടെ വംശീയ വിരുദ്ധ പരിസരം അൽപ്പം തീവ്രമാവുന്നുണ്ടോ എന്ന ആശങ്ക പറയാതിരിക്കാൻ കഴിയില്ല. നൈസർഗ്ഗികതയെ നമ്മൾ ഒരാളുടെ ജന്മത്തോടെ അയാൾക്ക് കൈവരുന്ന കഴിവുകൾ എന്നു മാത്രം വായിച്ചെടുക്കാത്തത് കൊണ്ടാണ് മേൽപറഞ്ഞതിനെ പൂർണമായി നിഷേധിക്കാത്തത്.
നാം മനുഷ്യൻ എന്ന നിലയിൽ സ്വയം തിരിച്ചറിയപ്പെടുമ്പോൾ തന്നെ ജന്മത്തിൽ നിന്ന് കുറെ ദൂരം നമ്മൾ സഞ്ചരിച്ചു കഴിഞ്ഞിരിക്കും. ആ സഞ്ചാര പദത്തിൽ ചുറ്റുപാടുകൾ കുറെയേറെ തന്നെ നമ്മളിൽ സ്വാധീനം ചെലുത്തിയിരിക്കും. ആ സ്വാധീനവലയത്തിലാണ് പലപ്പോഴും നമ്മുടെ
അഭിരുചികൾ രൂപപ്പെടുക. കറുപ്പ്, വെളുപ്പ് പ്രയോഗങ്ങളുടെ സ്വാഭാവിക സ്വാധീനം ആ ഘട്ടത്തിലാണ് നമുക്ക് കൈവരുക. എന്നാൽ അതിന്റെ വേരുകളെക്കുറിച്ചുള്ള അന്വേഷണം നമ്മെ സത്യത്തിൽ കൊളോണിയലിസത്തിലാണ് കൊണ്ടു ചെന്നെത്തിക്കുക എന്നു കണ്ടെത്താൻ കഴിയും.
എങ്ങനെയാണ് മനുഷ്യന്റെ സർഗാത്മകതയും നൈസർഗികതയും കൊളോണിയലിസം രൂപീകരിച്ചെടുത്തത് എന്ന് ‘ഫാനൻ’
വളരെ വസ്തുനിഷ്ഠമായി ചർച്ച ചെയ്യുന്നുണ്ട്. നീഗ്രോ എന്ന് വിളിക്കപ്പെടുന്നതിലുള്ള കൊളോണിയൽ അജണ്ടകൾ തന്റെ “black skin and white mask “ഇൽ ഫാനൻ പൊളിച്ചെഴുത്തു നടത്തുന്നുണ്ട്.
ചരിത്രം അനൽപ്പമായ വെളിച്ചങ്ങൾ ഈ വിഷയത്തിൽ നൽകുന്നുണ്ട്. ചരിത്രത്തെയും ശാസ്ത്രത്തെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും അക്കൗണ്ടിൽ നിന്ന് മാറ്റി സ്ഥാപിക്കുന്ന യൂറോപ്യൻ പദ്ധതിയെ നിരവധി ചിന്തകർ തുറന്നു കാട്ടിയിട്ടുണ്ട്. തോമസ് അർണോൾഡ് അദ്ദേഹത്തിന്റെ legacy of islam എന്ന പുസ്തകത്തിൽ പറയുന്നത് “അക്വിനാസിനെയും ഡാന്റെയും പോലുള്ള നവോത്ഥാന പണ്ഡിതന്മാർ സ്പെയിനിനെ യൂറോപ്പിന്റെ തീപ്പന്തമായി കണ്ടെത്തുന്നുണ്ട്. നമുക്ക് അവരെ മൂർ എന്നോ അറബ് എന്നോ വിളിക്കാം. പക്ഷെ യാഥാർഥ്യം അതല്ല, ആദ്യം സ്പെയിനിലെത്തിയ താരീഖ് സിയാദ് ഒരു ആഫ്രിക്കൻ ബെർബെർ ആണ് ” എന്നാണ്
അതായത് നവോത്ഥാന പരിശ്രമത്തിൽ യൂറോപ്പിനെ inovolve ചെയ്യിച്ചതിന്റെ പിതൃത്വം അർണോൾഡ് ആഫ്രിക്കൻ ബെർബറായ താരീഖ് സിയാദിന് കല്പ്പിച്ചു നൽകുന്നു. കറുപ്പിനെ നിങ്ങൾ നിങ്ങളിലൊരാളായി കൂട്ടുകയല്ല, പല കാര്യങ്ങളിലും നിങ്ങളെക്കാൾ മുൻപന്തിയിലാണ് എന്ന തിരിച്ചറിവ് കൂടെ വേണമെന്ന് തന്നെയാണ് അർണോൾഡ് പറഞ്ഞ് വെക്കുന്നു.
പക്ഷെ ഇത് പോലുള്ള ചരിത്രവായനകൾ നമ്മുടെ പൊതു ഇടങ്ങളിൽ നിന്ന് യാദൃശ്ചികമായി പിൻവലിഞ്ഞു പോവുന്നു. അല്ല പിൻവലിക്കുന്നു എന്ന് പറയുന്നതാവും ശരി. ഇങ്ങനെയുള്ള വായനകളിലൂടെ നമ്മൾ ജീവിക്കുന്ന യൂറോകേന്ദ്രീകൃത ലോകത്തിന് ഒട്ടും പരിചയമില്ലാത്ത ഒരു ഭൂതകാലം നമുക്ക് ലഭിക്കും. പുരാതന ഈജിപ്തിലെ കേമത് ഭരണകൂടവും മധ്യകാലത്തെ അന്തലൂസ്, അൽമോവറിഡ്,
അൽമോഹദ്, തിമ്പുക്തു തുടങ്ങിയ ആഫ്രിക്കന് വംശജരുടെ ഭരണകൂടങ്ങളും നമ്മളെ അതിലേക്ക് ക്ഷണിക്കുന്നുണ്ട്.
3200 വർഷത്തെ പാരമ്പര്യമുള്ള കേമെത് ഈജിപ്തിൽ അവർ ഗ്രീക്ക്കാരെ പ്രവേശിപ്പിക്കാറില്ലായിരുന്നു. സാംസ്കാരികമായി ഈജിപ്ത് മുന്നിട്ട് നിന്ന കാലത്ത് ഗ്രീക്കുകാർ അറിവ് സമ്പാദിക്കാൻ വേണ്ടി അന്നത്തെ ഈജിപ്തിന്റെ അതിർത്തി പ്രദേശങ്ങളിൽ പോയി താമസിക്കാറുണ്ടായിരുന്നു. പിന്നീട് അലക്സാണ്ടർ ഈജിപ്ത് കീഴടക്കിയപ്പോഴാണ് പുരാതന ഈജിപ്റ്റിന്റെ അറിവിന്റെ ഖനികൾ യൂറോപ്പിലേക്ക് കടത്തപ്പെടുന്നത്.
രാഷ്ട്രീയപരമായ മേൽക്കോയ്മ നമ്മുടെ സാമൂഹ്യ സാഹചര്യത്തെ എത്രത്തോളം സ്വാധീനിക്കാറുണ്ടായിരുന്നു എന്നത് ഇത്തരം വായനകളിലൂടെ മനസ്സിലാക്കാം. പുരാതന ഈജിപ്ത് തകരുകയും ഗ്രീക്കോറോമൻ ആധിപത്യം പുലരുകയും ചെയ്തപ്പോൾ സാമൂഹ്യ സാഹചര്യങ്ങൾ വീണ്ടും മാറി. കറുത്തവന് മേൽ വെളുത്തവൻ നിറത്തിന്റെ പേരിലുള്ള ആധിപത്യം കൊണ്ട് വന്നു. പിന്നെ ആറാം നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ബൈസാന്റിയൻ, സസ്സാനിദ് വ്യവസ്ഥിതികൾ തകർക്കപ്പെടുകയും ഇസ്ലാമിക വ്യവസ്ഥിതി സ്ഥാപിക്കപ്പെടുകയും ചെയ്തു. പ്രവാചകൻ (സ) യുടെ ആദ്യ കാല സന്ദേശങ്ങളിൽ പ്രധാനപ്പെട്ട നയങ്ങളിൽ ഒന്നായിരുന്നു വംശീയതക്ക് എതിരായുള്ള നിലപാടുകൾ.
ഇസ്ലാമിക നാഗരികത വളരെ പെട്ടെന്ന് ആധിപത്യം സ്ഥാപിക്കുകയും നിറത്തിന്റെയും വംശത്തിന്റെയും ചിഹ്നങ്ങൾ ഒഴിവാക്കുകയും ചെയ്തു.
ഖുലഫാഉർറാഷിദുൻ ഭരണകൂടത്തിലെ രണ്ടാം ഖലീഫ ഉമർ (റ) മരണം കാത്തു കിടന്നപ്പോൾ അടുത്ത ഭരണാധികാരി ആര് വേണം എന്ന ചർച്ചക്കിടയിൽ “സാലിം ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ഞാൻ തിരഞ്ഞെടുത്തേനേ ” എന്ന് പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സാലിം മൗല അബൂഹുദൈഫ ഒരു കറുത്ത വർഗക്കാരനും അടിമത്വത്തിൽ നിന്ന് മോചിതനും ആയിരുന്നു. പുരാതന അറബ് നാഗരികതയിൽ ഇവ രണ്ടും പിന്നാക്ക ചിഹ്നങ്ങളായിരുന്നു.
പിന്നീട് അമവി സാമ്രാജ്യത്തിന്റെ കാലഘട്ടം വന്നപ്പോൾ അറബ് ആഫ്രിക്കൻ ബന്ധം കൂടുതൽ ദൃഢമാവുകയും പല അറബ് ഭരണാധികാരികളും ആഫ്രിക്കൻ ജനതയുമായി വിവാഹബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തു. എമിരേറ്റ്സ് ഓഫ് കോർഡോബയിലെ ആദ്യത്തെ അമീർ ആയിരുന്ന അബ്ദുൽ റഹ്മാൻ ഒന്നാമന്റെ മാതാവ് ആഫ്രിക്കൻ ബെർബെർ ആയിരുന്നു. പിന്നീട് ഏഴ് നൂറ്റാണ്ടോളം സ്പെയിൻ ഭരിച്ചത് മൂർ വംശജരായിരുന്നു. ആ സമയത് സ്പെയിനിൽ കറുത്തവൻ എന്നാൽ ഭരണവർഗം ആയിരുന്നു. യൂറോപ്യൻ നവോത്ഥാനത്തിന് അടിത്തറ പാകിയ സ്പാനിഷ് മുന്നേറ്റങ്ങൾ അവരുടെ നേതൃത്വത്തിലായിരുന്നു നടന്നത് എന്നർത്ഥം.
ആ കാലത്ത് മോറോക്കോയിലെ അൽ ഇദ്രീസി വരച്ച ലോക ഭൂപടത്തിന്മേൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ ആധുനികമായ ഒരു ഭൂപടം നമുക്കതിൽ നിന്ന് കണ്ടെടുക്കാം. പക്ഷെ പ്രസ്തുത ചിത്രത്തിലെ നിർണായകമായ ഒരു കാര്യം നമ്മുടെ കയ്യിലുള്ള ആധുനിക ഭൂപടത്തിൽ നിന്ന് വിരുദ്ധമായി തല തിരിഞ്ഞാണ് അത് ഉള്ളതെന്നാണ്. നോർത്ത് പോൾ താഴെയാണ് വരുന്നത്. ആരാണ് നോർത്ത് പോളിനെ പിന്നീട് മുകളിൽ കൊണ്ട് വന്നത് എന്ന ചോദ്യത്തിൽ നിന്ന് നമുക്ക് കണ്ടെത്താനുള്ളത് ആഫ്രിക്കയുടെ മോളിലുള്ള യൂറോപ്പിന്റെ മാനസികാവസ്ഥയാണ്.
1300 കളിൽ മാലി ഭരിച്ചിരുന്ന മാൻസ മൂസ സ്ഥാപിച്ച സോൻകോറോ യൂണിവേഴ്സിറ്റി അന്നുണ്ടായിരുന്നതിൽ ഏറ്റവും മികച്ചതായിരുന്നു. 25000 വിദ്യാർത്ഥികളായിരുന്നു അവിടെ പഠിച്ചിരുന്നത്. അന്നത്തെ സോൻകോറോയിലെ ഗണിതശാസ്ത്ര പഠനങ്ങൾ ഫ്രഞ്ച് ഭാഷയിലേക്ക് തർജമ ചെയ്തപ്പോൾ പാരിസിലെ സോർബോർണെ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബിരുദ പഠനങ്ങളുടെ നിലവാരം ഉണ്ടായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തെ മികച്ച ഒരു ഗണിതശാസ്ത്ര സർവകലാശാലയിലെ പഠനങ്ങൾ അറുന്നൂർ വർഷം മുന്നേ ഉള്ള ആഫ്രിക്കയിലെ സർവകലാശാലയിലെ പഠനങ്ങളുമായ് ചേർന്നു നിൽക്കുന്നു എന്നത് അവരുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നോക്കാവസ്ഥയെ കാണിക്കുന്നു. ആ കാലഘട്ടത്തിൽ കറുത്തവർക്കു സാമൂഹികമായി ഉണ്ടായിരുന്ന മേൽക്കോയ്മ അക്കാലത്തെ ഇന്ത്യയിൽ വരെ അലയടിച്ചു. ഡെക്കാൻ സുൽത്താനെറ്റുകളിലും മറ്റും ഭരണകൂടങ്ങളുടെ താക്കോൽ സ്ഥാനങ്ങളിൽ അക്കാലത്തു ഹബിഷിയിൽ നിന്ന് ഇന്ത്യയിൽ എത്തിയിരുന്ന ആഫ്രിക്കക്കാർ ഉണ്ടായിരുന്നു. ശിവാജിയുടെ രാഷ്ട്രീയ ഗുരുവും മുഗളർക്കു തീരാ തലവേദനയുമായിരുന്ന മാലിക് അംബർ അക്കൂട്ടത്തിൽ പ്രമുഖനാണ്.
ആഫ്രിക്കൻ ഖനികളിൽ ആർത്തി പൂണ്ടു യൂറോപ്യൻ സാമ്രാജ്യങ്ങൾ നടത്തിയ പടയോട്ടങ്ങൾ അധികാര സമവാക്യങ്ങളെ മാറ്റി മറിച്ചപ്പോൾ ചരിത്രവും സാമൂഹ്യശാസ്ത്രവും മാറി. ശാസ്ത്രവും കണ്ടെത്തലുകളും തിരുത്തി എഴുതപ്പെട്ടു എന്നതാണ് വസ്തുത.
1500 കളോടെ ആരംഭിച്ച അടിമക്കച്ചവടങ്ങളിലൂടെ ആഫ്രിക്കൻ ജനത അമേരിക്കയിലേക്കും പറിച്ചു നടപ്പെട്ടു. സംസ്കാരമില്ലാത്തവരും ഇരുണ്ടഭൂഖണ്ഡത്തിൽ ജീവിക്കുന്നവരുമാണ് അവരെന്ന് യൂറോപ് ലോകത്തോട് വിളിച്ചു പറഞ്ഞു. പക്ഷെ ചരിത്രം ഒരു പരിധിയിൽ കൂടുതൽ മൂടിവെക്കാൻ പറ്റില്ലല്ലോ. ഒമർ സൈദിനെയും അബ്ദുറഹ്മാൻ സൂരിയെയും പോലുള്ളവരിലൂടെ യൂറോപ്പിന്റെ കൊടും കൊള്ള ലോകം അറിഞ്ഞു വരുമ്പോഴേക്കും കുറെ ഏറെ വൈകിയിരുന്നു. ലോകം യൂറോപ്പിന്റെ കണ്ണിലൂടെ വായന ആരംഭിച്ചിരുന്നു.
വ്യക്തികളിൽ നിർണ്ണയിക്കപ്പെടുന്ന റേസിസവും വ്യവസ്ഥിതി നിർണയിക്കുന്ന റേസിസവും പരസ്പര പൂരകങ്ങളാണെങ്കിലും സമൂഹം പലപ്പോഴും ഈ വിഷയത്തിൽ ചെറിയ ഒരളവോളം നിരപരാധികളാണ്. ഇങ്ങനെയുള്ള വിഷയങ്ങളൊന്നും അവരറിയുന്നില്ല എന്നതും അവരു പോലും അറിയാതെ അവരിൽ വംശീയത നിക്ഷേപിക്കപ്പെടുന്നു എന്നതുമാണ് കാരണം.
ഒരിക്കൽ അമേരിക്കൻ ഐക്യനാടുകളിലെ വംശീയത എങ്ങനെ അവസാനിപ്പിക്കാം എന്ന് മാൽകം ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം കൊടുത്ത മറുപടി ജനങ്ങളെ ഭരണകൂടം പുനർവിദ്യാഭ്യാസം ചെയ്യണം എന്നായിരുന്നു. ഒരു ഭരണകൂടത്തിന് പുനർവിദ്യാഭ്യാസം ചെയ്യുന്നതിലൂടെ ജനതയുടെ ഇഷ്ടങ്ങൾ മാറ്റാനൊക്കുമോ എന്ന് മറുചോദ്യം വന്നപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി “ലോക യുദ്ധങ്ങൾക്ക് മുന്നേ അമേരിക്കൻ ജനതക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ജനത ജർമ്മനിക്കാരും ഇറ്റലിക്കാരുമായിരുന്നു. എന്നാൽ ലോകയുദ്ധം കഴിഞ്ഞപ്പോൾ അവർ വെറുക്കുന്നത് റഷ്യക്കാരെയും ചൈനക്കാരെയുമാണ്. ഇത് ഭരണകൂടം ജനതയെ പുനർവിദ്യാഭ്യാസം ചെയ്തതാണ്. പിന്നെന്ത് കൊണ്ട് കറുത്തവനെ സ്നേഹിക്കാൻ വെളുത്തവനെ പഠിപ്പിച്ചു കൂട.”
കറുപ്പും വെളുപ്പും വേർ പിരിയുന്നത് പൂർണമായും രാഷ്ട്രീയമാണെന്നല്ല പറഞ്ഞ് വെക്കുന്നത്. പകരം അതിന്റെ പിറകിൽ കുറെ ഏറെ രാഷ്ട്രീയ മാനങ്ങൾ ഉണ്ടെന്നുള്ളതാണ്. മാത്രമല്ല അമേരിക്കയിലും യൂറോപ്പിലും ഉള്ള റേസിസത്തെ കേരളത്തിലെ ഗർഭിണികൾ കുങ്കുമം കലക്കി കുടിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ അതിലെ യഥാർത്ഥ പ്രശ്നങ്ങൾ അഡ്രസ് ചെയ്യപ്പെടാതെ പോവും. ഇങ്ങനെയുള്ള ചർച്ചകൾ പാടില്ല എന്നതല്ല പകരം വംശീയതയുടെ വേരുകൾ കിടക്കുന്നത് അവിടെയല്ല എന്നതാണ്രി പരിഗണിക്കേണ്ടത്. പല ഇടങ്ങളിലും വർഗവംശ രൂപീകരണങ്ങൾ മനുഷ്യന്റെ കേവലവികാരങ്ങളിൽ രൂപം കൊള്ളുന്നതല്ല, പകരം നിർമിക്കപ്പെട്ട വ്യവസ്ഥിതികൾ അതിന്റെ വളർച്ചക്ക് ആവശ്യപ്പെടുന്ന സമയത്തു സാമാന്യജനം മൗനികളാകുന്നതോടെ സംഭവിക്കുന്നതാണ്.