സാലിക്
പരിശുദ്ധ റമളാൻ സമാഗതമായിരിക്കുന്നു. ഓരോ സത്യവിശ്വാസിക്കും സങ്കടത്തോടെയല്ലാതെ ഈ കോവിഡ് കാലത്തെ റമളാനിനെ അഭിമുഖീകരിക്കാനാവില്ല. പൊലിമകളൊന്നുമില്ലാത്ത മൂകത മുറ്റിയ പകർച്ചവ്യാധിയുടെ ഭീതിയൊഴിയാത്ത മരണം മണക്കുന്ന ഈ കാലത്ത് വിശുദ്ധനായ ഒരു അതിഥിയായി റമളാൻ നമ്മിലേക്ക് കടന്നു വന്നിരിക്കുന്നു. അല്ലാഹുവിന്റെ കോപത്തേക്കാൾ അവന്റെ കാരുണ്യമാണ് മികച്ചത് എന്ന പ്രതീക്ഷ നൽകി, അവന്റെ ശിക്ഷയേക്കാൾ അവന്റെ വിട്ടുവീഴ്ചയും ഔദാര്യവുമാണ് അവനിൽ മികച്ചു നിൽക്കുന്ന ഗുണം എന്ന് വിളമ്പരപ്പെടുത്തിക്കൊണ്ടാണ് റമളാൻ നമ്മിലേക്ക് സമാഗതമായിട്ടുള്ളത്. അങ്ങേയറ്റത്തെ പശ്ചാത്തപ മനസ്സോടെ അവന്റെ ഔദാര്യത്തിനും വിട്ടുവീഴ്ചക്കും വേണ്ടി കേണപേക്ഷിക്കുന്ന അടിമയെ അവനൊരിക്കലും കൈവിടുകയില്ല. സ്വന്തം വിശ്വാസത്തിലും കർമ്മങ്ങളിലുമുള്ള പോരായ്മകൾ നികത്തി അവനോട് കൂടുതൽ അടുക്കേണ്ട സന്ദർഭമാണിത്. കർമ്മങ്ങളിലും വിശ്വാസത്തിലും താൻ എവിടെ എത്തിനിൽക്കുന്നുവെന്ന് മുഹാസബ ചെയ്യേണ്ട മാസമാണിത്. അല്ലാഹുവിന്റെ മെഹ്ബൂബീങ്ങളായ ഔലിയാക്കൾ നമ്മെ ഈ ആത്മവിചാരണക്കുവേണ്ടിയാണ് റമളാനിൽ സവിശേഷമായി പരിശീലിപ്പിക്കുന്നത്. വർഷങ്ങൾക്കുമുമ്പുള്ള ഒരു റമളാനിൽ ഞങ്ങൾ സാലിക്കീങ്ങളെയും പൊതുമുസ് ലിംകളെയും സംബോധന ചെയ്ത് എന്റെ വന്ദ്യഗുരു ബഹുമാനപ്പെട്ട ശൈഖുനാ കുറ്റിക്കാട്ടൂർ ഉസ്താദ്(അല്ലാഹു ആ തണൽ നമുക്ക് നീട്ടി നൽകുമാറാകട്ടെ) കുറ്റിക്കാട്ടൂർ അൽ ആരിഫ് ജുമാ മസ്ജിദിൽ വെച്ച് നടത്തിയ സാരസമ്പൂർണ്ണമായ റമളാൻ ഭാഷണമാണ് ഗുരുമൊഴിയിൽ നിങ്ങളോട് പങ്ക് വെക്കുന്നത്. ബഹുമാനപ്പെട്ട ശൈഖുനാ കുറ്റിക്കാട്ടൂർ ഉസ്താദ് അൻവാറുല്ലാഹ് ശാഹ് അവർകൾ അബൂ ഹുറൈറ(റ)വിൽ നിന്നുളള രണ്ട് ഹദീസുകൾ ഉദ്ധരിച്ചാണ് സ്വന്തം ന്യൂനതകളിലേക്ക് കണ്ണുതുറപ്പിക്കുന്ന ഉള്ളുണർവ്വേകുന്ന ഈ പ്രഭാഷണം ആരംഭിച്ചത്: ഹംദിനും സ്വലാത്തിനും ശേഷം ബഹുമാനപ്പെട്ടവർ പറഞ്ഞു തുടങ്ങി:
അബൂ ഹുറൈറ(റ)ൽ നിന്ന് നിവേദനം: “ആരെങ്കിലും റമളാനിൽ ഈമാനോടും ഇഹ്തിസാബോടും കൂടി നോമ്പ് നോറ്റാൽ അവന്റെ മുൻകഴിഞ്ഞു പോയ പാപങ്ങളെല്ലാം പൊറുക്കപ്പെടും. ആരെങ്കിലും റമളാനിൽ ഈമാനോടും ഇഹ്തിസാബോടും കൂടി നിസ്കരിക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞു പോയ പാപങ്ങളെല്ലാം പൊറുക്കപ്പെടും”(സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്ലിം)
ഒരു മുസ്ലിമിനെ സംബന്ധിച്ച് പാപം പൊറുക്കപ്പെടുക എന്നതിനേക്കാൾ സന്തോഷകരമായി മറ്റൊന്നുമില്ല. എല്ലാ പാപങ്ങളും പൊറുത്തു കിട്ടുക എന്നതാണ് ഒരു മുഅ്മിനിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആവശ്യം. ദോഷം പൊറുത്താൽ നരകത്തിൽ നിന്ന് മുക്തരായി. ദോഷം പൊറുത്തില്ലെങ്കിൽ നരകത്തിൽ പോകേണ്ടി വരും. നരകം എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അതുകൊണ്ട് തന്നെയാണ് മുഅ്മിനിനെ സംബന്ധിച്ച് മഗ്ഫിറത്ത് ലഭിക്കുക എന്നത് അവന്റെ ജീവിതത്തിന്റെ പരമ പ്രധാനമായ ഒരു ലക്ഷ്യമാകുന്നത്. അല്ലാഹു മഗ്ഫിറത്ത് നൽകാനായി ഒരുക്കിയതാണ് റമളാൻ മാസം. പരിശുദ്ധമായ ഈ റമളാനിന്റെ രാത്രികളിൽ അല്ലാഹു അനേകം ആളുകളെ നരകത്തിൽ നിന്ന് മോചിപ്പിച്ച് സ്വർഗക്കാരാക്കും. അതിനാലാണ് റമളാനിലെ രാത്രികളിൽ ഇങ്ങനെ പ്രാർത്ഥിക്കുന്നത്. “അല്ലാഹുവെ തീർച്ചയായും റമളാൻ മാസത്തിലെ ഓരോ രാവുകളിലും നരകത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരും വിടുതൽ ചെയ്യപ്പെട്ടവരും രക്ഷപ്പെട്ടവരും നരകത്തെ തൊട്ട് സുരക്ഷിതരും (ആയ അടിമകളുണ്ട്.) നമ്മെ അതിൽ ഉൾപ്പെടുത്തേണമേ…” ആമീൻ.
മുൻകഴിഞ്ഞ സമുദായങ്ങൾക്കൊന്നും ഇങ്ങനെയൊരു പുണ്യമാസം ലഭിച്ചിട്ടില്ല. അവർക്കൊക്കെ നോമ്പ് ഉണ്ടായിരുന്നു.
റമളാനിൽ ആദ്യത്തെ പത്ത് റഹ്മത്തിന്റേതും രണ്ടാമത്തെ പത്ത് മഗ്ഫിറത്തിന്റെതും മൂന്നാമത്തെ പത്ത് നരകവിമുക്തിയുടേതുമാണ്. അല്ലാഹുവിന്റെ റഹ്മത്ത് എന്നത് മുഹ്സിനീങ്ങളോട് അടുത്തിട്ടാണ് ഉള്ളത്. അല്ലാഹുവിന്റെ റഹ്മത്ത് എന്താണെന്ന് മനസ്സിലാക്കാൻ ഒരു മുഹ്സിൻ തന്നെ ആവേണ്ടി വരും. മുസ്ലിമായാൽ പോരാ, മുഅ്മിൻ ആയാൽ പോരാ മുഹ്സിൻ തന്നെ ആവണം. അല്ലാഹുവിന്റെ ഹബീബ്(സ)യുടെ അടുത്ത ആളാവണം. അപ്പോൾ അല്ലാഹുവിന് ഈ അടിമയോട് ഇഷ്ടം വരും. ഇങ്ങനെ ഇഷ്ടം വരുന്നതിന് ശരീഅത്തിന്റെ അനുശീലനം മാത്രം പോര, ത്വരീഖത്തും വേണം. ത്വരീഖത്തിൽ ബൈഅത്ത് ചെയ്താൽ മാത്രം പോരാ ശരിയായ ഒരു ശൈഖിൽ നിന്ന് ഇൽമും ഇർഫാനും പകർന്നെടുത്ത് സംസ്കരണം സിദ്ധിക്കുകയും ചെയ്യണം. ശരീരം കൊണ്ട് ചെയ്യുന്ന അമലെല്ലാം ശരീഅത്തിൽ പെട്ടതാണ്. ത്വരീഖത്തിന്റേത് ഖൽബു കൊണ്ട് ചെയ്യുന്നതാണ്. ഈമാനിന്റെയും ഇഹ്തിസാബിന്റെയും യഥാർത്ഥ താത്പര്യമെന്താണെന്ന് ഗ്രഹിക്കാൻ ഈ ഇൽമ് ലഭിക്കേണ്ടത് അനിവാര്യമാണ്.
ഈമാനോടും ഇഹ്തിസാബോടും കൂടി നോമ്പ് നോൽക്കുക എന്നത് എങ്ങനെയാണ് സാധിക്കുക? അല്ലാഹുവോട് ദുആ ചെയ്ത് വാങ്ങേണ്ടതാണ് ഈമാനും ഇഹ്തിസാബും. അല്ലാഹുവേ ഈമാനും ഇഹ്തിസാബും ഉള്ള ആളാക്കി എന്നെ നീ മാറ്റേണമേ എന്ന ദുആ സദാ നിലനിർത്തണം. ഈമാനിന്റെ അളവ് സദാ കണക്ക് നോക്കി നിർണയിക്കേണ്ട ഒന്നാണ്.
ഈമാന് പല ഗണങ്ങളുമുണ്ട്. തസ്ലീമിന്റെ ഈമാൻ, തസ്ദീഖിന്റെ ഈമാൻ, തഹ്ഖീഖിന്റെ ഈമാൻ, യഖീനിന്റെ ഈമാൻ തുടങ്ങിയവയാണത്. ഇതിൽ തന്റെ സ്ഥാനം എവിടെയാണ്.? ഏത് തരം ഈമാനാണ് തന്നിലുള്ളത്.? ഇക്കാര്യമാണ് നിരന്തരമായി പരിശോധിച്ചു കൊണ്ടിരിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നതിന്നാണ് ഇഹ്തിസാബ് എന്ന് പറയുന്നത്. ഇഹ്തിസാബിന് പ്രതിഫലത്തെ കാംക്ഷിക്കുക എന്നൊരർത്ഥം പറയാറുണ്ട്. എന്നാൽ വളരെ അപര്യാപ്തമാണ് ആ അർത്ഥം. പ്രതിഫലത്തെ പ്രതീക്ഷിക്കേണ്ടതുണ്ട്. എന്നാൽ താൻ ആദ്യം മുഅ്മിൻ ആയിട്ടുണ്ടോ എന്ന് പരിശോധിക്കാതെ എന്ത് പ്രതിഫലം? ഈമാനിൽ തന്നെ സ്വാലിഹീങ്ങളുടെ ഈമാൻ, ശുഹദാക്കളുടെ ഈമാൻ, സിദ്ധീഖിങ്ങളുടെ ഈമാൻ, അമ്പിയാക്കളുടെ ഈമാൻ എന്നീ ഗണങ്ങളുണ്ട്.
ഈമാൻ ഇൽമിലൂടെയാണ് ഉണ്ടാകുക. ഇൽമിനെക്കുറിച്ച് അല്ലാഹു പറഞ്ഞിരിക്കുന്നു. “നിങ്ങളിൽ നിന്നുള്ള ഈമാനുള്ളവരെയും ഇൽമ് നൽകപ്പെട്ടവരെയും നിരവധി ദറജകളായി അല്ലാഹു ഉയർത്തും” (അൽ മുജാദില 11).
ഈമാനിന് ദറജകളുണ്ട്. മുകളിൽ സൂചിപ്പിച്ചത് ഈ ദറജകളാണ്. ഇതിൽ അവസാനം പറഞ്ഞ യഖീനിന്റെ അവസ്ഥ പ്രാപിക്കലാണ് ഒരു മുഅ്മിനിന്റെ പരമമായ ഉന്നമാകേണ്ടത്.
ഈമാൻ കാര്യങ്ങൾ ആറെണ്ണമാണല്ലോ. ഈ ആറ് കാര്യങ്ങളിലും തസ്ലീമും തസ്ദീഖും തഹ്ഖീക്കും യഖീനും നമുക്ക് വരണം. ഞാൻ അല്ലാഹുവിനെകൊണ്ട് വിശ്വസിച്ചു എന്ന് പറഞ്ഞാൽ അത് ഒരു വാചകമാണല്ലോ? അതിന്റെ അർത്ഥം എന്താണ്? അതിന്റെ ശർത്തുകൾ എത്രയാണ്?
നാവു കൊണ്ട് മൊഴിഞ്ഞാൽ ഒരു ശർത് പൂർത്തിയായി. പിന്നെ ഖൽബ് കൊണ്ടത് ഉറപ്പിക്കണം. അംഗീകരിച്ചാൽ അത് തസ്ലീം ആയി. ജീവിതത്തിലൂടെ അതിനെ വാസ്തവമാക്കിയാൽ അത് തസ്ദീഖ് ആയി. അതിനെതുടർന്ന് തഹ്ഖീഖും യഖീനും ഉണ്ട്. യഖീനിൽ തന്നെ ഇൽമുൽ യഖീൻ, ഐനുൽ യഖീൻ, ഹഖുൽ യഖീൻ എന്നിവയുമുണ്ട്. ഈമാനിന്റെ ഈ ദറജകളെ പ്രാപിക്കാനാണ് റമളാൻ മാസത്തിൽ നാം അദ്ധ്വാനിക്കേണ്ടത് എന്നാണ് ഉപരി സൂചിത ഹദീസിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ ശപിക്കപ്പെട്ട പിശാച് ഈമാനിനെ സംബന്ധിച്ചുള്ള ചിന്തകളിൽ നിന്നകറ്റി അമലുകൾ വർദ്ധിപ്പിക്കുക എന്നതിലേക്ക് മാത്രമായി നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ഇങ്ങനെ ശാരീരികമായ അമലുകളുടെ വർദ്ധനവ് എത്രയുണ്ടായാലും നമ്മിലുള്ള ഈമാനിന്റെ അളവ് അനുസരിച്ചാണ് അല്ലാഹുവിങ്കൽ അതിന്റെ സ്വീകാര്യതയുള്ളത്. ഈ ഹദീസിന്റെ വ്യാഖ്യാനചർച്ചകൾ പിന്നെയെത്തുന്നത് ഒരു സുന്നത്തിന് ഒരു ഫർളിന്റെ കൂലി ഒരു ഫർളിന് എഴുപത് ഫർളിന്റെ കൂലി തുടങ്ങിവയിലേക്കാണ്. ഇങ്ങനെ ഈമാൻ എന്നത് ഇവ്വിധം ഒരു സുന്നത്തിന് ഒരു ഫർളിന്റെ കൂലിയുണ്ട് എന്ന് വിശ്വസിക്കൽ മാത്രമായി തീരുന്നു. ഇഹ്തിസാബ് എന്നാൽ ഈ കൂലിയെ കണക്കുകൂട്ടി പ്രതീക്ഷിക്കുക എന്നതുമായി തീരുന്നു. സാധാരണക്കാർക്ക് ഈയൊരു അർത്ഥം മാത്രം സ്വീകാര്യമായി തീർന്നേക്കാം. എന്നാൽ അല്ലാഹുവിന്റെ പ്രത്യേകക്കാർക്ക് അത് പോരാ. അവരെ സംബന്ധിച്ച് ഈമാൻ എന്നത് ഈയൊരു വിശദീകരണത്തിൽ മാത്രം പരിമിതപ്പെട്ട ഒന്നല്ല.
നോമ്പ് എനിക്കുള്ളതാണ്, ഞാൻ അതിന് പ്രതിഫലം നൽകും എന്ന ഖുദ്സിയായ ഹദീസിൽ ഈമാനിനെ പണയം വെക്കാൻ സാധിക്കുകയില്ല. ഈമാൻ എന്നത് കേവലമായതും അപരിമിതമായതും(മുത്ലഖ്) ആയ ഒന്നാണ്. എല്ലാ ഈമാനും അതിൽ പെട്ടതാണ്. അതിൽ അടിസ്ഥാനപരമായിട്ടുള്ളത് ആറ് ഈമാൻ കാര്യങ്ങളിലുള്ള തസ്ലീമും തസ്ദീഖുമാണ്. അതിനു ശേഷമാണ് ഈ പറഞ്ഞ ശാഖാപരമായിട്ടുള്ളതെല്ലാം. ഖുർആനിൽ മുഴുവനായും നമുക്ക് ഈമാനുണ്ട്. നബി(സ)യുടെ വഹ് യിലും നമുക്ക് പൂർണമായും വിശ്വാസമുണ്ട്. വഹ് യിൽ നിന്ന് ഈ റമളാനിനെക്കുറിച്ച് വന്നിട്ടുള്ള ഒന്ന് രണ്ട് ഹദീസിൽ മാത്രമല്ല നമുക്ക് വിശ്വാസമുള്ളത്. ഈമാനും ഇഹ്തിസാബും അതിന്നപ്പുറം എല്ലാ കാര്യങ്ങളിലേക്കും ബാധകമായതാണ്. ആറ് ഈമാൻ കാര്യങ്ങളിലും താൻ എവിടെ നിൽക്കുന്നുവെന്ന കാര്യം സദാ കണക്ക് നോക്കണം. അല്ലാഹുവിലുള്ള വിശ്വാസത്തിലും മലക്കുകളിലുള്ള വിശ്വാസത്തിലും അമ്പിയാക്കളിലുള്ള വിശ്വാസത്തിലും താൻ എവിടെ നിൽക്കുന്നുവെന്നും തുടർന്ന് അല്ലാഹുവിന്റെ കിതാബുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ താൻ എപ്രകാരമാണെന്നും കണക്കു നോക്കണം. അല്ലാഹുവിന്റെ പരിശുദ്ധ കലാമിനെ നാം ഓതുന്നുണ്ടോ അത് പഠിക്കുന്നുണ്ടോ അതിൽ ചിന്തിക്കുന്നുണ്ടോ, കർമ്മം ചെയ്യുന്നുണ്ടോ അതുമായി ഞാൻ എത്ര സ്നേഹത്തിലാണ്, ബന്ധത്തിലാണ് തുടങ്ങിയ കാര്യങ്ങളിൽ സദാ കണക്ക് നോക്കണം. ഇങ്ങനെയുള്ള പരിപൂർണമായ ഒരു കണക്ക് നോക്കലിനെയാണ് ഇഹ്തിസാബ് എന്നു പറയുന്നത്. അതിനുള്ള മാസമാണ് റമളാൻ. റമളാൻ പൂർത്തിയാകുന്നതോടു കൂടി ഈ ഇഹ്തിസാബും പൂർത്തിയാകണം. ഇങ്ങനെ പരിപൂർണമായും നമ്മുടെ ഈമാനിനെ പരിശോധിക്കുന്നതിനും അതിലെ രോഗാവസ്ഥകളെ പരിഹരിക്കുന്നതിനുമുള്ള ബാത്വിനിന്റെ ആശുപത്രികളാണ് സൂഫി ഖാൻഗാഹുകൾ. അതിലെ ഡോക്ടർമാരാണ് മശാഇഖന്മാർ.
ഒന്നാമത്തെ ഈമാൻ കാര്യം തന്നെ എടുക്കുക. ഞാൻ അല്ലാഹുവിൽ വിശ്വസിച്ചു എന്ന് പറയുമ്പോൾ എന്താണ് വിശ്വസിച്ചത് എന്ന് ചിന്തിക്കണം. അതിനുള്ള മാസമാണ് റമളാൻ. അല്ലാഹുവാണ് എന്റെ റബ്ബ്, അവനാണ് എന്റെ ഇലാഹ്, എന്നെ തീറ്റിപ്പോറ്റി പരിപാലിക്കുന്നത് അവനാണ്, ഞാൻ രോഗിയാകുന്ന സന്ദർഭത്തിൽ എനിക്ക് ശിഫ നൽകുന്നത് അവനാണ്. എനിക്ക് പ്രയാസങ്ങൾ നേരിട്ടപ്പോൾ അത് നീക്കിത്തന്നതും അവൻ തന്നെയാണ്. എന്നെ ഭക്ഷിപ്പിക്കുന്നതും കുടിപ്പിക്കുന്നതും അത് ദഹിപ്പിച്ച് പോഷണത്തിന്നാവശ്യമായവയെ ശരീരത്തിൽ വിന്യസിപ്പിക്കുന്നവനും സുഖമായ നിലയിൽ മലമൂത്ര വിസർജ്ജനം നടത്തിക്കുന്നതും അവൻ മാത്രമാണ്. ഇങ്ങനെ അല്ലാഹുവിനെ കൊണ്ട് വിശ്വസിച്ചു എന്ന് പറയുന്നതിന് വിപുലമായ അർത്ഥങ്ങളുണ്ട്. ഇങ്ങനെ സ്വന്തം ഉൺമക്കും നിലനിൽപിനും ആധാരമായ ഓരോ സൂക്ഷ്മ കാര്യങ്ങളിലും അല്ലാഹു ചെയ്തു തരുന്ന അനുഗ്രഹങ്ങളെ ഉണർന്നറിഞ്ഞ് അവന്റെ ദിക്റിനെ ശരിപ്പെടുത്തേണ്ട മാസമാണ് റമളാൻ. റമളാനിലെ രാവിലും പകലിലും ഈമാനും ഇഹ്തിസാബും നിലനിർത്തുക എന്നതാണ് നോമ്പിന്റെ മർമ്മം. ഈ കാര്യത്തിലാണ് നോമ്പുകാരൻ ഉണ്ടാകേണ്ടത്. ഈമാൻ എന്നത് നോമ്പുകാരന്റെ ഹാല്(അവസ്ഥ)ആണ്. ഇഹ്തിസാബും തഥൈവ. ഹദീസിന്റെ വാചക ഘടന നോക്കിയാൽ ഇത് മനസ്സിലാവും. നോമ്പുകാരന്റെ ഖൽബിന്റെ അവസ്ഥ എന്താണ് എന്നാണ് ഈ ഹദീസിൽ പറഞ്ഞിട്ടുള്ളത്. സുബ്ഹി തൊട്ട് മഗ്രിബ് വരെ നോമ്പു നോൽക്കുന്ന ഒരാളുടെ ചിന്താമണ്ഡലം എവിടെയായിരിക്കണം എന്നതാണ് ഈമാൻ, ഇഹ്തിസാബ് എന്നിവയിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ റമളാനിൽ നിന്ന് ഈ റമളാനിലെത്തുമ്പോൾ അടിസ്ഥാന വിശ്വാസ കാര്യങ്ങളിൽ തനിക്കുണ്ടായ മാറ്റങ്ങളെന്താണ്, അതിലുണ്ടായ വളർച്ചയെന്താണ് ഇനിയെത്ര ഉയരാനുണ്ട് എന്നൊക്കെ പരിശോധിക്കണം.
ഈമാനിനെ നശിപ്പിക്കുന്ന കാര്യങ്ങളാണ് ശിർക്ക്, കുഫ്റ്, നിഫാഖ്, ബിദ്അത്ത്, ഇർതിദാദ് എന്നിവ. ഈമാൻ കാര്യങ്ങളിൽ ഓരോന്നിന്റെയും തസ്ലീമും തസ്ദീഖും തഹ്ഖീഖും യഖീനും എന്താണെന്ന് നാം പഠിക്കണം. അല്ലാഹുവിനെ കൊണ്ട് വിശ്വസിച്ചു എന്നതിന്റെ തസ്ദീഖ് അല്ലാഹുവിനെമാത്രം പേടിക്കുകയും അവനെമാത്രം ആഗ്രഹിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹു അല്ലാത്തതിനോടുള്ള പേടിയും അതിനോടുള്ള ആഗ്രഹവും ഖൽബിൽ നിന്ന് നീങ്ങണം. അപ്പോഴാണ് അതിൽ തസ്ദീഖ് ഉണ്ടാകുക. അല്ലാഹു പറയുന്നു:
“നിങ്ങൾ മുഅ്മിനീങ്ങളാണെങ്കിൽ എന്നെ മാത്രം ഭയപ്പെടുക.”(ആലും ഇംറാൻ:175)
നബി(സ്വ)യുടെ ഒരു തിരുമൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്. “ഈമാൻ ഭയത്തിനും ആഗ്രഹത്തിനും മധ്യേയാണ്.”
ഞാൻ അല്ലാഹുവിനെകൊണ്ട് വിശ്വസിച്ചു എന്നതിന്റെ അർത്ഥം അല്ലാഹു എന്റെ സ്രഷ്ടാവാണ്(ഖാലിക്) അവൻ എന്റെ ഉടമസ്ഥനാണ്(മാലിക്) അവൻ എന്റെ അന്നദാതാവാണ്(റാസിഖ്) അവൻ എന്റെ വിധികർത്താവാണ്(ഹാകിം) അവൻ എന്റെ റബ്ബാണ്. അല്ലാഹു എന്റെ ഇലാഹാണ്, അല്ലാഹുവാണ് എന്റെ എല്ലാമെല്ലാം എന്നൊക്കെയാണ്. അങ്ങനെയെങ്കിൽ പിന്നെ അവനെ മാത്രമേ പേടിക്കുകയുള്ളൂ. അവനെ മാത്രമേ ആഗ്രഹിക്കുകയുള്ളൂ. ഇങ്ങനെ വരുമ്പോൾ അവനല്ലാത്തതിലുള്ള പേടിയും പോയി ആഗ്രഹവും പോയി.
അല്ലാഹുവല്ലാത്തതിനോട് എങ്ങനെ പെരുമാറണം എന്നതിന്റെ തത്വം അവൻ തന്നെ പഠിപ്പിച്ചു തരണം. അഥവാ അടിമകളോടുള്ള ബാധ്യതകൾ അവൻ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് നാം പൂർത്തികരിക്കണം. എനിക്ക് അല്ലാഹുവിനെ കിട്ടണം എന്ന ഒരേയൊരു ആഗ്രഹമാണ് ഒരു മുഅ്മിനിനുണ്ടാകേണ്ടത്. അവന്റെ തൃപ്തിക്ക് വിരുദ്ധമായതെന്തെങ്കിലും തന്നിൽ നിന്ന് വന്നു പോകുമോ എന്ന ഭയമാണ് സദാ അവനിലുള്ളത്. ഈമാനിന്റെ പദവി വർദ്ധിച്ചാൽ ഉണ്ടാവുന്ന അല്ലാഹുവിനോടുള്ള ഭയത്തിന്റെ ദറജയും ഉയർന്നതായിരിക്കും. അല്ലാഹു എന്നെ ശിക്ഷിക്കുമോ എന്ന ഭയമല്ല ഇത്. ഈ ഭയം നിലനിൽക്കുന്നത് അതിലും മേലേയാണ്. ഇപ്പോഴുള്ള ഭയം അവന് തൃപ്തിയില്ലാത്ത കാഴ്ചയോ കേൾവിയോ സംസാരമോ മറ്റോ എന്നിൽ നിന്ന് വന്നു പോകുമോ എന്നതാണെങ്കിൽ അതിലും മേലെയുള്ള ഘട്ടത്തിൽ ഉണ്ടാകുന്ന ഭയം അല്ലാഹുവിന് തൃപ്തിയില്ലാത്ത വല്ല ഹാലും തന്റെ ഖൽബിൽ വന്നു ചേരുമോ എന്നാണ്. ഭയത്തിനും ആഗ്രഹത്തിനും നാല് ദറജകളുണ്ട്. അല്ലാഹു അല്ലാത്തതിനോടുള്ള ഭയവും ആഗ്രഹവും ഖൽബിൽ നിന്ന് നീങ്ങി അവ അല്ലാഹുവിൽ മാത്രമായി തീരുന്നതിന് ഇൽമ് അനിവാര്യമാണ്. ആദ്യമായി അല്ലാഹു ആരെന്നും അവനല്ലാത്തത് എന്തെന്നും തിരിച്ചറിയണം. ഇത് തിരിച്ചറിഞ്ഞാൽ അല്ലാഹുവിനോട് ആഗ്രഹവും അവനോട് ഭയവുമുണ്ടാകും. അല്ലാഹുവല്ലാത്തതിനോടുള്ള ആഗ്രഹവവും ഭയവും നീങ്ങുകയും ചെയ്യും. അല്ലാഹുവിനെയും അല്ലാഹു അല്ലാത്തതിനെയും(മാസിവല്ലാഹ്) തിരിച്ചറിയുമ്പോഴാണ് ദുനിയാവ് ചീഞ്ഞ ശവമാണ് എന്നതിന്റെ ശരിയായ അർത്ഥം മനസ്സിലാവുന്നത്. ഇത് തിരിച്ചറിഞ്ഞവൻ പിന്നെയെന്തിനാണ് അതിനെ തലയിലും പേറി നടക്കുന്നത്? ഈമാനിന്റെയും ഇഹ്തിസാബിന്റെയും മാസമായ റമളാനിൽ പരമമായി എത്തേണ്ടത് ഈ തിരിച്ചറിവിലേക്കാണ്. മുൻകഴിഞ്ഞു പോയ സകല പാപങ്ങളും പൊറുത്ത് റമളാനിന്റെ ഫലം സിദ്ധിച്ചവരിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തുമാറാകട്ടെ….ആമീൻ…