ഹസ്റത്ത് ശാഹ് വലിയുല്ലാഹി മുഹദ്ദിസ് ദ്ദഹ് ലവി(റ):
മലക്കുകളുടെ സ്വഭാവസവിശേതകൾ മനുഷ്യ പ്രകൃതിയിൽ പ്രകടമാവുന്നതിനെ അതിശക്തമായ മൃഗീയത തടയുമ്പോൾ അതിന്റെ മേൽ ആധിപത്യം നേടുകയെന്നത് അനിവാര്യമാണ്. മനുഷ്യ പ്രകൃതിയുടെ ശക്തിക്കും ഊർജ്ജത്തിനും നിമിത്തമാവുന്നത് അന്നപാനീയങ്ങളും വൈകാരികമായ ആസ്വാദനങ്ങളിലുള്ള താത്പര്യവുമാണ്. ഈ കാരണങ്ങളെ ലഘൂകരിക്കുകയാണ് മൃഗീയതയുടെ മേൽ ആധിപത്യം നേടാനുള്ള ഏകമാർഗം. മലക്കിയായ സ്വഭാവ വിശേഷതകൾ പ്രകടമാക്കാൻ ഉദ്ദേശിക്കുന്നവർ മത, ദേശ ഭേദമന്യേ ഈ നിയന്ത്രണത്തിന്റെയും ലഘൂകരണത്തിന്റെയും കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. ലക്ഷ്യം മൃഗീയതയെ മലക്കിയായ സ്വഭാവത്തിന് കീഴ്പ്പെടുത്തലാണ്. അതിന്നായുള്ള രീതികളും മാർഗങ്ങളും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കലും താഴ്ന്ന വർണങ്ങളെ സ്വീകരിക്കുകയോ അധമമായ മുദ്രകളെ കൊണ്ട് അടയാളപ്പെടുകയോ ചെയ്യാത്തതാണ് മലക്കിയ്യത്ത്. മനുഷ്യന്റെ ആന്തരികത്തിലുള്ള മലക്കിയ്യത്തിനെ നിശ്ചിത ക്രമങ്ങളിലൂടെ വളർത്തി കൊണ്ടു വരികയാണ് വേണ്ടത്.
മനുഷ്യനിൽ ഉള്ളടങ്ങിയ സ്വഭാവഗുണങ്ങൾ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നവയാണ്. അവ മലക്കൂത്തിലേക്ക് സാദൃശ്യമാവുകയും ജബറൂത്തിലേക്ക് എത്തി നോക്കി കൊണ്ടിരിക്കുകയും ചെയ്യും. മൃഗീയതയിൽ നിന്ന് അതിവിദൂരത്തായ രണ്ട് ലോകങ്ങളാണ് മലക്കൂത്തും ജബറൂത്തും. മൃഗീയതയുടെ തേട്ടത്തെയും അതിന്റെ ആസ്വാദ്യതയെയും അതിൽ പരിധി ലംഘിക്കുന്ന ആഗ്രഹാഭിലാഷങ്ങളെയും ഉപേക്ഷിക്കുക. അതാണ് നോമ്പ്.
മനുഷ്യരിൽ ബഹുഭൂരിപക്ഷത്തിനും ഈ അവസ്ഥയിലായി തുടരുകയെന്നത് സാധ്യമല്ല. അവർക്ക് സുപ്രധാനമായ ബന്ധങ്ങളും ഇണകളോടും സമ്പത്തിനോടുമുള്ള സമ്പർക്കങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഓരോ കാലത്തെ ഓരോ സമൂഹത്തിനും പരിമിതികളിൽ നിന്ന് കൊണ്ട് മലക്കിയായ പ്രത്യക്ഷത്തിന്റെ അവസ്ഥയറിയുകയും അതിന്റെ തേട്ടങ്ങൾ കൊണ്ട് അലംകൃതമാകുകയും ചെയ്യേണ്ടതുണ്ട്. അത് മുഖേന മുമ്പ് സംഭവിച്ച വീഴ്ചകളെല്ലാം പൊറുക്കപ്പെടുന്നു. അവന്റെ ഉപമ നീളക്കയർ കൊണ്ട് ഒരു കുറ്റിയിൽ ബന്ധിക്കപ്പെട്ട കുതിരയെപ്പോലെയാണ്. അത് ഇടത്തേക്കും വലത്തേക്കും ചാടുകയും ശേഷം അതിനെ ബന്ധിച്ച കുറ്റിയിലേക്ക് മടങ്ങുകയും ചെയ്യുന്നു.
തനിക്ക് ഉപകാരമില്ലാത്തതിനെ ഒഴിവാക്കി ഫലസിദ്ധി നേടാനും വിജയിയാവാനും നോമ്പിന് കാലാവധി നിർബന്ധമാക്കിയിരിക്കുന്നു. എന്നാൽ ഈ കാലാവധിയും പരിധിയും പാലിക്കാതെ അതിരു കവിയുന്നവൻ നോമ്പിനെ തന്റെ ശരീരത്തെ ദുർബലമാക്കുകയും ഉന്മേഷത്തെ ഇല്ലാതാക്കുകയും നഫ്സിനെ ക്ഷീണിപ്പിക്കുകയും ചെയ്യുന്ന ഒന്നായി മാത്രമേ അനുഭവിക്കുന്നുള്ളൂ. മനുഷ്യന്റെ നഫ്സാനിയായ വിഷബീജങ്ങളെ പ്രതിരോധിക്കുവാനും മനുഷ്യനിലെ മൃഗീയ ചോദനകളെ പ്രഹരിക്കാനും ശേഷിയുള്ള വിഷഹാരിയാണ് നോമ്പ്.
അന്നപാനിയങ്ങളെ ലഘൂകരിക്കാൻ രണ്ട് രീതികളാണുള്ളത്. കുറഞ്ഞ അളവിൽ ഭക്ഷണ വിഭവങ്ങൾ ഉപയോഗിക്കുക എന്നതാണ് ഒന്നാമത്തെ രീതി. പതിവായി കഴിക്കുന്ന ഭക്ഷണ സമയങ്ങളിൽ വിടവ് സൃഷ്ടിക്കുക എന്നതാണ് മറ്റൊരു രീതി. ശറഅ് പരിഗണിക്കുന്നത് രണ്ടാമത്തേതാണ്. കാരണം അത് ലഘുവും അതേ സമയം അന്ന പാനിയങ്ങളുടെ രുചി അനുഭവിപ്പിക്കുന്നതുമാണ്. അത് മനുഷ്യനിലുള്ള മൃഗീയതക്ക് അന്ധാളിപ്പും പരിഭ്രാന്തിയും ഉളവാക്കുകയും അതിന് അനുഭവപരമായ ബോധ്യം നൽകുകയും ചെയ്യും. എന്നാൽ ഒന്നാമത് പറഞ്ഞ രീതി ഒരാളെ ദുർബലമാക്കുകയും മുന്നോട്ടു കൊണ്ടു പോകാതെ നിശ്ചലമാക്കുകയും ചെയ്യും. അതിലുപരി ശറഇന്റെ പരിധിയിൽ വരുന്നതുമല്ല അത്. മനുഷ്യർ വളരെ വിഭിന്നമായ അവസ്ഥകളിലാണുള്ളത്. ഒരാൾ ഒരു റാത്തൽ(900 ഗ്രാം)ഭക്ഷണം കഴിക്കുമ്പോൾ മറ്റൊരാൾ രണ്ട് റാത്തലാണ് കഴിക്കുന്നത്. ഒന്നാമന് അവൻ കഴിച്ച ഭക്ഷണത്തിലൂടെ തന്നെ പൂർണത ലഭിക്കുമ്പോൾ രണ്ടാമനെ അത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഭക്ഷ്യ രീതിയിൽ ഇടവിട്ട വിടവ് സ്വീകരിക്കുന്നത് അറബികളും അനറബികളും ശരിയായ പ്രകൃതിയുള്ളവരെല്ലാവരും യോജിക്കുന്ന കാര്യമാണ്.
അവരുടെ ഭക്ഷണം ഉച്ചക്കോ രാത്രിയോ അതല്ല, രാപകലുകളിൽ ഒരു നേരമോ ആയിരിക്കും. രാത്രി വരെ നീളുന്ന ഉപേക്ഷയിലൂടെ വിശപ്പിന്റെ രുചി അനുഭവവേദ്യമാകുകയും ചെയ്യും. എന്നാൽ ഭക്ഷണം കഴിക്കുന്നതിനുള്ള വിടവ് അപകടകരമായ വിധം ആയിത്തീരരുത്. മൂന്നു രാപകലുകൾ പോലെ. ഇത്രയും വിടവ് ശറഇന്ന് എതിരാണ്. അത് കൽപിക്കപ്പെട്ടാൽ ഭൂരിപക്ഷത്തിനും പ്രവർത്തിക്കാൻ സാധ്യവുമല്ല. അതുകൊണ്ട് തന്നെ പരിശീലനവും അനുസരണവും കരഗതമാകാൻ ഇടവിട്ടുള്ള നോമ്പാണ് ഉചിതം. അല്ലെങ്കിൽ തന്നെ വിശപ്പ് അത് കഠിനവും തീവ്രവുമാകുമ്പോൾ എന്തു പ്രയോജനമാണ് സിദ്ധിക്കുക.? അതു കൊണ്ട് (മൃഗീയതയെ) കീഴ്പ്പെടുത്തുക എന്നത് (ശരീരത്തിന് തന്നെ) അപകടകരമാവാതിരിക്കാനും അതിന്റെ ക്ലിപ്തതയുള്ള കാലയളവ് പാലിക്കാനും ശ്രദ്ധിക്കണം. അത് ബുദ്ധി കൂടിയവർക്കും കുറഞ്ഞവർക്കും നഗരവാസിക്കും ഗ്രാമ വാസിക്കും ഒരു പോലെ പ്രയോജനം സിദ്ധിക്കുന്ന വിധവുമാകണം.
ഒരു ദിനത്തിന്റെ പകലിന്റെ പൂർണതയിൽ ഒരുമാസക്കാലം വരെ അന്നപാനീയങ്ങളിൽ നിന്നും ഭാര്യഭർതൃ ബന്ധങ്ങളിൽ നിന്നും തടയുന്ന നോമ്പിനെ(ചില വ്യവസ്ഥകളാൽ)ക്ലിപ്തമാക്കിയതുമായി ബന്ധപ്പെട്ട് ചില നിരീക്ഷണങ്ങൾ സമർപ്പിക്കുകയാണ്. ഒരു പകലിന്റെ കാലയളവിൽ കുറഞ്ഞ നോമ്പും രാത്രിയിലെ നോമ്പും ഒരു അനുഭവവും ലഭിക്കാത്ത(ശറഅ് നിശ്ചയിച്ച)പരിധിക്കപ്പുറമുള്ളതാണ്. അപ്രകാരം കാലയളവിൽ അത് ഒരാഴ്ചയോ രണ്ടാഴ്ചയോ ആയിരുന്നെങ്കിൽ അതു കൊണ്ടും ഒരു ഫലവും സിദ്ധിക്കാനില്ല. ഇനി രണ്ടുമാസത്തെ കാലയളവാണ് നിർണ്ണയിക്കപ്പെടുന്നതെങ്കിൽ കണ്ണുകളിൽ അത് ഇരുട്ടുനിറക്കുകയും നഫ്സിന്നത് കഠിന ഭാരമായിത്തീരുകയും ചെയ്യും. ഇക്കാര്യം ഞാൻ പലപ്രാവശ്യം ശ്രദ്ധിച്ചിട്ടുണ്ട്. ദിനത്തെ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ക്ലിപ്തപ്പെടുത്തിയത് അറബികളുടെ കാലഗണന അനുസരിച്ചാണ്. ആശൂറാഅ് ദിനത്തിലെ നോമ്പ് മുമ്പ് തന്നെ അവർക്ക് സുപരിചിതമായിരുന്നുവല്ലോ? ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്കനുസരിച്ചാണ് അറബികളുടെ മാസഗണന. അവരുടെ നോമ്പുകൾ ഒരിക്കലും സൗരവർഷക്കണക്ക് അനുസരിച്ച് ആയിരുന്നിട്ടില്ല.
മുസ്ലിംകളിൽ ബഹുഭൂരിപക്ഷവും ഒരു കാര്യത്തിൽ ഒരുമിക്കുക എന്നത് അവരിൽ ചിലർ ചിലർക്ക് ആലംബമാകാനും എളുപ്പമുണ്ടാക്കുവാനും പരസ്പരം പ്രചോദിതരാവാനുമാണ്. അവരിലെ ഒരുമ നിമിത്തം അവരിലുള്ള സവിശേഷക്കാർക്കും പൊതുജനങ്ങൾക്കും താഴ്ന്നവർക്കും(ഒരു പോലെ) മലക്കിയായ അനുഗ്രഹവർഷത്തിന്(നോമ്പു മൂലം)പാത്രീ ഭൂതരാകാം. അവരെ പൊതിഞ്ഞ പ്രകാശ ധാരകൾ മറ്റുള്ളവരിലേക്ക് പരന്നൊഴുകുകയും അവരുടെ പ്രാർത്ഥനകൾ അവർക്ക് പിന്നിലുള്ളവരെ വലയം ചെയ്യുകയും ചെയ്യും.(അനുഗ്രഹീതമായ) ആ മാസം നിർണ്ണയിക്കുന്നതിൽ ഖുർആൻ അവതരിച്ച മാസത്തിന്നല്ലാതെ മറ്റേത് മാസത്തിന്നാണ് അർഹതയുള്ളത്.? മുസ്തഫവീ മില്ലത്തിന്റെ സർവ്വ പ്രതാപവും അതിൽ നിന്നാണല്ലോ?
നോമ്പിന്റെ ശ്രേഷ്ഠത
റസൂലുല്ലാഹി(സ) പറഞ്ഞു: “റമളാൻ സമാഗതമായാൽ സ്വർഗീയ കവാടങ്ങൾ തുറക്കപ്പെടുകയും(മറ്റൊരു നിവേദനത്തിൽ റഹ്മത്തിന്റെ കവാടങ്ങൾ എന്നാണ്)നരക വാതിലുകൾ അടക്കപ്പെടുകയും പിശാചുക്കൾ ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും.” ഈ ശ്രേഷ്ഠത മുസ്ലിം സമൂഹത്തിന് മാത്രമുള്ളതാണ്. അവിശ്വാസികൾ റമളാനിൽ അല്ലാഹുവിന്റെ അടയാളങ്ങൾ നശിപ്പിക്കുന്നതിൽ മത്സരിക്കുന്നത് കാരണം ഗുരുതരമായ വഴികേടിലും കഠിനമായ അന്ധതയിലുമായിരിക്കും. എന്നാൽ മുസ്ലിംകൾ നോമ്പുകാരാവുകയും നിസ്കാരം നിലനിർത്തുകയും ചെയ്താൽ അവർ ആപാദചൂഢം പ്രകാശജ്വാലയിൽ മുങ്ങിക്കുളിക്കും. അവരുടെ പ്രാർത്ഥനകൾ അവർക്ക് പിന്നിലുള്ളവരെ വലയം ചെയ്യുകയും അവരിൽ പ്രസരിക്കുന്ന വെളിച്ചം അവർക്ക് താഴെയുള്ളവരിൽ പ്രതിബിംബിക്കുകയും ചെയ്യും. അവർക്കുള്ള അനുഗ്രഹങ്ങൾ മുഴുവൻ വിഭാഗങ്ങളെയും ഉൾക്കൊള്ളും. ഓരോരുത്തരും അവരവരുടെ പക്വതയനുസരിച്ച് വിരോധിക്കപ്പെട്ടവയിൽ നിന്ന് അല്ലാഹുവിലേക്ക് അടുക്കുകയും നാശങ്ങളിൽ നിന്ന് അകലുകയും ചെയ്യും.
സ്വർഗത്തിന്റെ വാതിലുകൾ അവർക്കായി തുറക്കപ്പെടുമെന്നതും നരകത്തിന്റെ വാതിലുകൾ അടക്കപ്പെടുകയും ചെയ്യുമെന്നതും എത്ര ശരിയാണ്. അവ രണ്ടിന്റെയും അടിസ്ഥാനം കാരുണ്യവും ശാപവുമാണല്ലോ? ഹജ്ജിലെയും മഴക്കുവേണ്ടിയുള്ള നിസ്കാരത്തിലെയും പോലെ അല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്ന് തങ്ങൾക്ക് വേണ്ടിയുള്ളത് കരഗതമാക്കാൻ ഭൂമിയിലുള്ളവർ ഒത്തൊരുമിക്കുന്നതാണ് കാരുണ്യം ലഭിക്കാൻ കാരണമാകുന്നത്. പിശാച് അവരെ ബാധിക്കാതെ ബന്ധിക്കപ്പെടുമെന്നതും മലക്കുകൾ അവരിൽ വിന്യസിക്കപ്പെടുമെന്ന് പറയുന്നതും യാഥാർത്ഥ്യമാണ്. തന്റെ നഫ്സിനെ അവന്റെ വേഴ്ചക്ക് ഒരുക്കി നൽകിയവനെ മാത്രമേ പിശാച് പിടികൂടുകയുള്ളൂ. നഫ്സ് പിശാചിന് ഒരുക്കി കൊടുക്കുന്നത് മൃഗീയമായ സ്വഭാവങ്ങളാണ്. അത് പെട്ടെന്ന് ആധിപത്യം നേടുന്നതുമാണ്. എന്നാൽ മലക്കുകളാകട്ടെ അവരെ സ്വീകരിക്കാൻ ഒരുങ്ങിയവനിലേക്ക് മാത്രമേ വന്നെത്തുകയുള്ളൂ. മലക്കിയായ പ്രത്യക്ഷത്തിന് ഒരുങ്ങിയവനിൽ അത് പ്രത്യക്ഷമാകുന്നു.
സൂറ: അദുഖാനിൽ സൂചിപ്പിക്കപ്പെട്ട രാവ് റമളാനിലാണെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. ആലമുൽ മിസാലിലെയും ആലമുൽ മലക്കൂത്തിലെയും അൻവാറുകൾ ആ വിശേഷാവസരത്തിൽ പരന്നൊഴുകും. അവക്ക് വിഘ്നമാകുന്നത് അപ്പോൾ സങ്കോചിച്ച് പോവുകയും ചെയ്യും. നബി(സ) പറഞ്ഞു: “ഈമാനോടെയും ഇഹ്തിസാബോടെയും വിധിനിർണയ രാവിൽ(ലൈലത്തുൽ ഖദ്ർ)ഒരാൾ നിസ്കരിച്ചാൽ അവന് മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.” ഞാൻ പറയുന്നു: “ആലമുൽ മിസാലിന്റെ ആധിപത്യവും ആത്മീയമായ അൻവാറുകളുടെ സംക്രമണവും ഉണ്ടാകുന്ന സമയത്ത് ഒരാളിൽ നിന്ന് ഒരു അനുസരണമുണ്ടായാൽ അത് നഫ്സിന്റെ ഉൾപ്രേരണകളിൽ സ്വാധീനം ചെലുത്തുന്നു. എന്നാൽ മറ്റ് അവസരങ്ങളിൽ അത് അസംഖ്യമായിരുന്നെങ്കിലും സ്വാധീനം ചെലുത്തുകയില്ല. നബി(സ) തങ്ങൾ പറഞ്ഞു: “മനുഷ്യന്റെ പ്രവർത്തനങ്ങളെ ഇരട്ടിപ്പിക്കപ്പെടും. ഒരു നന്മ അതു പോലെയുള്ള പത്തു മുതൽ എഴുന്നൂറു വരെയും.(ഇരട്ടിപ്പിക്കപ്പെടും.)” അല്ലാഹു പറയുന്നു: “നോമ്പുകാരനൊഴികെ, നിശ്ചയം അത് എനിക്കു വേണ്ടിയുള്ളതാണ്. ഞാൻ തന്നെയാണ് അതിന്റെ പ്രതിഫലം. അവൻ എനിക്കു വേണ്ടിയാണ് അവന്റെ അന്നപാനീയങ്ങളെയും വികാരങ്ങളെയും ഉപേക്ഷിച്ചത്.” ഞാൻ പറയുന്നു. നന്മ ഇരട്ടിപ്പിക്കുമെന്നതിന്റെ രഹസ്യം മനുഷ്യൻ മരിച്ചാൽ അവനിൽ നിന്ന് അവന്റെ മൃഗീയ വാസനകൾ മുറിഞ്ഞു പോവുകയും അതിനോടൊപ്പമുള്ള ആസ്വാദനങ്ങൾ ഓടിയകലുകയും ചെയ്യും. മലകിയ്യത്ത് അവനിൽ പ്രകടമാകുകയും അതിന്റെ പ്രകാശ പൂർണതയാൽ അവന്റെ പ്രകൃതം തിളങ്ങുകയും ചെയ്യും. ഇതു തന്നെയാണ് പ്രതിഫലം നൽകുമെന്നതിന്റെ രഹസ്യവും. ഒരാൾ ചെയ്യുന്ന കർമ്മം നന്മയാവുകയും മലകിയ്യായ പ്രത്യക്ഷം കാരണം അത് പരസ്പരം യോജിക്കുകയും ചെയ്താൽ അതിൽ കുറഞ്ഞത് തന്നെ ധാരാളമാവും. നോമ്പിനെ ഒഴിച്ചു നിർത്തി പറഞ്ഞതിൽ ചില രഹസ്യങ്ങളുണ്ട്. മനുഷ്യന്റെ കർമ്മങ്ങൾ രേഖപ്പെടുത്തപ്പെട്ട രേഖ ആലമുൽ മിസാലിലെ ഒരിടത്ത് ഓരോ കർമ്മത്തിന്റെയും സദൃശ രേഖയായി പതിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ മറകളെ ഒഴിവാക്കി കൊണ്ട് ക്രമീകൃതമായ അവസ്ഥയിലുള്ള അവന്റെ പ്രതിഫലത്തിന്റെ ചിത്രം അത് ചെയ്ത ആളുടെ വജ്ഹിലൂടെ(ആലമുൽ മിസാലിൽ) വെളിവായി കൊണ്ടിരിക്കും. ഞാനത് പലപ്രാവശ്യം ദർശിച്ചിട്ടുണ്ട്. നഫ്സിന്റെ പ്രലോഭനങ്ങളോട് മുജാഹദ ചെയ്യുന്നതിനു മുമ്പുള്ള കർമ്മങ്ങളുടെ രേഖ കണ്ടപ്പോൾ അവയുടെ പ്രതിഫലം തടഞ്ഞു വെച്ച അവസ്ഥയിലാണ് എനിക്ക് കാണാൻ കഴിഞ്ഞത്. അവിടെ കർമ്മങ്ങൾ വെളിപ്പെടുന്നതിൽ അത് പുറത്തു വരുന്ന നഫ്സുകളുടെ അവസ്ഥകൾക്ക് പങ്കുണ്ട്. ആ നഫ്സുകൾ ആ കർമ്മത്തിന്റെ ആസ്വാദ്യത അനുഭവിച്ചിട്ടില്ലെന്ന് മാത്രമല്ല അതിന്റെ അനുഭവപരതയെ മനസ്സിലാക്കിയിട്ടുമില്ല.
ഒരു കർമ്മം എങ്ങനെയാണോ അത് അങ്ങനെ തന്നെ രേഖപ്പെടുത്തുവാനും അതിന്റെ പ്രതിഫലം നൽകുന്നത് തന്നിലേക്ക് ഏൽപിക്കുവാനും അല്ലാഹു അവർക്ക്(മലക്കുകൾക്ക്) വഹ് യ് നൽകുന്നതാണ്. “എനിക്ക് വേണ്ടിയാണ് അവൻ ഭക്ഷണവും വികാരവും ഉപേക്ഷിച്ചത്”