ഹസീം മുഹമ്മദ്:
Reason Unbound: On Spiritual Practice in Islamic Peripatetic Philosophy എന്ന മുഹമ്മദ് അസദ് പൂരിന്റെ ഗ്രന്ഥത്തെ മുൻനിറുത്തി ഗ്രീക്ക് ചിന്തയുടെ കേവല കൈമാറ്റ പ്രക്രിയക്കപ്പുറം ഇസ് ലാമിക തത്ത്വചിന്തയുടെ നൈതികവും ആത്മീയവുമായ മാനങ്ങളെ പുനർവായിക്കുന്ന ലേഖനം.
ഇസ്ലാമിക തത്ത്വചിന്തയോടുള്ള താല്പര്യം കേവലം ചരിത്രശേഷിപ്പുകളോടുള്ള ആകർഷണം മാത്രമാണോ? മറ്റൊരുവിധത്തിൽ ചോദിച്ചാൽ എന്താണ് ഇസ്ലാമിക തത്ത്വചിന്തയുടെ കാലികപ്രസക്തി? ആധുനിക ചിന്തയോട് അത് ഇടപെടുന്നത് എപ്രകാരമാണ്? ഗ്രീക്ക് ചിന്തയുടെ ‘യൂറോപ്യൻ’ കൈമാറ്റത്തിൽ ഇടനിലക്കാരായി വർത്തിച്ചു എന്നതിനപ്പുറം അതിന് യാതൊരു പ്രാധാന്യവും മൗലികതയും കൽപ്പിക്കാത്ത പഴയ അക്കാദമിക വ്യവഹാരങ്ങളുടെ കാലം കടന്നു പോയി കഴിഞ്ഞിരിക്കുന്നു. അപ്പോഴും, മേലെ ഉദ്ധരിച്ച ചോദ്യങ്ങൾ, കൂടുതൽ വ്യക്തതയാർന്ന ഒരു ഉത്തരം ഇനിയും ആർജ്ജിച്ചു കഴിഞ്ഞിട്ടില്ല. അതിന്റെ സാധ്യതകളെ വ്യത്യസ്തമായ ഒരു പരിപ്രേക്ഷ്യത്തിൽ ആരായുകയാണ് ‘റീസൺ അൺബൗണ്ട്’ (Reason Unbound: On Spiritual Practice in Islamic Peripatetic Philosophy) എന്ന മുഹമ്മദ് അസാദ്പൂരിന്റെ പുസ്തകം. വർത്തമാന തത്വചിന്താ വ്യവഹാരങ്ങളുടെ ഭൂമികയെ കൂടുതൽ സമ്പുഷ്ടമാക്കാൻ ഉതകുന്ന സജീവമായ ഒരു വൈജ്ഞാനിക പാരമ്പര്യമായി സ്ഥാപിക്കപ്പെടാൻ കഴിയുന്ന ഫൽസഫയുടെ ശേഷിയെ അത് മുന്നോട്ട് വയ്ക്കുന്നു.
മുസ്ലിം ഫൽസഫ പാരമ്പര്യത്തെ ശരിയായി ഉൾകൊള്ളാൻ തത്ത്വചിന്ത എന്ന വിജ്ഞാനശാഖയുടെ തന്നെ ലക്ഷ്യങ്ങളെ സംബന്ധിക്കുന്ന പല പൊതു ധാരണകളെയും നിരൂപണം ചെയ്യേണ്ടതുണ്ട്. തത്ത്വചിന്ത, യുക്തിഭദ്രമായ ചിന്താപദ്ധതികൾ കെട്ടിപ്പടുക്കാൻ ഉപയുക്തമാകുന്ന കേവലമായ ഒരു ഉപാധി എന്ന നിലയിലാണോ മനസ്സിലാക്കേണ്ടത്? ഗ്രീക്ക് തത്വചിന്ത ഉൾപ്പെടെയുള്ള പ്രാചീന തത്ത്വചിന്തകളെ കുറിച്ച്; അവയെ യുക്തിചിന്താ പദ്ധതി എന്ന മട്ടിൽ ക്രമീകരിക്കാൻ ശ്രമിക്കുന്ന ആധുനിക ചിന്തയുടെ ദൗർബല്യങ്ങളെ വിമർശിച്ചുകൊണ്ട് പിയറി ഹാദോത് (Pierre Hadot – Philosophy as a way of life) നടത്തുന്ന ചില നിരീക്ഷണങ്ങളെ പുസ്തകം ഈ വിഷയകമായി ആനയിക്കുന്നു. അതിനെ ഒരു അടിസ്ഥാനമായി സ്വീകരിക്കുന്നു. പ്രാചീനരെ സംബന്ധിച്ചിടത്തോളം തത്വചിന്ത എന്നത് പ്രാഥമികമായും ഒരു ജീവിതരീതി ആയിരുന്നു. യാഥാർത്ഥ്യത്തെ സംബന്ധിക്കുന്ന യുക്തിഭദ്രമായ സിദ്ധാന്ത വിശദീകരണങ്ങൾ രൂപപ്പെടുത്തുക എന്നതിനപ്പുറം വിവേകത്തോടു കൂടിയ വ്യക്തിയെ സൃഷ്ടിക്കാൻ ഉപയുക്തമാകുന്ന ആത്മീയ പരിശീലനത്തിന്റെ വേദിയായിരുന്നു അവർക്ക് തത്ത്വചിന്ത. ‘സോഫിയ’ അഥവാ വിവേകത്തിലേക്ക് ഉള്ള വഴിയാണ് ഫിലോസഫി. അങ്ങനെ അത് വ്യക്തിയുടെ പ്രായോഗികമായ പരിവർത്തനത്തിൽ ഊന്നുന്നു. ആധുനിക തത്വചിന്തയിൽ അപ്രത്യക്ഷമായി കഴിഞ്ഞ സുപ്രധാനമായ ഒരു ഘടകമാണിത്. നേരെ മറിച്ചു ഈ ഗ്രീക്ക് ബൗദ്ധിക പരിസരത്തെ ശരിയായി അനന്തരമെടുത്ത്, അത് വഴി ഇസ്ലാമിക ആശയങ്ങളുടെ സത്യസന്ധവും സർഗാത്മകവുമായ വികാസത്തിന് ശ്രമിക്കുന്ന ഒന്നായിരുന്നു ഇസ്ലാമിക ഫൽസഫ. ഈ പരിപേക്ഷ്യത്തിലുള്ള ബദൽ വായനയിലാണ്, വർത്തമാന തത്ത്വചിന്തക്ക് അതിനു നൽകാൻ കഴിയുന്ന സംഭാവനകളെ നാം തിരിച്ചറിയുന്നത്.
സാമ്പ്രദായിക മട്ടിലുള്ള അക്കാദമികമായ ഇസ്ലാമിക തത്ത്വചിന്താ പഠനങ്ങളുടെ അപര്യാപ്തത കൂടി വെളിപ്പെടുത്തുന്നുണ്ട് ഈ ബദൽ വായന. യൂറോപ്യൻ യുക്തിചിന്തയുടേയും (rationalism) പൗരസ്ത്യ വാദത്തിന്റെയും (orientalism) കണ്ണടകൾ മങ്ങിയ കാഴ്ചകളായി പകർത്തിയ ചരിത്രം എന്നതിനപ്പുറം ഫൽസഫയുടെ അന്ത:സത്തയെ കുറിച്ച ബോധ്യങ്ങളുടെ അഭാവമാണ് അവയെ അടയാളപ്പെടുത്തുന്നത്. അതിനു മുഖ്യകാരണം തത്ത്വചിന്തയെ കുറിച്ച് തന്നെയുള്ള, കേവലം യുക്തിപരമായ സൈദ്ധാന്തിക ഉദ്യമം (reasonal enterprise) എന്ന, അവയുടെ തികച്ചും ആധുനികമായ മുൻധാരണയാണ്. യുക്തിയും വെളിപാടും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ മറയ്ക്കാൻ ശ്രമിക്കുന്ന ഏച്ചു കെട്ടലായി പല ഫൽസഫ സിദ്ധാന്തങ്ങളേയും ലളിത വായനയ്ക്ക് തന്മൂലം അവർ വിധേയമാക്കി. തത്ത്വചിന്തയെ ആത്മീയ ശ്രേഷ്ഠത ആർജ്ജിക്കുന്ന പരിശീലനത്തിന് പാതയായി പ്രാചീന ചിന്തയെ പിന്തുടർന്നും, പ്രവാചകത്വത്തെ സവിശേഷമായി മനസ്സിലാക്കിയും, വികാസം പ്രാപിച്ച മുസ്ലിം തത്വചിന്തയുടെ കാതലായ ഭാഗങ്ങൾ തിരിച്ചറിയപ്പെട്ടില്ല. ആത്മീയതയിൽ അധിഷ്ഠിതമായ ഇത്തരമൊരു ദർശനിക വളർച്ച ഇസ്ലാമിലെ സൂഫി സരണികളിൽ മാത്രമല്ല അൽ ഫാറാബിയും ഇബ്നു സീനയും പരിപോഷിപ്പിച്ച ഫൽസഫ പാരമ്പര്യത്തിന്റെ ആരംഭത്തിൽ തന്നെ രൂപംകൊള്ളുന്നുണ്ട്.
സദ് വൃത്തിയുടെയും നൈതികതയുടെയും പരിശീലനത്തിലൂടെയുള്ള ആത്മാവിന്റെ വളർച്ച ഫൽസഫയുടെ സുപ്രധാനമായ അടിസ്ഥാനമാണ്. യഥാർത്ഥ തത്വചിന്തകനെ കള്ള നാണയങ്ങളിൽ നിന്നും വേർതിരിക്കുന്നതിന്റെ ആധാരം, സൈദ്ധാന്തിക അന്വേഷണങ്ങൾക്ക് മുന്നേ അയാൾ ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്ന സദ്ഗുണങ്ങളിലാണ് കാണേണ്ടതെന്ന് അൽ-ഫാറാബി നിരീക്ഷിക്കുന്നുണ്ട്. എന്നുമാത്രമല്ല, മതം (ഇസ്ലാം) സത്കർമ്മമായി ഉപദേശിക്കുന്ന പ്രവർത്തികളിൽ മുഴുകുക എന്നത് തത്ത്വപരമായ അന്വേഷണങ്ങളെ ത്വരിതപ്പെടുത്തുന്ന ഒന്നാണ് എന്നുകൂടി അദ്ദേഹം പറയുന്നുണ്ട് (Tahsil al-sa’ada.96: trans 48). ഇബ്നു സീനയെ സംബന്ധിച്ചിടത്തോളം, നൈതികമായ പരിശീലനം ഒന്ന് മാത്രമാണ് ആത്മാവിനെ ആഗ്രഹങ്ങളിൽ നിന്നും മോഹങ്ങളിൽ നിന്നും മോചിപ്പിച്ച്, ബൗദ്ധികമായ പൂർത്തീകരണത്തിന് വാതിൽ തുറന്നു കൊടുക്കുന്നത്. ഈയൊരു പരിശീലനവും ആത്മീയമായ വളർച്ചയും തത്വചിന്തയുടെ മുന്നൊരുക്കം മാത്രമല്ല അതിന്റെ അനിവാര്യമായ ആകെത്തുക തന്നെയാണ് എന്ന് തിരിച്ചറിയണം. ബുദ്ധിയെ (intellect) സംബന്ധിക്കുന്ന ഫൽസഫയുടെ സിദ്ധാന്തീകരണങ്ങളെ പരിശോധിക്കുക വഴി മാത്രമേ ഇസ്ലാമിന്റെ മോക്ഷപദ്ധതിയോടുള്ള അതിന്റെ ഉദ്ഗ്രഥനാത്മകമായ യോജിപ്പ് കാണാൻ കഴിയുകയുള്ളൂ. വിവരിക്കപ്പെട്ട ആത്മീയ പരിശീലനങ്ങളുടെ സാധുതയും അവിടെയാണ് തെളിയുന്നത്.
ബുദ്ധിയെ യുക്തിപരമായ ഉദ്യമം ആയി ചുരുക്കി കെട്ടുന്ന ഇടുങ്ങിയ കാഴ്ചപ്പാടല്ല ഫൽസഫ മുന്നോട്ടുവയ്ക്കുന്നത്. അവ്വിധം അതിനെ വായിക്കുക വഴിയാണ് ആധുനിക പഠനങ്ങൾക്ക് വേണ്ടവിധം ഫൽസഫയുടെ സാധ്യത കാണാൻ കഴിയാതെ പോയത് എന്ന് നിസ്സംശയം വാദിക്കാം. പരമോന്നതമായ തലത്തിൽ പ്രവാചകത്വത്തെ തന്നെ തൊടുന്ന; യുക്തിയും ഭാവനയും ആത്മീയതയും ഉള്ളറിവും സംയോജിക്കുന്ന വിശാലമായ ഒന്നാണ് ഫൽസഫക്ക് ബുദ്ധി (intellect). അതുകൊണ്ടുതന്നെയാണ് ബുദ്ധിയുടെ പ്രയോഗത്തിന് ആത്മീയമായ പരിശീലനം ആവശ്യമായി വരുന്നത്. ഗ്രീക്ക് ചിന്തയിൽ നിന്നും സ്വീകരിച്ച സജീവ ബുദ്ധി (active intellect) എന്ന ആശയത്തെ സവിശേഷമായ രീതികളിലാണ് മുസ്ലിം തത്ത്വചിന്ത വികസിപ്പിച്ചിട്ടുള്ളത്. അത് മനുഷ്യ ബാഹ്യമായ ആശയങ്ങളുടെ ഒരു കലവറയും, മലക്കുകളുടെ തലത്തിലുള്ള ഭൗതികാതീതമായ കലർപ്പില്ലാത്ത ഗ്രാഹ്യരൂപങ്ങളുടെ (intelligibles) ആത്മീയ വസ്തുവായും വിശദീകരിക്കപ്പെട്ടു. ഇന്ദ്രിയങ്ങളിലൂടെ വേർതിരിക്കപ്പെടുന്ന ഭൗതിക രൂപങ്ങളെ, ഉൾക്കൊള്ളുന്നവന്റെ കർതൃപരമായ ജന്തുചോദനയുടെ താൽപര്യങ്ങളെ വഹിക്കുന്ന വിവക്ഷകളിൽ നിന്നും സ്വതന്ത്രമാക്കി, ശരിയായ അറിവിന്റെയും കാഴ്ചയുടെയും തലത്തിലേക്ക് ഉയർത്തുന്ന പ്രക്രിയയാണ് ബുദ്ധിയുടെ ഉപയോഗം. അവിടെ യുക്തിയുടെ ഉപയോഗം മാത്രമല്ല വ്യക്തിയുടെ തന്നെ പരിവർത്തനവും സുപ്രധാനമാണ്. ആ പരിവർത്തനത്തിലൂടെ മാത്രമാണ് സവിശേഷ ബുദ്ധിയുടെ തലത്തിലേക്ക് ക്രമേണയായ ഉയർച്ച അയാൾക്ക് സാധ്യമാവൂ. അതിന്റെ അഭാവത്തിൽ ശരിയായ അറിവ് ലഭ്യമാവുന്നില്ല.
പൂർണ്ണതയിൽ സവിശേഷ ബുദ്ധിയോട് (Active intellect) സംയോജിപ്പിക്കുകയും, അതിലൂടെ സർവ്വ ഗ്രാഹ്യരൂപങ്ങളെയും വാസ്തവികമായി സ്വായത്തമാക്കുകയും ചെയ്തു കഴിഞ്ഞ സ്ഥിതി സവിശേഷതയാണ് പ്രവാചകത്വത്തിന്റെ ബൗദ്ധികമായ വിവക്ഷ (al-aql-al-quds). മാത്രമല്ല, ആ ജ്ഞാനോദയത്തെ സർവ്വ ജനത്തിനുമായി സാധാരണ ഭാഷയിലും ബിംബകല്പനയിലും പഠിപ്പിക്കാനും പ്രവാചകനു കഴിയുന്നു. പ്രവാചകന്റെ അധ്യാപനങ്ങൾ പിന്തുടരുക വഴി പരിവർത്തനവും അറിവും ആത്യന്തികമായ സന്തോഷവും കരസ്ഥമാക്കാൻ സകലർക്കും വഴിതെളിയുകയും ചെയ്യുന്നു. ഈ അർഥത്തിലാണ് തത്വചിന്തയെ സാധുവായ ഇസ്ലാമിക മാർഗ്ഗമെന്ന് ഇബ്നു റുശ്ദ് വിവരിക്കുന്നത്. ഫൽസഫക്കെതിരായ ഇമാം ഗസ്സാലി(റ)യുടെ വാദങ്ങൾക്കുള്ള ഖണ്ഡനത്തിലും ഈ ആശയങ്ങളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. തത്വചിന്ത അതിന്റെ സുവ്യക്ത വിശദീകരണ മൂല്യത്തിലൂടെ (burhan) പ്രവാചകൻ വഹ് യിലൂടെ പഠിപ്പിച്ച കാര്യങ്ങളുടെ ഉൾകാഴ്ചകളെ ശരിയായ രൂപത്തിൽ മറനീക്കി കാണാനാണ് ശ്രമിക്കുന്നത്. ഈ പ്രക്രിയ യുക്തിപരമായ ഉദ്യമം മാത്രമായിട്ടാണ് ഫൽസഫ മനസ്സിലാക്കുന്നത് എന്ന തെറ്റിദ്ധാരണയിലേക്ക് വഴുതി വീഴാനുള്ള സാധ്യത, ഇന്ന് തത്വചിന്തയെ ചൂഴ്ന്ന് നിൽക്കുന്ന ആധുനികമായ അർത്ഥ പരിസരത്തിൽ ഏറെയാണ്. അവിടെയാണ് ഫൽസഫയുടെ പാരമ്പര്യത്തിൽ ബുദ്ധിപ്രക്രിയയുടെ വിവിധ ഘടകങ്ങളെക്കുറിച്ച് നിലനിൽക്കുന്ന മുമ്പ് പ്രസ്താവിച്ച അടിസ്ഥാനങ്ങൾ നമുക്ക് ശരിയായ ഉൾക്കാഴ്ച നൽകുന്നത്. ആത്മീയമായ പരിശീലനവും, നൈതികമായ വളർച്ചയും, യുക്തിയുടെ പ്രയോഗത്തിനൊപ്പം യാഥാർത്ഥ്യത്തെ മറനീക്കി കാണുന്ന പ്രക്രിയയിൽ ഏറെ പ്രധാനമായ സ്ഥാനം അലങ്കരിക്കുന്നു. സൂഫി തത്വചിന്തകനായ സുഹ്റവർദി(റ) യിലും മറ്റും ഈ ചിന്തകൾ കൂടുതൽ വിശദമായ പ്രതിപാദ്യത്തോടെ പിന്നീട് കടന്നുവരികയും, മുസ്ലിം ചിന്തയെ ഏറെ സ്വാധീനിക്കുകയും ചെയ്തു. തത്വചിന്ത, ഈ അർത്ഥത്തിൽ, ഇബ്നു റുഷ്ദിൽ അവസാനിക്കുന്ന ഒന്നല്ല എന്നാണ് സൂചിപ്പിക്കുന്നത്.
വസ്തുക്കളെ അവയുടെ ശരിയായ യാഥാർത്ഥ്യത്തിൽ കാണുക (things in themselves) എന്ന സമാനമായ സിദ്ധാന്തീകരണത്തിൽ ഊന്നുന്ന ഒരു ആധുനിക തത്വചിന്ത രൂപമാണ് പ്രതിഭാസികവാദം (phenomenology). അതിന്റെ പിൽക്കാല പ്രയോക്താവായിരുന്ന ഹൈഡഗ്ഗറുടെ തത്വചിന്തക്കെതിരിൽ ഫൽസഫയുടെ ഈ ഒരു വായനയെ മുൻനിർത്തി, താരതമ്യത്തിനു മുതിരുക കൂടി അസാദ്പൂർ ചെയ്യുന്നുണ്ട്. പ്രതിഭാസികവാദത്തിന്റെ പരിമിതികളെ കടന്ന്, വൈവിധ്യങ്ങളായ മനുഷ്യ അനുഭവങ്ങളെയും സാധ്യതകളെയും ഉൾക്കൊള്ളുന്ന, ഏറിയ ധാരണാശേഷിയുള്ള ഒരു സമ്പൂർണ്ണ തത്വരൂപത്തെ വികസിപ്പിക്കാൻ ഫൽസഫയ്ക്ക് കഴിയും എന്ന് കൂടി വാദിക്കുന്നു.
ഈ ലോകത്തിലേക്കും, അതിന്റെ വ്യാവഹാരിക മണ്ഡലങ്ങളിലെ പാരസ്പര്യ ബന്ധങ്ങളിലേക്കും എടുത്തെറിയപ്പെടുന്ന മനുഷ്യന്റെ ഉണ്മയെ ഹൈഡഗർ ‘ഡസിയാൻ’ (Dasein) എന്നു വിളിച്ചു. പൊതുവായി കാണുന്നതിനെ പിന്തുടരുന്നതും, അതിൽ തന്നെ ആണ്ടു മുങ്ങി നഷ്ടപ്പെട്ടു പോകുന്നതുമായ ഒന്നാണത്. അതിന് തനിമ വീണ്ടെടുക്കാൻ (Authenticity) വ്യാവഹാരിക ഉണ്മയെ പൊതു പരിസരത്തിന്റെ ദൈനംദിന ജീവിത സാധാരണത്വത്തിൽ (Everydayness) നിന്നും മോചിപ്പിക്കണം. എന്നിട്ട് വസ്തുക്കളുടെ യാഥാർഥ്യത്തിനൊപ്പം സ്വതന്ത്രമായ നിർവഹണശേഷിയോടെ ചലിക്കുന്ന ഒന്നാക്കി ഉണ്മയെ പരിവർത്തിപ്പിക്കുകയും വേണം. മനസ്സ് ഭൗതികലോകം എന്നിങ്ങനെ രണ്ട് വ്യത്യസ്ത അറകളിലേക്ക് യാഥാർത്ഥ്യത്തെ വേർതിരിക്കുന്ന ആധുനിക പാശ്ചാത്യ തത്വചിന്തയുടെ അടിസ്ഥാനങ്ങളെ മറികടക്കാൻ ഇച്ഛിക്കുന്ന ഒരു ചിന്ത രൂപമായിരുന്നു ഹൈഡഗറുടേത്. അതുകൊണ്ട് തന്നെയാണ് ഉണ്മയെ ലോകത്തിലുള്ള നിലനിൽപ്പുമായി ( Being in the world ) ബന്ധപ്പെട്ട ഒന്നായി അദ്ദേഹം വിശദീകരിച്ചത്. ഈ സവിശേഷതകളിലൂടെ തത്വചിന്തയെ വ്യക്തിയുടെ തന്നെ പരിവർത്തനമായി സ്വീകരിക്കുന്ന മാതൃകയുടെ സാധ്യതകൾ അദ്ദേഹത്തിന്റെ ചിന്ത തുറന്ന് തരുന്നു. ഹൈഡഗറുടെ ഫ്രഞ്ച് പരിഭാഷകനായി വൈജ്ഞാനിക ജീവിതമാരംഭിച്ച്, പിൽക്കാലത്ത് ഇസ്ലാമിക തത്വചിന്തയിൽ ആകൃഷ്ടനായി തീർന്ന ഹെൻറി കോർബിനാണ് (Henry Corbin) ഗ്രന്ഥകാരനെ സംബന്ധിച്ച് ഈ ആശയസംവാദങ്ങളിൽ മധ്യവർത്തിയായിട്ടുള്ളത്. പ്രതിഭാസികവാദത്തിന് സമാനമായ അറബി-പേർഷ്യൻ പദമായി കോർബിൻ പരിചയപ്പെടുത്തുന്നത്, കശ്ഫ് അൽ മഹജൂബ് (kashf al mahjub) അഥവാ മറകൾ നീങ്ങുക എന്ന സൂഫി സാങ്കേതിക പദാവലിയാണ്. വസ്തുക്കൾ മറ നീങ്ങി അവ എങ്ങനെയാണോ അപ്രകാരംതന്നെ ബോധമണ്ഡലത്തിൽ പ്രത്യക്ഷമാകുന്ന പ്രക്രിയയെ തിരിച്ചറിയാൻ യത്നിക്കുന്ന ചിന്താരൂപമാണല്ലോ പ്രതിഭാസികവാദം. ഹൈഡഗറിലൂടെ അത് സത്താപരമായ ചോദ്യങ്ങളിലേക്ക് കടക്കുകയും, തനിമയിലേക്കുള്ള പരാവർത്തനം എന്ന തെരഞ്ഞെടുപ്പ് സാധ്യതയെ പുണരുകയും, അതിലൂടെ പുതിയ തിരിച്ചറിവ് പ്രദാനം ചെയ്യുകയും ചെയ്തു.
എന്നാൽ ഹൈഡഗറുടെ തത്വചിന്തയിലെ നിരവധിയായ പരിമിതികൾ ഫൽസഫയുമായുള്ള താരതമ്യത്തിൽ തെളിഞ്ഞു വരും. മനസ്സും ഭൗതിക ലോകവും തമ്മിലുള്ള അതിരുകളെ ഭേദിക്കാൻ ശ്രമിക്കുമ്പോഴും ആധുനിക തത്വചിന്ത അന്ധതയിൽ ഒഴിവാക്കിയ മറ്റൊരു ചേരിതിരിവിനെക്കുറിച്ച് അത് മൗനം പാലിക്കുന്നു. മനസ്സും ആത്മീയതയും തമ്മിലുള്ളതാണ് ആ വിടവ്. അത് അതേ അളവിൽ നിലനിൽക്കുന്നു. heidegger റുടെ സത്താവാദത്തിലെ ‘ഡസിയാൻ’ അങ്ങനെ ‘ലോകത്തിലുള്ള നിലനിൽപ്പ്’ ( Being in the world ) പോലെതന്നെ മരണത്തിലേക്ക് ചെന്നവസാനിക്കുന്നതായ ( Being towards death) ഒന്നു കൂടിയാണ്. എന്നാൽ ഫൽസഫയിലെ യുക്തി ചോദനയായ ആത്മാവിന്റെ ഉണ്മ മരണാനന്തരമായ വളർച്ചയിലേക്ക് നീളുന്ന ( Being towards beyond death) ഒന്നാണ്. അതുകൊണ്ട് തന്നെ അത് മുന്നോട്ടു വെക്കുന്ന തത്വചിന്തയുടെ ശൂരത്വം, തനിമയെ പുൽകുന്നതിനുമപ്പുറം, ബൗദ്ധിക വളർച്ചയുടെ നിരവധി പടികൾ ചവിട്ടിക്കയറി, അതും കടന്നു ആത്മീയ മണ്ഡലത്തെ തന്നെ പുണരുന്നു. കാഴ്ചയുടെ പരിചിതമല്ലാത്ത നിരവധി ആഴങ്ങളെ അത് കണ്ടെത്തുന്നു.
ഇസ്ലാമിക തത്വചിന്തയെ ചരിത്രപരമായ കൗതുകത്തിൽ മാത്രം പരിഗണിക്കുന്ന രചനകളിൽ നിന്ന് ഒരു വിടുതൽ ആഗ്രഹിക്കുന്നവർക്ക് ഏറെ ആസ്വാദ്യകരമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയം എന്നതിൽ സംശയമില്ല. ആധുനിക തത്വചിന്ത എത്തിച്ചേർന്നിരിക്കുന്ന വളരെ ഇടുങ്ങിയ ഒരു ഇടമുണ്ട്. അത് ഒരു കെട്ടുപാടുകളുമില്ലാത്ത യുക്തിപരമായ വ്യവഹാരമായി നിർവചിക്കുന്നു. എന്നിട്ടോ സ്വയം നിർവചിച്ച ആ വഴിയിൽ തന്നെ കുത്തഴിഞ്ഞു വീഴുന്നു. ഒരുവശത്ത് യുക്തിക്ക് ഒരുനിലക്കും വഴങ്ങാത്ത വിശ്വാസവും ആത്മീയതയും ഡോഗ്മകളും നിറഞ്ഞ മാനസിക വ്യവഹാരങ്ങൾ. മറുഭാഗത്ത് ഭൗതിക പ്രപഞ്ചത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ദുർഗ്രാഹ്യത. ഇവയോട് രണ്ടിനോടും അസ്ഥിരവും അനിശ്ചിതവുമായി നിരന്തരം മല്ലിടുന്ന നിറം മങ്ങിയ സംവാദസ്ഥലിയായി ദിശ തെറ്റി, പ്രതീക്ഷ നഷ്ടപ്പെട്ട നിലയിൽ അർത്ഥ ശൂന്യതയിൽ കഴിച്ചു കൂട്ടാൻ അത് വിധിക്കപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയിൽ നിന്നും ആധുനിക തത്വചിന്തയെ രക്ഷിക്കാൻ കഴിയുന്ന ഊർജ്ജമുള്ള പാരമ്പര്യമാണ് ഫൽസഫയുടേത്. ബുദ്ധിയുടെ (intellect) കൂടുതൽ സമഗ്രമായ ഒരു പ്രവർത്തന മണ്ഡലത്തിൽ നിന്നും രൂപപ്പെടുന്ന കളങ്കമറ്റ പുതിയൊരു യുക്തി ചിന്തയെ പ്രചോദിപ്പിക്കാനും, അതുവഴി വൈവിധ്യപൂർണമായ മനുഷ്യാനുഭവങ്ങളെ തത്വചിന്താപരമായി തിരിച്ചറിയുന്ന പുതിയ പുതിയ വാതായനങ്ങൾ തുറക്കാനും അതിനു കഴിയും. ഫൽസഫയുടെ ആത്മീയ സ്വഭാവത്തിൽ ഊന്നിയ തത്വവിചാരത്തിന്റെ പുനരുജ്ജീവനം അതിന് ഏറെ അനിവാര്യമാണ്.