മാനവ ഏകതയുടെ ഇബ്രാഹിമീ ദർശനം

അഹ്മ​ദ് കുട്ടി ശിവപുരത്തിന്റെ ധൈഷണിക ജീവചരിത്രം:

എ. കെ. അബ്ദുൽ മജീദ്:

ഇസ്ലാമിക അദ്ധ്യാത്മീകതയുടെ വിശാല ഭൂമികയിൽ നിലയുറപ്പിച്ച് മാനവിക ഏകതയുടെ സമ്യക്കായ ലോക വീക്ഷണം സമർപ്പിച്ച് നമ്മോട് വിടപറഞ്ഞ മലയാളത്തിലെ ഇസ്ലാമിക ധിഷണയുടെ അനുഗ്രഹീതനായ ദാർശനികൻ അഹ് മദ് കുട്ടി ശിവപുരത്തിന്റെ ധൈഷണിക ജീവിതത്തിന്റെ സംഗ്രഹ ചിത്രം വരക്കുന്ന സ്നേഹ സ്മൃതി.

പ്രൊഫസർ അഹമ്മദ് കുട്ടി ശിവപുരത്തിൻറെ ചിന്താലോകം ഭ്രമണം ചെയ്യുന്നത് ഇബ്രാഹിം നബി(അ) എന്ന പ്രവാചക കുലപതിക്കു ചുറ്റുമാണ്.
അദ്ദേഹത്തിന്റെ സംസാരത്തിലും എഴുത്തിലുമെല്ലാം അബ്രഹാം
നിറഞ്ഞുനിന്നു. ബൈബിളിൽ നിന്നും ഖുർആനിൽ നിന്നുമുള്ള രൂപകങ്ങളും ചരിത്ര സന്ദർഭങ്ങളും നിർലോഭം സ്വീകരിച്ചാണ് തനതായ ഒരു ഇബ്രാഹിമി ചരിത്ര, സാമൂഹിക, മാനവിക, രാഷ്ട്രീയ, ആദ്ധ്യത്മിക ദർശനം അദ്ദേഹം രൂപപ്പെടുത്തിയത്. താൻ കൈകാര്യം ചെയ്തു പോന്ന ഏതു വിഷയത്തെയും അദ്ദേഹം തന്റെ മൂല പ്രമാണമായ അബ്രഹാമിക ദർശനവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചു. ചില നേരങ്ങളിൽ അബോധതലത്തിൽ തന്നെ അങ്ങനെയൊരു ബാന്ധവം സംഭവിക്കുന്നതായി തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ജാഗ്രത്തിലും സ്വപ്നത്തിലുമെല്ലാം ശിവപുരത്തിൻറെ ഭാവന പറന്നു കളിച്ചത് ‘മഖാമു ഇബ്റാഹീമി’നു ചുറ്റും ആയിരുന്നു. ഇബ്രാഹീമിയ്യത്തിൻറെ പൂർണ്ണ ശോഭയുള്ള പരിസമാപ്തിയായാണ് ഇബ്രാഹിം നബി(അ)യുടെ പുത്രൻ ഇസ്മാഈൽ നബി(അ)യുടെ വംശപരമ്പരയിൽ ജനിച്ച മുഹമ്മദ് നബി(സ്വ)യെ പ്രൊഫസർ ശിവപുരം കണ്ടത്. മുഹമ്മദ് നബി(സ്വ)യുടെ ‘ഉമ്മത്തി’നെ ഇബ്രാഹിം നബി(അ)യുടെ ‘മില്ലത്തു’മായി ബന്ധിപ്പിക്കുന്ന ചരിത്രപരവും ദാർശനികവുമായ പൊക്കിൾക്കൊടി ആണ് വേദങ്ങളിൽ നിന്ന് ശിവപുരം കണ്ടെടുക്കാൻ ശ്രമിച്ചത്.
കഅ്ബയുടെ വിളി’ എന്ന പുസ്തകത്തിൻറെ മുഖവുരയിൽ അദ്ദേഹം : “എഴുതുമ്പോൾ പരിശുദ്ധമായ ഖുർആനിന്റെ മുസ്ഹഫ് മുൻപിൽ ഉണ്ടായിരുന്നു. തൊട്ടടുത്തുതന്നെ ബൈബിളും. ഇബ്രാഹിം നബിയുടെ മക്കളുടെ പ്രമാണങ്ങൾ ആയിരിക്കുന്ന പുസ്തകങ്ങൾ ആകുന്നു രണ്ടും”(പുറം 9). വിശ്വമാനവികതയുടെ അടിയാധാരം ആയിരുന്നു ശിവപുരത്തെ സംബന്ധിച്ചടത്തോളം ഇബ്രാഹിമീ ദർശനം.
ക്രിസ്തുവിലും(ഈസാ നബി(അ)) മുഹമ്മദ് നബി(സ്വ)യിലും ഇബ്രാഹിമിയ്യത്തിന്റെ രണ്ട് ശാഖകൾ അദ്ദേഹം കണ്ടു. സഹനവും ത്യാഗവും വെല്ലുവിളിയും പ്രതിരോധവും അതിജീവനവും വിജയവും വിളംബരവും അനുപേക്ഷണീയ ഘടകങ്ങളായ ഇബ്രാഹീമീ മാർഗത്തിൻറെ തുടർച്ചയും വളർച്ചയുമാണ് ഈസ(അ)(യേശു), മുഹമ്മദ്(സ്വ) എന്നീ പ്രവാചകന്മാരിലൂടെ ലോകം അറിഞ്ഞത്. ദർശനങ്ങളുടെ സമ്പൂർണ്ണത ഈ ഇരു ധാരകളും കൂടിച്ചേരുമ്പോളാണ് സംഭവിക്കുക. സഹനവും ത്യാഗവും ആയിരുന്നു യേശുവിന്റെ മുഖമുദ്ര എങ്കിൽ മുഹമ്മദ് നബി(സ്വ)യിൽ സഹനവും ത്യാഗവും അതേത്തുടർന്നുള്ള വിജയവും വിളംബരവും വിമോചനവും പുലരുന്നു.
അബ്രഹാമിന്റെ പ്രാധാന്യം വളരെ വിശദമായി ‘അറഫാ പ്രഭാഷണം’ എന്ന പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ ശിവപുരം ഉപന്യസിക്കുന്നുണ്ട്. മാനവ ചരിത്രം ആരംഭിക്കുന്നത് ആദം നബി(അ)യിലൂടെ ആണെങ്കിലും ദാർശനികമായ പക്വതയും ഗരിമയും മനുഷ്യസമൂഹം ആർജ്ജിക്കുന്നത് അബ്രഹാമിലൂടെ ആണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
പാരമാർഥിക സത്യത്തെ അറിഞ്ഞ അബ്രഹാം വ്യക്തി എന്നതിൽ നിന്ന് ‘സമഷ്ടി’ യിലേക്ക് വളരുകയും ജനതയുടെ
നായക പദവിയിൽ എത്തുകയും ചെയ്യുന്നു. ഖുർആൻ ഇബ്രാഹിം നബി(അ)യെ വിശേഷിപ്പിച്ചിട്ടുള്ളത് ‘സമൂഹം’ എന്നാണെന്ന് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പ്രയോഗത്തിന്റെ ദാർശനികതയിലാണ് ശിവപുരത്തിൻറെ ഊന്നൽ. ജനതയുടെ നായകൻ ആയിരുന്നു അബ്രഹാം(അ). മക്കയിൽ ജനതയ്ക്ക് വേണ്ടിയുള്ള ഭവനം (കഅബ) പണിതത് അദ്ദേഹമാണ്.
ചരിത്രത്തെ സംബന്ധിക്കുന്ന പ്രജാപതി’ ആണ് ശിവപുരത്തിന് അബ്രഹാം അഥവാ ഇബ്റാഹിം(അ). ‘ഇതിഹാസങ്ങളിൽ ഉള്ളതുപോലെ ചരിത്രത്തിലും’ പ്രജാപതി ഉണ്ടാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ചരിത്രത്തിലെ പ്രജാപതി ആണ് അബ്രഹാം. അദ്ദേഹമാണ് അറഫയിലേക്കുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിൽ നിന്നാണ് ചരിത്രം വർഗ്ഗ, വർണ്ണ, ഭേദങ്ങൾ ഇല്ലാത്ത ഭ്രാതൃത്വ ലോകത്തിന് വേണ്ടിയുള്ള പ്രഥമമായ ആഹ്വാനം ശ്രവിക്കുന്നത്. അബ്രഹാമിന്റെ ആ വിളി ജനതയുടെ ഭവനമായ കഅബയിലേക്കുള്ള വിളിയാണ്. (അറഫാ പ്രഭാഷണം, പുറം 45).
ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും ഇടയിൽ ദൈവശാസ്ത്രപരമായ ഭിന്നതകൾ ഏറെയുണ്ട്. അവ നിലനിൽക്കെത്തന്നെ അബ്രഹാമിന്റെ രണ്ടു താവഴികൾ ആയ ഇരു മതധാരകൾക്കും തങ്ങളുടേതായ വിശ്വാസവുമായി ഈ ഭൂമിയിൽ വഴക്ക് ഇല്ലാതെ കഴിഞ്ഞു പോകാം എന്ന് ഒരു ലേഖനത്തിൽ (മുഖ്യധാര മെയ് 2015) ശിവപുരം എഴുതിയിട്ടുണ്ട്. അബ്രഹാമിന്റെ സന്തതികൾ ആയി കൊണ്ട് തന്നെ അങ്ങനെയാവാം എന്ന് അദ്ദേഹം ആവർത്തിക്കുന്നു. ബൈബിൾ പ്രകാരം യേശുവിൻറെ അഭിഭാഷകനാണ് മുഹമ്മദ്(സ്വ) എന്ന കാര്യത്തിൽ ശിവപുരത്തിന് സന്ദേഹമില്ല. “പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി തീർന്നു” (മത്തായി 21: 42) എന്ന് ക്രിസ്തു പറഞ്ഞത് ബൈബിളിലുണ്ട്. അബ്രഹാമിന്റെ ഇഷ്മയേൽ എന്ന പുത്രനെ യഹൂദർ അവഗണിച്ചിരുന്നു. ഹജറുൽ അസ്വദ് കഅബയുടെ മൂലക്കല്ലായി തീർന്ന പോലെ സെമിറ്റിക് മത ചരിത്രത്തിൽ യഹൂദർ അവഗണിച്ച് ഇസ്മായിൽ(അ)ന്റെ (ഹാഗറി(ഹാജറ(റ)ന്റെ മകൻ) തലമുറയിലേക്ക് ദൈവ രാജ്യത്തിന്റെ താക്കോൽ കൈമാറ്റം ചെയ്യപ്പെട്ടു. ഇതേക്കുറിച്ച് യേശു പറഞ്ഞത്, ‘ദൈവത്തിൻറെ രാജ്യം നിങ്ങളിൽ നിന്ന് എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്ക് നൽകപ്പെടും”(മത്തായി 21: 18). ഇഷ്മയേലിനെ സന്താനപുഷ്ടിയുള്ളവനാക്കുമെന്ന് ദൈവം അബ്രഹാമിന് വാഗ്ദാനം ചെയ്തത് ഉൽപ്പത്തി പുസ്തകത്തിൽ (17 : 20) കാണാം. ഞാൻ അവനെ ഒരു വലിയ ജനതയാക്കും എന്നാണ് ഖുർആനിൽ ( 21 :18) ഈ വാഗ്ദാനം. അബ്രഹാമിന് ദൈവം നൽകിയ ഈ വാഗ്ദാനമാണ് കഅബയ്ക്കു ചുറ്റും ഇട മുറിയാതെ ഏത് ഋതുവിലും കാണപ്പെടുന്ന പുരുഷാരം. ഏകാന്ത ധ്യാനത്തിന്റെ കേന്ദ്രമായല്ല കഅബ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. രാപകൽ ഭേദമന്യേ മനുഷ്യർ അവിടേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അബ്രഹാമിന്റെ വിളിക്ക് ഉള്ള ഉത്തരമാണത്. അയിത്തവും അസ്പൃശ്യതയും ഇല്ലാത്ത മനുഷ്യരുടെ മഹാ സഞ്ചയമാണ് അത്. അബ്രഹാം എന്ന ആചാര്യനും ഹാഗർ എന്ന അടിമ സ്ത്രീയും തമ്മിലുള്ള സമാഗമത്തിന്റെ ഫലമായി പിറവിയെടുത്ത, അടിമത്വത്തിൽ നിന്നും മോചിതരായ മനുഷ്യരുടെ കൂടിച്ചേരൽ എന്നാണ് അതിനെ ശിവപുരം അടയാളപ്പെടുത്തുന്നത്. (കഅബയുടെ വിളി, പുറം 71) യഹോവയുടെ പുതിയ പാട്ടിന്റെ സാക്ഷാത്കാരമാണ് ഇതെന്നും യെശയ്യാവിന്റെ രണ്ടു പ്രവചനങ്ങൾ ഉദ്ധരിച്ച് അദ്ദേഹം സമർത്ഥിക്കുന്നു. (കഅബയുടെ വിളി, പുറം 111 – 113)
ഉച്ചനീചത്വങ്ങൾ ഇല്ലാത്ത, വർഗ്ഗ രഹിത സമൂഹം ചരിത്രത്തിൽ സാക്ഷാത്കരിക്കുക ആണ് അബ്രഹാമും അദ്ദേഹത്തിന്റെ താവഴിയുടെ സമാപ്തികനായ മുഹമ്മദ് നബി(സ്വ)യും എന്ന് ‘മുഖ്യധാര’ മാസികയിൽ ( മെയ് 2015) എഴുതിയ ലേഖനത്തിൽ ശിവപുരം നിരീക്ഷിക്കുന്നു. മതാധികാരത്തെയും രാഷ്ട്രീയ അധികാരത്തേയും അബ്രഹാം ഒരേസമയം വെല്ലുവിളിച്ചു. ‘പരമഹംസ പദവിയിലെത്തിയ ബ്രഹ്മജ്ഞാനി’ ആയിരുന്നു അബ്രഹാം. പക്ഷേ ആത്മനിഷ്ഠമായ ആ ബ്രഹ്മജ്ഞാനത്തിൽ അടിമത്തനിരാസം എന്ന ചരിത്ര ദർശനപരമായ വിമോചന സന്ദേശം ഉൾക്കൊള്ളിക്കപ്പെട്ടതാണ് ആ പരമാർത്ഥ ജ്ഞാനിയെ വ്യതിരിക്തനാക്കുന്നത്” (മുഖ്യധാര, മെയ്, 2015). ആധ്യാത്മികവും സാമൂഹികവുമായ വിമോചനമാണ് അബ്രഹാമീ ദർശനത്തിന്റെ കാതൽ. പ്രവാചകന്മാർ തലമുറകളിലൂടെ കൈമാറിയത് ഈ ദർശനം ആണെന്ന് ‘അബ്രഹാമികം’ എന്ന കവിതയിലും ശിവപുരം
പറയുന്നുണ്ട്. പരസ്പരം പോരടിക്കുക വഴി അബ്രഹാം അവർക്ക് അന്യനാവുന്നു.
“അബ്രഹാമിൻ മക്കളവ്വിധമിന്ന് പരസ്പരം
അക്രമോത്സുകരായ്
പോരാടുന്നിഹ മണ്ണിനായും
ഏറ്റു മുട്ടിച്ചത്തു കുറക്കയാണു വംശ വാദികൾ എണ്ണമബ്രഹാമിൻ മക്കളിലവ്വിധം ,
അന്യനവർക്കിപ്പോൾ അബ്രഹാം!”
(അബ്രഹാമികം, പുറം 15).
അബ്രഹാമിൻറെ പിന്മുറക്കാർ -യഹൂദർ, ക്രൈസ്തവർ, മുസ്ലീങ്ങൾ- പരസ്പരം രക്തം ചൊരിയാതെ ഇബ്രാഹീമീ ദർശനത്തിന്റെ സാക്ഷാത്കാരത്തിനായി കൈകോർക്കണം എന്നതാണ് അഹ്മദ് കുട്ടി ശിവപുരം ലോകജനതയ്ക്കു നൽകുന്ന സന്ദേശം. അതെ, ലോകം തന്റെ ആശയം ശ്രദ്ധിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് തന്റെ കൃതികൾ അദ്ദേഹം ഇംഗ്ലീഷിലും എഴുതിയത്. അബ്രഹാമീ ദർശനത്തിൽ നിന്ന് മതം മൈനസ് ചെയ്താൽ കിട്ടുന്നതാണ് മാർക്സിസം എന്നും പ്രൊഫ. അഹ്മദ് കുട്ടി ശിവപുരം ആലോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy