മുഹമ്മദ് സയ്യാഫ്. പി.പി.
ഒരു ജനാധിപത്യ സമൂഹത്തിൽ മതങ്ങൾ തമ്മിലുള്ള സംവാദങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. എന്നാൽ പരമതനിന്ദയോടെ നടക്കുന്ന മതപ്രചരണങ്ങളും സംവാദങ്ങളും മത സാമൂദായിക ബന്ധങ്ങളെ ഉലക്കുകയും സമൂഹത്തിൽ പ്രതിലോമ പ്രവണതകൾ വർദ്ധിക്കാൻ അത് കാരണമാവുകയും ചെയ്യും. ഇത് ചരിത്രത്തിന്റെ ഒരു പാഠമാണ്. 1980 കളുടെ തുടക്കത്തിൽ മലപ്പുറം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ ക്രിസ്തുമത പ്രചരണം ലക്ഷ്യം വെച്ച് ഇസ് ലാമിക വിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമെതിരെ നടന്ന കുപ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സുന്നത്ത് ജമാഅത്തിനെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പൊതു മുസ് ലിംകളും സംയുക്തമായി മുൻ കൈയ്യെടുത്ത് ബഹുമാനപ്പെട്ട ശംസുൽ ഉലമ(ന.മ) യുടെ നേതൃത്വത്തിൽ ചില ഖണ്ഡന സദസ്സുകൾ
സംഘടിപ്പിക്കുകയുണ്ടായി. ചരിത്രത്തിലെ സവിശേഷമായ ഈ സന്ദർഭത്തെ അവലോകനം ചെയ്യുന്നതാണ് ഈ പ്രബന്ധം. ഇസ് ലാമിനെതിരെ ശക്തമായ കുപ്രചരണങ്ങൾ നടക്കുന്ന ഇതു പോലുള്ള സന്ദർഭങ്ങളിൽ യഥാർത്ഥ പണ്ഡിത പ്രതിനിധാനം എപ്രകാരമാകണമെന്ന് സുവ്യക്തമാക്കുന്നതാണ് ഇതിലെ പ്രതിപാദ്യങ്ങൾ.
മത ഗ്രന്ഥങ്ങളുടെ പേരും പേജും പറഞ്ഞ് തർക്കിക്കുന്നതിന് പകരം ജീവിതം കൊണ്ട് ഇസ്ലാമിക പ്രബോധനം നിർവഹിക്കുക എന്ന സൂഫി ശൈലിയാണ് കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യമുള്ള പണ്ഡിതമഹത്തുക്കൾ പിന്തുടർന്നു വരുന്നത്. അത്തരം മഹത്തുക്കളാൽ നയിക്കപ്പെട്ട സമസ്തയുടെയും നയവും നിലപാടും അതു തന്നെയാണ്. ഏതെങ്കിലുമൊരു മതത്തിനെതിരെ അകാരണമായി വേദിയൊരുക്കി പ്രസംഗിക്കുകയോ പരസ്യമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് സമസ്തയുടെയും അതിനെ നയിച്ച പണ്ഡിതമഹത്തുക്കളുടെയും ശൈലി അല്ല. മത പ്രചരണത്തിൻ്റെയും പ്രബോധന പ്രവർത്തനങ്ങളുടെയും പ്രധാന മാധ്യമം ഇത്തരം ശബ്ദഘോഷങ്ങളും സംവാദങ്ങളുമാണെന്ന നിലപാട് ഇസ് ലാമിനെ യഥോചിതം പ്രതിനിധാനം ചെയ്യുന്ന സമസ്തക്കോ അതിന്റെ പണ്ഡിത നേതൃത്വത്തിനോ ഇല്ല. എന്നാൽ ഇസ് ലാമും മുസ് ലിംകളും ഇസ് ലാമിന്റെ ശത്രുക്കളാൽ ആശയപരമായി വെല്ലുവിളിക്കപ്പെടുന്ന സന്ദർഭങ്ങളിൽ നിസ്സംഗതയോടെ നിലകൊള്ളാനല്ല ശക്തമായ ഭാഷയിൽ സത്യം ബോദ്ധ്യപ്പെടുന്ന വിധം പ്രതികരിക്കാൻ തന്നെയാണ് സമസ്തയുടെ ഉന്നതരായ നേതാക്കൾ മാതൃക നൽകിയിട്ടുള്ളത്. അനിവാര്യവും അത്യന്താപേക്ഷിതമായ ഇത്തരം ഘട്ടങ്ങളിൽ വളരെ അവധാനതയോടെ പാണ്ഡിത്യഗരിമയോടെ ആശയദാർഢ്യത്തോടെ ഇസ് ലാമിനെ പ്രതിനിധീകരിക്കാൻ സുന്നത്ത് ജമാഅത്തിനെ പ്രതിനിധീകരിക്കുന്ന ഉന്നതരായ സമസ്ത പണ്ഡിതന്മാർക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂരിന്നടുത്തുള്ള എടക്കരയിൽ ക്രിസ്ത്യൻ മിഷണറിമാരുടെ കുപ്രചരണങ്ങൾക്കെതിരെ ബഹുമാനപ്പെട്ട ശംസുൽ ഉലമാ(ന.മ) നടത്തിയ സംവാദം.
1975-83 കാലഘട്ടങ്ങളിൽ മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ മഞ്ചേരി-നിലമ്പൂർ-എടക്കര ഭാഗങ്ങളിൽ ക്രിസ്തു മതപ്രചാരണത്തിൻ്റെ ഭാഗമായി ഇസ് ലാമിക വിശ്വാസത്തെയും ആചാരങ്ങളെയും ദുർവ്യാഖ്യാനം ചെയ്യുന്ന ഒരു പ്രവണത വ്യാപകമായി. പരിശുദ്ധ ഖുർആൻ ഉദ്ധരിച്ച് അവയെ ദുർവ്യാഖ്യാനം ചെയ്തും ഇസ് ലാമിക ചരിത്രം വളച്ചൊടിച്ച് തങ്ങളുടെ താത്പര്യങ്ങൾക്കൊത്ത് വിശദീകരിച്ചും മുസ് ലിം സമുദായത്തിൽ ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കാനും അതുവഴി ക്രിസ്തു മത പ്രചരണത്തിനും സംഘടിത ശ്രമങ്ങളുണ്ടായി. അതിനാൽ മുസ് ലിം സമുദായത്തിൽ പെട്ട വളരെ സാധാരണക്കാരായ അപൂർവ്വം ചിലരെങ്കിലും ഈ കുപ്രചരണത്തിൽ വശംവദരായി വിശ്വാസ ഭ്രംശം സംഭവിച്ച് ക്രിസ്ത്യാനികളായി. ഈ പശ്ചാത്തലത്തിലാണ് സമുദായ മൈത്രിയെ തുരങ്കം വെക്കുന്ന ഈ കൊടിയ വഞ്ചനക്കെതിരെ ശക്തമായ ആശയ പ്രചരണം നടത്താനും ക്രിസ്ത്യൻ മിഷണറിമാരുടെ കുപ്രചരണങ്ങളെ ആശയപരമായി ഖണ്ഡിക്കാനും പ്രദേശ വാസികളായ മുസ് ലിംകളുടെ ആവശ്യം പരിഗണിച്ച് ബഹുമാനപ്പെട്ട ശംസുൽ ഉലമാ(ന.മ) തയ്യാറായത്.
പരിശുദ്ധ ഖുർആനിലെ സൂക്തങ്ങളെ തലയും വാലും വെട്ടിമാറ്റി വികൃതമാക്കി ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്ന വിധം ലഘുലേഖകളുണ്ടാക്കി മുസ് ലിം വീടുകളിൽ മിഷണറിമാർ പ്രചരിപ്പിച്ചു. ചില മസ്ജിദുകളുടെ മുന്നിൽ വെള്ളിയാഴ്ച ജുമുഅഃ സമയത്ത് ജുമുഅഃ കഴിഞ്ഞിറങ്ങുന്നവർ വായിക്കാനെടുക്കുന്ന വിധം ഒരു കെട്ട് ലഘുലേഖകൾ കൊണ്ടു വന്നിട്ടു. കൂടാതെ മുസ് ലിം വ്യക്തികളിലും ഭവനങ്ങളിലും നടത്തിയ സമ്പർക്ക പരിപാടികളിലൂടെയും ഇസ് ലാമിക വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് ക്രിസ്തുമത വിശ്വാസം പ്രചരിപ്പിക്കാൻ വളരെ സജീവമായ പരിശ്രമങ്ങളുണ്ടായി.
മിഷനറിമാരുടെ ഇത്തരം കുപ്രചരണത്തിന്റെ ഫലമായും മറ്റ് ഭൗതിക പ്രചോദനങ്ങളാലും ഒരു കുടുംബം ക്രിസ്തു മതം വിശ്വസിച്ചു. മഞ്ചേരിയിൽ ഫാദർ അലവിയുടെ നേതൃത്വത്തിൽ “മർക്കസുൽ ബിശാറ” എന്ന പേരിൽ ഒരു മതപ്രചാരണ കേന്ദ്രം സ്ഥാപിച്ചുകൊണ്ടാണ് അവർ പ്രവർത്തനം വ്യാപിപ്പിച്ചത്. ഇസ്ലാമിനെതിരെ പരസ്യമായി മിഷനറിമാർ രംഗത്തിറങ്ങിയതോടെ പ്രദേശവാസികളായ സുന്നത്ത് ജമാഅത്തിന്റെ ചില പൗരപ്രധാനികൾ വിഷയം ചർച്ച ചെയ്യുകയും അവർ മഞ്ചേരിയിലെ മഹല്ലുഖാള്വിയായിരുന്ന മർഹും ഒ. മുഹമ്മദ് കുട്ടി മുസ് ലിയാരുടെ നേതൃത്വത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സംസ്ഥാന ജംഇയ്യത്തുൽ ഉലമായുടെ നേതൃസ്ഥാനം അലങ്കരിച്ചിരുന്ന ബഹുമാനപ്പെട്ട താജുൽ ഉലമാ സ്വദഖത്തുല്ലാ മുസ് ലിയാർ(ന.മ) യെ സമീപിക്കുകയും മഹാനവർകൾ ബഹു: ശംസുൽ ഉലമാ(ന.മ) യെ കൊണ്ടു വന്ന് ഒരു സമ്മേളനം സംഘടിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്ത്യൻ മിഷണറി കുപ്രചരണങ്ങൾക്കെതിരെ മഞ്ചേരിയിൽ വെച്ച് ഒരു സമ്മേളനം നടന്നത്.(ബുൽ ബുൽ: 2019 മാർച്ച്: പേജ് 11)
അങ്ങനെ മഞ്ചേരി സഭാഹാളിലും എടക്കര മുസ് ലിയാരങ്ങാടിക്ക് സമീപം മർഹും ഖുതുബി നഗറിലും ഖണ്ഡന പ്രഭാഷണ സമ്മേളനങ്ങളൊരുക്കി ക്രിസ്തുമത വിശ്വാസങ്ങളെയും യഥാർത്ഥ ക്രിസ്തീയ പാരമ്പര്യങ്ങളെയും പോസ്റ്റ്മോർട്ടം ചെയ്ത് വിശദീകരിച്ചു. ഈസാ നബി(അ) പ്രബോധനം ചെയ്ത അല്ലാഹുവിൽ നിന്നുള്ള സത്യമതം ഇസ് ലാം തന്നെയായിരുന്നുവെന്ന് ബൈബിൾ തന്നെ ഉദ്ധരിച്ച് സമർത്ഥിച്ചു.
ഖുതുബി നഗറിലെ സംവാദവും അനന്തര ഫലങ്ങളും
എടക്കര, ചുങ്കത്തറ, വഴിക്കടവ്, മുത്തേടം, കരുളായി തുടങ്ങിയ പഞ്ചായത്തുകളിലെ സമസ്ത പ്രവർത്തകരും മഹല്ല് ഖാദിമാരും പൊതു മുസ് ലിമീങ്ങളും എടക്കര പുവ്വത്തിക്കൽ പള്ളിയിൽ ഒരുമിച്ചു കൂടുകയും “ഹിമായത്തുൽ ഇസ്ലാം സംഘം” എന്ന പേരിൽ ഒരു കമ്മിറ്റി ഉണ്ടാക്കുകയും ശംസുൽ ഉലമ(ന.മ) യെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. ധീരനായ ശംസുൽ ഉലമ(ന.മ) ആ ക്ഷണം സ്വീകരിച്ചു. മാത്രമല്ല, പരിസര പ്രദേശങ്ങളിലെ ക്രിസ്തീയ പശ്ചാത്തലമുള്ളവരും ആ പരിപാടിയിൽ ശ്രോതാക്കളായി എത്തിയിരുന്നു. പള്ളിയുടെ മുൻവശത്ത് “മൗലാന ഖുതുബി” നഗർ സജ്ജമാക്കി. തിങ്ങി നിറഞ്ഞ ജനങ്ങളെയും പരിപാടിയിൽ കേൾവിക്കാരായി സന്നിഹിതരായ ക്രിസ്തീയ പശ്ചാത്തലമുള്ളവരെയും അഭിസംബോധന ചെയ്തുകൊണ്ട് 1981 ഫെബ്രുവരി 20 ന് വൈകുന്നേരം ശംസുൽ ഉലമ(ന.മ) തൻ്റെ ചരിത്രപ്രസിദ്ധമായ ക്രൈസ്തവ ഖണ്ഡന പ്രസംഗം ആരംഭിച്ചു. ബൈബിളിൻ്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കോപ്പികൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ശംസുൽ ഉലമ തൊടുത്തു വിട്ട ചോദ്യങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ചിന്തിപ്പിക്കുന്നതായിരുന്നു.
അടുത്ത ദിവസം രാത്രിയും പരിപാടി തുടരുകയും മുസ് ലിംകളും പൊതുജനങ്ങളും ക്രിസ്തീയ പശ്ചാത്തലമുള്ളവരും ഉൾപ്പെട്ട ശ്രോതാക്കൾ ആ വാഗ്ധോരണിയിൽ വിസ്മയിച്ചു നിൽക്കുകയും ചെയ്തു.
തുടർന്നുള്ള പകലുകളിൽ എടക്കര യത്തീംഖാനയിൽ വെച്ച് മുസ്ലിം പണ്ഡിതന്മാർക്കും മറ്റും ക്രിസ്ത്യാനിസത്തെ കുറിച്ച് ക്ലാസ്സ് എടുക്കുകയും തുറന്ന ചർച്ചകൾക്കു സംശയ നിവാരണത്തിനും അവസരം കൊടുക്കുകയും ചെയ്തു. ആ ഇടപെടൽ ഇസ് ലാമിനെതിരെ കുപ്രചരണങ്ങൾ നടത്തികൊണ്ടുള്ള ശൈലിയിൽ നടന്നുകൊണ്ടിരുന്ന മിഷണറി പ്രവർത്തനങ്ങൾക്ക് തടയിട്ടു. ആശയ കുഴപ്പത്തിലായിരുന്ന ചിലർക്കിത് മാറിച്ചിന്തിക്കാനുള്ള പ്രേരണയായി. അങ്ങനെ മാപ്പിള ഹൃദയങ്ങളെ കുരിശിലേറ്റാൻ ഉള്ള ശ്രമങ്ങൾ ശംസുൽ ഉലമ(ന.മ) യുടെ സന്ദർഭോചിതമായ ഇടപെടൽ നിമിത്തം നിർവ്വീര്യമായി. പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിരുന്ന ചിലരെങ്കിലും പിന്നീട് ഇസ് ലാം സ്വീകരിച്ചു എന്ന് മനസ്സിലാക്കാവുന്നതാണ്.
സംവാദത്തിൽ ശംസുൽ ഉലമാ ക്രിസ്ത്യൻ മിഷനറിമാരുടെ കുപ്രചരണങ്ങൾക്കെതിരെ നിരവധി മറുചോദ്യങ്ങൾ ഉന്നയിച്ചു. തങ്ങൾ ഒരു മതത്തിലും കൈ കടത്താറില്ലെന്നും ഇസ് ലാമിനെതിരെ കുപ്രചരണങ്ങൾ തുടർന്നാൽ ഇവ്വിധം ഇടപെടുമെന്നും തന്റെ സംബോധിതർക്ക് ശംസുൽ ഉലമാ(ന.മ) മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് ക്രിസ്റ്റ്യാനിറ്റിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും പാതിരിമാർ ഖുർആനിക സൂക്തങ്ങളെ തെറ്റായി ഉദ്ധരിച്ചും വ്യാഖ്യാനിച്ചും തെറ്റിദ്ധാരണ പടർത്തുന്ന ആയത്തുകളെ ശരിയായി വിശദീകരിക്കാനാണ് താനിവിടെ സന്നിഹിതനായിട്ടുള്ളതെന്നും ബൈബിൾ വെച്ചുകൊണ്ട് തന്നെ പരിശുദ്ധ ഖുർആനിന്റെയും ഇസ് ലാം ദീനിന്റെയും സത്യത സാധൂകരിക്കാമെന്നും ശംസുൽ ഉലമ(ന.മ) പ്രഖ്യാപിച്ചു. ഈ ഖണ്ഡന ഭാഷണത്തിന് വേണ്ടി ബൈബിളും ഞങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും നിങ്ങളുടെ പഴയതും പുതിയതുമായ ബൈബിൾ ഉപയോഗിച്ചു കൊണ്ടു തന്നെ സത്യം വ്യക്തമാക്കുമെന്നും ശംസുൽ ഉലമാ(ന.മ) പ്രസ്താവിക്കുകയുണ്ടായി.. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ബൈബിളുകളെടുത്ത് അതിലെ പരസ്പര വൈരുദ്ധ്യങ്ങങ്ങളും പ്രക്ഷിപ്തങ്ങളും ചൂണ്ടിക്കാട്ടി ശംസുൽ ഉലമ(ന.മ) ബൈബിളിന്റെയും ക്രിസ്റ്റ്യാനിറ്റിയുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്തു.
പിന്നീട് നടന്ന സംഭവങ്ങൾ പുവ്വത്തിക്കൽ മഹല്ല് ഖാളി, ഇ. കുഞ്ഞാൻ മുസ്ല്യാർ (പന്തല്ലൂർ) തന്നെ വിവരിക്കുന്നു:
“സ്റ്റേജിൽ ഉപവിഷ്ടനായ ശംസുൽ ഉലമാ പ്രാർത്ഥനയും ആമുഖവും കഴിഞ്ഞ് പ്രസംഗം ആരംഭിച്ചു.
“ഏതെങ്കിലും ഒരു മതത്തിനെയോ, അതിലെ വിശ്വാസാചാരങ്ങളെയോ, മതഗ്രന്ഥങ്ങളെയോ ആക്ഷേപിക്കുന്നതും, നിന്ദിക്കുന്നതും ആയ സ്വഭാവവും പരിപാടിയും ഞങ്ങൾക്കില്ല.
പക്ഷെ, പരിശുദ്ധ ഇസ്ലാമിനെയോ, അതിന്റെ മൂലഗ്രന്ഥമായ പരിശുദ്ധ ഖുർആനിനെയോ തിരുസുന്നത്തിനെയോ നിന്ദിക്കുവാനും അവഹേളിക്കുവാനും ആരെങ്കിലും തുനിഞ്ഞാൽ അതിന്നെതിരിൽ പ്രതികരിക്കാതിരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല. അത്തരം ഒരു സാഹചര്യം ഈ ഭാഗത്തുളള ക്രിസ്ത്യൻ സഹോദരന്മാർ മതപ്രചാരണമെന്ന പേരിൽ സൃഷ്ടിച്ചതാണ് ഈ പരിപാടി സംഘടിപ്പിക്കാൻ കാരണമായത്“ എന്ന മുഖവുരയോടെ പ്രസംഗം ആരംഭിച്ചു.
ബൈബിളിലെ പുതിയ നിയമവും പഴയ നിയമവും ഉൾക്കൊളളുന്ന, മലയാളത്തിലും ഇംഗ്ലീഷിലുമുളള കോപ്പികൾ വായിച്ച് രണ്ടും തമ്മിലുളള വ്യത്യാസങ്ങൾ എടുത്തുകാട്ടി. ബൈബിൾ എഴുതിയുണ്ടാക്കിയവരിൽ പ്രമുഖരായ മത്തായി, ലൂക്കോസ്, മാർക്കോസ്, യോഹന്നാൻ എന്നിവർ എഴുതിയ സുവിശേഷങ്ങളിലെ വൈരുദ്ധ്യങ്ങൾ വിശദീകരിച്ചു ബൈബിളിന്റെ ആധികാരികത ചോദ്യം ചെയ്തു.
മണിക്കൂറുകൾ കടന്നുപോയതറിഞ്ഞില്ല. രാത്രി ഒരു മണി കഴിഞ്ഞ് പ്രസംഗം നിർത്തുമ്പോഴാണ് എല്ലാവർക്കും പരിസര ബോധം വന്നത്.
പിറ്റേന്ന് രാവിലെ പത്തുമണിക്കാണ് നിശ്ചിത ക്ലാസ്. സ്ഥല സൗകര്യം കണക്കിലെടുത്ത് എടക്കര യത്തീംഖാനയിൽ വെച്ചാണ് പരിപാടി നടന്നത്. പത്തര മണിക്ക് ശംസുൽ ഉലമാ അവിടെ എത്തുമ്പോൾ യത്തീംഖാനയിലെ വിശാലമായ ഹാൾ, ക്ലാസിൽ പങ്കെടുക്കാനെത്തിയ പണ്ഡിതന്മാരെ ഉൾക്കൊളളാനാവാതെ ഞെരുങ്ങുകയായിരുന്നു.
10.30 ന് ആരംഭിച്ച ക്ലാസിൽ പണ്ഡിതന്മാർ നിരവധി ചോദ്യങ്ങൾ ചോദിച്ചു. അമ്പിയാക്കൾ “മഅ്സൂമീങ്ങളല്ല എന്ന വാദത്തിന് ക്രിസ്ത്യാനികൾ ഉദ്ധരിക്കാറുളള ആയത്തുകളെക്കുറിച്ച് ചോദിച്ചു. രണ്ടാമതൊരു ചോദ്യത്തിന് അവസരം നൽകാത്ത വിധം സംശയങ്ങൾ വേരോടെ പിഴുതെറിയുന്ന മറുപടി കേൾക്കുമ്പോൾ അറ്റമില്ലാത്ത അദ്ദേഹത്തിന്റെ വിജ്ഞാനം കണ്ട് സദസ്സ് അത്ഭുതപ്പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അതൊരു പുതിയ അനുഭവമായിരുന്നു.“(പണ്ഡിത ജ്യോതിസ്സ്: പേജ്: 254-255)
ഗ്രന്ഥത്തിലെ വിവരണങ്ങൾ തുടരുന്നു:
“അന്ന് വൈകുന്നേരമാവുമ്പോഴേക്കും കഴിഞ്ഞ ദിവസത്തിന്റെ എത്രയോ ഇരട്ടി ജനം എടക്കരയിൽ എത്തിച്ചേർന്നു. ഈ സമയമായപ്പോഴേക്കും എടക്കര ടൗണിലും പരിസരത്തുമുളള ഹോട്ടലുകളിലും ചായക്കടകളിലും കുടിവെളളം പോലും കിട്ടാത്ത അവസ്ഥയായി. ഇശാ നിസ്കാരവും ഭക്ഷണവും കഴിഞ്ഞ് ശൈഖുനാ വേദിയിൽ എത്തുമ്പോൾ വിശാലമായ ഖുതുബി നഗർ ഒരു ജനസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു.
ബൈബിളും, പരിശുദ്ധ ഖുർആനിലെ ആയത്തുകളും എടുത്തുദ്ധരിച്ച് അന്ന് നടത്തിയ ആ പ്രസംഗം കേട്ട് ഇതര മതക്കാർ പോലും സ്തംഭിച്ചു നിന്നുപോയി. മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ പരിപാടി രണ്ടുദിവസം കൊണ്ട് അവസാനിപ്പിച്ചതിൽ മുസ്ലിംകൾക്ക് നിരാശയും ക്രിസ്ത്യാനികൾക്ക് ആശ്വാസവും ആയി.“
ഇതോടെ ക്രിസ്ത്യാനികളുടെ ആ ഭാഗത്തുള്ള മുസ് ലിംകളെ ലക്ഷ്യം വെച്ചുള്ള മിഷണറി പ്രവർത്തനങ്ങൾ നിലച്ചതായും രണ്ട് ദിവസത്തെ പ്രസ്തുത പരിപാടികൾ ക്രിസ്ത്യൻ കേന്ദ്രങ്ങളിൽ അങ്കലാപ്പുകൾ ഉണ്ടാക്കിയതായും മത നേതൃത്വം ഇടപെട്ട് ഒരു വിധത്തിൽ ഒതുക്കി തീർത്തതായും പണ്ഡിത ജ്യോതിസ്സ് എന്ന ഗ്രന്ഥത്തിൽ ശൈഖുനാ ശംസുൽ ഉലമാ സ്മരണിക പേജ്. 153 ൽ നിന്ന് ഉദ്ധരിച്ച് പ്രസ്താവിക്കുന്നുണ്ട്.
ശംസുൽ ഉലമാ(ന.മ) ഉന്നയിച്ച ചോദ്യങ്ങളിൽ ചിലത്
ഈ പരിപാടിയിൽ മിഷനറിമാരുടെ നേരെ ശംസുൽ ഉലമ(ന.മ) ചില ചോദ്യങ്ങൾ ഉന്നയിച്ചു.
ഇഞ്ചിൽ ഈസാ നബി(അ) മിന് ഇറക്കപ്പെട്ട ദൈവീക ഗ്രന്ഥം ആണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അത് ഒന്നു മാത്രമേയുള്ളൂ. യഥാർത്ഥ ഇഞ്ചീലിനെ ബൈബിൾ എന്ന പേരിൽ ലൂക്കാസ്, യോഹന്നാൻ എന്നിങ്ങനെ ഓരോ വ്യക്തികളുടെ പേരിലാക്കി വിഭജിച്ചത് ആരാണ്? ഈസാ നബി(അ) മിൻ്റെ പേരിൽ പിൽകാലത്ത് ആരോ എഴുതി ഉണ്ടാക്കി എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്?
ബൈബിൾ ലൂക്കോസ് 30-ാം അദ്ധ്യായം 38-ാം സൂക്തത്തിൽ ഇങ്ങനെ പറയുന്നു: “ഏതോശ് ശേത്തിന്റെ മകൻ ശേത്ത് ആദാമിന്റെ മകൻ. ആദാം ദൈവത്തിന്റെ പുത്രൻ’ ഈ വാക്യപ്രകാരം എന്ത് കൊണ്ടാണ് ആദം നബിയെ ദൈവപുത്രനെന്ന് വിളിക്കാത്തത്?
ഇവ്വിധമായിരുന്നു ശംസുൽ ഉലമാ(ന.മ) ഉന്നയിച്ച ചോദ്യങ്ങൾ.
ബൈബിളിലെ പിതാവ്, പുത്രൻ എന്ന പ്രയോഗം അദ്ദേഹം വിശദീകരിച്ചു. ബൈബിൾ വികലപ്പെടുത്തിയതാണെന്നു സമർത്ഥിച്ചതോടെ ക്രിസ്തു മതാനുയായികൾ തന്നെ അമ്പരന്നു പോയി. യേശുവിന്റെ കുരിശുമരണം ക്രിസ്തുമതത്തിന്റെ മൗലിക പ്രമാണമാണ്. ഖുർആൻ അതിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ട അപ്പോസ്തലൻമാർ ആ സമയത്ത് ഒളിക്കുകയായിരുന്നുവെന്ന് ബൈബിൾ പറയുന്നു. യേശുവിനെ അവർ തള്ളിപ്പറയുകയും ചെയ്തു. പിന്നെ എങ്ങനെയാണ് സുവിശേഷകൻമാർക്ക് കുരിശുമരണത്തിന്റെ സത്യസന്ധമായ റിപ്പോർട്ട് ലഭിക്കുന്നത്? യഹൂദികളായ ശത്രുക്കളുടെ റിപ്പോർട്ട് അംഗീകരിക്കാമോ? വിചാര വിപ്ലവത്തിന്നുതകുന്ന ചിന്താബന്ധുരമായ ചോദ്യമായിരുന്നു ശംസുൽ ഉലമാ(ന.മ) ഉന്നയിച്ചത്.
കേരള മുസ് ലിം ചരിത്രത്തിലെ നിർണ്ണായകമായ ഈ സന്ദർഭത്തെ സംബന്ധിച്ച് ജനാബ് സെയ്തു മുഹമ്മദ് നിസാമി പ്രസ്താവിക്കുന്നത് നോക്കുക:
“ഏറനാടിന്റെ മലയോര പ്രദേശങ്ങളിൽ ക്രൈസ്തവ മിഷണറി സഭ വിവരം കുറഞ്ഞ മുസ്ലിംകളെ ആശയപരമായി അവതാളത്തിലാക്കുന്ന ദുഃഖകരമായ കാഴ്ച ദീനി പ്രബോധകരുടെ മുമ്പിൽ വെല്ലുവിളി ഉയർത്തിയ സംഭവമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടിയേറ്റ പ്രദേശങ്ങളിൽ ദാരിദ്ര്യം ചൂഷണം ചെയ്തു കൊണ്ടാണ് മുസ്ലിംകളെ ക്രിസ്ത്യാനികളാക്കാൻ ശ്രമം നടത്തുന്നത്. ഇസ്ലാമിനും പ്രവാചകനുമെതിരിൽ നോട്ടീസിറക്കുന്നു. ഈസാനബി(അ) യെക്കുറിച്ച് ഖുർആനിൽ വന്ന ആയത്തുകൾ അർത്ഥം മാറ്റി അറബി മലയാളത്തിൽ അച്ചടിച്ച ലഘുലേഖകൾ മുസ്ലിം വീടുകളിൽ വിതരണം ചെയ്യുന്നു.
ആശയ പ്രപഞ്ചത്തിൽ അടിച്ചു വീശിയ ഈ കൊടുങ്കാറ്റിന്റെ മുന്നിലേക്ക് നമുക്കൊരു ദീദാത്തിനെ അല്ലാഹു നൽകിയതായിരുന്നു അന്ന് ശംസുൽ ഉലമാ(ന.മ). ക്രിസ്ത്യാനികളുടെ മൗലികാശയമായ ത്രിയേകത്വം ബൈബിൾ ഉദ്ധരണിയിലൂടെ അദ്ദേഹം ഖണ്ഡിച്ചു. യേശു ദൈവമാണ്. മനുഷ്യനാണ് എന്ന തത്വം ഒരു ഹിമാലയൻ മൗഢ്യമാണെന്ന് സമർത്ഥിക്കുകയായിരുന്നു പരേതൻ.“(പണ്ഡിത ജ്യോതിസ്സ്: പേജ്: 248-249)
മറ്റ് മത സമുദായങ്ങളുമായി സഹവർത്തിത്വത്തോടെ ജീവിക്കാനും അവരുടെ വിശ്വാസ പാരമ്പര്യങ്ങളെ ആക്ഷേപിക്കാതിരിക്കാനുമാണ് സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പൈതൃകമുള്ള പാരമ്പര്യ മുസ് ലിംകൾ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇസ് ലാമിനെതിരെ കുപ്രചരണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ നിഷ്ക്രിയരായി നിന്ന് സഹിഷ്ണുത പ്രകടിപ്പിക്കുക എന്ന ബാധ്യത മുസ് ലിമീങ്ങൾക്കില്ല എന്ന് മഹത്തായ ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ക്രിസ്ത്യാനികളുൾപ്പെടെയുള്ള മറ്റ് മത സമുദായങ്ങളുമായി സാഹോദര്യത്തോടെ സഹവർത്തിക്കുക എന്നതിന് ഈ പണ്ഡിത മഹത്തുക്കൾ പ്രോത്സാഹനവും നൽകിയിട്ടുണ്ട്. ഈ സന്തുലനം പാലിച്ചു കൊണ്ടുള്ള മത സാമൂദായിക ബന്ധങ്ങളാണ് എക്കാലത്തും നാം കാത്തുസൂക്ഷിക്കേണ്ടത്.
പിൽക്കാലത്ത് കണ്ണൂർ ജില്ലയിലെ മട്ടന്നൂരും സമാനമായ മിഷണറി കുപ്രചരണങ്ങൾ വ്യാപകമായ സന്ദർഭത്തിൽ പ്രദേശത്തെ മുസ് ലിംകൾ ഐക്യകണ്ഠേന ശംസുൽ ഉലമാ(ന.മ) യെ സമീപിച്ചതും മഹാനവർകൾ അത് ഏറ്റെടുത്തതും പ്രദേശത്ത് എത്തി പ്രസംഗിച്ചതും ഒടുവിൽ മേഖലയിലെ മുസ് ലിംകൾക്കിടയിലെ മിഷണറി ദൗത്യത്തിൽ നിന്ന് അവർക്ക് പിന്തിരിയേണ്ടി വന്നതും പ്രമാണമുദ്ധരിച്ച് പണ്ഡിത ജ്യോതിസ്സ് എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.(പണ്ഡിത ജ്യോതിസ്സ്: പേജ്: 261)
മറ്റ് മത സമുദായങ്ങളുമായി സഹവർത്തിത്വത്തോടെ ജീവിക്കാനും അവരുടെ വിശ്വാസ പാരമ്പര്യങ്ങളെ ആക്ഷേപിക്കാതിരിക്കാനുമാണ് സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പൈതൃകമുള്ള പാരമ്പര്യ മുസ് ലിംകൾ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇസ് ലാമിനെതിരെ കുപ്രചരണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ നിഷ്ക്രിയരായി നിന്ന് സഹിഷ്ണുത പ്രകടിപ്പിക്കുക എന്ന ബാധ്യത മുസ് ലിമീങ്ങൾക്കില്ല എന്ന് മഹത്തായ ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ക്രിസ്ത്യാനികളുൾപ്പെടെയുള്ള മറ്റ് മത സമുദായങ്ങളുമായി സാഹോദര്യത്തോടെ സഹവർത്തിക്കുക എന്നതിന് ഈ പണ്ഡിത മഹത്തുക്കൾ പ്രോത്സാഹനവും നൽകിയിട്ടുണ്ട്. ഈ സന്തുലനം പാലിച്ചു കൊണ്ടുള്ള മത സാമൂദായിക ബന്ധങ്ങളാണ് എക്കാലത്തും നാം കാത്തുസൂക്ഷിക്കേണ്ടത്.