റൂമിയിൽ നിന്നും ഇസ്ലാമിനെ അടർത്തുമ്പോൾ/ വിവർത്തനങ്ങളിലെ റൂമിയുടെ മതം

റോസീന അലി:
ആശയ വിവർത്തനം: കെ.എം സുഹൈൽ എലമ്പ്ര:

മൗലാനാ ജലാലുദ്ദീൻ റൂമി(റ) പൗരസ്ത്യ ലോകത്തും പാശ്ചാത്യ ലോകത്തും ഇന്നൊരു സുവർണ്ണതാരമാണ്. മതാതീതമായ വിശാല മാനവികതയുടെ ഒരു സ്നേഹ മതത്തിന്റെ സ്ഥാപകനായി റൂമി(റ)ക്ക് വിപരിണാമം സംഭവിച്ചത് അമേരിക്കൻ ഇംഗ്ലീഷ് വിവർത്തനങ്ങൾ വഴിയാണ്. ആദ്യമേ തന്നെ മൗലിക കൃതികളോട് പൂർണ്ണമായും നീതി ചെയ്യാതെ സംഭവിച്ച വിക്ടോറിയൻ ഇംഗ്ലീഷ് വിവർത്തനങ്ങളെ മാത്രം അവലംബിച്ച് വിവർത്തനങ്ങൾ നിർവ്വഹിക്കുകയും പ്രസ്തുത അവലംബ വിവർത്തന കൃതികളിൽ തന്നെയുള്ള ഇസ്ലാമിക ചിഹ്നങ്ങളെ പുതിയ പരാവർത്തനങ്ങളിൽ പൂർണ്ണമായും മായിക്കുകയും ചെയ്ത് റൂമി(റ)യെ സ്വതന്ത്രമാക്കി പാശ്ചാത്യ ഭാവുകത്വത്തിലേക്ക് ‘ജ്ഞാനസ്നാനം’ ചെയ്ത ധൈഷണിക കൊളണീകരണത്തിന്റെ സമകാലിക പ്രവണതകളെ വിമർശനാത്മകമായി അവലോകനം ചെയ്യുന്ന പഠന ലേഖനം. ന്യൂയോർക്കറിലെ എഡിറ്റോറിയൽ സ്റ്റാഫായ റോസിന അലി The Erasure of Islam from the Poetry of Rumi
എന്ന ശീർഷകത്തിൽ ന്യൂയോർക്കറിൽ തന്നെ എഴുതിയ ലേഖനത്തിന്റെ ആശയ വിവർത്തനം.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, -ബ്രിട്ടീഷ് റോക്ക് ഡാൻസ് ആയ-കോൾഡ്പ്ലേയുടെ (cold Play) ക്രിസ് മാർട്ടിൻ, ഗ്വിനെത്ത് പാൽട്രോ എന്ന നടിയിൽ നിന്ന് വിവാഹമോചതനായി. മാർട്ടിൻ്റെ ജീവിതത്തെ സംതൃപ്തിപ്പെട്ടത്താൻ അയാളുടെ സുഹൃത്ത് ഒരു പുസ്തകം നൽകി.
കാൾമാൻ ബാർക്സ് വിവർത്തനം ചെയ്ത”It kind of changed my life ” എന്ന പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയായ ജലാലുദ്ദീൻ റൂമിയുടെ കവിതാസമാഹാരമായിരുന്നത്.
മാർട്ടിൻ പിന്നീട് ഒരഭിമുഖത്തിൽ പറഞ്ഞു:
”കോൾഡ്പ്ലേയുടെ ഏറ്റവും പുതിയ ആൽബത്തിൽ നിന്നുള്ള ഒരു ട്രാക്കിൽ ബാർക്സ് കവിതകൾ ചൊല്ലുന്നുണ്ട്.
“മനുഷ്യൻ ഒരു അതിഥിമന്ദിരമാണ് / ഒരോ പ്രഭാതവും പുതുതായെത്തുന്നു / സന്തോഷം, വിഷാദം, വ്യർത്ഥം, / ക്ഷണികമായ അവബോധവും വരും/ ഒരു അപ്രതീക്ഷിത സന്ദർശകനായി.”
മറ്റ് സെലിബ്രിറ്റികളുടെ ആത്മീയ യാത്രകളെയും റൂമി സ്വാധീനിച്ചിട്ടുണ്ട്. മഡോണ, ടിൽഡ സ്വിന്റൺ എന്നിവരൊക്കെ സമാനമായ അദ്ദേഹത്തിന്റെ രചനകൾ അവരുടെ ആൽബങ്ങളിൽ ഉൾപ്പെടുത്തി. പ്രചോദനപരവും തത്വജ്ഞാന സന്ദേശങ്ങളുൾക്കൊള്ളുന്നതുമായ റൂമി കാവ്യസൂക്തങ്ങൾ(Aphorisms ) സോഷ്യൽ മീഡിയയിൽ ദിനംപ്രതി പ്രചരിക്കുന്നു. അവയിൽ ചിലതിവയാണ്.
“എല്ലാ തിരുമ്മലിലും നിങ്ങൾ പ്രകോപിതനാണെങ്കിൽ, എപ്പോഴെങ്കിലുമത് നിങ്ങളെ മിനുസപ്പെടുത്തും /ഓരോ നിമിഷവും വിധിയെ ഒരു ഉളികൊണ്ട് ഞാൻ രൂപപ്പെടുത്തുന്നു. എന്റെ ആത്മാവിന്റെ തച്ചനാണു ഞാൻ. ”
ഇൻ്റെർനെറ്റിലും മറ്റും വ്യാപകമായി പ്രചരിക്കുന്നതിലധികവും കോൾമാൻ ബാർക്കിൻ്റെ വിവർത്തനങ്ങളാണ്. അമേരിക്കൻ ബുക്ക് സ്റ്റോർ നിരകളിൽ പ്രധാനപ്പെട്ടതും വിവാഹവേളകളിൽ പാരായണം ചെയ്യുന്നതും ഈ കവിതകളാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവിയെന്ന( the best-selling poet in the United States) ഖ്യാതിയും റൂമിക്കുണ്ട്. ആത്മജ്ഞാനി (mystic ), വിശുദ്ധൻ, സൂഫി, പ്രബുദ്ധനായ മനുഷ്യൻ (enlightened man)എന്നൊക്കെയാണ്റൂമി(റ) വിളിക്കപ്പെടുന്നത്. ഖുർആനിന്റെയും ഇസ്ലാമിന്റെയും ആജീവനാന്ത പണ്ഡിതനായിരുന്നുവെങ്കിലും അദ്ദേഹം ഒരു മുസ്ലിം എന്ന് വിശേഷിപ്പിപ്പെടാറില്ല എന്നതാണ് കൗതുകരം.
മാർട്ടിൻ തന്റെ ആൽബത്തിൽ അവതരിപ്പിച്ച വാക്കുകൾ റൂമിയുടെ “മസ്നവി” യിൽ നിന്നാണ്, ജീവിതാവസാനം അദ്ദേഹം എഴുതിയ ആറ് പുസ്തകങ്ങളുള്ള ഇതിഹാസകാവ്യമാണ് മസ്നവി. അതിന്റെ അമ്പതിനായിരം വരികളിൽ കൂടുതലും പേർഷ്യൻ ഭാഷയിലാണെങ്കിലും മുസ്ലിം തിരുവെഴുത്തുകളിൽ നിന്നുള്ള(ഖുർആനിൽ നിന്നും ഹദീസിൽ നിന്നുമുള്ള) അറബി ഭാഗങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നു. ധാർമ്മികാദ്ധ്യാപനങ്ങൾ നൽകുന്ന ഖുർആനിക സംഭവവികാസങ്ങളെ ഈ പുസ്തകം നിരന്തരം സൂചിപ്പിക്കുന്നുണ്ട്. (ചില പണ്ഡിതന്മാർ പൂർത്തിയാകാത്തതായി കരുതുന്ന ഈ കൃതിയെ പേർഷ്യൻ ഖുർആൻ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്). റൂമി ഖുർആൻ മനപാഠമാക്കിയിരിക്കാമെന്ന്,
മേരിലാൻഡ് സർവകലാശാലയിലെ (University of Maryland ) പേർഷ്യൻ പഠനങ്ങളുടെ പ്രൊഫസറായ ഫത്തേമെ കേശവാർസ് (Fatemeh Keshavarz )എന്നോട് പറഞ്ഞു.
‘മതത്തിന്റെ വേരുകളുടെ ആഴങ്ങൾ ‘ – ( മതം എന്നത് കൊണ്ട് ഇസ്ലാമെന്നാണ് വിവക്ഷിക്കുന്നത് ) ‘ഖുർആനിന്റെ വിശദീകരണം’ എന്നൊക്കെയാണ് റൂമി(റ) തന്നെ തൻ്റെ മസ്നിവയെ വിശേഷിപ്പിച്ചത്. എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിവർത്തനങ്ങളിൽ മതത്തിന്റെ ഒരു സൂചന പേലുമില്ല. ആദ്യ കാല സൂഫിസത്തെ കുറിച്ച പഠനത്തിൽ അഗ്രഗണ്യനായ പണ്ഡിതൻ റട്ജേഴ്സിലെ(Rutgers) ജാവേദ് മുജദ്ദിദി ( Jawid Mojaddedi)അടുത്തിടെ എന്നോട് പറഞ്ഞു.
“ജനം ഇഷ്ടപ്പെടുന്ന റൂമി ഇംഗ്ലീഷിൽ വളരെ മനോഹരമാണ്. അദ്ധേഹത്തിൻ്റെ സംസ്കാരവും മതവും മറച്ചുവെച്ചതിന് വലിയ വില തന്നെ നൽകേണ്ടി വരും”.

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇപ്പോഴെത്തെ അഫ്ഗാനിസ്ഥാനിലാണ് റൂമി(റ) ജനിക്കുന്നത്. പിന്നീട് അദ്ദേഹം ഇന്നത്തെ തുർക്കിയിലെ കൊന്യയിൽ ( Konya )കുടുംബത്തോടൊപ്പം താമസമാക്കി. പ്രസംഗകനും മതപണ്ഡിതനുമായിരുന്ന പിതാവ് റൂമിയെ സൂഫിസത്തിലേക്ക് വഴി നടത്തി. റൂമി സിറിയയിൽ തന്റെ ദൈവശാസ്ത്ര (theological ) വിദ്യാഭ്യാസം തുടർന്നു. അവിടെ നിന്ന് സുന്നി ഇസ്ലാമിന്റെ കൂടുതൽ പരമ്പരാഗതമായ നിയമസംഹിതകൾ പഠിച്ചു. ശേഷം ഒരു മതപാഠശാല അധ്യാപകനായി കൊന്യയിലേക്ക് മടങ്ങി. അവിടെവച്ചാണ് ഒരു മുതിർന്ന സഞ്ചാരിയായ ഷംസ്-ഇ-തബ്രിസിനെ ( Shams-i-Tabriz ) കണ്ടുമുട്ടിയത്. അദ്ദേഹം റൂമി(റ)യുടെ ഗുരുവായി. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ സ്വഭാവം വളരെയധികം സംവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. എന്നാൽ ശംസ് തബ് രീസി(റ) റൂമിയുടെ മതപരമായ ആചാരത്തിലും അദ്ദേഹത്തിന്റെ കവിതയിലും ശാശ്വത സ്വാധീനം ചെലുത്തിയെന്നത് എല്ലാവരും സമ്മതിക്കുന്നു. റൂമിയെ തന്റെ ഗ്രന്ഥരചന വൈദഗ്ദ്യത്തിലും ഖുറാനിക് ഭാഗങ്ങൾ അദ്ധേഹവുമായി സംവദിച്ച് ദൈവവുമായി ഐക്യപ്പെടാനുള്ള ഭക്തിയുടെ ആശയങ്ങൾ നിലയുറപ്പിക്കുന്നതിലും ശംസുത്തബ്രീസി സ്വാധീനിച്ചുവെന്ന് റൂമിയുടെ ഒരു പുതിയ ജീവചരിത്രമായ “റൂമിയുടെ രഹസ്യം” ( “Rumi’s Secret” ) എന്ന ഗ്രന്ഥത്തിൽ ബ്രാഡ് ഗോച്ച് (Brad gooch) നിക്ഷിക്കുന്നുണ്ട്. ആത്മജാനത്തിൻ്റെ ചിന്തകളും
സുന്നി ഇസ്ലാമിന്റെ നിയമ കോഡുകളും ഷംസിൽ നിന്ന് പഠിച്ച റൂമി സൂഫിസത്തിലൂടെ ദൈവത്തോടുള്ള ശക്തമായ സ്നേഹത്തിലിഞ്ഞവരായിരുന്നു.
ഈ അസാധാരണമായ സ്വാധീനം സമകാലികരിൽ നിന്നും റൂമിയെ വ്യത്യസ്തനാക്കി, കേശവാർസ് (Keshavar z) എന്നോട് പറഞ്ഞു.’കോസ്മോപൊളിറ്റൻ കോന്യയിൽ (Konya) സൂഫികൾ, മുസ്ലീം അക്ഷരജ്ഞാനികൾ, ദൈവശാസ്ത്രജ്ഞർ, ക്രിസ്ത്യാനികൾ, ജൂതന്മാർ, പ്രാദേശിക സുന്നി സെൽജുക് ഭരണാധികാരികൾ എന്നിവരടക്കം ഒരു വലിയ അനുയായിയെ വൃന്ദത്തെ സൃഷ്ടിക്കാൻ റൂമിക്ക് സാധിച്ചു’. “സീക്രട്ട് ഓഫ്റൂമി”യിൽ, റൂമിയെ സ്വാധീനിച്ച രാഷ്ട്രീയ സംഭവങ്ങളെയും മതവിദ്യാഭ്യാസത്തെയും ഗൂച്ച് വിവരിക്കുന്നുണ്ട്. “റൂമി ഒരു മതകുടുംബത്തിൽ ജനിച്ചു, ജീവിതത്തിലുടനീളം മതവിധികൾ പാലിക്കുകയും ദൈനംദിന പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും നിയമങ്ങൾ അനുസരിച്ചു”. ഗോച്ചിന്റെ ഗ്രന്ഥത്തിൽ പോലും ഈ വസ്തുതകൾ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും റൂമി തന്റെ ഈ പശ്ചാത്തലത്തെ(മതാത്മകമായ) മറികടന്നുവെന്ന നിഗമനത്തിലെത്താനുള്ള ആഗ്രഹവും ഈ വസ്തുതകളും തമ്മിൽ ഒരു സംഘർഷമുണ്ട്. ഗൂച്ച് പറയുന്നതുപോലെ, ‘അദ്ദേഹം സ്നേഹത്തിന്റെ ഒരു മതത്തിന് അവകാശവാദങ്ങൾ ഉന്നയിച്ചു. എല്ലാ സംഘടിത വിശ്വാസങ്ങൾക്കും അതീതമാണത്’. റൂമിയുടെ ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇസ്ലാമികാദ്ധ്യാപനങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതാണ് ഇത്തരം വായനകളിൽ നിന്ന് നഷ്ടപ്പെടുന്നത്. മുജദ്ദിദി സൂചിപ്പിക്കുന്നത് പോലെ, ഖുർആൻ ക്രിസ്ത്യാനികളെയും യഹൂദന്മാരെയും “വേദക്കാർ” ആയി അംഗീകരിക്കുന്നു. ഇത് സാർവത്രികതയിലേക്കുള്ള ഒരു തുടക്കമിടുന്നു. “ഇന്ന് റൂമിയിൽ പലരും ബഹുമാനിക്കുന്ന സാർവത്രികത അദ്ദേഹത്തിന്റെ മുസ്ലിം പശ്ചാത്തലത്തിൽ നിന്നാണ്.”
റൂമിയുടെ കവിതകളിൽ നിന്ന് ഇസ്ലാമിനെ മായ്ക്കുന്ന പ്രക്രിയ (ഈ കവിതകൾ) കോൾഡ്പ്ലേയിൽ (cold play) ഉൾപ്പെടുത്തുന്നതിന് വളരെ മുമ്പുതന്നെ ആരംഭിച്ചു. വിക്ടോറിയൻ കാലഘട്ടത്തിലാണ് പടിഞ്ഞാറൻ വായനക്കാർ ഇസ്ലാമിക വേരുകളിൽ നിന്ന് സൂഫി കവിതകളെ അടർത്തിമാറ്റാൻ തുടങ്ങിയതെന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ (Duke Univasity) മിഡിൽ ഈസ്റ്റേൺ, ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറായ ഒമിഡ് സാഫി (Omid safii) പറയുന്നു. അക്കാലത്തെ വിവർത്തകർക്കും ദൈവശാസ്ത്രജ്ഞർക്കും അസാധാരണമായ ധാർമ്മിക നിയമങ്ങളുള്ള ‘മരൂഭൂമിയിലെ മതത്തെ’ കുറിച്ചുള്ള ആശയങ്ങളും റൂമി(റ) ഹാഫിസ്(റ) പോലുള്ളവരുടെ കാവ്യരചനകളും തമ്മിൽ അനുരഞ്ജിപ്പിക്കാനായില്ല.”ഇവർ ആത്മജ്ഞാനികളായത് ഇസ്ലാം നിമിത്തമല്ല മറിച്ചവരുടെ ഇസ്ലാമിനോടുള്ള വൈരം നിമിത്തമാണ് ” എന്ന രൂപത്തിലാണവർ വിശദീകരിച്ചെതെന്ന് സാഫി എന്നോട് പറഞ്ഞു. നിയമപരമായ വിവേചനത്തിലൂ മുസ്ലീങ്ങളെ ഒറ്റപ്പെടുത്തിയിരുന്ന സമയമായിരുന്നത്. നിയമപരമായ വിവേചനത്തിലൂടെ മുസ് ലിംകളെ ഒറ്റപ്പെടുത്തുന്ന സമയമാണിത്. 1790 മുതൽ നിലവിലുണ്ടായിരുന്ന അമേരിക്കയിലെ കുടിയേറ്റ നിയമം ഒരു നൂറ്റാണ്ടിനുശേഷം അമേരിക്കൻ സുപ്രീം കോടതി വിവരിച്ചതുപോലെ “മറ്റെല്ലാ വിഭാഗങ്ങളോടും, പ്രത്യേകിച്ച് ക്രിസ്ത്യാനികളോടും മുസ്ലിം വിശ്വാസികളോടുള്ള കടുത്ത ശത്രുത” മുസ്ലിംകൾക്കു മാത്രമല്ല മറ്റ് വിഭാഗങ്ങൾക്കും പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്കും കുടിയേറ്റത്തിനുള്ള അവസരം വെട്ടിക്കുറച്ചു.
1898-ൽ, “മസ്നവി” യുടെ വിവർത്തനത്തിന്റെ ആമുഖത്തിൽ സർ ജെയിംസ് റെഡ് ഹൌസ് (Sir James Redhouse ) എഴുതി:
“ലോകം വിടാനും ദൈവത്തോടൊപ്പം ജീവിക്കാനും ശ്രമിക്കുന്നവരെ മസ്നവി അഭിസംബോധന ചെയ്യുന്നു. ആത്മീയചിന്തയ്ക്കായി സ്വയം അർപ്പിക്കുകയും ചെയ്യുന്നു.”
ഇതോടെ പടിഞ്ഞാറൻ രാജ്യങ്ങളിൽ റൂമിയും ഇസ്ലാമും വേർപിരിഞ്ഞു.
ഇരുപതാം നൂറ്റാണ്ടിൽ, പ്രമുഖ പരിഭാഷകരിലെ ആർ. എ. നിക്കോൾസൺ, എ. ജെ. ആർബെറി, ആനിമേരി ഷിമ്മൽ (A. Nicholson, A. J. Arberry, and Annemarie Schimmel) എന്നിവർ ഇംഗ്ലീഷ് ഭാഷയിൽ റൂമിയുടെ സാന്നിധ്യം ശക്തിപ്പെടുത്തി. റൂമി വായനക്കാരുടെ എണ്ണം വിപുലമാക്കിയത് കോൾമാൻ ബാർക്സാണ്. അദ്ദേഹം ഒരു വ്യാഖ്യാതാവിനെപ്പോലെയുള്ള വിവർത്തകനല്ല. പേർഷ്യൻ വായിക്കുകയോ എഴുതുകയോ ചെയ്യുന്നവനുമല്ല. അദ്ദേഹം പത്തൊൻപതാം നൂറ്റാണ്ടിലെ(ഉപരി സൂചിത) വിവർത്തനങ്ങളെ അമേരിക്കൻ വാക്യമാക്കി മാറ്റുക മാത്രമായായിരുന്നു.
1937 ൽ ജനിച്ച ബാർക്സ് ടെന്നസിയിലെ ചട്ടനൂഗയിലാണ് (Chattanooga, Tennessee) വളർന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടിയ ഇദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം “ദി ജ്യൂസ്” (The Juice)1971 ൽ പ്രസിദ്ധീകരിച്ചു. ഈ ദശകത്തിന്റെ അവസാനത്തിലാണ് ആദ്യമായി
അദ്ദേഹം റൂമിയെക്കുറിച്ചറിയുന്നത്. കവിയായ റോബർട്ട് ബ്ലൈ(Robert Bly ) ബാർക്സിന്,ആർബറി (Arberry ) വിവർത്തനം ചെയ്ത “released from their cages” ൻ്റെ പകർപ്പ് കൈമാറി.(1990 മുതൽ മുപ്പത് വർഷത്തിലേറെയായി ന്യൂയോർക്കറിൽ കവിത പ്രസിദ്ധീകരിക്കുന്ന ബ്ലൈയുടെ “Iron John: A Book About Men “എന്ന പുസ്തകം ആധുനിക പുരുഷ പ്രസ്ഥാനങ്ങളെ(1960-70 കാലഘട്ടത്തിൽ പാശ്ചാത്യലോകത്ത് ഉരുവം കൊണ്ട ഒരു ജെൻഡർ സാമൂഹിക പ്രസ്ഥാനമാണിത്) ശക്തമായി സ്വാധീനിച്ചു. പിന്നീട് ചില റൂമികവിതകൾ സ്വയം വിവർത്തനം ചെയ്തിട്ടുമുണ്ട്.)
കോൾമാൻ ബാർക്സ് ഇസ്ലാമിക സാഹിത്യം പഠിച്ചയാളൊന്നുമല്ല. എങ്കിലും അദ്ദേഹം അടുത്തിടെ എന്നോട് ഫോണിലൂടെ സംസാരിച്ചതിങ്ങനെയായിരുന്നു. അയാൾക്കൊരു സ്വപ്നദർശനമുണ്ടായി. പുഴയോരത്ത് നിന്ദ്രയിലായിരിക്കെ ഒരു അപരിചിതൻ പ്രകാശവലയത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് “ഞാൻ നിന്നെ സ്നേഹിക്കുന്നു ” എന്ന് പറഞ്ഞു. ബാർക്ക്സ് ഈ മനുഷ്യനെ മുമ്പ് കണ്ടിരുന്നില്ലത്രേ. എന്നാൽ അടുത്ത വർഷം ഫിലാഡൽഫിയയ്ക്കടുത്തുള്ള ഒരു സൂഫി ഓർഡറിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടി. ആ മനുഷ്യൻ ഓർഡറിന്റെ നേതാവായിരുന്നു. അതിനു ശേഷം ബാർക്സ്, കവി ബ്ലൈ നൽകിയ വിക്ടോറിയൻ വിവർത്തനങ്ങൾ പഠിക്കാനും വീണ്ടും എഴുതാനും തുടങ്ങി. അതിനുശേഷം അദ്ദേഹത്തിൻ്റെ ഒരു ഡസനിലധികം റൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ഞങ്ങളുടെ സംഭാഷണത്തിനിടയിൽ, റൂമി കവിതയെ “ഹൃദയം തുറക്കുന്നതിന്റെ രഹസ്യം (the mystery of opening the heart)എന്ന് വിശേഷിപ്പിച്ച ബാർക്സ്, ഇതൊരു ഭാഷയിലൂടെ വിവരണാതീതമെന്നും കൂട്ടിച്ചേർത്തു. ഈയൊരു പരിമിതിയുടെ പേരു പാഞ്ഞ് റൂമി വിവർത്തനത്തിൽ അദ്ധേഹം സ്വതാൽപര്യത്തിനൊത്ത സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. ഇസ്ലാമിനെക്കുറിച്ചുള്ള പരാമർശങ്ങൾ വെട്ടിത്തിരുത്തി.
‘Like this ‘ എന്ന പ്രസിദ്ധമായ കവിത യിൽ ആർബെറി അതിന്റെ ഒരു വരി വിശ്വസ്തതയോടെ വിവർത്തനം ചെയ്യുന്നു.
“ആരെങ്കിലും നിങ്ങളോട് ഹൂറികളെ കുറിച്ച് ചോദിച്ചാൽ, നിങ്ങളുടെ മുഖം കാണിച്ച് ‘ഇപ്രകാരമെന്ന് ‘ പറയുക “. ഇസ്ലാമിക പറുദീസയിൽ വാഗ്ദാനം ചെയ്യപ്പെട്ട കന്യകമാരാണ് ഹൂറികൾ. ഈ വാക്കിന്റെ അക്ഷരീയ വിവർത്തനം പോലും ബാർക്സ് ഒഴിവാക്കുന്നു. അദ്ദേഹത്തിന്റെ പതിപ്പിലിങ്ങനെ കുറിച്ചു. “നിങ്ങളുടെ സർവ്വലൈംഗിക താൽപ്പര്യങ്ങളിലും തികഞ്ഞ സംതൃപ്തി എങ്ങനെ കാണപ്പെടുമെന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ, നിങ്ങളുടെ മുഖം ഉയർത്തി ‘ഇതുപോലെ ”എന്ന് പറയുക.” ഇങ്ങനെ മതപരമായ പശ്ചാത്തലം തുടച്ച് നീക്കി. അതേ കവിതയിൽ തന്നെ ചിലയിടങ്ങളിൽ ബാർക്സ് യേശുവിനെയും ജോസഫിനെയും പരാമർശിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, അദ്ദേഹം എന്നോട് പറഞ്ഞു. ഇസ്ലാമിക പരാമർശങ്ങൾ നീക്കം ചെയ്യാൻ മന:പൂർവ്വം ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് ഓർമിക്കാൻ കഴിയുന്നില്ല. പുരോഹിതരാണെന്നെ വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ബൈബിൾ വാക്യങ്ങൾ ഹൃദ്യസ്ഥമാക്കിയിരുന്നു. ഖുർആനിനേക്കാൾ പുതിയനിയമം എനിക്കറിയാം. ഖുർആൻ വായിക്കാൻ പ്രയാസമാണെന്നും ബാർക്സ് കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ദശലക്ഷക്കണക്കിന് വായനക്കാർക്ക് റൂമിയെ പരിചയപ്പെടുത്തിയ ബാർക്ക്സിനെ ഓമിഡ് സഫിയും അംഗീകരിക്കുന്നു. റൂമിയെ അമേരിക്കൻ വാക്യത്തിലേക്ക് വിപരിണാമം ചെയ്യുന്നതിന് വേണ്ടി കവിയുടെ കൃതികൾക്കും ജീവിതത്തിനുമായി ബാർക്സ് ഗണ്യമായ സമയവും സ്നേഹവും സമർപ്പിച്ചു. മൂല ഗ്രനഥത്തിൽ നിന്നും വ്യത്യസ്തമായ റൂമിയുടെ മറ്റു പല പതിപ്പുകളമുണ്ട്. റൂമികവിതയുമായി ഒട്ടും സാമ്യതയില്ലാത്ത, ദീപക് ചോപ്ര, ഡാനിയൽ ലാഡിൻസ്കി എന്നിവരുടെ ന്യൂ ഏജ് പുസ്തകങ്ങൾ റൂമിയുടെ പേരിൽ വിപണനം ചെയ്യപ്പെടുന്നു എന്നത് തന്നെ ഉദാഹരണം. തന്റെ കവിതകൾ റൂമിയുടെ വാക്കുകളല്ലെന്ന് ആത്മീയ കൃതികളുടെ രചയിതാവും ബദൽ വൈദ്യശാസ്ത്ര ഗവേഷകനുമായ ചോപ്ര സമ്മതിക്കുന്നു.“റൂമിയുടെ പ്രണയകവിതകൾ” എന്ന ആമുഖത്തിൽ അദ്ദേഹം എഴുതി. “പേർഷ്യയിൽ നിന്നുത്ഭവിച്ച ചില വാക്യങ്ങളായി നാം ഗ്രഹിച്ച മാനസികാവസ്ഥകളാണിത്. ഇതൊരു പുതിയ സൃഷ്ടിക്ക് ജീവൻ നൽകുകയും അതിന്റെ ഉറവിടത്തിന്റെ സത്ത നിലനിർത്തുകയും ചെയ്യുന്നു.”
ഒരു തരം ‘ആത്മീയ കൊളോണിയലിസം’ ( spiritual colonialism) രൂപപ്പെട്ടിരിക്കുന്നുവെന്ന് ഈ നവയുഗ വിവർത്തനങ്ങൾ ചർച്ച ചെയ്തുകൊണ്ട് സാഫി പറഞ്ഞു. ബോസ്നിയ, ഇസ്താംബുൾ മുതൽ കൊന്യവരെയും ഇറാൻ മുതൽ മധ്യ-ദക്ഷിണേഷ്യ വരേയും മുസ്ലീങ്ങൾ ജീവിക്കുകയും ശ്വസിക്കുകയും ആന്തരവത്കരിക്കുകയും ചെയ്ത ഒരു ആത്മീയ ഭൂപ്രകൃതിയെ മറച്ചു വെക്കുകയും കൈവശപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. മതപരമായ പാശ്ചാത്തലത്തിൽ നിന്നും ആത്മീയതയെ വേർതിരിച്ചെടുക്കുന്നതിന് ആഴത്തിലുള്ള പ്രതിഫലനങ്ങളുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ മൈക്കൽ ഫ്ലിൻ ഉൾപ്പെടെയുള്ളവർ ഇസ്ലാമിനെ പതിവായി “കാൻസർ” എന്നക്കെ വിശേഷിപ്പിക്കുന്നു. പാശ്ചാത്യേതര, വെള്ളക്കാരല്ലാത്ത ജനങ്ങൾ നാഗരികതയ്ക്ക് സംഭാവന നൽകിയിട്ടില്ലെന്ന് ഇന്നും നയരൂപീകരണ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
റൂമിയെ സംബന്ധിച്ച് മതം എന്നത് രണ്ടാം സ്ഥാനത്തുള്ളതായാണ് കോൾമാൻ ബാർക്സ് പോലുള്ളവർ കാണുന്നത്. “മതം ലോകത്തെ സംബന്ധിച്ചിടത്തോളം ഒരു തർക്കവിഷയമാണ്” അദ്ദേഹം എന്നോട് പറഞ്ഞു. “എനിക്ക് എന്റെ സത്യം ലഭിച്ചു, നിങ്ങൾക്ക് നിങ്ങളുടെ സത്യം ലഭിച്ചു – ഇത് അസംബന്ധമാണ്. നാമെല്ലാവരും ഇതിൽ ഒന്നാണ്, ഞാൻ എന്റെ ഹൃദയം തുറക്കാൻ ശ്രമിക്കുകയാണ്, റൂമിയുടെ കവിതകൾ അതിനെ സഹായിക്കുന്നു. ” ഈ തത്ത്വചിന്തയിൽ റൂമിയുടെ കവിതയോടുള്ള സമീപനത്തിന്റെ ചിലത് കണ്ടെത്താം. പേർഷ്യൻ കാവ്യശൈലിക്കും പ്രാസഭംഗിക്കും വേണ്ടി അനുയോജ്യമായ രീതിയിൽ ചില ശൈലീ ഭേദങ്ങളോടെ ഖുർആനിക വാക്യങ്ങളെ റൂമി സ്വാംശീകരിച്ചു. റൂമിയുടെ പേർഷ്യൻ വായനക്കാർ ഈ തന്ത്രം തിരിച്ചറിയുമ്പോൾ, മിക്ക അമേരിക്കൻ വായനക്കാർക്കും ഇസ്ലാമിക ബ്ലൂപ്രിന്റിനെക്കുറിച്ച് അറിയില്ല. ഖുർആനില്ലാതെ റൂമിയെ വായിക്കുന്നതിനെ ബൈബിളില്ലാതെ മിൽട്ടൺ വായിക്കുന്നതിനോട് സാഫി താരതമ്യപ്പെടുത്തുന്നുണ്ട്. റൂമി മത വിരുദ്ധനാണെങ്കിൽ, മുസ്ലിം പശ്ചാത്തലത്തിൽ മതവിരുദ്ധനാരാണെന്നു തിരിച്ചറിയേണ്ടത് പ്രധാനമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്ലാമിക സംസ്കാരത്തിൽ ഇത്തരക്കാർക്കും ഇടമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കട്ടെ. റൂമിയുടെ കൃതികൾ മതവുമായി മാത്രം ബന്ധപ്പെട്ടതല്ല. അവ ഇസ്ലാമിക പാണ്ഡിത്യത്തിനുള്ളിലെ ചരിത്രപരമായ ചലനാത്മകതയെ പ്രതിനിധീകരിക്കുന്നുണ്ട്.
സാമ്പ്രദായിക മതവായനകളെ അതിവർത്തിക്കുന്ന പര്യവേഷണാത്മകമായ ഒരു രീതിയിലാണ് റൂമി ഖുർആനിനെയും ഹദീസുകളെയും ഉപയോഗിച്ചത്. കോൾമാൻ ബാർക്സിന്റെ ജനപ്രിയ വിവർത്തനത്തിലെ : “ശരിയും തെറ്റും എന്നതിനപ്പുറം ആശയങ്ങൾക്കൊരു സ്ഥാനമുണ്ട് ഞാൻ നിങ്ങളെയവിടെ ദർശിക്കും.” എന്നതിൽ ‘ശരി ‘ ‘തെറ്റ് ‘ എന്നല്ല റൂമി എഴുതിയത്.
റൂമിയുടെ മൂല ഗ്രന്ഥത്തിലെ ”ഈമാൻ ” -മതം, “കുഫ്ർ ” -അവിശ്വാസം (“iman” -religion and “kufr ” -infidelity) എന്നിങ്ങനെയുള്ള പരാമമർശങ്ങളെയാണിവ്വിധം മൊഴിമാറ്റീട്ടുള്ളത്. വിശ്വാസത്തിന്റെ അടിസ്ഥാനം മതസംഹിതക്കപ്പുറം അനുകമ്പയുടെയും സ്നേഹത്തിന്റെയും
ഉന്നത സ്ഥാനത്തിലാണെന്ന് ഒരു മുസ്ലീം പണ്ഡിതൻ പറയുന്നത് നിരീക്ഷിക്കാം. എഴുനൂറിലധികം വർഷങ്ങൾക്കുമുമ്പ് റൂമി മുന്നോട്ടുവച്ചയൊരു വ്യാഖ്യാനമാണ് നാമും ഒരുപക്ഷേ പല മുസ്ലിം പണ്ഡിതരും സമൂലമായി പരിഗണിക്കുന്നത്.
അത്തരം വായനകൾ അക്കാലത്ത് തികച്ചും അദ്വിതീയമായിരുന്നില്ല. സമാനതകളില്ലാത്ത വിവേകത്തോടെ റൂമിയുടെ കൃതികൾ മതാത്മക ആത്മീയതക്കും സ്ഥാപന വത്കരിക്കപ്പെട്ട വിശ്വാസത്തിനുമിടയിലുള്ള വിശാലമായ മുന്നേറ്റവും പ്രതിഫലനവും സൃഷ്ടിക്കുന്നു.
സാഫി പറഞ്ഞു. “ചരിത്രപരമായി പറഞ്ഞാൽ റൂമിയും ഹാഫിസുമുൾപ്പെടെ മുസ്ലിംകളുടെ കാവ്യഭാവനയെ പ്രചോദിപ്പിച്ചതും രൂപപ്പെടുത്തിയതും ഖുർആനല്ലാതെ മറ്റൊന്നുമല്ല.” അതുകൊണ്ടാണ് എഴുത്തുകാർ കൈകൊണ്ട് കൃതികൾ പകർത്തിയെഴുതുന്ന ഒരു കാലത്ത് നിർമ്മിച്ച റൂമിയുടെ വമ്പിച്ച രചനകളിന്നും നിലനിൽക്കുന്നത്.

എഴുത്തുകാരനും വിവർത്തകനുമായ സിനാൻ ആന്റൂൺ പറഞ്ഞു:
“ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധി മാത്രല്ല. അത് സ്മരണകളുടെയും പാരമ്പര്യം, പൈതൃകം എന്നിവയുടെയും ഒരു സംഭരണി കൂടിയാണ്. രണ്ട് സംസ്കാരങ്ങൾക്കിടയിൽ അന്തർലീനമായ നൈസർഗ്ഗിക അന്തർധാരയെ ബന്ധിപ്പിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തനമാണ് വിവർത്തകർ ഏറ്റെടുക്കുന്നത്. ഉദാഹരണത്തിന്, പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയെ സമകാലീന അമേരിക്കൻ അനുവാചകർക്ക് മനസ്സിലാക്കാവുന്ന വിധത്തിൽ എങ്ങനെ നിർമ്മിക്കാമെന്ന് അവർ കണ്ടെത്തണം. എങ്കിലും മൂല കൃതിയോട് വിശ്വസ്തത പുലർത്താൻ അവർക്ക് ഒരു ഉത്തരവാദിത്തമുണ്ട്. ഒരു ശരീഅത്ത് പ്രൊഫസർക്ക് ലോകത്ത് വ്യാപകമായി വായിക്കപ്പെടുന്ന പ്രണയകവിതകളിൽ ചിലത് എഴുതാൻ കഴിയുമെന്ന് റൂമി വായനക്കാർക്ക് തിരിച്ചറിയാൻ സഹായിക്കും.
“മസ്നവിയുടെ” ആറ് പുസ്തകങ്ങളും വിവർത്തനം ചെയ്യാനുള്ള ഒരു വർഷത്തെ പദ്ധതിയിലാണ് ജാവിദ് മുജദ്ദിദി (Jawid Mojaddedi)
ഇപ്പോൾ. അവയിൽ മൂന്നെണ്ണം പ്രസിദ്ധീകരിച്ചു. നാലാമത്തേത് ഈ വസന്തകാലത്താണ് പ്രസിദ്ധീകരിക്കുക. റൂമി ഉപയോഗിച്ച ഖുർആൻ, ഹദീസ് എന്നിവയിലെ അറബിപദങ്ങൾ സൂചിപ്പിക്കാൻ ഇറ്റാലിക്സ് ശൈലി സ്വീകരിച്ചിട്ടുണ്ട്. അടിക്കുറിപ്പുകളാൽ വിവർത്തന ഗ്രന്ഥം ഗഹനമാക്കീട്ടുമുണ്ട്. അവ വായിക്കാൻ കുറച്ച് ശ്രമം ആവശ്യമാണ്. ഒരുപക്ഷേ ഒരാളുടെ മുൻധാരണകൾക്കപ്പുറത്ത് കാണാനുള്ള ആഗ്രഹമാണതിൽ നിഴലിക്കുന്നത്. എല്ലാത്തിനുമുപരി ഒരു വിദേശിയെ മനസിലാക്കുക കൂടിയാണ് ഈ വിവർത്തനത്തിന്റെ ലക്ഷ്യം. വിവർത്തനത്തെക്കുറിച്ച് കേശവാർസ് പറഞ്ഞതുപോലെ, “എല്ലാത്തിനും ഒരു ശൈലിയും സംസ്കാരവും ചരിത്രവുമുണ്ട് ” എന്ന ഓർമ്മപ്പെടുത്തലാണിത്. എങ്കിൽ ഒരു മുസ്ലീമിനും അങ്ങനെയാകാം

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy