സഈദ് റമളാൻ ബൂത്വി(റ): ജീവിതവും ദർശനവും

നബീൽ മുഹമ്മദലി:

സഈദ് റമളാൻ ബൂത്തിയുടെ ജീവിത ചരിത്രം അവതരിപ്പിക്കുന്ന ശാക്കിർ മണിയറ രചിച്ച ഡോ. സഈദ് റമളാൻ ബൂത്വി- ജീവിതവും സംഭാവനകളും എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്ന കുറിപ്പ്.

സഈദ് റമളാൻ ബൂത്തിയുടെ ചരിത്രം അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ആരംഭിക്കണം. കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുള്ളത് മുല്ല റമളാൻ ബൂത്തി എന്ന പിതാവാണ്. മാതാപിതാക്കളാണ് മക്കളുടെ വ്യക്തിത്വത്തെ നന്മയിലേക്കും തിന്മയിലേക്കും നയിക്കുന്നത് എന്ന കാര്യം ഹദീസിൽ വന്നിട്ടുള്ളതാണല്ലോ. പിതാവ് മുല്ല റമളാൻ ബൂത്തി ശാഫിഇ ഫഖീഹും സൂഫിയും പരിശ്രമശാലിയുമായിരുന്നു. അങ്ങിനെയുള്ള പിതാവിന്റെ ആഗ്രഹത്തിനൊത്ത് വളർന്നു വന്ന ശിഷ്യൻ കൂടിയാണ് സഈദ് റമളാൻ ബൂത്തി.

1888ൽ തുർക്കിയും സിറിയയും അതിർത്തി പങ്കിടുന്ന ജസീറതുൽ ബൂത്വാനി(ജസീറതു ഇബ്നു ഉമർ)ലെ ജീലക എന്ന ഗ്രാമത്തിലാണ് മുല്ല റമളാൻ ബൂത്തിയുടെ ജനനം. ആ പ്രദേശത്തെ ഭൂരിപക്ഷം കുടുംബങ്ങളും കൂലിതൊഴിലാളികളായിരുന്നു. വലിയ പണ്ഡതിന്മാരോ പരിഷ്കർത്താക്കളോ ഇല്ലാത്തതിനാൽ മികവുറ്റ ദീനിയായ അന്തരീക്ഷം ഉണ്ടായിരുന്നില്ല. പരമ്പരാഗതമായി കാർഷിക വൃത്തിയിലേർപ്പെടുന്ന കുടുംബമായിരുന്നു മുല്ല റമളാനിന്റേത്. പിതാവിനും പിതാമഹനുമൊപ്പം കർഷക ജോലികളിലേർപ്പെട്ടു കൊണ്ടായിരുന്നു മുല്ല തന്റെ ബാല്യകാലം കഴിച്ചു കൂട്ടിയിരുന്നത്. പിന്നീട്, ഭക്തയായ മാതാവ് മുല്ലയെ ദീനി പഠനത്തിനായി പറഞ്ഞയക്കണമെന്ന് അതിയായി ആഗ്രഹിച്ചു. പിതാവും പിതാമഹനും മാതാവിന്റെ ആ ആഗ്രഹത്തിന് അവസാനം വഴങ്ങി കൊണ്ടാണ് മുല്ല റമളാനിന് പഠനത്തിനുള്ള അവസരം ലഭിക്കുന്നത്. കുർദ് വംശജരായ ഇവരുടെ കുടുംബം അധിവസിക്കുന്ന ജീലക അത്ര ദീനി പഠന സൗകര്യമുള്ള പ്രദേശമായിരുന്നില്ല. അതിനാൽ കുർദുകളുടെ തന്നെ മറ്റു ചില പ്രദേശങ്ങളിൽ പഠന കേന്ദ്രങ്ങളുണ്ടായിരുന്നു അവിടുത്തേക്ക് പോയി കൊണ്ടാണ് മുല്ല പഠനം ആരംഭിക്കുന്നത്.

പള്ളികളോട് ചേർന്ന് ചെറിയ മുറികള് നിർമിച്ച് അവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് പഠനം നടന്നിരുന്നത്. നാട്ടിലെ മുതിർന്ന പണ്ഡിതൻ വന്ന് വിദ്യാർത്ഥികളായി എത്തുന്നവർക്ക് സൗജന്യമായി അധ്യാപനം നിർവ്വഹിച്ചു കൊടുക്കും. വിദ്യാർത്ഥികൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും വസ്ത്രെ അലക്കി കൊടുക്കുന്നതും വരെ അവിടുത്തെ ഗ്രാമീണരായിരുന്നു. ശരീഅത്ത് വിഷയങ്ങളിലെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥം മാത്രം പഠിച്ച് ബാക്കി മുഴുവൻ ഇൽമുൽ ആലാത്ത്(വ്യാകരണ സംബന്ധിയായ) പഠിക്കുന്നതായിരുന്നു കുർദുകളുടെ പരമ്പരാഗത പഠന ശൈലി. എന്നാൽ മുല്ല റമളാൻ അതിൽ നിന്നും വഭിന്നമായി തജ്വീദ് മനസ്സിലാക്കുവാനും തസവുഫ് ഗ്രന്ഥങ്ങളുടെ പാരായണത്തിലുമാണ് താൽപ്പര്യം കാണിച്ചത്. ഇമാം ഗസ്സാലി(റഹ്)യുടെ ഇഹ്യാഉലൂമിദ്ദീനും പ്രവാചക ചരിത്ര സംബന്ധിയായ ഗ്രന്ഥങ്ങളും അദ്ദേഹം നല്ലവണ്ണം പാരായണം ചെയ്ത് പഠിച്ചു. മറ്റു വിദ്യാർത്ഥികൾ തർക്കശാസ്ത്ര സംബന്ധമായ ചർച്ചകളിൽ ഏർപ്പെടുമ്പോൾ മുല്ല വിശുദ്ധ ഖുർആൻ പാരായണത്തിൽ മുഴുകിയിരിക്കലായിരുന്നു പതിവ്. വിദ്യാർത്ഥികളുടെ പതിവ് ശൈലിയിൽ നിന്നും വിഭിന്നമായ വിധത്തിലുള്ള മുല്ല റമളാനിന്റെ ശൈലികൾ കാരണം മറ്റു വിദ്യാർത്ഥികൾ അദ്ദേഹത്തെ നിരന്തരം പരിഹസിക്കുകയും ചെയ്തിരുന്നു!. തർക്കശാസ്ത്ര വിഷയങ്ങൾ മുല്ലക്ക് ദുർഗ്രാഹ്യമായി തോന്നുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ, ഒരിക്കൽ ഉസ്താദ് പരീക്ഷണാർത്ഥം അദ്ദേഹത്തോട് തർക്കശാസ്ത്ര സംബന്ധമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ, അല്ലാഹു തആല തന്റെ മനസ്സിൽ ശരിയുത്തരം തോന്നിപ്പിച്ചുവെന്നും അദ്ദേഹം പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച്ച പോലുള്ള ഒഴിവു ദിവസങ്ങളിൽ വിദ്യാർത്ഥികൾ കളികളിലേർപ്പെടുമ്പോൾ മുല്ല ഗ്രന്ഥ പാരായണത്തിലോ ആരാധനകളിലോ ആയിരിക്കും ഏർപ്പെടുന്നത്. ഇങ്ങിനെ വിദ്യാർത്ഥി പ്രായത്തിൽ തന്നെ ഒരു സൂഫി വ്യക്തിത്വമായിട്ടാണ് മുല്ല റമളാൻ വളർന്നു വന്നത്. ഈ പിതാവിന്റെ അരുമ പുത്രനും ശിഷ്യനുമാണ് ലോകപ്രശസ്തനായി തീർന്ന സഈദ് റമളാൻ ബൂത്തി. 1990 മേയ് മാസം 15ന്(1410 ശവ്വാൽ 20) ആ പിതാവ് ഐഹിക ലോകത്തോട് വിടപറഞ്ഞു.

പിതാവിന്റെ ആത്മീയ ഗുരു ശൈഖ് സഈദിന്റെ പേരാണ് സഈദ് റമളാൻ ബൂത്തിക്ക് നാമകരണം ചെയ്തിരിക്കുന്നത്. ജനിച്ച നാളിൽ ഫുളൈൽ എന്നായിരുന്നുവത്രെ പേരിട്ടിരുന്നത്. പിന്നീട് തന്റെ ശൈഖായ സഈദിന്റെ വ്യക്തിത്വത്തോടുള്ള ആദരവും മതിപ്പും കാരണമായി അദ്ദേഹത്തിന്റെ പേര് പുത്രന് നൽകി കൊണ്ട് പേര് മാറ്റുകയായിരുന്നു. കൃഷി പാടങ്ങളുമായി സമ്പർക്കപ്പെട്ടു കൊണ്ട് തന്നെയാണ് സഈദ് റമളാൻ ബൂത്തിയും തന്റെ ബാല്യകാലം ചിലവഴിച്ചത്. 1929 ലാണ് സഈദ് റമളാൻ ബൂത്തി ജനിച്ചത് എന്ന് പറയുമ്പോൾ ആ കാലഘട്ടം തുർക്കിയിൽ കമാലിസ്റ്റുകളുടെ ആധിപത്യം തുടങ്ങിയ കാലമാണ്. ബൂത്തിക്ക് സ്വപിതാവിന്റെ ശിക്ഷണം ലഭിച്ചില്ലായെങ്കിൽ ഒരു പരമ്പരാഗത കർഷകൻ മാത്രമായി പോകുമായിരുന്നുവെന്ന് ബൂത്തി തന്നെ അനുസ്മരിച്ചിട്ടുണ്ട്. ഇസ്ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായി നൂറ്റാണ്ടുകളോളം വർത്തിച്ച ഒരു നാട് ബലാൽക്കാരമായി ആധുനീകരണത്തെ നേരിടുന്ന ഭീകരമായ ഒരു ചരിത്ര സന്ധിയിലാണ് ബൂത്തിയുടെ ബാല്യകാലം കടന്നു പോകുന്നത്. ഇസ്ലാമികമായി ജീവിതം നയിക്കാൻ പലായനം ചെയ്യുകയല്ലാതെ വേറെ മാർഗമില്ലാത്ത സാഹചര്യത്തിലാണ് മുല്ല റമളാൻ ബൂത്തി കുടുംബസമേതം സിറിയയിലേക്ക് പലായനം ചെയ്യുന്നത്. അന്ന് ബൂത്വിക്ക് 4 വയസ്സ് പ്രായം മാത്രമാണുണ്ടായിരുന്നത്. ആ നാളിൽ ഒരിക്കൽ പിതാവിന്റെ ശിഷ്യരിൽ ഒരാൾ വന്ന് പിതാവിനോട് പറഞ്ഞു, നബി(സ) സ്വപ്നത്തിൽ അങ്ങയോട് അവിടുത്തെ അരികിലേക്ക് വരാൻ പറയുന്നുണ്ട്. ആധുനീകരിക്കപ്പെട്ട തുർക്കിയുടെ അധാർമികമായ പരിതസ്ഥിതി ഈമാനുള്ളവർക്ക് പെട്ടെന്ന് ഉൾകൊള്ളുക പ്രയാസം തന്നെയായിരുന്നു. ആ സാഹചര്യത്തിലും കൂടിയാണ് ബൂത്തി കുടുംബത്തിന്റെ പലായനം നടക്കുന്നത്.

ഡമസ്കസിലേക്ക് പലായനം ചെയ്തെത്തിയ ആദ്യ നാളുകളിൽ മുല്ല റമളാൻ ബൂത്തി ഒരു കൂലിതൊഴിലാളിയായിട്ടാണ് ജീവിച്ചത്. പണ്ഡിതനായ അദ്ദേഹം അന്ന് താൻ പണ്ഡിതനാണെന്ന് അറിയിക്കുന്ന വേഷങ്ങളൊന്നും ധരിച്ചിരുന്നില്ല. കൂലിതൊഴിൽ ചെയ്യുന്നവർ പണ്ഢിത വേശം ധരിക്കരുത് എന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. ഒരു എട്ട് വർഷക്കാലം കൂലിതൊഴിലിൽ ഏർപ്പെട്ട അദ്ദേഹം അന്നാളുകളിൽ വീട്ടിൽ വെച്ച് തന്നെ ദർസ് നടത്തിയിരുന്നു. അങ്ങിനെയിരിക്കെയാണ് ദീനി പ്രഭ ഒട്ടുമില്ലാത്ത ജാറതുൽ ജദീദ എന്ന ദരിദ്രഗ്രാമത്തിൽ രണ്ട് ആളുകൾ ചേർന്ന് പള്ളി നിർമാണത്തിന് നാന്ദി കുറിക്കുന്നത്. പള്ളി നിർമാണം ഏറ്റെടുത്ത അബൂസുലൈമാനിന് മുല്ല റമളാനിന്റെ വ്യക്തിത്വം അറിയാവുന്നത് കൊണ്ട് തന്നെ ആ പള്ളിയിലെ ഇമാമായി മറ്റാരേയും തിരഞ്ഞില്ല. മുല്ല അവിടുത്തെ ഇമാമായി നിയോഗിതനായി. അവിടെ വെച്ച് മുല്ല റമളാൻ ദർസ് ആരംഭിച്ചു. സഈദ് റമളാൻ ബൂത്തി അവിടുത്തെ ആ ശുഷ്കിച്ച ദർസിൽ സംബന്ധിച്ചിട്ടുണ്ട്. മുല്ല റമളാൻ ബൂത്തി തന്റെ ജീവിതത്തിന്റെ അവസാന നാൾ വരെ ആ പള്ളിയിലെ സേവനത്തിൽ തുടർന്നു.

മുല്ല റമളാൻ ബൂത്തി എന്ന പണ്ഡിതനായ പിതാവ് തന്നെയാണ് ബൂത്തിയുടെ പ്രഥമവും പ്രധാനവുമായ ഗുരു. അഖീദയും നബിചരിത്രവും ന്ഹവും സ്വർഫും പിതാവിൽ നിന്നാണ് ബൂത്തി പഠിച്ചത്. സഈദ് റമളാൻ ബൂത്തി ആറാമത്തെ വയസ്സിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കിയിരുന്നു. ഖുർആൻ മനഃപാഠമാക്കുന്നതിനായി ഗ്രാമത്തിലെ ഒരു പണ്ഡിത സ്ത്രീയെ പിതാവ് തന്നെ ഏൽപ്പിക്കുകയായിരുന്നു. മകന് ഖുർആൻ ഹൃദിസ്ഥമാക്കിയതിന്റെ ആഹ്ലാദത്തിൽ ആ അധ്യാപികക്ക് 4 സ്വർണ ലിറ പാരിതോഷികം നൽകി എന്നും ബൂത്വി തന്റെ പിതാവിനെ കുറിച്ച് എഴുതുമ്പോൾ എഴുതി വെച്ചിട്ടുണ്ട്. മകന്റെ ശിക്ഷണത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തിയ ആ പിതാവ് തന്റെ അവസാനം വരെ അത് തുടർന്നു. ബൂത്തി വിദ്യാർത്ഥിയായിരുന്ന നാളിൽ ഒരിക്കൽ പിതാവ് രോഗബാധിതനായി കിടപ്പായിരുന്നു. ആ രോഗം ശമിച്ചപ്പോൾ പുത്രന്റെ ശിക്ഷണ വിഷയത്തിൽ ആശങ്കപ്പെടുകയും പുത്രന് വേണ്ട ഉപദേശങ്ങളെ കോർത്തിണക്കി കൊണ്ടൊരു ഗ്രന്ഥം രചിക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായിരുന്നുവത്.

ഡമസ്കസിലെ പ്രമുഖ പണ്ഡിതൻ ഹസൻ ഹബന്നയെ സംബന്ധിച്ച് പിതാവ് കേൾക്കുകയും അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്ത ശേഷമാണ് ബൂത്തിയെ അദ്ദേഹത്തിന്റെ ശിഷ്യനാകാൻ വിടുന്നത്. ഹസൻ ഹബന്ന സഈദ് റമളാൻ ബൂത്തി വളരെയധികം സ്വാധീനിച്ച ഗുരുവര്യരാണ്. സഈദ് ബൂത്തിയുടെ പിതാവ് മുല്ല ബൂത്തി തന്റെ ഗുരുവിനെ പോലെ കാണുകയും ആദരിക്കുകയും ചെയ്തിരുന്നവരാണല്ലോ ഹസൻ ഹബന്ന, അതിനാൽ പുത്രനായ ബൂത്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചവരാകാതിരിക്കില്ല. ഫ്രഞ്ച് കോളനിയായിരുന്ന സിറിയയിൽ അക്കാലത്ത് ഫ്രഞ്ച് കോളനീകരണത്തിനെതിരെ ജനങ്ങളെ സമരസജ്ജരാക്കിയിരുന്നവരുമാണ് ഹസൻ ഹബന്ന. മാത്രമല്ല, ആധുനിക യുക്തിവാദത്തേയും നാസ്തികരേയും ഖണ്ഡിക്കുന്നതിലും ഇസ്ലാമിക വിശ്വാസത്തെ സ്ഥാപിക്കുന്നതിലും സജ്ജീവമായി നിലകൊണ്ട പ്രബോധകനും കൂടിയാണ് ബന്ന.

സിറിയയിൽ പട്ടാള സേവനം നിർബന്ധമാക്കിയ നിയമം നിലവിൽ വന്ന സമയത്താണ് ബൂത്തി ഈജിപ്തിലെ അൽഅസ്ഹറിലേക്ക് പോകുന്നത്. പട്ടാള സേവനം വൈജ്ഞാനിക സേവനത്തിന് തടസ്സമാകുമെന്ന് കണ്ട് പിതാവിനോട് കൂടിയാലോചിച്ച് എടുത്ത തീരുമാനമായിരുന്നു ഈജിപ്തിലെ അസഹറിലേക്കുള്ള യാത്ര. പിതാവ് മുല്ല ബൂത്തി അസ്ഹറിലേക്ക് മകനെ യാത്ര അയച്ചത് വളരെ ആശങ്കയോടെയാണ്. ദീനി വൈജ്ഞാനിക പഠനം ഭൗതികമായ അംഗീകരാങ്ങൾക്കോ തൊഴിലവസരങ്ങൾക്കോ ആകരുതെന്ന് ആ മുഖ്ലിസായ പിതാവ് മകനെ നല്ല വണ്ണം ഉപദേശിച്ച ശേഷമാണ് അസ്ഹറിലേക്ക് അയച്ചത്. അസ്ഹർ ഒരു ഭൗതികമായ പേരും പെരുമയുമുള്ള കലാലയമാണല്ലോ. ദീനിയായി വിലയിരുത്തുമ്പോൾ വലിയ വൈജ്ഞാനിക മികവിനേക്കാൾ പ്രശസ്തിയും അംഗീകാരവുമാണ് അസ്ഹറിനെ ശ്രദ്ധേയമാക്കുന്നത്. അത് ഐഹികമായ മികവുകളാണ്. അത് ഉഖ്റവിയായ മുത്തഅല്ലിമീങ്ങൾക്ക് ഭീഷണിയാണെന്നതാണ് യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യം ഉൾകൊണ്ട പിതാവാണ് മുല്ല ബൂത്തി. 1953 മുതൽ 1955 കാലഘട്ടങ്ങളിലാണ് ബൂത്തി അസ്ഹറിൽ പഠിച്ചത്.

1955ൽ ഗവൺമെന്റ് സ്കൂൾ അധ്യാപകനായിട്ടാണ് അധ്യാപന മേഖലയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ഹിംസിലെ ദാറുൽ മുഅല്ലിമീൻ അൽ ഇബ്തിദാഇയ്യയിലും ഒരു സെക്കന്ററി സ്കൂളിലും ജോലി ചെയ്തു. പിന്നീട് ഡമസ്കസ് സർവ്വകലാശാലയിൽ പ്രൊഫസറായും സേവനം ചെയ്തു. പിന്നീട് ഇസ്ലാമിക വിഷയങ്ങളിലുള്ള ബൂത്തിയുടെ അവഗാഹം തിരിച്ചറിഞ്ഞ യൂനിവേഴ്സിറ്റി ഡിപാർട്ട്മെന്റ് വൈസ് ഡീനും പിന്നീട് ഡീനുമാക്കി നിയോഗിച്ചു.

സമകാലികമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് ഇസ്ലാമിക പക്ഷത്ത് നിന്ന് സംസാരിച്ച പരമ്പരാഗത പണ്ഡിതരിൽ ശ്രദ്ധേരായ വ്യക്തിത്വമാണ് സഈദ് റമളാന് ബൂത്തി. പരമ്പരാഗത പണ്ഡിതൻ എന്ന് പറയുമ്പോൾ സ്വഭാവികമായും തസവുഫിന്റെ വാക്താവായിരിക്കണമല്ലോ… തസവുഫിലെ വളരെ പ്രസിദ്ധവും പ്രാമാണികവുമായ കിതാബായ ഹിക്കമിന് ബൂത്തി എഴുതിയ വ്യഖ്യാനം 5 വാള്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിക്കമിനെ മുന്നിർത്ത് അദ്ദേഹം നടത്തിയ ക്ലാസ്സുകൾ പിന്നീട് അദ്ദേഹം തന്നെ ഗ്രന്ഥമാക്കി മാറ്റുകയായിരുന്നു. പുതിയ കാലത്തെ ശാസ്ത്രീയമായ വിജ്ഞാനങ്ങളെ മുന്നിർത്തി കൂടിയാണ് ബൂത്തി ഹിക്കം വ്യഖ്യാനിച്ചിരിക്കുന്നത്.

വൈജ്ഞാനിക പഠനങ്ങളിലും ചർച്ചകളിലും പ്രഭാഷണങ്ങളിലും മുഴുകിയ ജീവിതമായിരുന്നു ബൂത്തിയുടേത്. ഇമാം ഗസ്സാലിയാണ് ബൂത്തിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. ഇമാം ഗസ്സാലിയുടെ ചിന്താധാരയെ അനുധാവനം ചെയ്താണല്ലോ കേരളത്തിലെ മഖ്ദൂമുകൾ പൊന്നാനി ദർസിനെ രൂപപ്പെടുത്തിയത്. ആ നിലക്ക് മലബാറിന്റെ വൈജ്ഞാനിക പാരമ്പര്യത്തോടും വീക്ഷണങ്ങളോടും ചേർന്നു നിൽക്കുന്ന ബൂത്തിയെ കേരളീയ മുസ്ലിംകൾക്കിടയിൽ പ്രചരിപ്പിക്കാൻ വൈകി പോയിരിക്കുന്നുവെന്നതാണ് സത്യം. വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും ജീവിത ചരിത്രങ്ങളും ഇപ്പോള് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ബൂത്തിയുടെ ജീവിതത്തേയും സംഭാവനകളേയും പരിചയപ്പെടുത്തുന്ന ആദ്യത്തെ കൃതിയാണ് ശാക്കിർ മണിയറ രചിച്ച ഡോ. സഈദ് റമളാൻ ബൂത്വി- ജീവിതവും സംഭാവനകളും ചെമ്മാട് ബുക്ക് പ്ലസാണ് അച്ചടിച്ചിരിക്കുന്നത്. 120 പേജുകളുള്ള ഈ കൃതിക്ക് 120 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy