ഡോ: മോയിൻ മലയമ്മ.
കേരളീയ സമൂഹരൂപീകരണ പ്രക്രിയയിൽ സയ്യിദ് കുടുംബങ്ങളുടെ സ്വാധീനം അന്വേഷിക്കുന്ന ഗവേഷണ പഠനം. പ്രമുഖ ചരിത്രകാരൻ ഡോ: മോയിൻ മലയമ്മ രചിച്ച പാണക്കാട് തങ്ങന്മാർ; കേരള സമൂഹ നിർമ്മിതി, അഭിമാനകരമായ അസ്തിത്വം എന്ന ഗ്രന്ഥത്തിലെ രണ്ടാം അദ്ധ്യായം. ഒരു ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപിന് അനിവാര്യമായ സാമുദായിക മൈത്രിയുടെയും സഹവർത്തനത്തിന്റെയും മൂല്യങ്ങളെ എപ്രകാരമാണ് സയ്യിദ് കുടുംബങ്ങൾ സമൂഹ മനസ്സിലേക്ക് പ്രസാരണം ചെയ്തത് എന്നന്വേഷിക്കുന്ന ഈ പഠനം മത-സാമുഹിക, ആത്മീയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ കാര്യകാരണങ്ങളിൽ സയ്യിദ് കുടുംബങ്ങളുടെ സാന്നിധ്യവും ദൗത്യവും എപ്രകാരമായിരുന്നുവെന്ന് വിശകലനം ചെയ്യുന്നു.
മത-സാമൂഹിക-രാഷ്ട്രീയ-ആത്മീയ മേഖലകളിൽ കേരളത്തെ ഇന്നു കാണുന്ന വിധത്തിൽ സംഘടിപ്പിക്കുന്നതിലും സംവിധാനിക്കുന്നതിലും വിവിധ കാലങ്ങളിലായി ഇവിടെയെത്തിയ സയ്യിദ് കുടുംബങ്ങളുടെ പങ്ക് വളരെ വലുതാണ്. 1700 നു മുമ്പും ശേഷവുമുള്ള കേരളീയ ഇസ്‌ലാമിൻ്റെ വളർച്ചയുടെ സ്വഭാവവും തോതും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കോഴിക്കോട് ഖാസിമാരും പൊന്നാനി മഖ്ദൂമുമാരും ഉൾക്കൊള്ളുന്ന ഉലമയുടെ സാമൂഹിക നിർമിതിയിലുള്ള പങ്ക് പലപ്പോഴും ചർച്ചചെയ്യപ്പെടാറുണ്ട്. ഹദ്റമി ബാഅലവി സയ്യിദുമാർ ഈ നാടിനെ കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ എങ്ങനെ നിർമിച്ചെടുത്തുവെന്നത് വലിയ പഠനമർഹിക്കുന്ന വിഷയമാണ്. ജാതീയ വിവേചനം സമൂഹത്തിൽ കൊടികുത്തി വാണിരുന്ന കാലത്ത് ഇസ്‌ലാം മനുഷ്യന് നൽകുന്ന അഭിമാനകരമായ അസ്തിത്വത്തെ ഇവിടത്തെ അടിസ്ഥാന വിഭാഗങ്ങൾക്ക് ബോധ്യപ്പെടുത്തിയത് പ്രധാനമായും പണ്ഡിതരും സൂഫികളുമായ സയ്യിദുമാരാണ്. കടൽതീരങ്ങളെ കേന്ദ്രീകരിച്ച് ജീവിച്ചുപോന്നിരുന്ന മുസ്‌ലിംകൾ ഉൾനാടുകളിൽ അധിവാസം സജീവമാക്കുന്നതിലും ജാതീയമായി അടിച്ചമർത്തപ്പെട്ട തദ്ദേശീയർ വലിയ അളവിൽ മുസ്ലിംകളായി മാറുന്നതിലും അവരുടെ പങ്ക് നിഷേധിക്കാവതല്ല. പതിനെട്ടാം നൂറ്റാണ്ടിനു ശേഷം കേരളീയ പൊതു സമൂഹത്തിൽ പൊതുവിലും മുസ്‌ലിം-ദളിത് വിഭാഗങ്ങൾക്കിടയിൽ പ്രത്യേകിച്ചും സമാധാനപൂർണവും ആത്മാഭിമാനകരവുമായ ജീവിതാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ അവരുടെ സാന്നിധ്യം പ്രധാന നിമിത്തമായി വർത്തിച്ചിട്ടുണ്ട്. കൊളോണിയൽ കേരളത്തിലും സ്വതന്ത്ര കേരളത്തിലും സയ്യിദ് കുടുംബങ്ങൾ സമൂഹത്തിൻ്റെ/ സമുദായത്തിൻ്റെ കാവൽ നക്ഷത്രങ്ങളായി ജ്വലിച്ചുനിന്നു.
സയ്യിദ് കുടുംബം കേരളത്തിൽ
15-16 നൂറ്റാണ്ടുകളിലാവണം സയ്യിദ് കുടുംബങ്ങൾ മലബാർ തീരത്തെത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ഈ പ്രവാഹത്തിന്റെ തോത് കുത്തനെ വർദ്ധിച്ചു. ഹദ്റ മൗത്തിൽ നിന്നുള്ള വ്യാപാരികളും മറ്റും ഇതിനു മുമ്പുതന്നെ ഇവിടെയെത്തിയിട്ടുണ്ടായിരിക്കാം. 1521 /ഹി. 928 ൽ ഉസ്ബക്കിസ്ഥാനിലെ ബുഖാറയിൽ നിന്ന് കണ്ണൂരിലെ വളപ്പട്ടണത്തുവന്ന് താമസമാക്കിയ സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരി(ന.മ) യാണ് മലബാർ തീരത്ത് കാലുകുത്തിയ ആദ്യ ബുഖാരി സയ്യിദ് വംശജനായി മനസ്സിലാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ഏക പുത്രനായ സയ്യിദ് ഇസ്മാഈൽ അക്ബർ ബുഖാരി(ന.മ) യുടെ മൂന്നു സന്താനങ്ങളിലൂടെയാണ് ബുഖാരി സയ്യിദ് ഖബീല കേരളത്തിൽ വ്യാപിക്കുന്നത്. കൊച്ചി, വളപ്പട്ടണം, ചാവക്കാട്, പാടൂർ ഭാഗങ്ങളിലും മറ്റും ഇവരുടെ വലിയ നിലയിലുള്ള സാന്നിധ്യം കാണാൻ കഴിയും. കേരളത്തിൻ്റെ പിൽക്കാല ചരിത്രത്തിൽ ബുഖാരി സയ്യിദ് കുടുംബം തീർത്ത മത-സാമൂഹിക-വൈജ്ഞാനിക നവോത്ഥാനം ഗഹനമായ പഠനമർഹിക്കുന്ന വിഷയമാണ്.1
കേരളം വിവിധ നാട്ടുരാജാക്കന്മാർക്കു കീഴിൽ കഴിയുന്ന കാലത്താണ് സയ്യിദ് കുടുംബങ്ങൾ ഈ തീരത്തു വന്നണയുന്നത്. കണ്ണൂരിലെ അറക്കൽ രാജകുടുംബമൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം തദ്ദേശീയരായ ഹിന്ദു രാജാക്കന്മാരായിരുന്നു. അതിൽ ഏറെ പ്രമുഖരായിരുന്നുവല്ലോ കോഴിക്കോട്ടെ സാമൂതിരിമാർ, കോലത്തിരി-കൊച്ചി-തിരുവിതാംകൂർ രാജാക്കന്മാർ തുടങ്ങിയവർ. കൂടാതെ, ധാരാളം പ്രാദേശിക ഭരണാധികാരികളും അവരുടെ കാര്യസ്ഥന്മാരും. ഇവരെല്ലാം വലിയ ആദരവോടെയും ബഹുമാനത്തോടെയുമാണ് അറബ് നാടുകളിൽ നിന്ന് കേരള തീരത്തെത്തിയ സയ്യിദുമാരെ സ്വീകരിച്ചിരുന്നത്. തങ്ങളുടെ നാടിനും പ്രജകൾക്കും അവരുടെ ആഗമനം വലിയ അനുഗ്രഹം വർഷിക്കുമെന്നും ഐശ്വര്യവും പ്രതാപവും കൊണ്ടുവരുമെന്നും അവർ വിശ്വസിച്ചു. നേരത്തെതന്നെ വർത്തക സംഘങ്ങളോടൊപ്പം ഇവിടെ പലപ്പോഴായി വന്നുചേർന്ന സൂഫീജ്ഞാനികളെ അവർക്ക് നല്ല പരിചയമുണ്ടായിരുന്നു. നബി കുടുംബത്തിൽ പെട്ട ഈ വിശുദ്ധ പുരുഷന്മാരുടെ സാന്നിധ്യം തങ്ങളുടെ നാടിന്റെ അഖണ്ഠതയെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും ജനങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും ശക്തിപ്പെടുത്താൻ നിമിത്തമാകുമെന്നും അവർ മനസ്സിലാക്കി.
1500-1600 കാലഘട്ടത്തിൽ തന്നെ ഹദ്റമി സയ്യിദുമാരും കേരളത്തിൽ എത്തിയിരിക്കണം. സയ്യിദുമാരുടെ യാത്രകളെ കുറിച്ച് അറബ് പണ്ഡിതന്മാർ രചിച്ച പല പ്രബല ഗ്രന്ഥങ്ങളിലും 1500 ൽ മരിച്ച സയ്യിദുമാരെ കുറിച്ച് പറയുന്നിടത്ത് അവരുടെ അനന്തരക്കാർ മലബാറിലാണെന്ന പരാമർശങ്ങൾ നൽകുന്നതു കാണാൻ കഴിയുന്നുണ്ട്. അബ്ദുറഹ്‌മാൻ ബിൻ മുഹമ്മദ് ബിൻ ഹുസൈൻ അൽ മശ്ഹൂർ രചിച്ച ശംസുള്ളഹീറ പോലെയുള്ള പഠനങ്ങൾ സൂക്ഷ്മമായി വായിച്ചാൽ ഇത്തരം പല സാധ്യതകളും വ്യക്തമാകും.2
മാഹിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മൈഅലവി ബിൻ ബാഅലവി(ന.മ) (കല്ലാപള്ളി ശൈഖ്) ഹിജ്റ പത്താം നൂറ്റാണ്ടിൽ ഇവിടെയെത്തിയ സയ്യിദുമാരിലൊരാളായി മനസ്സിലാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സഹോദരൻ സയ്യിദ് അലവി ബാ അലവി(ന.മ) ഗുജറാത്തിലെ ബറുട് എന്ന സ്ഥലത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. തരീമിൽനിന്ന്ഗുജറാത്തിലെ സൂറത്ത് വഴി 1701 ൽ കൊയിലാണ്ടിയിൽ വന്ന സയ്യിദ് മുഹമ്മദ് ബിൻ ഹാമിദ്(ന.മ) എന്ന വലിയ സീതിക്കോയ തങ്ങളാണ് തുടർന്ന് ഇവിടെയെത്തിയ പ്രധാനപ്പെട്ട ഹദ്റമി സയ്യിദ് എന്നാണ് അനുമാനം. വലിയ ആത്മജ്ഞാനിയും പണ്ഡിതനുമായിരുന്ന അദ്ദേഹത്തിന്റെ ശിഷ്യത്വം നേടിയവരായിരുന്നു പിന്നീട് ഇവിടെയെത്തിയ പല സയ്യിദുമാരും. ഐദറൂസി ഖബീലയിൽ നിന്ന് ഇവിടെ ആദ്യമായി എത്തിയത് സയ്യിദ് അബ്ദുറഹ്മാനുൽ ഐദറൂസി(ന.മ) യാണ്. 1703 ൽ കോഴിക്കോട്ടെത്തിയ അദ്ദേഹം കൊയിലാണ്ടിയിൽ പോയി സയ്യിദ് മുഹമ്മദ് ബിൻ ഹാമിദി(ന.മ) ൻ്റെ അനുഗ്രഹം വാങ്ങിയ ശേഷം പൊന്നാനിയിൽ ചെന്ന് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. 1746 ൽ വിശ്രുതനായ ശൈഖ് ജിഫ്രി(ന.മ) കോഴിക്കോട് കപ്പലിറങ്ങുകയും അവിടത്തെ പ്രബോധന പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തു. മലബാറിൻ്റെ നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയരായ ത്രിമൂർത്തികളായിരുന്നു സയ്യിദ് മുഹമ്മദ് ബിൻ ഹാമിദ്(ന.മ), സയ്യിദ് അബ്ദുറഹ്മാനുൽ ഐദറൂസി(ന.മ), സയ്യിദ് ശൈഖ് ജിഫ്രി(ന.മ) തുടങ്ങിയവർ.
1750 നു ശേഷം യമനിൽനിന്ന് മലബാർ തീരത്തെത്തുന്ന സയ്യിദ് കുടുംബങ്ങളുടെ എണ്ണം കുത്തനെ വർദ്ധിച്ചതായി കാണാം. നേരത്തെ ഇവിടെയെത്തിയ കുടുംബങ്ങളിൽ പെട്ടവരും മറ്റു പുതിയ കുടുംബങ്ങളും അതിലുണ്ടായിരുന്നു. 1768 ൽ ശിഹാബുദ്ദീൻ ഖബീലയുടെ കേരളത്തിലെ വംശനാഥനായി അറിയപ്പെടുന്ന സയ്യിദ് അലി ശിഹാബുദ്ദീൻ ഹദ്റമി(ന.മ) തരീമിൽ നിന്ന് കണ്ണൂരിലെ വളപട്ടണത്തു വന്നു താമസമാക്കി. 1770 ൽ പ്രസിദ്ധനായ സയ്യിദ് അലവി തങ്ങൾ(ന.മ) കോഴിക്കോട് കപ്പലിറങ്ങുകയും തിരൂരങ്ങാടിക്കടുത്തുള്ള മമ്പുറം ദേശം താമസത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹത്തിലൂടെയാണ് പിന്നീട് മൗലദ്ദവീല കുടുംബം കേരളത്തിൽ പ്രാരംഭം കുറിച്ചത്. ബാഫഖി കുടുംബ നാഥൻ സയ്യിദ് അഹ്‌മദ് ബാഫഖി(ന.മ) 1770 ൽ തരീമിൽ നിന്ന് കൊയിലാണ്ടിയിൽ വന്നുതാമസിച്ചു. ജമലുല്ലൈൽ ഖബീലയുടെ വംശനാഥൻ സയ്യിദ് മുഹമ്മദ് ജമലുല്ലൈൽ(ന.മ) 1771 ൽ കടലുണ്ടിയും ശാത്വിരി ഖബീലയുടെ വംശനാഥൻ സയ്യിദ് അബ്‌ദുറഹ്‌മാൻ ശാത്വിരി(ന.മ) 1832 ൽ മറ്റത്തൂരും അധിവാസത്തിനായി തെരഞ്ഞെടുത്തു. അഹ്‌ദൽ ഖബീലയുടെ വംശനാഥൻ സയ്യിദ് അബ്‌ദുറഹ്‌മാൻ അഹ്ദൽ(ന.മ) (1881) പയ്യനാട് വന്നാണ് താമസിച്ചത്. ബാഅലവി, ജീലാനി, മശ്ഹൂർ, ബാഹസൻ, ഖരിദ്, ആലു ഫഖീഹ്, ആലു മുശയ്യഖ് തുടങ്ങി വേറെയും മുപ്പതോളം ഖബീലക്കാർ വിവിധ കാലങ്ങളിലായി മലബാറിലെത്തുകയും വ്യത്യസ്‌ത സ്ഥലങ്ങളിൽ അധിവസിക്കുകയും ചെയ്‌തു. ഇതിൽ ഓരോ കുടുംബത്തിനും
കേരളക്കരയിൽ സമ്പന്നവും ക്രിയാത്മകവുമായ ചരിത്രവും പാരമ്പര്യവുമുണ്ട്. കേരളത്തെ സാമൂഹികമായും മതപരമായും രാഷ്ട്രീയമായും ആത്മീയമായും വൈജ്ഞാനികമായും നിർമിക്കുന്നതിൽ വലിയ പങ്കുള്ളവരായിരുന്നു അവരിൽ പലരും. കേരളത്തെ സാമ്പത്തികമായും വ്യാപാരപരമായും മെച്ചപ്പെടുത്തുന്നതിലും അവരുടെ പങ്ക് അനിഷേധ്യമാണ്. ഇതിൽ ഓരോ കുടുംബത്തെ കുറിച്ചും സൂക്ഷ്മവും ഗഹനവുമായ പഠനങ്ങൾ അർഹിക്കുന്നുണ്ട്. ബഹുസ്വര കേരളത്തിൽ ജനസമൂഹങ്ങളെ ചേർത്തുനിർത്തുന്നതിലും മത സമൂഹങ്ങളെ മുന്നോട്ടു നയിക്കുന്നതിലും ഇവക്കെല്ലാം വ്യത്യസ്‌ത അളവിൽ പങ്കുള്ളതായി മനസ്സിലാക്കാവുന്നതാണ്.3
ഭരണാധികാരികളുടെ സമീപനം
കേരളം വിവിധ നാട്ടുരാജാക്കന്മാർക്കു കീഴിൽ കഴിയുന്ന കാലത്താണ് സയ്യിദ് കുടുംബങ്ങൾ ഈ തീരത്തു വന്നണയുന്നത്. കണ്ണൂരിലെ അറക്കൽ രാജകുടുംബമൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം തദ്ദേശീയരായ ഹിന്ദു രാജാക്കന്മാരായിരുന്നു. അതിൽ ഏറെ പ്രമുഖരായിരുന്നുവല്ലോ കോഴിക്കോട്ടെ സാമൂതിരിമാർ, കോലത്തിരി-കൊച്ചി-തിരുവിതാംകൂർ രാജാക്കന്മാർ തുടങ്ങിയവർ. കൂടാതെ, ധാരാളം പ്രാദേശിക ഭരണാധികാരികളും അവരുടെ കാര്യസ്ഥന്മാരും. ഇവരെല്ലാം വലിയ ആദരവോടെയും ബഹുമാനത്തോടെയുമാണ് അറബ് നാടുകളിൽ നിന്ന് കേരള തീരത്തെത്തിയ സയ്യിദുമാരെ സ്വീകരിച്ചിരുന്നത്. തങ്ങളുടെ നാടിനും പ്രജകൾക്കും അവരുടെ ആഗമനം വലിയ അനുഗ്രഹം വർഷിക്കുമെന്നും ഐശ്വര്യവും പ്രതാപവും കൊണ്ടുവരുമെന്നും അവർ വിശ്വസിച്ചു. നേരത്തെതന്നെ വർത്തക സംഘങ്ങളോടൊപ്പം ഇവിടെ പലപ്പോഴായി വന്നുചേർന്ന സൂഫീജ്ഞാനികളെ അവർക്ക് നല്ല പരിചയമുണ്ടായിരുന്നു. നബി കുടുംബത്തിൽ പെട്ട ഈ വിശുദ്ധ പുരുഷന്മാരുടെ സാന്നിധ്യം തങ്ങളുടെ നാടിന്റെ അഖണ്ഠതയെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും ജനങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും ശക്തിപ്പെടുത്താൻ നിമിത്തമാകുമെന്നും അവർ മനസ്സിലാക്കി. രാഷ്ട്രീയമായും സാമൂഹികമായും ആത്മീയമായും നാടിനെ നിർമിക്കാൻ അവരുടെ ഇടപെടലുകൾ ഉപകരിക്കുമെന്നതിനാൽ അവരെ തങ്ങളുടെ അതിഥികളായി കിട്ടാൻ ഭരണാധികാരികൾ പരസ്‌പരം മത്സരിച്ചു. അതോടൊപ്പം ഭരണാധികാരികളുടെ അന്തർദേശീയ ബന്ധങ്ങളെ സുദൃഢമാക്കാനും ഇത് ഏറെ ഫലപ്രദമായിരുന്നു. ഒരു അറബ് പ്രമുഖൻ ഇവിടെ ആദരിക്കപ്പെടുന്നപക്ഷം ഈ നാടിന്റെ സുരക്ഷയും സമാധാനാന്തരീക്ഷവും പുറംലോകത്ത് ചർച്ച ചെയ്യപ്പെടുകയും അത് കൂടുതൽ പേരെ ആകർഷിക്കാൻ നിമിത്തമാവുകയും ചെയ്തു. കൂടാതെ, നാട്ടിൽ സമാധാനം നിലനിർത്തുക, ആളുകളെ പരസ്പരം അടുപ്പിക്കുക, പ്രശ്‌ന പരിഹാരങ്ങൾക്കുള്ള കോടതികൾ രൂപപ്പെടുക തുടങ്ങിയവയെല്ലാം അവരുടെ സാന്നിധ്യത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. അതുകൊണ്ടെല്ലാമാണ് സയ്യിദ് കുടുംബത്തിൽ നിന്ന് ആര് നാട്ടിലെത്തിയാലും രാജകീയമായി തന്നെ അവർ സ്വീകരിക്കപ്പെട്ടിരുന്നതും കേരളത്തിലെ ഭരണാധികാരികൾ അവരെ ചേർത്തുപിടിച്ചിരുന്നതും.
മലബാറിലെ ഭരണാധികാരികൾ മുസ്‌ലിം പ്രബോധകരെ, വിശേഷിച്ച് നബികുടുംബത്തിൽ പെട്ടവരെ വലിയ ആദരവോടെയാണ് സ്വീകരിക്കുന്നതെന്ന വാർത്ത പുറംലോകത്ത് വലിയ നിലയിൽ എത്തുകയും ഇത് അവരെ ഈ തീരങ്ങളിലേക്കു തന്നെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്‌തിരുന്നതായി ചരിത്രത്തിൽ കാണാം. പൊന്നാനിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുറഹ്മാനുൽ ഐദറൂസി(ന.മ) യെ പോലെയുള്ളവർ അങ്ങനെയാണ് ഇവിടെയെത്തുന്നത്.4
1746 ൽ ശൈഖ് ജിഫ്രി(ന.മ) കോഴിക്കോട് കപ്പലിറങ്ങിയപ്പോൾ അന്നത്തെ സാമൂതിരിയായിരുന്ന മാനവിക്രമൻ വലിയ ആദരവോടെയാണ് കൊട്ടാരത്തിൽ അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. തൻ്റെ നാട്ടുകാർക്ക് താങ്ങും തണലുമായി കോഴിക്കോട് സ്ഥിരതാമസമാക്കാൻ രാജാവ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായാണ് ചരിത്രം. കല്ലായിക്കു സമീപത്തുള്ള ആനമാട് എന്ന പ്രദേശത്തെ തെങ്ങിൻതോപ്പും കുറ്റിച്ചിറയിലെ വിശാലമായ സ്ഥലവും മാളിയേക്കൽ ഭവനവും താമസിക്കാനും മറ്റുമായി രാജാവ് ശൈഖിന് സൗജന്യമായി വിട്ടുകൊടുത്തു. ഖാസിയെ പോലെ എല്ലാവിധ നികുതിയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കികൊടുക്കുകയും ചെയ്‌തു. ഈയൊരു സംരക്ഷണത്തിന്റെ തണലിലാണ് ശൈഖ് ജിഫ്രി(ന.മ) കൊയിലാണ്ടിയിലെ സയ്യിദ് മുഹമ്മദ് ബിൻ ഹാമിദ്(ന.മ) ൻ്റെ ശിഷ്യത്വം സ്വീകരിക്കുന്നതും ശേഷം ഇരുവരും ചേർന്ന് മലബാറിന്റെ ഉൾഭാഗങ്ങളിൽ ചുറ്റി സഞ്ചരിച്ച് ഇസ്‌ലാംമത പ്രചാരണം നടത്തുന്നതും.5
പൊന്നാനിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുറഹ്മാനുൽ ഐദറൂസി(ന.മ) മലബാറിനെ പോലെ അന്നത്തെ കൊച്ചിയുമായും വലിയ ബന്ധം നിലനിർത്തിയ ആളായിരുന്നു. അദ്ദേഹത്തിന്റെ മകനും പ്രസിദ്ധനുമായ സയ്യിദ് അബൂബക്കർ ബമ്പ്(ന.മ) കൊച്ചിയാണ്
തന്റെ പ്രവർത്തന കളരിയായി തെരഞ്ഞെടുത്തിരുന്നത്. ഇക്കാലത്ത് അവർ ഉൾപ്പെടെയുള്ള സയ്യിദ് കുടുംബങ്ങളുമായി അന്നത്തെ കൊച്ചി-തിരുവിതാംകൂർ രാജാക്കന്മാർ കാത്തുസൂക്ഷിച്ചിരുന്ന സ്നേഹബന്ധം പ്രസിദ്ധമാണ്. അവർക്കു പ്രത്യേകം ബഹുമതികളും അംഗീകാരങ്ങളും വകവച്ചുനൽകിയെന്നു മാത്രമല്ല; പല മേഖലകളിലും അവരെ സഹായിക്കുകയും ചെയ്തു. ശംഖുമുഖം ദേശചരിത്രവുമായി ബന്ധപ്പെട്ട ഒരു കഥ തന്നെ ഇവരുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.6
തന്റെ കുട്ടിക്കാലത്തു പോലും കൊച്ചി രാജാക്കന്മാരിൽ നിന്ന് തങ്ങളുടെ കുടുംബത്തിനു ലഭിച്ചിരുന്ന പ്രത്യേക പരിഗണനയുടെയും സമ്മാനങ്ങളുടെയും കഥ അസ്ഹരി തങ്ങൾ തൻ്റെ ആത്മകഥാകുറിപ്പുകളിൽ പറയുന്നത് ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതാണ്.7
നാട്ടുരാജാക്കന്മാർ, അവരുടെ കാര്യസ്ഥന്മാർ, ജന്മികൾ, നമ്പൂതിരിമാർ, സാധാരണക്കാർ, താഴ്ന്ന ജാതി വിഭാഗങ്ങൾ എന്നിങ്ങനെ പ്രത്യേക രീതിയിൽ സാമൂഹിക ഘടന നിലനിന്നിരുന്ന കാലത്ത് അവരുടെയെല്ലാം പ്രശംസയും അംഗീകാരവും നേടിയെടുത്ത് സാമൂഹിക നേതൃത്വത്തിലേക്ക് ഉയർന്നുവരികയായിരുന്നു സയ്യിദ് കുടുംബങ്ങൾ. മനുഷ്യരെയെല്ലാം ചേർത്തു പിടിക്കുകയും അവർക്ക് നന്മ കാംക്ഷിക്കുകയും ചെയ്യുന്ന മനസ്സാണ് അവർക്ക് പൊതുവിൽ ഉണ്ടായിരുന്നത്. ജീവിതവിശുദ്ധിയും സാത്വിക ഭാവവും ജാതി-മത ഭേദമന്യേ എല്ലാവരെയും പരിഹാരങ്ങൾക്കായി സയ്യിദുമാരിലേക്ക് ആകർഷിച്ചു. വൈദ്യമേഖല ഏറെ വികസിച്ചിട്ടില്ലാത്ത അക്കാലത്ത് പ്രമുഖരായ ഭിഷഗ്വരന്മാർ നിർദേശിക്കുന്ന മരുന്നുകൾ മാത്രമായിരുന്നു അന്നത്തെ ഒരേയൊരു ആശ്രയം. ഒറ്റമൂലികളും പച്ചമരുന്നുകളുമാണ് സാധാരണക്കാർ ആശ്രയിച്ചിരുന്നത്. രാജകുടുംബാംഗങ്ങൾക്കും ഉന്നതകുലജാതർക്കും മാറാവ്യാധികൾ പിടിപെട്ടാലും ഇതിൽ കവിഞ്ഞ് വേറെ മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. അവിടെയാണ് അവസാനത്തെ പടിയെന്നോണം നാട്ടിലെ പുണ്യപുരുഷന്മാരുടെ അനുഗ്രഹം തേടി പുറപ്പെട്ടിരുന്നത്. അറബ് നാടുകളിൽ നിന്നും മറ്റും വന്ന് ശാന്തജീവിതം നയിച്ചിരുന്ന പുണ്യപുരുഷന്മാരുടെ ചികിത്സകൾ അത്ഭുതകരമാംവിധം ഫലം കാണുകയും രോഗങ്ങൾ ഭേദമാവുകയും ചെയ്യുന്നതോടെ അവർ വലിയ ബഹുമതികൾക്കും പരിഗണനകൾക്കും അർഹരായിരുന്നതായി കാണാം.
മൈസൂർ സുൽത്താന്മാർ മലബാറിൽ അധികാരം ഏറ്റെടുത്തപ്പോൾ ഇവിടെ സയ്യിദുകുടുംബങ്ങൾക്ക് സുവർണ കാലമായിരുന്നു. തദ്ദേശീയരായ മുൻകാല ഭരണാധികാരികൾ അവർക്ക് നൽകിവന്നിരുന്ന ആദരവുകളെല്ലാം നിലനിർത്തിയതോടൊപ്പം അവർക്ക് കൂടുതൽ പരിഗണനകളും സമ്മാനങ്ങളും വകവച്ചുനൽകി. പൊന്നാനിയിലെ വലിയ ജാറത്തിനായി ടിപ്പു സുൽത്താൻ 2.90 ഏക്കർ ഭൂമി പതിച്ചുനൽകിയിരുന്നുവത്രെ. ചാവക്കാട് മണത്തല ഐദ്രോസ്കുട്ടി മൂപ്പനാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത്. കൂടാതെ, ആദരവിന്റെ ഭാഗമായി വിലപിടിപ്പുള്ള വാളും മറ്റും സമ്മാനമായി നൽകുകയും ചെയ്‌തിരുന്നു. പിന്നീട് അവർക്കിടയിലെ ‘വലിയ തങ്ങൾ’ സ്ഥാനാരോഹണ വേളയിൽ ഈ വാൾ കൈമാറുന്ന ചടങ്ങ് നിലനിന്നു പോന്നിരുന്നതായി കാണാം.8
മലബാറിലെത്തിയ ഹൈദരലിയും ടിപ്പുവും കോഴിക്കോട് വന്ന് ശൈഖ് ജിഫ്രി(ന.മ)യുടെ അനുഗ്രഹം വാങ്ങിയിരുന്നതായി ചരിത്രം പറയുന്നു. 1787 ൽ കുറ്റിച്ചിറയിലെ മാളിയേക്കൽ ഭവനത്തിൽ വന്നാണ് ടിപ്പു അദ്ദേഹത്തെ സന്ദർശിച്ചിരുന്നത്. ടിപ്പു ഇരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു ബെഞ്ച് ഇന്നും ശൈഖ് ജിഫ്രി(ന.മ) യുടെ മഖാമിൽ സൂക്ഷിച്ചുവരുന്നതായി കാണാം.9 കൊണ്ടോട്ടിയിലെ തങ്ങന്മാരോടും വലിയ അടുപ്പമാണ് ടിപ്പു സുൽത്താൻ നിലനിർത്തിയിരുന്നത്.10
കണ്ണൂർ വളപട്ടണത്ത് പതിനാറാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ എത്തിയ സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരി(ന.മ) യോടും പിന്നീട് പലപ്പോഴായി വന്ന വിവിധ സയ്യിദ് കുടുംബങ്ങളോടും അറക്കൽ രാജകുടുംബവും വളരെ അനുഭാവപൂർവമാണ് പെരുമാറിയത്.
തങ്ങളുടെ നാടിൻ്റെ സമാധാനപൂർണമായ മുന്നോട്ടുപോക്കിന് ഇവിടെ സയ്യിദ് കുടുംബങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു ഇത്. കേരളത്തിലെ രാജാക്കന്മാരുടെ ഇത്തരത്തിലുള്ള സമീപനമാണ് ഇവിടെ അവർക്ക് പ്രതാപത്തോടെയുള്ള ജീവിതത്തിന് വഴിയൊരുക്കിയതും തദ്ദ്വാരാ ജനങ്ങൾക്ക് അഭിമാനകരമായ അസ്തിത്വം സാധ്യമായതും.
സമൂഹ്യ നേതൃത്വത്തിലേക്ക് കടന്നുവന്ന വിധം
നാട്ടുരാജാക്കന്മാർ, അവരുടെ കാര്യസ്ഥന്മാർ, ജന്മികൾ, നമ്പൂതിരിമാർ, സാധാരണക്കാർ, താഴ്ന്ന ജാതി വിഭാഗങ്ങൾ എന്നിങ്ങനെ പ്രത്യേക രീതിയിൽ സാമൂഹിക ഘടന നിലനിന്നിരുന്ന കാലത്ത് അവരുടെയെല്ലാം പ്രശംസയും അംഗീകാരവും നേടിയെടുത്ത് സാമൂഹിക നേതൃത്വത്തിലേക്ക് ഉയർന്നുവരികയായിരുന്നു സയ്യിദ് കുടുംബങ്ങൾ. മനുഷ്യരെയെല്ലാം ചേർത്തു പിടിക്കുകയും അവർക്ക് നന്മ കാംക്ഷിക്കുകയും ചെയ്യുന്ന മനസ്സാണ് അവർക്ക് പൊതുവിൽ ഉണ്ടായിരുന്നത്. ജീവിതവിശുദ്ധിയും സാത്വിക ഭാവവും ജാതി-മത ഭേദമന്യേ എല്ലാവരെയും പരിഹാരങ്ങൾക്കായി സയ്യിദുമാരിലേക്ക് ആകർഷിച്ചു. വൈദ്യമേഖല ഏറെ വികസിച്ചിട്ടില്ലാത്ത അക്കാലത്ത് പ്രമുഖരായ ഭിഷഗ്വരന്മാർ നിർദേശിക്കുന്ന മരുന്നുകൾ മാത്രമായിരുന്നു അന്നത്തെ ഒരേയൊരു ആശ്രയം. ഒറ്റമൂലികളും പച്ചമരുന്നുകളുമാണ് സാധാരണക്കാർ ആശ്രയിച്ചിരുന്നത്. രാജകുടുംബാംഗങ്ങൾക്കും ഉന്നതകുലജാതർക്കും മാറാവ്യാധികൾ പിടിപെട്ടാലും ഇതിൽ കവിഞ്ഞ് വേറെ മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. അവിടെയാണ് അവസാനത്തെ പടിയെന്നോണം നാട്ടിലെ പുണ്യപുരുഷന്മാരുടെ അനുഗ്രഹം തേടി പുറപ്പെട്ടിരുന്നത്. അറബ് നാടുകളിൽ നിന്നും മറ്റും വന്ന് ശാന്തജീവിതം നയിച്ചിരുന്ന പുണ്യപുരുഷന്മാരുടെ ചികിത്സകൾ അത്ഭുതകരമാംവിധം ഫലം കാണുകയും രോഗങ്ങൾ ഭേദമാവുകയും ചെയ്യുന്നതോടെ അവർ വലിയ ബഹുമതികൾക്കും പരിഗണനകൾക്കും അർഹരായിരുന്നതായി കാണാം. മലബാറിലുടനീളം പല സൂഫികൾക്കും സയ്യിദുമാർക്കും ബഹുജന പിന്തുണയും സ്വീകാര്യതയും കൈവന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. ശേഷം, അവർക്ക് സമ്മാനമായി ലഭിക്കുന്നത് ഏക്കർ കണക്കിന് ഭൂമിയോ പള്ളി പണിയാനുള്ള സാമഗ്രികളോ ആയിരിക്കും. ഇതോടെ അവർ പൊതുജനത്തിൻ്റെ ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നു.
മലബാറിലെ സൂഫികളുടെയും സയ്യിദുമാരുടെയും സാമൂഹിക നേതൃത്വത്തിലേക്ക് പെട്ടെന്നുള്ള കടന്നുവരവിൻ്റെയും വലിയ സാമൂഹിക സ്വീകാര്യതയുടെയും പിന്നിലെ ചരിത്രം പരതിയാൽ ഇത്തരം ധാരാളം സംഭവങ്ങൾ കാണാവുന്നതാണ്. 1700 കളുടെ അവസാന ദശകങ്ങളിലാവണം സയ്യിദ് അഹ്‌മദുൽ ബുഖാരി(ന.മ) (മരണം: 1822) ചാവക്കാട് വന്ന് താമസിക്കുന്നത്. ആയിടെ ആ പ്രദേശത്തെ ജന്മിയുടെ തറവാട്ടിലെ ഒരു സ്ത്രീക്ക് കലശലായ ഉദരവേദന പിടിപെടുന്നു. പല വൈദ്യന്മാരെയും കണ്ട് ചികിത്സിച്ചിട്ടും ഫലം കാണാതെ വന്നപ്പോൾ അഹ്മദുൽ ബുഖാരി(ന.മ) യുടെ മുമ്പിലെത്തുന്നു. അദ്ദേഹം മന്ത്രിച്ചുനൽകിയ വെള്ളം അത്ഭുതകരമാംവിധം സ്ത്രീയുടെ രോഗം ശമിപ്പിക്കുന്നു. സന്തോഷഭരിതനായ ജന്മി പാരിതോഷികങ്ങളുമായി അദ്ദേഹത്തെ സമീപിക്കുന്നു. അദ്ദേഹം ഒന്നും വേണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. വീണ്ടും നിർബന്ധിച്ചപ്പോൾ ഒരു പള്ളിയും വീടും വെക്കാനുള്ള സ്ഥലം മാത്രം നൽകിയാൽ മതിയെന്നു പറയുന്നു. അതോടെ ഏക്കർ കണക്കിന് സ്ഥലം ജന്മി അദ്ദേഹത്തിന് എഴുതിക്കൊടുക്കുന്നു. ജീവിക്കാനുള്ള മറ്റു സൗകര്യങ്ങൾ ചെയ്‌തുകൊടുക്കുന്നു. താമസിയാതെ ഈ സംഭവം നാടുനീളെ പ്രചരിക്കുന്നു. ജാതി മത ഭേദമന്യേ ജനങ്ങൾ തങ്ങളുടെ വിവിധ പ്രശ്‌നങ്ങൾക്കായി അങ്ങോട്ട് ഒഴുകിത്തുടങ്ങുന്നു. ഇതോടെ ചാവക്കാട് തങ്ങന്മാർ പരിഹാരങ്ങളുടെ കോടതിയായി പരിണമിക്കുന്നത് നമ്മൾ കാണുന്നു.11
കേരളത്തിലെത്തിയ പല സയ്യിദ് കുടുംബങ്ങളുടെ കാര്യത്തിലും സമാനമായ അനുഭവങ്ങൾ കാണാൻ സാധിക്കും. അവർ എവിടെ വന്ന് താമസിച്ചോ അവിടെ പരിസരവാസികളുടെ വിവിധ പ്രശ്‌നങ്ങൾക്കുള്ള പരിഹാര കേന്ദ്രമായിട്ടാണ് വർത്തിച്ചിരുന്നത്. ഹിന്ദുവെന്നോ മുസ്ലിമെന്നോ ഉള്ള വ്യത്യാസം ഇവിടെയുണ്ടായിരുന്നില്ല. എല്ലാവരും തങ്ങളുടെ ആവശ്യങ്ങൾക്കായി അവരെ സമീപിക്കുമായിരുന്നു. ബാഹുസൈനി ഖബീലയിൽനിന്ന് ആദ്യമായി കേരളത്തിലെത്തിയ സയ്യിദ് മുഹമ്മദുൽ യമനി(ന.മ) വടകരയിലാണ് താമസിച്ചിരുന്നത്. ശേഷം പെരകമണ്ണ എന്ന ദേശത്തെ ഒരു കുന്നിൻ മുകളിൽ ധ്യാനനിരതനായി കഴിഞ്ഞുകൂടി. ആയിടെ അവിടത്തെ ഭൂവുടമയുടെ മകൾക്ക് മാറാവ്യാധി പിടിപെടുകയും സയ്യിദ് അത് ചികിത്സിച്ച് ഭേദപ്പെടുത്തുകയും ചെയ്‌തു. ഇതിനു പാരിതോഷികമായി അവർ നൽകിയത് പള്ളി പണിയാനുള്ള ഭൂമിയാണ്.12
കൊടുങ്ങല്ലൂരിനടുത്തുള്ള ആല പനങ്ങാട് പള്ളിയോടു ചേർന്നുള്ള മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുനവ്വിർഷാ(ന.മ) എന്ന സാഹിബ് ഉപ്പാപ്പയുമായി ബന്ധപ്പെട്ടും സമാനമായ കഥകൾ കാണാം. അവിടത്തെ കോവിലകത്തെ നാടുവാഴിയുടെ മകൾക്ക് വിഷബാധയേറ്റു. ഒടുവിൽ അത് ചികിത്സിച്ച് ഭേദമാക്കിയത് അദ്ദേഹമായിരുന്നു. ഏക്കർ കണക്കിന് ഭൂമിയാണ് അതിന് പാരിതോഷികമായി ലഭിച്ചത്. അവിടെയാണ് പിന്നീട് പള്ളി ഉയർന്നുവന്നതും ജനജീവിതം പൂത്തുലയുന്നതും.13
ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടം
ജാതീയതയും അതിൻ്റെ പലതരം വിവേചനങ്ങളും പരമകാഷ്ഠ പ്രാപിച്ച ഘട്ടത്തിലാണ് കേരളത്തിൽ സയ്യിദുമാർ പ്രബോധനത്തിനെത്തുന്നത്. ചാതുർവർണ്യത്തിൻ്റെ വിവേചനങ്ങൾക്ക് ഇരയായി വലിയൊരു വിഭാഗം ജനങ്ങൾ കേവലം മാനുഷിക പരിഗണന പോലും ലഭിക്കാതെ മൃഗ സമാനരായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന കാലം. ആഗ്രഹിക്കുന്ന വസ്ത്രം ധരിക്കാനോ പൊതുറോഡിൽ യാത്ര ചെയ്യാനോ പാത്രത്തിൽ കഞ്ഞി കുടിക്കാനോ പോലും സ്വാതന്ത്ര്യമില്ലാത്ത അധസ്ഥിത വിഭാഗങ്ങളെയാണ് സയ്യിദുമാർ ഇവിടെ അഭിമുഖീകരിച്ചിരുന്നത്. മനുഷ്യത്വത്തിൻ്റെ നനവോ ലാളനയോ ലഭിക്കാതെ പോയ ഈ ജനങ്ങളെ സ്വന്തം സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ പോലെ അവർ നെഞ്ചിലേക്കു ചേർത്തു പിടിച്ചു. തോളത്ത് കൈവച്ച് അവരുടെ വേദനകൾ കേൾക്കുകയും കൂടെയിരുത്തി ഭക്ഷണം നൽകുകയും ചെയ്തു. മനുഷ്യൻ ഭൂമിയിൽ ദൈവത്തിന്റെയല്ലാതെ ആരുടെയും അടിമയായി ജീവിക്കേണ്ടവനല്ലെന്ന ബോധം അവരിൽ സൃഷ്‌ടിച്ചു. കേരളത്തിലെ വലിയൊരു ശതമാനം ആളുകൾക്ക് താനും മനുഷ്യരാണെന്ന തിരിച്ചറിവ് ലഭിച്ചുതുടങ്ങുന്നത് ഇതോടെയാണ്. 14
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മമ്പുറം തങ്ങന്മാർ ഈ ഉത്തരവാദിത്തം മനോഹരമായി നിർവഹിച്ചിരുന്നത് കാണാം. ജാതീയതക്കെതിരെ ശക്തമായി നിലകൊണ്ട് അവർ സവർണ ജന്മിത്വം അടിച്ചേൽപ്പിച്ച ‘ജാത്യാഭിജാത്യ ബോധ’ത്തെ തങ്ങളുടെ കർമങ്ങളിലൂടെ ചോദ്യം ചെയ്തു. കപ്രാട്ട് കൃഷ്ണപ്പണിക്കർ, കോന്തുനായർ പോലെയുള്ളവരെ അധസ്ഥിത ജനങ്ങളോടൊപ്പം തങ്ങളുടെ സുഹൃത്തുക്കളായി ചേർത്തുപിടിക്കുകവഴി അവർ സൂക്ഷിച്ചുപോന്നിരുന്ന ജാതിബോധത്തെ നിഷ്പ്രഭമാക്കി. മനുഷ്യൻ എന്ന ബഹുമാന ത്തോടെ എല്ലാവരെയും സ്വന്തം ദർബാറിൽ ഒരുമിച്ചിരുത്തി. ഇക്കാലത്ത് ജാതീയതയുടെ വള്ളിക്കെട്ടിൽനിന്ന് സ്വയം മോചനം തേടി ഇസ്ലാമിലേക്ക് കടന്നുവന്നവർ അനവധിയാണ്. മാപ്പിളമാരുടെ ജനസംഖ്യയിൽ ഇക്കാലത്ത് വൻ വർദ്ധനവ് സംഭവിച്ചതായി ബ്രിട്ടീഷുകാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 1807 ൽ വെന്യൂ ഉദ്യോഗസ്ഥരുടെ നിർണയപ്രകാരം മലബാറിലെ മുസ്ലിം ജനസംഖ്യ 170113 ആയിരുന്നു. ഇത് 1831, 1851 ആകുമ്പോഴേക്കും യഥാക്രമം 269624 ഉം 382330 ഉം ആയി വർദ്ധിക്കുന്നതായി അവർ പറയുന്നു.”15
ജാതീയതയുടെ പശ്ചാതലത്തിൽ മമ്പുറം തങ്ങന്മാരുടെ മനുഷ്യത്വപരമായ പ്രവർത്തനങ്ങളായിരുന്നു ഇതിനു പ്രചോദനം. സ്വയം മതം മാറി ജാതിവിവേചനത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയവരെ പോലും അന്ന് സവർണ ജന്മികൾ തങ്ങൾക്ക് കഴിയുന്നവിധത്തിൽ പീഡിപ്പിച്ചിരുന്നു. അത്തരക്കാരോട് മമ്പുറം സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ നടത്തിയ ആഹ്വാനം അവർക്കുള്ള വിമോചന മന്ത്രങ്ങൾ കൂടിയായിരുന്നു. ജന്മികൾക്കു മുമ്പിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ആചാരങ്ങൾ പാടില്ല, ജന്മികളോട് ദൈവതുല്യമായ സംബോധനകൾ അരുത്, ജന്മികളുടെ ഉച്ഛിഷ്ടം ഭുജിക്കുന്ന സമ്പ്രദായം നിർത്തിവക്കണം, വെള്ളിയാഴ്‌ച ദിവസം ആരാധനക്കുള്ളതാണ്; അന്ന് ആരും പാടത്ത് ഉഴുതാൻ പോകരുത് തുടങ്ങിയവയായിരുന്നു അത്.16
ജാതീയമായി അടിച്ചമർത്തപ്പെട്ട പാവം ജനവിഭാഗങ്ങൾക്ക് സ്വത്വബോധവും അഭിമാനകരമായ ജീവിതവും സമ്മാനിച്ചത് സയ്യിദുമാരായിരുന്നു. കേരളത്തിലുടനീളം സമൂഹത്തിൽ ഇടപെട്ട് ജീവിച്ചിരുന്ന സയ്യിദ് കുടുംബങ്ങൾക്ക് ഇതിൽ വലിയ പങ്കുണ്ട്.
കേരളക്കരയിൽ ഇസ്ലാമിനെ ജനകീയവത്കരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ് സയ്യിദുമാർ. തീരപ്രദേശങ്ങളിൽ അധിവസിച്ചിരുന്ന മുസ് ലിം കുടുംബങ്ങളിലൂടെ പരമ്പരാഗതമായി കൈമാറിവന്ന ഇസ്ലാമിനെ ഉൾഭാഗങ്ങളിൽ താമസിക്കുന്ന വിവിധ മത ജാതി വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ അവരുടെ പ്രവർത്തനങ്ങൾ ഏറെ നിമിത്തമായിട്ടുണ്ട്. കോഴിക്കോട്, കൊയിലാണ്ടി, വളപട്ടണം പോലെയുള്ള പ്രധാന തുറമുഖ കേന്ദ്രങ്ങളിൽ എത്തിപ്പെട്ട അവർ തീരപ്രദേശങ്ങളിലും ഉൾഭാഗങ്ങളിലുമായി കേരളത്തിന്റെ വിവിധ തുരുത്തുകളിൽ പോയി താമസിച്ചതോടെ അവിടങ്ങളിലെല്ലാം ഇസ് ലാമിക സമൂഹങ്ങൾ രൂപപ്പെടുകയായിരുന്നു. ജാതി മത ഭേദമന്യേ എല്ലാവർക്കുമിടയിലായിരുന്നു അവരുടെ ജീവിതം. പൊതുസമൂഹത്തിലേക്ക് തങ്ങളുടെ പ്രബോധന സന്ദേശങ്ങൾ എളുപ്പത്തിൽ എത്തിക്കാൻ ഇത് വഴിവച്ചു.
ഇസ്‌ലാമിക പ്രബോധനത്തിന്റെ വിസ്ഫോടനം
കേരളക്കരയിൽ ഇസ്ലാമിനെ ജനകീയവത്കരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ് സയ്യിദുമാർ. തീരപ്രദേശങ്ങളിൽ അധിവസിച്ചിരുന്ന മുസ് ലിം കുടുംബങ്ങളിലൂടെ പരമ്പരാഗതമായി കൈമാറിവന്ന ഇസ്ലാമിനെ ഉൾഭാഗങ്ങളിൽ താമസിക്കുന്ന വിവിധ മത ജാതി വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ അവരുടെ പ്രവർത്തനങ്ങൾ ഏറെ നിമിത്തമായിട്ടുണ്ട്. കോഴിക്കോട്, കൊയിലാണ്ടി, വളപട്ടണം പോലെയുള്ള പ്രധാന തുറമുഖ കേന്ദ്രങ്ങളിൽ എത്തിപ്പെട്ട അവർ തീരപ്രദേശങ്ങളിലും ഉൾഭാഗങ്ങളിലുമായി കേരളത്തിന്റെ വിവിധ തുരുത്തുകളിൽ പോയി താമസിച്ചതോടെ അവിടങ്ങളിലെല്ലാം ഇസ് ലാമിക സമൂഹങ്ങൾ രൂപപ്പെടുകയായിരുന്നു. ജാതി മത ഭേദമന്യേ എല്ലാവർക്കുമിടയിലായിരുന്നു അവരുടെ ജീവിതം. പൊതുസമൂഹത്തിലേക്ക് തങ്ങളുടെ പ്രബോധന സന്ദേശങ്ങൾ എളുപ്പത്തിൽ എത്തിക്കാൻ ഇത് വഴിവച്ചു. കോഴിക്കോട്, കൊയിലാണ്ടി, വളപട്ടണം, തിരൂരങ്ങാടി, പൊന്നാനി, ചാവക്കാട്, കൊച്ചി തുടങ്ങി അവർ ചെന്നു താമസിച്ച പ്രദേശങ്ങളും അവയുടെ പരിസര പ്രദേശങ്ങളുമെല്ലാം വലിയ മുസ്‌ലിം അധിവാസ കേന്ദ്രങ്ങളായി വളർന്നുവന്നു. അവിടത്തെ വിവിധ മതജാതി വിഭാഗങ്ങൾക്കിടയിൽ വലിയ സൗഹൃദവും സഹവർത്തിത്വവും രൂപപ്പെട്ടു. ഇവിടങ്ങളിൽ നിന്നെല്ലാം കേരളത്തിൻ്റെ വിവിധ ഉൾപ്രദേശങ്ങളിലേക്ക് മാറി താമസിച്ച അവരുടെ സന്താനങ്ങളിലൂടെ അവിടങ്ങളിൽ സംഭവിച്ചതും ഇതേ മാറ്റമായിരുന്നു. ഒരു ചങ്ങല പോലെ കേരളത്തിൻ്റെ ഓരോ മുക്കുമൂലയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് ഇന്ന് സയ്യിദ് കുടുംബങ്ങൾ.
എത്തിപ്പെടുന്ന പ്രദേശങ്ങളിൽ പള്ളി നിർമിച്ചുകൊണ്ടാണ് സയ്യിദുമാർ ഇസ്‌ലാമിക പ്രബോധനം നടത്തിയിരുന്നത്. ഇത് അവിടത്തെ ഇസ്‌ലാമിക സമൂഹത്തിൻ്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു. കേരളത്തിൽ തല ഉയർത്തി നിൽക്കുന്ന പല പ്രധാന പുരാതന പള്ളികളും സ്ഥാപിതമായത് അവിടെ എത്തിപ്പെട്ട സയ്യിദുമാരിലൂടെയായിരുന്നുവെന്ന് കാണാം. ഏറനാട്-വള്ളുവനാടിൻ്റെ ഉൾഭാഗങ്ങളിലായി മാത്രം മമ്പുറം തങ്ങൾ(ന.മ) അമ്പതോളം പള്ളികൾ പണിയുകയോ പുനരുദ്ധരിക്കുകയോ ചെയ്‌തതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.”17
ആളുകൾക്കിടയിൽ മതജീവിതം സജീവമാകുന്നതിലും മൂല്യബോധം വളർത്തിക്കൊണ്ടുവരുന്നതിലും സയ്യിദുമാരുടെ ഇടപെടലുകൾ വലിയ പങ്കുവഹിച്ചതായി കാണാം. ലഹരിയും ചൂതാട്ടവുമുൾപ്പെടെ അധാർമിക വഴികളിൽ ജീവിതം ഹോമിച്ചിരുന്ന നാട്ടുപ്രമാണിമാരെയും സാധാരണക്കാരെയും തങ്ങളുടെ ചെറിയ ഉപദേശങ്ങളിലൂടെ അവർ കരകയറ്റി. ഏറനാടിൻ്റെ ഉൾഭാഗങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച മമ്പുറം തങ്ങളുടെ ചരിത്രത്തിൽ ഇത്തരം ധാരാളം സംഭവങ്ങൾ കാണാവുന്നതാണ്. കളവ്, സാമ്പത്തിക ചൂഷണം, വഴിവിട്ട ജീവിതം എന്നിവയിൽ നിന്നെല്ലാം സയ്യിദുമാരുടെ ചെറിയൊരു കരസ്പർശം കൊണ്ട് മാറി ചിന്തിച്ച അനവധി പേരുടെ കഥകൾ കേൾക്കാവുന്നതാണ്. ധാർമിക ജീവിതത്തിൻ്റെ സൗന്ദര്യം അവർ അപ്പോഴാണ് അറിഞ്ഞിരുന്നത്. പേരിൽ മാത്രം മുസ്‌ലിമാകുന്നതിലപ്പുറം തങ്ങളുടെ കർമം കൊണ്ട് മുസ്‌ലിമാവാൻ സയ്യിദുമാരുടെ ഇടപെടലിലൂടെ ധാരാളം പേർക്ക് സാധിച്ചിരുന്നു. 18
തസ്വവ്വുഫും ആത്മീയ നവോത്ഥാനവും
കേരള മുസ്‌ലിംകളുടെ ആത്മീയ ജീവിതം കരുപിടിപ്പിക്കുന്നതിലും അവരെ തസ്വവുഫിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിലും സയ്യിദുമാരുടെ പങ്ക് വളരെ വലുതാണ്. നൂറ്റാണ്ടുകളായി ഇവിടെ ഈ മേഖല കൈകാര്യം ചെയ്തിരുന്നവരിൽ പ്രധാനികളായിരുന്നു സയ്യിദുമാർ. സയ്യിദുമാരാവുന്നതോടൊപ്പം തന്നെ അവർ സൂഫികൾ കൂടിയായിരുന്നു. വിവിധ കാലങ്ങളിൽ പ്രമുഖരായ അനവധി സൂഫികളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട മണ്ണാണ് കേരളം. മാലിക് ബിൻ ദീനാർ സംഘം മുതൽ പെരിങ്ങത്തൂരിലെ അലിയ്യുൽ കുഫി, കുഞ്ഞിപ്പള്ളിയിലെ ഉമർ സുഹ്റവർദി തുടങ്ങി നേരത്തെ തന്നെ ഈ ശൃംഖലയിലെ പലരും ഇവിടെ വന്ന് പ്രവർത്തിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിനു മുമ്പുതന്നെ ഖാദിരി, രിഫാഈ, നഖ്ശബന്ദി, സുഹ്റവർദി സരണികൾ മലബാറിൽ ആഴത്തിൽ വേരോടിയിരുന്നതായി ചരിത്രത്തിൽ കാണാം. അതിന്റെ തുടർച്ചയെ ഏറ്റെടുത്ത് സംരക്ഷിച്ചവരായിരുന്നു പിന്നീട് ഇവിടെയെത്തിയ സയ്യിദുമാർ. വളപട്ടണത്തെ സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരി(ന.മ) വലിയ സൂഫീ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു. കൊയിലാണ്ടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് ബിൻ ഹാമിദ്(ന.മ) അനവധി ത്വരീഖതുകളുടെ ശൈഖ് കൂടിയാണ്. പിന്നീട് വന്ന സയ്യിദ് അബ്ദുറഹ്മാനുൽ ഐദറൂസ്, ശൈഖ് ജിഫ്രി(ന.മ) തുടങ്ങിയവർ അദ്ദേഹത്തിന്റെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചതിനു ശേഷമാണ് കേരളത്തിൽ ഇസ്‌ലാമിക പ്രബോധനത്തിന് ഇറങ്ങിയിരുന്നത്. ധാരാളം പേർ അദ്ദേഹത്തിന്റെ ആത്മീയ പ്രഭാവത്തിൽ ആകൃഷ്ടരായി ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്‌തിട്ടുണ്ട്.19
ഹദ്റമീ സാദാത്തിന്റെ ആഗമനത്തോടെ ബാഅലവി സൂഫീസരണിക്ക് കേരളത്തിൽ വലിയ പ്രചാരം ലഭിച്ചു. യമനിൽനിന്ന് വരുമ്പോൾ ഈ ത്വരീഖതുമായാണ് അവർ വന്നിരുന്നത്. അലിയ്യുൽ ഖസമിന്റെ മകൻ മുഹമ്മദ് എന്നവരുടെ പേരമകനായ സയ്യിദ് ഫഖീഹുൽ മുഖദ്ദം എന്ന സയ്യിദ് മുഹമ്മദ് ബാഅലവി(ന.മ) യാണ് ബാഅലവി ത്വരീഖത്തിന്റെ സമാരംഭകൻ. പ്രമുഖ സൂഫിയും ശാദുലി സരണിയിലെ ശൈഖുമായിരുന്ന അബൂ മദ്‌യൻ ശുഐബ്(ന.മ) എന്നവരിൽ നിന്നാണ് അദ്ദേഹം ത്വരീഖത്തിന്റെ സ്ഥാനപ്പട്ടം സ്വീകരിച്ചിരുന്നത്. ഹദ്റമൗതിലെ സയ്യിദുമാർക്കിടയിൽ ഈ ത്വരീഖത്ത് പ്രചുരപ്രചാരം നേടിയിരുന്നു. ഇതോടെ തരീം സമാധാനത്തിന്റെയും സമാശ്വാസത്തിന്റെയും കേന്ദ്രമായി മാറി. ഈ സരണിയിലെ സയ്യിദുമാരുടെ ഖബറിടങ്ങൾ കൂടുതൽ പ്രസിദ്ധമാവുകയും തീർത്ഥാടന കേന്ദ്രങ്ങളായി മാറുകയും ചെയ്തു. ഇത് കേരളീയ പരിസരത്തിലും സമാനമായ അനുഭവമാണ് ഉണ്ടാക്കിയിരുന്നത്. 20
തസ്വവുഫിൽ അധിഷ്‌ഠിതവും മാതൃകാപരവുമായിരുന്നു ഇവിടെ ഹദ്റമി സാദാതുമാരുടെ ജീവിതം. ബാഅലവി ത്വരീഖത്ത് അവരുടെ നിലപാടുകളെയും പെരുമാറ്റങ്ങളെയും സ്വഭാവത്തെയുമെല്ലാം വലിയ അളവിൽ സ്വാധീനിച്ചിരുന്നു. അവർ എന്നും സമാധാനപ്രിയരും അൽപം മാത്രം സംസാരിക്കുന്നവരുമായിരുന്നു. ജനക്കൂട്ടങ്ങളുടെ ബഹളങ്ങളിൽ നിന്നും വഴക്കുകളിൽനിന്നും അവർ മാറിനിന്നു. സംയമനമായിരുന്നു എന്നും അവരുടെ മാർഗം. കുടുംബ കാര്യങ്ങളിൽ അവർ നന്നായി ശ്രദ്ധിച്ചു. എല്ലാ വിഭാഗത്തിൽ പെട്ടവരുമായും അയൽക്കാരുമായും നല്ല ബന്ധം പുലർത്തി. ബാഅലവി സുഫീ മാർഗം ഏറെ ലളിതമായിരുന്നു. ഏകാന്തമായ ധ്യാനങ്ങൾക്കു പകരം സ്തോത്രങ്ങളും സ്‌തുതികളുമായിരുന്നു പ്രധാനം. അവർ ദിക്റുകളും സ്വലാതുകളും ക്രോഡീകരിക്കുകയും ജനങ്ങളോട് അത് പതിവാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഈ സൂഫീസരണിയിലെ പ്രമുഖരായ ഉമർ ബിൻ അബ്‌ദിറഹ്‌മാൻ ബിൻ അഖിൽ അൽ അത്താസ്(ന.മ) (മ. 1661) ക്രോഡീകരിച്ച അത്താസ് റാതീബും അബ്‌ദുല്ലാഹ് ബിൻ അലവി അൽ ഹദ്ദാദ്(ന.മ) (മ. 1719) ക്രോഡീകരിച്ച ഹദ്ദാദ് റാതീബും വിശ്വപ്രസിദ്ധമാണ്. ഹദ്റമി സയ്യിദുമാർ വഴി കേരളക്കരയിൽ പോലും അതിന് വലിയ പ്രചാരവും സ്വീകാര്യതയും ലഭിച്ചതായി കാണാം.21
ഹദ്റമി സൂഫിസം കേരളത്തിന് ആത്മീയതയുടെ ആഴമേറിയ പുതിയ ധാരാളം വഴികൾ തുറന്നുതന്നു. സൂഫികളുടെ മഖാമുകൾ വലിയ നിലയിൽ പവിത്രമായി മനസ്സിലാക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌തു. സൂഫികളുടെ മഖ്ബറകൾ വ്യാപകമായി സന്ദർശിക്കപ്പെട്ടു. അവയെ കേന്ദ്രീകരിച്ച് ഒരു തരം ആത്മീയത വികസിച്ചു. അശരണരായ അനവധി പേർക്ക് ഇത് വലിയൊരു ആശ്വാസകേന്ദ്രമായി മാറി. അവയെ കേന്ദ്രീകരിച്ച് നടക്കുന്ന സ്വലാത്ത്, ദിക്റ്, അന്നദാനം, ഉറൂസ് തുടങ്ങിയവ ജനങ്ങൾക്ക് വലിയ അനുഭൂതിയാണ് നൽകിയിരുന്നത്. ജാതി മത ഭേദമന്യേ എല്ലാവർക്കും സൗഹൃദം കാക്കാനുള്ള കേന്ദ്രങ്ങളായി അവ വർത്തിച്ചു. ജീവിതകാലത്തും മരണത്തിനു ശേഷവും ഹദ്റമി സാദാതുമാരുടെ സാന്നിധ്യം സമൂഹനിർമിതിയിൽ പല അളവിൽ ഇടപെട്ടുകൊണ്ടിരുന്നുവെന്ന് ചുരുക്കം.
ആത്മീയ ചികിത്സകളും സമൂഹത്തിന്റെ ആരോഗ്യവും
സമൂഹത്തിൻ്റെ മാനസിക-ശാരീരിക ആരോഗ്യം സയ്യിദുമാർ വളരെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. ജാതിമത ഭേദമന്യേ സാധാരണക്കാർ സയ്യിദുമാരെ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നതും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായിരുന്നു. ആരോടും പറയാൻ മടിക്കുന്ന, വിട്ടുമാറാത്ത പലവിധ സങ്കടങ്ങൾക്ക് പരിഹാരം തേടി അവർ സയ്യിദുമാരെ സമീപിച്ചു. അവരതിന് ആത്മീയമായ ചികിത്സകൾ നിർദേശിക്കുകയും അവ പരിഹരിക്കപ്പെടുകയും ചെയ്തു. പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ സങ്കടങ്ങളും ആവലാതികളും കേൾക്കാനുള്ള ഒരു ചെവിയായി അവർ നിലകൊണ്ടു. ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ സമാശ്വാസമായിരുന്നു. അതോടൊപ്പം പരമ്പരാഗതമായി കൈമാറിവന്ന പല വൈദ്യമുറകളും അവർ പിന്തുടർന്നുപോന്നു. സയ്യിദുമാർക്കിടയിൽ ആധുനിക വൈദ്യം പഠിച്ച് പ്രാക്ടീസ് ചെയ്യുന്നവരെയും ഇന്ന് ധാരാളമായി കാണാം.
കൂടാതെ, കുടുംബ പ്രശ്‌നങ്ങൾ, അയൽപക്ക തർക്കങ്ങൾ. സാമ്പത്തിക വിഷയങ്ങൾ തുടങ്ങിയവക്കുള്ള പരിഹാരം തേടി ആളുകൾ നിരന്തരം അവരുടെ മുമ്പിൽ വന്നു. നീതിപൂർവമായ മധ്യസ്ഥതയിലൂടെ അവ ലളിതമായി പരിഹരിക്കപ്പെട്ടു. സത്യസന്ധതയും വിശ്വാസ്യതയും നിഷ്‌പക്ഷതയുമാണ് ഇവിടെ പ്രധാനം. സയ്യിദുമാരിൽ വ്യാപകമായി കണ്ടിരുന്ന പ്രധാന മേന്മയും അതായിരുന്നു. സമൂഹത്തിലെ മൂപ്പന്മാരുടെയും കാരണവന്മാരുടെയും സ്ഥാനമാണ് ഈ വിഷയങ്ങളിൽ സയ്യിദുമാർ വഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്നും അവരുടെ വീടുകൾ പ്രശ്‌നപരിഹാരത്തിനുള്ള കോടതികൾ കൂടിയായിരുന്നു. കേരളത്തിലെ പല പ്രധാനപ്പെട്ട സയ്യിദ് കുടുംബങ്ങളുടെയും തറവാടുകൾ ഈയർത്ഥത്തിൽ നമുക്ക് കാണാവുന്നതാണ്. പാണക്കാട് കൊടപ്പനക്കൽ തറവാട് ഈ വിഷയത്തിൽ ഏറെ പ്രസിദ്ധമാണല്ലോ.
ഉൾനാടുകളിൽ മുസ്‌ലിം അധിവാസത്തിന്റെ വ്യാപനം
മലബാറിൻ്റെ ഉൾനാടുകളിൽ മുസ്‌ലിം അധിവാസം വർധിച്ച തോതിൽ ആരംഭിക്കുന്നത് ഹദ്റമി സയ്യിദുമാരുടെ ആഗമനത്തോടെയാണെന്നാണ് പ്രധാനപ്പെട്ട ഒരു നിരീക്ഷണം. പതിനാറാം നൂറ്റാണ്ടുവരെ മാപ്പിളമാർ പ്രധാനമായും സമുദ്രതീരങ്ങളിൽ കച്ചവടക്കാരായിട്ടാണ് കഴിഞ്ഞിരുന്നത്. പോർച്ചുഗീസുകാരുടെ ആഗമനത്തോടെ അറബ് വ്യാപാരം നിർത്തലാക്കപ്പെടുകയും മാപ്പിളമാർക്കെതിരെ വലിയ നിലയിലുള്ള മർദനങ്ങൾ അഴിച്ചുവിടുകയും ചെയ്തു. ഇതോടെ നിലനിൽപ് ഭീഷണിയിലായ മാപ്പിളമാർ ഉൾനാടുകളിലേക്ക് പലായനം ചെയ്തു. 1600 കളുടെ അവസാനത്തിലും 1700 കളുടെ തുടക്കത്തിലുമായി ഹദ്റമി സയ്യിദുമാർ മലബാറിലെത്തുകയും ഉൾനാടുകളിൽ പ്രബോധനം ആരംഭിക്കുകയും ചെയ്തു. ഇത് മാപ്പിളമാർക്ക് വലിയൊരു ആശ്വാസവും സുരക്ഷിതത്വ ബോധവും നൽകി. സയ്യിദുമാരെ കേന്ദ്രീകരിച്ച് അവരവിടെ കൂട്ടത്തോടെ സ്ഥി രതാമസമാരംഭിച്ചു. മമ്പുറത്ത് സയ്യിദ് ഹസൻ ജിഫ്രി(ന.മ) യും സയ്യിദ് അലവി(ന.മ) തങ്ങളും സ്ഥിരതാമസമാക്കിയത് ഏറനാടിൻ്റെ ഉൾഭാഗങ്ങളിൽ മാപ്പിളമാരുടെ വർധിത അധിവാസത്തിന് കാരണമായിട്ടുണ്ട്. കടലുണ്ടി പുഴ പോലെ ഉൾനാടുകളിലൂടെ കടന്നുപോകുന്ന പുഴകളായിരുന്നു അന്ന് അവരുടെ പ്രധാന സഞ്ചാര മാർഗങ്ങൾ.
സാമുദായിക സൗഹൃദവും ബഹുസ്വരതയുടെ കാവലും
വിവിധ മതങ്ങളും ജാതികളും തിങ്ങിപ്പാർക്കുന്ന കേരളത്തിൽ സാമുദായിക സൗഹൃദത്തിന്റെയും ബഹുസ്വരമൂല്യങ്ങളുടെയും കാവൽക്കാരായിരുന്നു സയ്യിദുമാർ. വിവിധ മത സമുദായങ്ങളുമായി മുസ്‌ലിംകളെ ചേർത്തു പിടിക്കുന്നതിലും അവർ തമ്മിലുള്ള സൗഹൃദം അണയാതെ സൂക്ഷിക്കുന്നതിലും അവർ സജീവമായി ഇടപെട്ടു. ജാതി മത ഭേദമന്യേ എല്ലാവരുടെയും ആശ്രയകേന്ദ്രമായിരുന്നു അവരുടെ വീട്ടകങ്ങൾ. വിവിധ മതവിശ്വാസികൾ അവിടെ വന്നുപോവൽ പതിവായിരുന്നു. അവരുടെ സുഹൃത്തുക്കളിലും കാര്യസ്ഥന്മാരിലും ഹൈന്ദവ സഹോദരങ്ങൾ സാധാരണമായിരുന്നു. മമ്പുറം തങ്ങന്മാരുടെ ചരിത്രത്തിൽ ഇത് വ്യാപകമായി കാണാവുന്നതാണ്. മൂന്നിയൂർ കളിയാട്ടക്കാവിലെ ഹിന്ദു ഉത്സവത്തിന്റെ തുടക്കം പോലും മമ്പുറം തങ്ങളുമായി ബന്ധപ്പെട്ടാണ് മനസ്സിലാക്കപ്പെടുന്നത്. മമ്പുറത്ത് ഇന്നും സന്ദർശനത്തിനെത്തുന്ന വിവിധ മതസ്ഥർ ആ സമ്പന്ന ചരിത്രത്തിന്റെ തുടർച്ചയെയാണ് ഓർമിപ്പിക്കുന്നത്. ഈയൊരു പാരമ്പര്യം എല്ലാ കാലത്തും സയ്യിദ് കുടുംബങ്ങൾ കാത്തുസൂക്ഷിച്ചിരുന്നതായി കാണാം. പാണക്കാട് സയ്യിദുമാരിൽ വ്യാപകമായി കാണപ്പെട്ട ഒരു കാര്യമായിരുന്നു ഇത്. ജാതിയും മതവും നോക്കാതെയുള്ള ആതുര സേവന പ്രവർത്തനങ്ങളായിരുന്നു അവരുടേത്.
കേരളത്തിൻ്റെ ബഹുസ്വരത കാത്തുസൂക്ഷിക്കുന്നതിൽ സയ്യിദുമാരുടെ പങ്ക് വളരെ വലുതാണ്. എല്ലാവരെയും ഒരുപോലെ സ്വീകരിക്കപ്പെടുന്നതായിരുന്നു അവരുടെ സദസ്സുകൾ. സാമൂഹിക ധ്രുവീകരണമുണ്ടാക്കുന്ന ഒരു സന്ദർഭത്തെയും അവർ പ്രോത്സാഹിപ്പിച്ചില്ല. മതത്തെ തെറ്റിദ്ധരിപ്പിച്ച് അതിന് തീവ്രമായ വ്യഖ്യാനങ്ങൾ നൽകുന്നവരെ അവർ ശക്തമായി തിരുത്തി. മറിച്ച്, മതം സ്നേഹവും ആർദ്രതയുമാണെന്ന് സ്വന്തം ജീവിതത്തിലൂടെ അവർ കാണിച്ചു. പൊതു ഇടങ്ങളിൽ അവർ സമുദായങ്ങളെ ചേർത്തിരുത്തുകയും കാലുഷ്യത്തിന്റെ സർവ കളകളും പിഴുതുമാറ്റുകയും ചെയ്‌തു. ചേർന്നു നിൽപിനെയാണ് അവർ എന്നും പ്രോത്സാഹിപ്പിച്ചിരുന്നത്. ഈയർത്ഥത്തിൽ ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും കാവൽക്കാരായിരുന്നു സയ്യിദുമാർ.
രാഷ്ട്രീയ പ്രവർത്തനവും രാജ്യനിർമാണവും
രാജ്യത്തിന്റെ സ്വച്ഛന്ദമായ നിലനിൽപിനും കൊളോണിയൽ ചൂഷണങ്ങളിൽ നിന്ന് അതിനെ മോചിപ്പിക്കുന്നതിനും നേതൃബോധത്തോടെ മുമ്പിൽ നടന്നവരായിരുന്നു സയ്യിദുമാർ. സമൂഹത്തെ സാരമായി ബാധിക്കുന്ന ഒരു ചൂഷണത്തോടും രാജിയാവാൻ അവർക്ക് സാധിച്ചിരുന്നില്ല. ടിപ്പുവിൽനിന്നു തന്ത്രപരമായി നിയന്ത്രണം സ്വന്തമാക്കി ബ്രിട്ടീഷുകാർ മലബാറിൻ്റെ അധികാരം സ്വന്തമാക്കിയപ്പോൾ ചിതറിക്കിടന്ന മാപ്പിളമാർക്ക് സംഘബോധവും കരുത്തും നൽകിയത് മമ്പുറം തങ്ങന്മാരുടെ സാന്നിധ്യമായിരുന്നു. സയ്യിദ് അലവി(ന.മ) തങ്ങൾക്കു ശേഷം സയ്യിദ് ഫള്ൽ പൂക്കോയ(ന.മ) തങ്ങളുടെ സാന്നിധ്യം ബ്രിട്ടീഷുകാർക്ക് വലിയ തലവേദന സൃഷ്‌ടിച്ചു. 19-20 നൂറ്റാണ്ടുകളിൽ കേരളത്തിൽ നടന്ന കോളനിവിരുദ്ധ പോരാട്ടങ്ങളെടുത്ത് പരിശോധിച്ചാൽ അതിൽ സയ്യിദുമാരുടെ സാന്നിധ്യം വർദ്ധിച്ച രീതിയിൽ കാണാവുന്നതാണ്. ഇങ്ങനെ പ്രവർത്തിച്ച അറുപതോളം പേരുടെ ചരിത്രം തന്നെ സമാഹരിക്കപ്പെട്ടതായി കാണാം.22
1921 ലെ സമരവുമായി ബന്ധപ്പെട്ടും സജീവമായി നിറഞ്ഞുനിന്ന പ്രമുഖരായ അനവധി സയ്യിദുമാരെ നമുക്ക് കണ്ടെത്താൻ സാധിക്കുന്നു. മലപ്പുറം കുഞ്ഞി തങ്ങൾ(ന.മ), കുമരംപുത്തൂർ സീതിക്കോയ തങ്ങൾ(ന.മ), ചെമ്പ്രശ്ശേരി തങ്ങൾ(ന.മ), കൊന്നാര മുഹമ്മദ് കോയ തങ്ങൾ(ന.മ), കൊച്ചി അബൂബക്കർ ബമ്പ് തങ്ങളുടെ മകൻ പെരിന്തൽമണ്ണ കുഞ്ഞിക്കോയ തങ്ങൾ തുടങ്ങി ആ പട്ടിക നീളുന്നതാണ്. റിബൽസും റൗഡികളു മായിട്ടാണ് ഹിച്ച്കോക്കിനെ പോലെയുള്ള ബ്രിട്ടീഷ് അധികാരികൾ പോരാളികളായ സയ്യിദുമാരെ വിശേഷിപ്പിച്ചിരുന്നത്. 23
ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ കേരളത്തിലെ പല തസ്തികകളിലും ഉദ്യോഗങ്ങളിലും സയ്യിദുമാർ പ്രവർത്തിച്ചിരുന്നു. അതിൽ ബ്രിട്ടീഷുകാർ ഖാൻ ബഹദൂർ പട്ടം നൽകി ആദരിച്ചവരും അല്ലാത്തവരുമായി ധാരാളം പേരുണ്ട്. 1907 ൽ പൊന്നാനിയിലെ പ്രഥമ യൂണിയൻ ബോർഡ് പ്രസിഡണ്ടാവുകയും ദീർഘകാലം ആ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്‌ത ഖാൻ സാഹിബ് വി. ആറ്റക്കോയ തങ്ങൾ (മ. 1945), കുറുമ്പനാടിൻ്റെ പ്രതിനിധിയായി മദ്രാസ് പ്രസിഡൻസിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങൾ, കോഴിക്കോട് മുൻസിപ്പൽ കൗൺസിലിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്‌ത ഖാൻ ബഹദൂർ മുത്തുകോയ തങ്ങൾ (മ. 1923), മലപ്പുറം ഖാൻബഹദൂർ ഒ.പി.എം. മുത്തുകോയ തങ്ങൾ, മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പറായിരുന്ന കൊയിലാണ്ടി പുതിയ മാളിയേക്കൽ ഖാൻ സാഹിബ് ആറ്റക്കോയ തങ്ങൾ (മ. 1924) തുടങ്ങിയവർ അതിൽ ചിലരാണ്. 24
1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കേരളത്തെ രാഷ്ട്രീയമായി നിർമിക്കുന്നതിലും സയ്യിദുമാരുടെ സജീവ പങ്കാളിത്തം കാണാവുന്നതാണ്. പാർലമെൻ്ററി രാഷ്ട്രീയത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്നവരും അതിനു പുറത്തുനിന്ന് രാഷ്ട്രീയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി പ്രവർത്തിച്ചിരുന്നവരും ഇതിലുണ്ടായിരുന്നു. സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി(ന.മ) തങ്ങൾ, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ(ന.മ), സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ(ന.മ), സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ(ന.മ) തുടങ്ങിയവർ ഇതിൽ രണ്ടാമത്തെ ഗണത്തിൽ പെട്ടവരാണ്. രാജ്യത്തിൻ്റെ ബഹുസ്വരമായ നിർമിതിക്കും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും വേണ്ടി രാഷ്ട്രീയത്തെ ഒരായുധമായി ഉപയോഗപ്പെടുത്തിയവരായിരുന്നു അവർ. കേരള നിയമസഭയിൽ പലപ്പോഴായി മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ഒന്നാമത്തെ വിഭാഗം. സയ്യിദ് ഉമർ ബാഫഖി തങ്ങൾ(കൊണ്ടോട്ടി-താനൂർ), പി.വി.എസ്. മുസ്ഥഫ പൂക്കോയ തങ്ങൾ(കുന്ദമംഗലം), പാടൂർ ബി.വി. സീതി തങ്ങൾ( ഗുരുവായൂർ), കെ.കെ.എസ്. തങ്ങൾ(പെരിന്തൽമണ്ണ), പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ(കോട്ടക്കൽ) തുടങ്ങി പലരെയും ഈ നിരയിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്.
വൈജ്ഞാനിക മേഖലയിലെ സംഭാവനകൾ
കേരള മുസ്‌ലിംകളുടെ സമ്പന്നമായ വൈജ്ഞാനിക മേഖലയിൽ പാണ്ഡിത്യം കൊണ്ടും രചനകൾ കൊണ്ടും തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയവരാണ് സയ്യിദുമാർ. കേരളീയ പണ്ഡിതന്മാർക്കിടയിൽ പ്രചാരമുള്ള വിവിധ വിജ്ഞാന ശാഖകളിൽ പ്രാഗത്ഭ്യം നേടിയവർ അവരിലുണ്ടായിരുന്നു. അറബ് രാജ്യങ്ങളിൽ പോലും വൻ സ്വീകാര്യത ലഭിക്കാൻ മാത്രം വലിയ പാണ്ഡിത്യത്തോടെ അറബി ഭാഷയിൽ ഗ്രന്ഥരചനകൾ നടത്തിയവരും മാപ്പിളമാർക്കിടയിൽ ഏറെ വായിക്കപ്പെട്ട അറബിമലയാളത്തിൽ പ്രധാന രചനകൾ നടത്തിയവരും അവരിലുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ വിവിധ വിജ്ഞാന ശാഖകളിൽ കനപ്പെട്ട ധാരാളം രചനകൾ നടത്തിയ പണ്ഡിതനാണ് കോഴിക്കോട് ശൈഖ് ജിഫ്രി(ന.മ). തസ്വവ്വുഫ് സുന്നത്ത് ജമാഅത്ത് ബിദഈ ഖണ്ഡനം, ചരിത്രം, കാവ്യം, തുടങ്ങി വിവിധ മേഖലകളിലായി പത്തോളം കനപ്പെട്ട കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. ആഗോള തലത്തിൽ വിശ്രുതി നേടിയ മഹാ പണ്ഡിതനാണല്ലോ മമ്പുറം സയ്യിദ് ഫള്ൽ പൂക്കോയ(ന.മ) തങ്ങൾ. തസ്വവ്വുഫ്, ചരിത്രം, ഫത് വ ഉൾപ്പെടെ അദ്ദേഹത്തിനുമുണ്ട് കനപ്പെട്ട പത്തിലേറെ രചനകൾ. തുർക്കിയിൽ നിന്നും മറ്റു അറബ് രാജ്യങ്ങളിൽനിന്നുമാണ് ഇതിൽ പലതും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്.
ഗ്രന്ഥരചനയിൽ വലിയ സംഭാവനകൾ നൽകിയവരാണ് ചാവക്കാട്-പാടൂർ ബുഖാരി തങ്ങന്മാർ. സയ്യിദ് ഹാമിദുൽ ബുഖാരി എന്ന കോയക്കുട്ടി തങ്ങൾ(ന.മ) (മ. 1850), സയ്യിദ് അഹ്‌മദ് കുഞ്ഞിക്കോയമ്മ തങ്ങൾ(ന.മ) (മ. 1877), ബുഖാരി തങ്ങന്മാരുടെ ചരിത്രം പറയുന്ന മത്വാലിഉൽ ഹുദാ ഉൾപ്പെടെ കനപ്പെട്ട ധാരാളം രചനകൾ നടത്തിയ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ(ന.മ) (മ. 1934) തുടങ്ങിയവർ അതിൽ പ്രധാനികളാണ്. അറബി ഭാഷാനിപുണനും അനവധി പദ്യങ്ങളുടെ കർത്താവുമാണ് പാടൂർ സയ്യിദ് മുഹമ്മദ് കൊച്ചുകോയ തങ്ങൾ(ന.മ) (മ. 1854). വിഖ്യാതമായ വൈതുല്യം തർജമ, മനാസികുൽ ഹജ്ജ്, ഫൈളുസ്സാരി എന്ന ബുഖാരി സാദാത് ചരിത്രം തുടങ്ങി അറബിയിലും അറബിമലയാളത്തിലുമായി അനവധി രചനകൾ നടത്തിയ പണ്ഡിതനാണ് സയ്യിദ് മുഹമ്മദ് ഫഖ്റുദ്ദീൻ കോയക്കുട്ടി തങ്ങൾ(ന.മ) (മ. 1881). സയ്യിദ് മുഹമ്മദ് ഈസാ കുഞ്ഞി സീതി തങ്ങൾ(ന.മ) (മ. 1915) അടക്കം ഇവിടെ വേറെയും ധാരാളം പണ്ഡിതന്മാരെയും ഗ്രന്ഥകാരന്മാരെയും കാണാവുന്നതാണ്. വലിയ ദർസുകളും ആദ്ധ്യാത്മിക സദസ്സുകളും നടത്തിയവരായിരുന്നു ഇവരിൽ അധികപേരും. 25
വിശുദ്ധ ഖുർആന്ന് അറബിയിൽ വിശദമായ വ്യാഖ്യാനം തയ്യാറാക്കിയ പാനൂർ സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ, ഈജിപ്തിലെ അൽ അസ്ഹർ-കൈറോ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുകയും ലിബിയയിലെ സനൂസി യൂണിവേഴ്സിറ്റി ഉൾപ്പെടെ അറബ് ലോ കത്ത് ദീർഘകാലം അധ്യാപനം നടത്തുകയും ധാരാളം കനപ്പെട്ടു ഗ്രന്ഥങ്ങൾ അറബി ഭാഷയിൽ രചിക്കുകയും ചെയ്ത സയ്യിദ് അബ്ദുറഹ്മാനുൽ ഐദറൂസ് എന്ന അസ്ഹരി തങ്ങൾ(ന.മ), കോഴിക്കോട് ഖാസിയായിരുന്ന പണക്കാട് സയ്യിദ് അഹ്‌മദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ(ന.മ), പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ(ന.മ) തുടങ്ങി ഈ നിര വളരെ നീണ്ടുപോകുന്നതാണ്. കേരളത്തെ വൈജ്ഞാനികമായും സാഹിതീയമായും നിർമിക്കുന്നതിൽ സയ്യിദുമാരുടെ പങ്ക് എത്രത്തോളം വൈപുല്യമുള്ളതാണെന്ന് ഇതിൽനിന്നെല്ലാം ഗ്രഹിക്കാവുന്നതേയുള്ളൂ.26
ചുരുക്കത്തിൽ, കേരളത്തിലെ മുസ്‌ലിംകളുടെ മാത്രമല്ല; കേരളീയ പൊതു സമൂഹത്തിൻ്റെ തന്നെ ബഹുസ്വരമായ നിർമിതിയിൽ സയ്യിദ് കുടുംബങ്ങൾ വഹിച്ച പങ്ക് അനിഷേധ്യമാണ്. വിവിധ നൂറ്റാണ്ടുകളിലൂടെയുള്ള ഈ സമൂഹത്തിൻ്റെ വികാസ-പരിണാമങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ ഇക്കാര്യം സുതരാം വ്യക്തമാകും. ഇതിൽ ചില കുടുംബങ്ങൾക്കും ചില വ്യക്തികൾക്കും വലിയ പങ്കും കൂടുതൽ സ്വാധീനവും കാണാവുന്നതാണ്. കേരളത്തിലെത്തിയ ശിഹാബുദ്ദീൻ തങ്ങന്മാർ പൊതുവിലും പാണക്കാട് തങ്ങന്മാർ വിശേഷിച്ചും ആ ഗണത്തിൽ പെട്ടവരായിരുന്നു. മുമ്പ് ചർച്ച ചെയ്‌ത ഓരോ മേഖലയിലും പാണക്കാട് തങ്ങന്മാർക്ക് ആഴത്തിലുള്ള ഇടപെടലുകളും സംഭാവനകളുമുണ്ടായിരുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അതാണ് വിശദമായി ഈ പുസ്‌തകത്തിന്റെ വരും അധ്യായങ്ങളിൽ നാം അന്വേഷിക്കുന്നത്.
എം.എസ്.എഫ്. കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച 336 പേജുകളുള്ള ഈ ഗ്രന്ഥം മുഖവില: 350 രൂപയാണ്. ഇതിന്നകം മൂന്നാം പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം ആവശ്യമുള്ളവർ Midpoint Publications, MSF Kerala State Committe, Habeeb Students Centre, 4th Gate, Vellayil, Calicut എന്ന വിലാസത്തിൽ ബന്ധപ്പെടുക. Phone No: 9037199084
റഫറൻസും കുറിപ്പുകളും
- കെ. കുഞ്ഞു മുസ്ലിയാർ, കേരളത്തിലെ ബുഖാരി സാദാതീങ്ങൾ, ബുഖാറ കടപ്പുറം, 1978; ഡോ. മോയിൻ മലയമ്മ, തൃശൂർ മുസ്ലിംകൾ: ചരിത്രവും സംസ്കാരവും, റഹ്‌മത്ത് പബ്ലിക്കേഷൻ, തൊഴിയൂർ, 2023
- സയ്യിദ് അബ്ദുറഹ്‌മാൻ ബിൻ മുഹമ്മദ് ബിൻ ഹുസൈൻ അൽ മശ്ഹൂർ, ശംസുള്ളഹീറ ഫീ നസബി അഹ്‌ലി ബൈതി മിൻ ബനീ അലവി, ദാറുത്തുറാസി ലിദ്ദിറാസാതി വന്നശ്ർ
- ഡോ. അലി അസ്‌ഗർ ബാഖവി, നബിയും നബികുടുംബവും, മലബാർ പബ്ലിഷിംഗ് ഹൗസ്, കാവനൂർ, 2002; സയ്യിദ് അബ്‌ദുല്ല മുനഫർ, അഹ്ലുബൈത്ത് (പ്രവാചക സന്താനപരമ്പര) ചരിത്ര സംഗ്രഹം, വചനം ബുക്സ്, കോഴിക്കോട്, 2002; റഹ്മതുല്ല സഖാഫി, കേരളത്തിലെ സയ്യിദ് കുടുംബങ്ങൾ, ഇൻ്റോ-അറബ് കൾച്ചറൽ ഫൗണ്ടേഷൻ; മുജീബ് തങ്ങൾ കൊന്നാര്, കേരളത്തിലെ പ്രവാചക കുടുംബങ്ങൾ: ഉത്ഭവചരിത്രം, ശിഫാ ബുക്സ്റ്റാൾ, കോഴിക്കോട്, 2004
- സയ്യിദ് അബൂബക്കർ ഐദറൂസ് പൂക്കോട്ടൂർ, ഐദദറൂസ് സാദാത്തുമാർ, കൈയെഴുത്ത് പ്രതി
- പി.പി.മമ്മത് കോയ പരപ്പിൽ, കോഴിക്കോട് മുസ്‌ലിംകളുടെ ചരിത്രം, ഫോക്കസ് പബ്ലിക്കേഷൻസ്, 2012, പേജ്: 104
- ഡോ. മോയിൻ മലയമ്മ, തൃശൂർ മുസ്ലിംകൾ: ചരിത്രവും സമൂഹവും, റഹ്‌മത്ത് പബ്ലിക്കേഷൻ, തൊഴിയൂർ, 2023
- അസ്ഹരി തങ്ങൾ, അസ്ഹരി തങ്ങളുടെ ആത്മകഥാകുറിപ്പുകൾ, സമാഹരണം: ഡോ. മോയിൻ മലയമ്മ, ബുക്സ്പ്ലസ് ചെമ്മാട്, 2023
- ഡോ. മോയിൻ മലയമ്മ, ഒരു മലയാളി പണ്ഡിതൻ്റെ ദേശാന്തര പഠന സഞ്ചാരം ങ്ങൾ, ബുക്സ്പ്ലസ്, ചെമ്മാട്, 2023, ഐദറൂസി തങ്ങന്മാരെ കുറിച്ച് പറയുന്ന രണ്ടാം അധ്യായം കാണുക.
- പി.പി. മമ്മത് കോയ പരപ്പിൽ, കോഴിക്കോട് മുസ്‌ലിംകളുടെ ചരിത്രം, ഫോക്കസ്. പബ്ലിക്കേഷൻസ്, 2012, പേജ്: 104
- ഡോ. കെ.കെ. മുഹമ്മദ് അബ്‌ദുസ്സത്താർ, കൊണ്ടോട്ടിയുടെ സാംസ്കാരിക ചരിത്രം, 2022
- കെ. കുഞ്ഞു മുസ്ലിയാർ, കേരളത്തിലെ ബുഖാരി സാദാതീങ്ങൾ, ബുഖാറ, കടപ്പുറം, 1978
- മുജീബ് തങ്ങൾ കൊന്നാര്, കേരളത്തിലെ പ്രവാചക കുടുംബങ്ങൾ: ഉത്ഭവ ചരിത്രം, ശിഫാ ബുക്സ്റ്റാൾ, കോഴിക്കോട്, 2004, പേജ്:139
- ഡോ. മോയിൻ മലയമ്മ, തൃശൂർ മുസ്ലിംകൾ: ചരിത്രവും സംസ്കാരവും, റഹ്‌മത്ത് പബ്ലിക്കേഷൻ, തൊഴിയൂർ, 2023, പേജ്: 320-321
- ഡോ. മോയിൻ മലയമ്മ, മമ്പുറം സയ്യിദ് അലവി തങ്ങൾ, ബുക് പ്ലസ്, ചെമ്മാട്, 2023
- Dr. K.N. Panikkar, Against Lord and State: Malabar Rebellion, 1921
- Prof. K.M. Bahavudheen, Kerala Muslsim: History of A Long Struggle
- ഡോ. മോയിൻ മലയമ്മ, മഹ്‌മൂദ് പനങ്ങാങ്ങര, മമ്പുറം തങ്ങൾ: ജീവിതം ആത്മീയത പോരാട്ടം, അസാസ് ബുക് സെൽ, ദാറുൽഹുദാ, ചെമ്മാട്, 2012
- അതേ പുസ്‌തകം
- ഡോ. പി.കെ.എം. ജലീൽ, മതപ്രബോധനവുമായി വന്ന ഹദ്റമി സാദാതുമാർ, കേരള മുസ്‌ലിം ഹിസ്റ്ററി കോൺഫ്രൻസ് പ്രബന്ധ സമാഹാരം, ജെ.ഡി.റ്റി. കോഴിക്കോട്, 2015
- ഡോ. കെ.കെ.എൻ. കുറുപ്പ്, ഡോ. ഹുസൈൻ രണ്ടത്താണി, മലബാറിന്റെ സഞ്ചാര ചരിത്രം, (ഹദ്റമി സാന്നിധ്യം മലബാറിൽ), ഐ.പി.ബി ബുക്‌സ്, കോഴിക്കോട്, പേജ്: 453
- അതേ പുസ്തകം, പേജ്: 453
- മുജീബ് തങ്ങൾ കൊന്നാര്, സ്വാതന്ത്ര്യ സമരത്തിലെ തങ്ങൾ സാന്നിധ്യം. ഇസ ബുക്സ്, കോഴിക്കോട്, 2021
- R.H. Hitchcock, Malabar Rebellion, 1921, Madras, 1922
- പി.പി. മമ്മത് കോയ പരപ്പിൽ, കോഴിക്കോട് മുസ്‌ലിംകളുടെ ചരിത്രം, ഫോക്കസ് പബ്ലിക്കേഷൻസ്, 2012
- കെ. കുഞ്ഞു മുസ്ലിയാർ, കേരളത്തിലെ ബുഖാരി സാദാതീങ്ങൾ, ബുഖാറ കടപ്പുറം, 1978; ഡോ. മോയിൻ മലയമ്മ, തൃശൂർ മുസ്ലിംകൾ: ചരിത്രവും സംസ്കാരവും, റഹ്‌മത്ത് പബ്ലിക്കേഷൻ, തൊഴിയൂർ, 2023
- പ്രൊഫ. കെ.എം. മുഹമ്മദ്, അറബി ഭാഷയ്ക്ക് കേരളത്തിൻ്റെ സംഭാവന – തിരൂരങ്ങാടി ബുക്സ്, തിരൂരങ്ങാടി