ഗുരുമൊഴികൾ:
സാലിക്:
ഒരു മനുഷ്യന്റെ ഏറ്റവും വലിയ സൗഭാഗ്യം അല്ലാഹുവിന്റെ സവിശേഷമായ ഔദാര്യവും കാരുണ്യവും അവന്റെ മേൽ വർഷിക്കുക എന്നതാണ്. ഈ സൗഭാഗ്യത്തിന് പാത്രമാവാൻ അല്ലാഹുവിന്റെ അടിമയായ മനുഷ്യനുണ്ടാകേണ്ട യോഗ്യതയെന്താണ്? തന്റെ സ്രഷ്ടാവിലേക്ക് മടങ്ങുക എന്നതൊന്ന് മാത്രമാണ് ആ യോഗ്യത.
അങ്ങേയറ്റത്തെ താഴ്മയോടെയും നിസ്വതയോടെയും അല്ലാഹുവിന്റെ ഔദാര്യത്തിനായി തേടുന്നവനെ അല്ലാഹു കൈവെടിയുകയില്ല. അങ്ങനെ ഈ തിരിച്ചറിവോടെയും അവനിലുള്ള പ്രതീക്ഷയിലും അല്ലാഹുവിലേക്ക് മടങ്ങുന്ന ഒരു അടിമക്ക് ആദ്യമായി ലഭിക്കുന്ന അവനിൽ നിന്നുള്ള ഔദാര്യം സ്തുത്യർഹവും പരിഗണനീയവുമായി എന്നിൽ എന്തുണ്ടോ അതുമുഴുവൻ എന്റെ മൗലയായ അല്ലാഹുവിന്റെ ഔദാര്യമൊന്ന് മാത്രമാണ് എന്ന തിരിച്ചറിവും അതിന്റെ അനുഭവവുമായിരിക്കും. സ്വയമായി പ്രസ്താവ യോഗ്യമായ യാതൊരു യോഗ്യതയുമില്ലാത്തവനാണ് ഞാനെന്ന തിരിച്ചറിവാണ് എല്ലാ വിജ്ഞാന മേഖലകളിലേക്കും പ്രവേശിക്കാനുള്ള യോഗ്യതയാകുന്നതും ആന്തരിക ശുദ്ധി കൈവരിക്കുന്നതിനുള്ള ആത്മജലമാകുന്നതും. എന്റെ പ്രതിഭാശാലിത്വം, എന്റെ നന്മകൾ, യോഗ്യതകൾ, തറവാടിത്തം സാമൂഹിക പ്രാമുഖ്യം തുടങ്ങിയുള്ള നഫ്സിന്റെ ചീർത്തുവീർത്ത ദുർമേദസുകളുമായി വരുന്ന ഒരു വിശ്വാസിയിൽ ഒരു ഗുരു ആദ്യം ചെയ്യുന്നത് മനസ്സിൽ അടിഞ്ഞുകൂടിയ ഈ ദുർമേദസ്സുകൾ നീക്കാനുള്ള ശസ്ത്രക്രിയയാണ്. ഗുരുസന്നിധിയിൽ എത്തിയ ആദ്യ കാലങ്ങളിൽ ഇത്തരമൊരു ശസ്ത്രക്രിയക്ക് എന്നെ വിധേയമാക്കിയ ആത്മപ്രകാശം തൂവുന്ന ഗുരുമൊഴികളിൽ നിന്നുള്ള ചില ഭാഗങ്ങൾ നിങ്ങളുമായി പങ്ക് വെക്കുകയാണിവിടെ.
ഉലുവാന്റെയും ഊദിന്റെയും ധൂമ പടലങ്ങൾ തങ്ങി നിൽക്കുന്ന അന്തരീക്ഷത്തിൽ പരിപൂർണ്ണമായ ഏകാഗ്രതയോടെ സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും യാഥാർത്ഥ്യങ്ങൾ തുറന്ന് തന്ന് തന്റെ അടിമത്വത്തിന്റെ ഉന്നതിയെ അറിയിച്ചു തന്ന ദിക്റ് ഹൽഖക്കും ഇശാ നിസ്കാരത്തിനും ശേഷം അൽ ആരിഫ് മസ്ജിദിലെ തിങ്ങി നിറഞ്ഞ സാലിക്കീങ്ങളോടായി എന്റെ പ്രിയ ഗുരു ബഹുമാനപ്പെട്ട ശൈഖുനാ കുറ്റിക്കാട്ടൂർ ഉസ്താദ് അൻവാറുല്ലാഹ് ശാഹ്(ത്വ.ഉ) അവർകൾ ഹംദിനും സ്വലാത്തിനും ശേഷം പറഞ്ഞു തുടങ്ങി:
”നിങ്ങൾക്ക് ബൈഅത്തിന്റെ സന്ദർഭത്തിൽ ശ്വാസത്തിൽ നൽകിയ അൻഫാസിന്റെ ദിക്റ് ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം. സ്വന്തം യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണുതുറന്ന് അല്ലാഹു തന്റെ അൻഫുസിലും ആഫാക്കിലും ചെയ്ത അനുഗ്രഹങ്ങളോർത്ത് അൽപ സമയം മുറാഖബ ചെയ്യുക.”
അൽപ നേരത്തെ മുറാഖബ കൊണ്ട് തിരയടങ്ങിയ കടൽ പോലെ ഖൽബ് ശാന്തമായതോടെ ബഹുമാനപ്പെട്ടവർ പരിശുദ്ധ ഖുർആനിൽ നിന്നുള്ള ഒരു സൂക്തം പാരായണം ചെയ്താണ് ആരംഭിച്ചത്:
“വിശ്വസിച്ചവരെ, പിശാചിന്റെ കാലടിപ്പാടുകളെ നിങ്ങൾ പിന്തുടരരുത്. ആർ പിശാചിന്റെ കാൽപാടുകളെ പിന്തുടരുന്നുവോ, നിശ്ചയമായും അവൻ(പിശാച്) നീചകർമ്മങ്ങളും നികൃഷ്ട പ്രവൃത്തികളുമാണ് കൽപിക്കുക. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നിങ്ങളുടെ മേൽ ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങളിൽ ഒരാൾ പോലും ഒരു കാലത്തും ശുദ്ധരാകുമായിരുന്നില്ല. എന്നാൽ അല്ലാഹു അവനുദ്ദേശിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.”(സൂറ: അന്നൂർ: 21)
ഈ സൂക്തത്തിൽ സത്യവിശ്വാസികളെയാണ് അല്ലാഹു അഭിസംബോധന ചെയ്തിട്ടുള്ളത്. നമ്മുടെ ജീവിതവിജയവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങളാണ് അല്ലാഹു പഠിപ്പിച്ചു തരുന്നത്. ജീവിതവിജയം ഒരാളുടെ ജീവിതത്തിന്റെ അന്ത്യം നന്നാവുന്നതിലൂടെയാണ്. ഇതിനെ നമ്മൾ നല്ല പര്യവസാനം(ഹുസ്നുൽ ആഖിബത്ത്) എന്ന് പറയും. ജീവിതത്തിന്റെ ആദ്യമോ ഇടയിൽ എപ്പോഴെങ്കിലുമോ നന്നായത് കൊണ്ടു മാത്രം കാര്യമില്ല. എന്നാൽ ആദ്യവും മധ്യവും അന്ത്യവും നന്നാകണം. റൂഹ് വേർപിരിയുന്ന സന്ദർഭത്തിലും അതിനോട് അടുത്തുള്ള സമയങ്ങളിലും നമ്മുടെ സ്ഥിതിയെന്താണോ അതിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള തീരുമാനങ്ങളെല്ലാം ഉണ്ടാവുക. ഇൽമ്, അമല്, പാരമ്പര്യം എന്നിവ കൊണ്ടൊന്നും വിജയം ഉറപ്പിക്കാനാവില്ല. അതിനാൽ ഈ വിഷയത്തിൽ സമാധാനികളാവാതെ നിരന്തരം അല്ലാഹുവിലേക്ക് മടങ്ങി അവനോട് ജീവിത വിജയത്തിന് വേണ്ടി അഥവാ ഹുസ്നുൽ ആഖിബത്തിനുവേണ്ടി അർത്ഥിച്ചു കൊണ്ടേയിരിക്കണം. മഹാനായ നമ്മുടെ നേതാവ് ഏലംകുളം ഉസ്താദ്(ഖ.സി) പറയാറുണ്ട്: “”ആർക്കാണോ തന്റെ പര്യവസാനത്തെക്കുറിച്ച്(ആഖിബത്ത്) പേടിയില്ലാത്തത് അയാളുടെ പര്യവസാനം ചീത്തയായിപ്പോവാൻ സാധ്യതയുണ്ട്. ആർക്കാണോ തന്റെ ആഖിബത്തിനെക്കുറിച്ച് പേടിയും ശ്രദ്ധയും അത് നന്നാക്കാനുള്ള പരിശ്രമവുമുള്ളത് അവന്റെ ആഖിബത്ത് നന്നാവും.” ഇമാം അബൂ ഹനീഫ(റ)യും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നമ്മുടെ കൺമുമ്പിൽ കണ്ട ഏറ്റവും ഉന്നതനായ ശൈഖ് നൂറുൽ മശാഇഖ് (റ) തങ്ങളും ആഖിബത്ത് നന്നാവുന്നതിന് വേണ്ടിയുള്ള ദുആക്ക് വസ്വിയത്ത് ചെയ്യാറുണ്ടായിരുന്നു. പര്യവസാനം ഏത് സമയത്താണുണ്ടാവുക എന്ന് പറയാനാവില്ല. അതിനാൽ അത് നന്നാവാനുള്ള ഏറ്റവും നല്ല മാർഗം ഇപ്പോൾ നമ്മൾ ഉള്ള അവസ്ഥ നന്നാക്കലാണ്. നല്ല ആഖിബത്ത് എന്നത് അല്ലാഹുവിനെ പരിപൂർണമായി അനുസരിക്കുന്ന അവസ്ഥയിലായും അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും പരിപൂർണമായ തൃപ്തിയിലായും പരിപൂർണ ഈമാനോട് കൂടി ഈ ലോകത്തോട് വിടപറയുക എന്നതാണ്. ഈമാനിലും തഖ് വയിലുമുള്ള പൂർണത ഇതിന് ആവശ്യമാണ്. അല്ലാഹു പറയുന്നു: “”തഖ് വക്കാണ് നല്ല പര്യാവസാനം.”(സൂറ: ത്വാഹാ: 132) “”തഖ് വയുള്ളവർക്കാണ് നല്ല പര്യവസാനം.”(അൽ അഅ്റാഫ്: 128)
അല്ലാഹുവിന്റെ തൃപ്തി(രിളാ-എ-ഇലാഹി)ആണ് ജീവിതവിജയത്തിന്റെ മാനദണ്ഡം. അല്ലാഹു നമ്മെ തൃപ്തിപ്പെട്ടാൽ അവൻ ഈമാനും തഖ് വയും ദിക്റും മുറാഖബയും അവനിലേക്ക് അടുക്കാനുള്ള മറ്റ് വഴികളും തുറന്നു നൽകും. അതിനാൽ നാമോരോരുത്തരും നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആത്മ പരിശോധന നടത്തണം. നമ്മുടെ രാവുകളും പകലുകളും അല്ലാഹുവോടുള്ള അടുപ്പത്തിലായാണോ അതോ അകൽച്ചയിലായാണോ നാം കഴിച്ചു കൂട്ടാറുള്ളത്? അവനെക്കുറിച്ചുള്ള ദിക്റും അവൻ ചെയ്തു തന്ന അനുഗ്രഹങ്ങൾക്കുള്ള ശുക്റും നമുക്കുണ്ടോ? ഈ പരിശോധന നമ്മിൽ നിരന്തരമായി നടക്കണം. അതിലൂടെ മാത്രമേ ആഖിബത്തിനെ ശ്രദ്ധിക്കാനും സൂക്ഷിക്കാനും ഭദ്രമാക്കാനും സാധിക്കുകയുള്ളൂ. ഇത്തരം ചിന്തകളില്ലാതെ മന:സാന്നിധ്യമില്ലാത്ത കുറെ ഔറാദുകളും വളാഇഫുകളും ഓതിയത് കൊണ്ടോ ഹൃദയ സാന്നിധ്യമില്ലാത്ത കൂറേ ഇബാദത്തുകളിൽ മുഴുകിയത് കൊണ്ടോ മാത്രം ആഖിബത്തിനെ ഭദ്രമാക്കാൻ കഴിയില്ല.
ഹുസ്നുൽ ആഖിബത്ത് നഷ്ടപ്പെട്ടവനാണ് ശൈത്വാൻ. അവന്റെ കാൽപാദങ്ങളെ പിൻപറ്റരുത് എന്നാണ് ഈ ആയത്തിൽ പറയുന്നത്.
അല്ലാഹുവിന്റെ വഴിയിൽ സഞ്ചരിക്കാത്തവന്റെ മുമ്പിൽ പിന്നെയുള്ളത് ശൈത്വാന്റെ വഴിയാണ്. ഇതിനെക്കുറിച്ചാണ് ശൈത്വാന്റെ കാലടിപ്പാടുകളെ പിന്തുടരരുത് എന്ന് അല്ലാഹു മുന്നറിയിപ്പ് നൽകുന്നത്. അല്ലാഹുവിലേക്കുള്ള സഞ്ചാരത്തിനുള്ള വിശാലമായതും പ്രകാശമാനമായതുമായ വഴികളെ അവൻ തുറന്നു വെച്ചുകൊണ്ടാണ് ഇരുട്ടിന്റെ വഴികളിലൂടെ നിങ്ങൾ പോകരുത് എന്ന് പറയുന്നത്. പിശാചിന്റെ കാലടിപ്പാടുകൾ എന്നതിന് ഖുതുവാത് എന്ന പ്രയോഗമാണ് ഉപയോഗിച്ചിട്ടുള്ളത്. ഖത് വ് എന്ന വാക്കിന്റെ ബഹുവചനമാണിത്. നടത്തത്തിൽ രണ്ട് കാലടികൾക്കിടയിലുള്ള സ്ഥലമാണിത്. ചെകുത്താൻ നടന്നു നീങ്ങുന്നത് അല്ലാഹുവിന്റെ കോപത്തിലേക്കും ശാശ്വതമായ നരകശിക്ഷയിലേക്കുമാണ്. ആ വഴിയിലൂടെ സഞ്ചരിക്കരുത് എന്നാണ് പറയുന്നത്.
തുടർന്ന് പൈശാചികമായ ആ പാതയിലൂടെ സഞ്ചരിക്കുന്നവന് എന്താണ് സംഭവിക്കുക എന്ന് അല്ലാഹു സുബ്ഹാനഹു വതആല വ്യക്തമാക്കി തരുന്നു. നീചകർമ്മങ്ങളും(ഫഹ്ശാഅ്) നികൃഷ്ട പ്രവൃത്തികളും(മുൻകർ) പൈശാചിക പാതയിലെ സഞ്ചാരികളിൽ നിന്ന് വെളിപ്പെടും. ഫാഹിശത്ത് എന്നതിന്റെ ബഹുവചനമാണ് ഫഹ്ശാഅ്. ഏതൊരു കാര്യത്തിൽ ചീത്തത്വം എല്ലാ അതിരുകളും ലംഘിച്ചിട്ടുണ്ടോ, അതു തന്നെയാണ് ഫാഹിശത്ത്. മുൻകർ എന്നത് നഫ്സ് അതിന്റെ ശുദ്ധമായ അവസ്ഥയിൽ വെറുക്കുന്നതും വർജ്ജിക്കുന്നതുമായ കാര്യമാണ്. അല്ലാഹു വെറുക്കുന്ന കാര്യമാണത്. ശറഇൽ വെറുക്കപ്പെട്ടതാണത്. വെറുക്കപ്പെട്ടത്, അറിയപ്പെടാത്തത് എന്നീ അർത്ഥങ്ങൾ അതിനുണ്ട്. പരിശുദ്ധ ശരീഅത്തിലോ തിരുസുന്നത്തിലോ ഉള്ളതായി അറിയപ്പെടാത്ത കാര്യമാണത്.(സമർഖന്ദി)
മനുഷ്യനിലെന്നല്ല ഒരു സൃഷ്ടിയിലും സ്വയം തന്നെ ഒരു നന്മയുമില്ല. എന്തെങ്കിലും നന്മ ഒരു സൃഷ്ടിയിലൂടെ വെളിപ്പെട്ടിട്ടുണ്ടെങ്കിൽ അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. നീച കർമ്മങ്ങളും നികൃഷ്ടവൃത്തികളും ഒരു മനുഷ്യനിൽ നിന്ന് വെളിവാകാതിരിക്കണമെങ്കിൽ അവന്റെ നഫ്സിന് തസ്കിയ്യത്ത് ലഭിക്കുക എന്നത് അത്യാവശ്യമാണ്. എന്നാൽ സ്വപ്രയത്നത്തിലൂടെ ഒരാൾക്കും അത് നേടിയെടുക്കുക സാധ്യമല്ല. അല്ലാഹുവിന്റെ പ്രത്യേകമായ ഔദാര്യവും കാരുണ്യവും ഒന്നുകൊണ്ടു മാത്രമാണ് നഫ്സിന്റെ തസ്കിയ്യത്ത് സാധ്യമാവുന്നത്. ഈ പ്രത്യേകമായ ഔദാര്യവും കാരുണ്യവും ഇല്ലെങ്കിൽ തന്റെ നഫ്സിന് ഉപകാരപ്രദമായ ഒരു നന്മയിലേക്ക് പോലും വഴികാണിക്കപ്പെടുകയില്ല എന്നും ഒരു തിന്മയെ പോലും സ്വന്തം നഫ്സിനെ ബാധിക്കുന്നതിനെ തൊട്ട് തടയുന്നതിന് കരുതലുള്ളവനാവാൻ അവന് സാധിക്കുകയില്ല എന്നും അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
അല്ലാഹുവിന്റെ ഈ ഔദാര്യവും കാരുണ്യവും ഏറ്റവും അർത്ഥവത്തായ രീതിയിൽ പ്രത്യക്ഷീഭവിച്ചിട്ടുള്ളത് അമ്പിയാക്കളുടെയും അവരെ പിന്തുടർന്നുവന്ന ഔലിയാക്കളുടെയും വിശുദ്ധമായ ജീവിത മാതൃകകളിലാണ്. അല്ലാഹു തആല പറയുന്നു: “നിരക്ഷരരായ ഒരു ജനതയിലേക്ക് അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചയച്ചത് അവനാണ്. ആ ദൂതൻ അവർക്ക് അവന്റെ ആയത്തുകൾ ഓതിക്കേൾപ്പിക്കുകയും അവരെ തസ്കിയ്യത്ത് ചെയ്യുകയും അവർക്ക് കിതാബും ഹിക്മത്തും പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു താനും. അവരിൽ നിന്നും ഇവരുമായി ഇതുവരെ കൂടിച്ചേർന്ന് കഴിഞ്ഞിട്ടില്ലാത്ത വേറെ ആളുകൾക്കും(കൂടിയാണ് റസൂലി(സ)നെ നിയോഗിച്ചിട്ടുള്ളത്). അല്ലാഹു അജയ്യനും അഭിജ്ഞനുമാണ്. ഇത് അല്ലാഹുവിന്റെ ഒൗദാര്യമാകുന്നു. അത് അവനുദ്ദേശിച്ചവർക്ക് അവൻ നൽകുന്നു. അല്ലാഹു അതിമഹത്തായ ഒൗദാര്യമുടയവനാണ്.”(സൂറ: അൽ ജുമുഅ:2,3,4)
സർവ്വ ലോകത്തിനുമുള്ള കാരുണ്യമായിട്ടാണ് നബി(സ) തങ്ങളെ നിയോഗിച്ചത് എന്നും ഖുർആനിലൂടെ അല്ലാഹു തആല പഠിപ്പിക്കുന്നു. തസ്കിയ്യത്ത് അല്ലാഹുവിന്റെ സവിശേഷമായ ഔദാര്യവും കാരുണ്യവുമാണെങ്കിൽ അതിന്റെ മൂലാധാരം റസൂലും(സ) അവരുടെ പാത പിൻപറ്റി നിലകൊള്ളുന്ന മുറബ്ബികളായ മശാഇഖുകളുമാണ്. ഇതാണ് തസവ്വുഫിന്റെ കാതൽ.
അല്ലാഹുവിന്റെ ഔദാര്യത്തെയും കാരുണ്യത്തെയും അടിമ സ്വജീവിതത്തിൽ എങ്ങനെയാണ് അനുഭവിക്കുക? അത് തൗബയായും അല്ലാഹുവിലേക്കുള്ള നിരന്തരമായ മടക്കമായും(റുജൂഅ്) അടിമ അനുഭവിക്കുന്നു. ശിർക്ക്, കുഫ്റ്, ബിദ്അത്ത് ,നിഫാഖ്, ഫിസ്ഖ്, ഫുജൂർ, മോശമായ സ്വഭാവഗുണങ്ങൾ എന്നിവയിൽ നിന്നുള്ള ശുദ്ധീകരണമായിട്ടാണ് തസ്കിയ്യത്തിനെ അടിമ സ്വയത്തിൽ പ്രാപിക്കുന്നത് എന്ന് മഹത്തുക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു.
മുമ്പ് നമ്മുടെ ആഖിബത്തിനെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ഉത്ക്കണ്ഠപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന ആരെയും കാണാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ യതീമുകളായി ജീവിക്കുമ്പോഴാണ് അല്ലാഹു അവന്റെ ഔലിയാക്കളുമായി ബൈഅത്തിലൂടെ നമുക്ക് കുടുംബബന്ധം നൽകുന്നത്. ഈയൊരു ബന്ധം അല്ലാഹു അവന്റെ തനിച്ച ഔദാര്യം(മഹ്ള് ഫള്ല്)ഒന്നുകൊണ്ടുമാത്രം നമുക്ക് നൽകിയതാണ്. നമ്മുടെ ജീവിതം, മരണം, മരണാനന്തരം എന്നിവ നന്നാകണം എന്നതിൽ നമ്മളെക്കാൾ ഉത്ക്കണ്ഠ ഉള്ളവരാണവർ. അതിനുവേണ്ട ഉപദേശങ്ങളും തർബിയ്യത്തുമാണ് അവർ നൽകിക്കൊണ്ടിരിക്കുന്നത്. നമ്മുടെ സ്വന്തമായ എന്തെങ്കിലും യോഗ്യതകൾ കൊണ്ട് ലഭിച്ചതല്ല. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും മാത്രമാണത്.
നാമിപ്പോൾ തിരുചര്യകളിൽ നിന്നുള്ള ബാഹ്യവും ആന്തരികവുമായ മാതൃകകൾ പിൻപറ്റാൻ പരിശ്രമിക്കുന്നു. തൊപ്പി ധരിക്കുന്നു, താടി വളർത്തുന്നു. ദിക്റ് ചൊല്ലുന്നു. തസ്ബീഹ് ചെയ്യുന്നു,
ഇബാദത്തുകളും ഫർളുകളും അനുഷ്ഠിക്കുന്നു. ഇതിനോടനുബന്ധമായി അല്ലാഹുവിനോടുള്ള പ്രേമവും ഭക്തിയും നമ്മുടെ ഹൃദയാന്തരാളങ്ങളിൽ നിറഞ്ഞുകവിയുന്നു. ഇതും സ്വയം ഉണ്ടായതല്ല. അല്ലാഹു അവന്റെ കാരുണ്യത്തിലൂടെയും ഔദാര്യത്തിലൂടെയും നൽകിയതാണ്. ഇക്കാര്യം നാം അല്ലാഹുവോട് വീണ്ടും വീണ്ടും എടുത്തുപറഞ്ഞ് ശുക്റിനെ അധികരിപ്പിക്കേണ്ടതാണ്. അവന്റെ ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും സൂക്ഷ്മമായ അർത്ഥതലങ്ങളിലേക്ക് ചിന്തിച്ച് അവനോടുള്ള ശുക്റ് വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കണം. എന്തെന്തെല്ലാം ആന്തരികവും ബാഹ്യവുമായ അനുഗ്രഹങ്ങളാണ് അല്ലാഹു നമുക്ക് ചൊരിഞ്ഞു തന്നിട്ടുള്ളത്! ദീനിയായ ജീവിതവും ഈമാനും തഖ് വയുമെല്ലാം നമുക്ക് സിദ്ധിക്കുന്നത് അവന്റെ ഔദാര്യത്താലാണ്. ആ ഔദാര്യത്തിന്റെ തന്നെ ഭാഗമാണ് നമ്മുടെ ആ മേഖലയിലെ പരിശ്രമങ്ങളത്രയും. ഇൽമ് പഠിക്കുന്നതിന് തടസ്സം നിൽക്കാൻ നിരവധി പിശാചുക്കളുണ്ട്. എന്നാൽ ആ പിശാചുക്കളുടെ പ്രലോഭനങ്ങൾക്ക് വശംവദമാവാതെ ദീനിൽ പ്രയോജനകരമായ ഇൽമ് പഠിക്കാൻ നമുക്ക് അവസരമൊരുക്കുന്നത് അല്ലാഹുവാണ്. അല്ലാഹുവിന്റെ മഹത്തായ ഔദാര്യമാണത്. ശൈത്വാന്റെ കാൽപാടുകളെ പിൻപറ്റരുത് എന്ന് പറയുന്നതു തന്നെ അവന് നൽകാത്ത ഔദാര്യത്തിന്റെ കവാടങ്ങൾ മുഅ്മിനായ മനുഷ്യന് തുറന്നുവെച്ചിട്ടുണ്ട് എന്ന് ഉണർത്താനാണല്ലോ?
നിസ്കാരം നാം നിർവ്വഹിക്കുന്നു. അത് പുണ്യകർമ്മമാണ്. എന്നാൽ അതിനെ തുടർന്ന് നാം പറയുന്നത് അസ്തഗ്ഫിറുല്ലാഹൽ അളീം, അഥവാ അല്ലാഹുവിനോട് ഞാൻ പൊറുക്കലിനെ തേടുന്നു എന്നാണ്. നമ്മുടെ ഇബാദത്തുകളെല്ലാം അല്ലാഹു നമുക്ക് ചെയ്ത ഔദാര്യം മാത്രമാണ് എന്നതിന്റെ തെളിവാണത്. അല്ലാഹുവിന് നന്ദി ചെയ്യാൻ അശക്തനായ അടിമ പശ്ചാത്താപ വിവശനായി വീണ്ടും അല്ലാഹുവിലേക്ക് തന്നെ മടങ്ങലാണത്.
ഒരൊറ്റ തെറ്റ് ചെയ്ത ശൈത്വാൻ അല്ലാഹുവിന്റെ ഔദാര്യത്തെയും കാരുണ്യത്തെയും തൊട്ട് ആട്ടപ്പെട്ടവനായി(റജീം). എന്നാൽ വീണ്ടും വീണ്ടും തെറ്റുകളിൽ മുഴുകുന്ന മനുഷ്യരായ നമുക്ക്, നമ്മെ തസ്കിയ്യത്ത് ചെയ്യുന്ന ഔലിയാക്കളുടെ ബന്ധവും തൗബയും പശ്ചാത്തപവും എല്ലാം നൽകി സദാ അല്ലാഹു നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും ശൈത്വാനെ തൊട്ട് അഭയം തേടുന്നു. എന്നാൽ നാം സൃഷ്ടികൾക്കൊക്കെ വേണ്ടപ്പെട്ടവരായാണുള്ളത്. ഇതും അല്ലാഹുവിന്റെ ഔദാര്യമാണ്. നമ്മുടെ സൃഷ്ടിപ്പും പരിപാലനവുമെല്ലം അവന്റെ തനിച്ച ഔദാര്യത്തിന്റെ ഫലമാണ്. അതവന് നിർബന്ധമുള്ളതല്ല. വെള്ളത്തിൽ കിടക്കുന്ന മീനിനെപ്പോലെ നാം അവന്റെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണ് ജീവിക്കുന്നത്. ഇത് തിരിച്ചറിഞ്ഞവനാണ് യഥാർത്ഥ മുഅ്മിൻ. തന്റെ യോഗ്യതകളിലേക്കോ അദ്ധ്വാനത്തിലേക്കോ നോക്കാതെ അല്ലാഹുവിന്റെ ഫള്ലിനെ (ഔദാര്യത്തെ) എല്ലായിടത്തും തിരയുകയും അതിനെ തന്റെ സ്വയത്തിലും ചുറ്റുപാടുകളിലും കണ്ടെത്തുകയും തിരിച്ചറിയുകയും അതിന് ശുക്റ് ചെയ്യുകയും ചെയ്യുന്നവനാണ് യഥാർത്ഥ മുഅ്മിനും മുത്തഖിയും.
ഈമാനിന്റെ വഴിയിലേക്ക് പ്രവേശിച്ച വ്യക്തിക്കാണ് നഫ്സിന്റെ തസ്കിയത്ത് ഗൗരവമാർന്ന ഒരു വിഷയമായി തീരുന്നത്. അപ്പോൾ അയാളുടെ മുന്നിൽ തസ്കിയത്തിന്റെ വഴികൾ അല്ലാഹു തുറന്നു നൽകും. ഒരു ശൈഖുമായി ബൈഅത്ത് ചെയ്ത് അവരുടെ സഹവാസത്തിലായി ജീവിക്കുന്നതും ഇതിനുവേണ്ടി തന്നെയാണ്. അല്ലാഹു നിശ്ചയിച്ചു നൽകിയതും മഹാന്മാരായ അമ്പിയാക്കളും അവരെ അനുധാവനം ചെയ്യുന്ന ഔലിയാക്കളും സഞ്ചരിച്ചതുമായ ആത്മീയ മാർഗങ്ങളിലൂടെ അവൻ നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഈ സഞ്ചാരം അവന്റെ നഫ്സിനെ എല്ലാ വിധത്തിലുമുള്ള ന്യൂനതകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിച്ചുകൊണ്ടേയിരിക്കും. ഹൃദയത്തിന്റെ കറകളെ നീക്കി അതിനെ പ്രകാശമാനമാക്കും. അങ്ങനെ ശാശ്വതമായ യാഥാർത്ഥ്യങ്ങൾ അവന്റെ ഖൽബിൽ പ്രതിഫലിച്ചു കാണും. ഈ വഴിയിലൂടെ സഞ്ചരിക്കുന്നതിന് പഠനവും പരിശീലനവും ആവശ്യമാണ്. ഔലിയാക്കളുമായുള്ള ബന്ധത്തിലൂടെയാണ് ഇത് ലഭിക്കുക.
ഔലിയാക്കളുടെ ബന്ധം ലഭിച്ച് അവരുടെ മാർഗദർശനങ്ങൾക്കൊത്ത് അല്ലാഹുവിലേക്ക് സഞ്ചരിക്കുന്ന ഒരു സാലിക്കിന് തന്റെ യാത്രയുടെ പ്രാരംഭത്തിൽ തന്നെ, താൻ അവനോട് ചെയ്യുന്ന നന്ദികേടിന്റെ അനുപാതം വെച്ചു നോക്കുമ്പോൾ അല്ലാഹു നീതിയല്ല തന്നോട് നടത്തുന്നതെന്നും അവന്റെ മഹത്തായ ഔദാര്യമാണ് തന്നിൽ അനുസ്യൂതം അവൻ ചൊരിയുന്നതെന്നും തിരിച്ചറിവുണ്ടാകുന്നത് സ്വാഭാവികമായ ഒരനിവാര്യതയാണ്. മശാഇഖന്മാർ ഈയൊരു അവസ്ഥയെ സൂചിപ്പിക്കാൻ പറയുന്ന ഇസ്തിലാഹാണ് “നജാത് അദ്ല് സേ നഹീ, ഫള്ല് സെ ഹെ” എന്നത്. അല്ലാഹുവിന്റെ മഹത്തായ ഈ ഔദാര്യങ്ങൾക്ക് അടിമ എങ്ങനെയാണ് നന്ദി ചെയ്ത് തീർക്കുക? തീർച്ചയായും അതവന് അസാധ്യമാണ്. നന്ദിയുടെ പ്രകടനമായി അടിമയിൽ നിന്ന് വെളിവാകുന്നതാണല്ലോ യഥാർത്ഥത്തിൽ ഇബാദത്തുകളെല്ലാം. ഈ ഇബാദത്തുകൾ പോലും അവനിൽ നിന്നുള്ള ഔദാര്യമാണ്. നമ്മെ നന്ദിചെയ്യുന്ന അടിമകളായി അവൻ തിരഞ്ഞെടുത്തുവെന്നതും നന്ദി ചെയ്യാൻ അവൻ സാഹചര്യങ്ങളും യോഗ്യതകളും നൽകി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നുവെന്നതും അടിമ തിരിച്ചറിയുമ്പോൾ പിന്നെ അവന്റെ ഔദാര്യമാണ് നമ്മുടെ ഇബാദത്തുകൾ എന്ന് കാണാൻ കഴിയും.
മനുഷ്യരായ നാം അനുഭവിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങളെല്ലാം അവന്റെ ഔദാര്യം മാത്രമാണ്. അത് സാധാരണമായിരുന്നാലും അസാധാരണമായിരുന്നാലും ശരി.
സുലൈമാൻ നബി(അ) ”ബിൽക്കീസ് രാജ്ഞിയുടെ സിംഹാസനം ആയിരക്കണക്കിന് നാഴികകൾക്കപ്പുറത്ത് നിന്ന് ആരാണ് തന്റെ മുന്നിലെത്തിക്കുക” എന്ന് ചോദിച്ചപ്പോൾ ജിന്നിനെക്കാൾ വേഗതയിൽ അതിവിടെ എത്തിക്കാൻ അല്ലാഹുവിന്റെ ഔദാര്യത്താൽ തനിക്ക് കഴിയുമെന്ന് ബഹുമാനപ്പെട്ടവരുടെ ശിക്ഷണത്തിൽ കഴിഞ്ഞ മനുഷ്യനായ ഒരു അനുചരനാണ് പറഞ്ഞത്. കണ്ണ് ചിമ്മിത്തുറക്കുന്നതിന്നിടയിൽ അല്ലാഹുവിന്റെ മഹത്തായ കൃപയാൽ ആ കൊട്ടാരം അവിടെ പ്രത്യക്ഷമായി. അതിനെക്കുറിച്ച് മഹാനായ പ്രവാചകൻ സുലൈമാൻ നബി(അ) പറഞ്ഞത് “”ഇതെന്റെ റബ്ബിന്റെ ഔദാര്യമാണ്”(സൂറ: അന്നംല്:40) എന്നാണ്.
ഇങ്ങനെ എന്തെന്തെല്ലാം ഔദാര്യങ്ങളാണ് അല്ലാഹു നമ്മുടെ മേൽ ചൊരിഞ്ഞിട്ടുള്ളത്! അവന്റെ ഫള്ലിനെ നാം തിരിച്ചറിഞ്ഞ് അതിന് ശുക്റ് ചെയ്ത് മുന്നേറുമ്പോൾ ഇതിലപ്പുറമുള്ള ഔദാര്യങ്ങൾകൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിക്കുമെന്നതിന് പ്രവാചകന്മാരുടെയും മശാഇഖന്മാരുടെയും മുഅ്മിനീങ്ങളുടെയും ജീവിതം സാക്ഷിയാണ്.
അല്ലാഹുവിന്റെ ഔദാര്യത്തെ തിരിച്ചറിയാൻ അടിമയെ തടസ്സപ്പെടുത്തുന്നത് അവന്റെ സ്വന്തം നഫ്സ് തന്നെയാണ്. അതുകൊണ്ട് തന്നെ ഈ
നഫ്സിന്റെ സംസ്കരണം അനിവാര്യമാണ്. അല്ലാഹുവിന്റെ ആരിഫീങ്ങളുടെ സഹവാസം നേടി, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങി, അവർ സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച് പഠിപ്പിക്കുന്ന ഇൽമുകൾ സ്വായത്തമാക്കി, ബാഹ്യവും ആന്തരികവും അതിന്നനുസൃതമായി അലങ്കരിച്ച്, അല്ലാഹുവിലേക്ക് സുലൂക്ക് ചെയ്യുന്നതിന്നാണ് നമ്മുടെ പരിശ്രമങ്ങളത്രയും വേണ്ടത്. ഒരു സാലിക് ആയതിലൂടെ അല്ലാഹു നമുക്ക് ചെയ്ത ഏറ്റവും വലിയ ഔദാര്യമാണ് ഇസ്തിഗ്ഫാറും തൗബയും. അതുകൊണ്ടാണ് ബഹുമാനപ്പെട്ട സൈനുദ്ദീൻ മഖ്ദൂം(റ) അവരുടെ അദ്കിയാഅ്ൽ ഇപ്രകാരം പറഞ്ഞിട്ടുള്ളത്:
“അതിനാൽ തൗബ എന്നത് എല്ലാ ഇബാദത്തുകളുടെയും താക്കോലാണ്. അത് എല്ലാ നന്മകളുടെയും അടിത്തറയുമാണ്.” അല്ലാഹു നമ്മിലേക്ക് തിരിയുകയും നമ്മെ സംസ്കരിക്കുകയും അവനിലേക്ക് വഴികൾ തുറന്നു തരികയും അടുപ്പിക്കുകയും ചെയ്തത് അവൻ നമ്മെ തൃപ്തിപ്പെട്ട് നമ്മുടെ അന്തിമ പരിണതി നന്നാക്കി തീർക്കും എന്നതിന്റെ ലക്ഷണമാണ്. എന്നാൽ നമ്മുടെ പ്രതീക്ഷ മഹാകാരുണ്യമുടയവനായ അവന്റെ ഔദാര്യത്തിലാണ്. അവന്റെ ഔദാര്യത്തിന്റെ കവാടങ്ങൾ തുറക്കാൻ നമ്മുടെ കയ്യിലുള്ള താക്കോൽ തൗബയാണ്. ഈ തൗബയിലൂടെ നമുക്ക് സിദ്ധിക്കാനുള്ളത് തസ്കിയ്യത്തുന്നഫ്സ് കൂടിയാണ്.
തസ്കിയ്യത്തിലൂടെ ശുദ്ധി കൈവരിച്ച വ്യക്തിക്ക് സകിയ്യ് എന്നു പറയുന്നു. അല്ലാഹുവോടുള്ള അനുസരണത്തിൽ മുന്നോട്ടുനീങ്ങി അവന്റെ തൃപ്തിയുടെ പദവി കൈവരിച്ച ഒരു വ്യക്തിക്കാണ് സകിയ്യ് എന്ന് പറയുക. അത് ഒരു മുഅ്മിനിന്റെ അവസ്ഥയാണ്. ഒരു മുഅ്മിൻ തന്റെ ജീവിതത്തെ ക്രമപ്പെടുത്തി എത്തിച്ചേരുന്ന ഒരു പദവിയാണത്. ഒരു ചെടി തൃപ്തികരമായ വളർച്ചയിലേക്കും ഫല ശേഷിയിലേക്കും എത്തിച്ചേരുന്നതുപോലെയാണിത്. അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ ശുദ്ധീകരിച്ചെടുക്കുന്നു. ശുദ്ധീകരണത്തിന്റെ ഒരു അടയാളം ഒരുവൻ സ്വന്തം നഫ്സിന്റെ സംസ്കരണവുമായി ബന്ധപ്പെട്ട ചിന്തയിലും പ്രവർത്തനങ്ങളിലും മുഴുകുക എന്നതാണ്. ഇതര സൃഷ്ടികളുടെ ന്യൂനതകൾ ചികയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഒരാൾക്ക് തസ്കിയ്യത്തുന്നഫ്സ് കൈവരിക്കുക സാധ്യമല്ല. എന്നുമാത്രമല്ല തിന്മകളെയും നികൃഷ്ടതകളെയും വെളിവാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പൈശാചിക മാർഗത്തിലെ സഞ്ചാരിയായി അത്തരത്തിലുള്ള ഒരു വ്യക്തി മാറിത്തീരും. ഈ സൂക്തങ്ങൾ അവതരിച്ച പശ്ചാത്തലം ഈയൊരു തത്വത്തിനെ സാധൂകരിക്കുന്നതാണ്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്. നമ്മുടെ രഹസ്യവും പരസ്യവുമായ സംസാരങ്ങളും അന്തരാളങ്ങളിൽ വെച്ചു പുലർത്തുന്ന ചിന്തകളും വിചാരങ്ങളും അല്ലാഹു അറിയുന്നു. നഫ്സിന് തസ്കിയ്യത്ത് ലഭിച്ചവർ ഈ വസ്തുതയെ സദാ ഉണർന്നറിയുന്നവരാണ്. അതിനാൽ അവരെപ്പോഴും ഓരോ അനക്കമടക്കങ്ങളിലും സൂക്ഷ്മാലുക്കളായിരിക്കും. അല്ലാഹുവിന്റെ മഹത്തായ ഔദാര്യം കൊണ്ട് ലഭിക്കുന്ന ഈ പദവിയിലേക്ക് വളരുക എന്നതിന്നായിരിക്കണം മുഅ്മിനിന്റെ പരിശ്രമങ്ങളത്രയും. അല്ലാഹു അതിന്ന് തൗഫീഖ് നൽകുമാറാകട്ടെ…ആമീൻ….’’
തൗബയും(ഖേദത്തോടെയുള്ള മടക്കം) ഇസ്തിഗ്ഫാറും(പാപമോചനത്തിനായുള്ള അർത്ഥന) ചെയ്ത് ഈ യാഥാർത്ഥ്യ ജ്ഞാനം സിദ്ധിക്കുന്നതോടെ അല്ലാഹുവിന്റെ സവിശേഷമായ ഔദാര്യത്തിന് പാത്രമാവാൻ നാം യോഗ്യത നേടുന്നു. അല്ലാഹുവിന്റെ ഏറ്റവും ഉന്നതമായ ഔദാര്യം നഫ്സിന്റെ ശുദ്ധീകരണത്തിനുള്ള വഴികൾ തുറന്നു തരിക എന്നതാണ്. നഫ്സ് ശുദ്ധീകരിക്കപ്പെട്ടവർക്കല്ലാതെ യഥാർത്ഥ ജീവിത വിജയം, അഥവാ ഹുസുനുൽ ആഖിബത്ത് സംസിദ്ധമാവുകയില്ല. നഫ്സിന്റെ ശുദ്ധീകരണത്തിന് അല്ലാഹു സംവിധാനിച്ച ഭിഷഗ്വരന്മാർ കൂടിയാണ് പ്രവാചകന്മാരും അവരുടെ ദൗത്യത്തിന്റെ അനന്തരത്വം ഏൽപിക്കപ്പെട്ട ആത്മപ്രകാശം സിദ്ധിച്ച പണ്ഡിതമഹത്തുക്കളായ മശാഇഖന്മാരും. നഫ്സിൽ അടിഞ്ഞുകൂടിയ എല്ലാ ദുർമേദസുകളെയും നീക്കി സംശുദ്ധിയും സംതൃപ്തിയും സംപൂർത്തിയും പ്രാപിച്ച നഫ്സായി നമ്മെ അവർ സ്ഫുടം ചെയ്തെടുക്കും. എന്നാൽ നാമതിന് ബലി നൽകേണ്ടത് സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ തന്നെയാണ്. അല്ലാഹുവിന്റെ ഇഷ്ടവും എന്റെ ഇഷ്ടവും രണ്ടല്ലാത്ത വിധത്തിൽ എന്നെ മായിച്ച് അവനിൽ വിലയം പ്രാപിക്കാൻ എന്നെ പരിശീലിപ്പിക്കുകയാണ് വാസ്തവത്തിൽ ഗുരു ചെയ്യുന്നത്. അതിന് എഴുന്നു നിൽക്കുന്ന വിലക്ഷണമായ ആ ‘ഞാൻ’ തിരോഭവിക്കുക തന്നെ വേണം. നിരന്തരമായ പ്രാർത്ഥനയും അല്ലാഹുവിന്റെ സവിശേഷമായ ഔദാര്യവും കൊണ്ടല്ലാതെ ഈയവസ്ഥ പ്രാപിക്കുക സാദ്ധ്യമല്ല.