വിജ്ഞാന ചരിത്രത്തിലെ രത്നഖജിതമായ മുദ്രാമോതിരം

സാരസർവ്വസ്വങ്ങളെ ഉൾവഹിച്ച ജ്ഞാന കടൽ:2

സയ്യിദ് ഹുസൈൻ നസർ
വിവ: നിഹാൽ
പന്തല്ലൂർ:

ജീവിത പരിചയം
ഹി. 560/സി.ഇ 1165 ന് ദക്ഷിണ സ്പെയിനിലെ മുര്സിയയിൽ ശുദ്ധ അറബ് വംശക്കാരായ ത്വാഈ ഗോത്രത്തിലാണ് ഇബ്നു അറബി(റ) ഭൂജാതനായത്. അബുബകർ മുഹമ്മദ് ബിന് അൽ അറബി അൽ ഹാതിമി അത്വാഇ എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. ഇസ്ലാമിക ലോകത്ത് ഇബ്നു അറബി എന്ന പേരില് വിശ്രുതനായ അദ്ദേഹത്തെ പിൽക്കാല തലമുറക്കാർ ശൈഖുൽ അക്ബർ എന്നും മുഹിയിദ്ദീൻ എന്നും പേരുവിളിച്ചു. മഹോന്നതരായ മറ്റുപല സൂഫികളെയും സന്ന്യാസിമാരെയും പോലെ അദ്ദേഹത്തിന്റെ പ്രകൃഷ്ട കൃതി സ്വന്തം ജീവിതം തന്നെയായിരുന്നു. നമസ്കാരവും പ്രാർത്ഥനയും ധ്യാനവും സൂഫി സന്ദർശനവും, ആത്മീയ ലോകത്തിന്റെ ദിവ്യദർശനാത്മക വീക്ഷണവുമെല്ലാമായി സമ്മേളിക്കുന്ന ഏറെക്കുറെ അസാധാരണ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. അദൃശ്യമായ സൂഫീ അധികാര ശ്രേണിയെ (ഖുത്ബ്, അബ്ദാൽ തുടങ്ങിയ ശ്രേണി) സംബന്ധിച്ച് അദ്ദേഹത്തിന് ഉൾക്കാഴ്ച ഉണ്ടായതും പ്രസ്തുത ആത്മീയ ജീവിതത്തിലായിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ജീവിതം പഠിക്കുമ്പോൾ ആദ്ധ്യാത്മിക കൃതികളിലൂടെ ബൗദ്ധിക ഇടപെടലുകൾ നടത്തിയ ഒരു യോഗിവര്യന്റെ ഔന്നിത്യത്തിന്റെയും ആത്മീയ സ്വഭാവത്തിന്റെയും അപൂർണ്ണ ദർശനം മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ.

മുർസിയയിലെ ആദ്യകാല വാസത്തിന് ശേഷം ഇബ്നു അറബി സെവിയ്യയിലേക്ക് താമസം മാറി. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയതും വളർന്നു വന്നതും അവിടെയാണ്. സാമാന്യമായ സുസ്ഥിരത കൈവരിച്ച തന്റെ കുടുംബം, ആത്മീയ കാര്യങ്ങളിലെ തന്റെ നൈസർഗിക അഭിനിവേശം പിന്തുടരാൻ സ്വാതന്ത്ര്യം നൽകിയതിനാല് സുഖപ്രദമായി അവിടെ ജീവിച്ചുപോന്നു. ഇബ്നു അറബിയുടെ പിൽക്കാല ജീവിതാഭിനിവേശം നിർണയിക്കുന്നതിൽ വലിയ തോതില് സ്വാധീനിച്ച രണ്ട് വനിതാ സ്വൂഫിനികളായ മർഷേനയിലെ യസാമിനെയും കോര്ദോവയിലെ ഫാത്തിമയെയും കണ്ടുമുട്ടുന്നത് സെവിയ്യ വാസത്തിന്റെ ആദ്യകാലത്താണ്. പടുവൃദ്ധയായിരുന്നുവെങ്കിലും പതിനാറുകാരിയുടെ സൗന്ദര്യവും ഓജസ്സുമുള്ള വനിതയായിരുന്നു കൊര്ദോവയിലെ ഫാത്തിമ. രണ്ട് വർഷക്കാലം ഇബ്നു അറബിയുടെ ആത്മീയ വഴികാട്ടിയായിരുന്ന അവർ, അദ്ദേഹത്തിന്റെ ആത്മീയ മാതാവായിട്ടായിരുന്നു സ്വയം കരുതിയിരുന്നത്.

അസാമാന്യ ബൗദ്ധിക ശേഷിയും അഗാധമായ ആത്മീയ ഉള്ക്കാഴ്ചകളും കൈമുതലായി ഉണ്ടായിരുന്ന ഇരുപതുകാരനായ ഇബ്നു അറബി ആന്ദലൂഷ്യയിലെ ധാരാളം നഗരങ്ങളിലൂടെ സഞ്ചരിക്കുകയും കിട്ടാവുന്നയിടത്തെയൊക്കെ സൂഫി വര്യന്മാമാരും സൂഫിനികളുമായി സന്ധിക്കുകയും ചെയ്തു. ഇത്തരമൊരു യാത്രക്കിടെ കൊര്ദോവയില് താമസിക്കുന്നതിനിടയിലാണ് അരിസ്റ്റോട്ടിൽ കൃതികളുടെ വ്യാഖ്യാതാവായ ഇബ്നു റുഷ്ദിനെ അദ്ദേഹം കണ്ടുമുട്ടുന്നത്. ആ സംഗമത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. കാരണം, ഭാവികാലത്ത് ക്രൈസ്തവ, മുസ്ലിം ലോകങ്ങൾ അനുധാവനം ചെയ്യാൻ പോകുന്ന രണ്ട് (ആശയ) ധാരകളുടെ പ്രതീകങ്ങളായിരുന്നു അവർ രണ്ടുപേരും. ഇബ്നു റുശ്ദ്, യുക്തിശാസനകളെ അനുധാവനം ചെയ്യുന്നയാളും ലാറ്റിൻ വെസ്റ്റില് ഏറ്റവും സ്വാധീനം ചെലുത്തിയ മുസ്ലിം ചിന്തകനുമായിരുന്നു. അതേസമയം ജ്ഞാനത്തെ മൗലികമായ (ആത്മീയ) ഉൾക്കാഴ്ചയുടെ മറുവാക്കായി മനസ്സിലാക്കിയ ജ്ഞാനവാദിയും പിൽക്കാല ഇസ്ലാമിക ബൗദ്ധിക ജീവിതത്തിലെ മുടിചൂടാമന്നനും സൂഫിസത്തിലെ ഉന്നതശീർഷനുമായിരുന്നു ഇബ്നു അറബി(റ). ഇവരുടെ സംഗമം വളരെ പ്രാധാന്യമർഹിക്കുന്നതായതിനാൽ, അവിസ്മരണീയമായ പ്രസ്തുത സംഭവം ഇബ്നു അറബി(റ) വിവരിക്കുന്നത് നോക്കാം. ഇബ്നു അറബിയുടെ ആത്മീയ വ്യക്തിത്വത്തിന്റെ നിദർശനം കൂടിയാണ് പ്രസ്തുത വിവരണം:

”നല്ല തെളിച്ചമുള്ള ഒരു ദിവസമാണ് ഞാന് കൊര്ദോവയിലെ അബുൽ വലീദ് ഇബ്നു റുഷ്ദിന്റെ വീട്ടിലേക്ക് പോയത്. ആത്മീയമായി (ജനങ്ങളിൽ നിന്ന് അകന്നുമാറി) ഏകാന്തവാസം അനുഷ്ഠിച്ചിരുന്ന കാലഘട്ടത്തിൽ എനിക്ക് ദിവ്യദർശനം ഉണ്ടായതിനെ കുറിച്ച് അദ്ദേഹം മുമ്പേ കേട്ടിരുന്നതിനാൽ പരസ്പരം സന്ധിക്കുവാൻ വ്യക്തിപരമായി അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മുമ്പേ കേട്ടിരുന്ന പ്രസ്തുത കാര്യത്തെ പ്രതിയുള്ള അത്ഭുതം അദ്ദേഹം മറച്ചുവെക്കുകയും ചെയ്തില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന എന്റെ പിതാവ് ഒരിക്കൽ എന്നെ അങ്ങോട്ടയച്ചത്. വല്ല ചെറുകിട ജോലിയും നിർവ്വഹിക്കുവാനുള്ള ഒഴികഴിവിലായിരുന്നു അയച്ചതെങ്കിലും വാസ്തവത്തിൽ ഇബ്നു റുഷ്ദിന് എന്നോട് സംസാരിക്കുവാനുള്ള അവസരമൊരുക്കുവാനായിരുന്നു അത്. അക്കാലത്ത് താടിമുളക്കാത്ത ഒരു യുവാവായിരുന്നു ഞാൻ.

ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പ്രവേശിച്ചതോടു കൂടെ ഇരിപ്പിടത്തിൽ ഉപവിഷ്ടനായിരുന്ന ആ ത്വത്വചിന്തകൻ എണീറ്റുവരികയും സൗഹൃദവും പരിഗണനയും പ്രകടിപ്പിക്കുകയും എന്നെ ആലിംഗനം ചെയ്യുകയും ചെയ്തു. അദ്ദേഹമെന്നോട് പറഞ്ഞു, ‘വരൂ’. ഞാൻ സമ്മതം മൂളി. ഞാൻ അദ്ദേഹത്തെ മനസ്സിലാക്കി എന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. അദ്ദേഹത്തിന്റെ സന്തോഷത്തിന്റെ കാരണം കണ്ടുപിടിച്ചതോടെ ഞാൻ പറഞ്ഞു: ‘ഇല്ല.’ ഇബ്നു റുഷ്ദ് നൊടിയിടയില് പിൻവാങ്ങുകയും അദ്ദേഹത്തിന്റെ മുഖഭാവം വിറളുകയും ചെയ്തു. താൻ ചിന്തിക്കുന്നതിനെ കുറിച്ചുതന്നെ സംശയാലുവായത് പോലെയായി അദ്ദേഹം. അദ്ദേഹം എന്നോടൊരു ചോദ്യം ചോദിച്ചു: ദിവ്യ പ്രചോദനത്തിലൂടെയും ദിവ്യദീപ്തിയിലൂടെയും എന്തു പരിഹാരമാണ് താങ്കൾക്ക് ലഭിച്ചത്. ‘ഉണ്ടെ’ന്നും ‘ഇല്ലെ’ന്നും ഞാൻ മറുപടി നൽകി. ‘ഇവരണ്ടിനുമിടയില് പദാർഥത്തിൽ നിന്നും ആത്മാക്കൾ പറന്നുയരുകയും അവയുടെ ശരീരത്തിൽ നിന്നും ഗളങ്ങൾ വേർപ്പെടുകയും ചെയ്യും.” ഇബ്നു റുഷ്ദിന്റെ മുഖം ആകെ മ്ലാനമായി. അദ്ദേഹം വിറക്കുന്നുണ്ടായിരുന്നു. മാമൂൽ ശൈലിയിൽ അദ്ദേഹം മുറുമുറുത്തു: ”ദൈവത്തിലല്ലാതെ ശക്തിയില്ല”. ഞാൻ സൂചിപ്പിച്ച കാര്യം അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

അഭിമുഖത്തിന് ശേഷം, എന്നെ കുറിച്ച് എന്റെ പിതാവിനുള്ള അഭിപ്രായം അദ്ദേഹം ആരാഞ്ഞു. എന്റെ പിതാവിന്റെ അഭിപ്രായവും തന്റെ അഭിപ്രായവും ഒന്നാണോ അതോ വ്യത്യസ്തമാണോ എന്നറിയാൻ വേണ്ടിയായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. തത്വചിന്താപരമായ ധ്യാനാത്മകതയുടെയും പുനരാലോചനയുടെയും മഹാഗുരുവാണ് ഇബ്നു റുഷ്ദ് എന്ന കാര്യം തീർച്ചയാണ്. സമ്പൂർണ ബോധ്യമില്ലാതെ ആത്മീയ ഏകാന്തവാസത്തിലേക്ക് പ്രവേശിക്കുകയും എന്നെ പോലെ അതുപേക്ഷിക്കുകയും ചെയ്ത ഒരാളുടെ കാലത്ത് ജീവിക്കാൻ സാധിച്ചതിന് അദ്ദേഹം ദൈവത്തോട് നന്ദിപ്രകാശിപ്പിച്ചെന്ന് പിന്നീട് ഞാൻ അറിഞ്ഞു. അദ്ദേഹം പറഞ്ഞു: വാസ്തവത്തിൽ അത് പരിചയിച്ച മറ്റാരോടും അഭിമുഖീകരിക്കുക പോലും ചെയ്യാതെയായിരുന്നു അദ്ദേഹത്തിന്റെ (അത്തരത്തിലുള്ള) സാധ്യത ഞാൻ സ്വയം ഉറപ്പു വരുത്തിയത്. ദൈവത്തിന്റെ കവാടങ്ങൾ തുറക്കുന്ന അനുഭവധന്യനായ ഈ ഗുരുവിന്റെ കാലത്ത് ജീവിക്കാൻ സാധിച്ചതിനും എന്റെ നേത്രങ്ങൾ കൊണ്ട് അവരിലൊരാളെ കാണാൻ വ്യക്തിപരമായ താത്പര്യം ജനിപ്പിച്ചതിനും ദൈവിക മഹത്വം ഞാൻവാഴ്ത്തുന്നു.’

മറ്റൊരിക്കല് ഇബ്നു റുഷ്ദുമായി ഒരു അഭിമുഖം കൂടി നടത്താൻ ഞാൻ ആഗ്രഹിച്ചു. പരമാനന്ദ നിർവൃതിയിൽ വിലയം പ്രാപിച്ചിരുന്ന ഒരവസരത്തിൽ, ദൈവിക കാരുണ്യത്താൽ അദ്ദേഹം എനിക്കു മുമ്പിൽ പ്രത്യക്ഷീഭവിച്ചു. ഞങ്ങൾക്കു മുമ്പിൽ ഉണ്ടായിരുന്ന നേരിയ മറയിലൂടെ ഞാൻ അദ്ദേഹത്തെ കണ്ടെങ്കിലും അദ്ദേഹം എന്നെ ദർശിക്കുകയോ എന്റെ സാന്നിധ്യം അറിയുകയോ ചെയ്തില്ല. വാസ്തവത്തിൽ എന്നെ ശ്രദ്ധിക്കുവാനായി ധ്യാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ സ്വയം പറഞ്ഞു: ‘ഗാഢമായ ആലോചന കൊണ്ടൊന്നും ഞാൻ എവിടെയാണെന്ന് കണ്ടെത്താൻ അദ്ദേഹത്തിൻ സാധിക്കില്ല.’
ഹിജ്റ 595 (എ.ഡി. 1198) ന് മറാകിഷിൽ വെച്ച് അദ്ദേഹം മരിക്കുന്നത് വരെ പിന്നീടൊരിക്കലും അദ്ദേഹവുമായി ഞാൻ സന്ധിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കൊർദോവയിലേക്ക് കൊണ്ടുപോവുകയും അവിടെ മറമാടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടങ്ങിയ ശവപ്പെട്ടി അതു ചുമന്ന മൃഗത്തിന്റെ പുറത്ത് ഒരു വശത്ത് വെച്ചപ്പോൾ ഭാരം സന്തുലിതമാക്കുവാൻ വേണ്ടി മറുവശത്ത് അദ്ദേഹത്തിന്റെ കൃതികളായിരുന്നു വെച്ചത്. നിശ്ചലനായി ഞാൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. പകർപ്പെഴുത്തുകാരനും കൂട്ടുകാരനുമായ അബ്ദുൽ ഹകം ആമിർ ബിൻ സർറാജും അൽ മൊവഹദ് രാജകുമാരൻ സയ്യിദ് അബൂ സഈദിന്റെ സെക്രട്ടറിയും ന്യായാധിപനും എഴുത്തുകാരനുമായ അബുൽ ഹുസൈൻ മുഹമ്മദ് ബിൻ ജുബൈറും എന്റെയടുത്ത് ഉണ്ടായിരുന്നു. അബ്ദുൽ ഹകം ഞങ്ങൾക്കു നേരെ തിരിഞ്ഞു ചോദിച്ചു: ഇബ്നു റുഷ്ദിന്റെ മൃതദേഹം ചുമക്കുന്ന മൃഗത്തിന്റെ മറുവശത്ത് എന്താണെന്ന് നോക്കൂ. ഒരു വശത്ത് ഗുരുവും മറു വശത്ത് അദ്ദേഹം രചിച്ച കൃതികളും. ഇബ്നു ജുബൈർ മറുപടി നൽകി: എന്റെ കുട്ടിയെ ഞാൻ കാണുന്നില്ലെന്നാണോ താങ്കൾ പറയുന്നത്. തീർച്ചയായും ഞാൻ കാണുന്നുണ്ട്. താങ്കളുടെ ജിഹ്വ അനുഗ്രഹീതമായിരിക്കട്ടെ.’ ഞാൻ അബുൽ ഹകമിന്റെ വാചകം മനസ്സിൽ ഓർത്തു നോക്കി. കാരണം, അതെനിക്ക് ധ്യാനത്തിന്റെയും ഓർമയുടെയും വിഷയമായിരുന്നു. ആ സൗഹൃദവലയത്തിൽ ഉണ്ടായിരുന്നവരിൽ ഇന്ന് ഞാൻ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ദൈവം അവർക്ക് അനുഗ്രഹങ്ങൾ വർഷിക്കട്ടെ. ആ സംഭവത്തെ കുറിച്ച് ഞാൻ സ്വയം പറയട്ടെ: ഒരു വശത്ത് ഗുരുവും മറുവശത്ത് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും. ഓഹ്! അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ പൂവണിഞ്ഞതായി അറിയാൻ ഞാൻ എത്രമാത്രം ആശിച്ചിരുന്നു!’

ഹിജ്റ 595/ എ.ഡി 1198 വരെ ആന്ദലൂഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും വ്യത്യസ്ത നഗരങ്ങളിലായി ഇബ്നു അറബി കഴിച്ചുകൂട്ടി. ഇസ്ലാമിലെ യുക്ത്യാധിഷ്ഠിത വ്യാഖ്യാതാക്കളായ മുഅ്തസികളെ പോലുള്ള വിഭാഗങ്ങളുമായി സംവാദം നടത്തുകയും സൂഫികളും പണ്ഡിതന്മാരുമായി സന്ധിക്കുകയുമായിരുന്നു അദ്ദേഹം. ഇക്കാലയളവിലാണ് അദ്ദേഹം ടൂണിസിലേക്ക് പോവുകയും ഇബ്നു ഖസിയുടെ ‘ഖല്ഉ നഅ്ലൈന്’ എന്ന ഗ്രന്ഥം പഠിക്കുകയും അതിന് വ്യാഖ്യാനമെഴുതുകയും ചെയ്തത്. ഇബ്നു മസർറയുടെയും പിന്നീട് ഇബ്നു ആരിഫിന്റെയും ആശയധാരയുടെ കേന്ദ്രമായ അൽമേറിയയിയും ഇബ്നു അറബി(റ) സന്ദർശിച്ചു. ആസിന് പലാഷ്യസ് പറയുന്നത് പ്രകാരം ഇബ്നു അറബി(റ) സൂഫിസത്തിലേക്ക് ഔദ്യോഗികമായി പ്രാരംഭ ചുവടുകള് വെച്ചതും അവിടെ വെച്ചായിരുന്നു.

ഈ വർഷങ്ങളിൽ അദ്ദേഹം ദിവ്യദർശനാധിഷ്ഠിത കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നത് തുടർന്നു. പ്രപഞ്ചത്തെ ഭരിക്കുന്ന അദൃശ്യമായ (സൂഫി) അധികാരശ്രേണിയെ കുറിച്ചുള്ള ധാരണ അദ്ദേഹത്തിന് മുമ്പുതന്നെ ഉണ്ടായിരുന്നു. പരമോന്നത ധ്രുവമായി ഒരു ഖുത്ബും, രണ്ട് ഇമാമുമാരും, ചതുർ വശങ്ങളിലെ സ്തംഭങ്ങളെന്ന പോലെ നാൽ ഔതാദുമാരും, പരസ്പരം സ്വാധീന ശക്തിയുള്ള ഏഴ് അബ്ദാൽമാരും, രാശികളുടെ എണ്ണമനുസരിച്ച് പന്ത്രണ്ട് നുഖബാക്കളും, അഷ്ടഗോളങ്ങളെന്ന പോലെ എട്ട് നുജബാക്കളും അടങ്ങുന്നതാണ് പ്രസ്തുത പ്രപഞ്ചം. ഇസ്ലാമിന് മുമ്പുള്ള ദൈവിക വെളിപാടുകളുടെ ആത്മീയ ധ്രുവങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടും ദൈവം മനുഷ്യന് ഇറക്കിക്കൊടുത്ത അത്തരം വെളിപാടുകളുടെ അഭൗതികമായ ഏകതയെ കുറിച്ചുള്ള ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു. 595/ 1198 ന് മുർസിയയിൽ വെച്ചാണ്, പ്രകാശപൂരിതമായ സ്തംഭങ്ങൾ താങ്ങിനിർത്തുന്ന ദൈവിക സിംഹാസനവും വട്ടമിട്ടു പറക്കുന്ന ഒരു പക്ഷിയെയും അദ്ദേഹം ദർശിച്ചത്. പ്രസ്തുത പക്ഷി കല്പിച്ചതു പ്രകാരം ഇബ്നു അറബി(റ) ജന്മനാട് ഉപേക്ഷിച്ച് കിഴക്കൻ ഇസ്ലാമിക ലോകത്തേക്ക് യാത്രപുറപ്പെടുകയും ശിഷ്ടകാലം അവിടെ കഴിച്ചുകൂട്ടുകയും ചെയ്തു.

കിഴക്കിലേക്ക് തീർഥയാത്ര പോയതോടെ ഇബ്നു അറബി(റ) യുടെ ജീവിതത്തിലെ പുതിയ ഒരു ഘട്ടത്തിന് നാന്ദികുറിച്ചു. 598/1201 ൽ തന്റെ ജീവിതത്തിൽ ആദ്യമായി അദ്ദേഹം മക്ക സന്ദർശിക്കുകയും അവിടെവെച്ച് പ്രകൃഷ്ടകൃതിയായ ഫുതുഹാതുൽ മക്കിയ്യയുടെ രചന തുടങ്ങാൻ (ഇലാഹിയായി) നിർദ്ദേശിക്കപ്പെടുകയും ചെയ്തു. ഇസ്ഹഫാനിൽ നിന്നുവന്ന ഒരു പേര്ഷ്യൻ കുടുംബത്തിലെ ഭക്തയും സൗന്ദര്യവതിയുമായ യുവതിയെയും അവിടെ വെച്ച് അദ്ദേഹം കണ്ടുമുട്ടി. ദാന്തെയുടെ ജീവിതത്തില് ബിയാട്രൈസ് വഹിച്ചതിനോട് സമാനമായി ഇബ്നു അറബി(റ) യുടെ ജീവിതത്തിൽ പങ്കുവഹിച്ച സ്ത്രീയായി മാറിയ മഹതി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശാശ്വത ജ്ഞാനത്തിന്റെ പാരമ്യ സ്വരൂപമായിരുന്നു.

മക്കയിൽ നിന്നും ഇബ്നു അറബി(റ) വ്യത്യസ്ത നഗരങ്ങളിലേക്ക് സഞ്ചരിക്കുകയും സാധാരണ സൂഫീ ഗുരുക്കന്മാരിൽ നിന്നും വ്യത്യസ്തമായി സൂഫി സരണിയിലൂടെയല്ലാതെ ആത്മീയ തത്വങ്ങൾ അഭ്യസിപ്പിക്കുന്ന പ്രവാചകനായ ഖിദ്ർ നബി(അ) മിന്റെ കീഴിൽ ദൈവിക രഹസ്യങ്ങൾ അഭ്യസിക്കുകയും ചെയ്തു. വ്യത്യസ്ത ആത്മീയ ധാരകളിലെ ഗുരുക്കന്മാരുടെ ശിഷ്യനായ ഇബ്നു അറബി(റ) അങ്ങനെ ഖിദ്ർ നബി(അ) മിന്റെയും ശിഷ്യനായി മാറി. ‘ഹരിത പ്രവാചക’ (ഖിദ്ർ നബി(അ))മിൽ നിന്നും നേരിട്ട് ഖിർഖ സ്വീകരിച്ച അലി ബിൻ ജാമിയുടെ പക്കൽ നിന്നും മെസ്യൂളില് വെച്ച് ഹി. 601/ സി.ഇ 1204 ൽ പ്രസ്തുത സ്ഥാനവസ്ത്രം സ്വീകരിച്ചത് ഖിദ്ർ നബി(അ) മിന്റെ പാതയിലേക്കുള്ള ഇബ്നു അറബി(റ) യുടെ പ്രവേശം വ്യക്തമാക്കുന്നു.

ഇക്കാലയളവിൽ ആശയപരമായി ചില നിയമജ്ഞരുമായി ഇടക്കിടെ ഇബ്നു അറബി കൊമ്പുകോർക്കുകയുണ്ടായി. ഹി. 604/ സി.ഇ 1207 ൽ കൈറോയിൽ വെച്ച് ഭീഷണമായ തരത്തിൽ മാരകമായ പരിക്കേറ്റ അദ്ദേഹം മക്കയിൽ അഭയം പ്രാപിക്കാൻ നിര്ബന്ധിതനായി. കുറച്ച് കാലം വിശുദ്ധ നഗരമായ മക്കയിൽ കഴിച്ചുകൂട്ടിയതിന് ശേഷം അദ്ദേഹം അനാതോലിയയിലേക്ക് പുറപ്പെട്ടു. പിൽക്കാലത്ത് കിഴക്കൻ ദേശങ്ങളിൽ തന്റെ കൃതികളുടെ പ്രചാരകനും വ്യാഖ്യാതാവുമായി മാറിയ വിശ്രുതനായ ശിഷ്യന് സദ്റുദ്ദീന് ഖൂനവി(റ)യെ ഖൗനിയയിൽ വെച്ച് അദ്ദേഹം കണ്ടുമുട്ടി. തുടർന്ന് ഖൗനിയയിൽ നിന്നും കിഴക്കുഭാഗത്തേക്ക് യാത്രപുറപ്പെട്ട അദ്ദേഹം അർമേനിയയിൽ എത്തിച്ചേരുകയും പിന്നീട് ദക്ഷിണ ഭാഗത്തേക്ക് യാത്രചെയ്ത് യൂഫ്രട്ടീസ് തീരത്തും ബാഗ്ദാദിലും എത്തിച്ചേരുകയും ചെയ്തു. ഹി. 609/ സി.ഇ 1211 ൽ ബാഗ്ദാദില് വെച്ചാണ് ഇശ്റാഖി തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവിന്റെ അതേ പേരുകാരനായ മറ്റൊരു സൂഫി ഗുരുവായ ശിഹാബുദ്ദീൻ സുഹ്രവർദി(റ) യുമായി ഇബ്നു അറബി(റ) സന്ധിക്കുന്നത്. (ഈ രണ്ട് സുഹ്റവർദിമാരും-ഒരാൾ ശിഹാബുദ്ദീൻ യയ് യ ബിൻ ഹബഷ് സുഹ്റവർദി (സി.ഇ 1154- സി.ഇ.1191) യും മറ്റെയാൾ ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി(റ) (സി.ഇ 1145- സി.ഇ 1234)യും- പലർക്കും ആശയക്കുഴപ്പം വരാറുണ്ട്. ഇശ്റാഖി ചിന്തയുടെ വക്താവായ ആദ്യം പരാമർശിച്ച ശിഹാബുദ്ദീൻ യഹ് യ ബിൻ ഹബഷ് സുഹ്റവർദി പിൽക്കാലത്ത് വധിക്കപ്പെടുകയുണ്ടായി) അലപ്പോയിൽ വെച്ച് മാലിക് സാഹിർ ഊഷ്മളമായാണ് ഇബ്നു അറബി(റ)യെ സ്വീകരിച്ചത്. ഒരു തലമുറ മുമ്പ് സുഹ്റവർദിയുടെ സുഹൃത്തും രക്ഷാധികാരിയുമായിരുന്ന സാഹിർ അദ്ദേഹത്തിന്റെ മരണം തടയുവാനും വൃഥാ ശ്രമം നടത്തിയിരുന്നു.

മുസ്ലിം ലോകത്തുടനീളം പ്രസിദ്ധനാവുകയും സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമായി ജ്ഞാനതത്പരരായ ധാരാളം ഭരണാധികാരികളും രാജകുമാരന്മാരും തന്നെ ക്ഷണിക്കുകയും പിന്തുണ നൽകുകയും ചെയ്തതിന് ശേഷം 621/1223 ൽ ഇബ്നു അറബി(റ) ദമസ്കസിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. ദീർഘമായ യാത്രാജീവിതത്തിന് വിരാമമിട്ട് ശാന്തമായും സമാധാന പൂർണ്ണമായും ഗൗരവതരമായ രചനകളിൽ ഏർപ്പെട്ട് ഭൗതിക ജീവിത്തിലെ തന്റെ അവസാന വർഷങ്ങൾ കഴിഞ്ഞുകൂടുവാൻ അദ്ദേഹം ആഗ്രഹിച്ചു. മുപ്പതു വർഷത്തെ ഫലപ്രദമായ ജീവിതത്തിന്റെ ആത്മീയ കാലം പ്രതിപാദിക്കുന്ന ഫുതുഹാതുൽ മക്കിയ്യ ഇക്കാലത്താണ് അദ്ദേഹം എഴുതി പൂർത്തിയാക്കുന്നത്. ഇസ്ലാമിന്റെ ആത്മീയ തലത്തിൽ സ്ഥായിയായ മുദ്രപതിപ്പിച്ച ഇബ്നു അറബി(റ) യുടെ വിയോ​ഗം സംഭവിച്ചത് 630/1240 ൽ ദമസ്കസിൽ വെച്ചാണ്. സർവ്വ പ്രവാചകന്മാരാലും പവിത്രമാക്കപ്പെട്ട ഉത്തര ദമസ്കസിലെ ഖാസിയൂൻ പർവ്വതത്തിന്റെ താഴെ സാലിഹിയായിലാണ് അദ്ദേഹം മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കപ്പെട്ടതിനു ശേഷം അവിടം ഒരു വലിയ തീർഥാടന കേന്ദ്രമായി മാറി. പതിനാറാം നൂറ്റാണ്ടിൽ സുൽത്വാൻ സാലിം രണ്ടാമൻ അതിന്റെ മുകളിൽ ഒരു സ്മാരക മണ്ഡപം നിർമ്മിക്കുകയും ചെയ്തു. അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് മാത്രമല്ല, സൂഫികൾക്കും മറ്റുള്ളവർക്കുമെല്ലാം ഒരു തീർഥാടന കേന്ദ്രമായി തുടരുകയും ചെയ്യുന്നു. ഇസ്ലാമിക ജ്ഞാനത്തിന്റെ മഹാനായ ഈ ഗുരുവിന്റെ ചാരെ അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാർക്ക് പുറമെ അൾജീരിയൻ ദേശസ്നേഹിയും പോരാളിയുമായ അബ്ദുൽ ഖാദിർ ജസാഇരി(റ) യും മറപെട്ട് കിടക്കുന്നുണ്ട്. നെപോളിയൻ മൂന്നാമൻ അബ്ദുൽ ഖാദിർ(റ) യെ നാടുകടത്തിയതിന് ശേഷം തന്റെ ‘ഗുരു’വായ ഇബ്നു അറബി(റ) യുടെ കൃതികൾ എഡിറ്റ് ചെയ്താണ് അദ്ദേഹം പിൽക്കാല ജീവിതം കഴിച്ചു കൂട്ടിയത്. ഇബ്നു അറബി(റ) യെ ഏറെ ആദരിക്കുകയും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാൻ ശ്രമിക്കുകയും ചെയ്തിരുന്ന അദ്ദേഹം ശൈഖുൽ അക്ബർ ഇബ്നു അറബി(റ) യുടെ ചാരത്താണ് അന്തിയുറങ്ങുന്നത്.

ശൈഖുൽ അക്ബറിന്റെ കൃതികൾ
ഇബ്നു അറബി രചിച്ച പുസ്തകങ്ങളുടെ എണ്ണം തന്നെ അവയുടെ (അദൃശ്യമായ) ‘അഭൗതിക’ പ്രചോദനത്തിനുള്ള മതിയായ തെളിവാണ്. പരമ്പരാഗതമായ ധാരാളം സ്രോതസ്സുകൾ നിരവധി പുസ്തകങ്ങൾ ഇബ്നു അറബി(റ) രചിച്ചതായി അവകാശപ്പെടുകയും അവയിൽ ഗണ്യമായ എണ്ണം ഇന്നും നിലനിൽക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവയിലധികവും ഇസ്ലാമിക ലോകത്തെയും യൂറോപ്പിലെയും വ്യത്യസ്ത ലൈബ്രറികളിൽ കൈയെഴുത്ത് പ്രതികളായി അവശേഷിക്കുകയാണ്. കുറഞ്ഞ പേജുകൾ മാത്രമുള്ള നിബന്ധങ്ങളും കത്തുകളും മുതൽ ബൃഹദ് ഗ്രന്ഥമായ ‘ഫുതൂഹാത്’ വരെയും അമൂർത്തമായ അദ്ധ്യാത്മിക വശങ്ങൾ പ്രതിപാദിക്കുന്ന പ്രബന്ധങ്ങൾ മുതൽ അനുരാഗ ഭാഷയിൽ അനുഭവധന്യമായ ജ്ഞാനാവിഷ്കാരങ്ങൾ നടത്തുന്ന കവിതകൾ വരെ അതിലുൾപ്പെടും. ഇവയിലെ പ്രതിപാദ്യ വിഷയങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ആദ്ധ്യാത്മികശാസ്ത്രം, പ്രപഞ്ചശാസ്ത്രം, മനശാസ്ത്രം, പരിശുദ്ധ ഖുർആൻ വ്യാഖ്യാനം തുടങ്ങി ഏകദേശം എല്ലാ ജ്ഞാനശാഖകളും അവ കൈകാര്യം ചെയ്യുന്നുണ്ട്. വാസ്തവത്തിൽ പ്രസ്തുത ജ്ഞാനശാഖകളുടെയെല്ലാം ആന്തരികാർഥം പുറത്തുകൊണ്ടുവരിക എന്ന ഉദ്ദേശ്യമായിരുന്നു തദ്വിഷയകമായ രചനകളിലൂടെ ഇബ്നു അറബി(റ) വെച്ചു പുലർത്തിയിരുന്നത്.

ആദ്ധ്യാത്മിക ശാസ്ത്ര തത്വങ്ങളും വിശുദ്ധമായ ഇതര ശാസ്ത്രങ്ങളും ഗ്രന്ഥകാരന്റെ ആത്മീയാനുഭവങ്ങളും പ്രതിപാദിക്കുന്ന 560 അധ്യായങ്ങളുള്ള ‘ഫുതൂഹാത്’ ആണ് ഇബ്നു അറബി(റ)യുടെ രചനകളിൽ ഏറ്റവും ദൈർഘ്യമുള്ളതും സർവ്വ വിജ്ഞാനകോശ സ്വഭാവമുള്ളതും. ഇസ്ലാമിലെ ആന്തരികാർത്ഥവാദ ശാസ്ത്രങ്ങളുടെ വാസ്തവികമായ ഒരു സമാഹാരവും തദ്വിഷയകമായി വിരചിതമായ എക്കാലത്തെയും കൃതികളെ ഗഹനതയിലും വ്യാപ്തിയിലും കവച്ചുവെക്കുന്ന ഒരു ഗ്രന്ഥവുമാണത്. ദിവ്യമായ പ്രചോദനം കൊണ്ടാണ് താൻ ‘ഫുതൂഹാത്’ എഴുതിയതെന്ന് പ്രസ്തുത ഗ്രന്ഥത്തിൽ ഒന്നിലധികം ഭാഗങ്ങളിൽ ഇബ്നു അറബി(റ) വ്യക്തമാക്കുന്നുണ്ട്. അതിലൊരിടത്ത് അദ്ദേഹം എഴുതുന്നു: ‘അറിയുക. ഫുതൂഹാതിലെ അധ്യായങ്ങളുടെ രചന എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പോ എന്റെ ആശയങ്ങളുടെ ബോധപൂര്വമായ പ്രതിഫലനമോ അല്ല. വാസ്തവത്തിൽ, ഞാനെഴുതിയതെല്ലാം പ്രചോദനത്തിന്റെ മാലാഖയിലൂടെ ദൈവം എനിക്ക് പറഞ്ഞുതരികയായിരുന്നു.

സൂഫി സിദ്ധാന്തങ്ങൾക്കൊപ്പം, പൂർവ്വ കാല സൂഫികളുടെ ഉദീരണങ്ങളും ജീവിത ചിത്രങ്ങളും സൂഫി ആധ്യാത്മികശാസ്ത്രത്തിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ട നിയോപ്ലാറ്റോനിക്, ഹെര്മെറ്റിക് പ്രപഞ്ചശാസ്ത്ര സിദ്ധാന്തങ്ങളും ജഫർ (ഇസ്നാ അശരിയ്യക്കാരുടെ ഒരു വിശുദ്ധ ഗ്രന്ഥം), ജോതിശാസ്ത്രപരവും രസവാദവിദ്യാപരവുമായ ചിഹ്നപ്രയോഗം ഉൾപ്പെടെയുള്ള ആന്തരികാർത്ഥവാദ ശാസ്ത്രം തുടങ്ങി ഇസ്ലാമിക ജ്ഞാനമാതൃകയിൽ സ്ഥാനമുള്ള ആന്തരികാർത്ഥവാദ പ്രകൃതമുള്ള എല്ലാ ജ്ഞാനരൂപങ്ങളും ഒരു വിധമല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രായോഗികമായ വിധത്തിൽ ‘ഫൂതൂഹാത്’ ഉൾക്കൊള്ളുന്നുണ്ട്. മാത്രമല്ല, ഇസ്ലാമിലെ പവിത്ര ശാസ്ത്രങ്ങളുടെ അവലംബ ഗ്രന്ഥമായി ‘ഫുതൂഹാത്’ കൂറേക്കാലം നിലനിന്നു. സൂഫിവര്യന്മാർ തലമുറകളോളം അതുസംബന്ധമായ പര്യാലോചനകൾ നടത്തുകയും അതിലെ ഓരോ അധ്യായങ്ങളും പഠനവിധേയമാവുകയും ചെയ്തു. വാസ്തവത്തിൽ, പിൽക്കാല സൂഫികൾ എഴുതിയ നിബന്ധങ്ങളെല്ലാം ഫുതുഹാത് നെയ്തെടുത്ത വിശാലമായ ചിത്ര കമ്പളത്തിന്റെ വ്യത്യസ്ത നാരുകളുടെ വ്യാഖ്യാനങ്ങൾ മാത്രമായിരുന്നു.

ഇബ്നു അറബിയുടെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൃതിയും ആത്മീയ സംഹിതയും ‘ഫുസൂസുൽ ഹികം’ ആണെന്ന് സംശയലേശമന്യേ പറയാം. പ്രസ്തുത പുസ്തകത്തിലെ ഇരുപത്തേഴ് അധ്യായങ്ങൾ ഇസ്ലാമിക ആന്തരികാർത്ഥ വാദത്തിലെ അടിസ്ഥാന സിദ്ധാന്തങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. ഹി. 627/ സി.ഇ 1229 ലാണ് പുസ്തകം രചിക്കപ്പെടുന്നത്. ആമുഖത്തിൽ ഇബ്നു അറബി(റ) പറയുന്നത് പ്രകാരം, പ്രവാചകൻ (സ) കൈയിൽ ഒരു പുസ്തകം പിടിച്ചു നിൽക്കുന്നതായും തന്നോട് അത് കൈപറ്റി ലോകജനതക്ക് ഉപകാരപ്രദമാകും വിധം പ്രസരണം ചെയ്യുവാൻ കല്പിക്കുന്നതായും ദർശനനമുണ്ടായതിൽ പ്രചോദിതനായാണ് പ്രസ്തുത ഗ്രന്ഥരചന അദ്ദേഹം നിർവ്വഹിക്കുന്നത്. ശീർഷകം സൂചിപ്പിക്കുന്നത് പോലെ, പുസ്തകത്തിലെ ഓരോ വചനപ്പൊരുളുകളും ഓരോ പ്രവാചകന്മാർക്കും വെളിപാടിറങ്ങിയ ദിവ്യജ്ഞാനത്തിന്റെ ഓരോ വശങ്ങളുടെ പ്രതീകമായ അമൂല്യ രത്നങ്ങൾ ഉള്ളടങ്ങിയിരിക്കുന്നു. ആലങ്കാരികമായി പറയുകയാണെങ്കിൽ, ഒരു പ്രവാചകന് വെളിപാടിറങ്ങിയ ദിവ്യജ്ഞാനത്തിന്റെ വിശേഷാൽ തലത്തിന്റെ വാഹനമായി വർത്തിക്കുന്ന, പ്രസ്തുത പ്രവാചകന്റെ ആത്മീയവും മാനുഷികവുമായ പ്രകൃതമാണ് ഓരോ (പ്രസ്തുത പുസ്തകത്തിലെ) വചനപ്പൊരുളുകളും.

ഓരോ പ്രവാചകന്റെയും മാനുഷികവും വൈയക്തികവുമായ പ്രകൃതമെന്നത്, ആദി വചനത്തില് (കലിമയിൽ) ഉൾക്കൊണ്ടിട്ടുള്ളതാണ്. അതുതന്നെയാണ് അവരിൽ ഓരോരുത്തരുടെയും സത്താപരമായ യാഥാർഥ്യവും. അത് പരമമായ മൊഴിയുടെ അഥവാ ഇലാഹിൽ നിന്നുള്ള അനാദിയായ മൊഴിയുടെ നിർണയമാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് പ്രസ്തുത പുസ്തകത്തിലെ അധ്യായങ്ങൾക്ക് ‘ആദമിന്റെ വചനത്തിലെ ദിവ്യജ്ഞാനത്തിന്റെ വചനപ്പൊരുൾ’, ‘ശീതിന്റെ വചനത്തിലുള്ള വെളിപാടു ജ്ഞാനത്തിന്റെ വചനപ്പൊരുൾ’ എന്നീ പേരുകൾ നൽകപ്പെട്ടിട്ടുള്ളത്. പ്രസ്തുത അധ്യായങ്ങൾ അവസാനിക്കുന്നത് ‘മുഹമ്മദ് നബി(സ്വ)യുടെ വചനത്തിലുള്ള അനന്യമായ ഏകത്വ ജ്ഞാനത്തിന്റെ വചനപ്പൊരുൾ’ എന്നതിലാണ്. മാനുഷികമായി പറയുകയാണെങ്കിൽ ഓരോ പ്രവാചകന്മാരുടെയും മാനുഷികവും വൈയക്തികവുമായ തലങ്ങൾ അവരുടെ മൗലികവും സാർവ്വലൗകികവുമായ അംശങ്ങളെ രത്നഖചിതമായ മോതിരത്തിന്റെ വളയം വലയം ചെയ്യുന്നതു പോലെ വലയം ചെയ്തിരിക്കുന്നു. എന്നാൽ യാഥാത്ഥ്യത്തിലത് നേരെ തിരിച്ചാണ്. അതിന്റെ ആന്തരികമായ യാഥാർഥ്യം പ്രവാചകരുടെ വ്യക്ത്യാതീതമായ തലമാണ് (മൗലികവും സാർവ്വ ലൗകികവുമായ വശം) അതിന്റെ കണ്ണിയെ ഉൾക്കൊള്ളുന്നതും നിർണയിക്കുന്നതും. ഈ കണ്ണിയെ നിർണയിക്കുന്നത് അതിനുള്ളിലെ രത്നക്കല്ലാണ്. കണ്ണി എന്നത് അവരുടെ മാനുഷികവും വൈയക്തികവുമായ ഒരു വശമാണ്. കണ്ണിയെ രത്നമാണ് നിർണ്ണയിക്കുന്നത്. രത്നത്തെ കണ്ണിയല്ല നിർണയിക്കുന്നത്. ദിവ്യവെളിപാട് സ്വീകരിക്കുന്ന ഒരോ പ്രവാചകന്റെയും വർണ്ണം പ്രസ്തുത വെളിപാടിന് കൈവരുന്നുണ്ട്. എന്നാൽ, സാർവ്വ ലൗകികമായ ഒരു വീക്ഷണകോണിൽ നിന്നു നോക്കുകയാണെങ്കിൽ ആ സ്വീകർത്താവ് അഥവാ ആ പ്രവാചകൻ തന്നെ മുകളിൽ നിന്ന് നിര്ണയിക്കപ്പെട്ട ദിവ്യമായ ഒരു സാധ്യതയാണ്. മാത്രമല്ല, പ്രസ്തുത സ്വീകർത്താവായ ആ പ്രവാചകന് ഉദ്ധൃത വർണത്തോടൊപ്പം പ്രാപഞ്ചികമായ ഒരു പ്രാഗ്രൂപത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്.

ഈ രണ്ട് പ്രധാന കൃതികൾക്ക് പുറമെ മറ്റു ധാരാളം കൃതികളും ഇബ്നു അറബി(റ) എഴുതിയിട്ടുണ്ട്. പ്രപഞ്ച ശാസ്ത്രത്തില് ‘ഇൻശാഉൽ ദവാഇർ’, ‘ഉഖ്ലതുൽ മുസ്തൗഫിസ്’, ‘തദ്ബീറാതുൽ ഇലാഹിയ്യ’ എന്നീ കൃതികളും സൂഫി സരണി പിന്തുടരുന്നവർ പാലിക്കേണ്ട പ്രായോഗിക മാർ​ഗങ്ങളെ കുറിച്ച്, ‘രിസാലതുൽ ഖൽവ’, ‘അൽ വസ്വായ’ എന്നീ ഗ്രന്ഥങ്ങളും ഖുൻആനിലെ ചില അക്ഷരങ്ങളുടെ ചിഹ്നശാസ്ത്രം അടക്കമുള്ള വിവിധ വശങ്ങളെയും ദൈവിക നാമങ്ങളും വിശേഷണങ്ങളും, നിയമവും ഹദീസും തുടങ്ങി ആത്മീയവും മതകീയവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രായോഗികമായ മറ്റെല്ലാ ചോദ്യങ്ങളെ സംബന്ധിച്ചും അദ്ദേഹം രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. ‘തർജുമാനുൽ അഷ് വാഖ്’, ‘ദീവാൻ’ പോലെയുള്ള അദ്ദേഹത്തിന്റെ എഴുത്തുകളിൽ ചില മനോഹരമായ സൂഫി കവിതകൾ കാണാം. ഇബ്നു ഫരീദിന് ശേഷം അറബിയിലെ ഏറ്റവും മികച്ച സൂഫി കവിയായാണ് പലരും അദ്ദേഹത്തെ പരിഗണിക്കുന്നത്.

ചുരുക്കത്തിൽ, ഇബ്നു അറബി(റ)യുടെ എഴുത്തുകളുടെ വ്യാപ്തി അവയുടെ ഉള്ളടക്കം വിശദീകരിക്കാൻ പ്രയാസമാകും വിധം വിശാലമാണ്. സമുദ്ര തിരമാലകൾ പോലെ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ഉതിർന്നു വീണ പുസ്തകങ്ങളും നിബന്ധങ്ങളും ദൃശ്യമായ എല്ലാ മേഖലകളെയും സ്പർശിക്കുന്നുണ്ട്. അറബി ഭാഷയിലെ അദ്ദേഹത്തിന്റെ ബൃഹദ് രചനാ ലോകത്തിന്റെ ശൈലി ചിലപ്പോൾ കാവ്യാത്മകവും മറ്റു ചിലപ്പോൾ ക്ലിഷ്ടതരവുമാണ്. പ്രയോഗമാർ​ഗങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ചില രചനകൾ സുവ്യക്തവും ലളിതവുമാണെങ്കിൽ, ആദ്ധ്യാത്മിക ശാസ്ത്രം പ്രതിപാദിക്കുന്ന രചനകൾ അതിസങ്കീർണ്ണവും പലയിടങ്ങളിലും വാക്കുകൾ വിട്ടുകളഞ്ഞതായി തോന്നിപ്പിക്കുന്നവയുമാണ്. വാസ്തവത്തിൽ, അദ്ദേഹത്തിന് തന്റെതായ ഒരു ഭാഷാ ശൈലിയുണ്ടായിരുന്നു. ഭാഗികമായി ആദ്യകാല സൂഫികളെ അവലംബിച്ച്, തന്റെ രചനകൾ മനസ്സിലാക്കുവാൻ അനിവാര്യമായ പദസങ്കേതങ്ങൾക്ക് അദ്ദേഹം രൂപം നല്കി. വായനക്കാരന് അദ്ദേഹത്തിന്റെ വാക്കുകളുടെ സംക്ഷിപ്ത അർത്ഥം മാത്രമല്ല അതുമായി ബന്ധപ്പെട്ട സൂക്ഷ്മഭേദങ്ങളും ചിത്രങ്ങളും കൂടി തീർച്ചയായും പഠിക്കേണ്ടതുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മറ്റു മുസ്ലിം ഗ്രന്ഥകാരന്മാരെ പോലെ അദ്ദേഹത്തെയും വരികൾക്കിടയിലൂടെ വായിക്കേണ്ടതുണ്ട്. മാസ്മരികവും പ്രതീകഭരിതമായ ഭാഷയുടെയും പ്രമാണവിരുദ്ധവും വാക്കുകൾ വിട്ടുകളഞ്ഞതുമായ പ്രയോഗങ്ങളുടെയും അടിയിലെ ഗുപ്തമായ നിധികൾ കണ്ടെത്തുവാൻ അത് അത്യാവശ്യമാണ്.

ഇബ്നു അറബിയുടെ ‘സ്രോതസ്സ്’
ഒരു സൂഫി എഴുത്തുകാരന്റെയും കൃതികളുടെ സ്രോതസ്സുകളെയും ഉത്ഭവങ്ങളെയും കുറിച്ച് സാമാന്യ ചരിത്ര ബോധത്തിൽ സംസാരിക്കാന് സാധിക്കില്ല. കാരണം, ആത്മീയ സരണിയുടെ ലക്ഷ്യത്തെ കുറിച്ച് ബോധവാനായ സൂഫി, ലംബമാനമായ രീതിയി (അതായത്, ദൈവിക സഹായത്തോടെ) ലൂടെ നേരിട്ടാണ് പ്രചോദനം സ്വീകരിക്കുന്നത്. ഒരിക്കലും തിരശ്ചീനമായ സ്വാധീനങ്ങളെ (അതായത്, ഭൗതികമായ) സൂഫി ആശ്രയിക്കുന്നില്ല. ദിവ്യദർശനത്തിലൂടെ ദീപ്തമായ ഹൃദയത്തിലൂടെയാണ് സൂഫി (ആത്മീയ) ജ്ഞാനം കൈവരിക്കുന്നത്. ആന്തരികാനുഭവങ്ങളുടെ രൂപവല്ക്കരണത്തിനും ആവിഷ്കാരത്തിനും വേണ്ടി മാത്രമാണ് ഒരു സൂഫി മറ്റുള്ളവരുടെ എഴുത്തുകൾ അവലംബിക്കുന്നത്. ഇബ്നു അറബി(റ)യുടെ അവസ്ഥയും വ്യത്യസ്തമല്ല. ദൈവികാലോചനകളുടെ അവസ്ഥയിൽ സ്വീകരിക്കുകയും സൂഫി പാതയിൽ പ്രവേശിച്ചതിലൂടെ കരഗതമായ പ്രവാചകാനുഗ്രഹത്തിലൂടെ സാധ്യമാവുകയും ചെയ്ത അനുഭവാധിഷ്ഠിത ജ്ഞാനം തന്നെയാണ് അദ്ദേഹത്തിന്റെയും പ്രാഥമിക സ്രോതസ്സ്.

ധാരാളം സൂഫി സിദ്ധാന്തങ്ങളുടെ ഗഹനമായ വ്യാഖ്യാനങ്ങൾ ശൈഖുൽ അക്ബറിന്റെ എഴുത്തുകളിൽ കാണാവുന്നതിനാൽ ആശയ വ്യാഖ്യാനത്തിന്റെയും ആശയ രൂപവൽകരണത്തിന്റെയും തലത്തില് ഇബ്നു അറബി(റ)യുടെ (എഴുത്തുകളിലെ) ചരിത്രപരമായ സ്രോതസ്സുകളെ കുറിച്ചും ചർച്ച ചെയ്യാവുന്നതാണ്. ഇസ്ലാമിക പാരമ്പര്യത്തിന് അകത്ത് നിന്നുകൊണ്ട് മറ്റെല്ലാവരെക്കാളുമുപരി ഹല്ലാജ്(റ)യെ ഇബ്നു അറബി(റ) പിന്തുടരുകയും തന്റെ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ ധാരാളം ഉദീരണങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ഹകീം തിർമുദി(റ) യുടെ ‘ഖത്മുൽ ഔലിയ’ അദ്ദേഹം പ്രത്യേകം പഠനവിധേയമാക്കുകയും ബായസീദുൽ ബിസ്താമി(റ) യുടെ ജ്ഞാനവാദപരമായ ഉദീരണങ്ങൾ ഉദ്ധരിക്കുകയും ഗസാലി(റ)യുടെ കൃതികൾ പിന്തുടരുകയും അദ്ദേഹത്തിന്റെ പിൽക്കാല കൃതികളിലെ പ്രമേയങ്ങളെ പല തരത്തിൽ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ഇബ്നു സീനയെ പോലുള്ളവർക്കിടയിൽ നിലവിലുണ്ടായിരുന്ന പ്രത്യേക പ്രപഞ്ചശാസ്ത്ര ആശയങ്ങൾ അദ്ദേഹം സ്വീകരിക്കുകയും ദൈവശാസ്ത്രജ്ഞരുടെ തർക്കശാസ്ത്രം ഇടക്കിടെ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അതൊരിക്കലും ഇബ്നു മസർറയുടെ നിയോ എംപഡോക്ലിയൻ മാതൃകകളെ സംബന്ധിച്ച് സംസാരിക്കാനായിരുന്നില്ല. ജാബിർ ബിൻ ഹയ്യാന്റെ എഴുത്തുകളെയും നിയോപൈഥഗോറിയൻ ചായ്വുകളുള്ള ഇഖ് വാനു സ്വഫയുടെ കത്തുകളെയും പോലുള്ള ആദ്യകാല ഇസ്ലാമിക് ഹെർമെറ്റിക് എഴുത്തുകളുടെയും ഇസ്മാഈലിസവുമായി ബന്ധപ്പെട്ട മറ്റ് എഴുത്തുകളുടെയും സ്വാധീനം ഇബ്നു അറബി(റ) യുടെ കൃതികളിൽ നിന്നും കണ്ടെത്തപ്പെടേണ്ടതുണ്ട്.
ഇസ്ലാമിക പൂർവ്വകമായ സിദ്ധാന്തങ്ങൾക്കെന്ന പോലെ അലക്സാൻഡ്രിയൻ ഹെർമെറ്റിസിസത്തിനും ഉന്നതമായ അർത്ഥ കല്പനകളോടെ ഇബ്നു അറബി(റ) വ്യാഖ്യാനം നൽകിയിട്ടുണ്ട്. അതിലൂടെ പ്രകൃതിയുടെ സങ്കല്പം തന്നെ സാധാരണമായ പ്രാപഞ്ചിക സാക്ഷാത്ക്കാരത്തിന്റെ ക്രമത്തെ സാർഥകമായി അതിജയിക്കുന്നു. സ്റ്റോയിക്, നിയോപ്ലാറ്റോണിസ്റ്റ് തുടങ്ങിയ പുരാതന ചിന്താധാരകളുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളും ആധ്യാത്മികമായി വ്യാഖ്യാനിക്കപ്പെടുകയും ഇബ്നു അറബി(റ)യുടെ ദിവ്യജ്ഞാനത്തിന്റെ വിശാല ദൃശ്യത്തിലേക്ക് ഉദ്ഗ്രഥിക്കപ്പെടുകയും ചെയ്തതായി കാണാം. അനുഭവാധിഷ്ഠിത ജ്ഞാന സിദ്ധാന്തങ്ങൾ മാത്രമല്ല, പ്രപഞ്ചശാസ്ത്രപരവും മനശാസ്ത്രപരവും ഭൗതികശാസ്ത്രപരവും യുക്തിപരവുമായ ആശയങ്ങളെല്ലാം, അദ്ദേഹത്തിന്റെ മനസ്സിന്റെ സ്ഫടികപ്പട്ടത്തിലൂടെ ആദ്ധ്യാത്മിക മാനവും സുതാര്യതയും കൈവരിച്ചു. എല്ലാ വസ്തുക്കളുടെയും-യാഥാർഥ്യ (സൂഫീ) സരണികളുടെയും- മൂലം ദിവ്യത്തിൽ ഉള്ളടങ്ങുന്നത് പോലെ യോഗിവര്യരും സന്ന്യാസികളും കൈവരിച്ച ജ്ഞാനവുമായി വിജ്ഞാനത്തിന്റെ സർവ്വ ഇനങ്ങൾക്കുമുള്ള ബാന്ധവം അതു വെളിവാക്കുന്നു.

സിദ്ധാന്തം
യോഗിവര്യന്മാരും ദാർശനികന്മാരുമെല്ലാം തലമുറകളോളം പര്യാലോചിക്കുകയും ലൗകിക ജീവിതത്തിന്റെ വലിയയൊരു ഭാഗം തന്നെ നീക്കിവെച്ച് ചർച്ച ചെയ്യുകയും ചെയ്ത ഇബ്നു അറബി(റ) യുടെ സിദ്ധാന്തങ്ങളെ കുറിച്ച് ലഘു വിവരണം നല്കുകയെന്നത് തന്നെ അസാധ്യമായിരിക്കും. പ്രസ്തുത സിദ്ധാന്തങ്ങളുടെ ഭാഷയെയും പൊതുവായ സവിശേഷതകളെയും കുറിച്ച് ചെറിയ രൂപത്തിൽ സൂചന നല്കുക എന്നതും അദ്ദേഹത്തിന്റെ പ്രാപഞ്ചിക വീക്ഷണങ്ങളിൽ പ്രബലമായി കാണാവുന്ന പ്രധാന വിഷയങ്ങളെ പ്രതിപാദിക്കുക എന്നതുമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. വളരെ വിശാലമായ പ്രസ്തുത വീക്ഷണത്തിലെ ഒരു വിഷയം തന്നെ അതിന്റെ സർവ്വ മാനങ്ങളിലും വിസ്തൃതിയിലും ചർച്ച ചെയ്യുക എന്നത് ഏറെ പ്രയാസകരമാണ്. കേവലം ഒരു അരിസ്റ്റോട്ടിലിയൻ തത്വചിന്തകന്റെയോ ആധുനിക തത്വചിന്തകന്റെയോ രീതിയിലല്ല നാം ഇബ്നു അറബി(റ)യെ കാണുന്നത്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ കേവലം തത്വചിന്തയായി മാത്രം സമീപിക്കുവാനും പാടുള്ളതല്ല.

ഈ സരണിയുടെ ആദ്ധ്യാത്മികവും ജ്ഞാനവാദപരവുമായ സിദ്ധാന്തങ്ങൾക്കും തത്വചിന്തക്കും ഇടയിലെ സാദൃശ്യങ്ങൾ വാസ്തവത്തിലുള്ളതിനേക്കാൾ പ്രസ്പഷ്ടമാണ്. ഒരു തത്വചിന്തകനിൽ നിന്നും വ്യത്യസ്ഥമായി ഇബ്നു അറബി(റ) സർവ്വ യാഥാർത്ഥ്യത്തെയും ഒരു വ്യവസ്ഥയിൽ ഉൾക്കൊള്ളിക്കുവാനും അതിന്റെ വ്യത്യസ്ത മണ്ഡലങ്ങളുടെ വ്യവസ്ഥാപിതമായ വിവരണം നൽകുവാനും ശ്രമിക്കുന്നില്ല. ത്വരിതവും നേരിട്ടുള്ളതുമായ (അതായത് അല്ലാഹുവിൽ നിന്നും നേരിട്ടുള്ള) പ്രചോദനത്താൽ രചന നിർവ്വഹിക്കുന്നതിനാൽ കേവലം മാനുഷിക പ്രചോദനത്താൽ എഴുതപ്പെടുന്ന സാധാരണ കൃതിയിൽ കാണുന്ന ആശയപ്പൊരുത്തം അവയിൽ ഉണ്ടാകണമെന്നില്ല. മാനുഷിക ഭാഷ ഉപയോഗിക്കുകയും പരമമായ ചോദ്യങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നുവെന്നതാണ് മറ്റു തത്വചിന്തകരുമായി ഇബ്നു അറബി(റ) സമാനത പുലർത്തുന്ന കാര്യങ്ങൾ. പക്ഷേ, ഉപയോഗിക്കുന്ന ഭാഷാ രീതിയിൽ നിന്നുതന്നെ അദ്ദേഹത്തിന്റെ ഉദ്ദേശ്യം വേറെയാണ് എന്ന് മനസ്സിലാക്കാം. യുക്തിപരമായി സ്വീകാര്യവും മാനസിക സംതൃപ്തിദായകവുമായ വിവരണം നൽകുക എന്നതായിരുന്നില്ല, പ്രത്യുത ലക്ഷ്യസാക്ഷാത്കാരത്തിന്റെ യഥായോഗ്യമായ മാർ​ഗങ്ങൾ പിന്തുടരുന്നതിലൂടെ കൈവരുന്ന യാഥാർത്ഥ്യ വീക്ഷണം/ ഉണ്മയെ കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ധിഷണാശാലികളായ ഇതര പാരമ്പര്യ സൂഫി ഗുരുക്കന്മാരെ പോലെ ഇബ്നു അറബി(റ)യുടെ കാഴ്ചപ്പാട് അനുസരിച്ചും ആത്മീയ ഗിരിശൃംഖത്തിലേക്ക് എത്തിച്ചേരുവാൻ നിര്ബന്ധമായും ഏകോപിപ്പിക്കപ്പെടേണ്ട രണ്ടു പ്രധാന കാര്യങ്ങളാണ് സിദ്ധാന്തവും പ്രയോഗവും. വിശ്വാസപരമായ അടിത്തറയില്ലാത്ത പരിശീലന മാർ​ഗങ്ങൾ കൊണ്ടോ പരിശീല മാർ​ഗമില്ലാത്ത വെറും വിശ്വാസാടിത്തറ കൊണ്ടോ അർത്ഥമില്ല. അടിത്തറയില്ലാത്ത പരിശീലന മാർ​ഗം ഒരു അന്ധമായ ഇരുട്ട് നിറഞ്ഞ ഒരു യാതനയായി മാത്രം അവശേഷിച്ചേക്കാം. പരിശീലന മാർ​ഗമില്ലാത്ത ഒരു വിശ്വാസസംഹിത നമ്മെ നയിക്കുക ഒരുപക്ഷേ ചില പ്രത്യേക വിശ്വാസങ്ങളും സങ്കല്പങ്ങളും കൊണ്ടുള്ള മാനസികമായ ഒരു സങ്കീർണതയിലേക്കോ അല്ലെങ്കിൽ മാനസികമായ നിസാര അഭ്യാസങ്ങളിലേക്കോ ആയിരിക്കും. അതുകൊണ്ടുണ്ടാകുന്നത് പരമ്പരാഗത വിവേകത്തിൽ നിന്നും ജ്ഞാനത്തിൽ നിന്നും ഏറെ ദൂരത്തേക്ക് മാറ്റി വെക്കപ്പെട്ട ഒരു തരം ഊർജസ്വലത നൽകുന്നുവെന്നത് മാത്രമാണ്. ഒരു കുരങ്ങു കളിയിലെ കുരങ്ങന്റെ അഭ്യാസങ്ങൾ പോലെയാണിത്. സത്യത്തിൽ അത് അങ്ങനെയല്ല, പ്രത്യുത, അത്യുന്നതങ്ങളിൽ വട്ടമിട്ട് പറക്കുന്ന ഒരു പരുന്തിനെ പോലെയാണ് അത് ആകേണ്ടിയിരുന്നത്. പരുന്തിനെ പോലെയാവലാണ് പാരമ്പര്യമായ വഴി. ചുരുക്കത്തിൽ ഒരേസമയം പ്രായോഗിക പരിശീലനമാർ​ഗങ്ങളും വിശ്വാസാടിത്തറയും ഒരുമിക്കുമ്പോഴാണ് തസ്വവ്വുഫുകൊണ്ട് പ്രയോജനം സിദ്ധിക്കാനാവൂ.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy