സയ്യിദ് ആദിൽ ഹസൻ ഒ.എം:
അജ്ഞാനം അലങ്കാരമാക്കുന്ന ഇരുളാണ്ട ലോകത്ത് വെളിച്ചം പ്രസരിപ്പിക്കുന്ന പ്രകാശകേന്ദ്രങ്ങളാണ് ഉഖ്റവിയായ പണ്ഡിതന്മാർ. ഒരു ഉഖ്റവിയായ പണ്ഡിതന്റെ വിയോഗം എന്നാൽ വെളിച്ചം തെളിയിക്കുന്ന ഒരു പ്രകാശ കേന്ദ്രത്തിന്റെ തിരോഭവം എന്നാണ് അതിന്നർത്ഥം. സമകാലിക മുസ് ലിം ലോകത്ത് പ്രകാശ സാന്നിദ്ധ്യമായിരുന്ന മഹാനായ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനിയ്യ്(റ)യുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ആ പണ്ഡിതപ്രതിഭയുടെ ജീവിതവും സേവനങ്ങളും സാമാന്യമായി അവലോകനം ചെയ്യുന്ന ലേഖനം.
ആധുനിക മുസ്ലിം പണ്ഡിത ലോകത്തെ പ്രഗൽഭ പണ്ഡിതനായിരുന്നു ഈയിടെ (19/മാർച്ച്/2021_6 ശഅ്ബാൻ 1442_വെള്ളിയാഴ്ച) തുർക്കിയിലെ യാലൂവയിൽ വെച്ച് 91-ാം വയസ്സിൽ നമ്മോട് വിട പറഞ്ഞ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനീ. ഖുർആൻ വ്യാഖ്യാന കൃതികളിൽ ആധുനിക ശ്രദ്ധ നേടിയ പ്രമുഖ ഖുർആൻ വ്യാഖ്യാന രചനയായ “സ്വഫ് വതു ത്തഫാസീറി”ന്റെ കർത്താവായ അദ്ദേഹം വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള രചനകളും പ്രഭാഷണങ്ങളും നിർവ്വഹിച്ചിട്ടുണ്ട്. സിറിയയിലെ ഹലപ്പോയിൽ 1930 ജനുവരി 1 നാണ് ജനനം. ഹലബ് ദേശത്തെ പ്രമുഖ പണ്ഡിതനായിരുന്ന തന്റെ പിതാവ് ശൈഖ് ജമീൽ അസ്സാബൂനിയുടെ കീഴിലായിരുന്നു പ്രാഥമിക പഠനം. സെക്കൻഡറി വിദ്യാഭ്യാസ കാലത്ത് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. ജന്മ നാടായ ഹലപ്പോയിലെ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം “ഖസ്റവിയ്യ”എന്ന പേരിലുള്ള സ്ഥാപനത്തിൽ തഫ്സീർ, ഹദീസ്,ഫിഖ്ഹ്…. തുടങ്ങീ ദീനി വിജ്ഞാനീയങ്ങളോടൊപ്പം ശാസ്ത്ര വിഷയങ്ങളിലും അവഗാഹം നേടി 1949ൽ ആ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങി. ശേഷം സിറിയൻ ഔഖാഫ് മന്ത്രാലയത്തിന്റെ സ്കോളർഷിപ്പോടെ ഈജിപ്തിലെ ലോകപ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിൽ ചേർന്നു. 1952-ൽ കുലിയ്യതുശ്ശരീഅയിൽ നിന്നും ബിരുദം നേടുകയും 1954ൽ ഇസ്ലാമിക് ജുഡീഷ്യറിയിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ശൈഖ് മുഹമ്മദ് സഈദ് ഇദ്ലിബി, ശൈഖ് മുഹമ്മദ് റാഇബ് ത്വബാഖ്, ശൈഖ് മുഹമ്മദ് നജീബ് സിറാജ്, ശൈഖ് അഹ്മദ് ശമാഖ്, ശൈഖ് മുഹമ്മദ് നജീബ് ഖയ്യാത്..(റ) തുടങ്ങിയവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.
വൈജ്ഞാനിക പ്രചരണ രംഗത്ത്
അസ്ഹറിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ജന്മനാട്ടിലേക്ക് തിരിക്കുകയും അവിടുത്തെ സെക്കൻഡറി സ്ഥാപനത്തിൽ ഇസ്ലാമിക വിഷയങ്ങളിൽ അധ്യാപകനായി നിയോഗിതനാവുകയും ചെയ്തു. 1963ൽ മക്കയിലെ “ഉമ്മുൽ ഖുറ” ഇസ്ലാമിക യൂണിവേഴ്സിറ്റിയിലെ കുല്ലിയ്യത്തു ശ്ശരീഅയിൽ പ്രൊഫസറായി. ഏകദേശം 30 വർഷത്തോളം അവിടെ തുടർന്നു. അതോടൊപ്പം “മർകസുൽ ബഹ്സിൽ ഇൽമിയ്യ് വ ഇഹ് യാഇ തുറാസിൽ ഇസ്ലാമിയ്യ്” എന്ന ഗവേഷണ കേന്ദ്രത്തിലെ സയന്റിഫിക് റിസെർച്ചറായും നിയോഗിതനായി. അതിന് ശേഷം, ആഗോള മുസ്‌ലിം പണ്ഡിത സഭയായ “റാബിതതുൽ ആലമിൽ ഇസ്ലാമിയ്യി”ലെ (MWL- Muslim World League) ഖുർആൻ-ഹദീസുമായി ബന്ധപ്പെട്ട “ഇഅ്ജാസുൽ ഇൽമിയ്യ്” (അമാനുഷികതകൾ) കണ്ടെത്തുന്ന ബോഡിയിൽ ഉപദേഷ്ടാവായി വർഷങ്ങളോളം സേവനമനുഷ്ഠിച്ചു.
അധികകാലവും ജന്മദേശത്ത് തന്നെയായിരുന്ന അദ്ദേഹം 1958 മുതൽ 1963 വരെയുള്ള 5 വർഷം യു.എ.ഇയിലായിരുന്നു താമസിച്ചിരുന്നത്.
അക്കാദമിക് അധ്യാപന രംഗത്തെ മികച്ച സേവനങ്ങൾക്ക് പുറമെ, മക്കയിലെ മസ്ജിദുൽ ഹറമിൽ പ്രത്യേക ക്ലാസുകൾ നടത്തിയും ഹജ്ജ് സീസണുകളിൽ പ്രത്യേക ഫത് വാ സംഘത്തിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.
ജിദ്ദയിലെ ഒരു പള്ളിയിൽ എട്ട് വർഷത്തോളം തഫ്സീർ ക്ലാസുകൾ നടത്തി. ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യാനായി 600 ഓളം എപ്പിസോഡുകളിലായി ഖുർആൻ വ്യാഖ്യാന ക്ലാസുകൾ തയ്യാറാക്കി.
രചനാ ലോകം
ഖുർആൻ അനുബന്ധ വിഷയങ്ങളിൽ കൂടുതൽ തൽപരനായിരുന്ന അദ്ദേഹം നിരവധി വിജ്ഞാന ശാഖകളിലായി മൗലികതയുള്ള ഏകദേശം 57 ൽ പരം ഗ്രന്ഥരചനകൾ നിർവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്ക കൃതികളും ഖുർആനുമായി ബന്ധപ്പെട്ടതാണ്. പല പ്രശസ്ത തഫ്സീറുകളും അദ്ദേഹം സംക്ഷിപ്ത രൂപത്തിൽ ഇറക്കി. അവയിൽ ഏറ്റവും വിലപ്പെട്ടതും, ശ്രദ്ധേയവുമാണ് “സ്വഫ്വതുത്തഫാസീർ” എന്ന് നാമകരണം ചെയ്ത ഖുർആൻ വ്യാഖ്യാന കൃതി. നീണ്ട പഠനങ്ങളുടെയും അധ്യാപനങ്ങളുടെയും ശേഷം, ഹിജ്റ 1398 (ക്രി. 1978)ലാണ് ശൈഖ് സ്വാബൂനി തന്റെ മാസ്റ്റർ പീസായ സ്വഫ്തുത്തഫാസീർ തയ്യാർ ചെയ്യുന്നത്. അറബിയിൽ ഖുർആൻ വ്യാഖ്യാനഗ്രന്ഥങ്ങൾക്ക് പഞ്ഞമില്ലെങ്കിലും ഇത്തരമൊരു വ്യാഖ്യാനത്തിന്റെ അനിവാര്യത അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. ആധുനിക സമൂഹത്തിന് ഖുർആനിന്റെ ആശയതലങ്ങളിലേക്ക് കടന്നു
ചെല്ലാൻ സഹായകമായ ശൈലിയും രീതിയും അവലംബിച്ചാണ് അദ്ദേഹം രചന നിർവ്വഹിച്ചത്.
പൗരാണിക തഫ്സീറുകളിൽ പലതിന്റെയും മുഖമുദ്രയായ സങ്കീർണ്ണതയും ദുർഗ്രാഹ്യതയും ഒഴിവാക്കുന്നതിലായിരുന്നു പ്രധാന ശ്രദ്ധ. അവതരണത്തിലും വിശകലനത്തിലും നവീന ശൈലി അവലംബിക്കാനും അദ്ദേഹം ശ്രമിച്ചതായി കാണാം.
ഖുർആൻ, ഹദീസ്, ഫിഖ്ഹ്… തുടങ്ങീ വിവിധ വൈജ്ഞാനിക മേഖലകളെ സ്പർശിച്ച അദ്ദേഹത്തിന്റെ പല രചനകളും ഇംഗ്ലീഷ്, പേർഷ്യൻ,ടർക്കിഷ് തുടങ്ങി വിവിധ ഭാഷകളിലായി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളെയും മറ്റും മുൻനിർത്തി 2007-ലെ മികച്ച സേവനത്തിനുള്ള ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ കൃതികളുടെ നാമങ്ങൾ താഴെ ചേർക്കുന്നു:
മിൻ കുനൂസിസ്സുന്ന, റവാഇഉൽ ബയാൻ ഫീ തഫ്സീരി ആയാതിൽ അഹ്കാം, ഖബ്സുൻ മിൻ നൂരിൽ ഖുർആൻ, തഫ്സീറുൽ വാളിഹ് മുയസർ, അൽ മവാറീസ് ഫി ശ്ശരീഅതിൽ ഇസ്ലാമിയ്യ, മൗസൂഅതുൽ ഫിഖ്ഹി ശ്ശറഇയ്യ്, ഈജാസുൽ ബയാൻ ഫീ സുവരിൽ ഖുർആൻ, തിബ് യാൻ ഫി ഉലൂമിൽ ഖുർആൻ, എന്നിവയാണ് പ്രധാന കൃതികൾ. പ്രമുഖ തഫ്സീർ രചനകളായ ഇബ്നു കസീർ, ത്വബ് രി തുടങ്ങിയവയ്ക്ക് ഗംഭീരമായ ഹൃസ്വ രചനകൾ(മുഖ്തസർ) നടത്തിയിട്ടുണ്ട്.
രാഷ്ട്രീയ നിലപാടുകൾ
2011 ന്റെ തുടക്കം മുതൽ അദ്ദേഹം അറബ് വസന്ത വിപ്ലവങ്ങളുടെ പക്ഷത്തുനിന്നു, നിരവധി ടെലിവിഷൻ അഭിമുഖങ്ങളിൽ “തന്റെ ജനത്തെ നിർബന്ധിക്കുകയും അല്ലാഹുവിന്റെ ദീനിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരി കുറ്റവാളിയാണെന്നും അതിനെ ചെറുക്കേണ്ടതുണ്ടെന്നും” ഉറക്കെ പറഞ്ഞു. സിറിയൻ ഭരണകൂടം സമാധാനപരമായ പ്രകടനക്കാരെ അടിച്ചമർത്തുന്നതിനെതിരെ പ്രതിഷേധിച്ച് ബഷാറുൽ അസദിനെ “മുസൈലിമതുൽ കദ്ദാബ്” എന്ന് ഉപമിച്ചു. മഹാനവർകൾ സിറിയയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരായ സിറിയൻ ജനകീയ പ്രസ്ഥാനത്തിന്റെ കൂടെ ചേർന്ന് നിന്നു. ജനങ്ങളെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നത് പ്രകടനക്കാരുടെ ആവശ്യമാണെന്നും ഭരണകൂടം “ജനങ്ങൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ടാക്കുന്നു” എന്നും വിമർശിച്ചു.
ടെലിവിഷൻ അഭിമുഖങ്ങളിലൊന്നിൽ ശൈഖ് സ്വാബൂനിയുടെ ഒരു പ്രസ്താവനയുണ്ട്:”കൊലപാതകങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ബഷാറുൽ അസദ് എന്ന് വിളിക്കപ്പെടുന്ന നുണയനായ മുസൈലിമയ്‌ക്കെതിരെ(ഉപമ) പുറത്തുപോകേണ്ടതിന്റെ ആവശ്യകത രാജ്യത്തെ പണ്ഡിതന്മാർ തിരിച്ചറിഞ്ഞിട്ടുണ്ട്.”
വിവിധ അറബ് രാജ്യങ്ങളിലെ പണ്ഡിതന്മാർ ശൈഖിന്റെ വിയോഗത്തെ സംബന്ധിച്ച് അനുശോചിച്ചതിൽ ഇപ്രകാരമൊരു പ്രയോഗവുമുണ്ടായിരുന്നു. “അന്യായനായ ഒരു ഭരണാധികാരിക്കെതിരായ സത്യത്തിന്റെ ശബ്ദം നഷ്ടപ്പെട്ടു”.
ഖുർആനിന്റെയും സുന്നത്തിന്റെയും ഉൾവെളിച്ചത്തോടെ സമകാലിക അറബ് ലോകത്തിന് ദിശ നൽകിയ, ധീരോദാത്തമായ രാഷ്ട്രീയ നിലപാടുകളിലൂടെ സിറിയൻ ഏകാധിപതിയെ വിറപ്പിച്ച, ഖുർആനിക വിജ്ഞാനീയങ്ങൾക്ക് പാരമ്പര്യമൂല്യങ്ങളിൽ അടിയുറച്ച് നിന്ന് പുതിയ ആത്മചൈതന്യം പകർന്ന മഹാനായ ശൈഖ് സ്വാബൂനി(റ)യുടെ വിയോഗം സമകാലിക മുസ് ലിം ലോകത്തിന് തീരാനഷ്ടം തന്നെയാണ്.
അല്ലാഹുവേ മഹത്വങ്ങളേറെയുള്ള സ്മര്യപുരുഷനോടൊത്ത് ജന്നാത്തിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടണേ..ആമീൻ