ഉദ്ദത്തുൽ ഉമറ: അധിനിവേശ വിരുദ്ധ സമരങ്ങളെ സ്വാധീനിച്ച വിധം

നജാഹ് അഹ്മദ്:

നീതിരാഹിത്യങ്ങളും അന്യായങ്ങളും നടമാടിയിരുന്ന ബ്രിട്ടീഷ് കൊളോണിയൽ ദുർഭരണ കാലത്ത് മലബാർ മേഖലയിൽ ഉയർന്നുവന്ന സാമൂഹിക വിമോചന പ്രക്ഷോഭങ്ങളാണ് മാപ്പിള സമരങ്ങൾ. ബ്രിട്ടീഷ് രാജിനെതിരായ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മാപ്പിള സമരങ്ങൾക്കുള്ള സ്ഥാനം അതുല്യമാണ്. മാപ്പിള സമരങ്ങളെ സ്വാധീനിച്ച സമര സാഹിത്യങ്ങളിൽ മമ്പുറം ഫസൽ പൂക്കോയ(റ) തങ്ങൾ ക്രോഡീകരിച്ച ഉദ്ദത്തുൽ ഉമറാ വൽ ഹുക്കാം ലി ഇഹാനതിൽ കഫറത്തി വ അബദത്തിൽ അസ്നാം എന്ന ​ഗ്രന്ഥം പ്രമുഖ സ്ഥാനത്തുള്ള ഒരു ​ഗ്രന്ഥമാണ്. പ്രസ്തുത ​ഗ്രന്ഥത്തിന്റെ ഉള്ളടക്കവും രചനാ പശ്ചാത്തലവും പ്രമേയമാക്കുന്ന പ്രബന്ധമാണിത്.

ഇന്ത്യയിലെ ബ്രിട്ടീഷ് കോളണി ഭരണത്തിനെതിരായ വിമോചന മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ അദ്വിതീയ സ്ഥാനമലങ്കരിക്കുന്ന ചെറുത്തുനിൽപുകളാണ് മലബാർ മേഖലയിൽ ശക്തിപ്പെട്ട മാപ്പിള പ്രക്ഷോഭങ്ങൾ.
ടിപ്പുവിന്റെ പതനത്തോടെ ബ്രിട്ടീഷ് കോളണീ ഭരണം ഏതാണ്ട് ദക്ഷിണേന്ത്യയിലുടനീളം വ്യാപകമായതിനു ശേഷം പല വിധ ചെറുത്തുനിൽപുകളും വിവിധ മേഖലകളിലായി ഉയർന്നുവന്നിട്ടുണ്ട്. ജന്മിത്വനാടുവാഴിത്ത വ്യവസ്ഥയെ പൂർവ്വാധികം പ്രാബല്യത്തോടെ പുനഃസ്ഥാപിച്ച കൊളോണിയൽ ഭരണ നടപടികൾ മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ പരുക്കുകൾ ഏൽപിച്ചത് കർഷക സമൂഹത്തിനും അവരിൽ വിശിഷ്യാ മാപ്പിള സമൂഹത്തിനുമാണ്. അന്യായമായ നികുതി നിയമങ്ങളും സ്വാകാര്യ ഭൂസ്വത്തുക്കൾക്കും മതസ്ഥാപനങ്ങളുടെ ഭൂസ്വത്തുക്കൾക്കും നേരെയുള്ള കൈയ്യേറ്റങ്ങളും നീതി രാഹിത്യങ്ങളും വ്യാപിച്ചതോടെ കർഷകരായ മാപ്പിള സമൂഹത്തിന്റെ നിത്യജീവിതം ദുസ്സഹമാവുകയും സ്വന്തം അതിജീവനത്തിന് വേണ്ടി ചെറുത്തു നിൽക്കാൻ അവർ നിർബന്ധിതരാവുകയും ചെയ്തു.

കൊളോണിയലിസത്തിന്റെ അധിനിവേശ ആധിപത്യത്തിനെതിരേ കോളനിവൽക്കരിക്കപ്പെട്ട പ്രദേശങ്ങളൊക്കെയും തങ്ങളാലാവും വിധം പ്രതിഷേധ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളം നാമ്പിട്ടുകൊണ്ടിരുന്ന സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളുടെ ആദ്യകാല പ്രവണതകളായി പത്തൊമ്പതാം നൂറ്റാണ്ട് ആദ്യ ഘട്ടം മുതൽ തന്നെ മലബാറിലും ഇത്തരം പ്രക്ഷോഭങ്ങൾ സജീവമായിരുന്നു എന്നതിന് പ്രമാണങ്ങൾ സാക്ഷിയാണ്. കോളണി ഭരണത്തിന്റെയും നാട്ടുരാജ്യ അധികാര വ്യവസ്ഥകളുടെയും നീതിരാഹിത്യങ്ങൾക്കെതിരെ സമാധാന മാർ​​​​ഗേണയുള്ള പ്രതികരണങ്ങളും നിയമ നീതിന്യായ വ്യവസ്ഥയെ സമീപിച്ചുള്ള പരിഹാരമാർ​ഗങ്ങളും സമ്പൂർണ്ണ പരാജയമാണെന്ന് തിരിച്ചറിഞ്ഞ മാപ്പിള സമൂഹത്തിലെ ശാരീരിക ക്ഷമതയും കായിക ബലവുമുള്ളർ പരസ്യമായി യുദ്ധത്തിനിറങ്ങുന്ന കാഴ്ചയാണ് പത്തൊമ്പതാം നൂറ്റാണ്ട് തുടക്കം മുതൽ കാണാനാകുന്നത്. ദുർബലർ തങ്ങളാലാവും വിധം ഈ സമരങ്ങളെ പ്രാർത്ഥനാപൂർവ്വം പിന്തുണക്കുന്നവരുമായിരുന്നു. സ്വാതന്ത്ര്യത്തിനും നീതിപുലരുന്ന ഭരണ സംവിധാനത്തിന്റെ സംസ്ഥാപനത്തിനും വേണ്ടിയായിരുന്നു അവരുടെ സമരങ്ങൾ. സർവ്വോപരി സ്വന്തം അതിജീവനത്തിനുവേണ്ടിയായിരുന്നു അവരുടെ സമരങ്ങളൊക്കെയും. വ്യക്തമാക്കി പറഞ്ഞാൽ ലോക ചരിത്രത്തിൽ അധീശത്വ ശക്തികൾക്കെതിരെയും നീതിരാഹിത്യത്തിനെതിരെയും ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ ഭാഗധേയത്വം അടയാളപ്പെടുത്തിയത് നിലനിൽപിന് വേണ്ടിയായിരുന്നു. ഈ ചരിത്ര യാഥാർത്ഥ്യം മാപ്പിള മുന്നേറ്റങ്ങളിലും പുനരാവർത്തിക്കപ്പെടുകയാണ്. ഇത്തരം സമര മുന്നേറ്റങ്ങൾക്ക് നേതൃത്വവും പങ്കാളിത്തവും വഹിച്ച
എക്കാലത്തും സ്മരിക്കപ്പെടുന്ന ധീര യോദ്ധാക്കളും വീര പുരുഷന്മാരും കടന്നു പോയിട്ടുണ്ട്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർക്ക് പങ്കാളിത്തമുള്ള ഈ ജനകീയ വിമോചന രാഷ്ട്രീയ മുന്നേറ്റങ്ങളെ നയിച്ചവരിൽ പലപ്പോഴും മുന്നിലുള്ളത് ഈ ജനസമൂഹങ്ങളെ ആത്മീയമായി നയിച്ചുകൊണ്ടിരുന്ന ജനനായകന്മാരായ പണ്ഡിതമഹത്തുക്കളായിരുന്നുവെന്ന കാര്യം സുവ്യക്തമാണ്. സമര സാഹിത്യങ്ങൾ രചിച്ചും മറ്റ് പ്രചോദനങ്ങൾ നൽകിയും ജനസമൂഹത്തെ നീതിരാഹിത്യങ്ങൾക്കും അന്യായങ്ങൾക്കും സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ സമരം ചെയ്യാൻ പ്രചോദിപ്പിച്ചവരായിരുന്നു കൊളോണിയൽ ഭരണഘട്ടത്തിലെ പല ഉലമാക്കളും. പോർച്ചു​ഗീസ് ആധിപത്യഘട്ടത്തിലും ബ്രിട്ടീഷ് രാജിലും ജനനായകന്മാരായി പ്രവർത്തിച്ച നിരവധി ഉലമാ പ്രമുഖരുടെ സാന്നിധ്യം ചരിത്രത്തിൽ കാണാനാകുന്നുണ്ട്.
ഇവരിൽ തൂലിക പടവാളാക്കി സമരകൃതികൾ രചിച്ച പണ്ഡിതന്മാരുണ്ട്.
മർദ്ധകവും നീതി നിഷേധപരവുമായ ഇന്ത്യയിലെ കോളണി ഭരണത്തിനെതിരെ ഉയർന്നു വന്ന ശക്തമായ വിമോചന മുന്നേറ്റങ്ങളെ പല വിധത്തിൽ പ്രചോദിപ്പിക്കുന്നതിന് നിരവധി ധൈഷണികോദ്യമങ്ങൾ, സമര സാഹിത്യങ്ങൾ, സംരംഭങ്ങൾ ഇന്ത്യയിലുടനീളം രൂപപ്പെട്ടിട്ടുണ്ട്.
ഈ ​ഗണത്തിൽ അധിനിവേശ വിരുദ്ധ സാഹിതീയ സംരഭങ്ങളിൽ ലോക പ്രശസ്തിയും ശ്രദ്ധയും നേടിയ രചനയാണ് വിശ്വപൗരനും മാപ്പിള നേതാവുമായിരുന്ന സയ്യിദ് ഫസൽ പൂക്കോയ(റ) തങ്ങളാൽ വിരചിതമായ ഉദ്ദതുൽ ഉമറാ വൽ ഹുക്കാം ലി ഇഹാനതിൽ കഫറത്തി വ അബദത്തിൽ അസ്നാം. അധിനിവേശ ശക്തികൾക്കെതിരെയുള്ള ചെറുത്തു നിൽപ്പിന് ഇത്തരം സാഹിത്യ രചനകൾ നൽകിയ സംഭാവനകൾ ചെറുതല്ല. മമ്പുറം സയ്യിദ് അലവി(റ) തങ്ങളുടെ സൈഫുൽ ബത്താറും ഖാളി മുഹമ്മദ്(റ) യുടെ ഫത്ഹുൽ മുബീനും ഉദാഹരണങ്ങളാണ്.
മാപ്പിളമാരെ ധാർമിക പരിഷ്കാരങ്ങളിലേക്ക് നയിക്കാനും പോരാളികൾക്കിടയിൽ പോരാട്ടവീര്യം വർധിപ്പിക്കാനും സമരോത്സുകതയെ ഉണർത്താനും കോളണീകരണത്തിനെതിരായ മുന്നേറ്റങ്ങളിലേക്ക് പ്രേരിപ്പിക്കാനും ഇത്തരം കൃതികൾക്ക് കഴിഞ്ഞിട്ടുണ്ട്.

കൃതികൾ മാത്രമല്ല ഇത്തരം മഹത്തുക്കളുടെ സാന്നിധ്യവും ജനങ്ങൾക്ക് വലിയ അഭയവും ആശ്വാസവുമായിരുന്നു. മതസാമുദായിക ബന്ധങ്ങളെ വിലമതിച്ച സമാധാനപൂർണ്ണമായ ജനജീവിതത്തെ കാംക്ഷിച്ച മഹത്തുക്കളായിരുന്നു ഈ പണ്ഡിത വ്യക്തിത്വങ്ങൾ. ഇവരിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ തന്നെ ജനജീവിതത്തെ പല നിലയിൽ സ്വാധീനിച്ച മമ്പുറം സയ്യിദ് അലവി(റ) തങ്ങൾ സവിശേഷം പരാമർശിക്കപ്പെടേണ്ട വ്യക്തിത്വമാണ്. മാപ്പിള സമൂഹത്തിന്റ ആത്മീയവും സാംസ്കാരികവും രാഷ്ട്രീയവുമായ ഉന്നമനം കാംക്ഷിച്ച
വിശ്രുതനായ മമ്പുറം സയ്യിദ് അലവി(റ) തങ്ങളുടെ പിൻഗാമിയായി പിതാവിന്റെ ദേഹവിയോഗം സമൂഹത്തിൽ സൃഷ്ടിച്ച വിടവ് നികത്താൻ രം​ഗപ്രവേശം ചെയ്ത സയ്യിദ് ഫസൽ പൂക്കോയ(റ) തങ്ങൾ രചിച്ചതാണ് ഉദ്ദത്തുൽ ഉമറാ എന്ന കൃതി. ആത്മീയമായും സാഹിതീയമായും ഫത് വകളിലൂടെയും ജനങ്ങളെ ഇസ് ലാമിക മൂല്യങ്ങൾക്കനുസൃതമായി ജീവിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ബ്രിട്ടീഷ് കോളണി ദുർഭരണത്തിന്റെ കെടുതികളനുഭവിച്ചുകൊണ്ടിരുന്ന മാപ്പിള സമൂഹത്തെ വിമോചന പ്രക്ഷോഭകരാക്കുന്നതിലും അദ്ദേഹത്തിന്റെ രചനകളും പ്രഭാഷണങ്ങളും പങ്ക് വഹിച്ചു. മർദ്ധകരായ സത്യനിഷേധികളെയും, വിഗ്രഹാരാധകരുടെ ദുരാചാര പൂർണ്ണമായ സാമൂഹിക ശീലങ്ങളെയും അവഗണിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണാധികാരികളെ നീതി പുനഃസ്ഥാപിക്കാൻ ഉണർത്തി. എന്നാൽ മർദ്ധക ഭരണം തുടർന്ന ബ്രിട്ടീഷ് രാജിനെതിരെ ചെറുത്തുനിൽക്കാൻ അദ്ദേഹം ജനങ്ങളെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ കൃതികളിൽ സത്യനിഷേധികൾ എന്ന് അഭിസംബോധന ചെയ്യുന്നത് ബ്രിട്ടീഷുകാരെയും വിഗ്രഹാരാധകർ എന്ന് അഭിസംബോധന ചെയ്യുന്നത് ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് സ്വദേശത്തെ ഒറ്റിയ സവർണ്ണ ജന്മിമാരെയുമാണെന്നാണ് ചരിത്രപക്ഷം.

സമരോത്സുകത, പരസ്യ പ്രേരണകൾ

1849 ൽ നടന്ന മഞ്ചേരി കലാപത്തിനും 1851 ൽ നടന്ന കൊളത്തൂർ കലാപത്തിനും ഇടയിലാണ് ഉദ്ദത്തുൽ ഉമറാ രചിക്കപ്പെട്ടതെന്നാണ് രേഖകൾ തെളിയിക്കുന്നത്. മട്ടന്നൂരിൽ നടന്ന കലാപത്തിനും കൊളത്തൂർ കലാപത്തിനും ഉദ്ദത്തുൽ ഉമറാ ചെലുത്തിയ സ്വാധീനം ചെറുതല്ല. കലാപത്തിന് ശക്തമായ രീതിയിൽ പ്രേരണ നൽകിയും ശക്തി പകർന്നും ഉദ്ദത്തുൽ ഉമറാ സ്വാധീനം ചെലുത്തി. പ്രസിദ്ധീകരണ ശാലകളും മറ്റു വിനിമയ സംവിധാനങ്ങളും കുറവായതിനാൽ ഉദ്ദത്തുൽ ഉമറയുടെ പകർപ്പ് എഴുതി തയ്യാറാക്കി അയച്ചു കൊടുക്കൽ അക്കാലത്ത് പതിവായിരുന്നു. മാപ്പിളമാരുടെ സംഗമ സ്ഥലമായ പള്ളികളിൽ വെച്ച് ഇത് പരസ്യമായി വായിച്ചു കേൾപ്പിക്കുകയും സമര വീര്യവും ബ്രിട്ടീഷ് വിരുദ്ധ യുദ്ധപ്രേരണയും വർദ്ധിപ്പിക്കാൻ ഇത് ഹേതുകമാവുകയും ചെയ്തു. സത്യനിഷേധത്തിനെതിരെയും സാമ്രാജ്യത്വ ഭരണത്തിനെതിരെയും സന്ധിയില്ലാ സമരാഹ്വാനമാണ് ഉദ്ദത്തുൽ ഉമറാ നടത്തിയത്. ഉദ്ദത്തുൽ ഉമറയുടെ എല്ലാ പേജുകളുടെയും മുകൾ ഭാഗത്തായി ഇങ്ങനെ ലിഖിതപ്പെടുത്തിയിരിക്കുന്നു: ഖാതിലൂ അഅ്ദാഅല്ലാഹി ഇന്നൽ ജന്നത്ത തഹ്ത ളിലാലിസ്സയ്ഫ്’ ബ്രിട്ടീഷ് രാജിനെതിരെ പോരാടാനുള്ള ശക്തമായ ആവേശമാണ് ഉദ്ദത്തുൽ ഉമറാ പകർന്ന് നൽകുന്നത്.

അക്കാലത്തെ മുസ്ലിം സമൂഹത്തിന്റെ ആശയും പ്രതീക്ഷയുമായിരുന്ന ഉഥ്മാനിയാ ഖിലാഫത്തിന് സയ്യിദ് ഫസൽ പൂക്കോയ(റ) തങ്ങൾ ശക്തമായ പിന്തുണ നൽകുന്നുണ്ട്. ഫ്രാൻസ്, ബ്രിട്ടൺ, ജർമ്മനി, അടക്കമുള്ള പാശ്ചാത്യ ക്രിസ്തീയ ഭൂരിപക്ഷ രാജ്യങ്ങൾക്കും ഛിദ്രശക്തികൾക്കുമെതിരെ അദ്ദേഹം ഉദ്ദത്തുൽ ഉമറയിലൂടെ ആഞ്ഞടിക്കുന്നുണ്ട്. ലോക മുസ്ലിംകളുടെ ആശയും പ്രതീക്ഷയുമായ ഉസ്മാനിയ്യഃ ഖിലാഫത്തിന് വേണ്ടി സയ്യിദ് ഫസൽ(റ) തങ്ങൾ ഉദ്ദത്തുൽ ഉമറായിൽ പ്രത്യേക പ്രാർത്ഥന നടത്തുന്നുണ്ട്. അല്ലാഹുവേ നീ ഓട്ടോമൻ ഖിലാഫത്തിനെ സഹായിക്കണേ, അവർക്ക് നേരായ മാർഗ്ഗം പ്രദാനം ചെയ്യേണമേ എന്നിങ്ങനെ പലയിടങ്ങളായി അദ്ധേഹം പ്രാർത്ഥിക്കുന്നുണ്ട്. തൻബീഹുൽ ഗാഫിലീൻ എന്ന ലഘുലേഖയിൽ സയ്യിദ് ഫസൽ(റ) തങ്ങൾ ബ്രിട്ടീഷ് കോളണി ഭരണത്തിനെതിരായ യുദ്ധത്തെയും മുന്നേറ്റങ്ങളെയും ദൈവം ഇഷ്ടപ്പെടുന്നവരുടെ ചര്യയായി പരിചയപ്പെടുത്തുന്നു. ശക്തിയുടെ പ്രകാശനമാണത് എന്ന് ഓർമ്മപ്പെടുത്തുന്നു. ദൈവീക പ്രീതിയും സമ്മാനവും ആശിക്കുന്നവർ മുന്നോട്ട് വരിക എന്നും അദ്ദേഹം ക്ഷണിക്കുന്നു.(പേജ്:46)
മറ്റൊരു ഭാഗമായ അദ്ദുററുൽ മൻളൂമിലൂടെ അദ്ധേഹം ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്ക് സജ്ജരാവാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ശത്രുക്കൾക്കെതിരെ മുന്നണിപ്പോരാളികളാവാൻ ആഹ്വാനം ചെയ്യുന്നു. പരലോക മോക്ഷത്തിന് വേണ്ടി നിങ്ങളുടെ ജീവിതം ചിലവഴിക്കുക. ഭൗതിക നേട്ടത്തിന് വേണ്ടി ആഗ്രഹിക്കുന്നവരാവരുത്.(പേജ്:50).

നിരോധനവും കണ്ട് കെട്ടലും

മട്ടന്നൂരിൽ നടന്ന കലാപത്തിനും കൊളത്തൂർ കലാപത്തിനും ഉദ്ദത്തുൽ ഉമറാ ചെലുത്തിയ സ്വാധീനം ചെറുതല്ല എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. 1849 ൽ നടന്ന് മഞ്ചേരി കലാപത്തിനും 1851 ൽ നടന്ന കൊളത്തൂർ കലാപത്തിനും ഇടയിലാണ് ഉദ്ദത്തുൽ ഉമറ രചിക്കപ്പട്ടത്. ഇതിനകം തന്നെ ഉദ്ദത്തുൽ ഉമറയുടെ പ്രശസ്തി മലബാറിന്റെ നാനാ ദിക്കുകളിലുമെത്തിയിരുന്നു. ഉദ്ദത്തുൽ ഉമറയിലെ സമരാഹ്വാനങ്ങൾ മാപ്പിളമാർ ഏറ്റെടുത്തു. തൽഫലമായി മലബാറിലുടനീളം ബ്രിട്ടീഷ് വിരുദ്ധ വികാരം ശക്തമായി.
ഉദ്ദത്തുൽ ഉമറായുടെ ദൂരവ്യാപകമായ പ്രസിദ്ധിയും അത് മാപ്പിളമാരിൽ പ്രതിഫലിപ്പിച്ച സമരോർജ്ജവും ബ്രിട്ടീഷ് അധികാരികളുടെ ഉറക്കം കെടുത്തി. അന്നത്തെ മലബാർ കലക്ടറായിരുന്നു കൊണോലിയുടെ അഭ്യർത്ഥന പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 1857 ഫിബ്രവരി 17 ന് ജുഡീഷ്യൽ ഓഫീസർ തോമസ് ലാംസൺ സൈരൻജിനെ കമ്മീഷണറായി നിയമിച്ചു. ദീർഘ കാലത്തെ പഠനത്തിന് ശേഷം റിപ്പോർട്ട് സമർപ്പിച്ചു. സയ്യിദ് ഫസൽ പൂക്കോയ(റ) തങ്ങളും രചനകളും മാപ്പിളമാരിൽ ബ്രിട്ടീഷ് വിരുദ്ധ വികാരം വളർത്തിയെടുക്കുന്നതിൽ വഹിച്ച പങ്കിനെക്കുറിച്ച് കൃത്യമായി അന്വേഷണ സംഘം കണ്ടെത്തി

സാമൂഹിക ജീർണ്ണതകൾക്കെതിരെ

പ്രബോധനം, ജിഹാദ്, സാമൂഹിക ജീർണ്ണത എന്നീ പ്രമേയങ്ങളിലധിഷ്ഠിതമായാണ് ഉദ്ദത്തുൽ ഉമറ രചിക്കപ്പെട്ടത്. സാമൂഹിക അനാചാരങ്ങൾക്കെതിരെയും അനീതിക്കെതിരെയും ഉദ്ദത്തുൽ ഉമറ ശബ്ദമുയർത്തി. പ്രാദേശികമായും സാമൂഹികമായും നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ സയ്യിദ് ഫസൽ(റ) തങ്ങൾ ശക്തമായി നിലപാടെടുത്തു. കൊണ്ടോട്ടി തങ്ങന്മാരിൽ ചിലരിലൂടെ പ്രചരിച്ച ദുരാചാരങ്ങൾക്കും വിശ്വാസഭ്രംശ പ്രവണതകൾക്കുമെതിരെ ഉദ്ദത്തുൽ ഉമറയിൽ സയ്യിദ് ഫസൽ(റ) തങ്ങൾ പ്രതികരിച്ചു. കൊണ്ടോട്ടി കൈകാർക്കിടയിൽ പ്രചരിച്ചിരുന്ന മുട്ടും വിളി നേർച്ചക്കെതിരെ സയ്യിദ് ഫസൽ(റ) തങ്ങൾ നൽകിയ ഫത് വ വളരെ സുപ്രസിദ്ധമാണ്. മതപഠനം നേടുകയും മതാദ്ധ്യാപകനായി പള്ളിയിൽ മാത്രം കഴിഞ്ഞുകൂടുകയും ചെയ്ത് സമൂഹത്തിന്റെ, സമുദായത്തിന്റെ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന പണ്ഡിതന്മാരെ സയ്യിദ് ഫസൽ പൂക്കോയ(റ) തങ്ങൾ ശക്തമായ ഭാഷയിൽ തിരുത്തി. പ്രവാചകന്റെ അനന്തരവാകാശികളാണ് പണ്ഡിതന്മാരെന്നും അവർ പള്ളികളിൽ മാത്രം ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും അദ്ധേഹം ഓർമ്മപ്പെടുത്തി. സാമൂഹികമായി പ്രതിഫലിച്ച മൂല്യച്യുതിയിൽ നിന്ന് കരകയറാൻ പണ്ഡിതന്മാരുടെ ഇടപെടലുകൾ ഏറെ അത്യവശ്യമാണെന്ന് അദ്ധേഹം പണ്ഡിതന്മാരെ ഓർമ്മപ്പെടുത്തി.

ഉള്ളടക്കം, പ്രമേയം

ഒമ്പത് അധ്യായങ്ങളിലായി 168 പേജുകളുള്ള ഒരമൂല്യ ഗ്രന്ഥമാണ് ഉദ്ദത്തുൽ ഉമറാ വൽ ഹുക്കാം ലി ഇഹാനതിൽ കഫറത്തി വ അബദത്തിൽ അസ്നാം. സയ്യിദ് ഫസൽ പൂക്കോയ(റ) തങ്ങളെഴുതിയ, ശേഖരിച്ച ലേഖനങ്ങളുടെയും ലഘുലേഖകളുടെയും സമാഹാരമാണ് പ്രസ്തുത ഗ്രന്ഥം. ഖുർആനും സുന്നത്തും(ഹദീസ്) അടിസ്ഥാനമാക്കി ഒരു താത്വിക അവലോകനമാണ് ഉദ്ദത്തുൽ ഉമറയിലൂടെ സയ്യിദ് ഫസൽ(റ) തങ്ങൾ നടത്തുന്നത്. ദൈവീക പ്രബോധനവും അതിന്റെ മഹത്വവും, അറിവ് സമ്പാദിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും, അറിവ് സമ്പാദനം, ശ്രേഷ്ഠത, പണ്ഡിതന്റെ ഉത്തരവാദിത്വവും ശ്രേഷ്ഠതയും തുടങ്ങി നിരവധി കാര്യങ്ങളാണ് ഉദ്ദത്തുൽ ഉമറയിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങൾ.

അധ്യായങ്ങൾ:

  1. അദ്ദഅവത്തുത്താമ്മ വതദ്കീറുൻ ആമ്മ. അബ്ദുല്ലാഹിബ്നി അലവി ബ്ൻ മുഹമ്മദ് ബ്ൻ ഹദ്ദാദാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ്. ദൈവീക മാർഗ്ഗത്തിലേക്കുള്ള പ്രബോധനവും വിജ്ഞാന സമ്പാദനത്തിന്റെ മഹത്വവും ഇതിൽ വിശദീകരിക്കുന്നു.
  2. ഫീ നുബദത്തിൻ തതഅല്ലഖു ബി തദ്കിറത്തിൽ ഉലമാഇ വ തബ്സ്വിറത്തിൽ വുസറാ. സുൽത്താന്മാരെയും നേതാക്കന്മാരെയും അനുസരിക്കണമെന്നും അതാണ് സമൂഹത്തിനെ ഏകീകരിക്കുന്നതെന്നും അദ്ദേഹം ജനങ്ങളോട് കൽപ്പിച്ചു.
  3. അസ്സൈഫുൽ ബത്താർ അലാ മൻ യുവാലിൽ കുഫ്ഫാർ. അവിശ്വാസികളെ അനുകൂലിക്കുന്നവർക്കതിരെയുള്ള ഉറച്ച ഖഢ്ഗം എന്നാണ് അർത്ഥം. പിതാവും സാമൂഹിക നേതാവും ആയിരുന്ന സയ്യിദ് അലവി(റ) വിന്റേതാണ് ഈ ഗ്രന്ഥം. 8 ചോദ്യങ്ങൾക്കുള്ള മറുപടി ആയിട്ടാണ് ഇത് രചിച്ചത്. 1841 തിരൂരങ്ങാടി, മുട്ടിച്ചിറ കലാപങ്ങളിൽ നേരിടേണ്ടി വന്ന കൊടിയ ക്രൂരതകൾക്ക് കൂട്ട് നിന്നവർക്കെതിരെയാണ് സൈഫുൽ ബത്താർ യുദ്ധാഹ്വാനം നടത്തുന്നത്.
  4. തൻബീഹുൽ ഗാഫിലീൻ: അശ്രദ്ധരെ ഉണർത്തൽ എന്നാണ് അർത്ഥം. അധിനിവേശ ശക്തികളും ശത്രുക്കളും അവർ ഒരുക്കിയ കെണികളെയും ഗൂഢാലോചനകളെയും പറ്റി പ്രതിപാദിക്കുന്നു.
  5. അദ്ദുററുൽ മൻളൂം ലി ദവിൽ അഖ്ലി വൽ മഫ്ഹൂം: ജിഹാദിനെക്കുറിച്ചും അവയുടെ പ്രതിഫലത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. കൂടാതെ ഭരണാധികാരികളും സുൽത്താന്മാരും നേതാക്കളും പാലിക്കേണ്ട മര്യാദകളെക്കുറിച്ചും അവർ സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും വിശദമായി അവലോകനം ചെയ്യുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ബൗദ്ധികമായി സ്വീകരിക്കേണ്ട നിലപാടുകകെളെക്കുറിച്ചും ഈ ലേഖനം ചർച്ച ചെയ്യുന്നു
  6. തൻബീഹുൽ മുലൂക് മിൻ മക് രി സ്വഅലൂക്ക്: സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ അനുഭവങ്ങളും പഴയ കാല ഓർമ്മകളും കഥകളുമടങ്ങിയതാണ് ഈ ഗ്രന്ഥം.
  7. മിൻ മക് രിൽ യഹൂദി ഫീ അഖ്ദി സ്വീൻ: ചൈന കീഴടക്കുന്നതിൽ പ്രയോഗിച്ച യഹൂദികളുടെ കുതന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു.
  8. മിൻ മക് രിൽ ഫാരിസി ഫീ ഇഖ്റാജി മുലൂകിന്നസ്വാറാ
  9. അൽ ഖൗലുൽ മുഖ്താർ ഫിൽ മൻഇ അനിൽ കുഫ്ഫാർ

ഈ ഗ്രന്ഥം സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെത് അല്ലെന്നും സയ്യിദ് അബ്ദുല്ലാഹിബ്നു അബ്ദിൽ ബാരി എന്ന പണ്ഡിതൻ റഷ്യൻ സേനക്കെതിരെ ഓട്ടോമൻ സുൽത്താൻ അബ്ദുൽ മജീദിനെ സഹായിക്കാനായി എഴുതിയ യുദ്ധ കൃതിയാണ് ഉദ്ദത്തുൽ ഉമറയെന്നും ചിലർ വാദമുന്നയിക്കുന്നു. എന്നാൽ മമ്പുറം തങ്ങളുടെ സൈഫുൽ ബത്താർ ഉദ്ദത്തുൽ ഉമറയിൽ ഉൾക്കൊണ്ടു എന്നത് ഈ വാദങ്ങളുടെ മുനയൊടിക്കുന്നു. സയ്യിദ് ഫസൽ പൂക്കോയ(റ) തങ്ങളെ നാട് കടത്തിയതിന് ശേഷം 1856 ൽ ഇസ്താംബൂളിൽ നിന്ന് ഇത് പുനഃപസിദ്ധീകരിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം കേരളീയ ചരിത്ര സന്ദർഭത്തിൽ രചിക്കപ്പെട്ട ഈ സമര കൃതിയുടെ മാപ്പിള സമര ചരിത്രപരതയെ നിരാകരിക്കാനാവില്ല.

അവലംബം:
1.സ്വാതന്ത്ര്യ സമരത്തിലെ തങ്ങൾ സാന്നിധ്യം: മുജീബ് തങ്ങൾ കൊന്നാര്. ഇസ ബുക്ക്സ്. പേജ്:46
2.മാപ്പിള മുസ്ലിംസ്: എ സ്റ്റഡി ഓണ് സൊസൈറ്റി ആൻഡ് ആന്റി കൊളോണിയൽ സ്ട്രഗ്ഗ്ൾസ് : ഡോ: ഹുസൈൻ രണ്ടത്താണി. പേജ്:142

  1. കേരള മുസ്ലിംകൾ: അധിനവേശ വിരുദ്ധ സമരത്തിലെ പണ്ഡിത സാന്നിധ്യം: ഐ. പി.എച്ച് ബുക്ക്സ്. കെടി.ഹുസൈൻ
  2. ഉദ്ദത്തുൽ ഉമറാ സയ്യിദ് ഫദ്ലുബ്നു അലവിയുടെ സമര-ഭരണ പോരാട്ടങ്ങൾ: സ്വാലിഹ് നിസാമി പുതുപൊന്നാനി: പ്രബോധം വാരിക
  3. ഇന്ത്യൻ സ്വാതന്ത്ര്യസമരവും മമ്പുറം തങ്ങളും: കെടി. അജ്മൽ പാണ്ടിക്കാട് : ഇസ്ലാം ഓൺ വെബ്

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy