ആത്മീയ ഗുരു

അവരിഫുൽ മആരിഫ് തുടരുന്നു:
ഇമാം ശിഹാബുദ്ദീൻ സുഹ്റ വർദി(റ):

നബിതിരുമേനി(സ) അരുളുന്നു:
“മുഹമ്മദിന്റെ ആത്മാവിന്റെ നിയന്ത്രണം ഏതൊരവന്റെ കൈയിലാണോ, അവനെ തന്നെ സത്യം; അല്ലാഹുവിന് തന്റെ ദാസരിലേക്കും, ദാസർക്ക് അല്ലാഹുവിലേക്കും സ്നേഹമുണ്ടാക്കിത്തീർക്കുന്നതാരോ, അവരാണ് അല്ലാഹുവിനു പ്രിയപ്പെട്ടവർ. അവർ ലോകത്ത് ഉപദേശവുമായി സഞ്ചരിക്കും.”
ശിഷ്യർക്ക് ശിക്ഷണ ശീലങ്ങൾ നൽകുന്ന അധ്യാത്മഗുരുക്കന്മാരെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. അവരുടെ വിശിഷ്ട പദവിയിലേക്കാണിവിടെ നബിതിരുമേനി(സ) വിരൽ ചൂണ്ടുന്നത്. അത്യുന്നതപദവിയാണവർക്കുള്ളത്. കാരണം അല്ലാഹുവിനെ തൻ്റെ ദാസരുമായും, ദാസരെ അല്ലാഹുവുമായും അടുപ്പിക്കുന്നു. സ്നേഹമുണ്ടാക്കിത്തീർക്കുന്നു. തസ്വവ്വുഫിൻ്റെ പാതയിൽ ഈ ഗുരുവിനു വലിയ പ്രാധാന്യമുണ്ട്. അല്ലാഹുവിൻ്റെ പാതയിലേക്കുള്ള പ്രബോധനത്തിൽ പ്രവാചകത്വത്തിൻ്റെ പിന്തുടർച്ചയാണത്. അധ്യാത്മഗുരു തന്റെ ശിഷ്യനെ അല്ലാഹുവിൻ്റെ റസൂലിൻ്റെ പാതയിൽ ചേർത്തു കൊടുക്കുകയാണ് ചെയ്യുന്നത്. ആ പാതയിൽ ചേർന്നു കഴിഞ്ഞാൽ അല്ലാഹുവിന്റെ സ്നേഹ ത്തിനവൻ പാത്രീഭവിക്കുന്നു. ഗുരു അല്ലാഹുവിനു തൻ്റെ ദാസനോടു സ്നേഹമുണ്ടാക്കിത്തീർക്കുന്നു എന്നു പറഞ്ഞതിന്റെ ആശയം അതാണ്. ഖുർആൻ പറയുന്നു:
“നബിയേ പറയുക, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടങ്കിൽ എന്നെ പിൻപറ്റുവിൻ. അല്ലാഹു നിങ്ങളെ സ്നേഹിക്കും.“

അധ്യാത്മഗുരു തൻ്റെ ശിഷ്യനെ സംസ്‌കരിച്ച് സ്‌ഫുടം ചെയ്തെടുക്കുന്നു. ശിഷ്യന്റെ നഫ്‌സ് സംശുദ്ധമായിത്തീരുകയും, കാറും ചേറും നീങ്ങുകയും, ചെയ്തു കഴിഞ്ഞാൽ ശിഷ്യന്റെ ഹൃദയദർപ്പണം തിളങ്ങുകയും, ആ കണ്ണാടിയിൽ ദിവ്യ പ്രഭാധോരണി പ്രതിബിംബിക്കുകയും ചെയ്യും. തൗഹീദിന്റെ സൗന്ദര്യപൂരം അവിടെ മിന്നിത്തിളങ്ങും. ഉൺമയുടെ മഹത്വവും ഗാംഭീര്യവും പൂർണ്ണതയും കാണാൻ ഉൾക്കണ്ണുകളുടെ കൃഷ്ണമണികൾ കാന്തം പോലെ ആകൃഷ്ടമായിത്തീരും. അപ്പോൾ ആ മനുഷ്യൻ തൻ്റെ റബ്ബിനെ ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങും. ഇതാണ് ഗുരു തന്റെ ശിഷ്യനെക്കൊണ്ടു അല്ലാഹുവിനെ സ്നേഹിപ്പിക്കും എന്നു പറഞ്ഞതിൻ്റെ ആശയം. ശുദ്ധീകരണം മൂലമാണിതു സംഭവിക്കുന്നത്. അതാണ് ഖുർആൻ പറഞ്ഞത്, ‘നഫ്സിനെ ശുദ്ധീകരിച്ചവൻ വിജയിക്കുക തന്നെ ചെയ്തു.’

ഇവിടെ വിജയം, അല്ലാഹുവിൻ്റെ ‘മഅരിഫത്താകുന്ന’ അനുഗ്രഹം നേടലത്രെ. നേരത്തെപ്പറഞ്ഞ പോലെ ഹൃദയദർപ്പണം തിളങ്ങാൻ തുടങ്ങുമ്പോൾ ദുനിയാവിന്റെ തനിരൂപം അവിടെ പ്രതിബിംബിയ്ക്കും. അതിന്റെ എല്ലാ ചീത്ത വശങ്ങളും ആ കണ്ണാടിയിൽ നിഴലിക്കും. അതു പോലെത്തന്നെ ആഖിറവും, അതിൻ്റെ അനശ്വരത്വവും മേന്മയും കണ്ണാടിയിൽ തെളിയാൻ തുടങ്ങും. പ്രപഞ്ചയന്ത്രത്തിൻ്റെ സാക്ഷാൽ രൂപം അവിടെ പ്രത്യക്ഷമാകും. അപ്പോൾ ആ മനുഷ്യൻ ദുനിയാവിനെ വെറുക്കുകയും ത്യജിക്കുകയും, ആഖിറത്തെ സ്വയം വരിക്കുകയും ചെയ്യും. പ്രാപ്‌തനായ അധ്യാത്മഗുരുവിന്റെ ശിക്ഷണം ലഭിക്കുമ്പോഴാണിതു സംഭവിക്കുന്നത്. ഇത്തരം അദ്ധ്യാത്മഗുരുക്കന്മാർ അല്ലാഹുവിന്റെ പോരാളികളത്രെ. അല്ലാഹുവിൻ്റെ പാതയിൽ പോരാട്ടം നടത്തുന്ന പടയാളികൾ നഫ്സിൻ്റെ ദുഷ്പ്രേരണകളോടും പിശാചിനോടും പടവെട്ടാൻ ശിഷ്യർക്കിവർ ശിക്ഷണം നൽകുന്നു.
അബ്ദുല്ലാഹിബ്നുബിശർ(റ) പറയുന്നു: നബിതിരുമേനി(സ) ഇങ്ങിനെ പറയാറുണ്ടായിരുന്നു, ഒരിടത്തു ഇരുപതോ, അധികമോ ആളുകൾ സമ്മേളി ക്കുമ്പോൾ, അവിടെ അല്ലാഹുവിനെ ഭയപ്പെടുന്ന ഒരാളെങ്കിലും ഇല്ലെങ്കിൽ സംഗതി വളരെ അപകടകരമാണ്.
അധ്യാത്മഗുരുവിലേക്കാണിവിടെ സൂചന. അല്ലാഹുവിനെപ്പറ്റി ബോധവാന്മാരാക്കുകയാണു ഗുരുവിൻ്റെ ജോലി. ശിഷ്യർക്ക് പ്രത്യക്ഷവും പരോക്ഷവുമായ അച്ചടക്കം നൽകലും.
പരിശുദ്ധ ഖുർആൻ പറയുന്നു:
“അല്ലാഹു മാർഗ്ഗദർശനം നൽകിയവരാണവർ. അവർ കാണിച്ചു തരുന്ന വഴി പിൻപറ്റുക.“
അവർക്കല്ലാഹു വെളിച്ചം നൽകി. ആ വെളിച്ചത്തെയാണ് പിൻപറ്റേണ്ടത്. മുത്തഖീങ്ങളുടെ മാർഗ്ഗദർശികളാണവർ. ഒരു ഖുദ്സിയായ ഹദീസിൽ അല്ലാഹു പറയുന്നു:
“എൻ്റെ ദാസൻ തൻ്റെ അധികസമയവും എന്നിൽ ചിലവഴിച്ചാൽ അവന്റെ ലക്ഷ്യവും, നിർവൃതിയും ആനന്ദവും എൻ്റെ ദിക്റിലായിത്തീരും. അങ്ങിനെ സംഭവിച്ചാൽ എന്നോടുള്ള സ്നേഹം അവനിൽ നിറഞ്ഞു തുളുമ്പും. ഞാനവനേയും സ്നേഹിക്കും, എന്റെയും അവന്റെയും മദ്ധ്യേയുള്ള മറ ഞാൻ എടുത്തുമാറ്റുകയും ചെയ്യും. ജനങ്ങൾക്കു മറവിയുണ്ടാകുമ്പോൾ അവൻ മറക്കുകയില്ല. അത്തരക്കാരുടെ വാക്കുകൾ പ്രവാചകന്മാരുടെ വാക്കുകളായിരിക്കും. അവരാണു യഥാർത്ഥ പടയാളികൾ. ഭൂമുഖത്തു വല്ല ശിക്ഷയും ഞാനവതരിപ്പിക്കാൻ ഉദ്ദേശിച്ചാൽ അവരെ ഓർത്ത് ഞാനത് പിൻവലിക്കും.
തസ്വവ്വുഫിൽ പ്രവേശിക്കുന്ന വ്യക്തി നഫ്‌സിനോടു പടവെട്ടി മുന്നേറുമ്പോൾ അയാൾക്ക് മനഃശ്ശാന്തി ലഭിക്കുന്നു. പ്രാകൃത സ്വഭാവങ്ങൾ സംശുദ്ധ മായിത്തീരുന്നു. അപ്പോൾ ആത്മാവിൻ്റെ ഊഷ്‌മളതയാൽ സ്വഭാവത്തിന്റെ കാറ്റു നീങ്ങി മാർദ്ദവം കൈവരുന്നു. അതാണ് ഖുർആൻ പറഞ്ഞത്: “പിന്നെ അവരുടെ ചർമ്മങ്ങളും, ഹൃദയങ്ങളും അല്ലാഹുവിൻ്റെ ദിക്‌റിലേക്ക് മയപ്പെട്ടുവരും.”

അതായതു ഇബാദത്തിലും, തഖ്‌വാ ചെയ്യുന്നതിലുമുള്ള ആനന്ദവും, നിർവൃതിയും അവരിൽ സംജാതമാകും. ഹൃദയത്തിനു രണ്ടു മുഖങ്ങളുണ്ട്. ഒരു മുഖം ആത്മാവിലേക്കും മറ്റേത് നഫ്‌സിലേക്കും തിരിഞ്ഞു നിൽക്കുന്നു. നഫ്സിന്റേയും ആത്മാവിൻ്റെയും മാധ്യമമാണ് ഹൃദയം. നഫ്‌സിന്നും, ആത്മാവിനും ഹൃദയവുമായി എപ്പോഴും ബന്ധമുണ്ടായിരിക്കും. ഹൃദയം കണ്ണാടി പോലെ തിളങ്ങുകയും ശാന്തമാവുകയും ചെയ്‌താൽ നഫ്‌സും ശാന്തമാകും. അങ്ങിനെ നഫ്സ് നിയന്ത്രണത്തിനു വഴങ്ങിക്കഴിഞ്ഞാൽ പിന്നെ ഹൃദയത്തിന്റെ ഭാരം കുറഞ്ഞു. പിന്നെ നഫ്‌സിനെ കടിഞ്ഞാണിട്ടു പിടിച്ചു നിർത്തേണ്ടതില്ലല്ലോ? ഈ അവസ്ഥയിലെത്തുമ്പോൾ ഹൃദയം മറ്റു നഫ്‌സുകളെ ആകർഷിക്കാൻ തുടങ്ങും. അങ്ങിനെ ശിഷ്യരുടെ നഫ്‌സുകളെ മൂക്കുകയറിട്ടു നിയന്ത്രിക്കാനുള്ള അവസരം വന്നു ചേരുന്നു. അപ്പോൾ സ്വന്തം നഫ്‌സിന്റെ സ്ഥാനം ആ ശിഷ്യരുടെ നഫ്‌സുകൾ കരസ്ഥമാക്കും. ഇതാണ് ശൈഖും മുരീദും തമ്മിലുള്ള ബന്ധം. ശൈഖ് തന്റെ സ്വന്തം നഫ്സായിട്ടാണ് ശിഷ്യരുടെ നഫ്‌സുകളെ കണക്കാക്കുക. സ്വന്തം നഫ്‌സിനെ ശുദ്ധീകരിച്ചതു പോലെ തന്നെയാണ് അവരുടെ നഫ്‌സിനെയും സ്‌ഫുടം ചെയ്യുക. ദൈവികമായ രഞ്ജിപ്പാണിത്. ഗുരുവിന്റെ ഹൃദയവുമായി ശിഷ്യരുടെ നഫ്‌സുകളെ അല്ലാഹു ഇണക്കിച്ചേർക്കുന്നു. ഖുർആൻ പറയുന്നു:
“ഭൂമുഖത്തുള്ള ധനം മുഴുവൻ നീ ചെലവാക്കിയാലും അവരുടെ ഹൃദയങ്ങൾക്കിടയിൽ ഇണക്കാൻ നിനക്കാവുകയില്ല. പക്ഷേ, അല്ലാഹുവിനതു സാധിക്കുന്നു.”
ശൈഖ് തന്റെ നഫ്സിനെ മുമ്പു കടിഞ്ഞാണിട്ടു പിടിച്ചിരുന്ന പോലെ ഇപ്പോൾ ശിഷ്യരുടെ നഫ്‌സുകളെ കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്നു. ഈ ഘട്ട ത്തിൽ അല്ലാഹു തന്നോടടുക്കുന്നവരെ സ്നേഹിക്കുന്ന പോലെ, ഗുരു തൻ്റെ അനുസരണയുള്ള ശിഷ്യരെ സ്നേഹിക്കുന്നു. ഖുദ്‌സിയായ ഹദീസിൽ അല്ലാഹു അരുളി:
“അറിഞ്ഞു കൊൾക, പുണ്യാത്മാക്കൾക്ക് എന്നെ ദർശിക്കാനുള്ള ‘ശൗഖു’ (പ്രേമത്തിൻ്റെ ആർത്തി) വർദ്ധിക്കും തോറും അവരോടുള്ള ശൗഖ് എനിക്കും വർദ്ധിക്കുന്നു.“
ഇങ്ങിനെ ശൈഖും ശിഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുമ്പോൾ ശൈഖിന്റെ ഒരംശമായി ശിഷ്യൻ മാറുന്നു. സന്താനം മാതാവിൻ്റെ ഒരംശമാ യതു പോലെ. ജനനം രണ്ടു തരമുണ്ട്. നൈസർഗ്ഗീക ജനനവും, അദ്ധ്യാത്മിക ജനനവും. മാതാവ് പ്രസവിക്കൽ നൈസർഗ്ഗീക ജനനം. ഒരദ്ധ്യാത്മ ഗുരുവിൻ്റെ ശിഷ്യനാക്കിത്തീരൽ അദ്ധ്യാത്മ ജനനവും.
ഈസാ നബി(അ) അരുളി: “രണ്ടു തവണ ജനിക്കാത്തവൻ, പ്രപഞ്ച രഹസ്യങ്ങളറിയുകയില്ല.”
ആദ്യത്തെ ജനനം കൊണ്ടു ദൃശ്യലോകവുമായും, രണ്ടാമത്തെ ജനനം കൊണ്ടു അദൃശ്യ ലോകവുമായും മനുഷ്യൻ ബന്ധപ്പെടുന്നു. പരിശുദ്ധ ഖുർആൻ പറയുന്നു:
“അങ്ങിനെ നാം ഇബ്രാഹീം നബിക്ക് ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യ ലോകങ്ങൾ കാണിച്ചു കൊടുത്തു: അദ്ദേഹം ദൃഢജ്ഞാനമു ള്ളവരിൽ ഉൾപ്പെടാൻ വേണ്ടി.“

ഈ ദ്വിതീയ ജനനം കൊണ്ടാണ് സമ്പൂർണ്ണ ജ്ഞാനം ലഭിക്കുന്നത്. പ്രവാചകന്മാരുടെ അനന്തരാവകാശ സ്വത്ത് അതാണ്. അതു ലഭിക്കാൻ ഭാഗ്യം കിട്ടാത്തവൻ ജനിക്കാത്തതു പോലെയാണ്. അവനെത്ര വലിയ ബുദ്ധിജീവിയോ, പ്രതിഭാശാലിയോ ആയാലും ശരി. ശറഇൻ്റെ പ്രഭ തട്ടാതെ ഊഷരമായ ബുദ്ധിയിൽ ഒരിക്കലും അദൃശ്യ ലോകം നിഴലിക്കയില്ല. ദൃശ്യ ലോകത്തു മാത്രം അതു ചുരുണ്ടു കിടക്കും. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന അറിവു മാത്രമേ അപ്പോൾ ലഭിക്കുകയുള്ളൂ. ആത്മാവിൻ്റെ നാവു മാത്രമാണ് ബുദ്ധി. ആത്മാവിന്റെ ഹൃദയമാകട്ടെ ഉൾക്കണ്ണ് ആണ്. ഈ ഉൾക്കണ്ണിൽ നിന്നാണ് മാർഗ്ഗദർശനത്തിന്റെ പ്രകാശം നിർഗ്ഗളിക്കുക. ഹൃദയത്തിന്റെ ദ്വിഭാഷി മാത്രമാണല്ലോ നാവ്. ദ്വിഭാഷി പറയുന്നതെല്ലാം തർജ്ജമ ചെയ്യപ്പെടുന്ന വ്യക്തിക്ക് വിവരമുള്ള കാര്യമായിരിക്കും. എന്നാൽ തർജ്ജമ ചെയ്യപ്പെടുന്ന വ്യക്തിക്കറിയുന്നതൊക്കെ തർജ്ജമ്മ ചെയ്യുന്നവനറിയില്ല. അതിനാൽ ഉൾക്കണ്ണ് ലഭിക്കാത്തവർക്കൊന്നും പ്രവാചകന്മാരുടെ അനന്തരാവകാ ശധനമായ ജ്ഞാനം ഉണ്ടാവുകയില്ല. അവർ മറയ്ക്കു പിന്നിലാണു നിലകൊള്ളുക. അവരുടെ കൂടെ തർജ്ജമക്കാരൻ മാത്രമാണല്ലോ ഉള്ളത്. മറ്റൊരാൾ പറഞ്ഞു കൊടുത്താലല്ലേ തർജ്ജമക്കാരന്ന് ഭാഷാന്തരപ്പെടുത്താനൊക്കൂ.
നൈസർഗ്ഗികമായ ജനനത്തിന്നുള്ള അണുക്കൾ പിതാക്കളുടെ മുതുകളിലൂടെയാണല്ലോ വന്നത്. ഓരോ കുഞ്ഞിനും ഓരോ അണു എന്ന കണക്കിൽ അല്ലാഹു സൃഷ്ടിച്ചു. അവയെല്ലാം ആദമിൻ്റെ മുതുകിൽ അല്ലാഹു നിക്ഷേപിച്ചിരുന്നു. എന്നിട്ടു മക്കയുടെയും, ത്വാഇഫിൻ്റെയും മദ്ധ്യേയുള്ള ‘ബത്തൻഅമാൻ’ എന്ന സ്ഥലത്തുവെച്ച് അല്ലാഹു ആദമിൻ്റെ മുതുകിൽ നിന്നു ആ അണുക്കളെയെല്ലാം പുറത്തുകൊണ്ടു വന്നു. ആദമിൻ്റെ രോമകൂപങ്ങളിലൂടെ വിയർപ്പു പോലെ പുറത്തേക്കൊഴുകി വന്ന ആ അണുക്കളോടു അല്ലാഹു ചോദിച്ചു: “ഞാൻ നിങ്ങളുടെ റബ്ബല്ലയോ?” അതെയെന്നു പ്രതികരണമുണ്ടായി. പിന്നെ അവയെ പൂർവ്വസ്ഥിതിയിലേക്ക് അല്ലാഹു മടക്കി. അണുക്കൾ മുതുകുകൾ മാറി മാറി നീങ്ങിക്കൊണ്ടും ജനിച്ചു കൊണ്ടുമിരുന്നു. ചിലർ ജനിക്കുമ്പോൾ മുതുകിൽ ഈ അണുക്കളൊന്നുമില്ലാതെയാണ് പിറന്നത്. അവർക്ക് സന്താന ഭാഗ്യമുണ്ടായില്ല. ചിലരുടെ മുതുകിൽ ധാരാളം അണുക്കൾ നിക്ഷിപ്തമായിരുന്നു. അവർക്ക് ധാരാളം മക്കളുമുണ്ടായി. ഇതു പോലെത്തന്നെ രണ്ടാമത്തെ ജനനത്തിലും ചിലരുടെ മുതുകിൽ അണുക്കളില്ലായിരുന്നു. ഇവരാണ് ശിഷ്യ സമ്പത്തില്ലാതിരിക്കുന്ന ശൈഖുമാർ. ചിലരുടെ മുതുകിൽ കൂടുതൽ അണുക്കൾ നിക്ഷിപ്തമായിരുന്നു. അവർക്ക് ധാരാളം ശിഷ്യസൗഭാഗ്യമുണ്ടായി. ഈ സന്താന സൗഭാഗ്യമില്ലാത്ത സത്യ നിഷേധികളെപ്പറ്റിയാണ് അല്ലാഹു ഖുർആനിൽ നബിയോടായി അരുളിയത്:
“നബിയേ, താങ്കളെ നിന്ദിക്കുന്നവർ തന്നെയാണ് സന്താനഭാഗ്യമില്ലാത്ത, വാലറ്റവൻ”

നബിതിരുമേനി(സ)യുടെ സന്താനപരമ്പര രണ്ടർത്ഥത്തിലും ഖിയാമം നാൾ വരെ നിലനിൽക്കുന്നു. ജ്ഞാനത്തിനു അർഹതയുള്ളവർക്ക് മാത്രമാണ് അദ്ധ്യാത്മികമായ ജനനത്തിനു ഭാഗ്യം സിദ്ധിക്കുന്നത്. അവർ ഒരേ കുടുംബാംഗങ്ങളായി നിലകൊള്ളുന്നു. പ്രവാചകന്മാരുടെയും അവരുടെ ജ്ഞാനം അനന്തരാവകാശമായി കിട്ടിയ പുണ്യാത്മാക്കളുടെയും കുടുംബപരമ്പരയാണത്. തറവാട്ടു പരമ്പരയും ഇതും തമ്മിൽ ബന്ധമൊന്നുമില്ല.

നൂഹുനബി(അ) യുടെ മകൻ പ്രളയത്തിൽ മുങ്ങിച്ചാകാൻ പോകുമ്പോൾ അവനെ രക്ഷിക്കാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ച നൂഹു നബി(അ) യോടു അല്ലാഹു അരുളി:
“അവൻ നിൻ്റെ കുടുംബാംഗമല്ല.“
നാം ഇവിടെപ്പറഞ്ഞ അദ്ധ്യാത്മ കുടുംബമാണിവിടെ വിവക്ഷിതം. അവൻ നൂഹുനബി(അ) യുടെ അദ്ധ്യാത്മ ബീജമല്ലെന്നു ആശയം. തറവാട്ടു ബന്ധത്തേക്കാൾ വലുതു അദ്ധ്യാത്മബന്ധമാണെന്നു ഇവിടെ നിന്നു വ്യക്തം. അദ്ധ്യാത്മബന്ധമില്ലാത്ത തറവാട്ടു ബന്ധത്തിനു പുണ്യാത്മാക്കൾക്കിടയിൽ യാതൊരു വിലയുമില്ല. അബൂലഹബിനെ സംബന്ധിച്ചു ചിന്തിക്കുമ്പോൾ ഇക്കാര്യം കൂടുതൽ സ്പഷ്ടമാകും. അദ്ധ്യാത്മബന്ധുക്കളുടെ അണുക്കൾ പരസ്‌പരം ആകർഷിക്കുകയും ചെയ്യുന്നു.
കസീറുബിൻ വൈസു(റ) പറയുന്നു:
“ഡമാസ്‌കസ്സിലെ പള്ളിയിൽ അബുദ്ദർദാഉ(റ) വിന്റെ കൂടെ ഇരിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഒരാൾ വന്നു പറഞ്ഞു:
“ഓ, അബുദ്ദർദാഅ്, ഞാൻ മദീനായിൽ നിന്നാണ് വരുന്നത്. നബി തിരുമേനിയിൽ നിന്ന് എനിക്കറിയാത്ത ഒരു ഹദീസ് അങ്ങു റിപ്പോർട്ടു ചെയ്യു ന്നുണ്ടെന്നു കേട്ടപ്പോൾ വന്നതാണ്.”
അബുദ്ദർദാഉ(റ) ചോദിച്ചു: “വല്ല കച്ചവടാവശ്യവും ഇതോടൊപ്പമുണ്ടോ?”
ഇല്ലെന്നു അദ്ദേഹം മറുപടി നൽകി. അപ്പോൾ അബുദ്ദർദാഉ(റ) അരുളി:
“നബി തിരമേനി(സ) അരുളുന്നതു ഞാൻ കേട്ടിട്ടുണ്ട്. വല്ലവനും ജ്ഞാനം കരസ്ഥമാക്കാൻ വേണ്ടി വല്ല വഴിക്കുമിറങ്ങി പുറപ്പെട്ടാൽ അല്ലാഹു അയാൾക്ക് സ്വർഗ്ഗത്തിലേക്കുള്ള പാത തുറന്നു കൊടുക്കും. ജ്ഞാനം തേടിയിറങ്ങുന്നവനോടുള്ള ഇഷ്ട‌ത്താൽ മലക്കുകൾ അവന്ന് ചിറകുകൾ താഴ്ത്തി കൊടുക്കും. ആകാശ ഭൂമികളിലുള്ളവരെല്ലാം അവന്നു വേണ്ടി അല്ലാഹുവിനോടു മാപ്പിന്നപേക്ഷിക്കും. ജലാശയങ്ങളിലെ മത്സ്യങ്ങൾപോലും!
‘ആലിമി’ന്നു ‘ആബിദി’നേക്കാൾ മഹത്വമുണ്ട്. ചന്ദ്രന്നു മറ്റു നക്ഷത്രങ്ങളേക്കാൾ തിളക്കം കാണപ്പെടുന്ന പോലെ.(നക്ഷത്രങ്ങൾക്കാണ് യഥാർത്ഥത്തിൽ കൂടുതൽ തിളക്കമെങ്കിലും, അതു ജനങ്ങൾക്കുപകാരപ്പെടുന്നില്ല. ചന്ദ്രൻ്റെ വെളിച്ചമാണ് ജനങ്ങൾക്ക് കൂടുതൽ ലഭിക്കുന്നത്) ജ്ഞാനികൾ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. വെള്ളിയോ, പൊന്നോ, പ്രവാചകന്മാരിൽ നിന്ന് ആർക്കും അനന്തരാവകാശമായി ലഭിക്കുകയില്ല. ജ്ഞാനം മാത്രമാണ് ലഭിക്കുക. അതു ലഭിച്ചത് ആരോ, അവൻ പൂർണ്ണത നേടുന്നു.”
അല്ലാഹു ജ്ഞാനത്തിൻ്റെ അണുക്കളെല്ലാം ആദ്യം ആദംനബി(അ) യിൽ നിക്ഷേപിച്ചു. അതിനെ മാനിക്കാൻ വേണ്ടിയാണ് മലക്കുകളെക്കൊണ്ടല്ലാഹു ആദമിന്നു സുജൂദു ചെയ്യിച്ചത്. പിന്നെ അതു മക്കളിലൂടെ നീങ്ങി നീങ്ങി വന്നു. അനുസരണക്കേടും, മറവിയും, നഫ്‌സിൻ്റെ മോഹങ്ങളും, പൈശാചികതയും തഥൈവ. എല്ലാം പരമ്പരാഗതമായി തലമുറകൾ കൈമാറിക്കൊണ്ട് ഇരുന്നു.
ഒരു റിപ്പോർട്ടിൽ ഇങ്ങിനെ കാണുന്നു:
ആദമിനെ പടക്കാൻ വേണ്ടി മണ്ണെടുക്കാൻ അല്ലാഹു ജീബ്രീൽ(അ)നോടു കൽപിച്ചു. അല്ലാഹുവിൻ്റെ പ്രത്യേക തരത്തിലുള്ള തിരുനോട്ടമുണ്ടായ മണ്ണാണ് ജിബ്രീൽ അതിന്നു വേണ്ടി എടുത്തത്. അല്ലാഹുവിൻ്റെ ആജ്ഞ കേൾക്കാനും, ഉത്തരം നൽകാനും പ്രത്യേക ശക്തിയുള്ള മണ്ണ്. അതു ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണെടുത്തത്.
അല്ലാഹു ഭൂമിയോടും ആകാശങ്ങളോടും ആജ്ഞാപിച്ചു:
“നിങ്ങൾ സ്വമനസ്സാലെയോ, നിർബ്ബന്ധിതരായോ എന്നിലേക്കു വരുവീൻ.”
അവ പ്രതിവചിച്ചു:
“ഞങ്ങളിതാ, സ്വമനസ്സാലെത്തന്നെ വരുന്നു.” -ഖുർആൻ
ഇങ്ങിനെ കല്പ‌ന സ്വീകരിക്കാൻ ശക്തിയുള്ള മണ്ണാണ് ജിബ്രീൽ(അ) എടുത്തത്. അതിനാൽ ആ മണ്ണിന്ന് അല്ലാഹുവിങ്കൽ പ്രത്യേക പദവിയുണ്ടായിരുന്നു. ആ പദവി ലഘൂകരിക്കാൻ വേണ്ടിയാണ് ഭൂമിയിലെ വിവിധ ഭാഗങ്ങളിലെ മണ്ണുകൊണ്ടു അല്ലാഹു ആദമിനെ സൃഷ്‌ടിച്ചത്. തന്മൂലം ആദമിന്റെ നഫ്സിൽ തന്നിഷ്ടം (ഹവ) ഊട്ടപ്പെട്ടു. അതു കൊണ്ടാണദ്ദേഹം സ്വർഗ്ഗത്തിലെ നശ്വര വൃക്ഷ(ശജറത്തുൽഫനാ) ത്തിലേക്കു കൈ നീട്ടിയത്. ഈ തന്നിഷ്ടത്തിന്റെ ചേരുവയുള്ളതു കൊണ്ട് സഫ്‌സിന്ന് നശ്വരത ബാധിച്ചു. എന്നാൽ അല്ലാഹു ആ നഫ്‌സിൽ തൻ്റെ ആത്മാവിൽ നിന്നു ഊതിയപ്പോൾ അതിനു മഹത്വം കൈവരികയും ചെയ്‌തു. അല്ലാഹു അരുളുന്നു:”ഞാനവനെ കൃത്യമായി സംവിധാനിക്കുകയും, എൻ്റെ ആത്മാവിൽ നിന്നും അവനിൽ ഊതുകയും ചെയ്‌തപ്പോൾ…..” -പരിശുദ്ധ ഖുർആൻ

ഈ മഹത്വം, ഇൽമും, ഹിക്‌മത്തുമത്രെ. കൃത്യമായി സംവിധാനിച്ച നഫ്‌സിൽ അല്ലാഹു തൻ്റെ ആത്മാവിൽ നിന്നു ഊതിയപ്പോൾ ആ നഫ്‌സിന് പ്രതിഭയുള്ള ആത്മാവ് (റൂഹുറൂഹാനി) ലഭിച്ചു. മൃഗങ്ങളുടെ ആത്മവിന്നു ഈ പ്രതിഭയില്ല. ‘റൂഹുഹയവാനി’ (പ്രതിഭയില്ലാത്ത ആത്മാവ്) ആണ് മൃഗങ്ങളുടേത്. അങ്ങിനെ ആദമിൻ്റെ ഹൃദയം ജ്ഞാനത്തിൻ്റെയും നഫ്സ് തന്നിഷ്ടത്തിന്റെയും സ്രോതസ്സായിത്തീർന്നു. ഈ ഹിക്മത്തും, തന്നിഷ്ടവും, തലമുറകൾ കൈമാറികൊണ്ടിരുന്നു. തന്നിഷ്ടത്തിന്റെ സ്രോതസ്സിനെ നൈസർഗ്ഗികമായി ജ്ഞാനത്തിലൂടെയും, ഹിക്‌മത്തിൻ്റെ സ്രോതസ്സിനെ അദ്ധ്യാത്മിക ജനനത്തിലൂടെയും തലമുറകൾ കൈമാറി. അപ്പോൾ ആദം(അ) നമുക്ക് രണ്ടു വിധത്തിലും പിതാവു തന്നെ. നൈസർഗ്ഗിക ജനനത്തിലൂടെ നശ്വരത(ഫനാഉ) നമ്മിൽ വന്നുകൂടി. അധ്യാത്മ ജനനത്തിലൂടെ അനശ്വരതയും. ഈ അനശ്വരതയുടെ ബീജം, ശാശ്വത വൃക്ഷ (ശജറത്തുൽ ഖുൽദ്) ത്തിൽ നിന്നുള്ളതത്രെ. ജ്ഞാനത്തിന്റെ വൃക്ഷമാണത്. ഈ മരമാണെന്നു തെറ്റിദ്ധരിച്ചാണ് ആദം മറ്റേ മരത്തിന്റെ പഴം തിന്നത്. ഇബ് ലീസാണ് തെറ്റിദ്ധരിപ്പിച്ചത്. ഏതു വസ്തുവിനേയും വിപരീതമായി വീക്ഷിക്കലത്രെ ഇബ്‌ലീസിൻ്റെ സ്വഭാവം.
ഇത്രയും പറഞ്ഞതിൽ നിന്ന്, ശിഷ്യരുടെ അദ്ധ്യാത്മ പിതാവാണ് ശൈഖെന്ന് വ്യക്തമായല്ലോ? നമ്മുടെ ശൈഖ്, അബുന്നജീബ്ളിയാഉദ്ദീൻ സുഹ്റർവർദി(റ) സാധാരണ പറയാറുണ്ട്:
“എന്റെ പാത സ്വീകരിക്കുകയും, ഞാൻ കാണിച്ചു കൊടുക്കുന്ന വഴിയിലൂടെ നീങ്ങുകയും ചെയ്യുന്നവനാരോ അവനാണ് എൻ്റെ മകൻ.”
ശൈഖുമാർക്ക് മുഹിബ്ബുകളുടെ (സ്നേഹിക്കുന്നവരുടെ) പാത, മഹബൂബുകളുടെ (സ്നേഹഭാജനങ്ങളുടെ) പാത, എന്നിങ്ങനെ രണ്ടു പാതയുണ്ട്. ശൈഖുമാരുടെ ജീവിതമാരംഭിക്കുന്നതു ഈ രണ്ടു പാതകളിലൊന്നിലൂടെയായിരിക്കും. കഠിനാദ്ധ്വാനത്തിലൂടെ അല്ലാഹുവിനോടുള്ള സ്നേഹത്തിൽ മുന്നേറുന്നതാണ് മുഹിബ്ബീങ്ങളുടെ പാത. അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹവർഷത്താൽ അല്ലാഹുവിൻ്റെ സ്നേഹം ഒരാളിൽ നിക്ഷിപ്തമാവുക മൂലം അയാൾ ഉന്നത പദവിയിലെത്തുന്ന പാതയാണ് മഹ്ബൂബുകളുടെ പാത. പ്രവാചകന്മാർക്ക് അല്ലാഹു കനിഞ്ഞരുളുന്ന മഹാഭാഗ്യത്തിൻ്റെ ഒരാംശമാണ് ഈ പാതയെന്നു പറയാം. കാരണം, ഇതു അദ്ധ്വാനം കൂടാതെ ലഭിക്കുന്ന ഒരു നിക്ഷേപം പോലെയാണ്. ആദ്യത്തെ പാതയിൽ മനുഷ്യൻ അല്ലാഹുവിനെ അങ്ങോട്ടു സ്നേഹിക്കുമ്പോഴാണ് അല്ലാഹു ഇങ്ങോട്ടു സ്നേഹിക്കുന്നത്. രണ്ടാമത്തെ പാതയിൽ അല്ലാഹു ഇങ്ങോട്ടു സ്നേഹിക്കുമ്പോഴാണ് മനുഷ്യൻ അല്ലാഹുവിനെ സ്നേഹിക്കുന്നത്.

തസ്വവ്വുഫിൽ നാലു പാതകളാണുള്ളത്

  1. കഠിനാദ്ധ്വാനവും ഇബാദത്തും പരിശീലനങ്ങളുമായി ജീവിതം മുഴുവൻ ത്യാഗത്തിൽ കഴിഞ്ഞു കൂടുന്നവർ. ‘സാലിക് മുജർറദ്’ എന്ന സാങ്കേതിക സംജ്ഞയിലാണ് ഈ പാത അറിയപ്പെടുന്നത്. ഈ പാതയിലുള്ളവർക്ക് പൂർണ്ണത നേടാൻ കഴിയുകയില്ല. തന്മൂലം ഒരു ശൈഖായിരിക്കാൻ യോഗ്യതയില്ലാത്തവരാണിവർ. നഫ്‌സിൻ്റെ മാലിന്യങ്ങളിൽ ചിലതു ബാക്കിനിൽക്കുന്നതാണ് കാരണം. ഇവർ തങ്ങളുടെ അതിർത്തിയിലെത്തി നിൽക്കുകയല്ലാതെ, അവിടെ നിന്നു മുന്നോട്ടു നീങ്ങി സമ്പൂർണ്ണതയിലെത്തുന്നില്ല. കഠിനാദ്ധ്വാനങ്ങളുടെയും വ്രതങ്ങളുടെയും, ദശയിൽ തന്നെയായിരിക്കും ഇവരെന്നും.
  2. നിക്ഷേപം കിട്ടുന്നപോലെ അല്ലാഹു തൻ്റെ സ്നേഹത്തിനു പ്രത്യേകമായി തെരഞ്ഞെടുക്കുന്നവർ.
    മറകൾ നീങ്ങുകയും ദൃഷ്ടാന്തങ്ങൾ കാണുകയും മൂലം, കഠിനാദ്ധ്വാനമൊന്നും കൂടാതെത്തന്നെ പുണ്യാത്മാക്കളുടെ നിരയിലെത്തുന്നവർ. പക്ഷേ, ഈ സൗഭാഗ്യം നേടിയ ശേഷം പിന്നെ കഠിനാദ്ധ്വാനങ്ങളിൽ മുഴുകാതിരിക്കുക മൂലം ഇവർക്ക് മുന്നേറാൻ സാധിക്കാറില്ല. അതിനാൽ ഇവരും ശൈഖായിരിക്കാൻ യോഗ്യരല്ല. ഈ പാതയിലുള്ളവരുടെ സാങ്കേതിക സംജ്ഞ ‘മജ്‌ദൂബ് മുജർറദ്’ എന്നത്രെ. ഈ വിഭാഗത്തെപ്പറ്റി പിന്നീടു വിശദീകരണം വരുന്നുണ്ട്.
  3. കഠിനമായ ഇബാദത്തുകളിലൂടെയും വ്രതങ്ങളിലൂടെയും, ശിക്ഷണശീലനങ്ങളിലൂടെയും അല്ലാഹുവിൻ്റെ സ്നേഹം നേടിയെടുക്കുന്നവർ. പിന്നെ കഠിനാദ്ധ്വാനം ചെയ്യാതെ തന്നെ നിർവൃതിയനുഭവിക്കാൻ സൗഭാഗ്യം ലഭിക്കുന്നവർ. കടന്നലുകളുടെ കുത്തുകൾ ഏറെ സഹിച്ചു തേനെടുത്തു ഭുജിക്കുന്നവരെപ്പോലെയാണിവർ. അല്ലാഹുവിൻ്റെ സാമീപ്യമാകുന്ന മധുനുകരാൻ തുടങ്ങുമ്പോൾ പിന്നെ അവർക്ക് വിശ്രമവും, തുറസും ലഭിക്കുന്നു. പരമാനന്ദമനുഭവിക്കാൻ കഴിയുന്നു. ദർശന(മുശാഹദ)ത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്നു. രോഗങ്ങളെല്ലാം ഔഷധങ്ങളായി പരിണമിക്കുന്നു. പാത്രം നിറഞ്ഞു ഹിക്മത്തു കവിഞ്ഞൊഴുകുന്നു. ജനങ്ങൾ അങ്ങോട്ടാകൃഷ്ടരാവുകയും, പ്രപഞ്ച രഹസ്യങ്ങൾ ഉൾക്കണ്ണുകളിൽ പ്രതിബിംബിക്കുകയും, ഉള്ളും പുറവും ശുദ്ധമാവുകയും ചെയ്യുന്നു. ജനക്കൂട്ടത്തിനിടയിൽ പോലും ഇവർക്ക് ഏകാഗ്രത ലഭിക്കുകയും, സായൂജ്യമനുഭവിച്ച് ഉന്നത പദവിയാസ്വദിക്കുകയും ചെയ്യുന്നു. ശൈഖായിരിക്കാൻ എല്ലാ യോഗ്യതയുമൊത്തിണങ്ങിയ ഈ പദവി ‘സാലിക്’, ‘മുതദാറകൽജദബ്’ എന്ന സംജ്ഞയിലറിയപ്പെടുന്നു. ഇതാണ് മുമ്പ് പ്രസ്താവിച്ചിട്ടുള്ള ‘മുഹിബ്ബു’കളുടെ പാത. ഇവർക്ക് ധാരാളം ശിഷ്യഗണങ്ങ ളുണ്ടായിരിക്കും. പക്ഷേ, ചിലപ്പോൾ ഈ വകുപ്പിലുള്ളവരും സമ്പൂർണ്ണതയിലെത്തിയെന്നു വരില്ല. ഉന്നതമായ ഒരതിർത്തിയിൽ ചെന്നാൽ പിന്നെ മുന്നോട്ടു നീങ്ങാൻ തടസ്സം നേരിട്ടെന്നു വരാം. എന്നാലും മഹത്തായ പദവി തന്നെ. ജ്ഞാനം ലഭിച്ചവർ പല പദവിയിലാണെന്ന് ഖുർആൻ പ്രസ്താവിച്ചിട്ടുള്ളതോർക്കുക.
  4. സമ്പൂർണ്ണപദവി ഇനി പറയുന്നതാണ്. ഇത്. ‘മജൂദുബു മുതദാറക്’ എന്ന സംജ്ഞയിലറിയപ്പെടുന്നു. മുമ്പു നാം പ്രസ്‌താവിച്ച ‘മഹ്ബൂബു’കളുടെ (സ്നേഹഭാജനങ്ങളുടെ) പാതയാണിത്. അതായത് അദ്ധ്വാനമൊന്നും കൂടാതെ നിക്ഷേപം കിട്ടുന്ന പോലെ അല്ലാഹുവിൻ്റെ സ്നേഹത്തിന്നു പാത്രമായവർ. അങ്ങിനെ ‘മുകാശഫ’കളും ദൃഷ്‌ടാന്തങ്ങളും ലഭിക്കുക വഴി മറകൾ നീങ്ങുകയും, ദുനിയാവിൻ്റെ വൈരൂപ്യം ഇവർ കണ്ടറിഞ്ഞു എല്ലാ സുഖങ്ങളും വലിച്ചെറിയുകയും ചെയ്യുന്നു. ജ്ഞാനപാരാവാരത്തിൽ ആറാടി, എല്ലാ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് സമ്പൂർണ്ണത പ്രാപിക്കുന്നു. എന്റെ ഉൾക്കണ്ണ് കൊണ്ടു കാണുന്ന റബ്ബിനെ മാത്രമാണ് ഞാൻ ആരാധിക്കുന്നതെന്നു വെട്ടിത്തുറന്നു പറയുന്ന അവസ്ഥയാണിത്. ഇത്തരക്കാർ ഈ അവസ്ഥ പ്രാപിച്ചാൽ കഠിനമായി അദ്ധ്വാനിച്ചു ഇബാദത്തിൽ മുഴുകുന്നവരായിരിക്കും. പക്ഷേ, ആ അദ്ധ്വാനം അവർക്കാനന്ദമായിരിക്കും. തീവ്രമായ വ്രതങ്ങളും, ധ്യാനങ്ങളും അവർക്ക് ആയാസരഹിതമായിരിക്കും. അവസാന നിമിഷം വരെ അവരതു തുടരും. അവരുടെ ഹൃദയം പോലെയായിരിക്കും ശരീരവും. ദിവ്യപ്രേമം നിറഞ്ഞു വഴിഞ്ഞൊഴുകുന്ന മനസ്സും, ശരീരവും! മനസ്സു പോലെ ചർമ്മവും മൃദുലമായിരിക്കും. ഉന്നതരായ പുണ്യാത്മാക്കളുടേതെന്നു പരിശുദ്ധ ഖുർആൻ പറഞ്ഞതു ഇവിടെ പുലർന്നു കാണാം. ഇബാദത്തിന്നു മനസ്സു വഴങ്ങുന്നപോലെ ചർമ്മവും വഴങ്ങുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുമെന്നു താത്പര്യം.
    ഈ കഠിനാദ്ധ്വാനം അല്ലാഹുവിൻ്റെ പ്രത്യേക പ്രീതിക്കുകാരണമായിത്തീരുന്നു. ഒരു പ്രത്യേക പ്രേമസാമ്രാജ്യത്തിൽ അവർ എത്തുന്നു. വിരഹം, ഉടനെ സമാഗമം! തടസ്സം, ഉടനെ തുറസ്സ് – പരമാനന്ദകരമായ പദവി. ഇതാണ് പൂർണ്ണ സായൂജ്യം, നഫ്സ്‌സിൻ്റെ കാറും ചേറുമെല്ലാം നീങ്ങി ആത്മാവിന്റെ ഊഷ്മളതയുടെ സുഖമാസ്വദിച്ച്, തന്നിഷ്ട‌ങ്ങളുടെ വേരുകൾ ഹൃദയത്തിൽ നിന്നു പിഴുതെറിഞ്ഞ് പൂർണ്ണതയുടെ പരമസാക്ഷാൽക്കാരം അനുഭവിക്കുക. ഈ അവസ്ഥയിലുള്ളവരത്രെ ശൈഖായിരിക്കാൻ ഏറ്റവും യോഗ്യർ. ഇവരെപ്പറ്റിയാണ് പരിശുദ്ധ ഖുർആൻ പറഞ്ഞത്:
    “അല്ലാഹു വിശിഷ്ടമായ സന്ദേശമവതരിപ്പിച്ചു. അതായത് ‘മുതശാബിഹായതും, ആവർത്തിച്ചോതപ്പെടുന്നതുമായ വേദഗ്രന്ഥം. റബ്ബിനെ ഭയപ്പെടുന്നവരുടെ ചർമ്മങ്ങൾ അതു കേട്ടാൽ കോരിത്തരിക്കുന്നു. പിന്നെ അവരുടെ ചർമ്മങ്ങളും, ഹൃദയങ്ങളും ദൈവ സ്‌മരണയിലേക്ക് മൃദു ലമായിത്തീരുന്നു.”
    ഇങ്ങിനെ ഹൃദയത്തെപ്പോലെ ചർമ്മവും ദൈവസ്‌മരണയിലേക്ക് മൃദുല മായിത്തീരുന്നതു അല്ലാഹുവിൻ്റെ പ്രത്യേക സ്നേഹ നിക്ഷേപത്തിന്ന് പാത്രീ ഭവിച്ചവരുടേതത്രെ. ഒരു റിപ്പോർട്ടിൽ പറയുന്നു:
    “മനുഷ്യൻ്റെ ഹൃദയത്തിൽ കടന്നുകൂടാനുള്ള വഴി ഇബ്ലീസ് അന്വേഷിച്ചു. അവനു അല്ലാഹുവിൻ്റെ മറുപടി കിട്ടി: അതു അസാധ്യമാണ്. എങ്കിലും ഹൃദയത്തിന്റെ അതിരുകളിൽ ആണ്ടു കിടക്കുന്ന നഫ്സിന്റെ വേരുകളുടെ അറ്റത്ത് നിനക്ക് ചെന്നെത്താം. അവിടെ അല്ലാഹുവിന്റെ അനുഗ്രഹത്തിൻ്റെ നീരുറവ നിർഗ്ഗളിക്കുന്നതു നീ കാണും. അതിൽ നിന്റെ വിയർപ്പു കലർത്തി വിട്ടാൽ നിൻ്റെ സ്വാധീനം ആ ഹൃദയത്തിലെത്തി ച്ചേരും. പക്ഷേ, പ്രവാചകന്മാരുടെയും പുണ്യാത്മാക്കളുടെയും ഹൃദയത്തിൽ നിന്നു നഫ്സിന്റെ വേരുകൾ പിഴുതുമാറ്റിയിരിക്കയാൽ അവിടെ സ്വാധീനം ചെലുത്താൻ നിനക്കൊരിക്കലും സാധിക്കുകയില്ല. എൻ്റെ പ്രത്യേക ദാസരിൽ നിനക്കധികാരമില്ല.”

സമ്പൂർണ്ണതയിലെത്തിയ നാലാമത്തെ വിഭാഗത്തിൻ്റെ അവസ്ഥയാണിത്. ഇവരാണ് ശിഷ്യർക്ക് ശിക്ഷണം നൽകാൻ ഏറ്റവും വിദഗ്ദ്ധർ. ഇവരുടെ
വിസ്തൃതമായ ഹൃദയം ആത്മാവിൻ്റെ പ്രകൃതം സ്വീകരിച്ചിരിക്കും. നഫ്സ് ഹൃദയത്തിന്റെ പ്രകൃതവും. തന്നിഷ്ടത്തിൻ്റെ അടിമയായിരുന്ന നഫ്‌സ് ഹൃദയത്തിന്റെ അടിമയായിരുന്നു. നഫ്സ് മൃദുലമായിത്തീർന്നിരിക്കാം. അപ്പോഴാണ് ചർമ്മവും മൃദുലമാകുന്നത്. ഈ മാർദ്ദവമാണ് കർമ്മത്തിന്നു ആനന്ദമേകുന്നത്. ഉൺമയുടെ സന്നിധിയിലേക്ക് ഈ ആത്മാവ് സദാ ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കും. ആത്മാവിനെ ഹൃദയവും, ഹൃദയത്തെ നഫ്സും പിന്തുടരുകയും ചെയ്യും. അപ്പോൾ ഹൃദയത്തിൻ്റെയും നഫ്‌സിൻ്റെയും കർമ്മങ്ങൾ സമ്മിശ്രമായിത്തീരുന്നു. അന്തർഭാഗം ബഹിർഭാഗത്തോടും, ബഹിർഭാഗം അന്തർഭാഗത്തോടും, ഖുദ്റത്ത് ഹിക്‌മത്തിനോടും, ഹിക്മ‌ത്ത് ഖുദ്റത്തിനോടും, ദുനിയാവ് ആഖിറത്തോടും, ആഖിറം ദുനിയാവിനോടും സമ്മിശ്രമായിരിക്കും. ഇനിയും സംശയങ്ങളൊന്നും നീങ്ങാനില്ലാത്ത ഘട്ടമാണിത്. എത്രത്തോളമെന്നാൽ, അവസാനത്തെ മറ നീക്കിയാൽ പോലും ദൃഢ വിശ്വാസത്തിൻ്റെ വർദ്ധനവൊന്നും ഇനി ഉണ്ടാകാനില്ലാത്ത സമ്പൂർണ്ണാവസ്ഥ. ഈ അവസ്ഥയിലെ
ത്തുന്ന വ്യക്തി ഉന്നതപദവികളിന്മേൽ അധികാരം നടത്തുന്നു. പദവികൾക്ക് അയാളിൽ അധികാരം നടത്താൻ കഴിയുകയില്ല. “പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചവർ” എന്ന വിശേഷണത്തിന്നു ഈ പദവിയിലെത്തിയവർ അർഹത നേടുന്നു. അവർ മാത്രമാണ് നഫ്‌സിൻ്റെ അടിമത്തത്തിൽ നിന്നും, ഖൽബിന്റെ അടിമത്തത്തിൽ നിന്നും സമ്പൂർണ്ണ മോചനം നേടിയവർ. ഇതാണ് ‘മഹബൂബ’കളുടെ മുക്തി. എല്ലാ തുറകളിലുമുള്ള മുക്തി. ‘മുഹിബ്ബു’കളുടെ പാതയിലുള്ള ശൈഖുമാർ ഈ സമ്പൂർണ്ണമുക്തി ലഭിച്ചവരല്ല. അവർക്ക് സ്വന്തം നഫ്‌സിന്റെ അടിമത്തത്തിൽ നിന്നു മോചനം ലഭിച്ചിരിക്കുമെങ്കിലും, ഖൽബിന്റെ അടിമത്തത്തിൽ നിന്നും പൂർണ്ണമായി രക്ഷപ്പെടാൻ ചിലപ്പോൾ സാധിക്കാറില്ല. ഉൺമയുടെയും, മനുഷ്യന്റെയും ഇടയിലുള്ള രണ്ടു കനത്ത മറകളാണ് നഫ്സും ഖൽബും. ഭൂമിയുമായി ബന്ധപ്പെട്ട ഇരുട്ടിൻ്റെ മറയാണ് നഫ്സ്. ആകാശവുമായി ബന്ധപ്പെട്ട പ്രകാശത്തിൻ്റെ മറയാണ് ഖൽബ്. ‘മഹ്ബൂബി’ന്റെ പാതയിലുള്ള ശൈഖ് മാത്രമേ ഇതു രണ്ടിൽ നിന്നും പൂർണ്ണ മുക്തിനേടുകയുള്ളൂ. ഈ അവസ്ഥയിൽ അയാൾ തന്റെ റബ്ബിന്റേതായി മാറുന്നു. കാലത്തിന്നു യാതൊരു സ്വാധീനവും അയാളിൽ ചെലുത്താൻ സാധിക്കയില്ല. നേരെ മറിച്ചു കാലത്തിന്മേൽ അയാളാണ് സ്വാധീനം ചെലുത്തുക. കാരണം കാലത്തിന്റെ അടിമത്തത്തിൽ നിന്നും അയാൾ മുക്തനായിരിക്കും. കാലത്തെ അയാൾക്കടിമയാക്കിക്കൊടുത്തിരിക്കുകയാണല്ലാഹു. ഇപ്പോൾ അല്ലാഹുവിൻ്റെ അടിമത്തം മാത്രം അയാളിൽ അവശേഷിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസം അയളിൽ സമ്പൂർണ്ണ ദശ പ്രാപിച്ചിരിക്കയാൽ അയാളുടെ ഉള്ളും പുറവും അല്ലാഹുവിനെ നമിക്കുന്നു. ഹൃദയത്തിലെ വിശ്വാസം നാവും ഏറ്റു പറയുന്നു. അല്ലാഹുവിന്റെ അടിമത്തത്തിൽ നിന്നു അയാളുടെ ഒരു അണു പോലും അകന്ന നിൽക്കുകയില്ല. അയാളുടെ ഇബാദത്തുകൾ മലക്കുകളുടെ ഇബാദത്ത് പോലെ സർവ്വാത്മനായുള്ളതായിരിക്കും.
“ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം സ്വമനസ്സാലെയോ, നിർബ്ബന്ധിതാവസ്ഥയിലോ അല്ലാഹുവെ നമിയ്ക്കുന്നു. പ്രഭാതങ്ങളിലും, പ്രദോഷങ്ങളിലും അവരുടെ നിഴലുകളും.”-പരിശുദ്ധ ഖുർആൻ

ആത്മാവിന്റെ നിഴലാണ് അതു സ്ഥിതി ചെയ്യുന്ന ശരീരം. നിഴലിന്റെ ആകൃതിക്ക് ദൃശ്യലോകത്തും, അദൃശ്യലോകത്തും വ്യത്യാസമുണ്ട്. ദൃശ്യലോകത്ത് നിഴലിന്ന് സ്ഥൂല ശരീരമില്ല. മൂലത്തിന്നാണ് സ്ഥൂലശരീരമുള്ളത്. ഇതിന്റെ നേരെ വിപരീതമത്രെ അദൃശ്യലോകത്ത്. അതായത് മൂലത്തിന്ന് സ്ഥൂലശരീരമില്ല. നിഴലിന്നു സ്ഥൂലശരീരമുണ്ടുതാനും. ഇതു രണ്ടും അല്ലാഹുവിനെ പ്രണമിക്കുന്നു. സമ്പൂർണ്ണതയിലെത്തിയ വ്യക്തിയുടെ നിഴലും ശരീരവും എല്ലാ നിമിഷത്തിലും അല്ലാഹുവിന്റെ അടിമവൃത്തിയിലാണ്. അങ്ങിനെയല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ അയാൾക്കു സാധ്യമല്ല. കാരണം, ഇബാദത്തിന്റെ സ്ഥൂലതയും നിഴലും അയാൾ കണ്ടെത്തിയിരിക്കുന്നു. ശരീരവും, ആത്മാവും അയാൾ വേരിതിരിച്ചറിഞ്ഞിരിക്കുന്നു. അയാളുടെ വാക്കും നോക്കും ശമനൗഷധമാണ്. അയാൾ മിണ്ടുന്നതും, മൗനം ദീക്ഷിക്കുന്നതും അല്ലാഹുവിൻ്റെ അനുമതിയോടെയാണ്. ഖുദ്‌സിയായ ഹദീസിൽ അല്ലാഹു അരുളി:
“സുന്നത്തായ കർമ്മങ്ങളിലൂടെ എൻ്റെ ദാസൻ എന്നോടു അടുത്തു കൊണ്ടിരിക്കും. ഒടുവിൽ ഞാനവനെ സ്നേഹിക്കും. സ്നേഹിച്ചാൽ ഞാൻ അവന്റെ കണ്ണും, കാതും, കൈയും, ശക്തിയുമായിത്തീരും. ഞാൻ മുഖേന അവൻ കാണും. ഞാൻ മുഖേന അവൻ കേൾക്കുകയും ചെയ്യും.”
ഈ വ്യക്തിയെ സംബന്ധിച്ചേടത്തോളം, ദാനവും നിരാസവുമെല്ലാം അല്ലാഹുവിന്റെ ഇച്ഛയിലൂടെയായിരിക്കും. അയാൾക്ക് സ്വന്തമായ ഇച്ഛയേയില്ല. അല്ലാഹു തന്റെ ഇച്ഛയെ അയാൾക്കറിയിച്ചു കൊടുക്കുന്നു. ഒരു നല്ല കാര്യം അയാൾ ചെയ്യുന്നതു അതു നല്ലതായതു കൊണ്ടല്ല. അല്ലാഹുവിന്റെ കല്പന നിറവേറ്റുക മാത്രമാണ്. ഇതൊക്കെയാണ് മുക്തിപ്രാപിച്ച മുറബ്ബിയായ ശൈഖിന്റെ (അധ്യാത്മ ഗുരു) രീതി.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy