അനുരാ​ഗിയുടെ അഭിലാഷവും വിലാപവും

We are currently exploring the profound meanings within the opening verses of Maulana Rumi's (RA) Masnavi Sharif. So far, we have discussed the literal meaning and detailed commentary of the first four lines.

മസ്നവി ശരീഫ് പരിഭാഷയും വ്യാഖ്യാനവും തുടരുന്നു:
ഉറവിടം തേടുന്ന പ്രണയാതുരമായ പുല്ലാങ്കുഴൽ നാദം: ഭാ​ഗം 3

റൂമി(റ) യുടെ മസ്നവി ശരീഫിലെ ആദ്യവരികളുടെ ആശയങ്ങളാണ് വിശദീകരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ നാലുവരികളുടെ അർത്ഥവും വ്യാഖ്യാനവുമാണ് ഇതുവരെയും വിശദീകരിച്ചിട്ടുള്ളത്. തുടർന്ന് വരുന്ന രണ്ട് ഈരടികളുടെ അർത്ഥവും ആശയവും വ്യാഖ്യാനവുമാണ് ഇനി വിശദീകരിക്കുന്നത്.
മുമ്പുള്ള സൂഫി സാഹിത്യത്തിലും പുല്ലാങ്കുഴൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, മൗലാനാ റൂമി(റ) യാണ് അതിനെ മനുഷ്യാത്മാവിന്റെ വിരഹത്തിന്റെ ഏറ്റവും ശക്തമായ പ്രതീകമായി മാറ്റിയത് എന്ന് ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. പുല്ലാങ്കുഴൽ മുളങ്കാട്ടിൽ (Reed-bed) നിന്ന് വേർപെടുത്തപ്പെട്ടതുപോലെ, മനുഷ്യാത്മാവ് അതിന്റെ ആത്മീയ ഉറവിടത്തിൽ നിന്ന് ഭൗതിക ലോകത്തേക്ക് വേർപെടുത്തപ്പെട്ടിരിക്കുന്നു. ഈ വേർപിരിയലിൽ നിന്നാണ് വിലാപവും ആഗ്രഹവും (Yearning) ജനിക്കുന്നത്.

سينه خواهم شرحه شرحه از فراق
تا بگويم شرح درد اشتياق
സീനെ ഖ്വാഹം ശർഹെ ശർഹെ അസ് ഫിറാഖ്
താ ബുഗൂയം ശർഹെ ദർദെ ഇശ്തിയാഖ്
I want a bosom torn by severance,
that I may unfold the pain of love-desire.
വേർപാടിനാൽ പിച്ചിച്ചീന്തപ്പെട്ട (കീറിമുറിക്കപ്പെട്ട) ഒരു ഹൃദയമാണ് എനിക്കാവശ്യം, എന്നാലേ എന്റെ അനുരാഗദാഹത്തിന്റെ വേദന എനിക്ക് വിവരിക്കാനാവൂ.
മൗലാനാ റൂമി(റ) ഇവിടെ വിവക്ഷിക്കുന്നത് കേവലമായ ഒരു വേദനയല്ല, മറിച്ച് അല്ലാഹുവിൽ (അഥവാ തന്റെ സ്രഷ്ടാവിൽ) നിന്ന് വേർപെട്ടു നിൽക്കുന്ന ആത്മാവിന്റെ വിലാപമാണത്.
കഷണങ്ങളാക്കപ്പെട്ട, കീറി മുറിക്കപ്പെട്ട ഹൃദയം എന്ന വാക്കിലൂടെ ഈ വിരഹാവസ്ഥയുടെ തീവ്രതയെയാണ് ആവിഷ്കരിക്കുന്നത്. സമാധാനമായി ഇരിക്കുന്ന ഒരാൾക്ക് ഈ വേദന മനസ്സിലാകില്ല. ദുഖം അനുഭവിച്ച് പരുവപ്പെട്ട ഒരു ഹൃദയത്തിന് മാത്രമേ ഈ വികാരത്തെ ഉൾക്കൊള്ളാൻ കഴിയൂ.
സ്വന്തം വേരുകളിൽ നിന്ന് അകന്നുപോയ പുല്ലാങ്കുഴൽ എങ്ങനെയാണോ മുളങ്കാടിലേക്കുള്ള മടക്കത്തിനുവേണ്ടി കരയുന്നത്, അതുപോലെ തന്റെ ആത്മീയ വേരുകളിലേക്ക് മടങ്ങാൻ വെമ്പുന്ന തിരിച്ചറിവുള്ള മനുഷ്യന്റെ അവസ്ഥയാണിത്.

ഈ വരിയിൽ റൂമി(റ) പറയുന്നത് വിരഹത്താൽ കീറിമുറിക്കപ്പെട്ട ഒരു ഹൃദയം തനിക്ക് വേണമെന്നാണ്, എങ്കിൽ മാത്രമേ വിരഹത്തിന്റെ വേദന വിവരിക്കാൻ സാധിക്കൂ. ഇവിടെ ‘ശർഹ’ (Sharh) എന്ന വാക്കിന് പേർഷ്യൻ ഭാഷയിൽ രണ്ട് അർത്ഥങ്ങളുണ്ട്: ഒന്ന് ‘വിവരണം’ (Explanation), രണ്ട് ‘കീറുക’ അഥവാ ‘മുറിക്കുക’ (To split). വിഖ്യാതനായ മസ്നവി വ്യാഖ്യാതാവ് ജാവേദ് മുജദ്ദിദി തന്റെ വിവർത്തനത്തിൽ “A breast which separation’s split in two” എന്ന് ഈ വരിയെ അവതരിപ്പിക്കുന്നു. മുജദ്ദിദിയുടെ അഭിപ്രായത്തിൽ, പുല്ലാങ്കുഴലിന്റെ പാട്ട് ആസ്വദിക്കാൻ കേവലം കാതുകൾ പോരാ, മറിച്ച് മുളങ്കാട്ടിൽ നിന്ന് വേർപെടുത്തപ്പെട്ട വേദന അനുഭവിക്കുന്ന ഒരു ഹൃദയം ആവശ്യമാണ്. സാധാരണക്കാർക്ക് ഈ പാട്ട് കേവലം വിനോദമായിരിക്കുമ്പോൾ, വേദനയുള്ളവർക്ക് അത് ആത്മീയ സമാഗമത്തിനുള്ള പ്രബോധനമാണ്.
ബദീഉസ്സമാൻ ഫൊറൂസൻഫർ എന്ന വ്യാഖ്യാതാവ് ഈ വരിയെ ആത്മീയമായ ഔന്നത്യത്തിലേക്കുള്ള പ്രയാണത്തിലെ ഒരു ഘട്ടമായ ‘ഫനാ’ (അഹന്തയുടെ നാശം) എന്ന അവസ്ഥയുമായി ബന്ധിപ്പിക്കുന്നു. തന്റെ ‘ശർഹെ മസ്നവിയെ ശരീഫ്’ എന്ന ഗ്രന്ഥത്തിൽ, അദ്ദേഹം വ്യക്തമാക്കുന്നത് പുല്ലാങ്കുഴൽ ശബ്ദിക്കുന്നത് അതിന്റെ ഉൾഭാഗം ശൂന്യമായതുകൊണ്ടാണ്. അതുപോലെ തന്റെ ഹൃദയം ലൗകിക ചിന്തകളിൽ നിന്ന് മുക്തമായി കീറിമുറിക്കപ്പെട്ടാൽ മാത്രമേ ദിവ്യരഹസ്യങ്ങൾ അതിലൂടെ പ്രവഹിക്കൂ എന്നാണ്.
വേദന അനുഭവിക്കാത്ത ഒരാൾക്ക് മറ്റൊരാളുടെ സങ്കടം മനസ്സിലാക്കാൻ കഴിയില്ല എന്നത് ഒരു ലോകതത്വമാണ്. പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് പറയുന്നതുപോലെ, വിരഹവേദന അറിയാത്തവരോട് തന്റെ അവസ്ഥ പറഞ്ഞിട്ട് കാര്യമില്ലെന്ന് മൗലാന പറയുന്നു. തത്തുല്യമായ വേദന അനുഭവിച്ച ഒരാൾക്ക് മാത്രമേ തന്റെ ആത്മീയ വേദനയുടെ ആഴം മനസ്സിലാക്കാൻ കഴിയൂ.

هر كسى كاو دور ماند از اصل خويش
باز جويد روزگار وصل خويش
ഹർ കസേ കൂ ദൂർ മാൻദസ് അസ്‍ലേ ഖ്വീശ്
ബാസ് ജൂയദ് റൂസ്ഗാറേ വസ്‌ലേ ഖ്വീശ്
Every one who is left far from his source
wishes back the time when he was united with it.
“തന്റെ ഉറവിടത്തിൽ നിന്ന് അകന്നുപോയവനാരോ, അവൻ തന്റെ
ആ പഴയ സമാഗമത്തിന്റെ നാളുകളെ വീണ്ടും അന്വേഷിച്ചുകൊണ്ടിരിക്കും.”
ഏതൊരു വസ്തുവും അതിന്റെ ഉറവിടത്തിൽ നിന്ന് അകന്നുപോയാൽ തിരികെ മടങ്ങാൻ ആഗ്രഹിക്കും എന്ന സാർവത്രിക തത്വമാണ് റൂമി(റ) ഇവിടെ ആവിഷ്കരിക്കുന്നത്. ഇവിടെ ‘പുല്ലാങ്കുഴൽ’ (നയ്) അല്ലെങ്കിൽ ‘ആത്മാവ്’ നടത്തുന്ന പരാതികളെയും വിലാപങ്ങളെയും കുറിച്ചാണ് സൂചിപ്പിക്കുന്നത്. ആ വിലാപത്തിന്റെ തുടർച്ചയാണ് ഈ വരികളും.
ഈ പ്രപഞ്ചത്തിലെ ഏതൊരു സൃഷ്ടിയും തന്റെ മൂലരൂപത്തിൽ നിന്ന് അകറ്റപ്പെട്ടാൽ അതിൽ ആസ്വാസ്ഥ്യം പ്രകടമാക്കും. അത് തന്റെ യഥാർത്ഥ സ്ഥാനത്തേക്ക് മടങ്ങിപ്പോകാൻ സകലവിധ പരിശ്രമങ്ങളും നടത്തും. ആത്മാവ് അതിന്റെ ലോകത്ത് (ആലമേ-അർവാഹ്) നിന്ന് വേർപെട്ട് ഭൗതികലോകത്ത് എത്തിയപ്പോൾ, തന്റെ പൂർണ്ണത നഷ്ടപ്പെട്ടതായി തിരിച്ചറിയുന്നു. അതിനാൽ അത് വീണ്ടും ആ പഴയ ലോകത്തേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു. ഇക്കാര്യം ഹാഫിസ് ശീറാസി(റ) യും തന്റെ കാവ്യശകലങ്ങളിലൂടെ ആവിഷ്കരിക്കുന്നുണ്ട്:
ഹാഫീസ് ശീറാസി(റ) യുടെ വരികളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്:
“എനിക്കെന്തുകൊണ്ട് എന്റെ സ്വന്തം നാട്ടിലേക്ക് (യഥാർത്ഥ ഉറവിടത്തിലേക്ക്) മടങ്ങാൻ ആഗ്രഹിച്ചു കൂടാ?
എനിക്കെന്തുകൊണ്ട് എന്റെ പ്രിയതമന്റെ (സ്രഷ്ടാവിന്റെ) പാദങ്ങളിലെ മണ്ണായി മാറി കൂടാ?”

മനുഷ്യാത്മാവ് ‘ആലമേ അർവാഹിൽ’ (ആത്മാക്കളുടെ ലോകം) അല്ലാഹുവിന്റെ സാമീപ്യത്തിലായിരുന്നു. ആ ആത്മാവാകട്ടെ സൃഷ്ടിയാണ് താനും. അതിനൊരു തുടക്കമുണ്ട്. എന്നാൽ അനാദിയായവന്റെ ഇൽമിൽ വസിച്ചിരുന്നതും ഇപ്പോഴും വസിച്ചുകൊണ്ടിരിക്കുന്നതും അതോടൊപ്പം ഉൺമയും ഗുണങ്ങളും ആകാരരൂപങ്ങളും നൽകപ്പെട്ട് അവനിൽ നിന്ന് ആലങ്കാരികാർത്ഥത്തിൽ വേർപെട്ട് നിൽക്കുകയുമാണ് മനുഷ്യൻ. ഈ വേർപാടിലും സംഗമത്തെ കൊതിക്കുകയാണ് ഉറവിടത്തെ സംബന്ധിച്ച ശരിയായ ഉൾക്കാഴ്ചയുള്ള അല്ലാഹുവിന്റെ ആരിഫീങ്ങൾ കൂടിയായ ആശിഖീങ്ങൾ. വാസ്തവത്തിൽ അവനിലേക്ക് സ്വമേധയായോ നിർബന്ധപൂർവ്വമോ മടങ്ങേണ്ടവരാണ് മനുഷ്യരും സൃഷ്ടികളാകെയും. ആ മടക്കം കൊതിക്കുന്ന ആത്മാവിന്റെ വിലാപങ്ങളുടെ ന്യായമെന്താണെന്നാണ് റൂമി(റ) ഈ വരിയിൽ പറയാൻ ശ്രമിക്കുന്നത്.
ഇവിടെ നിർബന്ധിതമായ സാഹചര്യങ്ങളാൽ പ്രവാസലോത്തെത്തുകയും എപ്പോഴും പ്രണയാതുരമായ മനസ്സോടെ തന്റെ പ്രിയതമയുടെ വേർപ്പെടുത്താനാവാത്ത വിചാരങ്ങളാൽ ഉന്മത്തനാവുകയും വിരഹവേദന അനുഭവിക്കുകയും തന്റെ പ്രിയതമയിലേക്ക് എപ്പോഴും മടങ്ങാൻ കൊതിക്കുകയും ചെയ്യുന്ന ആ പ്രണയഭാജനത്തോടൊപ്പമുള്ള സംഗമത്തിനും സ്ഥിരവാസത്തിനുമായി വെമ്പൽ കൊള്ളുകയും ചെയ്യുന്ന ഒരു അനുരാഗിയുടെ ആത്മവിലാപമാണിത്. പുല്ലാങ്കുഴൽ അതിന്റെ ഉറവിട സ്ഥാനമായ പഴയ മുളങ്കാടിനെ ഓർക്കുന്നതുപോലെയാണത്. ഓരോ ആത്മാവും ബോധപൂർവ്വമോ അല്ലാതെയോ ആ പഴയ ‘സമാഗമകാലം’ (Union) അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഈ വരികളിലെ اصل എന്ന പ്രയോഗവും وصل എന്ന പ്രയോഗവും വേർപിരിയൽ(فراق) എന്ന ആശയത്തിലുള്ള പ്രയോഗങ്ങളുമെല്ലാം സ്വൂഫി സാങ്കേതിക പദാവലികളിൽ ആഴത്തിലുള്ള അർത്ഥങ്ങൾ അന്തർവഹിക്കുന്നതാണ്.

പുല്ലാങ്കുഴൽ എല്ലാത്തരം ആളുകൾക്കിടയിലും പാടുന്നു. സങ്കടപ്പെടുന്നവരുടെ കൂടെയും സന്തോഷിക്കുന്നവരുടെ കൂടെയും പുല്ലാങ്കുഴൽ ഗീതമുണ്ട്. എന്നാൽ ഓരോരുത്തരും അവരവരുടെ ധാരണകൾക്ക് അനുസരിച്ചാണ് അതിനെ സ്നേഹിക്കുന്നത്, ആരും അതിന്റെ ആന്തരിക രഹസ്യങ്ങൾ (Asrar) അന്വേഷിക്കുന്നില്ല. ഇലാഹീ പ്രണയത്താൽ ആർദ്രമായ ഇത്തരം ആത്മഗീതങ്ങളുടെ പൊരുളുകളെയും യഥാർത്ഥ രഹസ്യങ്ങളെയും ആത്മപ്രകാശം സിദ്ധിച്ച മഹാമനീഷികളായ ആത്മജ്ഞാനികൾക്ക് മാത്രമേ പ്രാപിക്കാനാവുകയുള്ളൂ. അവർ മാത്രമാണ് ആ ആന്തരിക രഹസ്യങ്ങൾ അന്വേഷിക്കുന്നത്.
മനുഷ്യർ പലപ്പോഴും സത്യത്തെ കാണുന്നത് സ്വന്തം താൽപ്പര്യങ്ങളുടെയും മുൻവിധികളുടെയും കണ്ണാടിയിലൂടെയാണ്. പുല്ലാങ്കുഴലിന്റെ പാട്ട് കേൾക്കുമ്പോൾ ദുഃഖിതൻ തന്റെ ദുഃഖവും സന്തോഷിക്കുന്നവൻ തന്റെ സന്തോഷവും അതിൽ കണ്ടെത്തുന്നു. എന്നാൽ പുല്ലാങ്കുഴലിന്റെ വിലാപം ‘ഇലാഹിൽ നിന്ന് വേർപ്പെട്ടവന്റെ വിരഹം’ ആണെന്ന് തിരിച്ചറിയാൻ ചുരുക്കം ചിലർക്ക് മാത്രമേ സാധിക്കൂ.
ജാവേദ് മുജദ്ദിദിയും നികോൾസണും ഈ വരിയെ വിശദീകരിക്കുന്നത് റൂമി(റ) യുടെ തന്നെ ജീവിതവുമായി ബന്ധിപ്പിച്ചിട്ടാണ്. റൂമി(റ) യെ പലരും ഒരു കവിയായും പണ്ഡിതനായും കണ്ടു, എന്നാൽ അദ്ദേഹത്തിന്റെ ഉള്ളിലെ ജ്ഞാനാഗ്നിയെയും അതിനെ ജ്വലിപ്പിച്ച ശംസ് തബ്രീസി(റ) യുമായുള്ള ആത്മീയ ബന്ധത്തെയും ശൈഖുമൊത്തുള്ള പുനഃസമാഗമത്തിനുള്ള അഭിലാഷത്തെയും കൂടി ഈ വരികൾ പ്രകാശിപ്പിക്കുന്നു. അഥവാ ഫനാഫിശ്ശൈഖ് എന്ന അവസ്ഥയെയും ഈ വരികൾ പ്രതിഫലിപ്പിക്കുന്നു എന്നർത്ഥം. തീർച്ചയായും പുല്ലാങ്കുഴൽ റൂമി(റ) യുടെ തന്നെ ഒരു പ്രതീകമാണ്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy