സൂഫീസ്വാധീനം
വൈദ്യർ കൃതികളിൽ

കെ. അബൂബക്കർ:

സൂഫി ആശയങ്ങളും ജീവിത മൂല്യങ്ങളും മഹാകവി മോയിൻ കുട്ടി വൈദ്യരുടെ കാവ്യങ്ങൾ എത്രമാത്രം പ്രതിഫലിപ്പിക്കുന്നു എന്ന അന്വേഷണങ്ങൾക്ക് ഒരു ആമുഖമാണ് ഈ പഠനം. മഹാകവി മോയിൻ കുട്ടി വൈദ്യരുടെ സമ്പൂർണ്ണ കൃതികൾ സമാഹരിച്ച് അതിന് മലയാള ലിപ്യന്തരണം നൽകി വ്യാഖ്യാന സഹിതം ക്രോഡീകരിച്ച വലിയൊരു വൈജ്ഞാനിക ദൗത്യത്തിന്, പ്രമുഖ ചരിത്രകാരനായിരുന്ന കെ. കെ. മുഹമ്മദ് അബ്ദുൽ കരീം സാഹിബിനോടൊപ്പം പങ്കാളിത്തം വഹിച്ച പ്രമുഖ ഗവേഷകനും എഴുത്തുകാരനും അദ്ധ്യാപകനുമായ കെ. അബൂബക്കർ മാഷുടേതാണ് ഈ പഠന ലേഖനം.

യോഗാത്മകാനുഭൂതി പകരുന്ന മിസ്റ്റിക് കാവ്യങ്ങളല്ല വൈദ്യരുടെ രചനകൾ. അതിനാൽ അത്തരം ഒരന്വേഷണം വൈദ്യരുടെ കാവ്യലോകത്തിൽ അപ്രസക്തമാണ്. എങ്കിലും മിസ്റ്റിക്കുകളുടെ രചനകളിൽ കണ്ടുവരുന്ന ആശയങ്ങളും സങ്കൽപങ്ങളുമൊക്കെ വിരളമല്ലാത്ത വിധം അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ കാണാം. ചിലപ്പോൾ കേവല പരാമർശങ്ങളായി, ഇടക്കൊക്കെ അന്തർധാരകളായി, മിക്കപ്പോഴും കവിയുടെ കാഴ്ചപ്പാടുകളെ തന്നെ നിയന്ത്രിക്കുന്ന ദാർശനിക നിലപാടുകളായുമെല്ലാം പല നിലവാരത്തിൽ സൂഫിസ്വാധീനം വൈദ്യർകൃതികളിൽ പ്രത്യക്ഷപ്പെടുന്നു. മോയിൻകുട്ടി വൈദ്യർ ഒരു കവിയാണ്. അദ്ദേഹത്തിന്റെ രചനകളിലെ സൂഫീസ്വാധീനത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ലോകതലത്തിൽ തന്നെ മുസ്ലിംകൾക്കിടയിൽ പുഷ്ടിപ്പെട്ടുവന്ന സാഹിത്യവും ദർശനവും സൂഫിസത്തോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു എന്ന് മനസിൽ വെച്ചുകൊണ്ടു വേണം നാം ഇൗ വിഷയത്തെ കുറിച്ചുള്ള ആലോചന തുടങ്ങാൻ.
മൂലപ്പുരാൻ എന്ന പേരിൽ മോയിൻകുട്ടി വൈദ്യരുടെ ഒരു ചെറുകാവ്യമുണ്ട്. ആ കാവ്യനാമം തന്നെ ഒരുതരം ദാർശനിക മാനമുള്ളതാണ്. മനുഷ്യൻ നിരന്തരം അഭിമുഖീകരിക്കുന്ന തന്റെ അസ്തിത്വത്തിന്റെ സ്രോതസിനെകുറിച്ചുള്ള അന്വേഷണത്തിന് സമാനമായി മുലപ്പുരാനെ കണ്ടെത്തുന്ന ദാർശനിക പാരമ്പര്യത്തെ സൂചിപ്പിക്കുന്നുണ്ട് ആ തലവാചകം. കാവ്യാരംഭത്തിൽ എഴുതപ്പെട്ട വരികളിൽ ദൈവത്തിൽ ഉൽപത്തി കണ്ടെത്തുന്ന മനുഷ്യാസ്തിത്വത്തെ പ്രവാചകനുമായി ബന്ധിപ്പിക്കുന്ന ഒരു സമീപനം കാണാം:
മുലപ്പുരാൻ അവന്റെ മുത്തിനാൽ പടച്ചു മുന്നേ
മുദലായ് മുവ്വാറ് സാവർ ആലമുക്കും മുമ്പുതന്നേ
കോലം തിരിത്ത് റബ്ബ് അമർത്തിയേ മറയിൽ നിന്നേ
കോടികൾ ലാക്കും യെണ്ണം മട്ടിടാദൊരുത്തരിന്നേ

പ്രവാചക പ്രകാശം
പതിനെണ്ണായിരം ലോകങ്ങളും പടക്കുന്നതിനു മുമ്പായി അല്ലാഹു അദൃശ്യലോകത്ത് മുത്ത്നബിയുടെ ആത്മാവിന്റെ ഒളി പടച്ചു. ആ ഒളിവിൽ നിന്നാണ് പിന്നീട് കോടിക്കണക്കായ സൃഷ്ടികളത്രയും പടച്ചത്. അതിനാൽ ആ ഒളിവിനെ ആദിമുത്തൊളി എന്ന് വിളിക്കുന്നു. അങ്ങനെയാണ് സ്വന്തം അസ്തിത്വത്തെ മിസ്റ്റിക്കുകൾ പ്രവാചകനുമായി ബന്ധിപ്പിക്കുന്നത്. ഗസ് വതു ബദറുൽ കുബ്റായിൽ തൊങ്കൽ ഇശലിലുള്ള പെരിപ്പം പടപ്പെല്ലാം ഒരു മുത്താലേ എന്ന് തുടങ്ങുന്ന മൂന്നാമത്തെ പാട്ടിലും മുസ്ലിം മിസ്റ്റിക്കുകൾക്ക് ഏറെ പ്രിയങ്കരമായ ഈ ആശയം വൈദ്യർ അവതതരിപ്പിക്കുന്നുണ്ട്. ആദിമമനുഷ്യൻ, ആദ്യത്തെ നബിയായ ആദംനബി(അ) യാണെന്ന് സെമിറ്റിക് മതങ്ങളുടെ ചരിത്രം ഊന്നിപ്പറയുന്നു. എന്നാൽ അതിനും മുമ്പെ മുഹമ്മദ് നബി(സ്വ) യുടെ ഒളി/ പ്രകാശം(നുറുമുഹമ്മദ്) സൃഷ്ടിക്കപ്പെട്ടുവെന്നാണ് മേൽപറഞ്ഞ പാട്ടിൽ വൈദ്യർ എഴുതുന്നത്.
ഹാകിം അരുൾക്ക് ആലം ഗയ്ബ് തന്നിൽ
ഹക്ക്വാൽ റുസുൽക്കെല്ലാം ഉദിത്ത് മുന്നിൽ
ഈക്കിൽ ശഹാദയിൽ നബികൾ പിന്നിൽ
ഉദിപ്പിച്ചുടയവൻ തിഹാമു മന്നിൽ
ദൃശ്യമല്ലാത്ത, മറഞ്ഞ ലോകത്ത് എല്ലാ ദൈവദൂതന്മാർക്കും മുമ്പെയും ദൃശ്യലോകത്ത് അവർക്കെല്ലാം പിന്നിലായും മുഹമ്മദ് നബി(സ്വ) ഉദിപ്പിക്കപ്പെട്ടുവെന്ന് കവി പറയുന്നു. പ്രപഞ്ചസൃഷ്ടി ദൈവികേച്ഛയായി തീർന്നപ്പോൾ ആദ്യം സൃഷ്ടിക്കപ്പെട്ടത് പ്രവാചക പ്രകാശമാണെന്ന് ചില ഹദീസുകളുടെ വെളിച്ചത്തിൽ മുസ്ലിം മിസ്റ്റിക്കുകൾ കരുതുന്നു. പോയകാല മാപ്പിളപ്പാട്ടുകളിൽ വിടാതെ പാലിച്ചിരുന്ന ചിട്ടകളിലൊന്നാണ് കാവ്യാരംഭത്തിലെ ദൈവസ്തുതിയും പ്രവാചകപ്രകീർത്തനവും. അതുപ്രകാരം രചിക്കപ്പെട്ട വരികളിൽ തന്നെ ഈ ആശയം നിബന്ധിക്കുക വഴി പ്രവാചക പ്രേമിയായ കവിയും സ്വന്തം അസ്തിത്വത്തെ പ്രവാചക പ്രകാശത്തോട് ബന്ധിപ്പിക്കുന്നു. ഇത് വൈദ്യരുടെ മിക്ക രചനകളിലും ആചാര മര്യാദയുടെ ഭാഗമായി കടന്നുവരുന്നത് കാണാം. ജഗതരകണ്ണാനാം പുരാബീജം എന്ന പരാമർശത്തിലൂടെ മലപ്പുറം പടയിലെ രണ്ടാമത്തെ പാട്ടിൽ നിർവ്വഹിക്കുന്ന ദൗത്യവും അതുതന്നെ. ആവർത്തിച്ചാവർത്തിച്ച് ആസ്വാദകർക്ക് കൈമാറുന്നതിലൂടെ അവരെയും ആദിമുത്തൊളിയുമായി കവി ചേർത്ത് നിറുത്തുന്നു.

അതേ കൃതിയിൽ തന്നെ അതിനേക്കാൾ ആഴത്തിൽ ഇതേ ആശയം അവതരിപ്പിക്കുന്നുണ്ട് 47ാമത്തെ ബമ്പിൽ. ” ആദിമനിശ്ശൂന്യതയുടെ അമ്പരപ്പിക്കുന്ന അവസ്ഥക്കു ശേഷം ആദിമസൃഷ്ടി പ്രകിയ ഉദ്ദേശിക്കപ്പെടുകയും അതിന്നുള്ള കരുക്കൾ ഒരുക്കപ്പെടുകയും ചെയ്തപ്പോൾ അവയിൽ അതീവ സുന്ദരമായ ഒരു സ്ഥാനം മഹദ്നാമാവായ നബി സയ്യിദുനാ മുഹമ്മദ് (സ്വ) അലങ്കരിക്കുകയുണ്ടായി. ഉണ്ടാകട്ടെ എന്ന കൽപ്പനയോടുകൂടി സംഭവിച്ച ദ്വിതീയ സൃഷ്ടിപ്രകിയയുടെ ഫലമായി ഉരുവപ്പെട്ട ആത്മാക്കളുടെ ലോകത്ത് അതിമനോഹരമായ ഒരു താഴികക്കുടത്തിനകത്ത് മുഹമ്മദീയ യാഥാർത്ഥ്യം കത്തി തിളങ്ങുകയുണ്ടായി. ആ ശുദ്ധ സ്വരൂപത്തിന്റെ തിരു താടികണ്ട പുലിക്കുട്ടികൾ പടക്കളത്തിലേക്ക് ചാടിയിറങ്ങി” അതി വിപുലമായ എതിരാളികളുടെ സംഘത്തോട് രക്തസാക്ഷിത്വ പ്രതീക്ഷയോടെ പതിനൊന്ന് പേർ പാതിരാവിൽ പൊരുതാനിറങ്ങുന്ന നേരത്താണ് മുഹമ്മദീയ യാഥാർത്ഥ്യവുമായി ബന്ധപ്പെട്ട ഈ പ്രയോഗം. അടുത്ത പാട്ടിൽ അതിന്റെ ഗുണഫലം പറയുന്നത്കൂടി കേൾക്കുമ്പോഴാണ് കാവ്യഘടനയിൽ അത് ചെലുത്തുന്ന സ്വാധീനം ബോധ്യപ്പെടുക. “ഇരുട്ടിലും മഴക്കാറിലുമുള്ള യുദ്ധത്തെക്കുറിച്ച് എന്തു പറയാൻ? പട നടത്തുന്ന കൊടു പുലികളുടെ കാഴ്ചക്ക് ഒരു മറയുമില്ല….ശത്രുക്കൾക്കാകട്ടെ ഇരുട്ട് കാരണം വെടിവെക്കാനോ ശരമുതിർക്കാനോ ഉന്നം പിടിക്കാൻ പോലുമോ കഴിഞ്ഞില്ല.” അങ്ങിനെ ഒരുതരം ആത്മീയമായ ആശയ വിനിമയത്തിലൂടെ വഴിയും വെളിച്ചവും കാണിക്കുന്ന അദൃശ്യ സാന്നിധ്യമായി സൂഫി സങ്കൽപ്പത്തിലെ പ്രവാചകപ്രഭ മലപ്പുറം പടയിൽ നിറഞ്ഞു നിൽക്കുന്നു.

കാലദേശാതീതം
കാലാതീതമായ ആത്മീയ സമ്പർക്കത്തിന്റെ കഥയാണിത്. കാലദൂരം പോലെ ദേശദൂരവും ആത്മീയ സമ്പർക്കത്തിൽ ഒട്ടും തടസമാവുകയില്ലെന്നാണ് സൂഫി വിശ്വാസം. അതുകൊണ്ടാണ് മലപ്പുറം പടപ്പാട്ടിന്റെ ആമുഖമായി ഇസ്ലാം കേരളത്തിലെത്തിയ കഥ പറയുമ്പോൾ ആഴിക്കുമപ്പുറത്ത് അറേബ്യയിൽ വെച്ചുനടന്ന ഒരു കാര്യം കേരളക്കാരനായ ചേരമാൻ കണ്ടുവെന്ന് പറയുന്നത്. പാട്ടിൽ പറയുന്നത് പ്രകാരം ദിംശിക്വിലെ ഹബീബ് രാജാവ് നബിയോട് ചന്ദ്രനെ പിളർന്ന് കാണിക്കാൻ ആവശ്യപ്പെടുന്നു. ദിവ്യ ദൗത്യത്തിന്റെ തെരുവിലേക്കായിട്ടായിരുന്നു ആ ആവശ്യം. നബി(സ്വ) അത് സ്വീകരിക്കുകയും ചന്ദ്രനെ പിളർക്കുകയും ചെയ്തു. രാജ്ഞിയുടെ കാമ പുർത്തീകരണത്തിന് തയ്യാറാകാതിരുന്ന മന്ത്രി പടമല നായരെ അന്യായമായി ശിക്ഷിച്ചതിനുള്ള പ്രായശ്ചിത്തമായി നാലാം വേദത്തിലും അന്ത്യ പ്രവാചകനിലും വിശ്വാസം കൊള്ളാൻ നിർദേശിക്കപ്പെട്ടിരുന്ന രാജാവിന് നബി വരികയും നാലാം വേദം അവതരിച്ച് തുടങ്ങുകയും ചെയ്തിരിക്കുന്നു എന്ന വിവരം നൽകപ്പെടുന്നത് മക്കയിൽ നിന്ന് നബി ഉണ്ടാക്കിയ ചന്ദ്രന്റെ പിളർപ്പ് കാണുന്നതിലൂടെയാണ്. അത്തരം ഒരു ചരിത്രപരമായ സാദ്ധ്യതയുള്ള പുരാവൃത്തത്തിന്റെ ബലത്തിലാണ് മലപ്പുറം പടയുടെ ആമുഖത്തിന്റെ ആരൂഢമുറപ്പിക്കുന്നത്. യുദ്ധം ഭൂമിയിൽ വെച്ച് മനുഷ്യർ തമ്മിൽ നടക്കുന്ന കാര്യമാണ്. അംഗ ബലവും ആയുധങ്ങളുടെ പ്രഹര ശേഷിയും അതുപയോഗിക്കുന്നവരുടെ മിടുക്കും യുദ്ധ തന്ത്രവുമൊക്കെയാണ് വിജയ പരാജയങ്ങളുടെ നിദാനങ്ങളായി സാധാരണ ഗതിയിൽ കണക്കാക്കുന്നത്. പട വിവരണത്തിൽ ആളെണ്ണവും അവരുടെ മിടുക്കും ആയുധ ശേഖരവുമൊക്കെ വിവരിക്കപ്പെടുന്നതിന്റെ സാംഗത്യമതാണ്. ബദർ യുദ്ധത്തിന്റെ ചരിത്രം പറയുമ്പോൾ മോയിൻകുട്ടി വൈദ്യരും ഇതൊക്കെ ചെയ്യുന്നുണ്ട്. ബദറിൽ പോരിനിറങ്ങിയ മുസ്ലിം സൈനികരുടെ പേരു വിവരം ആളെണ്ണത്തിലധികം നൽകുന്നുണ്ട്. അവരുടെ പട മിടുക്കും പലപ്പോഴായി വിശദമായി വർണ്ണിക്കപ്പെടുന്നുണ്ട്. ഇരു കക്ഷികളും ഒരുക്കിക്കൂട്ടിയ ആയുധങ്ങളുടെ സുക്ഷ്മ വിവരണവും തരുന്നുണ്ട്. തുടർന്നങ്ങോട്ടുള്ള വിവരണം പുരോഗമിക്കുന്നത് പക്ഷെ വേറൊരു രീതിയിലാണ്. സൈനികരെ നിരയൊപ്പിച്ച് നിറുത്തുക വരെ ചെയ്തതിൽ പിന്നെ, യുദ്ധം തുടങ്ങുന്നതോടെ മുസ്ലിം പക്ഷത്തെ സൈനികത്തലവനായ മുഹമ്മദ് നബി(സ്വ) തമ്പിലേക്ക് പിൻവാങ്ങുന്നതാണ് നാം കാണുന്നത്. വൈദ്യരുടെ വിവരണം പുരോഗമിക്കുന്നത് അങ്ങനെയാണ്. തമ്പിൽ കടന്ന നബി നിസ്കാരപ്പായയിൽ ചെന്ന് സുജൂദിൽ വീഴുന്നു.
ബഹളിക്കും പവർക്കത്തെ അടക്കുന്നെ ഇരുകൈയും
ബെളികൊള്ളാ ഉയർത്തിക്കൊണ്ടിരക്കുന്നോരായ് മെയ്യെ
ബീട്ടിത്ത് വഅ്ദാ പോൽ പെരിയെ താനേ
താനായ പുരാനോട് നബി ഹത്താ ഇരപ്പോരായ്
താവക കശിക്കേറ്റം കടച്ചിൽ പറ്റി മെയ്യെ
തങ്കത്തോൾ തനിൽ പുട പുവിയിൽ വീണാർ

പ്രാർത്ഥനയുടെ ശക്തി
ബദർ യുദ്ധക്കളത്തിലെ സേനാനായകനായിരുന്ന നബി തിരുമേനി(സ്വ) യുടെ തീവ്രമായ പ്രാർത്ഥനാ രംഗം കൊമ്പ് ഇശലിൽ വർണ്ണിക്കുന്ന, അടലേറ്റം കടുപ്പമായ് എന്നു തുടങ്ങുന്ന 54ാമത്തെ പാട്ടിലെ വരികളാണിത്. തിരുകൈകൾ കടയുമാറ് ദീർഘനേരം നബി പ്രാർത്ഥിക്കുന്നു. അംഗബലത്തേയോ അവരുടെ പടമിടുക്കിനേയോ ആശ്രയിക്കാതെ, ആയുധബലത്തെ ആശ്രയിക്കാതെ, അല്ലാഹുവിൽ അഭയം തേടുകയാണിവിടെ. കാര്യകാരണങ്ങളുടെ ചേർച്ചയിൽ അഭിരമിക്കുന്ന യുക്തിബോധത്തിന് ഉൾക്കൊള്ളാനാവാത്ത തരത്തിൽ, ഭൂമിയിലെ പ്രശ്നങ്ങൾക്ക് ആത്മീയമായി പരിഹാരം തേടുന്ന രീതിയാണിത്. എല്ലാം ദൈവഹിതപ്രകാരം ചെയ്തു അവന്റെ അനുകൂലമായ ഇടപെടലിനുവേണ്ട പ്രാർത്ഥനാനിരതമായ മനസുമായി കാത്തിരിക്കുന്ന നബി(സ്വ) തങ്ങളുടെയും സ്വഹാബത്തിന്റെയും ഈ രീതിയാണ് സൂഫികൾ അനുകരിക്കുന്നത്. കാവ്യത്തിൽ താൻ തന്നെ വിവരിക്കുന്ന അത്രയും മഹത്വമുള്ള ബദർ പോരാളികളെ അനുസ്മരിക്കുന്ന കവിത രചിക്കുന്നതിലൂടെ ഈ രീതി സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് കവി. കടം വീടുകയും രോഗം ശമിയ്ക്കുകയും പാപം പൊറുത്തുകിട്ടുകയും ചെയ്യണമെന്ന് പാട്ടിൽ പലപാട് കവി പറയുന്നുണ്ടല്ലോ. അങ്ങനെ വിരചിതമായ പാട്ട് പാടുന്നതിലൂടെ ലഭിക്കാവുന്ന ഗുങ്ങളെ കുറിച്ചുള്ള ഫല്രശുതിയിലൂടെ അതേ രീതി കവി ആസ്വാദകരിലേക്കും പകരുന്നു. സൂഫികളുടെ ജീവിതത്തിന്റെ തേട്ടം തന്നെ ദൈവിക സാമീപ്യം അനുഭവിക്കലാണ്. അതിന് എതിരു നിൽക്കുന്നതെന്തും ത്യജിക്കാൻ അവർ സന്നദ്ധരാണ്. അത് സ്വന്തം ജീവിതമാണെങ്കിൽ പോലും.
മരണം മിസ്റ്റിക്കുകളുടെ കാര്യത്തിൽ വിവാഹം പോലെ ആവേശകരമായ ഒരു കാര്യമാണ്. പ്രേമഭാജനത്തോട് സന്ധിക്കുന്നതിനുള്ള പ്രധാനതടസം നീങ്ങുന്നുവെന്നതാണ് അതിനുള്ള കാരണം. സൂഫികളുടെ ചരമ വാർഷികങ്ങൾ ഉർസ് എന്ന പേരിലാണല്ലോ ആഘോഷിക്കപ്പെടുന്നത്. نومة العروس എന്ന ഖുർആനിക പ്രയോഗത്തിൽ നിന്നാണ് ഉർസ് എന്ന വാക്കുണ്ടായത്. അല്ലാഹുവിന്റെ ആശിഖായ ഒരു വിശ്വസിയുടെ മരണ ദിനത്തിലെ ഖബ്റിലെ ആദ്യദിനത്തെയാണ് نومة العروس അഥവാ വധുവിനോടൊത്തുള്ള പുതുമണവാളന്റെ ഉറക്കം എന്ന അർത്ഥത്തിൽ ഈ പ്രയോഗം ഖുർആൻ പ്രയോഗിച്ചിട്ടുള്ളത്. സൂഫികൾ തങ്ങളുടെ പ്രണയഭാജനമായ അല്ലാഹുവുമായുള്ള വിസാലിനെ(ഒന്നാകുന്ന ലയനാവസ്ഥ) കാംക്ഷിക്കുന്നവരാണ്. വിവാഹദിനം കാത്തിരിക്കുന്ന പ്രതിശ്രുത വധുവരൻമാരുടെ വെമ്പലോടെയാണവർ മരണനാൾ പ്രതീക്ഷിക്കുന്നത്. അതേ മാനസികാവസ്ഥയിലുള്ള ചരിത്രപുരുഷൻമാർ ഏറെയുണ്ട് വൈദ്യർ കാവ്യങ്ങളിൽ.
ബമ്പർ അപ്പൊളുദ് ഉളത്ത് ഉളർന് നാൻ ഫശങ്കളാ
ബആക്കിടാമൽ ഒക്കെയും ബുജിക്കുവാൻ ഉരിക്കുകിൽ
യെമ്പുമെൻ ഹയാത്ത് നീളമാകലും സമയവും
യേറ്റമാകും യെണ്ടുരത്ത് എറിന്ദിടയ് സമർകളാ
ബദറിൽ യുദ്ധാസന്ന വേളയിൽ ഉമയ്ർ ഇബ്നു ഹിമാം(റ) ഈത്തപ്പഴം കഴിച്ചുകൊണ്ടിരിക്കുന്നു. നബി(സ്വ) സ്വർഗ്ഗീയാനുഭൂതികളെ കുറിച്ച് വർണ്ണിക്കുന്നു. ഒട്ടും ബാക്കി വെക്കാതെ മുഴുവൻ തിന്നാൻ ശ്രമിച്ചാൽ ജീവിതത്തിന് നീളം കൂടിയേക്കാനിടയുണ്ട് എന്നതിനാൽ അവ എറിഞ്ഞുകളയുകയും യുദ്ധക്കളത്തിലേക്ക് ചാടിയിറങ്ങുകയും ചെയ്യുന്നു. (39ാമത്തെ പാട്ട് ഇശൽ – കേണമാനേ) മാപ്പിളമാരുടെ മനസ്സിൽ ഇത്തരം ആശയങ്ങൾ വിതക്കാൻ വൈദ്യർ ആഗ്രഹിച്ചിരിക്കാം. മരണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത വിധം ദയനീയമായ നിലയിൽ കഴിയുന്ന സമകാലിന മാപ്പിളമാരെ അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ തീവഴിയിലേക്ക് ആനയിക്കുന്നതിന് അത് അനിവാര്യമായിരുന്നു. അതിന്റെ പ്രതിഫലനം അക്കാലത്തെ മാപ്പിളപ്രതികരണങ്ങളിൽ പ്രകടവുമാണ്.

മനുഷസാധാരണമല്ലാത്ത അനുഭവങ്ങൾ
മിസ്റ്റിക്കുകൾ പ്രണയോന്മത്തരാണ്. അതിന്റെ പരമലക്ഷ്യം അല്ലാഹുവത്രെ. അതിന്റെ സ്വാഭാവിക അനുബന്ധമാണ് പ്രവാചക സ്നേഹം. അത് സകല ചരാചരങ്ങളോടുമുള്ള സ്നേഹത്തിൽ ചെന്ന് കലാശിക്കുന്നു. പ്രവാചകപ്രേമത്തിന്റെ അതീവ ഹൃദ്യങ്ങളായ ആവിഷ്കാരങ്ങൾ എത്രയുമുണ്ട് വൈദ്യർ കൃതികളിൽ. യുദ്ധാനന്തരം തിരിച്ചെത്തുന്ന തിരുനബി(സ്വ)യെ മദീനാവാസികൾ സ്വീകരിക്കുന്ന ഒരു രംഗമുണ്ട് ബദർകാവ്യത്തിനൊടുവിൽ, 101ാമത്തെ മദിനിറവായെ എന്നു തുടങ്ങുന്ന മനോഹരമായ ഇശലിൽ
മദുനിറകഞ്ച പകുട്ടലർ മദുമദു തന്റെ മദു പൊങ്കി
മദു ഉപവാസിത്തടുക്കും മന്മദു മദു പോലെ
മദനിയർ ഒക്കാ മദിരത്താൽ മദിമദിത്തെത്തീ മഹ്മൂദർ
മദുമലർ പാദം പണിന്ദേറ്റി പുകളുവദായേ
എന്നാണ് കവി ആ രംഗം ചിത്രീകരിക്കുന്നത്. മധുരമുള്ള തേനിന്റെ ഗന്ധം ഉയരുന്ന പൂവ്. തേൻ കിട്ടാതെ വലയുന്ന കാമുകനായ വണ്ട് ആ പൂവിനെ പുൽകും പോലെ ഹൃദയഹാരിയായിരുന്നു ആ സംഗമം.
മുസ്ലിം സൈന്യം ചിതറിപ്പോവുകയും നബി(സ്വ)തങ്ങൾ ഏതാണ്ട് ഒറ്റപ്പെട്ടുപോവുകയും ശത്രുക്കൾ അവിടുത്തെ വധിക്കാനായി കഠിന്രശമം നടത്തുകയും ചെയ്യുന്ന സന്ദർഭമുണ്ടല്ലോ ഉഹ്ദ് പടപ്പാട്ടിൽ. ജീവിതം പണയപ്പെടുത്തിക്കൊണ്ട് മാത്രം സ്വന്തം ശരീരത്തേക്കാളേറെ തങ്ങൾ പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ എന്ന് അനുചരൻമാർ പരീക്ഷിക്കപ്പെടുന്ന സമയം. ഒട്ടുവളരെപ്പേർ ആ അഗ്നിപരീക്ഷയിൽ തങ്കത്തിളക്കത്തേടെ വിജയിച്ചു വരുന്നുണ്ട്.
നബിയുടെ മുഖം ലാക്കാക്കി ശത്രുക്കൾ എയ്തുവിടുന്ന അസ്ത്രങ്ങളെ സ്വന്തം മുഖം കൊണ്ട് തടുക്കുകയായിരുന്നു ക്വതാദത് ഇബ്നു നുഅ്മാൻ(റ). കൂട്ടത്തിൽ ഒരു ശരം കൊണ്ടത് അദ്ദേഹത്തിന്റെ കണ്ണിലാണ്. അമ്പേറ്റ കണ്ണ് പുറത്തുചാടി. അത് അറുത്തുകളയാനായിരുന്നു തന്റെ ശ്രമം. പ്രവാചകൻ അത് വിലക്കി. എങ്കിൽ കണ്ണും കാഴ്ചയും തിരിച്ചുകൊടുക്കുക എന്നായി ക്വതാദത്(റ). പ്രവാചകൻ അത് സ്വന്തം കൈയാൽ യഥാസ്ഥാനത്ത് തിരിച്ചുവെച്ച് തടകി. പൂർവ്വാധികം കാഴ്ച ശക്തിയോടെ കണ്ണ് തിരിച്ചുകിട്ടി.
മനുഷ്യസാധാരണമല്ലാത്ത ഇത്തരം അനുഭവങ്ങൾ നബിമാരുടെ ജീവിതത്തിൽ ചിലപ്പോഴൊക്കെ സംഭവിക്കാറുണ്ട്. പുണ്യാത്മാക്കളുടെ ജീവിതത്തിലും അങ്ങനെ സംഭവിച്ചേക്കാം. പ്രവാചകജീവിതത്തിലെ അത്തരം അനുഭവങ്ങൾ പലേടത്തായി വൈദ്യർ വിവരിച്ചിട്ടുണ്ട്. ബദർയുദ്ധത്തിന്റെ നിർണായകവേളയിൽ നബി(സ്വ) ഒരു പാത്രത്തിൽ കുറച്ച് മണൽ വാരിയെടുക്കുന്നു. പ്രാർത്ഥന നടത്തി അതിൽ ഊതുന്നു. ശത്രുക്കളുടെ മുഖം ഉന്നം വെച്ച് എറിയുന്നു. അത് ആയിരത്തോളം വരുന്ന ശത്രുപ്പടയാളികളുടെ മുഴുവൻ കണ്ണിൽ പതിച്ചു. ആരും ഒഴിഞ്ഞുപോയില്ല. അത് അവരുടെ പരാജയത്തിന് ആക്കം കുട്ടി.
ഇങ്ങനെ സൂക്ഷ്മവിശകലനത്തിന് തയ്യാറാവുകയാണെങ്കിൽ വൈദ്യരുടെ രചനകളിൽ ഈടോടെയും അഴകോടെയും സന്നിവേശിപ്പിക്കപ്പെട്ട ധാരാളം സൂഫീ ആശയങ്ങളും സമീപനങ്ങളും കാണാം. ഇത് മുസ്ലിം കവികളുടെ പൊതു നിലപാടായിരുന്നതിനാൽ അവയെ ഒറ്റപ്പെട്ട ഒരു രീതിയായി കാണാനും വയ്യ. യോഗാത്മക മത ജീവിതത്തിന്റെ വഴിയുപദേശിക്കുന്ന പണ്ഡിതന്മാർക്കും അവരുടെ ആശയങ്ങൾക്കും ഏറെ വേരുകളുണ്ടായിരുന്ന കേരളം അത് തേടുകയും ചെയ്തിരുന്നു. അല്ലെങ്കിൽ അന്നത്തെ കേരളീയാന്തരീക്ഷത്തിൽ നിന്ന് സ്വാഭാവികമായി ഉണ്ടാകാവുന്നത് അത്തരം രചനകളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy