സൈനുദ്ദീൻ മന്ദലാംകുന്ന്:
തസ്വവ്വുഫ് ത്വരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങൾ എന്ന ഗ്രന്ഥത്തെ വിമർശന വിധേയമാക്കുന്ന നിരൂപണ ലേഖനം. ഒരു പുസ്തക റിവ്യൂ എന്ന വിതാനത്തിനപ്പുറം ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന ചില സംവാദസ്ഥാനങ്ങളെ അടയാളപ്പെടുത്താനും ചില നിലപാടുകളെ പ്രശ്നവത്കരിക്കാനുമാണ് ഇതിൽ മുതിരുന്നത്. അതുകൊണ്ട് തന്നെ വ്യാജ സ്തുതികളെക്കാളപ്പുറം ഗ്രന്ഥനിരൂപണം തന്നെയായിരിക്കും ഈ കുറിപ്പ്.
തസ്വവ്വുഫ് ത്വരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങൾ എന്ന പേരിൽ ഡോ: സൈഫുദ്ദീൻ കുഞ്ഞ് രചിച്ച് Bibliophilic Insnities പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥം കേരളത്തിൽ വളർന്നുവരുന്ന സ്വൂഫി ആഭിമുഖ്യമുള്ള രചനകളിൽ സാമാന്യ നിലവാരം പുലർത്തുന്ന ഒരു പഠന ഗ്രന്ഥമാണ്. എന്നാൽ സവിശേഷ നിലവാരം പുലർത്തുന്ന ഒരു ഗ്രന്ഥമായിരിക്കും ഇതെന്ന് പ്രതീക്ഷിച്ചതിനാൽ ഗ്രന്ഥപാരായണം പൂർത്തീകരിച്ചപ്പോൾ അനുഭവപ്പെട്ട ചില പ്രതീക്ഷാഭംഗങ്ങളും വിപരീത ധാരണകളും പങ്ക് വെക്കാനാണ് ഈ സംവേദന കുറിപ്പ്.
സ്വൂഫിസത്തെയും തസ്വവ്വുഫിനെയും വളരെ ഗൗരവപൂർവ്വം സമീപിക്കുന്ന ഒരു അന്വേഷകനാണ് ഗ്രന്ഥകർത്താവ്. ആധുനിക ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ ആശയ ധാരയോട് ചേർന്ന് നിൽക്കുന്ന ഒരു ധൈഷണിക പശ്ചാത്തലമുള്ളയാളാണ് ലേഖകനെങ്കിലും സലഫി, വഹാബി ചിന്താധാരകളിൽ നിന്നുള്ളവരുടെ സൂഫിസത്തെ സംബന്ധിച്ച സാമ്പ്രദായിക വിമർശനാത്മക നിലപാടുകളിൽ നിന്ന് വളരെ വ്യത്യസ്തമായ സമീപനം സൂഫിസത്തെ സംബന്ധിച്ച് ലേഖകൻ വെച്ച് പുലർത്തുന്നുണ്ട്. ഈ സവിശേഷ വിതാനം പരിഗണിച്ചുകൊണ്ട് തന്നെ ഈ ഗ്രന്ഥരചനയിൽ അദ്ദേഹത്തിന് സംഭവിച്ച ചില സൂക്ഷ്മതക്കുറവുകൾ ചൂണ്ടികാണിക്കാനാണ് ഇതിൽ മുതിരുന്നത്. ഒരു പുസ്തക റിവ്യൂ എന്ന വിതാനത്തിനപ്പുറം ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന ചില സംവാദസ്ഥാനങ്ങളെ അടയാളപ്പെടുത്താനും ചില നിലപാടുകളെ പ്രശ്നവത്കരിക്കാനുമാണ് ഇതിൽ മുതിരുന്നത്. അതുകൊണ്ട് തന്നെ വ്യാജ സ്തുതികളെക്കാളപ്പുറം ഗ്രന്ഥനിരൂപണം തന്നെയായിരിക്കും ഈ കുറിപ്പ്.
തസ്വവ്വുഫ് ത്വരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങൾ എന്നതാണ് ശീർഷകം. ശീർഷകം സൂചിപ്പിക്കുന്നതും ഗ്രന്ഥം ചർച്ച ചെയ്യുന്നതുമായ അമൂർത്തമായ ഒരാശയം തസ്വവ്വുഫും ത്വരീഖത്തും ചരിത്രത്തിൽ നിർവ്വഹിച്ച ദൗത്യവും ധർമ്മവും എന്താണ് എന്നതാണ്. പിൻകവറിലെ കുറിപ്പിൽ നിന്ന് വ്യക്തി, പ്രദേശം, സമൂഹം, രാഷ്ട്രം, എന്നീ ഇടങ്ങളിൽ തസ്വവ്വുഫ് ചെലുത്തിയ സ്വാധീനത്തെയും ഇസ് ലാം വ്യാപനത്തിനും മുസ് ലിം സ്വത്വ സംരക്ഷണത്തിനും സൂഫികൾ നൽകിയ സംഭാവനകളെയുമാണ് ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നത് എന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ട് തന്നെ തസ്വവ്വുഫിന്റെ ആവിർഭാവവും ഇസ് ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിൽ അതിനുള്ള സാംഗത്യവും ചർച്ച ചെയ്യുന്ന ഒരു അദ്ധ്യായം ഈ ഗ്രന്ഥത്തിന്റെ തുടക്കത്തിൽ അനിവാര്യമായിരുന്നു. ഗ്രന്ഥത്തിന്റെ തുടക്കത്തിലുള്ള അദ്ധ്യായം ത്വരീഖത്ത്: സൂഫി സരണികളുടെ രൂപഘടനയും ആശയങ്ങളും എന്ന ശീർഷകത്തിലുള്ളതാണെങ്കിലും തസ്വവ്വുഫിനെ ഇസ് ലാമിക വൈജ്ഞാനിക വ്യവഹാരങ്ങൾ അടയാളപ്പെടുത്തിയ പരിഗണനീയ സ്ഥാനങ്ങളെ ഈ ഗ്രന്ഥം വേണ്ട വിധം ഗൗനിക്കുന്നില്ല. അഥവാ ഇസ് ലാം ദീനിന്റെ അഹ്കാമുകളുടെ മേഖല ഉൾക്കൊള്ളുന്ന ശരീഅത്ത് വിജ്ഞാനീയങ്ങളുടെ വികാസത്തോട് സമാനമായി ചരിത്രത്തിലൂടെ വികസിച്ചുവന്ന മനുഷ്യന്റെ ബാത്വിനി തഅയ്യുനുകളുമായി ബന്ധപ്പെട്ട ഇത്വാഅത്തുകളുടെയും അസ്റാറുകളുടെയും വിജ്ഞാനീയമായി തസ്വവ്വുഫിനെ തിരിച്ചറിയാൻ ഗ്രന്ഥകാരന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹദീസ് ജിബ്രീൽ എന്ന വിഖ്യാതമായ ഹദീസിൽ വ്യക്തമാക്കപ്പെടുന്ന ഇസ് ലാം, ഈമാൻ എന്ന ദീനിന്റെ ഉസ്വൂലുകളോട് ബന്ധപ്പെട്ട് ചേർത്ത് പറയപ്പെടുന്ന ഇഹ്സാൻ എന്ന മേഖലയുമായി തസ്വവ്വുഫിനുള്ള ബന്ധം ഈ ഗ്രന്ഥം വേണ്ട വിധം പരിഗണിക്കുന്നില്ല. ഇക്കാരണത്താൽ ഈ ഗ്രന്ഥത്തിന്റെ ആദ്യ അദ്ധ്യായത്തിന്റെ പാരായണത്തിലൂടെ തന്നെ തസ്വവ്വുഫിനോടുള്ള ആഭിമുഖ്യത്തേക്കാൾ തസ്വവ്വുഫിനോടുള്ള സന്ദേഹമാണ് വായനക്കാരിൽ പടരുന്നത് എന്ന കാര്യം ഇവിടെ പരാമർശിക്കാതിരിക്കാൻ നിർവ്വാഹമില്ല. ഇഹ്സാനിന്റെ മേഖലയാണ് തസ്വവ്വുഫ് കൈകാര്യം ചെയ്യുന്നതെന്ന കാര്യം കൃത്യമായും ഗ്രന്ഥകാരന് തിരിച്ചറിയാനാവുന്നില്ല.
ഗ്രന്ഥത്തിൽ ഒരിടത്ത് പറയുന്നു:
നബി(സ്വ) തങ്ങൾ ഉത്തമ സൃഷ്ടിയും സമ്പൂർണ്ണ മനുഷ്യനും(ഇൻസാൻ കാമിൽ) ആകയാൽ ശരീരത്തിന്റെയും ആത്മാവിന്റെയും(നഫ്സ്) പരിപൂർണ്ണമായ സംസ്കരണം (ഇഹ്സാൻ) പ്രവാചക പ്രേമവുമായി കണ്ണിചേർക്കപ്പെടുന്നു.
തസ്വവ്വുഫ് പഠനങ്ങൾക്ക് മുതിരുമ്പോൾ അടിസ്ഥാനപരമായി ആദ്യം തിരിച്ചറിയേണ്ടത് അതിലെ സാങ്കേതിക പദങ്ങളുടെ ആശയങ്ങളാണ്. പരിശുദ്ധ ഖുർആനിലെ തന്നെ പ്രയോഗങ്ങളായ, ജിസ്മ്, ഖൽബ്, റൂഹ്, നഫ്സ്, ഇഹ്സാൻ തുടങ്ങിയവയുടെ യഥാർത്ഥ നിർവ്വചനം എന്താണെന്നെങ്കിലും സാമാന്യമായി തിരിച്ചറിയേണ്ടത് ഇത്തരം പഠനങ്ങൾക്ക് മുന്നുപാധിയാണ്.
നഫ്സ് എന്നതിന് ശരീരം എന്നോ ആത്മാവ് എന്നോ ഇവ രണ്ടും ചേർന്നത് എന്നോ അർത്ഥ കൽപന ചെയ്താൽ അതിന്റെ ആശയം ശരിയായി സംവേദനം ചെയ്യപ്പെടുകയില്ല. നഫ്സിന് വിവിധ അവസ്ഥാന്തരങ്ങളുണ്ട്. അവയുമായി ബന്ധപ്പെട്ടുള്ള സംസ്കരണത്തിന്റെ വിവിധ രൂപങ്ങളുമുണ്ട്. ഈ സംസ്കരണ മുറകളെയെല്ലാം പൊതുവായി സ്ഥാനപ്പെടുത്താനാണ് തസ്കിയ്യത്തുന്നഫ്സ് എന്ന് പ്രയോഗിക്കപ്പെടുന്നത്. ഇതുപോലെ ഇഹ്സാൻ എന്താണെന്ന് വിശദീകരിക്കാതെയാണ് ബ്രാക്കറ്റിൽ ഇഹ്സാനെ കുറിച്ചു പരാമർശിച്ചിട്ടുള്ളത്. റൂഹിന്റെ മർത്തബയിലുള്ള ഇത്വാഅത്താണ് വാസ്തവത്തിൽ ഇഹ്സാൻ.
ഇങ്ങനെ വിഷയത്തിന്റെ കാതൽ സ്പർഷിക്കാനാവാതെ തികഞ്ഞ അവ്യക്തത പ്രകടമാക്കുകയാണ് ഗ്രന്ഥത്തിന്റെ തുടക്കഭാഗങ്ങളിൽ.
ഇസ് ലാമിക സമൂഹത്തിൽ മറ്റ് വൈജ്ഞാനിക മേഖലകൾ വളർന്നുവന്നതെല്ലാം പരിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തുകളുടെയും അടിസ്ഥാനങ്ങളിൽ നിന്ന് ഊർജ്ജം സ്വീകരിച്ചാണ്. ഇഹ്സാനിന്റെ വിജ്ഞാന മേഖലയായ തസ്വവ്വുഫും വളർന്നുവന്നത് പരിശുദ്ധ ഖുർആനിൽ നിന്നും തിരുചര്യയിൽ നിന്നും മാർഗദർശനങ്ങൾ ഉൾക്കൊണ്ടാണ്. ഈ അടിസ്ഥാന ധാരണയുടെ അഭാവം കൊണ്ടാണ് ഗ്രന്ഥകാരന്
തസ്വവ്വുഫ് സംബന്ധമായ അടിസ്ഥാന വിഷയങ്ങൾ പരിചയപ്പെടുത്തുന്നിടത്ത് ചില അവ്യക്തതകൾ സംഭവിക്കുന്നത്.
അല്ലാഹു, റസൂൽ(സ്വ), അഹ് ലു ബൈത്ത്, ശൈഖ് എന്നീ നാല് പ്രധാന അടിത്തറകളിൽ ത്വരീഖത്തുകൾ നിലകൊള്ളുന്നു എന്നാണ് അദ്ദേഹം എഴുതുന്നത്. ഇവിടെ അതിന്റെ വിശദാംശങ്ങൾ അദ്ദേഹം നൽകുന്നില്ല. ഇക്കാര്യം വിശദാംശങ്ങളോടെ പരിഗണിച്ചാൽ ദീനിന്റെ തന്നെ അടിത്തറയാണതെന്ന കാര്യം സുവ്യക്തമാവുന്നതാണ്.
നിരപേക്ഷമായ അർത്ഥത്തിൽ സൂഫിസത്തെയും തസ്വവ്വുഫിനെയും സമീപിക്കുന്ന പാശ്ചാത്യഗവേഷകരുടെ വസ്തുനിഷ്ഠതക്കപ്പുറം തസ്വവ്വുഫും ത്വരീഖത്തും ചർച്ച ചെയ്യുന്ന മൗലിക ഗ്രന്ഥങ്ങളെ അവലംബിക്കാൻ ഗ്രന്ഥകാരൻ മുതിരാതിരുന്നതിന്റെ അനിവാര്യമായ അവ്യക്തതയാണ് ഈ പരിചയപ്പെടുത്തലിലുള്ളത്. തീർച്ചയായും ഇഹ്സാൻ സംബന്ധമായ ചർച്ചയിൽ നിന്ന് ആരംഭിക്കേണ്ട ഒരു വിഷയം അടിസ്ഥാനം മറന്ന് മറ്റൊരു തലത്തിലേക്ക് പോകുന്നുവെന്നതിന്റെ നിദർശനം തന്നെയാണ് തുടക്കത്തിലുള്ള ഉപരിസൂചിത പരാമർശങ്ങൾ. അല്ലാഹുവും റസൂൽ(സ്വ) തങ്ങളും ഉലുൽ അംറും (അംറ് ഉടയവരും) ഓരോ മുസ് ലിമിനും പ്രധാനപ്പെട്ടത് തന്നെയാണ്. കിതാബ്, സുന്നത്ത്, ഇജ്മാഅ് ഖിയാസ് എന്നൊക്കെയുള്ള സംജ്ഞകളിലൂടെ നാം അടയാളപ്പെടുത്തുന്നത് ഉപരിസൂചിതമായ മൂന്ന് അടിത്തറകളെ തന്നെയാണ്. അതിനർത്ഥം രണ്ടാമത് പറഞ്ഞതിൽ വൈജ്ഞാനിക വ്യവഹാര ഭാഷ ഉപയോഗിക്കപ്പെട്ടു എന്നതൊഴിച്ചാൽ ഉള്ളടക്കത്തിൽ രണ്ടും സമാനം തന്നെയാണ് എന്നാണ്. അഥവാ അല്ലാഹുവും റസൂൽ(സ്വ) തങ്ങളും ഉലുൽ അംറും തന്നെയാണ് അനുസരിക്കപ്പെടാൻ അർഹതയുള്ളവർ. ഉലുൽ അംറുകൾ നീതിമാന്മാരായ മുസ് ലിം ഭരണാധികാരികൾ മാത്രമല്ല അവരുടെ അഭാവത്തിൽ തർബിയത്തിന്റെ മശാഇഖന്മാരും കൂടിയാണ്. ജനങ്ങളിൽ സംസ്കരണ ദൗത്യം നിർവ്വഹിക്കുന്ന വിറാസത്തുൽ അമ്പിയാ എന്ന സ്ഥാനമുള്ള ആത്മജ്ഞാനികൾ കൂടിയായ ഉഖ്റവിയായ പണ്ഡിതന്മാർക്കെല്ലാം ഈ പദവി ഉണ്ടെന്ന കാര്യം സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതോടൊപ്പം തിരുനബി(സ്വ) തങ്ങളുടെ കുടുംബത്തെ, അഥവാ അഹ് ലു ബൈത്തിനെ സ്നേഹിക്കുക എന്നത് ഓരോ മുസ് ലിമിനും അനിവാര്യം തന്നെയാണ്. അവരോടുള്ള സ്നേഹ പ്രകാശനവും അവർക്കുള്ള ദുആയും ഓരോ മുസ് ലിമിന്റെയും ഫർളായ ഇബാദത്തിൽ പോലും ഉൾക്കൊണ്ടിരിക്കെ അഹ് ലു ബൈത്തിനോടുള്ള സ്നേഹം തസ്വവ്വുഫിന്റെ മാത്രം അടിത്തറയല്ലാ എന്നും അത് ദീനിന്റെ തന്നെ അടിത്തറയാണെന്നും വ്യക്തമാകുന്നതാണ്. അഥവാ ഫർള് നിസ്കാരങ്ങളിലും സുന്നത്ത് നിസ്കാരങ്ങളിലും നാം ഓതുന്ന അത്തഹിയ്യാത്തിന് അനുബന്ധമായ സ്വലാത്തിൽ നബി(സ്വ) തങ്ങൾക്കും അവിടുത്തെ കുടുംബത്തിനും ഗുണം ചെയ്യാൻ നാം ദുആ ചെയ്യുന്നുണ്ട്. ഈ ദുആയിലൂടെ അവരോടുള്ള സ്നേഹവും ആദരവും തന്നെയാണ് നാം പ്രകടമാക്കുന്നത്. അതുകൊണ്ട് അഹ് ലു ബൈഅത്തിനെ സ്നേഹിക്കുക എന്നത് അഹ് ലു സുന്നത്തി വൽ ജമാഅത്തിന്റെ പൊതു പാരമ്പര്യം തന്നെയാണ്. ഈ വസ്തുത ഇവിടെ പ്രത്യേകം ഊന്നിപറയാൻ കാരണം ഇഹ്സാനിന്റെ അനുഭവ വിജ്ഞാന മേഖലയായ തസ്വവ്വുഫിനെയും ത്വരീഖത്തുകളെയും ശിഈസത്തിന്റെ ആലയിൽ കെട്ടി ശിഈസത്തെ നീതികരിക്കാൻ ഇത്തരം സിദ്ധാന്തങ്ങൾ ഉപയോഗിക്കപ്പെടുന്നുവെന്നതുകൊണ്ടാണ്. ഇത്തരമൊരു അബോധം അറിഞ്ഞോ അറിയാതെയോ ആദ്യ അദ്ധ്യായത്തിൽ തന്നെ അന്തർധാരയായി വരുന്നുവെന്ന ഒരു സന്ദേഹം പാരായണ വേളയിൽ അനുഭവപ്പെട്ടുവെന്നതിനാലാണ് ഇക്കാര്യം ഇത്രയും വിശദീകരിച്ചത്.
ശൈഖ്, മുർശിദ്, മുറബ്ബി എന്നൊക്കെയുള്ള സംജ്ഞകളിലൂടെ തസ്വവ്വുഫ് വൈജ്ഞാനിക വ്യവഹാരങ്ങളിൽ അടയാളപ്പെടുത്തുന്നത് ഇമാം, അമീർ എന്നൊക്കെയുള്ള നമുക്ക് സുപരിചിതമായ സംജ്ഞകളുടെ ഉള്ളടക്കത്തെ തന്നെയാണ്. ഇമാം അബൂദാവൂദ്, ഇമാം തിർമുദി തുടങ്ങിയുള്ള പ്രമുഖരായ മുഹദ്ദിസീങ്ങൾ നിവേദനം ചെയ്ത ഹദീസിൽ തിരുനബി(സ്വ) തങ്ങൾ അൽ ഉലമാഅ്നെ അമ്പിയാക്കളുടെ അനന്തരാവാകാശികളായാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. ”إن العلماء ورثة الأنبياء ”
ദീനിന്റെ ളാഹിരി വിജ്ഞാനങ്ങളിലും ബാത്വിനി വിജ്ഞാനങ്ങളിലും അഗാധ പരിജ്ഞാനിയായ, അല്ലാഹുവിനെ സംബന്ധിച്ച മഅ് രിഫത്തുള്ള, നഫ്സിന്റെ ഇനങ്ങളെയും അതിന്റെ ദൂഷ്യങ്ങളെയും സംബന്ധിച്ച ശരിയായ പരിജ്ഞാനമുള്ള ഒരു ശൈഖിനെയാണ് തസ്വവ്വുഫിന്റെ പ്രതിനിധികൾ അൽ ഉലമാഅ് എന്ന സ്ഥാനത്തോടെ പരിഗണിച്ച് തിരുനബി(സ്വ) തങ്ങളെ പ്രതിനിധീകരിക്കുന്ന അമ്പിയാക്കളുടെ അനന്തരാവകാശിയായി സ്വീകരിക്കുന്നത്. ദീനിന്റെ ളാഹിരി വിജ്ഞാന മേഖലകളിൽ പരിജ്ഞാനമുള്ള ആ മേഖലയിൽ ജനങ്ങളെ സമുദ്ധരിക്കുന്ന ഉഖ്റവിയായ പണ്ഡിതന്മാർ വിറാസത്തുൽ അമ്പിയാ എന്ന സ്ഥാനത്തുള്ളവരാണെന്നത് ആരും നിഷേധിക്കുന്ന കാര്യമല്ല. തീർച്ചയായും ഉപരിസൂചിത യോഗ്യതകളൊത്ത കാമിലീങ്ങളായ ഔലിയാക്കളും, മുർശിദീങ്ങളുമാണ് إن العلماء ورثة الأنبياء എന്നതിന്റെ സമൂർത്ത പ്രത്യക്ഷങ്ങളായ വ്യക്തിത്വങ്ങൾ. അവരെയാണ് നാം ശൈഖ്, മുറബ്ബി, മുർശിദ് എന്നെല്ലാം വിളിക്കുന്നത്. അവരെ അനുസരിക്കുക എന്നത് ദീനിന്റെ തന്നെ അടിത്തറകളിൽ പെട്ട കാര്യമാണ്. ചുരുക്കത്തിൽ ശൈഖ്, മുർശിദ് എന്നൊക്കെ പറഞ്ഞാൽ അത് നബി(സ്വ) തങ്ങളുടെ പ്രതിപുരുഷൻ അഥവാ നാഇബാണ് എന്നാണതിന്നർത്ഥം. അവരാകട്ടെ ദീനിന്റെ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്നവർ തന്നെയാണ്.
തസ്വവ്വുഫിന്റെ മശാഇഖന്മാർ ദീനിന്റെ അഹ്കാമുകൾ പാലിക്കുക എന്നതിന് വളരെയേറെ പ്രധാന്യം നൽകുന്നവരാണ്. ഇതാണ് ദീനിന്റെ അടിത്തറ. അത് തന്നെയാണ് ത്വരീഖത്തിന്റെയും തസ്വവ്വുഫിന്റെയും അടിത്തറ. അഹ്കാമുകളെ കാതലുള്ളതാക്കുകയാണ് വാസ്തവത്തിൽ തസ്വവ്വുഫ്. ശരീരവുമായി ബന്ധപ്പെട്ട ദീനിന്റെ ഇത്വാഅത്തുകളെ അഹ്കാമിന്റെ വിജ്ഞാന മേഖല പരിഗണിക്കുമ്പോൾ സവിശേഷമായി ഖൽബ്, റൂഹ്, സിർറ് തുടങ്ങിയ മേഖലകളിലെ ദീനിന്റെ ഇത്വാഅത്തുകളെയാണ് ത്വരീഖത്തും ബാത്വിനി വിജ്ഞാന മേഖലകളും കൈകാര്യം ചെയ്യുന്നത്. തസ്വവ്വുഫിനെ സംബന്ധിച്ച് പൊതുസമ്മതമായ ഇക്കാര്യത്തെക്കുറിച്ച് ഒരു വിദൂരസൂചന പോലും ഗ്രന്ഥത്തിൽ പ്രകടമല്ല എന്നതിനാലാണ് ഇതിത്രയും ഇവിടെ വിശദീകരിക്കേണ്ടി വന്നത്.
ഇസ് ലാം ദീനിന്റെ അഹ്കാമുകളുടെ മേഖല ഉൾക്കൊള്ളുന്ന ശരീഅത്ത് വിജ്ഞാനീയങ്ങളുടെ വികാസത്തോട് സമാനമായി ചരിത്രത്തിലൂടെ വികസിച്ചുവന്ന മനുഷ്യന്റെ ബാത്വിനി തഅയ്യുനുകളുമായി ബന്ധപ്പെട്ട ഇത്വാഅത്തുകളുടെയും അസ്റാറുകളുടെയും വിജ്ഞാനീയമായി തസ്വവ്വുഫിനെ തിരിച്ചറിയാൻ ഗ്രന്ഥകാരന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹദീസ് ജിബ്രീൽ എന്ന വിഖ്യാതമായ ഹദീസിൽ വ്യക്തമാക്കപ്പെടുന്ന ഇസ് ലാം, ഈമാൻ എന്ന ദീനിന്റെ ഉസ്വൂലുകളോട് ബന്ധപ്പെട്ട് ചേർത്ത് പറയപ്പെടുന്ന ഇഹ്സാൻ എന്ന മേഖലയുമായി തസ്വവ്വുഫിനുള്ള ബന്ധം ഈ ഗ്രന്ഥം വേണ്ട വിധം പരിഗണിക്കുന്നില്ല. ഇക്കാരണത്താൽ ഈ ഗ്രന്ഥത്തിന്റെ ആദ്യ അദ്ധ്യായത്തിന്റെ പാരായണത്തിലൂടെ തന്നെ തസ്വവ്വുഫിനോടുള്ള ആഭിമുഖ്യത്തേക്കാൾ തസ്വവ്വുഫിനോടുള്ള സന്ദേഹമാണ് വായനക്കാരിൽ പടരുന്നത് എന്ന കാര്യം ഇവിടെ പരാമർശിക്കാതിരിക്കാൻ നിർവ്വാഹമില്ല. ഇഹ്സാനിന്റെ മേഖലയാണ് തസ്വവ്വുഫ് കൈകാര്യം ചെയ്യുന്നതെന്ന കാര്യം കൃത്യമായും ഗ്രന്ഥകാരന് തിരിച്ചറിയാനാവുന്നില്ല.
തസ്വവ്വുഫ് എന്നാൽ അത് ആത്മസംസ്കരണ പ്രധാനമായ ഒരു വിജ്ഞാന മേഖലയാണ്. ഈയടിസ്ഥാനം വിസ്മരിക്കാതെയാണ് തസ്വവ്വുഫിനെ സംബന്ധിച്ച ഏത് ചർച്ചയും വികസിക്കേണ്ടത്. നഫ്സുകളെ സ്ഫുടം ചെയ്ത് നിർമ്മലമായ ഗുണങ്ങളിലേക്ക് പരിവർത്തിപ്പിക്കുക എന്നതും സദാ അല്ലാഹുവിന്റെ സ്മരണയിൽ നിരതമാവുക എന്നതുമാണ് തസ്വവ്വുഫിന്റെ കാതൽ. ഉലൂഹിയ്യത്തിന്റെ വൈജ്ഞാനിക ചർച്ചകളും അതിലെ ആന്തരീക ശുഗ് ലുകളുമാണ് സൂഫിയാക്കളുടെ ആശയ അനുഭവലോകങ്ങൾ. അല്ലാഹുവിന്റെ ദാത്തും സ്വിഫാത്തും അഫ്ആലും ആയാത്തുമാണ് സദാ അവരുടെ ചിന്താ വിഷയം. സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും യാഥാർത്ഥ്യം വിവേചിച്ചറിഞ്ഞ അവരുടെ കാഴ്ചകൾ മറകൾക്കും ആവരണങ്ങൾക്കുമപ്പുറമുള്ള ഹഖിനെ സദാ ദർശിച്ചുകൊണ്ടാണുള്ളത്. അവന്റേതിനെയല്ലാത്ത മറ്റൊന്നിനെയും ഈ പ്രപഞ്ചത്തിൽ കാണാത്തവരാണ് യഥാർത്ഥ സൂഫികൾ. അല്ലാഹുവിനെ തൊട്ട് മറയായി തീരുന്ന സ്വന്തം നഫ്സ് തന്നെയാണ് അവരുടെ പ്രഥമ ശത്രു. ഈ നഫ്സിനെതിരായ ജിഹാദിനെയാണ് അവർ ജിഹാദുൽ അക്ബറായി പരിഗണിക്കുന്നത്. സൈഫുദ്ദീൻ കുഞ്ഞിന്റെ ഗ്രന്ഥത്തിന്റെ വലിയൊരു പരിമിതിയും തസ്വവ്വുഫിന്റെ കാതലായ ഈ മേഖല വേണ്ടവിധം സ്പർഷിക്കുന്നില്ല എന്നത് തന്നെയാണ്. നഫ്സിനെ വരുതിയിലാക്കി ഖൽബിൽ ദുർമന്ത്രണം ചെയ്ത് തെറ്റുകളിലേക്ക് നയിക്കുന്ന പ്രത്യക്ഷ ശത്രു(അദുവ്വും മുബീൻ) അവർക്ക് ശൈത്വാനാണ്. നഫ്സിനും ശൈത്വാനുമെതിരായ ഈ ജിഹാദാണ് തസ്വവ്വുഫിന്റെ കാതൽ. ഇക്കാര്യം വേണ്ട വിധം പരിഗണിക്കാതെയാണ് ഈ ഗ്രന്ഥത്തിലെ ആദ്യ അദ്ധ്യായങ്ങൾ വികസിക്കുന്നത്.
മലാമത്തി സൂഫിധാരയെ സംബന്ധിച്ചുള്ള ലേഖനത്തിൽ മലാമത്തി ധാരയുടെ സവിശേഷതകളിൽ പൊതുവായി പ്രധാനമായത് ലൗകിക ജീവിതത്തോടുള്ള വൈമുഖ്യമാണെന്ന് വിശദീകരിച്ച ശേഷം പിൽക്കാലത്ത് ഈ ധാരയിൽ തന്നെ രൂപപ്പെട്ട തഖ് വയുടെയും സാമൂഹ്യ സേവനത്തിന്റെയും പ്രതിരൂപമായ ഫത്വ എന്ന ധാരയെ പറ്റി വിശദീകരിക്കുകയും ഈ യാഥാർത്ഥ്യത്തെ നിഷേധിക്കുന്ന മാക്സ് ഹോർടന്റെ വാദത്തെ അസ്സുലമിയുടെ ത്വബഖാത്തും ഇമാം ഖുശൈരിയുടെ രിസാലയും ഉദ്ധരിച്ച് ഖണ്ഡിക്കുകയും ചെയ്യുന്ന ലേഖകൻ മലാമത്തി സൂഫി ധാരയുടെ ഉപരിസൂചിതമായ രണ്ട് സവിശേഷതകളും അംഗീകരിച്ച ശേഷം ആദ്യകാല മലാമത്തി ചിന്തകൾ ശരീഅത്തിന് അനുകൂലമായിരുന്നു എന്ന് സമ്മതിച്ച ശേഷം ശരീഅത്ത് വിരുദ്ധമായ പ്രവണതകൾ ഈ സൂഫിധാരയുടെ പേരിൽ വ്യാപിക്കാൻ കാരണമായത് വഹ്ദത്തുൽ വുജൂദ് മലാമത്തികളെ സ്വാധീനിച്ചതുകൊണ്ടാണെന്ന് പരോക്ഷ ധ്വനിയോടെ പ്രസ്താവിക്കുന്നുണ്ട്. വഹ്ദത്തുൽ വുജൂദിന് പ്രചാരം നേടികൊടുക്കുന്നതിൽ മലാമത്തികളുടെ വ്യാപനം സഹായകമായിട്ടുണ്ട് എന്ന് യാനിസ് തൂസോലിസിനെ ഉദ്ധരിച്ച് പ്രസ്താവിച്ച ശേഷം ലേഖകൻ ആ ഖണ്ഡിക അവസാനിപ്പിക്കുന്നത് ഇബ്നു തൈമിയയും സയ്യിദ് അഹ് മദ് സർഹിന്ദിയും വഹ്ദത്തുൽ വുജൂദിനെ നിഷിതമായി വിമർശിച്ചിട്ടുണ്ട് എന്ന് പ്രസ്താവിച്ചുകൊണ്ടാണ്. ഈ വാചകങ്ങളിൽ വളരെ കൃത്യമായും വഹ്ദത്തുൽ വുജൂദ് ശരീഅത്തിനെ നിരാകരിക്കുന്ന പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ആശയധാരയായി അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. തീർച്ചയായും ചരിത്രവസ്തുതകളോ പ്രമാണങ്ങളോ ഈ വാദത്തെ സാധൂകരിക്കുന്നില്ല. മലാമത്തി സൂഫികൾ എന്നല്ല സൂഫിസത്തിന്റെ പേരിൽ വളർന്നുവന്ന പ്രമുഖമായ സിൽസിലകളുടെയെല്ലാം പേരിൽ ഇന്ന് പ്രച്ഛന്നവേഷത്തിൽ രംഗപ്രവേശം ചെയ്തിട്ടുള്ള ശരീഅത്തിനെ നിഷേധിക്കുന്ന കൾട്ട് സംഘങ്ങൾക്കോ വ്യാജ ത്വരീഖത്തുകൾക്കോ ഇബ്നു അറബി(റ) തങ്ങളുമായോ വഹ്ദത്തുൽ വുജൂദുമായോ യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. ഖാദിരി, ചിശ്തി പോലുള്ള പ്രമുഖ സിൽസിലകളുടെ നാമം വ്യാജമായി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ശരീഅത്തിനെ നിരാകരിക്കുന്ന ധാരകൾക്ക് ഗൗസുൽ അഅ്ളം(റ) വുമായോ ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) വുമായോ അവരുടെ ഹഖായ സിൽസിലകളുമായോ യാതൊരു ബന്ധവുമില്ലാത്തതുപോലെ മലാമത്തി ധാരയുടെ പേരിൽ പിൽക്കാലത്ത് വികസിച്ചുവന്ന ശരീഅത്തിനെ നിഷേധിക്കുന്ന അവാന്തര ധാരകൾക്ക് അത്തരം സ്വൂഫി ധാരകളുടെ അസ്വ് ലുമായോ അതിന്റെ സംസ്ഥാപകൻ തന്നെയായ ശൈഖ് ഹംദുൻ അൽ ഖസ്സാർ എന്നവരുമായോ പിൽക്കാലത്ത് സ്വാധീനം ചെലുത്തി എന്ന് പറയപ്പെടുന്ന ഇബ്നു അറബി(റ) തങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത.
ഇബ്നു അറബി(റ) തങ്ങളുടെ ആശയങ്ങളും ചിന്തകളും ദീനിന്റെ ബാത്വിനി മേഖലകളോടും അസ്റാറിയായ വിഷയങ്ങളോടുമാണ് കൂടുതൽ അടുപ്പം പുലർത്തുന്നത് എന്നതിനാൽ ബാത്വിനി മേഖലകളിൽ വഴികാട്ടികളായ ഗുരുവര്യന്മാരിലൂടെയല്ലാതെ മഹാനവർകളുടെ ഗ്രന്ഥങ്ങൾ ഗ്രഹിക്കാനാവാത്തതിനാൽ സാധാരണക്കാർ അത്തരം ഗ്രന്ഥങ്ങളുമായി നേരിൽ ബന്ധം സ്ഥാപിക്കുന്നതിനെ സുന്നത്ത് ജമാഅത്തിന്റെ ചില പണ്ഡിതന്മാർ വിലക്കിയിട്ടുണ്ട്. അവർ പോലും ഇബ്നു അറബി(റ) തങ്ങളുടെ ഔന്നത്യവും പദവിയും ശരിയായി തിരിച്ചറിയുകയും മഹാനവർകൾ ജീവിച്ച കാലഘട്ടത്തിലെ തത്വചിന്തയുടെയും അവാന്തര ചിന്തകളുടെയും പേരിൽ മുസ് ലിം സമൂഹത്തിൽ പ്രകടമായിരുന്ന സങ്കീർണ്ണമായ ആശയ കാലുഷ്യങ്ങളെ വിപാടനം ചെയ്ത അദ്ദേഹത്തിന്റെ സവിശേഷമായ വൈജ്ഞാനിക ദൗത്യത്തെ വിലമതിക്കുകയും ചെയ്യുന്നവരാണ്.
ദീനെ ഇലാഹി എന്ന പേരിൽ സർവ്വമത സത്യവാദഭാവമുള്ള പുതിയ മതമുണ്ടാക്കിയ അക്ബർ ചക്രവർത്തിയുടെ കാലത്ത് ഇസ് ലാമിക വിശ്വാസത്തെയും കർമ്മമാതൃകകളെയും പുനരുദ്ധരിക്കാൻ രംഗപ്രവേശം ചെയ്ത അഹ് മദ് സർഹിന്ദി(റ) വഹ്ദത്തുൽ വുജൂദിനെ നിരാകരിക്കുകയോ ഇബ്നു അറബി(റ) യെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. വഹ്ദത്തുൽ വുജൂദിന്റെ പേരിൽ അക്കാലത്ത് ശത്വാരിയ്യ പാരമ്പര്യമവകാശപ്പെട്ട് രംഗപ്രവേശം ചെയ്ത ചില സ്വൂഫി വേഷധാരികൾ അക്ബർ ചക്രവർത്തിയുടെ പിഴച്ച വാദങ്ങൾക്ക് പിന്തുണ നൽകാൻ
വഹ്ദത്തുൽ വുജൂദിനെ അദ്വൈത സിദ്ധാന്തവുമായി സമീകരിക്കുന്ന സൈദ്ധാന്തിക രൂപീകരണങ്ങൾ നടത്തിയപ്പോൾ പ്രസ്തുത വാദഗതികളെയാണ് രണ്ടാം സഹ്രസാബ്ദത്തിന്റെ മുജദ്ദിദ് എന്നറിയപ്പെട്ട അഹ് മദ് സർഹിന്ദി(റ) ശക്തമായ ഭാഷയിൽ നേരിട്ടത്. വഹ്ദത്തുൽ വുജൂദിനെ തെറ്റായ അർത്ഥവും വ്യാഖ്യാനവും നൽകി ദുരുപയോഗം ചെയ്തപ്പോൾ വഹ്ദത്തുശ്ശുഹൂദ് എന്ന പുതിയ സംജ്ഞ നൽകി വഹ്ദത്തുൽ വുജൂദിനെ സ്ഥിരപ്പെടുത്തുകയാണ് മഹാനായ ആ സ്വൂഫി ചെയ്തത്. ഒരേ അനുഭവത്തെ അഥവാ തൗഹീദിന്റെ ഏറ്റവും ഉന്നതമായ വിതാനത്തെ സാക്ഷ്യപ്പെടുത്തുന്ന ഒരേ അർത്ഥ വിവക്ഷ ഉൾക്കൊള്ളുന്ന രണ്ട് പ്രയോഗങ്ങളാണ് വഹ്ദത്തുൽ വുജൂദും വഹ്ദത്തുശ്ശുഹൂദും. ഇന്ത്യയിൽ പിൽക്കാലത്ത് വഹ്ദത്തുൽ വുജൂദിന്റെ പേരിൽ അദ്വൈതം വാദിച്ച പല ധാരകളും രംഗപ്രവേശം ചെയ്തിട്ടുള്ളതിനാൽ യഥാർത്ഥ സൂഫികൾ അത്തരം പിഴച്ച ചിന്താധാരകളെ ഖണ്ഡിച്ചിട്ടുണ്ട്. മാത്രമല്ല ഹഖായ സിൽസിലകളെ പ്രതിനിധീകരിച്ച മഹാന്മാരായ സ്വൂഫികളൊക്കെയും വഹ്ദത്തുൽ വുജൂദും വഹ്ദത്തുശ്ശുഹൂദും തമ്മിലുള്ള മൗലികമായ ഏകതയെ തിരിച്ചറിയുകയും ഈ രണ്ട് ചിന്താധാരകളെയും സമന്വയിപ്പിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തവരാണ്. ഇക്കാര്യം അറബിയിലും ഉർദുവിലും പേർഷ്യനിലുമെല്ലാം രചിക്കപ്പെട്ട മഹത്തുക്കളായ സ്വൂഫിയാക്കളുടെ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കിയാൽ വ്യക്തമാകുന്നതാണ്.
പാശ്ചാത്യ യൂണിവേഴ്സിറ്റികളിൽ സമർപ്പിക്കപ്പെട്ട പി.എച്ച്.ഡി. തീസീസുകൾക്കപ്പുറം മൗലിക പ്രമാണങ്ങളിൽ നിന്നുള്ള പഠനങ്ങൾക്ക് തയ്യാറാകുന്ന ഏതൊരന്വേഷകനും ഉപരിസൂചിത വസ്തുതകൾ വ്യക്തമാകുന്നതാണ്. ഇനി ലേഖകന്റെ ഇബ്നു തൈമിയ വഹ്ദത്തുൽ വുജൂദിന്റെ നിഷിതമായ വിമർശകനായിരുന്നു എന്ന പ്രസ്താവം പരിശോധിക്കാം. തീർച്ചയായും അത് വസ്തുതാപരമായിരിക്കാം. എന്നാൽ സുന്നത്ത് ജമാഅത്തിന്റെ പൊതുപാരമ്പര്യങ്ങളോട് താദാത്മ്യപ്പെടാത്ത പല നിലപാടുകളുമുള്ള ഒരു പണ്ഡിതനായിരുന്നു ഇബ്നു തൈമിയ എന്നതുകൊണ്ട് വഹ്ദത്തുൽ വുജൂദിന്റെ വിഷയത്തിൽ മാത്രമുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ ഇവിടെ ചർച്ചക്കെടുക്കുന്നതിന് സാംഗത്യമില്ല.
നഫ്സുകളെ സ്ഫുടം ചെയ്ത് നിർമ്മലമായ ഗുണങ്ങളിലേക്ക് പരിവർത്തിപ്പിക്കുക എന്നതും സദാ അല്ലാഹുവിന്റെ സ്മരണയിൽ നിരതമാവുക എന്നതുമാണ് തസ്വവ്വുഫിന്റെ കാതൽ. ഉലൂഹിയ്യത്തിന്റെ വൈജ്ഞാനിക ചർച്ചകളും അതിലെ ആന്തരീക ശുഗ് ലുകളുമാണ് സൂഫിയാക്കളുടെ ആശയ അനുഭവലോകങ്ങൾ. അല്ലാഹുവിന്റെ ദാത്തും സ്വിഫാത്തും അഫ്ആലും ആയാത്തുമാണ് സദാ അവരുടെ ചിന്താ വിഷയം. സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും യാഥാർത്ഥ്യം വിവേചിച്ചറിഞ്ഞ അവരുടെ കാഴ്ചകൾ മറകൾക്കും ആവരണങ്ങൾക്കുമപ്പുറമുള്ള ഹഖിനെ സദാ ദർശിച്ചുകൊണ്ടാണുള്ളത്. അവന്റേതിനെയല്ലാത്ത മറ്റൊന്നിനെയും ഈ പ്രപഞ്ചത്തിൽ കാണാത്തവരാണ് യഥാർത്ഥ സൂഫികൾ.
ശിഈസത്തിന്റെ സ്വാധീനമുള്ള ധാരകളെ തസ്വവ്വുഫുമായി ചേർത്തു വെക്കുന്ന ബക്തശിയ്യ വിഭാഗത്തെ പറ്റിയുള്ള പഠനത്തിൽ പ്രസ്തുത ത്വരീഖത്തിന്റെ പിൽക്കാല രൂപാന്തരങ്ങളും വിശ്വാസ വൈകല്യങ്ങളും വിശകലനം ചെയ്യുന്ന വേളയിൽ ഗ്രന്ഥകാരൻ തെറ്റിദ്ധാരണ ജനകമായ ചില പ്രയോഗങ്ങൾ ബ്രാക്കറ്റിലും മറ്റുമായി എഴുതി ചേർത്തിട്ടുണ്ട്. ബക്തശിയ്യകളുടെ വിശ്വാസ കർമ്മങ്ങളിൽ ക്രിസ്ത്യൻ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്ന് റോബർട്ട് ഹൈഡനെ ഉദ്ധരിച്ചുകൊണ്ടോ അദ്ദേഹത്തിന്റെ നിരീക്ഷണത്തെ സാധൂകരിച്ചുകൊണ്ടോ ഗ്രന്ഥകാരൻ എഴുതിയ ശേഷം ബ്രാക്കറ്റിൽ ത്രിയേകത്വം എന്ന് വ്യക്തമായും പറയാൻ സാധ്യമല്ല, കാരണം എല്ലാ സൂഫികളിലും ഈ മൂന്ന് അടിസ്ഥാന തത്വങ്ങളെ കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത് എന്ന് പ്രസ്താവിക്കുന്നുണ്ട്. ഇതിലൂടെ വായനക്കാരിലേക്ക് വിനിമയം ചെയ്യപ്പെടുന്നത് ത്രിയേകത്വം പോലെ എന്തോ ഒന്ന് സൂഫികൾ അടിത്തറയാക്കുന്നു എന്ന ആശയമാണ്. ഇങ്ങനെയൊരു ത്രിമാനത്വമോ ത്രിത്വമോ അംഗീകൃത സൂഫി ത്വരീഖത്തുകളിലൊന്നും ഇല്ല എന്നതാണ് വസ്തുത. ചില സിൽസിലകൾ ഹസൻ ബസ്വരി(റ) വഴി അലി(റ) വിലേക്ക് ബന്ധപ്പെടുന്നതിനാൽ തിരുനബി(സ്വ) തങ്ങളിൽ നിന്നുള്ള ആദ്യ കണ്ണി എന്ന നിലക്ക് അലി(റ) വിനെ പരിഗണിക്കുന്നുവെന്നത് ഉപരി സൂചിത ത്രിമാനത്വത്തിന്റെ ഭാഗമായല്ല. പ്രത്യുത സ്വഹീഹുൽ ബുഖാരിയുടെ മാനദണ്ഡങ്ങളൊത്ത ഹദീസുകൾ പിൽക്കാലത്ത് ശേഖരിച്ച് മുസ്തദ്റക് എന്ന പേരിൽ ക്രോഡീകരിച്ച ഇമാം ഹാകിം(റ) തന്റെ ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്ന ഒരു ഹദീസാണ് അലി(റ) വിനോടുള്ള ഈ പരിഗണനക്ക് സ്വൂഫിയാക്കൾ അടിത്തറയാക്കുന്നത്.
.عن إبن عباس (ر) قال : قال رسول الله(ص) : أنا مدينة العلم وعلي بابها ، فمن أراد المدينة فليأت الباب
അലി(റ) വിലൂടെയല്ലാതെ അലം ബർദാർ(റ) എന്ന താബിഅ് വഴി സൽമാനുൽ ഫാരിസി(റ) വിലൂടെ അബൂബക്കർ സിദ്ധീഖ്(റ) വിൽ എത്തുന്ന നഖ്ശബന്ദി സിൽസിലയുടെ പ്രതിനിധികളും സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യ പണ്ഡിതന്മാരൊക്കെയും ഈ ഹദീസ് അംഗീകരിക്കുന്നവരും അതിൽ പറയുന്ന അഖീദ വെച്ച് പുലർത്തുന്നവരുമാണ്. ഇതിന്നപ്പുറം ശിഈസത്തോട് സമീകരിച്ചുകൊണ്ടുള്ള ഒരു അഖീദ(അലി(റ) വിനോട്) യാതൊരു നിലക്കും സൂഫികൾ വെച്ചുപുലർത്തുന്നില്ല എന്നതാണ് വസ്തുത. ഇത്തരം വിശകലനങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ പാലിക്കേണ്ട സൂക്ഷ്മത ഒട്ടുമില്ലാതെ വളരെ ലാഘവത്തോടെയാണ് ഈ ഭാഗങ്ങളെല്ലാം ഗ്രന്ഥകാരൻ കൈകാര്യം ചെയ്തിട്ടുള്ളത്.
സ്വൂഫിസത്തിന്റെ യാഥാർത്ഥ്യങ്ങളെ ശരിയായി തിരിച്ചറിഞ്ഞുകൊണ്ടുള്ള ആഖ്യാനമല്ല, പ്രത്യുത അന്ധൻ ആനയെ കണ്ടതുപോലെയുള്ള ഒരു വീക്ഷണ വൈകല്യം ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗങ്ങളിൽ ഉടനീളം പ്രകടമാണ് എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.
ശറാബ്, സാഖീ, ഹമ്മശർബ്, മധ്യശാല, വീഞ്ഞ്, ഇശ്ഖ്, പ്രണയഭാജനം പോലുള്ള പ്രയോഗങ്ങൾ സ്വൂഫി കവിതകളിൽ സുലഭമായി കാണാം. ഈ പ്രയോഗങ്ങളുടെ ആന്തരീകതലങ്ങൾ ഗ്രഹിക്കാതെ ഉമർ ഖയ്യാം, ജലാലുലുദ്ദീൻ റൂമി(റ), ഹാഫിസ് ശീറാസി(റ) പോലുള്ള പ്രമുഖ സൂഫി കവികളെ അരാജക വാദികളായി തെറ്റിദ്ധരിച്ചവരാണ് സൂഫിസത്തെയും സൂഫി സാഹിത്യങ്ങളെയും സംബന്ധിച്ച് ഗവേഷണം ചെയ്ത പല പാശ്ചാത്യ ഗവേഷകരും. അത്തരക്കാരുടെ ഗവേഷണ ഗ്രന്ഥങ്ങൾ വായിച്ച് അരാജക വാദികളും മതനിഷേധികളുമായവർ വരെ സൂഫിസത്തെ കൊണ്ടാടുന്ന കാലമാണിത്. ആയതിനാൽ യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് തന്നെ തസ്വവ്വുഫിനെയും ത്വരീഖത്തിനെയും പഠിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. അല്ലാത്ത പഠനങ്ങൾ തെറ്റിദ്ധാരണകൾ വർദ്ധിപ്പിക്കാൻ മാത്രമേ സഹായകമാകൂ.
യു.എ.ഇ. പോലുള്ള മുസ് ലിം രാജ്യങ്ങൾ വിദേശികളെ ആകർഷിക്കാൻ വേണ്ടി പിന്തുടരുന്ന ഉദാര സമീപനം നോക്കി ഇതെല്ലാം ഇസ് ലാമിക രാഷ്ട്രത്തിൽ അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യമാണെന്ന് ആരും പറയാത്തതു പോലെ മുസ് ലിംകൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ഇസ് ലാമിക വിശ്വാസമോ സംസ്കാരമോ ഉത്തരവാദിയല്ലാത്തതുപോലെ സൂഫിസത്തിന്റെ പേരിലുള്ള പ്രച്ഛന്ന വേഷങ്ങൾ സൂഫിസത്തിന്റെ ഭാഗമായി പരിചയപ്പെടുത്തപ്പെടേണ്ടതല്ല എന്ന ഒരു സാമാന്യ വിവേകമുണ്ടായിരുന്നെങ്കിൽ ഈ ഗ്രന്ഥത്തിലെ ചില ചാപ്റ്ററുകൾ ഇവ്വിധം രചിക്കപ്പെടുമായിരുന്നില്ല. ചുരുക്കത്തിൽ വീഞ്ഞും ചരസ്സുമുപയോഗിക്കുന്ന കൾട്ടുകൾ അത് സ്വൂഫി ധാരകളോടൊപ്പം പരിചയപ്പെടുത്തപ്പെടേണ്ടതല്ല.
ഇത്തരം കൾട്ട് രീതികൾ സൂഫിസത്തിന്റെ പേരിൽ വളർന്നുവന്ന വളരെ വികലമായ രൂപാന്തരങ്ങൾ മാത്രമാണ്. വിവിധ ജനപഥങ്ങളും സംസ്കാര പാരമ്പര്യങ്ങളും ആചാര രീതികളുമെല്ലാം ചേർന്ന് നിബിഡ ഭാവം പ്രകടമാക്കുന്ന ഇത്തരം ധാരകൾ വാസ്തവത്തിൽ വട വൃക്ഷത്തെ പൊതിഞ്ഞു നിൽക്കുന്ന ഇത്തിൾ കണ്ണികളാണ്. വൃക്ഷഗാത്രത്തെ തന്നെ മറയ്ക്കുന്ന വിധം പടർന്നു കയറിയ ഈ ഇത്തിൾ പടർപ്പുകളെ കണ്ട് വൃക്ഷമാണെന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ട നിരീക്ഷണ സൂക്ഷ്മത ഇത്തരം വിഷയങ്ങളിൽ ഗവേഷണം ചെയ്യുന്നവർക്ക് തീർച്ചയായും അനിവാര്യമാണ്. സൈഫുദ്ദീൻ കുഞ്ഞിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അക്കാദമിക് ഗവേഷണത്തിന്റെ ഭാഗമായോ അനുബന്ധമായോ ഉള്ള പഠനമാകാം ഇത്. എന്നാൽ സൂക്ഷ്മമായ പഠനവും അന്വേഷണവുമർഹിക്കുന്ന പല മേഖലകളും വളരെ ലാഘവത്തോടെ ഇതിൽ കൈകാര്യം ചെയ്തിട്ടുണ്ട് എന്നത് വളരെ ഖേദത്തോടെ പറയേണ്ടവരുന്നു.
മലയാളത്തിലെ സൂഫി ചരിത്ര വായനക്ക് പുതിയ വിതാനങ്ങൾ തുറന്നു തരുന്ന പല ഘടകങ്ങളും ഈ ഗ്രന്ഥത്തിലുണ്ട് എന്ന കാര്യം കാണാതെയല്ല ഈ നിരൂപണങ്ങളൊക്കെയും എന്ന കാര്യം സവിശേഷം ഓർമ്മിപ്പിക്കുന്നു. വിശിഷ്യാ ഉസ്മാനിയ്യ ഖിലാഫത്തിന്റെ ആവിർഭാവത്തിലും വികാസത്തിലും സൂഫി ധാരകൾക്കുള്ള പങ്ക് വളരെ നന്നായി വിശകലനം ചെയ്യുന്ന പഠനങ്ങൾ കൂടി ഈ ഗ്രന്ഥമുൾക്കൊള്ളുന്നുണ്ട്. അന്വേഷകരെയും ഗവേഷകരെയും സംബന്ധിച്ച് ഫലപ്രദമായ പല വിവരങ്ങളും ഇതിൽ പങ്ക് വെക്കുന്നുമുണ്ട്. അത്തരം പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞു കൊണ്ടു തന്നെ പാരായണത്തിൽ അനുഭവപ്പെട്ട ചില ന്യൂനതകൾ എടുത്തുകാണിക്കാനാണ് ഇവിടെ പരിശ്രമിച്ചത്. ഈ ഗ്രന്ഥം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ ഗ്രന്ഥകാരന് പദ്ധതിയുള്ളതിനാൽ എന്റെ സുഹൃത്തുകൂടിയായ ഗ്രന്ഥകാരൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നിരൂപണം തയ്യാറാക്കിയത്. ഈ വിമർശനങ്ങൾ കൂടി പരിഗണിച്ച് ഈ ഗ്രന്ഥം കൂടുതൽ വ്യക്തതയോടെ പരിഷ്കരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
അനീതികളെ തുറന്നെതിർത്ത പണ്ഡിത ശൃംഖല എന്ന ശീർഷകത്തിലുള്ള ചാപ്റ്റർ മുതൽ സ്വൂഫികളുടെ പ്രവർത്തനങ്ങളുടെ വിമോചനാത്മക തലങ്ങളെ അവലോകനം ചെയ്യുന്ന ഏതാനും പഠനങ്ങളാണ് ഗ്രന്ഥത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിലുള്ളത്. താരതമ്യേന ഈ ഭാഗങ്ങൾ വിവര സമൃദ്ധവും ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങളാൽ സവിശേഷവുമാണ്. ഇമാം ഗസ്സാലി(റ) നസ്വീഹത്തുൽ മുൽക് എഴുതിയതും സമാനമായി രാജാക്കന്മാരെ ഉപദേശിക്കുന്ന ആ രീതി സ്വൂഫിയാക്കൾ പിന്നീടും തുടർന്ന് വന്നതും അബ്ബാസി ഖലീഫയായ നാസ്വിറിന്റെ നയതന്ത്ര പ്രതിനിധിയായി പ്രമുഖരായ ചില സൂഫികൾ സേവനം ചെയ്തതും അവലോകനം ചെയ്ത് അത്തരം പ്രമുഖ സൂഫികളെല്ലാം ഭരണ കൂട സേവനങ്ങൾ കൂടി ചെയ്തവരാണെന്ന് വിശദീകരിക്കുന്നുണ്ട്. അതിക്രമകാരികളായ ഭരണകൂടങ്ങളോട് തുറന്ന് എതിർപ്പ് പ്രകടിപ്പിച്ചവരുടെ ഗണത്തിൽ ഗൗസുൽ അഅ്ളം(റ) വിന്റെയും സർഹിന്ദി(റ) യുടെയും ശാഹ് വലിയുല്ലാഹി ദഹ് ലവി(റ) യുടെയും പ്രവർത്തനങ്ങളെ എടുത്തു കാണിക്കുന്നുണ്ട്. ഇവിടെ സവിശേഷം പരാമർശമർഹിക്കുന്ന പ്രമുഖ വ്യക്തിത്വമാണ് ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി(റ). ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നയിച്ച പാരമ്പര്യമുള്ള മഹാനായ ആ സ്വൂഫിയുടെ പ്രവർത്തനങ്ങളെയും ഈ സന്ദർഭത്തിൽ അവലോകനം ചെയ്യേണ്ടിയിരുന്നു.
അക്രമികളായ ഭരണാധികാരികളോടുള്ള വിമതത്വത്തിൽ നിസാമുദ്ദീൻ ഔലിയാ(റ) യുടെ നിലപാടുകൾ അവലോകനം ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ വിശദാംശങ്ങൾ ഈ ഭാഗത്ത് കുറവാണ്. മാത്രമല്ല ഖുത്വുബുദ്ദീൻ ബക്തിയാർ കാക്കി(റ) ഭരണാധികാരിയായിരുന്ന ഇൽതുമിഷിന്റെ ആത്മീയ ഗുരുവായിരുന്നുവെന്ന കാര്യവും പരാമർശിക്കപ്പെടേണ്ടതുണ്ട്. ഇൽതുമിഷിന്റെ ഭരണം താരതമ്യേന നീതിപൂർണ്ണമായത് മഹാനായ ആ സ്വൂഫിയുടെ സ്വാധീന ഫലമായിരുന്നു. ഒരു ഭരണാധികാരിയായി തുടരുമ്പോൾ തന്നെ ചിശ്തി സിൽസിലയിൽ ശൈഖായ ഖുത്വുബുദ്ദീൻ ബക്തിയാർ കാക്കി(റ) യുടെ ഖലീഫയായി കൂടി പ്രവർത്തിച്ച ആളായിരുന്നു ഇൽതുമിഷ്. ഇതുപോലെ ചിശ്തി സിൽസിലയെ ഇന്ത്യയിൽ വ്യാപകമാക്കിയവരും ഇസ് ലാമിക പ്രബോധനത്തിൽ ലോക ചരിത്രത്തിൽ തുല്യതയില്ലാത്ത സേവനങ്ങൾ നിർവ്വഹിച്ചവരും തന്റെ ജീവിത കാലത്ത് തന്നെ ലക്ഷക്കണക്കിന് മനുഷ്യരുടെ സന്മാർഗ പ്രവേശനത്തിന് കാരണക്കാരനായി വർത്തിച്ചവരുമായ ബഹുമാനപ്പെട്ട ഖ്വാജാ മുഈനുദ്ദീൻ ചിശ്തി(റ) പൃഥ്വിരാജ് ചൗഹാൻ രാജാക്കന്മാരിൽ നിന്ന് അനുഭവിച്ച എതിർപ്പുകളും ചെറുത്തു നിൽപുകളും തീർച്ചയായും ഈ സന്ദർഭത്തിൽ അവലോകനം ചെയ്യുന്നത് ഉചിതമായേനെ.
അക്ബർ ചക്രവർത്തിയുടെ ദീനെ ഇലാഹിക്കെതിരെ സർഹിന്ദി(റ) നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെയും സംക്ഷിപ്തമായി ഈ ഭാഗത്ത് അവലോകനം ചെയ്യുന്നുണ്ട്.
ശാഹ് വലിയുല്ലാഹി ദഹ് ലവി(റ) തകർന്നു കൊണ്ടിരുന്ന മുഗൾ ഭരണത്തെ ഇസ് ലാമികമായ ഊർജ്ജത്തോടെ പുനരുദ്ധരിക്കാൻ നടത്തിയ സേവനങ്ങളെ സംബന്ധിച്ച് ചില വിവരങ്ങൾ ഗ്രന്ഥം നൽകുന്നുണ്ട്. ഔറം ഗസീബിന്റെ മരണത്തോടെ പതനമാരംഭിച്ച മുഗൾ ഭരണത്തെ സംരക്ഷിക്കാൻ പല രീതിയിൽ ശ്രമങ്ങൾ നടത്തിയ ഒരാളായി ശാഹ് വലിയുല്ലാഹി ദഹ് ലവി(റ) യെ പരിചയപ്പെടുത്തുന്നുണ്ട്. മുഗൾ ഭരണത്തെ രക്ഷിക്കാൻ വേണ്ടി അഫ്ഗാനിസ്ഥാൻ കേന്ദ്രമായി ഭരണം നടത്തിയിരുന്ന മേഖലയിലെ പ്രബല ഭരണാധികാരിയായ അഹ് മദ് ശാഹ് ദുർറാനിയെ സന്ദേശയച്ച് വരുത്തിയത് ശാഹ് വലിയില്ലാഹി(റ) യായിരുന്നുവെന്ന് പ്രസ്താവിക്കുന്നുണ്ട്. ശാഹ് വലിയുല്ലാഹി ദഹ് ലവി(റ) യുടെ ചിന്തയിലടങ്ങിയ രാഷ്ട്രീയ ഉള്ളടക്കത്തെയും ഈ ഭാഗത്ത് സാമാന്യമായി വിശദീകരിക്കുന്നുണ്ട്.
ഭരണ രാഷ്ട്രീയ മേഖലകളിൽ പ്രസ്താവ്യങ്ങളായ ഇടപെടലുകൾ നടത്താതെ വൈജ്ഞാനിക ആത്മീയ മേഖലകളിൽ മുഴുകിയ പണ്ഡിതന്മാരെ കുറിച്ചും തുടർന്ന് വിശദീകരിക്കുന്നുണ്ട്. സ്വൂഫി പണ്ഡിതന്മാരിൽ അധികവും ഈ വിഭാഗത്തിൽ പെടുന്നവരാണ് എന്ന് പ്രസ്താവിക്കുന്നുണ്ട്.
ഹസൻ ബസ്വരി(റ) മുതൽ വിവിധ കാലങ്ങളിൽ ജീവിച്ച പ്രമുഖരായ സൂഫികളിൽ അധികവും അഹങ്കാരികളായ അധികാര കേന്ദ്രങ്ങളോട് പല നിലയിൽ സമരോത്സുക സമീപനം വെച്ചു പുലർത്തിയവരാണ്. എന്നാൽ അധികാര ശക്തികളോട് കലഹിക്കാതെ നിലകൊണ്ട് മുസ് ലിം സമൂഹത്തിന്റെ വൈജ്ഞാനികവും ഈമാനികവുമായ സമുദ്ധാരണത്തിന് യത്നിച്ച സൂഫികൾ ചരിത്രത്തിൽ ധാരാളം കഴിഞ്ഞു പോയിട്ടുണ്ട്. അവരുടെ നിലപാടും സേവനങ്ങളും മുസ് ലിം ഉമ്മത്തിന്റെ സമൂലമായ സമുദ്ധാരണത്തിന് സഹായകമാവുകയാണുണ്ടായത് എന്ന കാര്യം ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകിയ ധാരാളം സൂഫി ഉലമാക്കൾ ദക്ഷിണേന്ത്യൻ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നുണ്ട്. അവരെ പോലെ തിളങ്ങി നിൽക്കുന്നവർ തന്നെയാണ് പ്രത്യക്ഷസമരങ്ങളിൽ വ്യാപൃതരല്ലാത്ത പല സൂഫി ഉലമാക്കളും. തമിഴ്നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിന്റെ സ്ഥാപകനായ ശാഹ് അബ്ദുൽ വഹാബ് ഖാദിരി(റ) യും മഹാനവർകളുടെ ശൈഖായ ഖുത്വുബെ വേലൂർ(റ) യും ഇസ് ലാമിക വൈജ്ഞാനിക പുനരുജ്ജീവന രംഗത്ത് ചെയ്ത പ്രവർത്തനങ്ങൾ നിസ്തുലങ്ങളാണ്. വെല്ലൂർ ലത്വീഫിയ്യ, വെല്ലൂർ ബാഖിയാത്ത് പോലുള്ള ഇസ് ലാമിക കലാലയങ്ങൾ സ്ഥാപിച്ച് ദീനീ വിജ്ഞാന പുനരുജ്ജീവനം നിർവ്വഹിച്ച ഈ മഹത്തുക്കളുടെ സേവനം കാലഘട്ടത്തിന്റെ അനിവാര്യത തന്നെയായിരുന്നു. ബ്രിട്ടീഷ് ഭരണത്തോട് അവർ സമരോത്സുക നിലപാട് സ്വീകരിച്ചില്ല എന്നത് ഒരു ന്യൂനതയല്ല എന്ന കാര്യം ഇവിടെ സവിശേഷം അനുസ്മരിക്കേണ്ടതുണ്ട്. ദക്ഷിണേന്ത്യൻ സമൂഹത്തിലുടനീളം ഇന്ന് കാണുന്ന മതവൈജ്ഞാനിക രംഗത്തെ ഉണർവ്വുകൾക്കൊക്കെയും മൂലാധാരം മഹാന്മാരായ ഈ സൂഫിയാക്കൾ തന്നെയാണ്. ആധുനിക കേരളത്തിലെ ദീനീ വൈജ്ഞാനിക നവോത്ഥാനത്തിന് തുടക്കമിട്ട ജാമിഅ നൂരിയ്യ എന്ന സ്ഥാപനം ദക്ഷിണേന്ത്യൻ സമൂഹങ്ങളിലുടനീളം ആധുനിക കാലത്ത് സ്വാധീനം ചെലുത്തിയ പ്രമുഖ ചിശ്തി ഖാദിരി സ്വൂഫി ശൈഖുനാ സയ്യിദ് അഹ് മദ് മുഹ് യിദ്ദീൻ ജീലാനി നൂരിശാഹ്(റ) യുടെ സംഭാവനയായിരുന്നുവെന്നത് ചരിത്ര വസ്തുതയാണ്.
അതുകൊണ്ട് അനിവാര്യമായ സന്ദർഭങ്ങളിൽ രാഷ്ട്രീയാഭിമുഖ്യത്തോടെ പ്രവർത്തിച്ച ചില സൂഫികളെ ചൂണ്ടി അത്തരം പ്രവർത്തന രീതികൾ മാത്രം മാതൃകാപരം എന്ന് പരിഗണിക്കാനാവില്ല. സൂഫികളുടെ പ്രവർത്തനങ്ങൾ ആത്യന്തികമായി ഓരോ വ്യക്തികളുടെയും ആത്മസംസ്കരണവും അതുവഴി സമൂഹ സംസ്കരണവുമാണ് ലക്ഷ്യം വെക്കുന്നത്. സാമൂഹിക പ്രശ്നങ്ങളും രാഷ്ട്രീയവുമെല്ലാം അനിവാര്യമായ ചില സന്ദർഭങ്ങളിൽ അവർ പരിഗണിക്കുമെങ്കിലും ഓരോ സൂഫിയും ജനമനസ്സുകളെ അല്ലാഹുവിലേക്ക് ഉന്മുഖമാക്കാനും നഫ്സിന്റെയും ശൈത്വാനിന്റെയും വഞ്ചനകളിൽ നിന്ന് വ്യക്തികളെ മോചിപ്പിച്ച് യഥാർത്ഥ ജീവിത ലക്ഷ്യം പ്രാപിക്കാൻ അവരെ പ്രാപ്തമാക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്. രാഷ്ട്രീയ വിമോചനത്തെയും അന്യായങ്ങൾക്കും നീതിരാഹിത്യങ്ങൾക്കുമെതിരായ മുന്നേറ്റങ്ങളെയും അവർ ആത്യന്തിക ലക്ഷ്യമായി പരിഗണിക്കുന്നവരല്ല. യഥാർത്ഥ ജീവിത ലക്ഷ്യം പ്രാപിക്കാനുള്ള സമൂർത്ത സാഹചര്യങ്ങൾ സുരക്ഷിതമാക്കുക എന്നതു മാത്രമാണ് അത്തരം വിമോചനാത്മക പ്രതിനിധാനം കൊണ്ട് അവർ വിവക്ഷിക്കുന്നത്.
മലയാളത്തിലെ സൂഫി ചരിത്ര വായനക്ക് പുതിയ വിതാനങ്ങൾ തുറന്നു തരുന്ന പല ഘടകങ്ങളും ഈ ഗ്രന്ഥത്തിലുണ്ട് എന്ന കാര്യം കാണാതെയല്ല ഈ നിരൂപണങ്ങളൊക്കെയും എന്ന കാര്യം സവിശേഷം ഓർമ്മിപ്പിക്കുന്നു. വിശിഷ്യാ ഉസ്മാനിയ്യ ഖിലാഫത്തിന്റെ ആവിർഭാവത്തിലും വികാസത്തിലും സൂഫി ധാരകൾക്കുള്ള പങ്ക് വളരെ നന്നായി വിശകലനം ചെയ്യുന്ന പഠനങ്ങൾ കൂടി ഈ ഗ്രന്ഥമുൾക്കൊള്ളുന്നുണ്ട്. അന്വേഷകരെയും ഗവേഷകരെയും സംബന്ധിച്ച് ഫലപ്രദമായ പല വിവരങ്ങളും ഇതിൽ പങ്ക് വെക്കുന്നുമുണ്ട്. അത്തരം പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞു കൊണ്ടു തന്നെ പാരായണത്തിൽ അനുഭവപ്പെട്ട ചില ന്യൂനതകൾ എടുത്തുകാണിക്കാനാണ് ഇവിടെ പരിശ്രമിച്ചത്. ഈ ഗ്രന്ഥം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ ഗ്രന്ഥകാരന് പദ്ധതിയുള്ളതിനാൽ എന്റെ സുഹൃത്തുകൂടിയായ ഗ്രന്ഥകാരൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നിരൂപണം തയ്യാറാക്കിയത്. ഈ വിമർശനങ്ങൾ കൂടി പരിഗണിച്ച് ഈ ഗ്രന്ഥം കൂടുതൽ വ്യക്തതയോടെ പരിഷ്കരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സൈഫുദ്ദീൻ കുഞ്ഞിന്റെ ഗ്രന്ഥത്തിൽ ഉസ്മാനിയ്യ ഖിലാഫത്തിന്റെ ആവിർഭാവവും വികാസവുമായി ബന്ധപ്പെട്ട സ്വൂഫി സ്വാധീനങ്ങൾ അടയാളപ്പെടുത്തുന്നതോടൊപ്പം ആധുനിക തുർക്കിയുടെ രാഷ്ട്രീയ മാറ്റങ്ങളിൽ സൂഫിയാക്കൾക്കുള്ള സ്വാധീനം ചർച്ച ചെയ്യുന്നുണ്ട്. ഇവ്വിഷയകമായി കൗതുകകരായ പല വിവരങ്ങളും ഗ്രന്ഥകാരൻ കൈമാറുന്നുണ്ട്.
ഒരു സ്ഥലത്ത് ഇപ്രകാരം പറയുന്നു:
“ആദ്യകാലത്ത് മുസ്ത്വഫാ കമാൽ അത്താതുർക്കിന്റെ ഭരണത്തെ അനുകൂലിച്ച ബദീഉസ്സമാൻ സഈദ് നൂർസി, അത്താ തുർക്ക് ഇസ് ലാമിക വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ തുനിഞ്ഞപ്പോൾ ശക്തമായ വിമർശനങ്ങളാണ് അഴിച്ചു വിട്ടത്. ഇക്കാരണത്താൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. കമാലിസ്റ്റ് പട്ടാള ഭരണം പിടിമുറുക്കിയ പശ്ചാത്തലത്തിൽ തുർക്കി മുസ് ലിം സമൂഹത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഉയർത്തെഴുന്നേൽപ് ലക്ഷ്യം വെച്ച് മില്ലി ഗോരുഷ് നാഷ്ണൽ ഔട്ട് ലുക്ക് മൂവ്മെന്റ് എന്ന മുസ് ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നൽകാൻ നജ്മുദ്ദീൻ അർബകാനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഗുരുവും നഖ്ശബന്ദി ത്വരീഖത്തിന്റെ ആചാര്യനുമായ ശൈഖ് സായിദ് കോത്കു ആണ്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഖാനും അദ്ദേഹത്തിന്റെ അനുയായികളിൽ ഒരാളാണ്.”
ഇങ്ങനെ സമകാലിക തുർക്കിയുടെ ഇസ് ലാമിക രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിൽ സൂഫികൾക്കുള്ള സ്വാധീനം ഉൾപ്പെടെ പല അപൂർവ്വ വിവരങ്ങളും ഈ ഗ്രന്ഥം നൽകുന്നുണ്ട്.
ഫ്രഞ്ച് അധിനിവേശത്തിനെതിരെ ലിബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ സയ്യിദ് മുഹമ്മദ് ഇബ്നു അലി സനൂസി(റ)യുടെ പ്രവർത്തനങ്ങളെ കുറിച്ചും സംഗ്രഹ വിവരങ്ങൾ നൽകുന്ന ഗ്രന്ഥകാരൻ സനൂസിയ സരണിയുടെ പിൽക്കാല നേതൃത്വം സത്യത്തിനും നീതിക്കും വേണ്ടി അചഞ്ചലമായി പോരാടിയവരാണ് എന്ന് പ്രസ്താവിക്കുന്നു. സുഡാനിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ ശൈഖ് അഹ് മദ് മുഹമ്മദ് ഇബ്നു അബ്ദില്ലാ അൽ മഹ്ദിയുടെയും അദ്ദേഹത്തിന്റെ മഹ് ദി പ്രസ്ഥാനത്തിന്റെയും സംഗ്രഹ ചിത്രവും ഗ്രന്ഥം നൽകുന്നു. ഇമാം സനൂസിയും ശൈഖ് മുഹമ്മദ് അഹ് മദ് അൽ മഹ്ദിയും ഉസ്മാനി ഖിലാഫത്തിന്റെ പ്രാദേശിക നേതാക്കളുടെ അധികാര ദുർവിനിയോഗത്തെ ശക്തമായി വിമർശിച്ചവരായിരുന്നുവെന്നും ഉസ്മാനി ഖിലാഫത്തിന്റെ പിന്തുണയോടെ സുഡാന്റെ മേൽ അധികാരം നിലനിർത്തിയിരുന്ന ഈജിപ്തിലെ ഫിദൈവി രാജ വംശത്തെ പരാജയപ്പെടുത്തി മഹ് ദി രാഷ്ട്രം പോലും സ്ഥാപിക്കാൻ സാധിച്ചുവെന്നത് മഹ്ദി പ്രസ്ഥാനത്തിന്റെ ജനങ്ങൾക്കിടയിലെ സ്വീകാര്യത വ്യക്തമാക്കി തരുന്നുവെന്നും ഗ്രന്ഥകാരൻ എഴുതുന്നു. ഇങ്ങനെ കേരളീയ സൂഫി വായനക്കാർക്ക് അപരിചിതമായ സവിശേഷമായ നിരവധി വിവരങ്ങൾ പങ്ക് വെക്കുന്നുണ്ട് ഗ്രന്ഥകാരൻ.
ഖിലാഫത്തിനെ സംബന്ധിച്ചുള്ള ആധുനിക കാലത്തെ പണ്ഡിത നിലപാടുകൾ ചർച്ച ചെയ്യുന്ന ഭാഗം ഈ ഗ്രന്ഥത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ കൃത്യമായും അടയാളപ്പെടുത്തുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ സൂഫിസത്തെക്കാൾ രാഷ്ട്രീയ ഇസ് ലാമിന്റെ ആശയങ്ങളോടാണ് ആകെത്തുകയിൽ ഈ ഗ്രന്ഥം ആഭിമുഖ്യം പുലർത്തുന്നത് എന്ന് പറയേണ്ടി വരുന്നു. ഈ ആഭിമുഖ്യം കാരണമാണ് സൂഫിസത്തെ സംബന്ധിച്ച വിശകലനങ്ങളിൽ പല ഇടർച്ചകൾ സംഭവിച്ചിട്ടുള്ളതും പല മുൻവിധികളും ഈ ഗ്രന്ഥത്തിന്റെ ആശയപരമായ അന്തർധാരയാകുന്നതും. ഇതെല്ലാം തുറന്നെഴുതുമ്പോഴും ആധുനിക ഇസ് ലാമിക ആശയ വ്യവഹാരങ്ങൾക്കകത്ത് അഗണ്യകോടിയിൽ തള്ളി അസ്പൃഷ്യതയോടെ സമീപിക്കപ്പെട്ടിരുന്ന തസ്വവ്വുഫ്, ത്വരീഖത്ത് പ്രമേയങ്ങളെ താരതമ്യേന അനുഭാവപൂർവ്വം സമീപിച്ച ഗ്രന്ഥകാരൻ തീർച്ചയായും അഭിനന്ദനമർഹിക്കുന്നുണ്ട്. ഗ്രന്ഥത്തിന്റെ രൂപ കൽപന ഭംഗിയുള്ളതാണ്. 136 പേജുകളുള്ള ഗ്രന്ഥത്തിന് 200 രൂപയാണ് മുഖവില.