സയ്യിദ് ഹുസൈൻ നസ്റ്:
പരിഭാഷ: നിഹാൽ പന്തല്ലൂർ:
സൂഫി ധാരകളിൽ അറിയപ്പെട്ട പ്രമുഖ സിൽസിലയാണ് സുഹ്റവർദി. ഈ ധാരയുടെ ആചാര്യപദവിയിൽ പ്രമുഖ സ്ഥാനമുള്ളവരാണ് അബുന്നജീബ് സുഹ്റവർദി(റ) യും ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി(റ) യും. ഈ പ്രമുഖരായ സൂഫിയാക്കളെ കൂടാതെ ഇശ്റാഖി തത്വചിന്തയുടെ പ്രതിനിധിയായി അറിയപ്പെട്ട ശിഹാബുദ്ദീൻ അബുൽ ഫുതൂഹ് യഹ് യ ഇബ്നു ഹബശ് സുഹ്റവർദി ഖത്തീൽ(കൊല്ലപ്പെട്ട) എന്ന പേരിൽ മറ്റൊരു സുഹ്റവർദിയെ ഇസ് ലാമിക തത്വചിന്താ ചരിത്രത്തിൽ കാണാനാകുന്നുണ്ട്. ഈ മൂന്ന് സുഹ്റവർദിമാരും ഒരേ കാലത്ത് ജീവിച്ചിരുന്നവവരും പരസ്പരം കുടുംബ ബന്ധമുള്ളവരുമാണ്. എന്നാൽ ഇശ്റാഖീ തത്വചിന്തയുടെ ആചാര്യനായി അറിയപ്പെട്ട ഇവിടെ പരാമർശിക്കപ്പെട്ട മൂന്നാമത്തെ സുഹ്റവർദി ഇസ് ലാമിക ചിന്തയുടെ വ്യവസ്ഥാപിത വഴികളിൽ നിന്ന് വേറിട്ട് സഞ്ചരിച്ചയാളാണ്. ഇസ് ലാമികേതരമായ പൂർവ്വ സമൂഹങ്ങളുടെ വൈജ്ഞാനിക സ്രോതസ്സുകൾ കൂടി സ്വാംശീകരിച്ച് മുസ് ലിം തത്വചിന്താ ചരിത്രത്തിൽ പുതിയൊരു ധാരക്ക് തുടക്കമിട്ട ഈ സുഹ്റവർദിയുടെ ചിന്തകളിൽ ആദ്യകാലത്ത് ആകൃഷ്ടനായ ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി(റ) യെ അദ്ദേഹത്തിന്റെ പിതൃവ്യൻ അബുന്നജീബ് സുഹ്റവർദി(റ) ബഹുമാനപ്പെട്ട ഗൗസുൽ അഅ്ളം മുഹ് യിദ്ദീൻ ശൈഖ്(റ) വിന്റെ അടുത്ത് കൊണ്ടു വന്ന് സഹോദര പുത്രന്റെ ആഭിമുഖ്യങ്ങൾ വിശദീകരിച്ചപ്പോൾ ഫൽസഫയിൽ പഠിച്ച ഗ്രന്ഥങ്ങളേതെന്ന് അന്വേഷിക്കുകയുണ്ടായി. മറുപടിയായി ചില ഗ്രന്ഥങ്ങളെ പരാമർശിച്ചപ്പോൾ ഗൗസുൽ അഅ്ളം(റ) അവിടുത്തെ തിരുകരങ്ങളാൽ ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി(റ) യുടെ നെഞ്ച് തടവുകയും അതോടെ ഫൽസഫ വഴി കടന്നുകൂടിയ തെറ്റായ സിദ്ധാന്തങ്ങളെല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോവുകയും ചെയ്തു. ഇശ്റാഖീ ചിന്താധാരയുടെ യഥാർത്ഥ സ്ഥാനം അടയാളപ്പെടുത്തുന്ന ഈ സംഭവം ഇവിടെ വിശദീകരിച്ചത് ഇസ് ലാമിക വിജ്ഞാന ചരിത്രത്തിലെ വിവിധ ചിന്താധാരകളെ പരിചയപ്പെടുത്തുക എന്ന കേവലമായ വൈജ്ഞാനിക കൗതുകത്തിനപ്പുറം ഇത്തരം തത്വചിന്താ വായനകൾക്ക് പ്രാമുഖ്യമില്ല എന്ന് സൂചിപ്പിക്കാനാണ്. ഇസ് ലാമിക സമൂഹത്തിൽ വികസിച്ചു വന്ന വിവിധ കാലങ്ങളിലെ തത്വചിന്താ പ്രവണതകളെ സംബന്ധിച്ച് ആധികാരിക പഠനം നിർവ്വഹിച്ച സയ്യിദ് ഹുസൈൻ നസ്റിന്റെ Three Muslim Sages എന്ന ഗ്രന്ഥത്തിലെ Suhrawardi and the Illuminationists എന്ന രണ്ടാം അദ്ധ്യായത്തിന്റെ പരിഭാഷയാണ് ചുവടെ. ഇതിന്റെ ഒന്നാം അദ്ധ്യായവും മൂന്നാം അദ്ധ്യായവും അകമിയം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുഹ്‌റവർദിക്കു മുമ്പുള്ള പശ്ചാത്തലം
ഇബ്‌നു സീനയോടുകൂടെ പരിപൂർണതയുടെ ഉച്ചസ്ഥായിയിലെത്തുകയും അദ്ദേഹത്തിന്റെ പ്രതിഭാധനരായ ശിഷ്യന്മാരായ ബഹ്‌മനിയാറിനെയും അബുൽ അബ്ബാസ് ലുഖരിയെയും പോലുള്ളവര്‍ പ്രചരിപ്പിക്കുകയും ചെയ്ത പെരിപ്പാറ്റെറ്റിക് തത്വചിന്തയെ, ചില നിയമജ്ഞരും അരിസ്റ്റോട്ടിലിയന്‍ തത്വചിന്തയിലെ യുക്തിവാദ ചായ്‌വിനെ എതിർത്ത സൂഫികളും തുടക്കം മുതലേ വിമർശിച്ചിരുന്നു. ഹിജ്‌റ നാലാം/ ക്രിസ്ത്വാബ്ധം പത്താം നൂറ്റാണ്ടിലെ പ്രസ്തുത തത്വചിന്തയുടെ പ്രണേതാക്കളുടെ എതിരാളിയായി പുതിയ ഒരു ശത്രുകൂടി വന്നുചേർന്നു. അബുൽ ഹസന്‍ അശ്അരി രൂപം നൽകുകയും ഹിജ്‌റ അഞ്ചും ആറും നൂറ്റാണ്ടുകളില്‍ അബൂബകര്‍ അൽ ബാഖില്ലാനിയെ പോലുള്ളവര്‍ വ്യാഖ്യാനിക്കുകയും സുന്നി വൃത്തങ്ങളില്‍ ക്രമേണ പിന്തുണയാർജ്ജിക്കുകയും ചെയ്ത അശ്അരി ദൈവശാസ്ത്ര(കലാം) മായിരുന്നു പ്രതിയോഗി.
ഹിജ്‌റ നാലാം/ക്രിസ്താബ്ധം പത്താം നൂറ്റാണ്ടില്‍ അബ്ബാസി ഭരണകൂടത്തിന്റെ രാഷ്ട്രീയശക്തി പരിമിതമായിരുന്ന കാലത്ത്, ദൈവിക വെളിപാടിലൂടെ ലഭിക്കുന്ന ഉലൂമുന്നഖ്‌ലിയ്യയുടെ എതിർ വശത്ത് നിലകൊള്ളുന്നതും മുസ്‌ലിംകള്‍ ബൗദ്ധികശാസ്ത്രങ്ങള്‍(അൽ ഉലൂമുല്‍ അഖ്‌ലിയ്യ) എന്ന് വിളിക്കുന്നതുമായ ജ്ഞാനശാഖകളോട് അഭിലഷണീയമായ കാഴ്ച്ചപ്പാട് പുലർത്തിയിരുന്ന ശീഈ വിശ്വാസികളായിരുന്ന പ്രാദേശിക രാജകുമാരന്മാരായിരുന്നു മുസ്‌ലിം ലോകത്തിന്റെ മിക്ക ഭാഗത്തും ഭരണം നടത്തിയിരുന്നത്. അതുകൊണ്ട്, തത്വചിന്ത ഉൾപ്പെടെയുള്ള ബൗദ്ധികശാസ്ത്രങ്ങള്‍ പുഷ്ടിപ്പെടുകയും ഹിജ്‌റ അഞ്ചും ആറും നൂറ്റാണ്ടുകള്‍ അതിന്റെ സുവർണ കാലഘട്ടമായി അറിയപ്പെടുകയും ചെയ്തു. പക്ഷേ, ക്രമേണ രാഷ്ട്രീയ അവസ്ഥ മാറിമറിഞ്ഞു. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ സുന്നിസത്തിന്റെ പ്രണേതാക്കളും അബ്ബാസികളുടെ പിന്തുണക്കാരുമായിരുന്ന സൽജൂക്കുകള്‍ പടിഞ്ഞാറന്‍ ഏഷ്യയിലെ മുസ്‌ലിം ദേശങ്ങള്‍ പുനരേകീകരിക്കുന്നതിലും രാഷ്ട്രീയപരമായി തങ്ങൾക്ക് കീഴിലും മതപരമായി ബഗ്ദാദിലെ ഖിലാഫത്തിന്റെ ആഭിമുഖ്യത്തിലും നിലകൊള്ളുന്ന ശക്തമായ കേന്ദ്ര ഭരണകൂടം സ്ഥാപിക്കുന്നതിലും വിജയം വരിച്ചു.
ഈ സന്ദർഭത്തിലായിരുന്നു അശ്അരി ദൈവശാസ്ത്ര ആശയങ്ങള്‍ പഠിപ്പിക്കാനും അതിന്റെ സിദ്ധാന്തങ്ങള്‍ വ്യാപിപ്പിക്കാനും വേണ്ടി സ്ഥാപിതമായ ജ്ഞാന കേന്ദ്രങ്ങളും അതിന്റെ ഔദ്യോഗിക വൃത്തങ്ങളും പ്രസ്തുത ദൈവശാസ്ത്രത്തെ പിന്തുണക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് തത്വചിന്തകർക്കെതിരെയുള്ള ഗസാലി(റ) യുടെ പ്രഖ്യാതമായ വിമർശനത്തിന് കളമൊരുങ്ങിയത്. തത്വചിന്തയില്‍ ഗഹനമായ പാണ്ഡിത്യം നേടിയ ദൈവശാസ്ത്രജ്ഞനും നിയമജ്ഞനും ഒരു സന്ദർഭത്തില്‍ മതപരമായ സംശയത്തിലകപ്പെട്ട് തന്റെ ആത്മീയ രോഗത്തെ ചികിത്സിക്കാനായി ആത്മീയതയിലേക്ക് തിരിയുകയും അതില്‍ പരമമായ മോക്ഷവും നിശ്ചിതത്വവും കണ്ടെത്തുകയും ചെയ്ത വ്യക്തിയുമായിരുന്നു ഗസാലി(റ). ജ്ഞാനം, വാഗ്ചാതുര്യം, അനുഭവം എന്നീ അനിവാര്യമായ കഴിവുകള്‍ കൊണ്ട് അനുഗൃഹീതനായ അദ്ദേഹം ഇസ്‌ലാമിക സമൂഹത്തിനകത്തെ യുക്തിവാദത്തിന്റെ മേൽക്കോയ്മയെ പൊളിച്ചുകളഞ്ഞു. അതിനുവേണ്ടി, മുസ്‌ലിം പെരിപ്പാറ്റെറ്റിക് തത്വചിന്തയുടെ മികച്ച സംക്ഷേപ കൃതികളില്‍ ഒന്നായ തന്റെ ‘മഖാസ്വിദുല്‍ ഫലാസിഫ’ എന്ന ഗ്രന്ഥത്തില്‍ പെരിപ്പാറ്റെറ്റിക് തത്വചിന്തയെ അദ്ദേഹം സംക്ഷേപിക്കുന്നുണ്ട്. തുടർന്ന്, ‘തഹാഫുതുല്‍ ഫലാസിഫ’ എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിക ദൈവവെളിപാടിന്റെ അധ്യാപനങ്ങൾക്ക്’ എതിരായ തത്വചിന്തകന്മാരുടെ ആശയങ്ങളെ ഗസാലി(റ) കടന്നാക്രമിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. യുക്തിവാദ തത്വചിന്തക്കെതിരെയുള്ള ഗസാലി(റ)യുടെ വിമർശനം ഒരു അശ്അരി ദൈവശാസ്ത്രജ്ഞന്‍ എന്നതിലുപരി സൂഫി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രാപ്തിയിൽ നിന്ന് ഉരുവം കൊണ്ടതാണ്. കാരണം, ‘അൽ മുൻഖിദു മിനളലാല്‍’ പോലെയുള്ള തന്റെ ഗ്രന്ഥങ്ങളില്‍ തത്വചിന്തകരുടെതിനെക്കാള്‍ ദൈവശാസ്ത്രജ്ഞരുടെ അഭിപ്രായത്തെ ഇസ്‌ലാമിക ആശയങ്ങളുമായി കൂടുതല്‍ അനുരൂപമായി പരിഗണിക്കുന്നുണ്ടെങ്കിലും പരമമായ മോക്ഷവും നിശ്ചിതത്വവും കരഗതമാക്കാന്‍ സൂഫിസം മാത്രമാണ് ഏക മാർഗം എന്നാണ് അദ്ധേഹം വിശ്വസിക്കുന്നത്. വാസ്തവത്തില്‍, ഇസ്ലാമിക ചരിത്രത്തിലെ ഗസാലി(റ) യുടെ പ്രാധാന്യം,
ഈ സന്ദർഭത്തിലായിരുന്നു അശ്അരി ദൈവശാസ്ത്ര ആശയങ്ങള്‍ പഠിപ്പിക്കാനും അതിന്റെ സിദ്ധാന്തങ്ങള്‍ വ്യാപിപ്പിക്കാനും വേണ്ടി സ്ഥാപിതമായ ജ്ഞാന കേന്ദ്രങ്ങളും അതിന്റെ ഔദ്യോഗിക വൃത്തങ്ങളും പ്രസ്തുത ദൈവശാസ്ത്രത്തെ പിന്തുണക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് തത്വചിന്തകർക്കെതിരെയുള്ള ഗസാലി(റ) യുടെ പ്രഖ്യാതമായ വിമർശനത്തിന് കളമൊരുങ്ങിയത്. തത്വചിന്തയില്‍ ഗഹനമായ പാണ്ഡിത്യം നേടിയ ദൈവശാസ്ത്രജ്ഞനും നിയമജ്ഞനും ഒരു സന്ദർഭത്തില്‍ മതപരമായ സംശയത്തിലകപ്പെട്ട് തന്റെ ആത്മീയ രോഗത്തെ ചികിത്സിക്കാനായി ആത്മീയതയിലേക്ക് തിരിയുകയും അതില്‍ പരമമായ മോക്ഷവും നിശ്ചിതത്വവും കണ്ടെത്തുകയും ചെയ്ത വ്യക്തിയുമായിരുന്നു ഗസാലി(റ).
യുക്തിവാദികളുടെ ശക്തിയെ അദ്ദേഹം തടഞ്ഞു നിർത്തിയെന്നതുകൊണ്ടു മാത്രമല്ല, നിയമജ്ഞരുടെയും ദൈവശാസ്ത്രജ്ഞരുടെയും വീക്ഷണത്തില്‍ സൂഫിസത്തെ സ്വീകാര്യവും ബഹുമാന്യവുമാക്കി മാറ്റുകയും തുടർന്ന് മതപാഠശാലകളില്‍ (മദ്‌റസകള്‍) പോലും പ്രകടമായി സൂഫീ അധ്യാപനങ്ങള്‍ പഠിപ്പിക്കപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തു എന്നതുകൊണ്ടു കൂടിയാണ്. ഇബ്‌നു തൈമിയയും ഇബ്‌നു ജൗസിയും സൂഫിസത്തെ വിമർശിക്കാനായി ഇടക്കിടെ രംഗപ്രവേശം ചെയ്താല്‍ പോലും സൂഫികളോടുള്ള മതസമുദായത്തിന്റെ ബഹുമാനം തല്ലിക്കെടുത്തുന്നതില്‍ വിജയം വരിക്കാന്‍ അവരുടെ ശ്രമങ്ങൾക്കാകില്ല. വാസ്തവത്തില്‍, ഗസാലി(റ) യുടെ എഴുത്തുകള്‍ ഒരർത്ഥത്തില്‍ ബാഹ്യാർത്ഥ വാദത്തിന്റെ സംവിധാനത്തില്‍ ആന്തരാർത്ഥവാദ ജീവിതത്തിന്റെ സംരക്ഷണം സാധ്യമാകാന്‍ വേണ്ടി ബാഹ്യവൽകരിക്കപ്പെട്ട ഇസ്‌ലാമിക ആന്തരാർത്ഥവാദത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ഗസാലി(റ) യുടെ കടന്നുവരവോടെ ഇസ്‌ലാമിന്റെ കിഴക്കന്‍ ഭൂമികകളിൽ നിന്നും പെരിപ്പാറ്റെറ്റിക് തത്വചിന്ത അപ്രത്യക്ഷമാകാന്‍ തുടങ്ങുകയും അത് പടിഞ്ഞാറിലെ അന്ദലൂഷ്യയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്തു. അവിടെയാണ് ഇബ്‌നു ബാജ, ഇബ്‌നു തുഫൈല്‍, ഇബ്‌നു റുശ്ദ് എന്നിവരെ പോലുള്ള പ്രസിദ്ധരായ ഒരു പിടി തത്വചിന്തകന്മാര്‍ ഒരു നൂറ്റാണ്ടോളം പ്രസ്തുത തത്വചിന്തയെ പരിപോഷിപ്പിച്ചത്. ശുദ്ധമായ അരിസ്റ്റോട്ടിലിയന്‍ തത്വചിന്തയുടെ ഇസ്‌ലാമിക വക്താവും അരിസ്റ്റോട്ടിലിയന്‍(ഗ്രീസിലെ സ്റ്റാഗിറ ദേശക്കാന്‍) കൃതികളുടെ മധ്യകാലഘട്ടത്തിലെ മികവുറ്റ വ്യാഖ്യാതാവുമായ ഇബ്‌നു റുശ്ദ് ‘തഹാഫുതുല്‍ ഫലാസിഫ’യില്‍ ഇമാം ഗസാലി(റ) ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടിക്കാന്‍ ശ്രമിച്ചതും അവിടെവെച്ചാണ്. പക്ഷേ, ഇബ്‌നു റുശ്ദിന്റെ പ്രതിരോധം മുസ്‌ലിം ലോകത്ത് വളരെ ചെറിയ സ്വാധീനം മാത്രമാണ് ഉളവാക്കിയത്. അതേസമയം, പടിഞ്ഞാറിലാണ് പ്രധാനമായും അത് ഗൗനിക്കപ്പെടുകയും പരിഗണനാവിഷയമാവുകയും ചെയ്തത്. തന്റെ അധ്യാപനങ്ങള്‍ പ്രചരിപ്പിക്കാനും ക്രിസ്ത്യന്‍ ലോകത്തെ പുതിയ വ്യവസ്ഥയില്‍ അതിനെ പ്രയോഗവൽക്കരിക്കാനും വേണ്ടി ‘ലാറ്റിന്‍ ഇബ്‌നു റുശ്ദിസം’ എന്ന പേരില്‍ ഒരു ധാര നിലവില്‍ വരികയും ചെയ്തു. അങ്ങനെ, യുക്തിവാദ വ്യവസ്ഥ എന്ന നിലയില്‍ അരിസ്റ്റോട്ടിലിയനിസം ഇസ്‌ലാമിക ലോകത്ത് ഏറെക്കുറെ അവഗണിക്കപ്പെട്ട സമയത്ത് ഇബ്‌നു സീന, ഫാറാബി എന്നിവരെ പോലെയുള്ള കിഴക്കന്‍ പെരിപ്പാറ്റെറ്റിക്ക് തത്വചിന്തകന്മാരുടെ കൃതികളുടെ വിവർത്തനങ്ങളിലൂടെയും ഇബ്‌നു റുശ്ദിനെ പോലുള്ള അന്ദലൂഷ്യക്കാരുടെ ഗ്രന്ഥങ്ങളിലൂടെയും പടിഞ്ഞാറില്‍ അത് പ്രസിദ്ധമാകാന്‍ തുടങ്ങുകയായിരുന്നു.
ഹിജ്‌റ എഴാം/ എ.ഡി പതിനാലാം നൂറ്റാണ്ടിന് ശേഷം, രണ്ട് സഹോദര നാഗരികതകളായിരുന്ന ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും ഭിന്നധാരകളായി വേർപിരിഞ്ഞത് അവയില്‍ യുക്തിവാദ തത്വചിന്ത വഹിച്ച മൗലികമായ സ്വാധീനം മൂലമാണെന്ന് പറയാം. കിഴക്കില്‍ ഗസാലി(റ) യെയും ഫഖ്‌റുദ്ദീന്‍ റാസി(റ) യെയും പോലുള്ളവരുടെ വിമർശനങ്ങളിലൂടെ യുക്തിവാദത്തിന്റെ ശക്തി ക്ഷയിക്കുകയും അതുമുഖേന സുഹ്‌റവർദിയുടെ ഇശ്‌റാഖീ സിദ്ധാന്തങ്ങളും ഇബ്‌നു അറബി(റ) യുടെ ജ്ഞാനവാദ ധാരയും വ്യാപിക്കുകയും ചെയ്തു. അതേസമയം പടിഞ്ഞാറില്‍, അഗസ്റ്റിന്റെ വെളിപാടില്‍ അധിഷ്ഠിതമായ പ്ലാറ്റോനിയന്‍ സിദ്ധാന്തത്തിന്റെ തകർച്ചയിലും അതിന്റെ ഫലമെന്നോണം, നവോത്ഥാന കാലഘട്ടത്തില്‍ മധ്യകാല പാണ്ഡിത്യത്തിന്റെ ഉരുക്കുകോട്ടയെ തകർത്തെറിഞ്ഞ മതേതര നാച്വറലിസവും യുക്തിവാദവും സ്ഥാപിക്കുന്നതിലും അരിസ്റ്റോട്ടിലിയന്‍ യുക്തിവാദത്തിന്റെ കടന്നു വരവ് ഒരു പങ്കും വഹിക്കുകയുണ്ടായില്ല.
തുടരും