എ.എം.നദ്‌വി:
ആത്മജ്ഞാനത്തിന്റെ ഉന്നതവിതാനങ്ങൾ പ്രാപിച്ച് ജനസമൂഹങ്ങൾക്ക് വഴികാട്ടിയായി വർത്തിച്ച മഹാനായ തക്കല പീർ മുഹമ്മദ് വലിയുല്ലാഹ്(റ) യുടെ ജീവിതവും ദർശനവും സാമാന്യമായി പരിചയപ്പെടുത്തുന്ന ലേഖനം. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച മഹാമനീഷിയായ ഒരു ആത്മജ്ഞാനിയുടെ കാലാതിവർത്തിയായ ജീവിതത്തിന്റെയും ഇന്നും ജനമനസ്സുകളിൽ അവരുളവാക്കുന്ന സ്വാധീനത്തിന്റെയും സംഗ്രഹ ചിത്രം വരക്കുന്ന വിശകലനം.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കല എന്ന പുരാതന മുസ്‌ലിം അധിവാസകേന്ദ്രം ഇന്ന് അറിയപ്പെടുന്നത് സൂഫി പ്രബോധകനും,ആധ്യാത്മിക ഗുരുവുമായ പീർ മുഹമ്മദ് വലിയുല്ലാ(റ) യുടെ പേരിലാണ്. ഇവിടെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിന് സമീപത്താണ് പുരാതന കൈത്തറി വസ്ത്ര നെയ്ത്തു ഗ്രാമമായ തക്കല. തെങ്കാശിക്കടുത്തുള്ള നടുപ്പേട്ടയിൽ പരമ്പരാഗത കൈത്തറി നെയ്ത്തു കുടുംബത്തിൽപ്പെട്ട സിറുമലുക്കർ-ആമിന ദമ്പതികളുടെ മകനായിട്ടാണ് പീർ മുഹമ്മദ് അപ്പയുടെ ജനനം. അർഥതലങ്ങൾക്ക് ആഴമേറിയ തമിഴ് ആദ്ധ്യാത്മിക കാവ്യങ്ങളുടെ രചയിതാവായ, സൂഫിക്കവിയെന്ന നിലയിലും അഗ്രഗണ്യരായ, സിദ്ധ വൈദ്യരിൽ ഒരാളെന്ന നിലയിലും തമിഴ്നാട്ടിലെ പൊതുസമൂഹം അത്യധികം ബഹുമാനാദരവുകളോടെ അപ്പ എന്ന് വിളിക്കുന്ന മഹാവ്യക്തിത്വമാണ് തക്കല പീർമുഹമ്മദ് വലിയുല്ലാഹ്(റ). പൈതൃക ജ്ഞാനമായി അദ്ദേഹം നേടിയ കൈത്തറി നെയ്ത്തുകലയിലും ഏറെ നിപുണനായിരുന്നു അദ്ദേഹം. തെങ്കാശിയിലെ നടുപേട്ടയിലാണ് പീർമുഹമ്മദ് അപ്പയുടെ ജനനം എന്ന് അദ്ദേഹത്തിന്റെ ജ്ഞാനപ്പുകഴ്ചി കാവ്യശേഖരത്തിലെ ഈരടികളിൽ പരാമർശമുണ്ട്. പീർമുഹമ്മദ് അപ്പയുടെ ജനനകാലം പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനമോ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കമോ ആണെന്ന് അനുമാനിക്കപ്പെടുന്നു. കീഴക്കരയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (ഖ.സി) അവർകളുടെയും മുഗൾ രാജാവ് ഔറംഗസീബ് ആലംഗീറിന്റെയും സമാന കാലഘട്ടത്തിലാണദ്ദേഹം ജീവിച്ചിരുന്നതെന്ന് ചരിത്രകാരന്മാർ പറയുന്നു.
തെങ്കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഗുരുക്കളും പീരപ്പയുടെ പിതാവും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നവരാണ്
എന്നതിൽ നിന്ന് എ.ഡി 1431- ൽ നിർമിക്കപ്പെട്ട തെങ്കാശി ക്ഷേത്രം പണിതതിന് ശേഷമാണ് പിർമുഹമ്മദ് അപ്പയുടെ പിതാവിന്റെ ജനനം എന്നത് ഏകദേശം സ്ഥിരീകരിക്കപ്പെട്ട വിവരമാണ്. അക്കാലത്തെ പ്രശസ്ത നെയ്ത്തു വ്യവസായ കേന്ദ്രമായിരുന്ന തെങ്കാശിയിൽ പട്ടുവസ്ത്രങ്ങൾ നെയ്യുന്നതിൽ മികവ് തെളിയിച്ച അറിയപ്പെട്ട നെയ്ത്തുവിദഗ്ദ്ധൻ ആയിരുന്നു പീരപ്പയുടെ പിതാവ്. പ്രാദേശികമായുണ്ടായ ചില അസ്വാരസ്യങ്ങളിൽ മനം നൊന്ത അദ്ദേഹം ജന്മനാടായ തെങ്കാശി ഉപേക്ഷിക്കുവാൻ തീരുമാനിച്ചതിനെ തുടർന്നാണ് കൈത്തറി നെയ്ത്തു വ്യവസായ കേന്ദ്രം എന്നനിലയിൽ അക്കാലത്ത് പ്രസിദ്ധിയാർജിച്ച തിരുവിതാംകൂർ ഭരണ തലസ്ഥാനത്തിന് സമീപത്തെ തക്കലയിലേക്ക് കുടുംബ സമേതം കുടിയേറി താമസമാക്കിയത്. പിതാവിന്റെ പിന്തുടർച്ചയെന്ന നിലയിൽ കൈത്തറി നെയ്ത്തിൽ പ്രത്യേക കഴിവ് തെളിയിച്ച പീരപ്പ ചെറുപ്രായം മുതൽ തന്നെ ഭൗതിക കാര്യങ്ങളെക്കാൾ കൂടുതൽ ആത്മീയാന്വേഷണങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും ആധ്യാത്മിക ജ്ഞാന രംഗത്തെ അത്യുന്നത സ്ഥാനങ്ങൾ ലക്ഷ്യം നേടാനുള്ള ധ്യാന മനനങ്ങളിലും യാത്രകളിലും ഏർപ്പെടുകയും ചെയ്തു. അതിന്റെ ഭാഗമായി കേരളത്തിലെ ആനമലക്കാടുകളിൽ സഞ്ചരിക്കുകയും നിരന്തര ധ്യാനങ്ങളിലും, ആത്മീയ സപര്യയിലും വ്യാപൃതനാവുകയും ചെയ്തു. അദ്ദേഹം ധ്യാനത്തിന് തെരഞ്ഞെടുത്ത ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തെ അഴുത മലനിരകളും പരിസരവും ചരിത്രസ്മരണകൾ അനുസ്മരിപ്പിച്ചു കൊണ്ട്
അദ്ദേഹത്തിന്റെ നാമധേയത്തിലാണ് പീരുമേട് എന്ന് അറിയപ്പെടുന്നത്. തീരുവിതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല വസതിയായ പീരുമേട്ടിലെ അമ്മച്ചിക്കൊട്ടാരത്തിന്റെ പരിസരത്ത് പിൽക്കാലത്ത് പീരുക്കുന്ന് എന്നറിയപ്പെട്ട സ്ഥലത്ത് അദ്ദേഹത്തിന്റെ നാമധേയത്തിൽ ഒരു മഖാം ഇപ്പോൾ നിലവിലുണ്ട്. ജില്ലയിൽ തന്നെ മറ്റൊരു ഭാഗം ”പീർവന്തവനം’ എന്ന അർഥത്തിൽ പെരുവന്താനം എന്നും അറിയപ്പെടുന്നു. അദ്ദേഹം പശ്ചിമഘട്ട മലനിരകളിൽ ധ്യാന ജ്ഞാനാന്വേഷണങ്ങളിൽ ഏർപ്പെട്ടിരുന്ന കാലത്ത് ശബരിമല അയ്യപ്പനും, വാവരും അദ്ദേഹത്തെ സ്ഥിരം സന്ദർശിച്ചിരുന്നതായും ശിഷ്യത്വം നേടിയിരുന്നതായും വാമൊഴിക്കഥകളുണ്ട്. തക്കലയിൽ അദ്ദേഹം ഏകാഗ്ര ധ്യാനത്തിന് തെരഞ്ഞെടുത്ത മലയാണ് ഇന്ന് കാട്ടു ബാവാ സാഹിബ് മല എന്നറിയപ്പെടുന്നത്.
തിരുവിതാംകൂർ രാജകുടുംബത്തിനും, രാജ്യത്തിനും ആവശ്യമായ വസ്ത്രനിർമാണത്തിലേർപ്പെട്ടിരുന്ന പ്രധാനപ്പെട്ട വ്യവസായ കുടുംബം എന്ന നിലയിൽ കൊട്ടാരവുമായും രാജകീയ ഉദ്യോഗ പ്രമുഖരുമായും അടുപ്പം പുലർത്തിയിരുന്ന പിതാവിനൊപ്പം ആത്മീയ പ്രഭാവം പ്രകടമാക്കിയ യുവകവിയും ജ്ഞാനിയുമായ മകൻ പീർ മുഹമ്മദ് അപ്പയെയും രാജകുടുംബം അടുത്തറിയുകയും സ്നേഹാദരങ്ങളോടെ പരിഗണിക്കുകയും ചെയ്തിരുന്നു. കൈത്തറി നെയ്ത്തിലും സിദ്ധ വൈദ്യജ്ഞാനത്തിലും മികവ് പുലർത്തിയതോടൊപ്പം ആത്മീയ ചിന്തകൾ നിറഞ്ഞ തമിഴ് ഭക്തികാവ്യങ്ങളിലൂടെ അദ്ദേഹം ക്രമേണ ശ്രദ്ധേയനായി മാറി. പത്മനാഭപുരം കോട്ടയുടെ പുനരുദ്ധാരണ കർമങ്ങൾക്ക് തറക്കല്ലിടാൻ രാജകുടുംബം തെരഞ്ഞെടുത്തത് അദ്ദേഹത്തെ ആയിരുന്നുവെന്ന് പറയപ്പെടുന്നു. തിരുവിതാംകൂർ രാജകുടുംബം അദ്ദേഹത്തോട് പുലർത്തിയ സ്നേഹാദരവുകളാണ് പീരുമേട്, പീരുക്കുന്ന്, പെരുവന്താനം തുടങ്ങിയ നാമകരണങ്ങൾക്ക് പ്രചോദനമായത് എന്നും കരുതപ്പെടുന്നു.
അല്ലാഹുവിന്റെ ഗുണഗണങ്ങളെ വാഴ്ത്തിയും വിശദീകരിച്ചും അദ്ദേഹം എഴുതിയ സൂഫീ കാവ്യമായ ‘ജ്ഞാന പുകഴ്ചി’ തെക്കൻ കേരളത്തിലും തമിഴ് നാട്ടിലും ആത്മീയദാഹികളായ വിശ്വാസികൾക്കിടയിൽ ഏറെ പ്രിയങ്കരവും ജനകീയവുമാണ്. രാത്രി ഇശാ നിസ്കരിച്ച ശേഷം ആരംഭിച്ച് അതിരാവിലെ സുബഹി ബാങ്കോടെ അവസാനിക്കുന്ന സംഘമായി ഇരുന്നുള്ള ജ്ഞാന പുകഴ്ചി പാടൽ ഈ പ്രദേശങ്ങളിലെ പല ആരാധനാലയങ്ങളിലും വീടുകളിലുമെല്ലാം വിശേഷാവസരങ്ങളിൽ പതിവാണ്.
തമിഴ് സൂഫീ കാവ്യങ്ങൾ
പീർ മുഹമ്മദ് വലിയുല്ലാഹി(റ) യുടെ ആത്മീയജ്ഞാന സമ്പുഷ്ടമായ തമിഴ് സൂഫി കാവ്യങ്ങൾ തമിഴ് ഭക്തി കാവ്യശാഖയിലെ എക്കാലത്തെയും മികച്ച രചനകളാണ്. ‘പതിനൻസിദ്ധർകൾ ‘എന്നറിയപ്പെടുന്ന തമിഴിലെ ഉന്നതസ്ഥാനീയരായ പതിനെട്ട് സിദ്ധന്മാരുടെ രചനകൾ ഉൾപ്പെടുത്തിയ ‘പെരിയജ്ഞാനക്കോവൈ ‘ എന്ന സമാഹാരത്തിൽ പീരപ്പായുടെ ‘ജ്ഞാനരത്തിനക്കുറവഞ്ചി’ യും ഉൾപ്പെടുന്നു. സിത്തം (ചിത്തം) തെളിഞ്ഞു ദൈവത്തെ അടുത്തറിഞ്ഞവരെയാണ് തമിഴ് ലോകം സിദ്ധന്മാർ എന്ന് വിളിക്കുന്നത്. തമിഴ് സിദ്ധവൈദ്യത്തിലെ കുലപതികളായ അഗസ്ത്യമുനി ഉൾപ്പെടെയുള്ള ഏഴു സിദ്ധ വൈദ്യന്മാരിൽ ഒരാളായും പീരപ്പാ പരിഗണിക്കപ്പെടുന്നു. ശ്വസനകലയുടെ ആദ്ധ്യാത്മിക വ്യാഖ്യാനമായ അദ്ദേഹത്തിന്റെ ‘തിരുമെയ്ജ്ഞാന ശരനൂൽ’ എന്ന കാവ്യം ഏറെ സ്വീകാര്യത നേടിയ ഒന്നാണ്. അല്ലാഹുവിന്റെ ഗുണഗണങ്ങളെ വാഴ്ത്തിയും വിശദീകരിച്ചും അദ്ദേഹം എഴുതിയ സൂഫീ കാവ്യമായ ‘ജ്ഞാന പുകഴ്ചി’ തെക്കൻ കേരളത്തിലും തമിഴ് നാട്ടിലും ആത്മീയദാഹികളായ വിശ്വാസികൾക്കിടയിൽ ഏറെ പ്രിയങ്കരവും ജനകീയവുമാണ്. രാത്രി ഇശാ നിസ്കരിച്ച ശേഷം ആരംഭിച്ച് അതിരാവിലെ സുബഹി ബാങ്കോടെ അവസാനിക്കുന്ന സംഘമായി ഇരുന്നുള്ള ജ്ഞാന പുകഴ്ചി പാടൽ ഈ പ്രദേശങ്ങളിലെ പല ആരാധനാലയങ്ങളിലും വീടുകളിലുമെല്ലാം വിശേഷാവസരങ്ങളിൽ പതിവാണ്.
18000 സൂഫീ തത്വജ്ഞാന തമിഴ് ഈരടികളുടെ കർത്താവായ പീർ മുഹമ്മദ് വലിയുല്ലാഹ് തെന്നിന്ത്യയിലെ ‘ റൂമി,’ എന്ന വിശേഷണത്തിലും അറിയപ്പെടുന്നുണ്ട്. 685 ഈരടികൾ ഉൾപ്പെടുന്ന ജ്ഞാന പുകഴ്ചക്ക് പുറമെ ജ്ഞാനപ്പൂട്ട്, ജ്ഞാനമണി മാലൈ, ജ്ഞാനസിത്തി, ജ്ഞാനക്കൺ, തുടങ്ങി നിരവധി ഭക്തി കാവ്യങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്നും തമിഴ് സാഹിത്യത്തിലെ അതുല്യ രചനകളായാണ് ഇവ പരിഗണിക്കപ്പെടുന്നത്.
ഗുരുവര്യരും,ആത്മീയ സരണിയും
പീരപ്പാ ആത്മീയാന്വേഷണ ജ്ഞാന മാർഗമായി തെരഞ്ഞെടുത്ത മാർഗം ഖാദിരിയ്യാ ത്വരീഖത്തായിരുന്നു. നാഗൂർ മീരാസാഹിബ് ഷാഹുൽ ഹമീദ് വലിയുല്ലാഹ് ആയിരുന്നു അദ്ദേഹത്തിന്റെ ആധ്യാത്മിക ഗുരു. ഹിജ്റ 910 (AD 1491) ൽ ഉത്തർപ്രദേശിലെ അയോധ്യക്ക് അടുത്ത് മണിക് പൂരിൽ ജനിച്ച ശൈഖ് ഷാഹുൽ ഹമീദ് പ്രവാചക തിരുമേനിയുടെ ഇരുപത്തിമൂന്നാം തലമുറയിൽ പെട്ട സയ്യിദ് ഹസൻ ഖുദ്ദൂസ് സാഹിബിന്റെയും ബീബി ഫാത്വിമയുടെയും പുത്രനായിട്ടാണ് ജനിച്ചത്. അദ്ദേഹത്തെ ഗർഭസ്ഥയായിരിക്കുമ്പോൾ തന്നെ ഉമ്മ ബീബി ഫാത്വിമ പ്രവാചക തിരുമേനി(സ്വ) യെ സ്വപ്നത്തിൽ ദർശിക്കുകയും ജനങ്ങളുടെ പരലോകരക്ഷക്കും, വിജ്ഞാന പ്രചരണത്തിനും വേണ്ടി ജീവിതമർപ്പിക്കുന്ന ഒരു മഹാ പുരുഷന്റെ പിറവിയെക്കുറിച്ച് സന്തോഷവാർത്ത ലഭിക്കുകയും ചെയ്തുവത്രെ. ബാല്യകാലം മുതൽ അറിവന്വേഷണത്തിൽ ഹരം കണ്ടെത്തിയ ഷാഹുൽഹമീദ്(റ) അനുയോജ്യരായ ഗുരുവര്യന്മാരെ തെരഞ്ഞ് യാത്രയായി. മണിക്പൂരിൽ നിന്ന് ഗ്വാളിയറിലെത്തി. അവിടെ ഹസ്റത്ത് സയ്യിദ് മുഹമ്മദ് ഗൗസ്(റ) സാഹിബിന്റെ ശിഷ്യത്വത്തിൽ ഒരു ദശാബ്ദം നീണ്ട ആത്മീയ പരിശീലനങ്ങൾ നേടിയ ശേഷം ഗ്വാളിയർ വിട്ടു. ഇക്കാലയളവിൽ സമ്പാദിച്ച നാനൂറോളം ശിഷ്യരുമായി മണിക്പൂരിലേക്ക് മടങ്ങിയെത്തി. തുടർന്ന് അഫ്ഗാനിസ്ഥാനിലും, ബലൂചിസ്ഥാനിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ശിഷ്യ ഗണങ്ങളുമായി വിപുലമായ ആത്മീയ പ്രബോധന പര്യടനങ്ങൾ നടത്തി. ശേഷം പാകിസ്ഥാൻ വഴി മക്കയിലേക്ക് യാത്രയായി . മക്കയിൽ കുറച്ച് കാലം താമസിച്ച ശേഷം സംഘത്തോടൊപ്പം പൊന്നാനി, ശ്രീലങ്ക, കായൽ പട്ടണം കീഴക്കരെെ എന്നിവിടങ്ങൾ സന്ദർശിച്ചു. ഇസ്‌ലാമിക പ്രബോധനവും വിജ്ഞാന പ്രചാരണവും നടത്തി. ഇസ്‌ലാമിക പ്രബോധനത്തിനും, വിജ്ഞാന പ്രചാരണത്തിനും വേണ്ടിയുള്ള ഈ യാത്രക്കിടയിലാണ് തമിഴ് നാട് നാഗപട്ടണത്തിനടുത്ത നാഗൂരിൽ എത്തിപ്പെടുന്നത്. 68 മത്തെ വയസിൽ ഹിജ്റ 978 ലെ ഒരു വെള്ളിയാഴ്ച രാവിലെയാണദ്ദേഹം പരലോക യാത്രയായത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം നാഗൂരിൽ അദ്ദേഹത്തെ ഖബറടക്കി. തക്കല പീർ മുഹമ്മദ് വലിയുല്ലാഹിയുടെ ആത്മീയ ജ്ഞാനാന്വേഷണ സരണി നേരിട്ടു ചെന്നു ചേരുന്നത് നാഗൂർ സെയ്യിദ് മീരാസാഹിബ് ഷാഹുൽ ഹമീദ് ഖാദിരി വലിയുല്ലാഹിയിലാണ്. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളോടും, തക്കലയിലെ സാധാരണക്കാരായ ജനങ്ങളോടും വിവേചനമില്ലാതെ ഒരുപോലെ സഹകരിക്കുകയും സഹവസിക്കുകയും ചെയ്യുന്നതിലൂടെ അവരുടെയെല്ലാം കലർപ്പില്ലാത്ത .സ്നേഹ ബഹുമാനങ്ങൾ നേടിയെടുത്ത പീർമുഹമ്മദ് വലിയുല്ലാഹി(റ) യും അദ്ദേഹത്തിന്റെ രചനകളും ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു.