ഇന്ത്യൻ ഭരണഘടനയും ബഹുജനങ്ങളും

മുഹമ്മദ് റാശിദ്:

ഇന്ത്യൻ സമൂഹത്തിന്റെ വൈവിദ്ധ്യവും വൈജാത്യവും തിരിച്ചറിഞ്ഞ് എല്ലാ വിഭാഗം ജനങ്ങൾക്കും നീതിയും തുല്യാവകാശങ്ങളും ലഭിക്കുന്നതിനും ബ്രാഹ്മണ നീതിബോധത്തിന്റെ വിഷലിപ്തമായ ആശയാവലിയകളെ ഉപേക്ഷിച്ച് ആധുനിക ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാനവ സാഹോദര്യത്തിന്റെയും പുതിയ തുറസ്സുകളിലേക്ക് ഇന്ത്യൻ ജനതയെ പരിവർത്തിപ്പിക്കുന്നതിനും ലക്ഷ്യം വെച്ച് രൂപപ്പെടുത്തപ്പെട്ട ഇന്ത്യൻ ഭരണഘടന എപ്രകാരമാണ് ഇന്ന് അട്ടിമറിക്കപ്പെടുന്നതെന്ന് ചരിത്രത്തിന്റെയും സമകാലികാനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ വിശകലന വിധേയമാക്കുന്ന പഠന പ്രബന്ധം.

1927 ഡിസംബർ 25-ാം തിയതി മഹദിൽ വച്ചു നടന്ന സമ്മേളനത്തിൽ വച്ച് ഡോ. ബാബാ സാഹേബ് അംബേദ്ക്കർ ബ്രാഹ്മണ്യത്തിന്റെ വിശുദ്ധ ഗ്രന്ഥമായ മനുസ്മൃതി കത്തിച്ചെറിയുകയും ഇപ്രകാരം പ്രഖ്യപിക്കുകയും ചെയ്തു:
“അസമത്വത്തെ നീതികരിക്കുന്ന തത്ത്വശാസ്ത്രമായ ബ്രാഹ്മണ്യത്തിന്റെ നിയമ പുസ്തകമായ മനുസ്മൃതി ഞാൻ ഇവിടെ കത്തിക്കുന്നു, പകരം ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു, എല്ലാവർക്കും തുല്യതയും അഭിമാനവും ഉറപ്പു നൽകുന്ന ഒരു ഭരണഘടന”.
ഭാഭാ സാഹേബ് നടത്തിയ ഈ ഒരു പ്രഖ്യാപനത്തിന്റെ വെളിച്ചത്തിൽ നിന്നു വേണം എന്താണ് ഭരണഘടന എന്നും എങ്ങനെയാണ് തുല്യതയും സമത്വവും ആത്മാഭിമാനവും വാഗ്ദാനം ചെയ്ത ഭരണഘടന ഇന്ത്യയിൽ നഗ്നമായ വേട്ടക്കിരായാക്കപ്പെട്ടത് എന്നും നാം വസ്തുനിഷ്ഠമായ പരിശോധനയക്ക് വിധേയമാക്കാൻ. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപബ്ലിക്ക് ആയിരിക്കുമെന്നും പുതുതായി രൂപം കൊണ്ട ഈ രാജ്യത്തിലെ ജനങ്ങൾക്ക് തുല്യതയും അവസര സമത്വവും ഉണ്ടാവുമെന്നും, ജനാധിപത്യം, സോഷ്യലിസം, മതേതരത്വം, സമത്വം, സാഹോദര്യം എന്നിവ ഈ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാന മൂല്യങ്ങളായി വർത്തിക്കുമെന്നും മേൽ പ്രസ്താവിച്ച മൂല്യങ്ങൾ ഉയർത്തി പിടിച്ചും അവയ്ക്ക് അനുസൃതവുമായിട്ടുമാണ് ഇന്ത്യൻ ഗവൺമെൻറും കോടതി അടക്കമുള്ള സംവിധാനങ്ങളും ജനങ്ങളും ജീവിക്കേണ്ടതും പ്രവർത്തിക്കേണ്ടതും എന്നും ഭരണഘടന നിഷ്ക്കർഷിക്കുന്നു.
ബ്രാഹ്മണ്യത്തിന്റെ മറ്റൊരു പേരുമാത്രം എന്ന് ഡോ. അംബേദ്ക്കർ നിർവചിച്ച ജാതിയും ജാതി മൂല്യങ്ങളും അങ്ങേയറ്റം ഗ്രസിച്ചും ചൂഴ്ന്നും നിൽക്കുന്ന, ജാതി മൂല്യത്തിന്റെ സർവ്വ ജീർണതകളും സർവവ്യാപിയായ ദുരന്തങ്ങളായി നിലകൊള്ളുന്ന ഇന്ത്യൻ സമൂഹത്തിൽ, സമത്വം, സാഹോദര്യം, മതേതരത്ത്വം എന്നീ മാനവികതയുടെ മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് നിലിവിൽ വന്ന ഭരണഘടന, ചരിത്രാർത്ഥത്തിൽ ഒരു ദേശ- രാഷ്ട്ര പിന്തുണയോടെ സംഭവിക്കേണ്ടിയിരുന്ന സാമൂഹിക നവോത്ഥാനത്തെ സാധ്യമാക്കെണ്ടതായിരുന്നു, എങ്കിലും നിർഭാഗ്യവശാൽ ബ്രാഹ്മണ്യ ഇന്ത്യയിൽ ഭരണഘടന നിരന്തരമായ വെല്ലുവിളികൾക്കും അട്ടിമറിക്കുമാണ് വിധേയമായത്.
ഇന്ത്യ എന്ന ദേശ- രാഷ്ട്രത്തിനകത്ത് എന്തുകൊണ്ട് മുസ്ലിംകളും ദലിതുകളും സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും അടങ്ങുന്ന ബഹുജനങ്ങൾ നഗ്നമായ അനീതിക്കിരയായി എന്ന് പരിശോധിക്കുന്ന ഈ പഠനത്തിന്, യുക്തിസഹവും ചരിത്രപരവും ആയ കാര്യ-കാരണങ്ങളെ ചുണ്ടികാണിക്കണമെങ്കിൽ ഇന്ത്യയുടെ സഹസ്രാബ്ദങ്ങൾ നീണ്ട ചരിത്രത്തെയും ഇന്ത്യയുടെ മൂല്യ – മനോഘടനയെയും വിശകലന വിധേയമാക്കേണ്ടതുണ്ട്.ജാതിയെ കുറിച്ച് സംസാരിക്കുകയെന്നാൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുക എന്നാണർത്ഥം, കാരണം ജാതി ബോധത്തിലും ബ്രാഹ്മണ്യ മൂല്യത്തിലും ആണ് ഇന്ത്യയില്ലെ എല്ലാ മനുഷ്യരും ജീവിക്കുന്നത്. 1924-ൽ വൈക്കം സത്യഗ്രഹം നടക്കുന്ന വേളയിൽ മഹാത്മാഗാന്ധി സത്യഗ്രഹത്തോടനുബന്ധിച്ച് വൈക്കത്ത് എത്തുകയും വൈക്കം ക്ഷേത്രത്തിന്റെ ഉടമയായ ഇണ്ടംതുരത്തി മനയിലെ നമ്പൂതിരിയെ കാണാൻ എത്തുകയും നമ്പൂതിരിയുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്യുന്നുണ്ട്. പെരിയാറിനെ പോലെയുള്ള ബ്രാഹ്മണ്യ വിരുദ്ധ സമര നേതൃത്വം വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഗാന്ധി- നമ്പൂതിരി കൂടിക്കാഴ്ച്ചയിൽ ഗാന്ധി വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യമായ വൈക്കം ക്ഷേത്ര വഴിയിലൂടെ അവർണ ജാതി വിഭാഗങ്ങൾക്കും നടക്കാൻ അനുവാദം വേണം എന്ന ആവശ്യം മുന്നോട്ടുവച്ചപ്പോൾ നമ്പൂതിരി പറഞ്ഞ രണ്ടു കാര്യങ്ങൾ ശ്രദ്ധേയമാണ്. ഒന്ന് അവർണർ നീച ജന്മങ്ങൾ ആണ് എന്നതും രണ്ടാമതായി ഒരു സനാതന ഹിന്ദു എന്ന നിലയിൽ ഇന്ത്യയിലെ അയിത്ത ജാതിക്കാരോട് അയിത്തം പാലിക്കാൻ ധാർമ്മികമായി താൻ ബാധ്യസ്ഥനാണ് എന്നതും ആയിരുന്നു നമ്പൂതിരിയുടെ മറുപടി, മറു വാദങ്ങൾ ഇല്ലാതിരുന്ന ഗാന്ധി മടങ്ങി പോവുകയും ചെയ്തു. നമ്പൂതിരിയുടെ ഈ രണ്ട് വാചകങ്ങളും ബ്രാഹ്മണ്യ മൂല്യഘടന ഏങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ചരിത്ര സാക്ഷ്യങ്ങളാണ്. എല്ലാവർക്കും നീതി വാ​ഗ്ദാനം ചെയുന്ന ഭരണഘടന എന്തുകൊണ്ട് ഇന്ത്യയിൽ അട്ടിമറിക്കപ്പെട്ടു എന്നതിന്റെ ഉത്തരം കിടക്കുന്നത് ഈ മൂല്യഘടനയിൽ ആണ്.
ജാതി നിർമ്മൂലനം എന്ന തന്റെ പുസ്തകത്തിൽ ഡോ. ബാബാ സാഹേബ് അംബേദ്ക്കർ, ബ്രാഹ്മണ്യ മൂല്യഘടനയെ കുറിച്ച് നടത്തുന്ന ഒരു നിരീക്ഷണം ഇങ്ങനെയാണ്:
“അപരനോട് അനീതി ചെയ്യുന്നു എന്നുള്ളതല്ല ബ്രാഹ്മണ്യത്തിന്റെ പ്രധാന പ്രശ്നം, മറിച്ച് അപരനോട് അനീതി ചെയുക എന്നുള്ളത് ഒരു ധാർമ്മിക ബാധ്യതയായി അത് കണക്കാക്കുന്നു എന്നുള്ളതാണ്.”
കേവലമായ അനീതിയാണ് ഇന്ത്യയുടെ പ്രശ്നം എന്നായിരുന്നുവെങ്കിൽ ഒരു പക്ഷെ ഒരു നീതി സംവിധാനത്തിന് അത്തരം അനീതികളെ ഒരു പരിധിവരെ ചെറുക്കാൻ സാധിക്കുമായിരുന്നു, പക്ഷെ അപരനോട് അനീതി കാണിക്കുക എന്നതും അപരന്റെ അവകാശത്തെ റദ്ദു ചെയുക എന്നതും ഒരു ധാർമ്മിക ബാധ്യതയായി കാണുന്ന ഒരു സമൂഹത്തിൽ സാമൂഹിക നീതിയും സാമൂഹിക ജനാധിപത്യവും വാഗ്ദാനം ചെയുന്ന ഭരണഘടന തുടർച്ചയായ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കും. കാരണം ചരിത്രപരമായി സാമൂഹിക ജനാധിപത്യം, നീതി, സാഹോദര്യം എന്നീ മൂല്യങ്ങൾ നിരന്തരമായ സമരങ്ങളിലൂടെയാണ് നേടിയെടുത്തിട്ടുള്ളത്, കേവലമായ രാഷ്ട്ര ഉപകരണങ്ങൾ കൊണ്ട് അവ നേടിയെടുക്കാൻ സാധിക്കില്ല.

20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഉദയംകൊണ്ട നവ ജനാധിപത്യ രാഷ്ട്രങ്ങൾ ഉയർത്തിയ സാധ്യതയിൽ നിന്നാണ് ഇത്തരം സൂക്ഷ്മ രാഷ്ട്രീയങ്ങളെ അഭിസംബോധന ചെയപ്പെടുന്നത്. ആധുനിക ദേശ രാഷ്ട്രങ്ങളിൽ, പ്രിവിലേജ് ജന സമൂഹങ്ങൾ മാത്രം അധികാരം കൈയാളിയിരുന്ന ഒരു ഘട്ടത്തിൽ ആണ് ആഗോള തലത്തിൽ, ദേശ രാഷ്ട്ര സംവിധാനത്തിനു പുറത്തു നിറുത്തപ്പെട്ടിരുന്ന ജന സമൂഹങ്ങൾ സംഘടിക്കുകയും സമൂഹത്തോടും രാഷ്ട്രത്തോടും സാമൂഹ്യ ശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും സൂക്ഷ്മ വശങ്ങളെ അഭിസംബോധന ചെയാൻ പ്രാപ്തമായ പുതിയ വസ്തുതകൾ വെളിപ്പെടുത്തുന്നത്. അപരന്റെ അവകാശങ്ങളെ റദ്ദുചെയ്യുന്നത് ധാർമ്മിക ബാധ്യതയായി കണക്കാക്കുന്ന പേട്രിയാർക്കി സംവിധാനത്തേയും മനോ മൂല്യഘടനയെയും കുറിച്ച് വിൽഹം റീഹും, താൻ വിവേചനം നേരിടുന്നത് തന്റെ തന്നെ കുഴപ്പം കൊണ്ടാണെന്നും അത്തരം അടിച്ചമർത്തലുകൾ ദൈവികവും സാമൂഹിക ഭദ്രതയ്ക്കും സാമൂഹിക സുരക്ഷയ്ക്കും അനിവാര്യം ആണെന്നും ചിന്തിക്കുന്ന, വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന മൂല്യഘടനയെക്കുറിച്ച് അന്റോണിയോ ഗ്രാംഷി തന്റെ സോഷ്യൽ ഹെജിമോണി തിയറിയിലൂടെയും വിശദീകരിച്ചിട്ടുണ്ട്. പിൽക്കാലത്ത്, തങ്ങൾ സ്വത്വപരമായി വിവേചനം അനുഭവിക്കുന്നവരാണെന്നും അതിനെ മറികടക്കാൻ തങ്ങൾക്ക് പ്രത്യേക ഉടമ്പടികൾ വേണം എന്നും സമൂഹത്തോട് ആവശ്യപ്പെട്ട് മുന്നോട്ട് വന്ന സ്വത്വങ്ങൾ ഇത്തരം വിജ്ഞാന- ചിന്താ പദ്ധതികളെ വികസിപ്പിക്കുകയും ചെയ്തു. അത്തരം സ്വത്വപരമായ മുന്നേറ്റ ചരിത്രത്തിന്റെ ഭാഗമാണ് ഇതെഴുതുന്ന ഞാനും ഇതു വായിക്കുന്ന നിങ്ങളും. ഇന്ത്യയിൽ ഇത്തരത്തിലുള്ള സ്വത്വ രാഷ്ട്രീയത്തിന്റെ സൂക്ഷ്മ വശങ്ങളെ അഭിസംബോധന ചെയ്തവരാണ് മഹാത്മാ ജ്യോതിഭാ ഫൂലെയും ഫാത്തിമാ ശൈഖും അംബേദ്ക്കറും ജോഗേന്ദ്രനാഥ് മണ്ഡലും പെരിയാറും ഇങ്ങ് കേരളത്തിൽ മഹാത്മാ അയങ്കാളിയും നാരായണ ഗുരുവും പൊയ്കയിൽ അപ്പച്ചനും കുമാരനാശാനും വക്കം അബ്ദുൽ ഖാദർ മൗലവിയും സഹോദരൻ അയപ്പനും മക്തി തങ്ങളും ഉൾപ്പെടെയുള്ളവർ. താന്താങ്ങളുടെ സ്വത്വ സമൂഹത്തിനു വേണ്ടി മുന്നേറ്റങ്ങൾ നടത്തിയവർ എന്നതിൽ കവിഞ്ഞ് സമൂഹത്തെ കൂടുതൽ നീതി പൂർണമാക്കാൻ ആണ് അവർ ശ്രമിച്ചത്. വിവേചനത്തിന്റെ സൂക്ഷ്മ രാഷ്ട്രീയത്തെ മനസിലാക്കി, സമൂഹത്തെയും സ്വത്വ സമൂഹത്തെയും നീതിയുടെയും സാഹോദര്യത്തിന്റെയും കരുണയുടെയും അടിസ്ഥാനത്തിൽ പരിഷ്ക്കരിക്കാൻ ആണ് ഈ മഹാമനീഷികൾ ശ്രമിച്ചത്. അത്തരം സമര മുന്നേറ്റത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ച അടുത്ത തലമുറയുടെ കടമയാണ് നിലനിൽക്കുന്ന അനീതിയുടെയും അപരവൽക്കരണത്തിന്റെയും സാമൂഹിക പരിസരത്തെ പരിഷ്ക്കരിക്കുക എന്നത്. അത്തരം ഒരു സാമൂഹിക പരിഷ്ക്കരണത്തിന്, സാമൂഹിക ജനാധിപത്യം സാധ്യം ആവുന്നതിന് വേണ്ടി നിലകൊണ്ട ഒന്നാണ് ഇന്ത്യൻ ഭരണഘടന, സുദീർഘമായ ഇന്ത്യൻ ചരിത്രത്തിൽ ബൗദ്ധ- ഇസ്ലാമിക സ്വാധീനത്തിന്റെ ഫലമായി സാമൂഹിക നീതിക്കുവേണ്ടിയുള്ള നിലപാടുകൾ രൂപം കൊണ്ടിട്ടുണ്ടായിരുന്നു. എങ്കിൽ പോലും പൂർണമായി സാമൂഹിക ജനാധിപത്യം കൈവരിച്ചാൽ മാത്രം സാധ്യമാകുന്ന ഒരു അവസ്ഥയാണ് യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണഘടന, മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇന്ത്യൻ ഭരണഘടന എന്നു പറയുന്നത് കേവലമായ ഒരു രേഖയല്ല, മറിച്ച് ഇന്ത്യ ഇനിയും എത്തിപ്പെടേണ്ട വിമോചനാത്മകമായ ഒരവസ്ഥയാണത്. എല്ലാവർക്കും നീതി എന്നു പറയുന്നതോ എല്ലാവരും സഹോദരങ്ങൾ ആണ് എന്ന് പറയുന്നതോ, ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയല്ല മറിച്ച് അത് ഇന്ത്യൻ ജനത ഇനിയും പ്രാപിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഭരണഘടന നീതിക്കും സാഹോദര്യത്തിനും സമത്വത്തിനും വേണ്ടിയാണ് എന്നതുകൊണ്ട്, സുനിശ്ചിതമായും ഭരണഘടന ബ്രാഹ്മണ്യത്തിനെതിരാണ്. അതുകൊണ്ട് മനുസ്മൃതി കത്തിക്കുന്നതിനും ഭരണഘടന ഉയർത്തി പിടിക്കുന്നതിനും കൃത്യമായ രാഷ്ട്രീയമുണ്ട്, അത് നീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയമാണ്.
ഇത്തരത്തിൽ സാമൂഹിക നീതിയും അവസരസമത്വവും, അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം മൗലീകാവകാശം ആണെന്ന് വിധിച്ചു, ന്യൂനപക്ഷാവകാശവും സംവരണവും അടക്കമുള്ള സൂക്ഷ്മ നിയമങ്ങൾ അന്തർലീനമായിട്ടുള്ള ഭരണഘടന അന്തിമവാക്കായിട്ടുള്ള ഇന്ത്യയിൽ എന്തുകൊണ്ട് പ്രത്യേകാവകാശങ്ങളും സംവരണം അടക്കമുള്ള വ്യവസ്ഥകൾ ഉണ്ടായിട്ടു പോലും മുസ്ലിംകളും ദലിതുകളും ആദിവാസികളും സ്ത്രീകളും ഭിന്നലിംഗക്കാരും ഉൾപ്പെടെയുള്ള ബഹുജനങ്ങൾ നിരന്തരമായ നീതി നിഷേധത്തിന് ഇരയായി എന്ന ചോദ്യത്തിന് ബ്രാഹ്മണ്യം മുതൽ ഇസ്ലാമോഫോബിയ വരെയുള്ള നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കുവാൻ സാധിക്കും.

ബ്രാഹ്മണ മൂല്യബോധവും അപരവത്കരണത്തിന്റെ രാഷ്ട്രീയവും

ബ്രാഹ്മണ്യം അടിസ്ഥാന മൂല്യബോധമായി വർത്തിക്കുന്ന, സാമൂഹികമായി ജനാധിപത്യവത്കരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹത്തിൽ ഒരിക്കലും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത തരത്തിലുള്ള ഒരു ജനാധിപത്യ സമൂഹം നിലവിൽ വരില്ല. ഇത് കൃത്യമായി അംബേദ്ക്കർ പ്രസ്താവിച്ചിട്ടുള്ളതാണ്. 1953-ൽ ബി.ബി.സിക്കു നൽകിയ അഭിമുഖത്തിൽ ഡോ. അംബേദ്ക്കർ പറഞ്ഞത് “ഇന്ത്യയിൽ നിശ്ചിത സമയം തോറും തിരഞ്ഞെടുപ്പുകൾ നടക്കാറുണ്ട് എന്നതുകൊണ്ടൊ ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രാതിനിധ്യ സഭകൾ ഉണ്ട് എന്നതു കൊണ്ടൊ ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും പ്രസിഡൻറും ഉണ്ട് എന്നുള്ളതു കൊണ്ടൊ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം ആണെന്ന് പറയാൻ സാധിക്കില്ല” എന്നാണ്. കാരണം ഡോ. അംബേദ്ക്കറുടെ തന്നെ നിർവചന പ്രകാരം “പരസപര ബഹുമാനത്തോടെയും സഹവർത്തിത്ത്വത്തോടെയും ഉള്ള ഒരു ജന വിഭാഗത്തിന്റെ ജീവിതത്തിനെയാണ് ജനാധിപത്യം എന്നു പറയുന്നത്.” മറ്റൊരു ഘട്ടത്തിൽ അദ്ദേഹം പറഞ്ഞത് ” ജനാധിപത്യം എന്നു പറയുന്നത് കേവലം ഒരു ഗവൺമെന്റല്ല, മറിച്ച് അതൊരു മൂല്യമാണ്, ആ മൂല്യം സാഹോദര്യം ആണ് ” എന്നതാണ്. അതുകൊണ്ട് തന്നെ അപരന്റെ അവകാശത്തെ ഹനിക്കേണ്ടത് തന്നെ ധാർമ്മിക ബാധ്യതയാണ് എന്ന് വിശ്വസിക്കുന്ന ബ്രാഹ്മണ്യ ഇന്ത്യയിൽ ജനാധിപത്യത്തിനും സാമൂഹിക ജനാധിപത്യത്തിന്റെ മൂല്യഘടന മുന്നോട്ട് വയ്ക്കുന്ന ഭരണഘടനയക്കും എതിരെ നിരന്തരമായ ആക്രമണം തുടർന്നുകൊണ്ടിരിക്കും.
ചരിത്രപരമായി ഇന്ത്യൻ ഭരണഘടനയെ സാധ്യമാക്കിയതിൽ സാമ്രാജ്യത്വ വിരുദ്ധമായ ഒരു ധാരയോടൊപ്പം തന്നെ പ്രധാനമായ പങ്കുവഹിച്ച ഒരു ധാരയാണ് ആഭ്യന്തര ജനാധിപത്യത്തിനു വേണ്ടി നിലകൊണ്ട മറ്റൊരു ധാര. മഹാത്മാ ഫൂലെയിൽ തുടങ്ങി അംബേദ്ക്കറും ഫാത്തിമ ശൈഖും പെരിയാറും ഇങ്ങ് കേരളത്തിൽ മഹാത്മാ അയങ്കാളിയും സഹോദരൻ അയപ്പനും നാരായണ ഗുരുവും കുമാരനാശാനും ഡോ. പൽപുവും പൊയ്കയിൽ അപ്പച്ചനും വക്കം അബ്ദുൽ ഖാദർ മൗലവിയും മക്തി തങ്ങളും വാരിയൻ കുന്നത്തു കുഞ്ഞമ്മദ് ഹാജിയും ഉമ്മർ ഖാദിയും ചങ്ങനാശേരി പരമേശ്വരൻ പിള്ളയും പാമ്പാടി ജോൺ ജോസഫും വി.ടി.ഭട്ടതിരിപാടും എല്ലാം അടങ്ങുന്നതാണ് ഈ ധാര. ഇവർ സമൂഹത്തിൽ നടത്തിയ, സമൂഹവുമായും ദേശ രാഷ്ട്രവുമായും നീതിക്കു വേണ്ടി നടത്തിയ ഉടമ്പടിയുടെ കൂടി ഫലമാണ് എല്ലാവർക്കും അവകാശവും അഭിമാനവും സ്വാഭാവിക നീതിയും ഉറപ്പു നൽകുന്ന ഭരണഘടന. ഇത്തരം മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരുന്ന വേളയിൽ തന്നെ ഇത്തരം മൂല്യങ്ങൾക്കെതിരായി, ബ്രാഹ്മണ്യത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുകയും സാമ്രാജ്യത്ത്വത്തിന്റെ ഭാഗമായി നിലകൊള്ളുകയും ചെയ്ത പ്രസ്ഥാനങ്ങളും ഉണ്ട്. ഹിന്ദു മഹാസഭയും ആർ.എസ്.എസും എല്ലാം അത്തരത്തിൽ ഉള്ളതാണ്. ഇന്ത്യ സ്വാതന്ത്ര്യം കരസ്ഥമാക്കുന്ന ഘട്ടത്തിൽ ബ്രാഹ്മണ്യത്തിന്റെ ധാരയക്ക് ഭരണകൂടത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചിരുന്നില്ല എങ്കിൽ പോലും ബ്രാഹ്മണ്യത്തിന്റെ മൂല്യഘടനയിൽ തന്നെയായിരുന്നു ഇന്ത്യ ജീവിച്ചത്. നെഹ്റുവിനെയും അംബേദ്ക്കറിനെയും ഗാന്ധിയെയും മൗലാനാ അബുൽ കലാം ആസാദിനെയും പോലുള്ള ധിഷണാശാലികളായ മനുഷ്യർ ആണ് വലിയ ഒരളവിൽ ഇന്ത്യൻ ഭരണഘടനയിൽ കയറി കളിക്കാനുള്ള ബ്രാഹ്മണ്യ ശക്തികളുടെ ശ്രമത്തിന് തടയിട്ടത്, വലിയ ഒരളവിൽ അവർ അതിൽ വിജയിക്കുകയും ചെയ്തു.
തുടർന്നുള്ള ഇന്ത്യാ എന്ന, പുതുതായി രൂപം കൊണ്ട, ദേശ രാഷ്ട്രത്തിന് ബ്രാഹ്മണ്യത്തെ വേണ്ടുന്ന ഒരളവിൽ നിയന്ത്രിക്കാനോ പരാജയപ്പെടുത്താനോ സാധിച്ചില്ല. അതിന്റെ പ്രധാന കാരണം ഇന്ത്യയുടെ മൂല്യമണ്ഡലമായ ബ്രാഹ്മണ്യം തന്നെയായിരുന്നു. അപരന്റെ അവകാശത്തെയും ആത്മാഭിമാനത്തോടെയുള്ള നിലനിൽപ്പിനെയും റദ്ദു ചേയുന്ന, സ്വാഭാവിക നീതി സംവിധാനത്തെ ഒരിക്കലും അംഗീകരിക്കാത്ത ബ്രാഹ്മണ്യ മൂല്യ ബോധം പേറുന്ന ഒരു ജനത ഒരു വശത്തും എല്ലാവർക്കും തുല്യതയും ആത്മാഭിമാനവും സ്വാഭാവിക നീതിയും ഉറപ്പു നൽകുന്ന, സാഹോദര്യവും അന്തസോടെ താന്താങ്ങളുടെ സ്വത്വം ഉയർത്തി പിടിച്ചു കൊണ്ട് ജീവിക്കാനുള്ള അവകാശവും, മൗലീകാവകാശം ആണെന്ന് വിധിച്ച ഭരണഘടന ധാർമ്മികത മറുവശത്തും, ഈ രണ്ടു മൂല്യഘടന തമ്മിലുള്ള എറ്റുമുട്ടലിന്റെ വേദിയാണ് ഇന്ന് ഇന്ത്യ.
ഭരണഘടന നിർമ്മാണ അസംബ്ലിയിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഡോ. അംബേദ്ക്കർ പ്രസ്താവിച്ചത് ഇപ്രകാരമാണ്: “വളരെ നല്ല ഒരു ഭരണഘടന നീതി സംവിധാനം ആണ് നമുക്കുള്ളത്, എന്നിരിന്നാലും മോശം ആളുകൾ ആണ് അത് കൈകാര്യം ചെയ്യാൻ വിളിക്കപ്പെടുന്നത് എങ്കിൽ ആ ഭരണഘടന ദോഷകരമായി തീരും.”

സ്വാതന്ത്ര്യാനന്തരം മാനവികമായോരു മൂല്യഘടനയിൽ ഊന്നി ഭരണഘടന സ്ഥാപിതമായപ്പോഴും സാമ്രാജ്യത്ത്വ ബാക്കിപത്രങ്ങളായ ഡീപ് സ്റ്റേറ്റ് സംവിധാനത്തിനുതകുന്ന പല നിയമങ്ങളും ഇന്ത്യയിൽ അവശേഷിച്ചു. IPC 124 A വകുപ്പ് എല്ലാം അതിൽപ്പെടുന്നതാണ്. പിന്നീടുടനീളം ബഹുജനങ്ങളുടെ സ്വത്വപരമായ നിലനിൽപ്പിനെയും അവകാശത്തെയും റദ്ദു ചെയുക എന്ന സൂക്ഷ്മ ലക്ഷ്യം മുന്നിൽ വെച്ചു തന്നെ ഇന്ത്യയിൽ ധാരാളം സംഭവങ്ങൾ അരങ്ങേറി. സ്റ്റേറ്റ് ലജിസ്ലേറ്റീവ് സഭകളിലേക്കും പാർലിമെന്റിലേക്കും തുടക്കത്തിൽ ബ്രാഹ്മണ്യ ശക്തികൾക്ക് വലിയ രീതിയിൽ പ്രവേശനമോ അവരുടെ ആശയങ്ങൾക്ക് ഭരണകൂടത്തിന്റെ നയങ്ങളിൽ വലിയ സ്വാധീനമോ ലഭിച്ചിരുന്നില്ല എങ്കിലും ഇന്ത്യയിലെ വലിയൊരു ഉദ്യോഗസ്ഥ വിഭാഗം ബ്രാഹ്മണ്യ സിദ്ധാന്തങ്ങളെ അനുകൂലിക്കുന്നവരായിരുന്നു. മഹാരാഷ്ട്ര മുൻ ഐ.ജി ആയിരുന്ന S.M. Mushrif IPS എഴുതിയ who killed Karkare എന്ന ഗ്രന്ഥത്തിൽ ഇന്ത്യയിലെ പ്രധാന രഹസ്യാന്വേഷണ വിഭാഗമായ ഐ.ബി അടക്കമുള്ള ബ്യൂറോക്രസി സംവിധാനങ്ങൾ എങ്ങനെയാണ് ഭരണഘടനാ വാഴ്ച്ചയെ അട്ടിമറിച്ചതെന്നും എങ്ങനെയാണ് ബഹുജനങ്ങളുടെ, വിശിഷ്യാ മുസ്ലിംകളുടെ സ്വത്വത്തെ അപനിർമ്മിച്ചതും ഭീകരവൽക്കരിച്ചതും എന്നും വിശദീകരിക്കുന്നുണ്ട്. ഹിന്ദു രാഷ്ട്രം അഥവാ ഒരു ബ്രാഹ്മണ്യ രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം വെച്ച് എങ്ങനെയാണ് ബ്രാഹ്മണിസ്റ്റുകൾ മുസ്ലിം, ദലിത, ആദിവാസി തുടങ്ങിയ വിഭാഗങ്ങളുടെ സ്വത്വങ്ങളെ
അപരവത്കരിച്ചത് എന്നുള്ളത് എറെ പഠനം ആവശ്യപ്പെടുന്ന വിഷയമാണ്. 20-ആം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഇന്ത്യയിൽ പൊടുന്നനെ രൂപം കൊണ്ട “ഇസ്ലാമിക തീവ്രവാദ” ത്തിനു പിന്നിലെ രഹസ്യങ്ങൾ മലേഗാവ് ബോംബ് സ്ഫോടനക്കേസ് അന്വേഷിച്ച എ.ടി.എസ് തലവൻ ആയിരുന്ന ഹേമന്ത് കർക്കരെ പുറത്ത് കൊണ്ടു വരികയുണ്ടായി.
ഒരുപക്ഷേ ബ്രിട്ടീഷ് കാലഘട്ടത്തിൽ തന്നെ സാമ്രാജ്യത്ത്വ വാദികളായ ചരിത്രകാരന്മാരും ഓറിയന്റലിസ്റ്റ് ചരിത്രകാരൻമാരും അപര വിദ്വേഷം മാത്രം കൈമുതലായുള്ള ബ്രാഹ്മണിക ചരിത്രകാരന്മാരും ചേർന്ന് നടത്തിയ മുസ്ലിം ചരിത്രത്തിന്റെ അപനിർമ്മിതിയുടെ അടുത്ത പടിയായിരുന്നു കെട്ടിപ്പടുത്ത് കൊട്ടിഘോഷിച്ച ഇസ്ലാമിക തീവ്രവാദം. ഓരോ സ്ഫോടനങ്ങൾക്കു ശേഷവും ആയിരക്കണക്കിന് മുസ്ലീം ചെറുപ്പക്കാരെ അറസ്റ്റു ചെയ്തും മാധ്യമങ്ങളിലെ ബ്രാഹ്മണിസ്റ്റ് ചിന്താധാരകളിലുള്ളവരെ ഉപയോഗിച്ച് അപകീർത്തിച്ചും ഇസ്ലാമോഫോബിയ പരത്തിയും കോടതിയിൽ എത്തിയ കേസുകൾ പലതും തെളിവുകളുടെ അഭാവത്താൽ തള്ളപ്പെട്ടു. അത്തരം ഒരു കേസിൽ പ്രതി ചേർക്കപ്പെട്ട പരപ്പനങ്ങാടിയിലെ സക്കരിയ അടക്കമുള്ള സഹോദരങ്ങൾ ഇന്നും വിചാരണ കാത്ത്, ചെയ്ത കുറ്റം തെളിയിക്കപ്പെടാതെ കഴിഞ്ഞ 11 വർഷമായി പരപന അഗ്രഹാര ജയിലിൽ കഴിയുകയാണ്. സക്കരിയ അത്തരം ഇരയാക്കപ്പെട്ട പതിനായിരങ്ങളിൽ ഒരാൾ മാത്രം.

തുടരെ തുടരെ ഉണ്ടായ ഹിന്ദുത്വ ഭീകരാക്രമണങ്ങളും അതിൽ ഇരയാക്കപ്പെട്ട മുസ്ലിംങ്ങളടക്കമുള്ള ജനസമൂഹങ്ങളുടെ അപരത്വവൽക്കരണത്തിൽ ഊന്നിയാണ് അപരവൽക്കരണത്തിന്റെ നിയമ- ബോധ മൂല്യ നിയമങ്ങൾ ഇന്ത്യയിൽ പാസാക്കിയത്. വർദ്ധിച്ചു വരുന്ന ഇസ്ലാമിക ഭീകരവാദത്തിന്റെയും നക്സലിസം, മാവോയിസം തുടങ്ങി സ്പോൺസേർഡ് ഇല്ലാ കഥകൾ പ്രചരിപ്പിച്ചും ഇത്തരം വ്യാജങ്ങളുടെ മറപറ്റിയുമാണ് ബ്രാഹ്മണ്യ ശക്തികൾ UAPA, TADA, MCOCA, NSA തുടങ്ങിയ കരിനിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ കൊണ്ട് വന്നത്. പ്രസ്തുത നിയമങ്ങൾ പ്രകാരം എല്ലാവർക്കും ഈ നിയമങ്ങൾ ബാധകം ആണ് എങ്കിലും നിയമ മേഖലയിൽ നടന്ന പഠനങ്ങൾ തെളിയിച്ചത് ഈ നിയമങ്ങൾ വളരെ സെലക്റ്റീവ് ആയാണ് പ്രയോഗിച്ചത് എന്നാണ്. അത് ബ്രാഹ്മണ്യത്തിന്റെ ഒരു ഘടനയാണ്. കാരണം ബ്രാഹ്മണ്യ വ്യവസ്ഥ പ്രകാരം എല്ലാവർക്കും ബാധകം ആയത് എന്നൊന്നില്ല, അനുകൂലങ്ങളായ ഘടകങ്ങളും പ്രതികൂലങ്ങളായ ഘടകങ്ങളും ചിലർക്ക്
മാത്രം നീക്കിവച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് മൂന്ന് തവണയിൽ കൂടുതൽ കള്ളനോട്ട് കേസിൽ തുടർച്ചയായി പിടിക്കപ്പെട്ടിട്ടും കൊടുങ്ങലൂരിലെ
സംഘപരിവാർ പ്രവർത്തകനു മേൽ ഇന്നുവരെ UAPA ചുമത്താത്തത്. കള്ളനോട്ടടിക്കുന്നത് UAPA നിയമത്തിനു കീഴിൽ വരുന്ന കുറ്റകൃത്യമാണ് എന്നതോർക്കണം. ഇന്ത്യൻ ജയിലുകളിൽ മേൽ പ്രസ്താവിച്ച ഭീകര കരിനിയമങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ വിചാരണ
പോലും നിഷേധിക്കപ്പെട്ട് കഴിയുന്നവരിൽ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളോ ദലിത ആദിവാസി വിഭാഗങ്ങളോ ആണ്. ദേശ സുരക്ഷ, വികസനം എന്നിങ്ങനെയുള്ള കാരണം പറഞ്ഞ് കശ്മീരിന് നൽകപ്പെട്ടിരുന്ന പ്രത്യേക അവകാശം, 370-ആം വകുപ്പ് റദ്ദു ചെയ്യലും ഇതേ അപരവൽക്കരണത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും സുപ്രീം കോടതി അടക്കം മൗലീകാവകാശം ആണ് എന്നുവിധിച്ച ഇന്റർനെറ്റിനുള്ള അവകാശം 6 മാസക്കാലത്തോളം നിഷേധിച്ച് കശ്മീരി ജനതയെ ഇസ്രായേൽ ഫലസ്ത്തീനിൽ
തിർത്തതിനു സമാനമായ ‘ഓപൺ പ്രിസ്ൺ’ തീർത്തു തടവിൽ വച്ചിരിക്കുന്നതും ഇതേ അപരവൽക്കരണത്തിന്റെ ഭാഗമാണ്. ഇന്ന് NRC നടപ്പാക്കി 19 ലക്ഷം മനുഷ്യരെ ആസ്സാമിൽ തടവിൽ വച്ചിരിക്കുന്നത് ഒരു വംശീയോന്മൂലന പദ്ധതിയുടെ മുന്നോടിയാണെന്നും അത് മുസ് ലിംകൾ എന്ന ജനവിഭാഗത്തെയാണ് ലക്ഷ്യം വെക്കുന്നതെന്നും കൃത്യമായും ബോദ്ധ്യപ്പെടുത്തുന്നതാണ് മുസ്ലിംകളല്ലാത്തവരെ ഞങ്ങൾ സ്വീകരിക്കും എന്ന പ്രഖ്യാപനവും അതിനുവേണ്ടിയുള്ള നിയമനിർമ്മാണവും. പൗരന്മാരെ വിവേചന പൂർവ്വം തികച്ചും വംശീയമായി സമീപിക്കുന്ന ഈ
നിലപാട് ആധുനികമായ മൂല്യങ്ങളുൾക്കൊള്ളുന്ന ഒരു ദേശരാഷ്ട്രത്തിലാണ് എന്ന കാര്യം എത്രമേൽ ദാരുണമാണ്.

ഇന്ത്യൻ ഭരണഘടന പ്രകാരം ഇന്ത്യൻ പാർലിമെന്റ് പാസാക്കുന്ന എതു നിയമവും ജൂഡിഷ്യൽ സ്ക്രൂട്ടിനിയിക്ക് വിധേയമാണ്. അതായത് ഇന്ത്യൻ ഭരണകൂടം പാസ്സാക്കുന്ന ഒരു നിയമം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരാണോ എന്നു പരിശോധിക്കാനും ആണെങ്കിൽ പ്രസ്തുത നിയമത്തെ റദ്ദുചെയ്യാനും ഉള്ള അധികാരം ഭരണഘടനാ സംരക്ഷകരായ കോടതിക്കുണ്ട്. അത് കോടതിയുടെ ബാധ്യതയായി ഭരണഘടന ചൂണ്ടികാണിക്കുന്നു. എങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന അപരവൽക്കരണത്തെ പ്രതിരോധിക്കാൻ കോടതികൾക്കായില്ല. ഭരണകൂടം അനീതി പ്രവർത്തിക്കുമ്പോൾ ഇവിടെ കോടതിയും നിയമവും ഉണ്ട് എന്നൊരു സമൂഹം പറഞ്ഞിരുന്ന ഘട്ടത്തിൽ നിന്ന് എല്ലാ അർത്ഥത്തിലും വിവേചന
പൂർണമായ പൗരത്വ ഭേദഗതി നിയമം കോടതി റദ്ദു ചേയുമോ എന്നൊരു ജന സമൂഹം മാറി ചോദിക്കുമ്പോൾ സാമൂഹിക നീതി സമ്പൂർണമായി ആ സമൂഹത്തിൽ തകർന്നിരിക്കുന്നു എന്ന് വേണം മനസിലാക്കാൻ. കാരണം നിയമ വിജ്ഞാന സിദ്ധാന്തമനുസരിച്ച് സ്വാഭാവിക നീതി ഒരു സമൂഹത്തിൽ തകർന്നു എന്നതിന്റെ ഒടുവിലെ സൂചനയാണ് അപരവൽക്കരിക്കപ്പെട്ട ജനതയ്ക്ക് കോടതി അടക്കമുള്ള നിതി സംവിധാനങ്ങളിൽ ഉളള വിശ്വാസം നഷ്ടപ്പെടുന്നത്. കഴിഞ്ഞ ദിവസം ആസ്സാമിലെ ഡിറ്റൻഷൻ ക്യാമ്പുകളിൽ താമസിപ്പിച്ചിരിക്കുന്ന അമുസ്ലിങ്ങളെ വെറുതെ വിടണം എന്ന് ഭരണകൂടം ഉത്തരവിട്ടത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് ലോകം നേരിടുന്ന എറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധി റോഹിൻഗ്യൻ മുസ്ലിങ്ങളുടെ അഭയാർത്ഥി പ്രശ്നമാണ്. ലക്ഷക്കണക്കിന് മനുഷ്യരാണ് അവിടെ വംശീയമായ കൂട്ടകൊലക്ക് ഇരയായത്. ദശ ലക്ഷക്കണക്കിന് മനുഷ്യരെ വംശീയമായി പുറന്തളാൻ മ്യാൻമറിൽ ഉപയോഗിച്ച നിയമത്തിന്റെ പേരും NRC എന്നു തന്നെയായത് ചരിത്രത്തിന്റെ ഒരോർമ്മപ്പെടുത്തലാകാം. ഷെർലോക്ക് ഫോംസ് പറയുന്നത് പോലെ ലോകത്ത് പുതുതായി ഒന്നും സംഭവിക്കുന്നില്ല, ചരിത്ര ആവർത്തനം മാത്രമാണ് എല്ലാം എന്ന വാചകം നാം ഓർക്കേണ്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഹിറ്റ്ലർ നാസി ജർമ്മനിയിൽ കൊണ്ടുവന്നതു പോലെ, പൗരന്മാരെ സ്വാഭാവിക പൗരന്മാർ എന്നും രണ്ടാം കിട പൗരന്മാർ എന്നും വംശീയാടിസ്ഥാനത്തിൽ വേർതിരിക്കുന്ന പൗരത്വ ബിൽ, പതിറ്റാണ്ടുകൾ ആയി തുടരുന്ന അപരവൽക്കരണത്തിന്റെ ഒരു ഭാഗമാണ്. കശ്മീരിൽ ദശലക്ഷക്കണക്കിന് മനുഷ്യർ തുറന്ന ജയിലിൽ ജീവിക്കുന്നതിനു സമാനമായി നരകിക്കുമ്പോഴും പതിനായിരക്കണക്കിന് മനുഷ്യർ ഭീകര നിയമങ്ങൾ ചാർത്തപ്പെട്ട് ജയിലിൽ ജീവിതം ഹോമിച്ചപ്പോഴും നിസ്സംഗമായ മൗനം പാലിച്ച ഒരു സമൂഹത്തിന് അനീതിക്കെതിരെ ഒന്നിക്കാനും മുന്നേറാനും, ബ്രാഹ്മണ്യവുമായി ഒരു തുറന്ന പ്രതിരോധം തീർക്കാനും നല്കപ്പെട്ട അവസരമാണ് ഇത്, ഈ സമരത്തിൽ നമ്മൾ പരാജയപ്പെടുകയില്ല, നിശ്ചയമായും ഈ പോരാട്ടത്തിൽ ബ്രാഹ്മണ്യശക്തികൾ പരാജയപ്പെടും. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നത് മാത്രമല്ല അതിനുള്ള കാരണം, മറിച്ച് അത് നീതിക്കെതിരാണ് എന്നത് കൊണ്ടാണ്. മർദ്ദിതരുടെ ആശ്വാസമായ, അശരണരെ ഒരു തടവു കൊണ്ട് സുഖപ്പെടുത്തുന്ന, നീതിയുടെ സ്വരമായ മിശിഹായുടെ അനന്തരാവകാശികളായ പോരാളികൾ നടത്തുന്ന, നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തെ പരാജയപ്പെടുത്തുവാൻ അപര വിദ്വേഷം മാത്രം കൈമുതലായുള്ള ബ്രാഹ്മണ്യ ഫാസിസ്റ്റുകൾക്കാവില്ല. നമുക്കു പോരാടാനും അതിജീവിക്കുവാനും ഉള്ള അവകാശവും അധികാരവും നൽകുന്ന, നീതിക്കു വേണ്ടി നിലകൊള്ളുന്ന ഭരണഘടനയും, നീതിക്കു വേണ്ടിയുള്ള ചരിത്രവും നമ്മോടൊപ്പം ഉണ്ടായിരിക്കെ ഈ പോരാട്ടത്തിൽ നമുക്ക് പരാജയപ്പെടാനുമാവില്ല.

ലേഖകൻ പഞ്ചാബ് RIMT യൂണിവേഴ്സിറ്റി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy