തസ്വവ്വുഫിന്റെ അന്തസത്ത:
നീ നഫ്സിനെ ദമനം ചെയ്യുക, ഹഖിന്റെ താത്പര്യത്തിലാവുക

(ഇമാം സുഹ്‌റവർദി(റ)യുടെ പ്രസിദ്ധ ഗ്രന്ഥമായ അവാരിഫുൽ മആരിഫിൽ നിന്നുള്ള സംഗ്രഹ ആശയാവതരണവും വിശദീകരണവും)

വിവർത്തനം: മുഹമ്മദ് മുസ്തഫ ചെർപ്പുളശ്ശേരി:

സ്വന്തം ശരീരത്തെ സ്വതാല്പര്യങ്ങൾക്ക് വിട്ടു കൊടുക്കാതെയും തന്റെ ജ്ഞാനത്തെ ആശ്രയിക്കാതെ അല്ലാഹുവിന്റെ ജ്ഞാനങ്ങളെ മാത്രം വിജയാശ്രയമായി മനസ്സിലാക്കിയും പ്രപഞ്ച പരിപാലകന്റെ ഇച്ഛയെ മാത്രം കാംക്ഷിക്കുന്നവനാണ് സൂഫി.
പ്രഗൽഭ സൂഫി വ്യക്തിത്വമായിരുന്ന ദുന്നൂനുൽ മിസ് രി (റ) പറയുന്നു:
”സൂഫിക്ക് അന്വേഷണത്തിന്റെ ക്ഷീണമറിയില്ല. ഇല്ലായ്മയിൽ അസ്വാസ്ഥ്യവുമില്ല.” അദ്ദേഹം തുടരുന്നു:
”സൂഫികൾ അല്ലാഹുവിന് മാത്രം പരിഗണന നൽകി. അപ്പോൾ അല്ലാഹു അവർക്കും പരിഗണന നൽകി. അവർ സ്വന്തം ജ്ഞാനത്തേക്കാൾ അല്ലാഹുവിന്റെ ജ്ഞാനം തിരഞ്ഞെടുത്തു. സ്വന്തം ഇച്ഛയെക്കാൾ അല്ലാഹുവിന്റെ ഇച്ഛയെ തിരഞ്ഞെടുത്തു.”

അല്ലാഹുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വിഭാഗം മനുഷ്യരാണ് സൂഫികൾ. അവർക്ക് മിഥ്യകളിൽ യാതൊരു താല്പര്യവും ജനിക്കുന്നില്ല. അവരുടെ ആത്യന്തിക ലക്ഷ്യം തങ്ങളുടെ നാഥനും പ്രേമഭാജനവുമായ അല്ലാഹുവെത്രെ. സ്വയം പര്യാപ്തനായ ഏകൻ.
വിഭവസമൃദ്ധമായ ഭക്ഷണമോ, ഭൗതിക സുഖാഡംഭരങ്ങളോ സൂഫികൾക്കാവശ്യമില്ല. വിശേഷപ്പെട്ട വസ്ത്രങ്ങളോ, ആഭരണങ്ങളോ അവർക്ക് ആവശ്യമില്ല. ലക്ഷ്യത്തിലെത്താനുള്ള ധൃതിയിലാണവർ. അതിനു വേണ്ടി മൊട്ടക്കുന്നിലും, വനാന്തരങ്ങളിലും, പർവ്വത സാനുക്കളിലും ജീവിതം പണയപ്പെടുത്തിയിരിക്കുകയാണവർ.

ഇസ് ലാമിന് നാഗരിക വികാസമുണ്ടാവുകയും മുസ് ലിം സമൂഹത്തിൽ ഭൗതിക പ്രമത്തതയും ആത്മീയ ശൂന്യതയും പ്രകടമാകുകയും ചെയ്ത ഒരു സവിശേഷ പശ്ചാത്തലത്തിലാണ് സൂഫിയാക്കൾക്കിടയിൽ പരിത്യാഗജീവിതത്തിനും ഏകാഗ്രതക്കും വേണ്ടി ചില രീതികൾ അവലംബിക്കപ്പെട്ടത്. സൂഫി ജീവിതമെന്നാൽ തിരുനബി(സ്വ) തങ്ങളുടെയും സ്വഹാബത്തിന്റെയും ബാഹ്യവും ആന്തരികവുമായ ജീവിതങ്ങളുടെ പുനരാവിഷ്കാരമല്ലാതെ മറ്റൊന്നുമല്ലെ എന്നതാണ് വസ്തുത. സൃഷ്ടികളുമായുള്ള ഖൽബിന്റെ ബന്ധം വിച്ഛേദിച്ച് സ്രഷ്ടാവിനോട് ചേരാനുള്ള ഉത്കടമായ അഭിവാഞ്ജയും അതിനുവേണ്ടിയുള്ള പ്രയത്നവുമാണ് വാസ്തവത്തിൽ സൂഫി ജീവിതങ്ങളിൽ ഉടനീളം നമുക്ക് കാണാനാവുന്നത്. ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി നഫ്സിന്റെ കാമനകളെ പൂർണ്ണമായി ദമനം ചെയ്ത് ഹഖിന്റെ താത്പര്യം തന്നിൽ മികക്കാനായി ചില സൂഫി വിഭാഗങ്ങൾ അവലംബിച്ചിരുന്ന ആത്മീയ പരിശീലനത്തിന്റെയും രിയാളകളുടെയും ഒരു രീതിയാണ് ബഹുമാനപ്പെട്ട സുഹ്റ വർദി ഇമാം(റ) അവാരിഫുൽ മആരിഫിൽ നിർദ്ദേശിക്കുന്നത്. അക്കാര്യമാണ് മുകളിൽ പരാമർശിച്ചത്.

ജുനൈദുൽ ബാഗ്ദാദി (റ) പറയുന്നത് നോക്കൂ: ”വളക്കൂറുള്ള ഭൂമി പോലെയാണ് സൂഫികൾ. ജനങ്ങൾ വൃത്തികെട്ട വസ്തുക്കളാണ് അവിടെ നിക്ഷേപിക്കുന്നത്. പക്ഷേ, അവർക്കവിടെ നിന്നും ലഭിക്കുന്നതോ വിശിഷ്ടമായ ധാന്യങ്ങളും, പഴങ്ങളും.”
മഹാനവർകൾ തുടരുന്നു:
”സജ്ജനങ്ങളും ദുർജ്ജനങ്ങളും ചവിട്ടി നടക്കുന്ന ഭൂമിപോലെയും, സർവ്വതിനേയും നിഴലിലാഴ്ത്തുന്ന മേഘത്തെ പോലെയും എല്ലാ സൃഷിടികൾക്കും വർഷം നടത്തുന്ന മഴ പോലെയുമാണ് സൂഫികൾ.”

ആയിരത്തിലധികം ഉപമകളും, നിർവചനങ്ങളും ജ്ഞാനികൾ സൂഫിക്ക് നൽകിയിട്ടുണ്ട്. അവയെല്ലാം വാക്കുകളിൽ വ്യത്യസ്തമാണെങ്കിലും ആശയങ്ങളുടെ താല്പര്യം ഒരു പൊരുളിൽ കേന്ദ്രീകൃതമാണ്.

സൂഫി തന്റെ ആത്മാവിനെയും ശരീരത്തെയും സ്ഫുടം ചെയ്തെടുക്കുന്നതിൽ എപ്പോഴും ബദ്ധശ്രദ്ധനാണ്. തന്റെ ഓരോ നിമിഷങ്ങളേയും കടഞ്ഞു ശുദ്ധീകരിക്കാൻ അവൻ ശ്രമിക്കുന്നു. ശരീരത്തിന്റെ അഴുക്കുകളും, ദുഷ്പ്രേരണകളും നീക്കി ഹൃദയമെന്ന കണ്ണാടിയെ എപ്പോഴും തുടച്ചു വൃത്തിയാക്കാൻ അവൻ പ്രയത്നിക്കുന്നു. തന്റെ നാഥനും പ്രേമഭാജനവുമായ അല്ലാഹുവിനെ മാത്രം ആശ്രയിക്കുന്നത് മൂലം ഈ മഹായജ്ഞം അവന് അനായാസമാകുന്നു. അഴുക്കുകളിൽ നിന്ന് ഹൃദയത്തെ വിമലീകരിക്കാൻ അവന്നു നിഷ്പ്രയാസം സാധിക്കുന്നു. വല്ല കളങ്കവും ഹൃദയദർപ്പണത്തിൽ പ്രത്യക്ഷപ്പെട്ടാൽ പെട്ടന്നതു മനസ്സിലാക്കാനും പ്രതിവിധി ചെയ്യാനും അവന് സാധിക്കുന്നു. ഹൃദയം അതിന് പാകപ്പെടുന്നു. ഹൃദയം തിളങ്ങിക്കൊണ്ടിരിക്കുമ്പോൾ പ്രേമഭാജനവുമായി സമാഗമതിന്റെ നിർവൃതി സൂഫി അനുഭവിച്ചു കൊണ്ടേയിരിക്കും. സൂഫിയുടെ മനോമുകരത്തിൽ ചെറിയ ഒരു പുള്ളി വീണാൽ മതി പെട്ടന്ന് ആ സമാഗമം നിലച്ചു പോകുന്നു. സൂഫിയുടെ തെളിഞ്ഞ അവസ്ഥ കലങ്ങുന്നു. പിന്നെ അത് വീണ്ടെടുത്തേ സൂഫി അടങ്ങുകയുള്ളൂ. അവന്റെ ഹൃദയം അല്ലാഹുവിന്റെ നിയന്ത്രണത്തിലും ശരീരം ഹൃദയത്തിന്റെ നിയന്ത്രണത്തിലും ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy