ഫാറാബിക്കും ഇബ്നു സീനക്കുമിടയിലെ തത്വചിന്തയുടെ ചരിത്രം

സയ്യിദ് ഹുസൈന് നസ്റ്
വിവ: നിഹാല് പന്തല്ലൂർ
:

സ്ലാമിക തത്വചിന്തയുടെ പൊതുവായ ചരിത്രത്തില് ഈ ധാരയിലെ പ്രധാന വ്യക്തിയെന്ന നിലക്ക് ഫാറാബി കഴിഞ്ഞാല് ഇബ്നു സീനയാണ് പൊതുവെ പരിഗണിക്കപ്പെടാറുള്ളത്. എന്നാല്, ഇബ്നു സീനയുടെ ധൈഷണിക വ്യാപാരങ്ങള്ക്ക് സുഗമമായ പാതയൊരുക്കിക്കൊടുത്ത ധാരാളം പ്രധാനപ്പെട്ട ത്വചിന്തകരും ശാസ്ത്രജ്ഞരും ഇവര് രണ്ടുപേര്ക്കുമിടയിലെ കാലയളവില് ജീവിച്ചുപോയിട്ടുണ്ട്. അബുല് വഫ, അബൂ സഹല് അല്കൂഹി, ഇബ്നു യൂനുസ്, അബ്ദുല് ജലീല് അല്സിജ്സി, അല്ബിറൂനി, ഇഖ് വാനു സ്വഫാ തുടങ്ങിയ പ്രധാന ശാസ്ത്ര പ്രതിഭകളും ‘മഫാതീഹുല് ഉലൂം’ സമാഹരിച്ച അല്ഖവാരിസ്മിയെ പോലുള്ള ശാസ്ത്ര വിജ്ഞാനകോശങ്ങളായിരുന്ന പണ്ഡിതരും ‘ഫിഹ്രിസ്തി’ന്റെ രചയിതാവായ ഇബ്നു നദീമിനുമെല്ലാം പുറമെ അബുല് ബറകാത് അല്ബഗ്ദാദി, ധര്മശാസ്ത്രപരമായ എഴുത്തുകളിലൂടെ പ്രസിദ്ധനാവുകയും ഇബ്നു സീനയുടെ സമകാലികനുമായിരുന്ന ഇബ്നു മിസ്കവൈഹി, അബൂ സുലൈമാന് അല് സിജിസ്താനി, അദ്ധേഹത്തിന്റെ മകന് അബൂ ഹയ്യാന് അല്തൗഹീദി, അബുല് ഹസന് അല്ആമിരി തുടങ്ങിയ ധാരാളം പ്രധാനപ്പെട്ട തത്വചിന്തകരും തര്ക്കശാസ്ത്രജ്ഞരും കൂടി ഈയര്ഥത്തില് പരാമര്ശിക്കപ്പെടേണ്ടതുണ്ട്.

ഇപ്പറഞ്ഞവരില് തങ്ങളുടെ ജീവിതകാലത്തും അതിനു ശേഷവും ഇസ്ലാമിക തത്വചിന്തയുടെ പ്രണേതാക്കളില് വലിയ സ്വാധീനം ചെലുത്തുകയും പ്രസിദ്ധരാവുകയും ചെയ്ത അല് സിജിസ്താനിയും അല് ആമിരിയും പടിഞ്ഞാറന് ലോകത്തും കേളീകേട്ടവരാണ്. ഹി. 310/എ.ഡി 922 മുതല് ഹി. 390/എ.ഡി 999 വരെ ജീവിച്ച നാലാം നൂറ്റാണ്ടുകാരനായ/ എ.ഡി പത്താം നൂറ്റാണ്ടുകാരനായ അല്സിജിസ്താനി മത്താ ബിന് യൂനുസിന്റെയും യഹ് യ ബിന് ആദിയുടെയും ശിഷ്യനായിരുന്നു. മാത്രമല്ല, ഫാറാബി മുതല് ഇബ്നു സീന വരെയുള്ളവര്ക്കിടയിലെ കാലഘട്ടത്തില് ബഗ്ദാദിലെ ഉന്നത തത്വചിന്തകനും അദ്ധേഹമായിരുന്നു. അന്നാട്ടിലെ എല്ലാ വിദ്യാസമ്പന്നരുടെയും സംഗമ സ്ഥാനമായിരുന്നു അദ്ധേഹത്തിന്റെ സ്വകാര്യ ഭവനം. അന്നവിടെ നടന്ന ധാരാളം ചര്ച്ചകളുടെ വിവരണം അദ്ധേഹത്തന്റെ പ്രധാന ശിഷ്യനായിരുന്ന അബൂ ഹയ്യാന് അല് തൗഹീദിയുടെ ‘മുഖാബസാത് എന്ന ഗ്രന്ഥത്തില് കാണാം. വാസ്തവത്തില്, അല് തൗഹീദി രചിച്ച ‘അല് ഇംതാഅ് വല് മുആനസഃ’ പോലുള്ള വിജ്ഞാനപ്രദമായ കൃതികളിലെല്ലാം തന്റെ ഗുരുവിന്റെ അഭിപ്രായങ്ങളും സുഭാഷിതങ്ങളും ധാരാളം ദര്ശിക്കാം. അടിസ്ഥാനപരമായി തര്ക്കശാസ്ത്ര പണ്ഡിതനും ‘സിവാനുല് ഹിക്മാ’ എന്ന തത്വശാസ്ത്ര ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവുമായാണ് അ ല്സിജിസ്താനി പ്രസിദ്ധനായത്. ഇക്കാലത്ത് വളരെ തുച്ഛമായ ഭാഗങ്ങള് മാത്രം ലഭ്യമായ പ്രസ്തുത പുസ്തകം പൂര്ത്തീകരിച്ചത് അബൂല് ഹസന് അല് ബൈഹഖി ‘തതിമ്മത് സിവാനുല് ഹിക്മ’ എന്ന ഗ്രന്ഥത്തിലൂടെയായിരുന്നു. തത്വചിന്താപരമായ നിരവധി വിഷയങ്ങളിലുള്ള അദ്ധേഹത്തിന്റെ വീക്ഷണങ്ങളും സ്വാധീനവും അല് തൗഹീദിയുടെ കൃതികള് പഠനവിധേയമാക്കിയാല് വലിയ തോതില് കണ്ടെടുക്കാം. മാത്രമല്ല, ഇബ്നു സീനക്ക് മുമ്പുള്ള ബഗ്ദാദിന്റെ ബൗദ്ധിക കാലഘട്ടത്തില് അല്സിജിസ്താനി അലങ്കരിച്ചിരുന്ന ബൃഹത്തായ സ്ഥാനവും അതുമൂലം പ്രസ്പഷ്ടമാകും എന്നതില് സംശയമില്ല.

ബഗ്ദാദിലേക്കുള്ള യാത്രയില് സിജിസ്താനി പരിചയപ്പെട്ട, തന്റെ സമകാലികനായിരുന്ന അബുല് ഹസന് അല് ആമിരി (മരണം ഹി. 381/ എ.ഡി 992) പല വിധേനയും ഫാറാബിയുടെയും ഇബ്നു സീനയുടെയും ഇടയിലെ പ്രധാനപ്പെട്ട തത്വചിന്തകനായി പരിഗണിക്കാവുന്ന ഒരാളാണ്. നൈഷാപൂരില് ഭൂജാതനായ അദ്ധേഹം അബൂ സൈദ് അല് ബല്ഖിയുടെ കീഴില് വിദ്യയഭ്യസിക്കുകയും പില്ക്കാലത്ത് തന്റെ കാലഘട്ടത്തിലെ ഒട്ടനവധി പണ്ഡിതരുമായി സന്ധിക്കുകയും ബഗ്ദാദിലെ തത്വചിന്തകരുമായി സംവാദത്തിലേര്പ്പെടുകയും ചെയ്തു. എന്നാല്, ഏറെ വൈകാതെ തന്നെ ബഗ്ദാദ് നഗരം അനിഷ്ടകരമായി അനുഭവപ്പെട്ടതിനെ തുടര്ന്ന് അദ്ധേഹം സ്വദേശമായ ഖുറാസാനിലേക്ക് പുറപ്പെട്ടു. മതവും തത്വചിന്തയും തമ്മില് ഏകോപനം സാധ്യമാക്കാന് പരിശ്രമിച്ച അല്ആമിരി, ‘അല് ഇഅ്ലാം ബി മനാഖിബില് ഇസ്ലാം’ എന്ന പേരില് ഇതര മതങ്ങളേക്കാളും രാഷ്ട്രീയ ധാരകളേക്കാളും ഇസ്ലാമിനുള്ള അധീശത്വം വിശദീകരിക്കുന്ന ഒരു ഗ്രന്ഥം രചിച്ചു. ഗ്രീക്കുകാരുടെയും സാസാനിദുകളുടെയും രാഷ്ട്രീയ തത്വചിന്തയില് അദ്ധേഹം അത്യധികം ആകൃഷ്ടനായിരുന്നു. സമൂഹത്തെയും ഭരണകൂടത്തെയും സംബന്ധിക്കുന്ന ഇറാനിയന് ആശയങ്ങള് ഇസ്ലാമിക ആലോചനയിലേക്ക് പ്രവേശിച്ച വിവിധതരം മാര്ഗങ്ങളിലൊന്ന് അദ്ധേഹത്തിന്റെ എഴുത്തുകളില് കണ്ടെത്താവുന്നതാണ്.

അല് ആമിരിയുടെ ധാരാളം കൃതികള് ഇന്നും ലഭ്യമാണ്. ധര്മശാസ്ത്ര ഗ്രന്ഥമായ ‘അല് സആദ വല് ഇസ്ആദ’, തന്റെ ‘അസ്ഫര്’ എന്ന ഗ്രന്ഥത്തില് മുല്ല സദ്ര ഉദ്ധരിക്കുകയും പില്ക്കാല യോഗീവര്യന്മാര്ക്ക് പരിചയമുള്ളതുമായ, തത്വചിന്തയുടെ പ്രധാന ചരിത്രമായ ‘അല് അമദ് അലല് അബദ് എന്ന ഗ്രന്ഥവുമാണ് അദ്ധേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങള്. ഇബ്നു സീന കൃത്യമായും തള്ളിക്കളഞ്ഞ യുക്തിയുടെയും ഗ്രാഹ്യതയുടെയും യുക്തിപരമായ സമര്ത്ഥനത്തിന്റെയും ഏകത്വം എന്ന തത്വത്തെ അല് ആമിരിയില് നിന്നാണ് മുല്ലാ സദ്ര സ്വാംശീകരിച്ചെടുത്തതെന്ന് തോന്നുന്നു. നടേ പറഞ്ഞ സിദ്ധാന്തം അംഗീകരിക്കുകയും ചര്ച്ച ചെയ്യുകയും ചെയ്ത ഇസ്ലാമിക ലോകത്തെ പ്രഥമ തത്വചിന്തകനാണ് അല് ആമിരി. ഇബ്നു അബീ ഉസൈബയുടെ ‘ഉയൂനുല് അന്ബാഅ്’ പോലുള്ള പരമ്പരാഗത ഗ്രന്ഥങ്ങള് അല് ആമിരിയും ഇബ്നു സീനയും പരസ്പരം അയച്ച കത്തുകളുടെ ഒരു നിര തന്നെ പരാമര്ശിക്കുന്നുണ്ട്. പക്ഷേ, അല് ആമിരിയുടെ മരണ കാലത്ത് ഇബ്നു സീനക്ക് കേവലം പതിനൊന്ന് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നതിനാല് അതിന്റെ സാധ്യതയൊന്നും കണ്ണടച്ച് വിശ്വസിക്കാനും പറ്റില്ല. എങ്കില്ക്കൂടി, തന്റെ എഴുത്തുകളിലൂടെയും പ്രസിദ്ധനായ ഇബ്നു മിസ്കവൈഹിയെ പോലുള്ള ശിഷ്യഗണങ്ങളെ പരിശീലിപ്പിക്കുന്നതിലൂടെയും തത്വചിന്തക-ശാസ്ത്രജ്ഞ ധാരക്ക് വിരാമമിടാന് ഇബ്നു സീനക്ക് കളമൊരുക്കിക്കൊടുത്ത തത്വചിന്തകന് എന്ന നിലയിലാണ് ആമിരി പരാമര്ശിക്കപ്പെടേണ്ടത്.

തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy