ആത്മജ്ഞാന ദർപ്പണം

അവാരിഫുൽ മആരിഫ്:
അദ്ധ്യായം: 1: ആത്മജ്ഞാനത്തിന്റെ സ്രോതസ്സുകൾ: അവസാനഭാഗം:
ശിഹാബുദ്ധീൻ സുഹ്റവർദി(റ):

അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ച ശേഷം അവയോടരുളി:
”നിങ്ങൾ അനുസരണയോടെയോ അല്ലെങ്കിൽ നിർബന്ധിതമായോ എന്നിലേക്ക് വരിക.”
അനുസരണയോടെ തന്നെ ഇതാ വരുന്നു എന്നായിരുന്നു അവയുടെ മറുപടി. ഈ മറുപടി നൽകിയത് കഅ്ബ നിൽക്കുന്ന സ്ഥലത്തുള്ള മണ്ണും അതിനു നേരെ മീതെയുള്ള ആകാശവുമാണെന്ന് ഒരഭിപ്രായമുണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു:
”മുഹമ്മദ് നബി(സ്വ)തങ്ങളെ സൃഷ്ടിച്ച മണ്ണ് ഭൂമിയുടെ പൊക്കിളിൽ നിന്ന് അതായത് മക്കയിൽ നിന്നെടുത്തതാണ്. ഇതനുസരിച്ച് ചില ജ്ഞാനികൾ പറയുന്നത് ‘അനുസരണയോടെ തന്നെ വരുന്നു’ എന്ന് അല്ലാഹുവിന് മറുപടി നൽകിയത് മുഹമ്മദ് നബി(സ്വ)തങ്ങളുടെ അണുവായിരുന്നു(മൂലധാതു) എന്നാണ്. ആ അണുവത്രെ ഭൂഗോളത്തിന്റെയും മറ്റെല്ലാ ലോകങ്ങളുടെയും മൂലം. ഇതിലേക്ക് സൂചന നൽകുന്നതാണ് ‘ആദം കളിമണ്ണിന്റേയും ജലത്തിന്റെയും മധ്യേ ആയിരിക്കുമ്പോൾ ഞാൻ നബിയായിരുന്നു’ എന്ന നബി വചനം. ആദം ശരീരത്തിനും ആത്മാവിനും മധ്യത്തിലായിരിക്കുമ്പോൾ എന്നാണ് വേറെയൊരു നിവേദനത്തിലുള്ളത്.
ഉപരിസൂചിത കാരണത്താലാണ് തിരുനബി(സ്വ)തങ്ങൾക്ക് ഉമ്മിയ്യ് എന്ന അപര നാമമുണ്ടായത് എന്ന് ചില ജ്ഞാനികൾ പറയുന്നുണ്ട്. എന്തുകൊണ്ടെന്നാൽ ഉമ്മുൽ ഖുറാ എന്ന പേരിലാണല്ലോ മക്കാ ദേശം അറിയപ്പെടുന്നത്. സൃഷ്ടിയുടെ മൂലധാതു തിരുനബി(സ്വ)യുടെ അണുവത്രെ. ഓരോരുത്തരുടെയും ഖബർ അവരെ സൃഷ്ടിക്കാൻ മണ്ണെടുത്ത സ്ഥലത്തായിരിക്കും. ആ നിലക്ക് നബി(സ്വ) തങ്ങളുടെ അന്ത്യവിശ്രമ സ്ഥലം മക്കയിലായിരിക്കേണ്ടതല്ലേ? പിന്നെങ്ങിനെ അത് മദീനയായി?
ഇതിന് ചില ജ്ഞാനികൾ നൽകിയ മറുപടി ഇതാണ്. ജലം അലയടിച്ചപ്പോൾ നുര ചുറ്റുഭാഗത്തേക്കും ചിതറി. അപ്പോൾ നബി(സ്വ) തങ്ങളുടെ അണു മദീനയുടെ നേരെ നീങ്ങി. അതിനാൽ തിരുനബി(സ്വ) തങ്ങൾ മക്കക്കാരനും മദീനക്കാരനുമായി തീർന്നു. ഇവിടെ തിരുനബി(സ്വ) തങ്ങളുടെ അണു എന്ന് പറഞ്ഞതിനർത്ഥം താഴെ പറയുന്ന ഖുർആൻ സൂക്തത്തിൽ പറഞ്ഞ മൂലധാതുവാണ്:
”നിന്റെ റബ്ബ് മനുഷ്യരുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താന പരമ്പരയെ പുറത്തെടുക്കുകയും അവർക്ക് അവരെ തന്നെ സാക്ഷി നിർത്തി കൊണ്ട് ചോദിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക:
”ഞാൻ നിങ്ങളുടെ റബ്ബല്ലയോ..?”
അവർ പ്രതികരിച്ചു: ”അതെ..”(വിശുദ്ധ ഖുർആൻ)
ഹദീസിൽ പറയുന്നു:
”ആദമിന്റെ മുതുകുകളിൽ അല്ലാഹു തടവി. അങ്ങിനെ ആദമിന്റെ സന്താന പരമ്പരയെ അണുക്കളുടെ രൂപത്തിൽ അല്ലാഹു പുറത്തുകൊണ്ടുവന്നു.”
അതായത് ആദമിന്റെ രോമകൂപങ്ങളിലൂടെ വിയർപ്പുപോലെ സകല മനുഷ്യരുടെയും അണുക്കൾ പുറത്തുവന്നു. ചില ജ്ഞാനികൾ പറയുന്നു:
”തടവിയതു മലക്കുകളാണ്. അല്ലാഹുവിന്റെ ആജ്ഞയനുസരിച്ചായതുകൊണ്ട് അല്ലാഹു തടവി എന്ന് പറഞ്ഞതാണ്. മറ്റു ചില ജ്ഞാനികൾ പറയുന്നു;
”തടവിയെന്ന് പറഞ്ഞതിന്റെ ആശയം അളന്നു തിട്ടപ്പെടുത്തുന്നതുപോലെ തിട്ടപ്പെടുത്തി എന്നാണ്. ഇതുണ്ടായത് മക്കയുടെയും ത്വാഇഫിന്റെയും മധ്യേ അറഫായുടെയും ഒരു പാർശ്വത്തിൽ സ്ഥിതി ചെയ്യുന്ന ബത് അ്മാൻ എന്ന താഴ് വരയിൽ വെച്ചാണ്.
ഞാൻ നിങ്ങളുടെ റബ്ബല്ലോയോ എന്ന ചോദ്യത്തിന് അതെ എന്ന് എല്ലാ ആത്മാക്കളും ഉത്തരം നൽകിയപ്പോൾ അല്ലാഹു അത് ഒരു വെളുത്ത തോലിൽ എഴുതി അതിന് മലക്കുകളെ സാക്ഷി നിർത്തിയ ശേഷം ഹജറുൽ അസ് വദിന് വിഴുങ്ങുവാൻ കൊടുത്തു. വിഴുങ്ങുകയും ചെയ്തു.
പ്രസ്തുത ചോദ്യത്തിന് ഉത്തരം നൽകിയ അണുക്കളുടെ മൂലധാതു നബി(സ്വ)തങ്ങളുടേതായിരുന്നു. ജ്ഞാനത്തിന്റെയും സ•ാർഗത്തിന്റെയും പ്രതീകമായിരുന്നു ആ ധാതു. ആ ജ്ഞാനവും മാർഗദർശനവുമായാണ് നബി(സ്വ)തങ്ങൾ നിയുക്തനായത്.
ചില ജ്ഞാനികൾ പറയുന്നു:
”ഭൂമിയിൽ നിന്ന് മണ്ണെടുക്കാൻ വേണ്ടി അല്ലാഹു ജിബ് രീൽ(അ)യെയും മീഖാഈൽ(അ) യെയും അയച്ചപ്പോൾ ഭൂമി വിസമ്മതം പ്രകടിപ്പിച്ചു. ഒടുവിൽ അസ്റാഈൽ(അ)മിനെ അയച്ചു. അസ്റാഈൽ(അ) മണ്ണെടുത്തു. ആ മണ്ണിൽ ഇബ് ലീസിന്റെ പാദസ്പർശമേറ്റതും അല്ലാത്തതും ഉണ്ടായിരുന്നു. ഇബ് ലീസ് ചവിട്ടിയ മണ്ണിൽ നിന്നാണ് അല്ലാഹു നഫ്സിനെ പടച്ചത്. അതിനാൽ അത് എല്ലാ വിനാശങ്ങളുടെയും കൂടായി തീർന്നു. ഇബ് ലീസിന്റെ പാദസ്പർശമേൽക്കാത്ത മണ്ണിൽ നിന്നാണ് പ്രവാചകന്മാരെയും ഔലിയാക്കളെയും പടച്ചത്. വിശിഷ്യാ അന്ത്യപ്രവാചകരുടെ മൂലധാതു അല്ലാഹുവിന്റെ പ്രത്യേക കടാക്ഷത്തിനു പാത്രീഭവിച്ച മൺതരിയായിരുന്നു. തന്മൂലം അവിടെ അജ്ഞതയുടെ മാലിന്യം അൽപവും പുരണ്ടിരുന്നില്ല. ജ്ഞാന തേജസ് പൂർണ്ണത പ്രാപിക്കുകയും ചെയ്തിരുന്ന ആ ധാതുവിൽ അങ്ങിനെ ജ്ഞാനവും മാർഗദർശനവുമായി അവിടുന്ന് നിയുക്തനാവുകയും അവിടുത്തെ ഹൃദയത്തിൽ നിന്ന് മറ്റു ഹൃദയങ്ങളിലേക്കും അവിടുത്തെ നഫ്സിൽ നിന്ന് മറ്റ് നഫ്സുകളിലേക്കും ആ തേജസ്സ് വ്യാപിക്കുകയും ചെയ്തു. അടിസ്ഥാന പരമായി ശുദ്ധമായ മണ്ണാൽ പടച്ച വ്യക്തികൾ തമ്മിൽ പ്രത്യേക ബന്ധവും ഇണക്കവുമുണ്ട്. ഈ ഇണക്കവും പ്രത്യേക ബന്ധവും ഉള്ളവരെത്രെ നബി(സ്വ)തങ്ങളുടെ പ്രബോധനത്തിലേക്ക് വേഗം ആകൃഷ്ടരാവുന്നത്. സൂഫികൾ ആ കൂട്ടത്തിലുള്ളവരാണ്. തദ്ഫലമായി ജ്ഞാനത്തിന്റെ പൂർണ്ണ വിഹിതം അവർക്ക് ലഭിക്കുന്നു. അവരുടെ അന്തരാളങ്ങൾ ജ്ഞാനസരസ്സുകളായി മാറുന്നു. അവർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങൾക്ക് കുടിക്കാനും കൃഷികൾ നനക്കാനും ഉപകരിക്കുന്ന തടാകങ്ങൾ പോലെ. പഠിച്ചുണ്ടാക്കിയ ജ്ഞാനം മാത്രമല്ല, പ്രവാചകന്മാരുടെ അനന്തരാവകാശമായി ലഭിച്ച ജ്ഞാനവും അവരിലുണ്ടാവാം. തഖ് വയുടെ അടിത്തറയിൽ ജീവിതം രൂപപ്പെടുത്തുമ്പോളാണിതു ലഭിക്കുന്നത്. അപ്പോൾ അവരുടെ നഫ്സുകളുടെ ദുർമേദസ്സ് നീങ്ങുകയും ഹൃദയങ്ങൾ തഖ് വയാൽ കടഞ്ഞു തെളിയിക്കപ്പെട്ട ദർപ്പണങ്ങളായി തീരുകയും ചെയ്യുന്നു. അവിടെ പ്രാപഞ്ചിക ചലനങ്ങളുടെ സൂക്ഷ്മ ശകലങ്ങളെല്ലാം പ്രതിബിംബിക്കുന്നു. ദുനിയാവിന്റെ തനി നിറം അപ്പോൾ അവർക്ക് മനസ്സിലാകുന്നു. തന്മൂലം അവർ അതിനെ ത്വലാഖ് ചൊല്ലുന്നു. പരലോകവും ആ കണ്ണാടിയിൽ പ്രതിഫലിക്കുന്നു. അപ്പോൾ അതിന്റെ മഹത്വം അവർക്ക് ബോദ്ധ്യപ്പെടുന്നതിനാൽ അതിനുവേണ്ടി സമ്പാദിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നു. ഭൗതിക സുഖങ്ങൾ ത്യജിക്കുമ്പോൾ ജ്ഞാനപാരാവാരം അവരിലേക്ക് ഇരമ്പിക്കയറുന്നു. പഠിച്ച ജ്ഞാനത്തിനു പുറമേ പ്രവാചന്മാരുടെ അനന്തരാവകാശമായ ജ്ഞാനവും അവരെ ധന്യരാക്കുന്നത് അപ്പോഴാണ്. ഒരു കാര്യം പത്യേകം ഗ്രഹിക്കേണ്ടതുണ്ട്. അതെന്തെന്നാൽ ഈ ഗ്രന്ഥത്തിൽ സൂഫികൾക്കുള്ള മഹത്തായ അവസ്ഥകളെ സംബന്ധിച്ച് നാം പ്രസ്താവിക്കുന്നതെല്ലാം അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരെ പറ്റിയാകുന്നു. അല്ലാഹുവിന്റെ സാമീപ്യം നേടിയവനാണ് യഥാർത്ഥ സൂഫി. ഖുർആനിൽ സൂഫി എന്ന സാങ്കേതിക പദം തീരെ ഉപയോഗിച്ചിട്ടില്ല.
ഖുർആൻ സൂഫികളെ വിശേഷിപ്പിച്ചിരിക്കുന്നത് മുഖർറബീൻ(ദൈവസാമീപ്യം സിദ്ധിച്ചവർ) എന്നാണ്. ഇക്കാര്യം നാം മറ്റൊരു അദ്ധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്. പുണ്യാത്മാക്കൾ എന്ന അർത്ഥത്തിൽ സൂഫി എന്ന പദം തീരെ ഉപയോഗിക്കപ്പെടാത്ത എത്രയോ പാശ്ചാത്യവും പൗരസ്ത്യവുമായ മുസ് ലിം രാജ്യങ്ങളുണ്ട്. അവിടങ്ങളിലെല്ലാം ഈ സംജ്ഞയിൽ അറിയപ്പെടുന്നതു ചില പ്രത്യേക വേഷധാരികളാണ്. അവിടങ്ങളിലൊക്കെയും പുണ്യാത്മാക്കാൾ ഉണ്ടെങ്കിലും പക്ഷെ അവരൊന്നും സൂഫികൾ എന്ന പേരിൽ അറിയപ്പെടുന്നില്ല. കാരണം അവരൊന്നും സൂഫികളുടെ ബാഹ്യവേഷം കെട്ടി നടക്കുന്നില്ല. അവർ അധരവ്യായാമങ്ങൾ നടത്തുന്നില്ല. ആകയാൽ നാം ഈ കൃതിയിൽ സൂഫിയെന്ന പദം ഉപയോഗിക്കുന്നതെല്ലാം പുണ്യാത്മാക്കളെ സംബന്ധിച്ചാണെന്നും ഗ്രഹിച്ചുകൊള്ളണം. ഥബഖാത്ത് എന്ന ഗ്രന്ഥത്തിലും മറ്റും പേരെടുത്തു പറഞ്ഞ സൂഫി ശൈഖന്മാരെല്ലാം പുണ്യാത്മാക്കളായിരുന്നു. അവരെല്ലാം അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരുടെ പാതയിലായിരുന്നു. അവരുടെ ജ്ഞാനം ദൈവ സാമീപ്യം സിദ്ധിച്ചവരുടെ ഹാലുകളോട് ബന്ധപ്പെട്ടതായിരുന്നു.
ഈ പുണ്യാത്മാക്കളുടെ മഖാമുകളെ പറ്റി ഗ്രഹിക്കുകയും ആ മഖാമുകളെ പ്രാപിക്കാതിരിക്കുകയും ചെയ്തവർക്ക് മുതസവ്വിഫ്(സൂഫികളെ അനുകരിക്കുന്നവർ) എന്നാണ് പേർ. ആ മഖാമുകളെ പ്രാപിച്ചവരാണ് യഥാർത്ഥ സൂഫികൾ. ഇതുരണ്ടിലും പെടാതെ വെറുതെ സൂഫികളുടെ വേഷം കെട്ടി നടക്കുന്നവൻ സൂഫിയുമല്ല, മുതസവ്വിഫുമല്ല. അവൻ വെറും മുശ്തബിഹ്(വേഷധാരി) ആണ്.
”എല്ലാ ജ്ഞാനികൾക്കും മീതെ ഒരു സർവ്വജ്ഞനുണ്ട്.”(വിശുദ്ധ ഖുർആൻ)
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy