വാസ്വിൽ മുജീബ്:
എന്റെ സ്നേഹിതന്
രോഗം ബാധിച്ചപ്പോൾ
ഞാനവനെ സന്ദർശിച്ചു
അവന്റെ കാര്യത്തിൽ
എനിക്ക് സങ്കടം വന്നപ്പോൾ
ഞാനും രോഗിയായി മാറി
തത്വചിന്തകനും എഴുത്തുകാരനുമായ പ്രഫസർ നിസാർ അഹ്മദ് ‘ചങ്ങാത്തം ഒരു മുഖവുര’ എന്ന പേരിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളെ കുറിക്കുന്ന വാക്കുകളും, അവയുടെ പദോൽപത്തി (etymology) സൃഷ്ടിക്കുന്ന അർത്ഥങ്ങളെയും അത് സംവേദനം ചെയ്യുന്ന ആശയപ്രപഞ്ചത്തെയും വ്യക്തമാക്കാൻ ശ്രമിക്കുന്ന ഒരു തത്വചിന്താ വ്യവഹാരമാണ് (Discourse) ആ എഴുത്ത് എന്ന് ചുരുക്കിപ്പറയാം. ദൈനംദിന ജീവിതത്തിലെ ഭാഷയിൽ വാക്കുകളെക്കുറിച്ചുള്ള ബോധം സാഹിത്യ ഭാഷയിലുള്ളത്ര കാണുകയില്ല എന്നാണ് പൊതുധാരണ. അതാണ് ശരിയും. പക്ഷെ, ഇവിടെ കാര്യങ്ങൾ തിരിച്ചവതരിക്കുകയാണെന്ന് പറയേണ്ടി വരും. അതായത്, ഇല്ലാത്ത (ശ്രദ്ധിക്കാത്ത) ആ ബോധത്തെ തിരയുകയാണ് എന്നർത്ഥം. ഒരാശയം, അതിനൊരു വാക്ക് എന്ന ഭാഷയുടെ സാമാന്യ നിലയിൽ നിന്നുമുള്ള ഒരു സഞ്ചാരമാണ് എഴുത്തുകാരൻ നടത്തിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പമുള്ള മറ്റൊരു സഞ്ചാരമാണ് (വഴി) ഈ കുറിപ്പ്.
വാക്കുകളെയും അവ നൽകുന്ന അർത്ഥങ്ങളെയും കേവലാർത്ഥങ്ങൾക്കപ്പുറത്തേക്ക് വായിക്കാനും ആ ഇടത്തിൽ നിന്നും ആ വാക്ക് പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളെ മനസ്സിലാക്കാനും (നിത്യജീവിതത്തിൽ) ശ്രമിക്കുക എന്നത് ഈ എഴുത്തിൻ്റെ ഒരു പ്രധാന ദൗത്യമാണ്. അത്തരം അർത്ഥസഞ്ചാരങ്ങൾക്ക് അവയുടെ നിഷ്പത്തിയെ അന്വേഷിക്കൽ അനിവാര്യമായിത്തീരുകയും ചെയ്യുന്നുണ്ട്. ചങ്ങാതി, സ്നേഹിതൻ, സുഹൃത്ത്, കൂട്ടുകാരൻ, തോഴൻ, മിത്രൻ, തുടങ്ങിയ വാക്കുകൾ നാം ഉപയോഗിക്കുന്നത് ഒരേ ആശയത്തെ (അർത്ഥത്തെ) സൂചിപ്പിക്കാനാണ്. അല്ലെങ്കിൽ പര്യായപദങ്ങളായി (മുതറാദിഫ്) ഉപയോഗിക്കുന്നവയാണ്. എന്നാൽ എല്ലാ ഭാഷകളിലും ഇത്തരം പദങ്ങൾ തമ്മിൽ വ്യക്തമായ അന്തരങ്ങൾ കാണാൻ സാധിക്കുന്നതുമാണ്. അത് ഒരു പക്ഷെ, നമ്മുടെ ഉദ്ദേശ്യത്തിൻ്റെ (ഏതു വസ്തുവിനെ മനസ്സിലാക്കാനാണോ വാക്ക് ഉപയോഗിക്കുന്നത് അതിൻ്റെ) വിശേഷണങ്ങളിലുള്ള വ്യത്യസ്തതയിൽ നിന്നും ഉത്ഭവിക്കുന്നതാകാം. അല്ലാഹു വിനുള്ള ചില ഗുണവിശേഷങ്ങളെ വിവക്ഷിച്ചാണ് അറഹ്മാൻ അറഹീം തുടങ്ങിയ പദങ്ങൾ നാം ഉപയോഗിക്കുന്നത്. ഇവയെല്ലാം കുറിക്കുന്നത് അല്ലാഹുവിനെ തന്നെയാണെങ്കിലും അവയുടെ വിശേഷണ വ്യത്യാസങ്ങൾ മനസ്സിലാക്കൽ സാധ്യവുമാണ്. ഈ തിരിച്ചറിവിൽ നിന്നും നേരത്തെ സൂചിപ്പിച്ച രണ്ട് വ്യക്തി ബന്ധങ്ങളെ കുറിക്കുന്ന വാക്കുകളിലൂടെയും, അവയുടെ ആശയ തലത്തിലൂടെയും (നിസാർ അഹ്മദിൻ്റെ വ്യവഹരണം) അതിന് കൃത്യമായ രണ്ട് വ്യക്തികളുടെ ഉദാഹരണങ്ങളിലൂടെ അദ്ദേഹത്തോടൊപ്പമുള്ള സഞ്ചാരമാണ് ഇത്.
(താഴെയുള്ള പദങ്ങളുടെ എറ്റിമോളജിക്കൽ ഡിസ്കഷൻസ് മുഴുവൻ നിസ്സാർ അഹ്മദിൻ്റെ ലേഖനത്തെ അവലംബമാക്കിയിട്ടുള്ളതാണ്)
ചങ്ങാത്തം: ചങ്ങാത്തം എന്ന വാക്ക് തദ്ഭവിക്കുന്നത് ‘സംഘാതം’ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ‘സം’ എന്ന ഉപസർഗ്ഗവും ‘ഘാ’ എന്ന പദവും ചേർന്നാണ് അത് രൂപപ്പെടുന്നത്. ഘാ ഹത് എന്ന ധാതുവിൽ നിന്നുമാണ് നിഷ്പന്നമാകുന്നത്. സംഘാതത്തിൻ്റെ അർത്ഥം അന്വേഷിച്ചാൽ നമുക്കായി, ഒരുമിച്ച് ഹനിക്കുക, കൊല്ലുക എന്നൊക്കെയാണ് കാണാൻ കഴിയുക.
ഇനി എഴുത്തുകാരൻ ചോദിക്കുന്നത് പോലെ ചെറുത്തുനിൽപ്പിനായോ അക്രമണത്തിനായോ ഒന്നിക്കുക എന്നാണോ അതിനർത്ഥം? നമ്മുടെ നിത്യോപയോഗ സാഹചര്യങ്ങളിൽ നിന്നും മനസ്സിലാകുന്നതിൻ്റെ അടിസ്ഥാനത്തിൽ ഒരുപക്ഷേ രക്ഷക്കായി, തുണക്കായി കൂട്ടുകുടുക എന്നായിരിക്കും അവിടെ വിവക്ഷിക്കപ്പെടുന്നത്. അതുകൊണ്ടാണ് തുണയായി പോകുന്ന കപ്പൽ പടയ്ക്ക് മലയാളത്തിൽ ചങ്ങാതം എന്ന വാക്ക് ഉണ്ടായത് എന്ന് നിസാർ അഹ്മദ് നിരീക്ഷിക്കുന്നുണ്ട്.
ഈ ചങ്ങാത്തത്തെ (ആശയം മനസ്സിലാക്കിയ) റസൂലിലും (സ്വ) സിദ്ദീഖിലും (റ) ഉദാഹരിക്കുമ്പോൾ നേരത്തെ ചോദിച്ച ചോദ്യം ഇവരോടുമാകാം….! കുത്തനെയുള്ള മലമുകളിലേക്ക് റസൂലിന് പിറകെ ഒരു നിർബന്ധവും കൂടാതെ കയറിയത് തുണയായിട്ടായിരുന്നില്ലേ…? ചങ്ങാതീ… നബി തങ്ങളുടെ നാലു വശങ്ങളിലേക്കും ഒരെ കുതിപ്പിൽ എത്താൻ ശ്രമിച്ചത് രക്ഷക്കായിരുന്നില്ലേ…? ചങ്ങാതി എന്നാൽ സംഘത്തിൽ പെടുന്ന (അസ്ഹാബ്) ആൾ എന്ന അർത്ഥം കൂടിയുണ്ട്. അതെ ഒരു സ്വഹാബി തന്നെയായിരുന്നു അവർ.
സ്നേഹിതൻ: ചങ്ങാതി സ്നേഹിതനാകുന്നത് എങ്ങനെയാണ്? ചങ്ങാത്തം ഒരു കൂട്ടുകെട്ടും, അതിനെ നിലനിർത്തുന്നത് സ്നേഹവുമാണ്. അപ്പോൾ ചങ്ങാതി സ്നേഹിതനുമാകുന്നു. സ്നേഹം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നാണ് അടുത്ത അന്വേഷണം.
‘സ്നിഹ്’ ധാതുവിൽ നിന്നാണ് ‘സ്നേഹം’ നിഷ്പാധിതമാകുന്നത്. ഇതിന്റെ അർത്ഥം ഒട്ടുക, എണ്ണമയമായിരിക്കുക എന്നാണ്. ചങ്ങാത്തം സ്നേഹമാകുന്നത് ചങ്ങാതികൾ ഒട്ടിനിൽക്കുന്നത് കൊണ്ടാണെന്ന് സാരം. എത്ര പിരിക്കാൻ ശ്രമിച്ചാലും അവർ ഒട്ടിത്തന്നെ നിൽക്കും.
സിദ്ദിഖ് തങ്ങളെ…. പാമ്പിന്റെ ഫണം കാലിലമർന്നപ്പോഴും ആ ഒട്ടലിന് വേണ്ടിയല്ലേ നിങ്ങൾ ക്ഷമിച്ചത്…? നബി(സ്വ) തങ്ങളുടെ ഉറക്കം കെടുത്തൽ പോലും നിങ്ങൾക്കൊരു പിരിയലായിരുന്നില്ലേ…? റസൂലെ… അങ്ങനെ പൂത്തുനിൽക്കുന്നതല്ലേ ഇന്നും നിങ്ങൾ ഒരുമിച്ച്…, ഒരിടത്തിൽ…, വേർപിരിയാതെ…?
സുഹൃത്ത്: ചങ്ങാതി സുഹൃത്തായി മാറുമ്പോൾ സംഭവിക്കുന്ന അർത്ഥച്ചേർച്ച എന്താണ്? ‘തന്നെ സംബന്ധിച്ചിടത്തോളം ആന്തരികമായി നന്മയുള്ള ആളാണെന്ന അർത്ഥത്തിൽ ചങ്ങാതി എനിക്ക് സുഹൃത്താണ് ‘. ആന്തരികമായ നന്മയെന്നാൽ നല്ല ഹൃദയം, ആ ഹൃദയത്തിൽ ചങ്ങാതിയുടെ നന്മ ആഗ്രഹിക്കലാണ് ചങ്ങാത്തത്തിന് സുഹൃത്തിൻ്റെ അർത്ഥഛായ ലഭിക്കാൻ വേണ്ടത്.
എല്ലാം കൈവിട്ടു പോയ അസ്വഹാബിൽ ബിൽ നിന്നും (ചങ്ങാത്തം) പറയാൻ ഒരിക്കലും, ആരും ആഗ്രഹിക്കാത്ത സത്യം അങ്ങ് ആദ്യം വിളിച്ചുപറഞ്ഞത് കൂട്ടുകാരൻ തിരഞ്ഞെടുത്ത ആ നന്മ ആഗ്രഹിച്ചുകൊണ്ട് മാത്രമല്ലേ…? ഹബീബെ… അങ്ങറിഞ്ഞിരുന്നില്ലെ ഞാൻ തെരഞ്ഞെടുത്ത ആ നന്മയെ (മാർഗ്ഗം) സുഹൃത്ത് കാണുമെന്ന്…?
മിത്രം : ഇത് സൗഹൃദത്തിന് സമാനമായി ഉപയോഗിക്കുന്ന മറ്റൊരു പദമാണ്. മിത്രമായിരിക്കുന്ന അവസ്ഥയാണ് യഥാർത്ഥത്തിൽ മൈത്രി എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ‘മിത്ര’ എന്ന സംസ്കൃത പദത്തിൽ ‘മിഥ്’ ‘ത്ര’ എന്നീ ധാതുക്കൾ ഉണ്ട്. ഇണ (മിഥുനം), കൂട്ട് എന്നതൊക്കെ മിത്രം എന്ന പദത്തിനെ കുറിക്കുന്നതാണ്.
സ്വന്തം പൊന്നുമോളെ ഇണയായി നൽകിയത് ആ പദത്തിലും സുഹൃത്തിനൊപ്പം ഒരിടം ആഗ്രഹിച്ചു കൊണ്ടല്ലേ….? നൂറെ… ഇരുകരവും അങ്ങ് നീട്ടിയത് ആ ‘കൂട്ട്’ സ്വീകരിക്കാനുമായിരുന്നില്ലേ…?
ചങ്ങാത്തത്തിൻ്റെ അതെ വിവക്ഷയിൽ (രക്ഷിയ്ക്കുക ) ഉപയോഗിക്കുന്ന പദമാണ് തോഴൻ. മലയാളത്തിൽ തോഴരായിരിക്കുന്ന അവസ്ഥയെ തോഴമ എന്ന് പറയുന്നു. ‘കൂട്ടിച്ചേർക്കുന്നത് ‘ എന്നർത്ഥം വരുന്ന ‘തൊഴു’ ധാതുവിൽ നിന്നാണ് ഇത് നിഷ്പന്നമായത്.
വഫാത്തിന് മുമ്പ് ജാതി നിറഭേദമന്യേ എല്ലാവരെയും ഒരുമിച്ചിരുത്തിയ റസൂലിന്റെ സ്ഥാനം വഹിക്കാൻ കഴിഞ്ഞത് (കൂട്ടിച്ചേർക്കൽ ഉണ്ടാകുന്നത് പിരിയുമ്പോഴാണല്ലോ..?) സിദ്ദീഖ് തങ്ങൾക്കായിരുന്നില്ലേ…? തങ്ങളുടെ വഫാത്തിനുടനെ തന്നെ സ്വഹാബാക്കൾ ചിന്ത മുറിച്ചപ്പോൾ ആ പഴയ ‘റസൂലും സ്വഹാബാക്കളുമായി’ അവരെ തുന്നിക്കൂട്ടിയത് ആ സുഹൃത്ത് തന്നെയാണ്.
ഭാഷാന്തരങ്ങൾക്കൊപ്പം ആശയം വ്യത്യാസപ്പെടുന്ന ഒരു തലം കൂടി ഇതിനുണ്ട്. പക്ഷേ, അവിടെയും ഉദാഹരണങ്ങൾ പണ്ടത്തെ പോലെ കൃത്യമായി നിലകൊള്ളുന്നു എന്നത് അത്ഭുതമാണോ …? ഉദാഹരണത്തിന്, ചങ്ങാതിക്ക് സമാനമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കാണ് ഫ്രണ്ട്. പുരാതന ഹൈ ജർമ്മനിലെ ‘ഫ്രിയുണ്ട് ‘, ഗോഥിലെ ‘ഫ്രിയോണ്ട് ‘ എന്നിവയിലാണ് ഇതിൻ്റെ എറ്റിമോളജി കാണാൻ കഴിയുന്നത്.
ഗോഥിലെ ‘ഫ്രിയോൺ ‘ എന്ന ക്രിയാ രൂപത്തിന് ‘ലവ്’ എന്ന അർത്ഥമാണുള്ളത്. ലവ് എന്ന ഇംഗ്ലീഷ് വാക്കാകട്ടെ പുരാതന ഹൈജർമനിലെ ‘ലൂബോൺ’, ലാറ്റിനിലെ ‘ ല്യൂബിറെ ‘ എന്നിവയിൽ നിന്നുമാണ് വരുന്നത്. ലാറ്റിനിലെ ‘ലിബറെ ‘ പ്രീതിപ്പെടുത്തുക എന്ന അർത്ഥത്തെയുമാണ് സൂചിപ്പിക്കുന്നത്. അതിന് പുരാതന ഇംഗ്ലീഷിലെ ‘ലീ ഓഫ് ‘ എന്ന പദത്തോട് ബന്ധമുണ്ട്. ലീ ഓഫ് എന്ന വാക്കിന് ‘സന്തോഷപൂർവ്വം’, ‘സന്നദ്ധം’ എന്നൊക്കെയാണ് വിവക്ഷ. ഫ്രണ്ട് ഷിപ്പിൻ്റെ ഇംഗ്ലീഷിലെ മൂലമായി കാണുന്നത് സ്നേഹമാണ് (ലവ്) എന്ന് ചുരുക്കം. എന്നാൽ അതിൻ്റെ ആശയം കേവലം മലയാളിയുടെ സ്നേഹം (ഒട്ടൽ) മാത്രമാണോ…? അല്ല, ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പ്രീണിതമായിരിക്കുക എന്നതാണ് ലവ് എന്ന വാക്കിൻ്റെ കൂടുതൽ ആശയപരമായ മലയാള വിവക്ഷ. ചുരുക്കത്തിൽ രണ്ടു വ്യക്തികൾ പരസ്പരം സംപ്രീതരായിരിക്കുമ്പോൾ ഒട്ടുന്നുവെങ്കിൽ (സ്നേഹം ) കൂട്ടായി, കൂട്ടുകാരനായ, ഫ്രണ്ട് ചങ്ങാതിയും, മിത്രവുമാകാം.
ഫ്രൻഡിൻ്റെ ആശയം (സന്തോഷപൂർവ്വം, സന്നദ്ധത, സംപ്രീതരായിരിക്കൽ) എത്രത്തോളം ആഴത്തിൽ കുടിയിരിക്കുന്നുണ്ട് നമ്മുടെ ഉദാഹരണത്തിൽ. സന്നദ്ധതക്ക് കയ്യും കാലും മുളച്ചതല്ലെ ഹിറാ ഗുഹയിലെ ആ ചങ്ങാതി. ആ ഒരു ദിവസത്തിലെ സംപ്രീതിയുടെ (ചങ്ങാതിമാരുടെ ) മൂല്യത്തിനല്ലെ ഉമർ (റ) തൻ്റെ മുഴുവൻ ദിനരാത്രങ്ങളെയും പണയം വെക്കാൻ തയ്യാറായി നിന്നത്. സന്തോഷപൂർവ്വം ആയിരുന്നല്ലോ ആയിഷാ ബീവി(റ)യുടെ പിതാവും, ഭർത്താവുമായി അവർ രണ്ടുപേരും മാറിയത്.
ചങ്ങാത്തതിൻ്റെ കാര്യം
കൂട്ടുകൂടാനുള്ള മനുഷ്യന്റെ ആഗ്രഹവും ത്വരയും തേടിയുള്ള യാത്രയുടെ വഴിയിലായിരിക്കും ചങ്ങാത്തതിൻ്റെ ഭവ പരമായ വേരുകൾ, അസ്തിത്വം നമുക്ക് കാണാൻ കഴിയുക. ഒരു മരം ആയി ഇതിനെ കണ്ടാൽ അതിൻ്റെ ചില്ലകളെ കുറിച്ച് നാം പറഞ്ഞു കഴിഞ്ഞു. ഇനി അതിന്റെ വേരുകളുടെ പരപ്പും കിടപ്പും കുതിപ്പും എങ്ങോട്ടാണ് എന്ന് നോക്കാം. തീർച്ചയായും മനുഷ്യരുടെ ‘രക്ഷ’ ‘വിജയം’ അവസാനം അവകൾ സഞ്ചരിച്ചെത്തുന്ന ‘ജീവിതം’ എന്നിടത്തേക്ക് നീണ്ടു കിടക്കുകയാണത്.
നമ്മുടെ ഈ മരങ്ങളെ (മുത്ത് റസൂലും സിദ്ദീഖ് തങ്ങളും) കുറിച്ച് ആകുമ്പോൾ ഒരു പ്രത്യേക ഇടത്തിലോ, കാലത്തിലോ താദാത്മ്യപ്പെടുന്ന പ്രതിഭാസമായി കാണാൻ കഴിയില്ല ഇത് എന്നതാണ് സത്യം. അതോടൊപ്പം ഭാഷ കൊണ്ട് ചിന്തിക്കലും, മനസ്സിലാക്കലും, പ്രവർത്തിക്കലുമല്ല ഇസ്ലാം എന്നിടത്ത് നിൽക്കുമ്പോൾ ആശയപരമായും ചില വർദ്ധനവ് ഇവകളിലുണ്ടായിരിക്കും. അതായിരിക്കണം ഭവപരമായ അവസ്ഥ (ബന്ധത്തിൻ്റെ) എന്നാണ് നിസാർ അഹമ്മദും പറയുന്നത്. മനുഷ്യരുടെ ഉണ്മ വെളിപ്പെടുന്ന ഒരു മുഹൂർത്തമായി മൈത്രിയെ (മിത്രങ്ങളെ) കാണാനാണ് അയാൾക്ക് ഇഷ്ടം എന്നർത്ഥം. അദ്ദേഹം ചോദിക്കുന്നു, “ഭവാവസ്ഥയെ പിന്തുടർന്നുണ്ടാകുന്നതാണ് അനു-ഭവം. വാക്കുകളുടെ നിബിഡതയിൽനിന്നും അനുഭവത്തിൻ്റെ ദിനസരിയിൽനിന്നും, ഒരു സ്വത്വബോധത്തിലേക്ക് എത്താൻ മൈത്രിയെ കുറിച്ചുള്ള ഈ വീണ്ടുവിചാരം നമ്മെ സഹായിക്കുമോ….”.
ഈ ചോദ്യത്തിനുള്ള ഉത്തരം എന്നോണമാണ് ഉദാഹരണത്തിലൂടെ പദപരിചയം നടത്തിയിട്ടുള്ളത്. അതിന്റെ സാധ്യതകൾ അന്വേഷിക്കാനും അത് കണ്ടെത്താനുമുള്ള നെട്ടോട്ടത്തിനിടയിൽ യാദൃശ്ചികമായിട്ടല്ലാതെ തന്നെയാണ് മുത്തു റസൂലും സിദ്വീഖ് തങ്ങളും കടന്നുവരുന്നത്. ചരിത്രത്തിൻ്റെ ഇനിയും എഴുതി ത്തീർന്നിട്ടില്ലാത്ത ഏടുകളിലേക്ക് പകർത്തി വെക്കാൻ നമ്മൾ വായിച്ചറിഞ്ഞ അറിവുകളുടെ ഇതുപോലുള്ള ആശയങ്ങളും അതിൽ നിന്നും ഉറവയെടുക്കുന്ന മാനുഷികമായ നന്മയുടെ പ്രകാശനങ്ങളും ബാക്കിയുണ്ട് ഇവിടെ. അതായിരിക്കണം “മനുഷ്യരുടെ ഒരു സത്വസ്ഥിതി അല്ലെങ്കിൽ ഭവമുഹൂർത്തം എന്ന നിലയ്ക്ക് മൈത്രി മനുഷ്യബന്ധങ്ങളുടെ ഒരു സാധ്യതയും ഒരു മാനുഷിക ശേഷിപ്പും” ആണ് എന്ന് അദ്ദേഹം പറയുന്നത്. തിരുദൂതരുടെ അന്ത്യമൊഴികളിൽ ‘ഉമ്മത്ത്’ കടന്നുവന്നത് ഈ ബന്ധ വിച്ഛേദത്തിൻ്റെ മുറിവിൽനിന്നാകണം. കാരണം സൂഫിയാക്കളെല്ലാം മനസിലാക്കിയത് പോലെ പ്രപഞ്ചത്തിൻ്റെ അസ്തിത്വ യാഥാർഥ്യം മുത്ത് നബിയാണ്. അതായത്, റസൂലിൻ്റെ അസ്തിത്വത്തിലേക്ക് ചേർത്ത് വെച്ചു നോക്കുമ്പോൾ ആവശ്യമുള്ളത് എന്ന താഴ്ന്ന നിലയിലാണ് പ്രപഞ്ചത്തിൻ്റെ അസ്തിത്വമുള്ളത്. അല്ലാതെ, പ്രപഞ്ചത്തിൻ്റെ നിലനിൽപ്പിനോട് ചേർത്ത് വെച്ചതല്ല റസൂലിൻ്റെ അസ്തിത്വം. മനുഷ്യബന്ധങ്ങളുടെ സാധ്യതയും മാനുഷിക ശേഷിപ്പും അന്വേഷിക്കേണ്ടത് ഇവിടെ നിന്നാണ്. ആദ്യ സൃഷ്ടികർമ്മത്തിൻ്റെ ആലോചനകളിലേക്കും അതിനോട് കടപ്പെട്ട മറ്റു എല്ലാ പ്രാപഞ്ചിക വസ്തുക്കളുടെ സാധ്യതകളിലേക്കും കൂടിയുള്ളതാണ് ആ അന്വേഷണം. ആ കടപ്പാടിൻ്റെ, ബന്ധത്തിൻ്റെ മാനുഷികമായ തലമാണ് ഉമ്മത്തും, റസൂലുമായി മനസ്സിലാക്കപ്പെടുന്നത്. റസൂൽ(സ്വ) തങ്ങളുടെ വിയോഗത്തോടെ മുറിപ്പെട്ടതും അതെ ആശയത്തിനാണ്. പക്ഷേ മാതൃകയായി എന്നും നിലനിൽക്കുന്നുണ്ട് ആ ശേഷിപ്പ് എന്നതാണ് സാധ്യതയുടെ സാധ്യതയായി നിലനിൽക്കുന്നത്. “എന്നാൽ നിർവചനങ്ങളിലും വ്യാഖ്യാനങ്ങളിലും പെട്ട് നാം അതിനെ തിരിച്ചറിയാതെ പോകുമോ”? ഈ ചോദ്യത്തിൻ്റെ അപ്രസക്തിയെ മനസ്സിലാക്കാൻ വേണ്ടിയുമാണ് ‘മാതൃക’യെ കുറിച്ച് മുമ്പ് സംസാരിച്ചത്. അത് ആ ചങ്ങാതിമാർ വരച്ചിട്ട ജീവിതത്തിലേക്ക് ഒന്ന് കണ്ണ് പായിച്ചാൽ മതി, മനസ്സിനൊടൊപ്പം. റസൂലിനോടുള്ള ബന്ധത്തിൻ്റെ, കടപ്പാടിൻ്റെ ജീവിതമാണ് അത് എന്ന് മാത്രമല്ല പ്രപഞ്ചത്തിലേക്ക് കൂട്ടിച്ചേർക്കുന്ന ഇടം കൂടിയാണത്. അടുത്ത സംശയത്തിന് എന്നാൽ പ്രസക്തി ഏറെയുമാണ്. “സാമൂഹിക മാറ്റങ്ങൾക്കൊപ്പം മനുഷ്യർക്കിടയിലെ മൈത്രിയും രൂപാന്തരണത്തിന് വിധേയമാകുന്നുണ്ടോ”? തീർച്ചയായും വ്യത്യാസങ്ങൾ സ്വാഭാവികം. അറിയലും അനുഭവിക്കലും വ്യത്യാസം ഉള്ളതാണല്ലോ, കാണലും കേൾക്കലും അതുപോലെതന്നെ. വ്യക്തി കേന്ദ്രീകൃതമായ സംസ്കാര മുറകൾക്കിടയിൽ ഈ ബന്ധവും വ്യക്തി കേന്ദ്രീകൃതമായിപ്പോയി. സ്വഹാബത്തും തങ്ങളും അവരായത് സംരക്ഷണത്തിനു വേണ്ടിയായിരുന്നോ…? സിദ്ദീഖ്(റ), നബി(സ്വ)തങ്ങളുടെ നിഴലായതും അതിനല്ല. തിരിച്ചും അതിന്റെ ആശയം പ്രവഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ ബന്ധങ്ങൾ സ്വയം രക്ഷക്കായി മാറി. എന്നാൽ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ, ഉമ്മത്തും റസൂലും തമ്മിലുള്ള ബന്ധങ്ങളിൽ ‘ഇടം’, ‘സ്ഥലം’ മുഖ്യമല്ലാതായിരിക്കുന്നു എന്നത് ഒരു ആശ്വാസം. ഈ ആശ്വാസത്തിൽ നിന്നും ആ പഴയ ബന്ധത്തെ കണ്ടെത്താനും, അനുഭവിക്കാനും ശ്രമിച്ചാൽ ലോകത്തിനെന്നും ക്ഷേമം. മനുഷ്യനെന്നും മനുഷ്യൻ, റസൂലും ഉമ്മത്തും എന്നും അങ്ങനെ തന്നെ.
ഒരിക്കൽ ഒരു പ്രണയിനി തൻ്റെ പ്രേമഭാജനത്തിൻ്റെ വാതിലിൽ മുട്ടുന്നു. അപ്പുറത്ത് നിന്നും പ്രേമഭാജനം അപ്പോൾ ചോദിക്കുന്നു, ആരാണ്? പ്രണയിനിയുടെ മറുപടി, ഇത് ഞാനാകുന്നു. പ്രേമഭാജനം വാതിൽ തുറന്നില്ല. ഒന്ന് രണ്ട് തവണ ഇതേപടി ആവർത്തിക്കുന്നു. അവസാനം പ്രണയിനി മറുപടി പറയുന്നത് ഇത് നീയാകുന്നു എന്നാണ്. തദവസരത്തിൽ പ്രേമഭാജനം വാതിൽ തുറക്കുന്നു. ഇവിടെ ഉമ്മത്തിൻ്റെ കടപ്പാടിലേക്കുള്ള അന്വേഷണത്തിനാണ് സ്വിദ്ധീഖ് തങ്ങളെ ആവശ്യമായി വന്നത്. മഹബ്ബത്ത് മനുഷ്യൻ്റെ ആത്യന്തികമായ കടപ്പാടും, ബന്ധച്ചേർച്ചയുമാണ്. യഥാർത്ഥത്തിൽ അതിൻ്റെ ആവശ്യവും മനുഷ്യന് തന്നെയാണ്. മനുഷ്യന് അവൻ്റെ അസ്തിത്വം ലഭിക്കാൻ നബി(സ്വ) തങ്ങൾ ആവശ്യമായി വരുന്നു. അതാണ് നേരത്തെ പറഞ്ഞ രക്ഷ. പക്ഷെ, ആ രക്ഷയെ മുൻനിർത്തിയുള്ള പ്രണയവും, കടപ്പാടും അതായിരുന്നില്ല സ്വിദ്ധീഖ്(റ) തങ്ങളിൽ കണ്ടത്. അതാണ് വേണ്ടതും. ഉമ്മത്തിൻ്റെ പ്രതിനിധിയാണ് സിദ്ധീഖ്(റ) തങ്ങളെന്നും വ്യക്തമാണ്. തിരുനബി(സ്വ)യുടെ വഫാത്തിൻ്റെ തൊട്ടു മുമ്പുള്ള ദിനരാത്രങ്ങളിൽ സ്വിദ്ധീഖ്(റ)തങ്ങളുമായി റസൂൽ സംസാരിച്ചിരുന്നില്ല. സ്വിദ്ധീഖ് എന്ന വ്യക്തിക്ക് താങ്ങാവുന്നതെല്ലാം, എല്ലാ മേഖലയിൽ നിന്നും ആർജിക്കാൻ അവർക്കായി. ഇനിയൊരു സംസാരം അതിനപ്പുറത്തേക്ക് നയിക്കും. ആ വ്യത്യാസം (നുബുവ്വത്ത്) നിലനിൽക്കേണ്ടതായത് കൊണ്ട് ആ വിച്ഛേദം ഒരു അനിവാര്യതയായിത്തീർന്നു. നേരത്തെ പറഞ്ഞ കഥയിൽ നിന്നും നമുക്കിത് മനസ്സിലാക്കാം…, പക്ഷെ, തുറക്കാത്ത വാതിൽ അനിവാര്യതയാണെന്ന് മാത്രം. ഒന്നായിച്ചേരൽ കഴിയില്ലയിനി എന്നിടത്താണ് സ്വിദ്ധീഖ്(റ) തങ്ങളുടെയും മുത്ത് റസൂൽ(സ്വ) തങ്ങളുടെയും പ്രണയം എത്തി നിൽക്കുന്നത്. ഈ പ്രണയം കടപ്പാടാണെന്ന് നേരത്തെ പറഞ്ഞതിൽ നിന്നും മനസ്സിലായിട്ടുണ്ടാകും. പ്രപഞ്ചവുമായുള്ള മുത്ത് നബി(സ്വ)യുടെ ബന്ധം തുടങ്ങുന്നതും, പരലോകത്ത് ഉമ്മത്തിൻ്റെ ഉണർത്തെഴുന്നേൽപ്പും സ്വിദ്ദീഖ് (റ) തങ്ങളിൽ നിന്നാകുന്നത് അങ്ങനെയാണ്. ആ കടപ്പാടിലേക്കെത്തലാണ് (പ്രണയം) നമ്മുടെ ദൗത്യവും. അവസാനമായി ഈ സഞ്ചാരത്തിൻ്റെ ആദ്യത്തിൽ കൊടുത്ത കവിതയുടെ ബാക്കി കൂടി ചേർക്കുന്നു……
ഞാൻ രോഗിയായപ്പോൾ
അവൻ എന്നെ സന്ദർശിച്ചു
ഞാൻ അവനെ കണ്ടപ്പോൾ
എന്റെ രോഗം ഭേദമാവുകയും ചെയ്തു. (ഇമാം ശാഫിഈ)