ശൈഖ് ഇബ്നു അറബി(റ)യുടെ സൂഫി ചിന്തയും ഉഥ്മാനിയ്യ ഖിലാഫത്തിന്റെ സുസ്ഥിരതയും

ഡോ: സൈഫുദ്ദീൻ കുഞ്ഞ്:

സൂഫിസമെന്നാൽ ഇസ്ലാമിന് അന്യമായ അരാഷ്ട്രീയവും പ്രതിലോമകരവുമായ ഒരു പ്രതിഭാസമായി അവമതിക്കുന്ന ആശയ വ്യവഹാരങ്ങളെ ശക്തമായി തിരുത്തുന്ന പഠന ലേഖനം. ശൈഖുൽ അക്ബർ ഇബ്നു അറബി(റ) യുടെയും പിൽക്കാല ശിഷ്യന്മാരുടെയും ആശയപരവും ദാർശനികവുമായ സ്വാധീനം ഉഥ്മാനിയ്യ ഖിലാഫത്തിന്റെ ഉത്ഭവത്തെയും സുസ്ഥിരതയെയും എപ്രകാരമാണ് നിർണ്ണയിച്ചതെന്ന് തുർക്കി ഭാഷയിലെ സ്രോതസ്സുകൾ കൂടി അവലംബിച്ച് പഠന വിധേയമാക്കി പുതിയ ഉൾക്കാഴ്ചകൾ പകരുന്ന ഈ പഠനം തയ്യാറാക്കിയത് ആസാമിലെ ഗോഹട്ടി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറും തുർക്കിഭാഷയിൽ പണ്ഡിതനുമായ ഡോ: സൈഫുദ്ദീൻ കുഞ്ഞാണ്. തുർക്കി സാമ്രാജ്യത്തിന്റെ ഉത്ഭവവും വികാസവും പുതിയ ഊർജ്ജത്തോടെ പുനരവലോകനം ചെയ്യുന്ന സവിശേഷമായ ഈ ചരിത്ര സന്ദർഭത്തിൽ ആഗോള ഇസ്ലാമിക വിമോചന ചിന്തക്ക് സൂഫിസത്തിന്റെ ആത്മവെളിച്ചം പകരുന്ന പ്രമാണബദ്ധമായ നിരീക്ഷണങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ പഠന ലേഖനം.

ഇസ്ലാമിക ലോകത്തു ഉഥ്മാനീ ഖിലാഫത്തിൻ്റെ പൊതുസ്വീകാര്യതയിൽ സുപ്രധാന പങ്ക് വഹിച്ച ചിന്തകകനും സൂഫിയുമാണ് ശൈഖ് മുഹിയുദ്ദീൻ ഇബ്നു അറബി(റ) (1165-1240). ഉഥ്മാനി ഖിലാഫത്തിന്റെ ഇസ്ലാമികമായ നിയമ സാധുത പ്രധാനമായും ഇബ്നു അറബി(റ)യുടെ ചിന്തകളിലൂടെയാണ് വിശദീകരിക്കപ്പെട്ടത്.
ശൈഖ് ഇബ്നു അറബി(റ) രണ്ടു ഘട്ടങ്ങളിൽ (1205 , 1216- 1220) ഇന്നത്തെ തുർക്കി ഭാഗങ്ങൾ സന്ദർശിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ചരിത്ര ഘട്ടങ്ങളിലാണ് ഉഥ്മാൻ ഖാനിൻ്റെ ഗോത്രവുമായി ബന്ധപ്പെടുന്നതെന്നാണ് ചരിത്ര നിഗമനം.
ശൈഖ് ഇബ്നു അറബി(റ)യുടെ ചിന്തകൾ ഉഥ്മാനികൾക്കിടയിലും മറ്റ് ഇസ്ലാമിക പ്രദേശങ്ങളിലും പ്രചരിക്കുന്നത് അദ്ധേഹത്തിൻ്റെ ശിഷ്യഗണങ്ങളിലൂടെയാണ്. ശൈഖ് ഇബ്നു അറബി(റ) യുടെ വളർത്തുപുത്രൻ കൂടിയായ ശൈഖ് സദറുദ്ദീൻ ഖുനെവി(റ)യാണ് അവരിൽ പ്രധാനി.
ഈ ഘട്ടത്തിലാണ് പ്രമുഖ ബൽഖി പണ്ഡിതൻ ബഹാഉദീൻ വലദ്, ഇളംപ്രായക്കാരനായ മകൻ ജലാലുദ്ധീൻ റൂമി(റ) യുമായി കൊനിയയിലെത്തിച്ചേരുന്നത് എന്ന് മുസ്തഫ തഹ്റാലി എഴുതുന്നു. ശൈഖ് സദറുദ്ദീൻ ഖുനെവി(റ)യുടെ സതീർഥ്യനായ മൗലാനാ റൂമി(റ)യുടെ ചിന്തകളിലും ശൈഖ് ഇബ്നു അറബി(റ) യുടെ സ്വാധീനം ദൃശ്യമാണ്. ശൈഖ് ഇബ്നു അറബി(റ) യുടെ മറ്റൊരു പ്രധാന ശിഷ്യനായ പ്രശസ്ത പണ്ഡിതർ ഫഖ്റുദീൻ ഇറാഖിയുടെ ‘ലം ആത്’ ശൈഖിൻ്റെ ആശയങ്ങൾ പേർഷ്യൻ ലോകത്തേക്കു പ്രസരിക്കാൻ വഴിക്കാട്ടി.’അശ്ഇആതുൽ ലംആത്’ പേർഷ്യൻ ലോകത്തു സൂഫീ ചിന്തകൾക്കുള്ള കൈ പുസ്തകമായി ഇന്നും കണക്കാക്കപ്പെടുന്നു.
ശൈഖ് മുഹിയുദ്ധീൻ ഇബ്നു അറബി(റ) തസവ്വുഫ് തത്വചിന്താ വ്യവഹാരങ്ങളിൽ ശൈഖുൽ അക്ബർ എന്ന് വിളിക്കപ്പെടുന്നതിനാൽ അദ്ദേഹത്തിന്റെ ചിന്തകളെ പൊതുവിൽ അക്ബരിയൻ ചിന്തകൾ എന്നാണ് അറിയപ്പെടുന്നത്. പതിമൂന്നാം നൂറ്റാണ്ടു വരെയുള്ള പ്രമുഖ സൂഫി ത്വരീഖത്തുകളെല്ലാം ഉഥ്മാനികൾക്കിടയിൽ പ്രചരിച്ചിരുന്നെങ്കിലും ശൈഖ് ഇബ്നു അറബി(റ) യുടെ ആത്മീയ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.
ഖിലാഫതുല്ലാഹ് (അല്ലാഹു വിൻ്റെ പ്രതിനിധി) എന്ന ഖുർആനിക ആശയത്തെക്കുറിച്ച ശൈഖ് ഇബ്നു അറബി(റ)യുടെ ചിന്തകൾ ഉഥ്മാനി സൂഫീകളുടെ രാഷ്ട്രീയ ചിന്തയുടെ കേന്ദ്ര ബിന്ദുവായി മാറി. ഖലീഫത്തു റസൂൽ(സ) (നബി (സ) യുടെ പ്രതിനിധി എന്നതിനു പകരം ഖലീഫത്തുല്ലാഹി ( അല്ലാഹുവിൻ്റെ പ്രതിനിധി) എന്ന ആശയതലത്തിലേക്കു മാറിയത് ഖിലാഫത്തിനെക്കുറിച്ച ചർച്ചകളിലെ സുപ്രധാന മാറ്റമാണ്.
‘അൽഫുതുഹാതുൽ മക്കിയ ‘യിൽ ശൈഖ് ഇബ്നു അറബി(റ) ഖിലാഫത്തിനെ ആന്തരികം, ബാഹ്യം എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നു. ഖുലഫാഉ റാശിദ:, ഹസൻ, മുആവിയ ബ്നു യസീദ്, ഉമർ രണ്ടാമൻ, മുതവക്കിൽ എന്നിവരെ ആന്തരികവും ബാഹ്യവുമായ ഖിലാഫത്ത് ഉൾചേർന്നവർ എന്ന നിലയിൽ വിശദീകരിക്കുമ്പോൾ അഹ്മദ് ബ്നു ഹാറൂൻ അൽ റഷീദ് അൽസബ്തി, അബു യസീദ് അൽ ബിസ്താമി(റ) എന്നിവരെപ്പോലുള്ള സൂഫികളെ ആന്തരികമായ ഖിലാഫത്തു പേറുന്നവരായാണ് പരിചയപ്പെടുത്തുന്നത്. ആത്മീയതയും ദൗതികാധികാരവും സംഗമിക്കുന്നവർ എന്ന നിലയിലാണ് ആദ്യ വിഭാഗത്തെ ശൈഖ് വിശദീകരിക്കുന്നത്.
‘അൽ ഫുതൂഹാതുൽ മക്കിയ’ യിൽ ‘ഖുത്ബിയ’ ആശയത്തെ ഖിലാഫതിൻ്റെ പ്രതിരൂപം എന്ന രീതിയിൽ ശൈഖ് ഇബ്നു അറബി(റ) വിശദീകരിക്കുന്നു. സാമ്പ്രദായിക സൂഫീ പദ സഞ്ജയങ്ങളിൽ ആത്മീയ ഔന്നത്യത്തെക്കുറിക്കുന്ന ‘ഖുത്ബ്’ എന്ന പദപ്രയോഗത്തിനു രാഷ്ട്രീയ മാനം കൂടി ശൈഖ് ഇബ്നു അറബി(റ) നൽകുന്നുണ്ട്.
അന്ദുലുസിയൻ പണ്ഡിതൻ ശൈഖ് അൽ മൗരൂരിയുടെ അഭ്യർഥന പ്രകാരം രാഷ്ട്രീയ ചിന്തകളെക്കുറിച്ചെഴുതിയ അൽതദ്ബീറാതുൽ ഇലാഹിയ്യ സവിശേഷമായ സൂഫീ പദാവലികളാൽ സമ്പന്നമാണ്. സയ്യിദ് ഹുസൈൻ നസ്ർ നിരീക്ഷിക്കുന്നതു പോലെ സഹിഷ്ണുത, ക്ഷേമ ഭരണം, മാനുഷിക ലോകം, ആത്മാവ് എന്നിവയാണ് ‘അൽത് ദബീറാതുൽ ഇലാഹിയ്യ’യിലെ പ്രധാന വിഷയങ്ങൾ. (Three muslim sages: Avicenna, Suhrawadi, Ibnu arabi ) ‘അൽ തദബീറാതു അൽ ഇലാഹിയ’ യിൽ മനുഷ്യനും സമൂഹത്തിനും ഇടയിലുള്ള ബന്ധത്തെ അവലോകനം ചെയ്യുന്നുണ്ട്. അൽ തദബീറാതിനെ നിരൂപണം ചെയ്ത മിഷേൽ എബ്സ്റ്റൈൻ (Mysticism And Philosophy in al-Andalus) ശൈഖിന്റെ മാനുഷികസാമൂഹിക ബന്ധത്തെ സംബന്ധിച്ച രാഷ്ട്രീയ ചിന്തകൾ ഉദ്ധരിക്കുന്നു. സമൂഹത്തെപ്പോലെ മനുഷ്യനും ഒരേ സമയം വിവിധ വ്യവഹാരങ്ങളിലിടപെടാൻ സാധിക്കുന്നവനാണ്. മനുഷ്യന്റെ ബഹുമുഖ പ്രാഗല്ഭ്യം വിശദീകരിക്കുന്ന ശൈഖ് ഇബ്നു അറബി(റ) ഖിലാഫത്തിന്റെ ആത്മീയ രാഷ്ട്രീയ ബന്ധത്തെ അവലോകനം ചെയ്യുന്നു.
അക്ബരിയൻ ചിന്തയുടെ വാഹകർ
ഇബ്നു അറബിയുടെ ആത്മീയാന്വേഷണങ്ങളെ തത്വചിന്തയുടെ വർണ്ണം നൽകി വിശദീകരിച്ചത് ദാവൂദ് അൽഖയ്സരിയാണ്.
ശൈഖ് സദറുദ്ദീൻ ഖുനെവിയുടെ ശിഷ്യൻ ദാവൂദ് അൽ ഖയ്സരിയെ ഉഥ്മാനീ ഭരണാധികാരി ഓർഹാൻ ( 1324- 1362) വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ മേധാവിയായി നിയമിച്ചത് ഇബ്നു അറബി(റ)യുടെ ആശയങ്ങൾക്ക് ഉഥ്മാനികൾക്കിടയിൽ ഔദ്യോഗികമായി സ്വീകാര്യത ലഭിക്കാൻ കാരണമായി. ഓർഹാനിൻ്റെ പുത്രൻ സുലൈമാൻ പാഷയുടെ ഗുരുവായി മാറിയ അദ്ധേഹം ഉഥ്മാനി ദർബാറിൽ നിത്യ സാന്നിദ്ധ്യമായി മാറി. ശൈഖ് ഇബ്നു അറബി(റ)യുടെ ചിന്തകൾക്കനുസൃതമായി ഭൂമിയിൽ നീതിയും സമത്വവും നടപ്പിലാക്കുന്ന അല്ലാഹുവിൻ്റെ ദൃഷ്ടാന്ത (ആയതുല്ലാഹ്) മായാണ് സുലൈമാൻ പാഷയെ ദാവൂദ് അൽഖയ്സരി അവതരിപ്പിക്കുന്നത്. ഫുസൂസുൽ ഹികമിൻ്റെ നിരൂപണ കൃതി ‘മത് ലഉ ഖുസൂസിൽ കലിം ഫി മആനി ഫുസൂസിൽ ഹികം’മിൽ അല്ലാഹുവിൻ്റെ പ്രതിനിധികൾ എന്ന നിലയിൽ ഭൂമിയിലെ ഭരണാധിപത്യം വിശദീകരിക്കുന്നതിനായി റുബൂബിയ്യത്തിനെ ദാവൂദ് അൽ ഖയ്സരി ഉപയോഗിക്കുന്നുണ്ട്. റബ്ബ് എന്ന നാമത്തിൽ പ്രാപഞ്ചിക ഭരണാധിപൻ എന്ന അർഥം നൽകുന്ന ഇബ്നു അറബി(റ)യുടെ ചിന്തയെയാണ് ദാവൂദ് അൽ ഖയ്സരി ഇവിടെ കടമെടുത്തിരിക്കുന്നത്.
‘അൽ തൗഹീദ് വ അൽ നുബുവ്വ വൽ വിലായ ‘ എന്ന കൃതിയിൽ ദാവൂദ് അൽ ഖയ്സരി ഇബ്നു അറബി(റ)യുടെ ഖിലാഫത്തു ചിന്തകളെ കൂടുതൽ വ്യാഖ്യാനത്തിനു വിധേയമാക്കുന്നുണ്ട്. ഫുസൂൽ ഹികം, അൽഫുതൂഹാത്, അൽ തദ്ബീറാതുൽ ഇലാഹിയ്യ എന്നീ രചനകളുടെ വിശദമായ വിശകലനം ദാവൂദ് അൽഖയ്സരി നടത്തുന്നുണ്ട്. ‘Ibnul Arabi and Islamic Intellectual Culture ‘ എന്ന കൃതിയിൽ ദാവൂദ് അൽ ഖയ് സരിയുടെ ജീവിതത്തെ അപഗ്രഥിക്കുന്ന ജാനേർ കെ ദാഗ്ലി, ഈ സൂഫി പണ്ഡിതന്റെ ‘മത് ലഉ ഖുസൂസിൽ കലിം ഫി മആനി ഫുസൂസിൽ ഹികം’, നിഹായത്തുൽ ബയാൻ ഫി ദിറായതുൽ സമാൻ, രിസാല ഫി ഇൽമിൽ തസവ്വുഫ്, രിസാല ഫി മഅരിഫത്തിൽ മഹബ്ബ അൽ ഹഖീഖിയ്യ, തഹ്ഖീഖു മാഉൽ ഹയാത് എന്നീ കൃതികളെ പരാമർശിക്കുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിലെ ഉഥ്മാനീ പണ്ഡിതരായ കിനലിസാദെ, താഷ്കോപ്രിസാദെ എന്നിവർ ദാവൂദ് അൽഖയ്സരിയുടെ ചിന്തകളിൽ ആകൃഷ്ടരായവരാണ്. ഹമദാനി (മരണം 1385) യുടെ ‘ദഖീറതുൽ മുലൂക്ക്’ ഇമാം ഗസ്സാലി(റ)യുടെയും ശൈഖ് ഇബ്നു അറബി(റ)യുടെയും ചിന്തകളെ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ധാർമികത, ആരാധന പോലുള്ള വിഷയങ്ങളിൽ ഇഹ് യാ ഉലൂമിദ്ദീനും കീമിയാ സആദയും അധികാരം, ഖിലാഫത്ത്, ആത്മീയപൂർണത എന്നിവയിൽ ദാവൂദുൽ ഖയ്സരിയുടെ രചനകളിലൂടെ വികസിച്ച ഇബ്നു അറബി(റ)യുടെ ചിന്തകളുടെ സ്വാധീനവും ഹമദാനിയുടെ രചനകളിൽ കാണാം. ഇതിനാൽ തന്നെ ഉഥ്മാനി വൈജ്ഞാനിക വ്യവഹാരങ്ങളിൽ ശൈഖ് ഹമദാനി പരിചിതനാണ്.
ഭരണനിർവഹണം, ഭരണാധികാരിയുടെ ഉത്തരവാദിത്തങ്ങൾ, ആത്മീയ നേതൃത്വം നേടിയെടുക്കൽ തുടങ്ങിയ വിഷയങ്ങൾ വിശദീകരിക്കുന്ന ഉഥ്മാനി പണ്ഡിതൻ ബിൽദീസിയുടെ’ഖാനൂനെ ശഹൻഷാഹി’ ശൈഖ് ഇബ്നു അറബി(റ), ശിഹാബുദ്ദീൻ സുഹ്റവർദി(റ) എന്നിവരുടെ ചിന്തകളാൽ സ്വാധീനിക്കപ്പെട്ട കൃതിയാണ്. ഭൂമിയിലെ ഭരണം അല്ലാഹു വിൻ്റെ പ്രാപഞ്ചിക ഭരണത്തിൻ്റെ അനുബന്ധ ഘടകമാണെന്നു ബിൽദീസി നിരീക്ഷിക്കുന്നുണ്ട്. ബിൽദീസി ഭൂമിയിലെ അധികാരക്രമമെന്ന അർഥത്തിൽ റുബൂബിയ്യത്തിനെ ചേർത്തുവായിക്കുന്നുണ്ട്. റുബൂബിയ്യത്തിൻ്റെ
വിവക്ഷയിൽ ഉയർന്ന ധാർമിക നിലവാരം പുലർത്തുകയും ഭരണീയർക്ക് സത്യമാർഗം കാണിച്ചു കൊടുക്കുകയും ചെയ്യുന്ന ക്ഷേമ ഭരണത്തെയും ബിൽദീസി ഉൾപ്പെടുത്തിയിരിക്കുന്നു.
‘ഖിലാഫത്തു റബ്ബാനി’ ബിൽദീസിയുടെ മറ്റൊരു പ്രധാന രാഷ്ട്രീയ പദപ്രയോഗമാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾക്കനുസൃതമായ ഭരണക്രമത്തെ സൂചിപ്പിക്കുന്ന പദമാണ് ‘ഖിലാഫത്തു റബ്ബാനി’. ഖലീഫക്കു ‘അല്ലാഹുവിൻ്റെ നിഴൽ’ എന്ന ഇബ്നു അറബി(റ) യുടെ വിശേഷണം ബിൽദീസിയെ കൂടാതെ താഷ്കോപ്രിസാദെ, കിനലിസാദെ എന്നിവരും അവരുടെ ഖിലാഫത്തിനെക്കുറിച്ച വിശകലനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ബൈറമിയ ത്വരീഖത്തിലെ പ്രമുഖ പണ്ഡിതരായ എശ്രഫോഗ്ലു റൂമി (മരണം 1470 ), അക് ശംസുദ്ധീൻ (മരണം 1459 ) എന്നിവർ ശൈഖ് ഇബ്നു അറബി(റ) യുടെ ചിന്തകൾ ക്രോഡീകരിച്ചു സൂഫി ടെർവേഷുകൾക്കു കൈപുസ്തകമായി മാറ്റിയിരുന്നു എന്ന് ഹുസ്സൈൻ യിൽമാസ് എഴുതുന്നു. ബൈറമിയ ത്വരീഖത്തിന്റെ ശൈഖ് അഹ്മദ് ബീജാൻ (മരണം 1456 ) അദ്ദേഹത്തിന്റെ സഹോദരൻ യാസിജിയോഗ്ലു മുഹമ്മദും അക്ബരിയൻ ചിന്തയുടെ വക്താക്കളായിരുന്നു. യാസിജിയോഗ്ലുവിന്റെ ഫുസൂസുൽ ഹികമിനെക്കുറിച്ച നിരൂപണം തുർക്കി സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കൃതിയിൽ ഖലീഫയെ മുഹമ്മദ് നബി(സ)യുടെ സമ്പൂർണ വ്യക്തിത്വവുമായി (അൽ ഇൻസാനുൽ കാമിൽ ) ബന്ധപ്പെടുത്തി വിശദീകരിക്കുന്നുണ്ട്. അഹ്മദ് ബീജാനിന്റെ ‘മുൻതഹാ’ എന്ന കൃതിയിൽ ശൈഖ് ഇബ്നു അറബി(റ) യുടെ കോസ്മോളജിക്കൽ വീക്ഷണങ്ങൾക്കു പുതിയ മാനം നൽകുന്നുണ്ട്. ഖുർആനിക സൂക്തങ്ങളുടെ പിൻബലത്തിൽ ആദം (അ), ദാവൂദ് (അ) എന്നിവരുടെ ഖിലാഫത്തിനെ രണ്ടായി തരം തിരിക്കുന്നു. ദാവൂദ് (അ)മിനു ഭൂമിയിൽ പരാധികാരം ഉള്ളതിനാൽ അദ്ദേഹത്തിന്റെ ഖിലാഫത്തിന് ആദം (അ)മിന്റേതിനേക്കാൾ ശ്രേഷ്ഠത കൂടുതലാണെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.
മുറാദ് രണ്ടാമന്റെ (മരണം 1451) ഭരണകാലത്തു മുസ്ലിംകൾക്കിടയിൽ വിശ്വാസപരമായി പ്രശ്നങ്ങൾ സൃഷ്ടിച്ച ഹുറൂഫിയ എന്ന ആന്റിനോമിയൻ ത്വരീഖത്ത് ശീഈ രാഷ്ട്രീയ ചിന്തകൾക്കൊപ്പം ശൈഖ് ഇബ്നു അറബി(റ) യുടെ മിസ്റ്റിക്കൽ ഫിലോസഫിയും കടമെടുത്തിരുന്നു. ഈ രീതിയിൽ സൂഫീ ധാരകളിൽ ആകമാനം സ്വാധീനിക്കാൻ അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഹുറൂഫി ത്വരീഖത്തിന്റെ ആശയങ്ങളെ എതിർക്കാൻ ശൈഖ് ഇബ്നു അറബി(റ) യുടെ തന്നെ ചിന്തകളെ മുറാദ് രണ്ടാമൻ ഉപയോഗിച്ചിരുന്നു. ഉഥ്മാനി പണ്ഡിതർ ശുക്രുല്ലാഹ്, എശ്രഫോഗ്ലു എന്നിവർ അക്ബറിയൻ ചിന്തകളിലൂടെ ആഖ്യാനത്തിലൂടെ ഹുറൂഫികളെ വഴിപിഴച്ചവരായി പ്രഖ്യാപിച്ചിരുന്നു. പിതാവ് മുഹമ്മദ് ഒന്നാമന്റെ ഉഥ്മാനി ഭരണകൂടത്തെ വൈജ്ഞാനിക കേന്ദ്രമാക്കാനുള്ള ശ്രമങ്ങളെ ഏറ്റെടുത്ത മുറാദ് രണ്ടാമൻ, നിരവധി പണ്ഡിതരെ ഉഥ്മാനി ഭരണ കേന്ദ്രത്തിലേക്ക് ക്ഷണിച്ചുവരുത്തുകയും സാഹിത്യ രചനകൾ വിവർത്തനം ചെയ്യാൻ കല്പിയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഇബ്നു അറബിയൻ ചിന്തയുടെ വക്താവായ മുല്ല ശംസുദ്ധീൻ ഫെനാരിയെ ശൈഖുൽ ഇസ്ലാമായി നിയമിക്കുകയുണ്ടായി.
ഖിലാഫത്തു വിഷയത്തിൽ ഖുറൈശ് വംശത്തിൻ്റെ പ്രാധാന്യം പരാമർശിക്കുന്ന പ്രവാചക വചനം ഉഥ്മാനീ പണ്ഡിതർക്കിടയിൽ ചൂടേറിയ ചർച്ചകൾക്കു വഴിവെച്ചിരുന്നു. ശൈഖ് ഇബ്നു അറബി(റ) യുടെ രാഷ്ട്രീയ ചിന്തകളാണ് പ്രധാനമായും തുർക്ക് വംശജരായ ഉഥ്മാനി ഭരണകർത്താക്കളുടെ അധികാരത്തിന്നു ഇസ്ലാമിക നിയമ സാധുത നൽകിയത്. ഇതുമൂലം ഉഥ്മാനീ പണ്ഡിതർക്കിടയിലെ ഖിലാഫത്തിനെക്കുറിച്ച സാമ്പ്രദായിക ഫിഖ്ഹീ ചർച്ചകൾക്കു പരിഹാരം കാണാൻ കഴിഞ്ഞു. മുസ്ലിം ലോകത്തു ശക്തിയാർജിച്ചു വരുന്ന പുതിയ ഭരണകൂടത്തിനു ഖിലാഫത്തിനെക്കുറിച്ച അനുയോജ്യമായ വ്യാഖ്യാനം നൽകാൻ ഉഥ്മാനി സൂഫീ വര്യന്മാർക്കു സാധിച്ചു. ഉഥ്മാനീ രാജകുമാരന്മാരുടെ അധ്യാപകരായ സൂഫീ പണ്ഡിതരുടെ പാഠ്യ പദ്ധതികളിൽ രാജ്യഭരണത്തിൻ്റെ ധാർമിക, ആത്മീയ മാനങ്ങൾക്കു പ്രത്യേക സ്ഥാനം നൽകി. ഈ മേഖലകളിലും ശൈഖ് ഇബ്നു അറബി(റ) യുടെ ആശയങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു. ഈ അധ്യയനശൈലികളിലൂടെ ഉഥ്മാനീ സുൽതാൻമാരുടെ നേതൃത്വത്തിനു ഇസ്ലാമിക നിയമസാധുതയും കൈവന്നു.
1501- 1736 കാലഘട്ടങ്ങളിൽ പേർഷ്യൻ പ്രദേശങ്ങൾ ഭരിച്ച സഫവീ ഭരണകൂടം ഉഥ്മാനികൾക്കു വിവിധ മേഖലകളിൽ വെല്ലുവിളി ഉയർത്തിയിരുന്നു. മധ്യേഷ്യയിൽ പരന്നു കിടക്കുന്ന തുർകുമെൻ എത്നിക് വിഭാഗത്തിൻ്റെ രാഷ്ട്രീയ പിന്തുണ, അഹ് ലു ബൈത്തു പിൻബലമവകാശപ്പെടുന്ന ശീഈകളുടെ രാഷ്ട്രീയ ധാര, മധ്യേഷ്യ പേർഷ്യൻ ഭാഗങ്ങളിൽ ജനസ്വാധീനമുള്ള സൂഫീ ത്വരീഖത്ത് എന്നീ മൂന്നു സുപ്രധാന ഘടകങ്ങൾ സഫവീ ഭരണകൂടത്തിനുണ്ടായിരുന്നു. സ്വാഭാവികമായും അവർ ഇസ്ലാമിക മാനങ്ങളിൽ ഉഥ്മാനികളെക്കാൾ ശ്രേഷ്ട പദവി വാദിച്ചിരുന്നു. ഈ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിലും സൂഫീ പണ്ഡിതരുടെ അകമഴിഞ്ഞ പിന്തുണ ഉഥ്മാനികൾക്കു അനിവാര്യമായിരുന്നെന്നു ഹുസൈൻ യിൽമാസ് നിരീക്ഷിക്കുന്നുണ്ട്. സഫവീ വാദഗതികൾക്കുള്ള മറുപടികളിൽ ശൈഖ് ഇബ്നു അറബി(റ) യുടെ ചിന്തകൾക്കു അതിപ്രധാനമായ സ്ഥാനം ലഭിച്ചിരുന്നു. സുന്നി ആശയങ്ങളെയും ഭരണാധിപന്മാരെയും സംരക്ഷിക്കാൻ നൂറ്റാണ്ടുകളോളം ശൈഖ് ഇബ്നു അറബി(റ) യുടെ ചിന്തകൾ ഒരു പരിചയെന്ന പോലെ ഉഥ്മാനി പണ്ഡിതർ ഉപയോഗിച്ചു വന്നു. ഇതിനാൽ തന്നെ ശൈഖ് ഇബ്നു അറബി(റ) യെ വിമർശിക്കുന്നത് പോലും ഉഥ്മാനി ഭരണകർത്താക്കൾ ഒരുപോലെ എതിർത്തു.
സഫവികൾക്കെതിരെ യുദ്ധം ചെയ്ത സലിം ഒന്നാമൻ, പ്രമുഖ പണ്ഡിതൻ അബ്ദുൽ റഹ്മാൻ ജാമി(റ)യുടെ ശിഷ്യനായ ഷെയ്ഖ് മക്കി ( മരണം 1520 )യെ ശൈഖ് ഇബ്നു അറബി(റ) യുടെ ചിന്തകളുടെ വിശദീകരണം രചിക്കാൻ നിയമിച്ചു. അദ്ദേഹം ശൈഖ് ഇബ്നു അറബി(റ) ക്കെതിരെയുള്ള ആരോപണങ്ങൾക്ക് സുന്നിലോകത്തിനു സ്വീകാര്യമാകുന്ന തരത്തിൽ മറുപടി എഴുതുകയും ചെയ്തു. ഉഥ്മാനീ ഭരണകർത്താക്കളിൽ പ്രമുഖനായ സലീം ഒന്നാമന്റെ ശൈഖ് ഇബ്നു അറബി(റ) യുടെ ചിന്തകളോടുള്ള സമീപനം ഈ സംഭവത്തിൽ വ്യക്തമായിരുന്നു.
അൽ ശജറ അൽനു’മാനിയ’
ശൈഖ് ഇബ്നു അറബി(റ) യിലേക്ക് ചേർക്കപെടുന്ന ‘അൽ ശജറ അൽനു’മാനിയ ഫി ദൗല ഉഥ്മാനിയ’ എന്ന കൃതി ഉഥ്മാനികളുടെ ഭാവി വിജയങ്ങളെക്കുറിച്ച പ്രവചനങ്ങൾ ഉള്ളവയാണ്. ഈ കൃതിക്ക് ഉഥ്മാനികൾക്കിടയിൽ വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. സലിം ഒന്നാമൻ അറബ് പ്രദേശങ്ങൾ കീഴടക്കിയതിനു ശേഷം ഈ കൃതി ഉഥ്മാനി ഔദ്യോഗിക തലത്തിൽ ആദരിക്കപ്പെട്ടു.1516- 1517 കളിൽ അറബു നാടുകൾ പിടിച്ചടക്കിയ സലീം ഒന്നാമൻ്റെ പടയോട്ടം, ഉഥ്മാനികളുടെ ജൈത്രയാത്രകളെക്കുറിച്ച ശൈഖ് ഇബ്നു അറബി(റ)യുടെ പ്രവചനങ്ങളുടെ സാക്ഷാത്കാരം എന്നാണ് ഉഥ്മാനികൾ മനസ്സിലാക്കിയത്. ഈ ചരിത്രസംഭവം ശൈഖ് ഇബ്നു അറബി(റ)യെ ഉഥ്മാനി ഭരണത്തിൻ്റെ മുഖ്യ ആത്മീയ രക്ഷകർത്താവ് എന്ന പദവി ലഭിക്കുവാൻ കാരണമായി. 1518 ൽ സലീം ഒന്നാമൻ ദമാസ്കസിലെ ശൈഖിൻ്റെ ഖബർ കണ്ടെത്തി മഖ്ബറ നിർമിക്കാൻ ഉത്തരവിട്ടതു ശൈഖിൻ്റെ അനിഷേധ്യ സാന്നിദ്ധ്യത്തിൻ്റെ തെളിവായിരുന്നു.’അൽ ശജറ അൽനു’മാനിയ’ യുടെ അധികാരികത അന്വേഷിക്കുന്ന ഡെനിസ് ഗ്രിൽ The Enigma of Shajara al-nu’maniyya fi’l –dawla al Uthmaniyya എന്ന പഠനത്തിൽ ഈ കൃതിയിലെ നിഗൂഢതയും പ്രതീകാത്മകതയും അനാവരണം ചെയ്യുന്നുണ്ട്. അൽ ശജറ അൽനു’മാനിയ ഫി ദൗല ഉഥ്മാനിയ’ യുടെ യഥാർത്ഥ രചയിതാവിനെക്കുറിച്ചു ചരിത്രപരമായി വ്യക്തതയില്ലെങ്കിലും ഉഥ്മാനികൾ ശൈഖ് ഇബ്നു അറബി(റ) തന്നെ എഴുതിയതാണ് എന്നാണ്
വിശ്വസിക്കാൻ ആഗ്രഹിച്ചത്. ശൈഖ് ഇബ്നു അറബി(റ)യുടെ ചിന്തകളിൽ തെറ്റ് ആരോപിക്കുകയോ അദ്ദേഹത്തെ വഴിതെറ്റിയവനായി മുദ്രകുത്തുകയോ ചെയ്യുന്നത് തെറ്റാണെന്നും അവരെ കൃത്യമായി ബോധ്യപ്പെടുത്തേണ്ടത് സുൽത്താന്റെ കർത്തവ്യമാണെന്നും സലിം ഒന്നാമന്റെ ശൈഖുൽ ഇസ്ലാമായ ശൈഖ് ഇബ്നു കമാലി(മരണം 1534 )ന്റെ ഫത് വായിൽ പറയുന്നുണ്ട്. ശൈഖ് ഇബ്നു അറബി(റ)യുടെ രചനകളിൽ സാധാരണക്കാർക്കു മനസ്സിലാക്കാവുന്നതും ചില കാര്യങ്ങൾ പണ്ഡിതർക്കു മാത്രം ഗ്രാഹ്യമായതും ഉണ്ട്. അതിനാൽ മനസ്സിലാക്കാൻ സാധിക്കാത്ത വിഷയങ്ങളിൽ മൗനം പാലിക്കുന്നതാണ് നല്ലത് എന്നും ശൈഖ് ഇബ്നു കമാൽ ഫത് വായിൽ കല്പിക്കുന്നുണ്ട്. 1730 കളിൽ സഫവി ഉഥ്മാനി യുദ്ധത്തിന് വിരാമമിട്ടതിനു ശേഷം സന്ധി സംഭാഷണങ്ങൾക്കായി ഇസ്താംബൂളിലെത്തിയ സഫവി പ്രതിനിധികളോട് വാദിച്ച ഉഥ്മാനി പ്രതിനിധി ‘അൽ ശജറ അൽനു’മാനിയ’യുടെ മഹാത്മ്യം എടുത്തു പറഞ്ഞിരുന്നു. ഇസ്താംബൂൾ കീഴടക്കുമെന്ന് നബി(സ)യുടെ പ്രവചനം, ശൈഖ് ഇബ്നു അറബി(റ)യുടെ ‘അൽ ശജറ അൽനു’മാനിയ’യിലെ പ്രവചനങ്ങൾ, ജിഹാദിലൂടെ പ്രദേശങ്ങൾ കീഴടക്കിയത് എന്നിങ്ങനെ സഫവികളേക്കാൾ ഉഥ്മാനി ഖിലാഫത്തിന്റെ ശ്രേഷ്ഠത മൂന്ന് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയതാണ് എന്ന് ഉഥ്മാനി പ്രതിനിധി വാദിച്ചു. ‘അൽ ശജറ അൽനു’മാനിയ’ ഉഥ്മാനി ഖിലാഫത്തിന്റെ ഇസ്ലാമികമായ നിയമ സാധ്യതയുടെ തെളിവായി മാറിയ ചരിത്രനിമിഷമായിരുന്നു എന്ന് മുസ്തഫ തഹ്റാലി നിരീക്ഷിക്കുന്നു.
താഷ്കോപ്രിസാദെയുടെ രിസാല ഫീ ബയാനി അസ്റാറിൽ ഖിലാഫത്തിൽ ഇൻസാനിയ്യ വ സൽത്തനതിൽ മഅനവിയ്യ എന്ന കൃതി സൂഫീ പദാവലികളിലൂടെ ശൈഖ് ഇബ്നു അറബി(റ) യുടെ ചിന്തകളുടെ അടിസ്ഥാനത്തിൽ ഭരണനിർവഹണത്തെക്കുറിച്ച നിയമങ്ങളും തത്വങ്ങളും വിശദീകരിക്കുന്ന കൃതിയാണ്. സുൽത്താനിനെ ഭരണനിർവഹണത്തിലെ ഉത്തരവാദിത്തങ്ങൾ ബോധ്യപ്പെടുത്താനായി രചിച്ചതാണ് ഈ കൃതി.
ആരാധനയും രാഷ്ട്രീയ മൂല്യങ്ങളും സൂഫീ വീക്ഷണഗതിയിൽ
ഉഥ്മാനീ യുവതയെ പരിചയപ്പെടുത്താൻ സുറൂരി എഫന്ദി (മരണം 1561) ദഖീറത്തുൽ മുലൂക്ക് തുർക്കി ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. യിഗിത്ബാഷ് വലി (മരണം 1505) യുടെ ‘ തബഖാതുൽ ഔലിയ’ എന്ന കൃതി അക്ബരിയൻ തത്വചിന്തയുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ടതാണ്. ആരാധനയും രാഷ്ട്രീയ മൂല്യങ്ങളും സൂഫീ വീക്ഷണഗതിയിൽ ഉഥ്മാനീ യുവതയെ പരിചയപ്പെടുത്താൻ സുറൂരി എഫന്ദി (മരണം 1561) ദഖീറത്തുൽ മുലൂക്ക് തുർക്കി ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. അബ്ദുല്ലാ ഇലാഹി, അഹ് മദ് ഇലാഹി, അബുൽ ഹസൻ മുൻഷി , ബാലി എഫന്ദി തുടങ്ങി സഫവി വാദഗതികൾ എതിർക്കുന്നതിൽ മുന്നിൽ നിന്ന ശിർവാനിയുംശൈഖ് ഇബ്നു അറബി(റ)യുടെ കോസ്മോളജി ഉപയോഗിച്ചിരുന്നു. തസവ്വുഫ് വ്യവഹാരങ്ങളിലെ പദാവലികളിൽ അരാഷ്ട്രീയമായ ആത്മീയത മാത്രം ദർശിക്കുന്നതു ശെരിയല്ല എന്നാണ് ശൈഖ് ഇബ്നു അറബി(റ)യുടെ ചിന്തകളെ സംബന്ധിച്ച പഠനങ്ങളിലൂടെ വ്യക്തമാകുന്നത്.
മുഹമ്മദ് ഖുത്ബുദ്ധീൻ അൽ ഇസ്നിക്കി (മരണം 1450). ജമാൽ അൽ ഖൽവതീ (മരണം 1506) അസിസ് മഹ്മൂദ് ഹുദയ് (മരണം 1629). അബ്ദുല്ലാഹ് അൽബോസ്നവി (മരണം 1636). ഇസ്മാഈൽ ബർസാവീ (മരണം 1724) അബ്ദുൽ ഗനി നാബുലുസി (മരണം 1731). അൽ സയ്യിദ് മുഹമ്മദ് കമാലുദ്ധീൻ അൽഹരീരി (മരണം 1881). ബർസലി മെഹ്മെദ് താഹിർ ബേ (മരണം 1926). അഹ്മെദ് അവ്നി കോനുക് (മരണം 1938).എന്നുതുടങ്ങി ഏഴു നൂറ്റാണ്ടുകളായി നിരവധി പണ്ഡിതർ ശൈഖ് ഇബ്നു അറബി(റ)യുടെ രചനകൾക്ക് വ്യാഖാനങ്ങൾ രചിച്ചിട്ടുണ്ട്. ഉഥ്മാനി ഖിലാഫത്തിൽ ഭരണരംഗത്തും സാധാരണ മുസ്ലിം ജീവിതത്തിലും ആഴത്തിൽ സ്വാധീനം ചെലുത്തിയ ശൈഖ് ഇബ്നു അറബി(റ)യുടെ ചിന്തകൾ ഇന്നും ഇസ്ലാമിക ലോകത്തിന്റെ സുപ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy