അകക്കാഴ്ചയും കേൾവിയും

അവാരിഫുൽ മആരിഫ്: അദ്ധ്യായം: 2: തുടരുന്നു:
ഇമാം ശിഹാബുദ്ധീൻ സുഹ്റ വർദി(റ):

ഇമാം ഇബ്നു സംഊൻ(റ) പറയുന്നു:
”ഹൃദയമുള്ളവർക്ക് ഇതിൽ പാഠമുൾക്കൊള്ളാനുണ്ട്”എന്ന സൂക്തത്തിൽ നിന്ന് ഇലാഹിസേവനത്തിന്റെ അദബുകളും ഹൃദയത്തിന്റെ അദബുകളും ഗ്രഹിക്കാൻ കഴിയും. ഹൃദയം ഇബാദത്തിന്റെ രുചി അറിഞ്ഞു കഴിഞ്ഞാൽ ഹൃദയത്തിന്റെ അദബിൽ മൂന്നിൽ ഒരംശം അതിന്റെ ഉടമ നിറവേറ്റി. അങ്ങനെ അയാൾ ഇബാദത്തിൽ മുഴുകുകയും തന്റെ ന്യൂനതകളെല്ലാം പരിഹരിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ അയാൾ പ്രസ്തുത അദബിന്റെ മൂന്നിൽ ഒരംശം പാലിച്ചു കഴിഞ്ഞു. അയാൾ പിന്നെയും മുന്നോട്ടു നീങ്ങുമ്പോൾ ദേഹേച്ഛയുടെ അടിമത്വത്തിൽ നിന്ന് അല്ലാഹു അയാളെ സ്വതന്ത്രനാക്കുകയും തന്മൂലം അല്ലാഹുവിന്റെ ചൈതന്യപ്രഭാകിരണങ്ങളാൽ അയാളുടെ ഹൃദയം നിറഞ്ഞു തുളുമ്പുകയും ചെയ്യുന്നു. ഇതോടെ അയാൾ തന്റെ ഹൃദയത്തിന്റെ അദബ് മുഴുവൻ നിറവേറ്റി കഴിഞ്ഞു.
ഇമാം മുഹമ്മദുൽ ബാഖിർ(റ) പറയുന്നു:
”തന്നിഷ്ടങ്ങളാകുന്ന മഹാരോഗം വർദ്ധിക്കുമ്പോൾ ഹൃദയം മൃതമാകുന്നു. പിന്നെ തന്നിഷ്ടങ്ങളോട് പോരാടുന്നതിന്റെ തോതനുസരിച്ച് ഹൃദയത്തിന് ജീവൻ കൈവരുന്നു. മൃതമായ ഹൃദയങ്ങൾക്കൊരിക്കലും ഉപദേശം ആസ്വാദിക്കാനാവില്ല. ഇതാണ് അല്ലാഹു ഖുർആനിൽ അരുളിയത്:
”മരിച്ചവർക്ക് വിളി കേൾപ്പിക്കാൻ നിനക്ക് സാദ്ധ്യമല്ല തന്നെ.”
ഇമാം സഹ്ലുബിൻ അബ്ദുല്ലാഹ്(റ) പറയുന്നു:
”ദുഷ്ചിന്തകളും ഹീനപ്രവൃത്തികളും ഹൃദയത്തിൽ പരുക്കുകളേൽപിച്ചുകൊണ്ടിരിക്കും.” ഇങ്ങനെ ഹൃദയത്തിന് ഏൽക്കുന്ന ചെറിയ പോറലുകൾ പോലും വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കി തീർക്കും. അതുകൊണ്ടാണ് അല്ലാഹു അരുളിയത്:
”അല്ലാഹുവിന്റെ സ്മരണ കൈവിട്ട് വല്ലവനും ജീവിച്ചാൽ അവന് കൂട്ടുകാരനായി ഒരു പിശാചിനെ നാം നിശ്ചയിച്ചുകൊടുക്കും.”
മനുഷ്യമനസ്സ് ഒരത്ഭുത പ്രതിഭാസമാണ്. അത് യാതൊരു തളർച്ചയും കൂടാതെ രാപ്പകൽ ഭേദമന്യേ നിരന്തരമായി കർമ്മനിരതമാണ്. അതുപോലെ നഫ്സും നിദ്ര കൂടാതെ സദാസമയവും ജാഗരൂഗമായിരിക്കുന്നു. അതിനാൽ മനുഷ്യൻ അല്ലാഹുവിലേക്ക് ചെവികൊടുക്കാതിരിക്കുമ്പോൾ പിശാചിലേക്കും തന്നിഷ്ടങ്ങളിലേക്കും ചെവികൊടുക്കാൻ അവന്റെ മനസ്സും നഫ്സും നിർബന്ധിതമായി തീരുന്നു. ആ വഴിക്കു ചെവി കൊടുത്തു കഴിഞ്ഞാൽ പിന്നെ നിയന്ത്രിക്കാനാവുകയില്ല. കാരണം ആ വഴിക്കു മാത്രമായിരിക്കും പിന്നെ ശ്രദ്ധ. അവന്റെ കാതിലേക്ക് പിന്നെ മറ്റൊന്നും കടക്കുകയില്ല. അതാണ് ഖുർആൻ പറഞ്ഞത്:
”അവർക്ക് കാതുകളുണ്ട്. പക്ഷെ അവർ കേൾക്കുന്നില്ല.” ദേഹേച്ഛയുടെ പ്രവർത്തനം മൂലം അവരുടെ കാതുകൾ കൊട്ടിയടക്കപ്പെട്ടതാണ്. ഈ പ്രവർത്തനം മൂലം രക്തധമനികളിലേക്ക് പിശാച് നുഴഞ്ഞു കയറുകയും ചെയ്യും.
പിശാച് മനുഷ്യഹൃദയങ്ങളിലൂടെ നീന്തി നടക്കുന്നില്ലെങ്കിൽ പ്രപഞ്ച രഹസ്യങ്ങൾ നേരിൽ ദർശിക്കാൻ മനുഷ്യന് കഴിയുമായിരുന്നു എന്ന് ഒരു നിവേദനമുണ്ട്.
ഹുസൈൻ(റ)പറയുന്നു:
”ദീർഘദൃഷ്ടിയും ആരിഫീങ്ങളുടെ മഅരിഫത്തും ആത്മജ്ഞാനികളുടെ പ്രകാശവും വിജയികളായ മുൻഗാമികളുടെ വഴികളും എന്നു വേണ്ട സർവ്വത്ര വസ്തുക്കളും ഖുർആനിൽ നിന്ന് ഗ്രഹിക്കാൻ ഹൃദയമുള്ളവർക്ക് അഥവാ ചെവികൊടുക്കുന്നവർക്ക് സാധിക്കുമെന്നാണ് നേരത്തെ ഉദ്ധരിച്ച ഖുർആൻ സൂക്തം വ്യക്തമാക്കുന്നത്.”
ഇബ്നു അത്വാഅ്(റ) പറയുന്നു:
”ദിവ്യസത്തയെ സദാ ദർശിച്ചുകൊണ്ടിരിക്കുകയും ഒരു നിമിഷം പോലും ആ സത്ത മറഞ്ഞുപോവാതിരിക്കുകയും ചെയ്യുന്ന ഹൃദയങ്ങളിലൂടെ (ഹൃദയങ്ങളിൽ നിന്ന്- ഹൃദയങ്ങൾ കൊണ്ട്) അതെല്ലാം കേൾക്കാനും കാണാനും കഴിയും. മഹത്വത്തിന്റെ ദൃഷ്ടികൊണ്ട് പരമ സത്ത കാണുന്നവർ ഭയവിഹ്വലരാവുകയും സൗന്ദര്യമാകുന്ന ദൃഷ്ടികൊണ്ട് നോക്കുന്നവർക്ക് ശാന്തരായി ഉറച്ചുനിൽക്കാൻ സാധിക്കുകയും ചെയ്യും.
ചില ജ്ഞാനികളുടെ വ്യാഖ്യാന പ്രകാരം ഹൃദയമുള്ളവർക്ക് എന്നതിന്റെ സാരം ഏകാഗ്രതയോടെ പരമസത്ത വീക്ഷിക്കാൻ ശക്തിയുള്ള ഹൃദയമുള്ളവർക്ക് എന്നത്രെ. അങ്ങനെ വീക്ഷിക്കുമ്പോൾ ആ വ്യക്തി ഇഹലോകം മറ്റ് സൃഷ്ടികൾ എന്നിവയിൽ നിന്ന് മാത്രമല്ല സ്വന്തം ശരീരത്തിൽ നിന്ന് തന്നെയും അകന്നു പുറത്തു പോയ അവസ്ഥയിലായിരിക്കും. അല്ലാഹുവിന്റെ സത്തക്കല്ലാതെ മറ്റൊന്നിനും ആ ഹൃദയത്തിൽ ഒരു സൂചിപ്പഴുതു പോലും ലഭിക്കുന്നില്ല. അപ്പോൾ ആ ഹൃദയം ഖുർആൻ വിശേഷിപ്പിച്ച പോലെ അല്ലാഹുവിങ്കലേക്ക് മാത്രം ചെവികൂർപ്പിച്ച് ഏകാഗ്രതയോടെ വീക്ഷിച്ചുകൊെണ്ടിരിക്കും. എല്ലാ ചരാചരങ്ങളും അല്ലാഹുവിങ്കൽ സ്ഥിതി ചെയ്യുന്നു.
അല്ലാഹുവിന്റെ സിംഹാസനമാവട്ടെ ഈ സൂഫിയുടെ ഹൃദയത്തിലും. ഈ ഘട്ടത്തിൽ സൂഫിക്ക് തന്റെ ദർശനത്തിലൂടെ എല്ലാ ചരാചരങ്ങളെയും മൊത്തമായി കാണാൻ കഴിയും. ഹൃദയത്തിന്റെ വിസ്തൃതികൊണ്ടാണിത് സാധിക്കുന്നത്. എന്നാൽ വിശദമായി കാണാൻ ദർശനം കൊണ്ട് സാദ്ധ്യമല്ല. അത് പാത്രത്തിൽ കൊള്ളാത്തതാണ് കാരണം. അല്ലാഹു ആകട്ടെ എല്ലാ വസ്തുക്കളും മൊത്തമായും വിശദമായും കാണുന്നുണ്ട് താനും.

ഉൾക്കൊള്ളാനുള്ള കഴിവിൽ മനുഷ്യഹൃദയങ്ങൾ തമ്മിലുള്ള അന്തരത്തെ പറ്റി ചില ജ്ഞാനികൾ ഒരു ഉപമ പറയാറുണ്ട്: ”ഒരു കർഷകൻ ഒരു പിടി വിത്തുമായി പോവുകയായിരുന്നു. ഒരു വിത്ത് വഴിയിൽ വീണു. ഉടനെ ഒരു പക്ഷിയത് കൊത്തിയെടുത്ത് പറന്നു പോയി. പക്ഷിയുടെ കൊക്കിൽ നിന്ന് അതുവീണു. പാറപ്പുറത്ത് കിടക്കുന്ന മണ്ണിലാണ് അത് വീണത്. ആ മണ്ണിൽ നനവുണ്ടായിരുന്നു. തന്മൂലം ആ വിത്ത് അവിടെ കിടന്ന് മുളച്ചു. പക്ഷെ വേരൂന്നാൻ പാറ അനുവദിച്ചില്ല. തന്മൂലം അത് വാടിക്കരിഞ്ഞു പോയി.
ആ കർഷകന്റെ കൈയ്യിൽ നിന്ന് ഒരു മണി വിത്ത് മുൾച്ചെടികൾക്കിടയിലും വീഴുകയുണ്ടായി. ഫലഭൂയിഷ്ടമായ സ്ഥലമായിരുന്നു അത്. പക്ഷെ ആ വിത്തിനു തഴച്ചു വളരാൻ മുൾച്ചെടികൾ അനുവദിച്ചില്ല. തന്മൂലം ആ മുളയും നശിച്ചുപോയി.
എന്നാൽ ആ കർഷകൻ ബാക്കി വിത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വിതച്ചു. അവിടെ പാറയില്ല. മുൾച്ചെടികളുമില്ല. നല്ല ഫലഭൂയിഷ്ടമായ ഭൂമി. തന്മൂലം ആ വിത്തുകൾ മുളച്ചു തഴച്ചു വളർന്നു. ഈ ഉപമയിൽ വിത്ത് സത്യസൂക്തങ്ങളത്രെ. കർഷകനാകട്ടെ പ്രപഞ്ച സത്തയും, വഴിയിൽ വീണ വിത്ത് കൊത്തി കൊണ്ടുപോയ പക്ഷി പിശാചണ്. ഉപദേശം കേൾക്കാനുദ്ദേശിക്കാത്തവരുടെ ചെവിയിൽ അത് എത്തിച്ചേരുന്നത് ആ കർഷകന്റെ കൈയ്യിൽ നിന്ന് വിത്ത് കൊഴിഞ്ഞു വീണതുപോലെയുമാണ്. പിശാചാകുന്ന പക്ഷി ഉടനെ ഒരു വിത്ത് കൊത്തിയെടുത്ത് പറന്നു പോകുന്നു. തന്മൂലം ആ മനുഷ്യന്റെ ഹൃദയത്തിൽ ആ വിത്ത് വീണതുകൊണ്ടൊരു പ്രയോജനവും ലഭിക്കുന്നില്ല.
എന്നാൽ ചിലർ ഉപദേശം കേൾക്കാൻ വരും. പക്ഷെ അതനുസരിച്ച് പ്രവർത്തിക്കാൻ അവർക്ക് ആഗ്രഹമില്ല. പാറപ്പുറത്തെ മണ്ണിൽ വീണ വിത്തുപോലെ. ഇവർ കേട്ട ഉപദേശത്തിന് ഇവരുടെ ഹൃദയത്തിൽ വേരൂന്നാൻ സാധിക്കുകയില്ല. അങ്ങനെ അതും നിഷ്ഫലമായിപ്പോകുന്നു.
എന്നാൽ ചില മനുഷ്യർ കേട്ടതനുസരിച്ച് കർമ്മം ചെയ്യാനുള്ള ആഗ്രഹത്തോടെയാണ് ഉപദേശം കേൾക്കാൻ വരിക. പക്ഷെ അവരുടെ ദേഹേച്ഛകളാകുന്ന മുൾച്ചെടികൾ ആ വിത്ത് തഴച്ചു വളരാൻ അനുവദിക്കാതെ അതിന്റെ മുളയെ ശ്വാസം മുട്ടിച്ചുകൊല്ലുന്നു.
ആ കർഷകൻ പ്രത്യേകമായി ഒരുക്കിയ ഫലഭൂയിഷ്ഠമായ ഭൂമി പോലെയുള്ള ഹൃദയങ്ങളിൽ വീഴുന്ന വിത്തുകൾ മാത്രം ഫലപ്രദമായി ഭവിക്കുന്നു. അതായത് ഉപദേശങ്ങളിലേക്ക് ചെവികൊടുക്കുകയും കേട്ടത് പൂർണ്ണമായും പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ദേഹേച്ഛകളാകുന്ന മുൾച്ചെടികൾ പറിച്ചെറിയുകയും ചെയ്യുന്ന സൂഫികളുടെ ഹൃദയങ്ങളിൽ എത്തുന്ന ഉപദേശത്തിന്റെ വിത്തുകൾ തഴച്ചുവളർന്ന് പൂത്തുലഞ്ഞ് സൗന്ദര്യം പരത്തുന്നു. അതിൽ നിന്ന് തേൻകനികൾ ലഭിക്കുകയും ചെയ്യുന്നു. ദേഹേച്ഛകൾക്കും തന്നിഷ്ടങ്ങൾക്കും താത്കാലികമായ മധുരമുണ്ട്. ഈ മധുരം നുകരുന്ന ശരീരം അതിലേക്ക് ആകർഷിക്കപ്പെട്ടതായിരിക്കും. എന്നാൽ സൂഫിയുടെ ഹൃദയം നിത്യസത്യത്തോടുള്ള പ്രേമത്തിന്റെ മാധുര്യം അനുഭവിച്ചറിഞ്ഞതിനാൽ തന്നിഷ്ടത്തിന്റെ ഈ വഞ്ചനയിൽ കുടുങ്ങുന്നില്ല. കാരണം പ്രപഞ്ച സത്തയുമായി ബന്ധപ്പെട്ട ആത്മാവിൽ ഊട്ടപ്പെട്ട പ്രേമമാണത്. ആ മാധുര്യം അനുഭവിച്ച് ആ പരമാനന്ദത്തിൽ ആറാടുന്നവർക്ക് ദേഹേച്ഛയുടെ ക്ഷണികമായ മധുരം കൈപ്പാണ്. അതിനെ ഖുർആൻ ഉപമിച്ചത് വേരുകളില്ലാത്ത ഒരു വിഷച്ചെടിയോടാണ്. ഭൗതിക ശരീരത്തിനപ്പുറം അതിന് വേരുകളില്ല. നേരെ മറിച്ച് പ്രപഞ്ച സത്തയോടുള്ള പ്രേമത്തിന്റെ ശാശ്വത മാധുര്യത്തെ ഖുർആൻ ഉപമിച്ചത് ഒരു ഔഷധച്ചെടിയോടാണ്. അതു ഭൂമിയിൽ വളരെ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. അതിന്റെ ശാഖകളാകട്ടെ ആകാശത്തിലുമാണ്. കാരണം ആ പ്രേമം ആത്മാവിൽ ഇഴുകിച്ചേർന്നതാണ്. അതിന്റെ ശാഖകൾ അല്ലാഹുവിങ്കലും വേരുകൾ ശരീരമാകുന്ന മണ്ണിൽ ആണ്ടിറങ്ങിയതുമാണ്.
തുടരും

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy