ഔറം ​ഗസേബ്(റ), ടിപ്പു സുൽത്വാൻ(റ):
നീതിമാന്മാരായ ഭരണാധികാരികളുടെ വൈജ്ഞാനിക സേവനങ്ങൾ

സൈനുദ്ദീൻ മന്ദലാംകുന്ന്:

ഇന്ത്യാ ചരിത്രത്തിൽ സൂര്യസമാനം ജ്വലിച്ചു നിൽക്കുന്ന രണ്ട് മുസ് ലിം ഭരണാധികാരികളാണ് ഔറം ​ഗസേബ്(റ) യും ടിപ്പു സുൽത്വാൻ(റ) യും. യൂറോപ്യൻ കോളണീകരണത്തെ ശക്തമായി ചെറുത്ത ഈ രണ്ട് ഭരണാധികാരികളും കൊളോണിയൽ ചരിത്രാഖ്യാനങ്ങളിൽ അപകീർത്തിക്കപ്പെടുകയും കോളണി ഭരണത്തിന് എല്ലാ പശ്ചാത്തലവുമൊരുക്കിയ ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ പിൻമുറക്കാരാൽ പൈശാചിക മുദ്രകളോടെ അവമതിക്കപ്പെടുകയും ചെയ്തവരാണ്. മഹാന്മാരായ ഈ ഭരണാധികാരികൾ വ്യക്തി ജീവിതത്തിൽ പുലർത്തിയ വിശുദ്ധിയും വൈജ്ഞാനിക രംഗത്ത് നിർവ്വഹിച്ച സേവനങ്ങളും ഏറെ വിലമതിക്കപ്പെടേണ്ടവയാണ്. പ്രജാക്ഷേമ തത്പരതയും വിശാല മാനവിക വീക്ഷണവും സഹിഷ്ണുതയും ജീവിതത്തിന്റെ മുഖമുദ്രയാക്കിയ ഈ മഹത്തുക്കളുടെ പ്രചോദനങ്ങളെന്തായിരുന്നു എന്നന്വേഷിക്കുന്ന പഠന ലേഖനത്തിന്റെ ആദ്യഭാഗം. തങ്ങളുടെ സമകാലികരായ ഇന്ത്യയിലെ പ്രമുഖ സ്വൂഫികളോട് ഈ ഭരണാധികാരികൾ പുലർത്തിയ ബന്ധവും ആഭിമുഖ്യവും അവരുടെ സ്വൂഫി പ്രതിനിധാനവും ഇതിൽ അനാവരണം ചെയ്യപ്പെടുന്നു.

ഇസ്ലാമിന്റെ ബാഹ്യവും ആന്തരികവുമായ വൈജ്ഞാനിക മേഖലകളെ പരിപോഷിപ്പിക്കുന്നതിനും വിശ്വാസം സ്വീകരിച്ചവർക്ക് ദീനി വിജ്ഞാനം പകർന്നു നൽകുന്നതിനും അവിശ്വാസികളെ ഇസ്ലാമിലേക്ക് പ്രബോധനം ചെയ്യുന്നതിനും പലവിധ പ്രയത്നങ്ങളും നിർവ്വഹിച്ച പ്രമുഖ മുസ്ലിം ഭരണാധികാരികളായിരുന്നു മുഗൾ വംശജനായ ഔറം ഗസേബ്(റ) യും മൈസൂർ സുൽത്വാൻ ടിപ്പുസുൽത്വാൻ(റ) യും. ഇന്ത്യാചരിത്രത്തിൽ കൊളോണിയൽ ചരിത്രകാരന്മാരുടെ ഭിന്നിപ്പിക്കൽ നയം നിമിത്തം ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടവരും അവമതിക്കപ്പെട്ടവരുമാണ് ഈ ഭരണാധികാരികൾ. അങ്ങേയറ്റത്തെ സഹിഷ്ണുതയും വിശാല മനസ്കതയും പ്രജാക്ഷേമ തത്പരതയും പ്രകടിപ്പിച്ച മഹാന്മാരായ ഈ ഭരണാധികാരികളുടെ യശസ്സ് എല്ലാ തമസ്കരണങ്ങളെയും അതിജയിച്ച് ഇന്ത്യാ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ളതാണ്. തങ്ങൾ വിശ്വസിക്കുന്ന ഇസ്ലാം ദീനിന്റെ മൗലികമായ സത്യത്തെ മുറുകെ പിടിക്കുകയും അതിനെ പ്രതിനിധീകരിക്കുകയും ചെയ്യുമ്പോൾ തന്നെ ബഹുസ്വരമായ ഒരു സമൂഹത്തിന്റെ നേതൃത്വം കൈയ്യാളുന്ന ഭരണാധികാരികൾ എന്ന നിലയിൽ എല്ലാ പൗരന്മാരുടെയും വിശ്വാസ സ്വാതന്ത്ര്യത്തെ പരിഗണിച്ചവരായിരുന്നു ഈ ഭരണാധികാരികൾ. അതൊടൊപ്പം മനുഷ്യരെ ഇഹപര വിജയത്തിലേക്ക് നയിക്കുന്ന ശാശ്വത സൗഖ്യത്തിന്റെ ഋജുപാതയായ ഇസ്ലാം ദീനിനെ സ്വന്തം ജീവിതത്തിൽ പകർത്താനും വിശ്വാസികളെ ആ വഴിയിൽ സംസ്കരിച്ചെടുക്കാനും അവിശ്വാസികൾക്ക് അല്ലാഹുവിന്റെ ദീൻ എത്തിച്ചുകൊടുക്കാനും ഇന്ത്യാചരിത്രത്തിലെ പ്രമുഖരായ ഈ മുസ്ലിം രാജാക്കന്മാർ ചെയ്ത സേവനങ്ങൾ സവിശേഷം സ്മരിക്കപ്പെടേണ്ടതുണ്ട്.
ടിപ്പുസുൽത്വാൻ(റ)യെയും ഔറം ഗസീബ്(റ) യെയും പോലുള്ളവരുടെ ഭരണനൈപുണ്യവും സാമ്രാജ്യത്വവിരുദ്ധ സമര വീര്യവുമെല്ലാം നാം നിർദ്ധാരണം ചെയ്യുമെങ്കിലും അവരുടെ വൈയ്യക്തിക ജീവിതത്തിലെ ഇസ്ലാമിക പ്രതിബദ്ധത നിർദ്ധാരണം ചെയ്യാൻ നാം അധികം പരിശ്രമിക്കാറില്ല. ഈ പഠനത്തിൽ ടിപ്പുസുൽത്വാൻ(റ) യും ഔറം ഗസേബ്(റ) യും തങ്ങളുടെ ജീവിതത്തിൽ പുലർത്തിയിരുന്ന ഇസ്ലാമിക പ്രതിബദ്ധതയെ നിർദ്ധാരണം ചെയ്യാനും ദീനിന്റെ ളാഹിരിയും ബാത്വിനിയുമായ വിജ്ഞാന പ്രചരണാർത്ഥം അവർ നിർവ്വഹിച്ച സേവനങ്ങളിൽ ചിലത് അവലോകനം ചെയ്യാനുമാണ് ഉദ്യമിക്കുന്നത്.
മുഗൾ സാമ്രാജ്യത്തിലെ ആറാമത്തെ ഭരണാധികാരിയും ഉത്തരേന്ത്യയുടെ ഒട്ടെല്ലാ മേഖലകളും ദക്ഷിണേന്ത്യയുടെ ചില പ്രദേശങ്ങളുമുൾപ്പെടെ നിരവധി പ്രദേശങ്ങൾ ഭരിച്ച പതിനേഴാം നൂറ്റാണ്ടിലെ ഏഷ്യയിലെ തന്നെ ശക്തനായ ഭരണാധികാരിയുമായിരുന്നു ഔറം ഗസേബ്(റ)(1618-1707). വളരെ ലളിതമായ ജീവിതം നയിച്ച ആ മഹാപുരുഷൻ വലിയൊരു സാമ്രാജ്യത്തിന്റെ അധിപതിയായിട്ടും തൊപ്പി തുന്നിയും ഖുർആൻ പകർത്തിയെഴുതിയുമൊക്കെയാണ് തന്റെയും കുടുംബത്തിന്റെയും ഉപജീവനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തിയിരുന്നത്. വളരെ ലാളിത്യവും സൂക്ഷ്മതയുമുള്ള മാതൃകകൾ സമർപ്പിച്ച് ആത്മവിശുദ്ധിയോടെ ചരിത്രത്തിൽ ഒരു മാതൃകാപുരുഷനായി ജീവിച്ച ഔറം ഗസേബ്(റ) സൂഫിയാക്കളെയും പണ്ഡിതമഹത്തുക്കളെയും സവിശേഷമായി ആദരിക്കുകയും ദീനി വിജ്ഞാന പുനരുജ്ജീവനത്തിന് അവരുടെ സേവനങ്ങൾ തേടുകയും ചെയ്തിരുന്നു. ഔറം ഗസേബ്(റ) സൂഫിയാക്കളോടും ആലിമീങ്ങളോടും പുലർത്തിയ സമീപനങ്ങളും അവരുടെ സേവനങ്ങളെ ദീനി വിജ്ഞാന പുനരുജ്ജീവനത്തിന് ഫലപ്പെടുത്തിയ നടപടികളും ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. തന്റെ അധികാര പരിധിയിലുള്ള സൂഫിയാക്കളോടും പണ്ഡിത മഹത്തുക്കളോടും ബഹുമാന്യനായ ആ ഭരണാധികാരി പുലർത്തിയിരുന്ന സമീപനം എന്തായിരുന്നു എന്ന് വ്യക്തമാക്കുന്ന അപൂർവ്വശോഭയുള്ള ഒരു ചരിത്രവസ്തുത അവലോകനം ചെയ്യാനാണ് നാമിവിടെ ഉദ്യമിക്കുന്നത്.

ബഹു: സ്വദഖത്തുല്ലാഹിൽ കാഹിരി (റ)യും ഔറം ഗസേബ്(റ)യും:

കാലഘട്ടത്തിന്റെ ഖുത്വുബും ജനങ്ങൾക്കിടയിൽ ആത്മസംസ്കരണം നിർവ്വഹിച്ച വലിയ്യുമെല്ലാമായി ചരിത്രം സാക്ഷ്യപ്പെടുത്തിയ, ദക്ഷിണേന്ത്യയിലെ തന്നെ വിഖ്യാത പണ്ഡിതനും സൂഫിവര്യനുമായ സ്വദഖത്തുല്ലാഹിൽ കാഹിരി(റ) ദീനി രംഗത്ത് പ്രശോഭിച്ചു നിൽക്കുന്ന കാലം. തന്റെ അധികാര പരിധിയിലുണ്ടായിരുന്ന തെക്കേ ഇന്ത്യൻ പ്രദേശങ്ങളുമായി ബന്ധമുള്ള വിഖ്യാതനായ സ്വദഖത്തുല്ലാഹിൽ കാഹിരി(റ) എന്ന സൂഫി ആലിമിനെ കുറിച്ചുള്ള സദ്കീർത്തി ഔറം ഗസേബ്(റ) യുടെ ചെവിയിലുമെത്തി. ഇസ്ലാമിന്റെ ബാഹ്യവും ആന്തരികവുമായ വിജ്ഞാനമേഖലകളിൽ വളരെ ആഴമേറിയ പാണ്ഡിത്യവും അവഗാഹവുമുള്ള ഈ മഹാത്മാവുമായി കാണാൻ ഔറം ഗസേബ്(റ) ആഗ്രഹിക്കുകയും സ്വദഖത്തുല്ലാഹിൽ കാഹിരി(റ) യെ ഡൽഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ തനിക്ക് തന്റെ പ്രദേശങ്ങളിൽ തന്നെ ചെയ്തു തീർക്കാനുള്ള പ്രവർത്തനങ്ങളുടെ ബാഹുല്യം ഓർത്ത് ആദ്യസന്ദർഭത്തിൽ ഈ ക്ഷണം സ്നേഹപൂർവ്വം നിരസിക്കുകയല്ലാതെ ബഹുമാന്യനായ ആ സൂഫിവര്യന് മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. എന്നാൽ അധികം വൈകാതെ തന്റെ അധീനതയിലുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലെ മുഫ്തി സ്ഥാനം വഹിക്കാൻ ബഹുമാനപ്പെട്ട ആ സൂഫി വര്യനെ ഔറം ഗസേബ്(റ) ക്ഷണിക്കുകയുണ്ടായി. ഇതിന് ബഹുമാന്യനായ സ്വദഖത്തുല്ലാഹിൽ കാഹിരി(റ) യുടെ മറുപടി ഫഖീറന്മാർ ഗവൺമെന്റ് ഉദ്യോഗം വരിക്കുന്നവരല്ല എന്നായിരുന്നു. എന്നാൽ സ്വദഖത്തുല്ലാഹിൽ കാഹിരി(റ) യുടെ മക്കളും ഉന്നതസ്ഥാനീയരും ദീനി രംഗത്ത് അഗ്രഗണ്യരുമാണെന്നറിഞ്ഞ ഔറം ഗസേബ്(റ) മകനായ മുഹമ്മദ് ലബ്ബൈയിൽ കാഹിരി(റ) യെ തെക്കേ ഇന്ത്യയിലെ മുഫ്തിയായി നിയമിക്കുകയും ഭൂസ്വത്തുക്കളും പ്രാദേശിക അധികാരവുമെല്ലാം നൽകി ജാഗിർദാരി സ്ഥാനം നൽകുകയും ചെയ്തു.

നിർണായകമായ കൂടിക്കാഴ്ച

സ്വദഖത്തുല്ലാഹിൽ കാഹിരി(റ) യുമായി എഴുത്തുകൾ മുഖേന ഔറം ഗസേബ്(റ) നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ചരിത്ര പ്രാധാന്യമേറിയ ഈ എഴുത്തുകളെല്ലാം ഇന്ന് കീളക്കര അറൂസിയ അറബിക് കോളേജ് ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഡൽഹി ജാമിഅ മസ്ജിദിലെ ഇശാഅ് നിസ്കാരത്തിന് ശേഷം അവർ രണ്ടുപേരും കണ്ടുമുട്ടുകയുണ്ടായി. ആദ്യസമാഗമ വേളയിൽ തന്നെ സ്വുബ്ഹി വരെ അവർ ദീനി വൈജ്ഞാനിക വിഷയങ്ങളും മുസ്ലിം സമുദായത്തെ ബാധിക്കുന്ന മറ്റ് പല കാര്യങ്ങളും ചർച്ച ചെയ്യുകയുണ്ടായി. ഔറം ഗസേബ്(റ) യുടെ ജീവിത വിശുദ്ധിയും പരിത്യാഗ മനഃസ്ഥിതിയും അടുത്തറിഞ്ഞതോടെ സ്വദഖത്തുല്ലാഹിൽ കാഹിരി(റ) യിൽ അദ്ദേഹത്തെ കുറിച്ച് വളരെയേറെ മതിപ്പും ആദരവും വർദ്ധിക്കുകയും ഡൽഹിയിലെ ആവാസ വേളയിൽ ഔറം ഗസേബ്(റ) യെ കുറിച്ച് ശൈഖവർകൾ ഒരു മനാഖിബ് രചിക്കുകയുമുണ്ടായി. ശേഷം ഔറം ഗസേബ്(റ) യുടെ നിർദ്ദേശം മാനിച്ച് ധാരാളം പണ്ഡിത മഹത്തുക്കളോടൊപ്പം “ഫതാവ ആലങ്കീരി’ ക്രോഡീകരിക്കുന്നതിൽ സ്വദഖത്തുല്ലാഹിൽ കാഹിരി(റ) യും മകനും ദക്ഷിണേന്ത്യയിലെ മുഫ്തിയുമായിരുന്ന മുഹമ്മദ് ലബ്ബൈയിൽ കാഹിരി(റ) യും പ്രധാന പങ്ക് വഹിക്കുകയുണ്ടായി. ഇന്നും ഇന്ത്യയിലെ ഭരണകൂടങ്ങളും കോടതികളും മുസ്ലിം വ്യക്തിനിയമത്തിന്റെ(ശരീഅത്ത് നിയമങ്ങളുടെ) ആധികാരിക സ്രോതസ്സായി പരിഗണിക്കുന്നത് ഈ ഗ്രന്ഥപരമ്പരയാണെന്ന കാര്യം ഇവിടെ അനുസ്മരിക്കുക.
ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും വളരെ ആധികാരികതയോടെ പരിഗണിക്കപ്പെടുന്ന ഇസ്ലാമിന്റെ ശരീഅത്ത് നിയമങ്ങളുടെ സമാഹരമാണ് ഈ ഗ്രന്ഥം. ഔറം ഗസേബ്(റ) പോലുള്ള നീതിമാന്മാരും സൂക്ഷ്മതയുമുള്ള രാജാക്കന്മാരുടെ ഇസ്ലാമിക വൈജ്ഞാനിക പ്രതിബദ്ധതയുടെ നേർസാക്ഷ്യം കൂടിയാണിത്. ഈ വൈജ്ഞാനിക പ്രതിബദ്ധതയുടെ പ്രഫുല്ലമായ മറ്റൊരു സാക്ഷ്യം ഇന്ത്യാചരിത്രത്തിലെ പ്രൗഢോജ്വല വ്യക്തിത്വം ശഹീദ് ടിപ്പുസുൽത്വാൻ(റ)യുടെ ജീവിതത്തിലും നമുക്ക് കാണാനാവുന്നുണ്ട്.

ടിപ്പുസുൽത്വാൻ(റ) യുടെ വ്യക്തിത്വവും ദീനി പ്രതിബദ്ധതയും:

ടിപ്പുസുൽത്വാൻ(റ) ഒരു കേവല രാജാവ് മാത്രമായിരുന്നില്ല. വൈയ്യക്തികമായി ജീവിതത്തിൽ ദീനിനിഷ്ഠകൾ സൂക്ഷ്മതയോടെ പാലിച്ചവരും ദീനിന്റെ ബാഹ്യവും ആന്തരികവുമായ വിജ്ഞാനമേഖലകളിൽ നല്ല പരിജ്ഞാനം സിദ്ധിച്ചവരുമായിരുന്നു. ഒരേസമയം ഒരു പണ്ഡിതനായും അല്ലാഹുവിനെയും സൃഷ്ടിയുടെ യാഥാർത്ഥ്യത്തെയും യഥോചിതം അറിഞ്ഞ ഒരു ആരിഫും വലിയ്യുമായ സൂഫിയായും ടിപ്പുസുൽത്വാൻ(റ) യെ നമുക്ക് കണ്ടുമുട്ടാനാവുന്നുണ്ട്. പണ്ഡിതന്മാരോടും സൂഫിയാക്കളോടുമുള്ള സ്മര്യപുരുഷന്റെ സ്നേഹാദരവുകൾ നിറഞ്ഞ ബന്ധങ്ങൾ വഴിയായി സമൂഹത്തെ ദീനി മൂല്യങ്ങൾക്കനുസൃതമായി ചരിപ്പിക്കാൻ നിരവധി പ്രയത്നങ്ങൾക്ക് നേതൃത്വം നൽകിയ മഹാനാണ് ടിപ്പു സുൽത്വാൻ(റ) എന്ന് കാണാൻ കഴിയും.
ടിപ്പു സുൽത്വാൻ(റ) ത്വരീഖത്തിൽ തന്റെ ശൈഖായി സ്വീകരിച്ചവരിൽ പ്രമുഖനാണ് ജാമിഎ ദക്കൻ എന്ന അപരാഭിധാനത്താൽ അറിയപ്പെട്ട ശൈഖുനാ ശാഹ് കമാൽ(റ). ചിശ്തി പരമ്പരയിലെ അക്കാലത്തെ വിഖ്യാതനായ ശൈഖും മുറബ്ബിയും മുർശിദുമായിരുന്ന ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ കടപ്പ ജില്ലയിലെ ശാഹ് മീർ ഔലിയ(റ) യെ ടിപ്പുവിന്റെ പിതാവ് ഹൈദരലി ഖാൻ ജീവിച്ചിരുന്ന കാലത്ത് മൈസൂരിലെ ശ്രീരംഗപട്ടണത്തേക്ക് ടിപ്പുസുൽത്വാൻ(റ) ക്ഷണിച്ചിരുന്നു എന്നത് ഉർദുഭാഷയിലെഴുതപ്പെട്ട പല ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ജുംഹൂർ മാസികയിൽ 1955-56 കാലഘട്ടത്തിൽ പരമ്പരയായി പ്രസിദ്ധീകരിച്ചതും പിന്നീട് മഖ്സനുൽ ഇർഫാൻ പോലുള്ള പ്രമുഖ അസ്റാറിന്റെ ഗ്രന്ഥത്തിന്റെ ആമുഖ ഭാഗത്ത് ഉദ്ധരിച്ചതുമായ പ്രസ്തുത വസ്തുതകൾ നമുക്കിവിടെ സംഗ്രഹിച്ച് വിവരിക്കാം. ശൈഖുനാ ശാഹ് മീർ(റ) ടിപ്പുസുൽത്വാൻ(റ) യുടെ ഈ ക്ഷണിക്കലിനോട് പ്രതികരിച്ച വിഖ്യാതമായ വാക്യം ചരിത്ര ഗ്രന്ഥങ്ങളിൽ ഇപ്രകാരം രേഖപ്പെട്ടുകാണുന്നുണ്ട്. ശൈഖവർകൾ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:

“ദാഹിക്കുന്നവൻ തടാകം തേടിയാണ് വരേണ്ടത്. ദാഹിക്കുന്നവനെ തേടി തടാകം വരികയില്ല…”

വാസ്തവത്തിൽ അക്കാലത്ത് വാർദ്ധക്യസഹജമായ പരാധീനതകൾ ഉണ്ടായിരുന്നവരായിരുന്നു ശാഹ് മീർ ഔലിയ (റ). പഴയ ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന റായൽ സീമ പ്രദേശത്ത് നിന്ന് മൈസൂരിലെ ശ്രീരംഗ പട്ടണത്ത് എത്തുക എന്നതിന് ബഹുമാനപ്പെട്ട ശൈഖവർകളുടെ ആരോഗ്യം അനുവദിക്കുകയില്ല എന്നതുകൊണ്ട് കൂടിയായിരുന്നു ഇത്തരമൊരു പ്രതികരണം. എന്നാൽ തന്റെ വിയോഗത്തിന് മുമ്പ് തന്റെ പിൻഗാമിയായി വരുന്ന സഹോദരൻ ശാഹ് കമാൽ(റ) യോട് ശാഹ് മീർ ഔലിയ(റ) ടിപ്പുസുൽത്വാന്റെ കൊട്ടാരത്തിൽ പോകണമെന്നും അദ്ദേഹത്തിന് ദീനിയായ മാർഗദർശനങ്ങൾ നൽകണമെന്നും വസ്വിയ്യത്ത് ചെയ്തിരുന്നു. വളരെ ജാഗ്രതയോടെ അവിടെ പോകണമെന്നും നീതിമാനായ അദ്ദേഹത്തിന്റെ ഭക്ഷണം ഹലാലാണെന്നും അത് താങ്കൾക്ക് കഴിക്കാമെന്നും ശൈഖവർകൾ സഹോദരനോട് ഓർമ്മപ്പെടുത്തിയിരുന്നു. അല്ലാഹുവിന്റെ ദീൻ ഹഖായ താത്പര്യങ്ങൾക്കുവേണ്ടിയല്ലാതെ പകർന്നുകൊടുക്കേണ്ടതില്ല എന്നും ഹഖ് തേടുന്നവർക്ക് അത് തടയാനും പാടില്ല എന്നും ടിപ്പുസുൽത്വാൻ ഹഖ് തേടുന്ന ആളായതിനാലാണ് ഞാൻ താങ്കളെ അദ്ദേഹത്തിന് അടുത്തേക്ക് അയക്കുന്നത് എന്നും മഹാനായ ആ വലിയ്യ് തന്റെ സഹോദരനെ ഉപദേശിച്ചിരുന്നു.

ടിപ്പുസുൽത്വാൻ(റ) യും ശാഹ് കമാൽ (റ) യും തമ്മിലുള്ള സമാഗമം

അങ്ങനെ റായൽ സീമ മേഖലയിൽ നിന്ന് ശൈഖുനാ ശാഹ് കമാൽ(റ) ശ്രീ രംഗപട്ടണത്തേക്ക് പുറപ്പെടുകയും വിവരമറിഞ്ഞ ടിപ്പുസുൽത്വാൻ(റ) പ്രമുഖരായ മീർ മുഈനുദ്ദീൻ, മീർ സഅദുദ്ദീൻ, മീർ ബദറുസ്സമാൻ ഖാൻ തുടങ്ങിയവരെയെല്ലാം കൂട്ടി ശ്രീരംഗപട്ടണത്തിന് പുറത്തുപോയി രാജകീയ വരവേൽപോടെ ശൈഖവർകളെ കൊട്ടാരത്തിലേക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്തു. കൊട്ടാരത്തിലെത്തി വിഭവങ്ങളൊരുക്കി സൽക്കരിക്കുന്ന സന്ദർഭത്തിൽ അതിഥികൾക്കൊരുക്കിയ ഭക്ഷണമല്ല ടിപ്പു സുൽത്വാൻ(റ) കഴിച്ചത്. സാധാരണ ഭക്ഷണവും ഇലക്കറികളുമെല്ലാമായിരുന്നു ടിപ്പുസുൽത്വാൻ(റ) ഭക്ഷിച്ചത്. ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ ശൈഖുനാ ശാഹ് കമാൽ(റ) അദ്ദേഹത്തോട് ഇതിന്റെ കാരണമാരാഞ്ഞു. അപ്പോൾ മഹാനായ ടിപ്പുസുൽത്വാൻ(റ) പ്രത്യുത്തരം ചെയ്തത് ഇപ്രകാരമാണ്:
“എന്റെ മാതാവും പിതാവും എന്നെ ഇങ്ങനെയുള്ളത് കഴിപ്പിച്ച് ആദ്യമേ ശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ വിരുന്നുകാർ വന്നാൽ അവരെ സൽക്കരിക്കണമെല്ലോ…അതിനാലാണ് നിങ്ങൾക്കുവേണ്ടി വിഭവങ്ങളെല്ലാം ഒരുക്കിയത്. എനിക്കുവേണ്ടി വിളമ്പിയ ഇതുതന്നെയാണ് ഞാൻ ഭക്ഷിക്കുക.”
ആദ്യസമാഗമത്തിന്റെ ഈ സന്ദർഭത്തിൽ തന്നെ ശൈഖുനാ ശാഹ് കമാൽ (റ) ക്ക് ടിപ്പുസുൽത്വാൻ(റ) യോടുള്ള സ്നേഹവും താത്പര്യവും വർദ്ധിച്ചു. വ്യക്തിവിശുദ്ധിയും ജീവിതത്തിൽ പ്രകടമാകുന്ന ദീനി മൂല്യങ്ങളും കണ്ട് ശൈഖവർകൾ ടിപ്പുസുൽത്വാൻ(റ) യോട് ഇപ്രകാരം പറഞ്ഞു:
“നിങ്ങൾക്ക് അല്ലാഹു തആല രണ്ട് ശക്തികളും നൽകിയിരിക്കുന്നു. ഭൗതിക ശക്തിയും ആത്മീയ ശക്തിയും.”

ദീനി പ്രബോധന രംഗത്തെ ടിപ്പു സുൽത്വാൻ(റ) യുടെ മാതൃകകൾ:

ശൈഖവർകൾ കൊട്ടാരത്തിലെത്തിയപ്പോൾ സൽക്കാര സന്ദർഭത്തിലും മറ്റും മലബാറുകാരായ രണ്ട് യുവാക്കളെ അവിടെ കണ്ടിരുന്നു. സൽക്കാരത്തിന് ശേഷം ടിപ്പുസുൽത്വാൻ(റ) യോട് ശൈഖവർകൾ അവർ ആരാണെന്ന് അന്വേഷിച്ചു. അപ്പോൾ ടിപ്പുസുൽത്വാൻ(റ) അവരെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:
“ഇവർ പുതുമുസ്ലിമീങ്ങളാണ്. ഈ അടുത്തിടെയാണ് ഇവർ ഇസ്ലാം സ്വീകരിച്ചത്. ഇവർക്ക് ദീനിയായ ഇൽമുകൾ ഞാൻ പകർന്നുനൽകുന്നുണ്ട്. അറബി, ഫാർസി ഭാഷകളെല്ലാം ഇവർ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതോടൊപ്പം ഇവർക്ക് വസ്ത്രം നെയ്യാനുള്ള വിദ്യകൂടി ഇവിടെ നിന്ന് അഭ്യസിപ്പിക്കുന്നുണ്ട്. കാരണം ഇവർ ദീനി സേവനത്തിന് വേണ്ടി പുറത്തിറങ്ങിയാൽ ആരോടും കൈനീട്ടാതെ സ്വയം പര്യാപ്തരാവാൻ വേണ്ടിയാണ് ഞാനവരെ ഈ തൊഴിൽ പഠിപ്പിക്കുന്നത്. അല്ലാഹു അല്ലാത്തതിലേക്ക് അവർ ആശ്രയികളാവരുത്.”
ഈ മറുപടി കേട്ടതോടെ ശാഹ് കമാൽ(റ) ക്ക് ടിപ്പുസുൽത്വാൻ(റ) യോടുള്ള ആദരവും സ്നേഹവും ഒന്നുകൂടി വർദ്ധിച്ചു. അത് വാക്കുകളായി പുറത്ത് വന്നത് ഇപ്രകാരമാണ്:
“അല്ലാഹു നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ട്. നിങ്ങൾ ബാദുഷയുമാണ്, ഫഖീറുമാണ്. ഇത് എല്ലാവർക്കും ലഭിക്കുന്ന കാര്യമല്ല.”
ശൈഖവർകൾ ടിപ്പുസുൽത്വാൻ(റ) യുടെ കൊട്ടാരത്തിലെത്തിയ ആദ്യ ദിവസത്തെ അനുഭവമാണിത്. ഇവിടെ വെച്ച് കണ്ടുമുട്ടിയ ഈ മലബാറുകാർ, പുതുമുസ്ലിമീങ്ങളാണ്. അവർക്ക് അറബി ഭാഷയും ഫാർസി ഭാഷയും പഠിക്കാനും അതുവഴി ദീനി വിജ്ഞാനങ്ങൾ പകർന്നു നൽകാനും ടിപ്പുസുൽത്വാൻ(റ) സൗകര്യമൊരുക്കിയിരിക്കുന്നു. മാത്രമല്ല ദീനിവിജ്ഞാനങ്ങൾ സിദ്ധിച്ച് അവർ പുറത്തുവന്നാൽ ഉപജീവനത്തിന് വേണ്ടി അവർ മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലാത്ത വിധം അവർക്ക് തൊഴിൽ പരമായ സ്വയം പര്യാപ്തത ലഭിക്കുന്നതിനാണ് അവരെ വസ്ത്രം നെയ്യുന്ന ജോലി ടിപ്പുസുൽത്വാൻ(റ) അഭ്യസിപ്പിക്കുന്നത്. ടിപ്പുസുൽത്വാൻ(റ) യുടെ ദീനിനോടുള്ള പ്രതിബദ്ധതയുടെയും സാമൂഹിക വീക്ഷണത്തിന്റെയും ഉത്തമമായ നിദർശനം തന്നെയാണ് ഇത്.
കൊട്ടാരത്തിൽ താമസിച്ച് ഓരോ ദിനവും പിന്നിടും തോറും ടിപ്പുവിന്റെ ദീനി പ്രതിബദ്ധതയും വൈജ്ഞാനിക മികവും ശൈഖുനാ ശാഹ് കമാൽ(റ) ക്ക് കൂടുതൽ വ്യക്തമാവുകയുണ്ടായി.
മൈസൂരിൽ തന്റെ ഭരണ ആസ്ഥാനമായ ശ്രീരംഗപട്ടണത്ത് എത്തുന്ന ആരിഫീങ്ങളിലും ഔലിയാക്കളിലും ആലിമീങ്ങളിലും പെട്ട ഏതൊരാൾക്കും താമസിക്കാൻ ഭൂമി വഖ്ഫ് ചെയ്യുന്ന ഒരു സ്വഭാവം ടിപ്പുസുൽത്വാൻ(റ) ക്കുണ്ടായിരുന്നു. അല്ലാഹുവിന്റെ ഔലിയാക്കളായ ഫുഖറാക്കൾക്കും പണ്ഡിതന്മാർക്കും വീട് വെച്ച് അവിടെ താമസിക്കാമെന്ന് സുൽത്വാൻ വ്യവസ്ഥ ചെയ്തിരുന്നു. ഈ ആനുകൂല്യം നേടിയവരിൽ അക്കാലത്ത് സത്യസന്ധരായ സൂഫിയാക്കളും ചില കപട വേഷധാരികളുമുണ്ടായിരുന്നു.

ശാഹ് കമാൽ(റ) യുടെ ശ്രീരംഗപട്ടണത്തെ സംസ്കരണ ദൗത്യങ്ങൾ:

എന്നാൽ ശാഹ് കമാൽ(റ) യെ ടിപ്പുസുൽത്വാൻ(റ) പാർപ്പിച്ചത് തന്റെ കൊട്ടാരത്തിൽ തന്നെയായിരുന്നു. ശൈഖവർകളെ കൊട്ടാരത്തിൽ വന്ന് പൊതുജനങ്ങൾക്ക് കാണാനും തഅ്ലീമുകളും മാർഗദർശനങ്ങളും സ്വീകരിക്കാനും ടിപ്പുസുൽത്വാൻ(റ) സൗകര്യങ്ങളേർപ്പെടുത്തിയിരുന്നു. ഏത് സാധാരണക്കാരനും ശൈഖവർകളെ സമീപിക്കാനും തങ്ങളുടെ ആവലാതികൾ പറയാനും അവസരമുണ്ടായിരുന്നു. ശൈഖവർകൾ കൊട്ടാരത്തിലെത്തിയ ആദ്യ ദിനങ്ങളിൽ ഒന്നിൽ പ്രത്യേകക്കാരനായ ഒരു സന്ദർശകനെത്തി. പെരിയപട്ടണം എന്ന നാട്ടിൽ നിന്നുള്ള ഒരു യുവാവായിരുന്നു അത്. ശാഹ് കമാൽ(റ) യുടെ സദസ്സിൽ വന്ന് അയാൾ ഇപ്രകാരം പറഞ്ഞു:
“എന്റെ മാതാവിന്റെ കാലിൽ ഒരു പഴുപ്പ് ബാധിച്ചിട്ടുണ്ട്. മാതാവിന്റെ തൃപ്തി ലഭിച്ചാലാണ് നമുക്ക് സ്വർഗം ലഭിക്കുകയുള്ളൂ എന്ന് ഞാനറിഞ്ഞിട്ടുണ്ട്. എനിക്ക് അല്ലാഹുവിന്റെ മാതാവിനെയും പിതാവിനെയും പറഞ്ഞു തരുമോ..? അവരോട് ഞാൻ അല്ലാഹുവിനോട് എനിക്ക് വേണ്ടി ശുപാർശ ചെയ്യാൻ പറഞ്ഞാൽ അല്ലാഹു എന്റെ ഉമ്മാക്ക് സുഖം നൽകുമല്ലോ…?”
ദീനിനെ കുറിച്ചോ വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചോ അധികമൊന്നുമറിയാത്ത ഒരു സാധാരണ ഗ്രാമവാസിയായിരുന്നു അയാൾ. അയാളുടെ ഈ സംസാരം കേട്ട് സദസ്സിലുള്ളവർ നീരസത്തോടെ അയാളെ നോക്കിയപ്പോൾ ടിപ്പുസുൽത്വാൻ(റ) യോ ശാഹ് കമാൽ (റ) യോ അപ്രകാരം നീരസത്തിന്റെ നോട്ടം നോക്കിയില്ല. മറിച്ച് അനുഭാവ പൂർവ്വം അയാളുടെ ആവലാതികൾ കേൾക്കുകയാണ് ചെയ്തത്. അയാളെ സ്വകാര്യമായി വിളിച്ച് ചിലതെല്ലാം കാതിൽ പറഞ്ഞു കൊടുക്കുകയും നാളെ വരിക, എല്ലാം ശരിയാകും എന്നെല്ലാം ആശ്വസിപ്പിച്ചു അയാളെ പറഞ്ഞയക്കുകയും ചെയ്തു. ടിപ്പുസുൽത്വാൻ(റ) യാകട്ടെ ഈ പശ്ചാത്തലത്തിൽ അയാളുടെ മാതാവിന്റെ രോഗമെന്താണെന്ന് അയാളോട് ചോദിച്ചറിയുകയുണ്ടായി. ശേഷം കൊട്ടാര വൈദ്യന്മാരെ സമീപിച്ച് അതിനുള്ള മരുന്നും അതോടൊപ്പം കുറച്ച് നല്ലെണ്ണയും പാലുകൊണ്ടുണ്ടാക്കിയ മറ്റ് ചില ഔഷധങ്ങളും ചില ഔഷധ സസ്യങ്ങളും ശാഹ് കമാൽ (റ) യുടെ അടുത്ത് കൊടുത്തേൽപിക്കുകയും ശൈഖവർകളോട് അതിൽ മന്ത്രിച്ചൂതി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ പിറ്റേ ദിവസം ആ ഗ്രാമവാസി വന്നപ്പോൾ ശാഹ് കമാൽ(റ) അയാളെ അടുത്ത് വിളിച്ചിരുത്തി താൻ നിങ്ങളുടെ മാതാവിനുള്ള മരുന്ന് തരാമെന്നും പറഞ്ഞ് അത് നൽകി. ശേഷം അത് ഉപയോഗിക്കേണ്ട വിധങ്ങളെല്ലാം പറഞ്ഞുകൊടുത്തു. ഇത് ഉപയോഗിക്കുന്നതോടെ നിന്റെ മാതാവിന്റെ രോഗങ്ങളെല്ലാം മാറുമെന്നും അറിയിച്ചു. മാതാവിന്റെ അസുഖം മാറിയ ശേഷം വന്നാൽ ബാക്കി കാര്യങ്ങളെല്ലാം സാധിപ്പിക്കാം എന്നും ശൈഖവർകൾ ആ ഗ്രാമവാസിയെ അറിയിച്ചു. ടിപ്പുസുൽത്വാൻ(റ) യും ഇതിനെല്ലാം സാക്ഷിയായിരുന്നു. ഒരു കൊട്ടാരമാണല്ലോ ഇത് എന്ന ഔദ്യോഗികത്വമൊന്നുമില്ലാതെ ഏത് സാധാരണക്കാരനും അവന്റെ പ്രശ്നം അറിയിക്കാനും പരിഹാരം തേടാനും അവിടെ അവസരമുണ്ടായിരുന്നു. ടിപ്പുസുൽത്വാൻ(റ) യുടെ മജ്ലിസുകളും സൂഫിയാക്കളുടെ രീതിയിൽ തന്നെയായിരുന്നു. ലാളിത്യമേറിയ ആ മജ്ലിസുകളിൽ ഏത് സാധാരണക്കാരനും തന്റെ പ്രശ്നങ്ങൾ അറിയിക്കാമായിരുന്നു.
അല്ലാഹുവിന്റെ മഹത്തായ കൃപയാൽ അല്ലാഹുവിന്റെ വലിയ്യിന്റെ ദുആയുടെയും മന്ത്രത്തിന്റെയുമെല്ലാം ബർക്കത്തുകൊണ്ട് ഔഷധം സേവിച്ചുതുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ ഗ്രാമവാസിയുടെ മാതാവിന് സുഖം പ്രാപിച്ചുവന്നു. സുഖം പ്രാപിച്ചതോടെ മരുന്ന് നൽകിയ മകന് വേണ്ടി മാതാവ് അല്ലാഹു നിന്നെ സ്വർഗാവകാശിയാക്കട്ടെ എന്ന് ദുആ ചെയ്തു. അതോടെ ആ ഗ്രാമവാസി ഏറെ സംതൃപ്തനായി. അങ്ങനെ ശൈഖവർകളുടെ അടുത്തേക്ക് സന്തോഷമറിയിക്കാൻ എത്തിയപ്പോൾ ആ ഗ്രാമ വാസി പറഞ്ഞു:”എന്റെ മാതാവിന്റെ രോഗത്തിന് ശമനമായിരിക്കുന്നു. എനിക്ക് സ്വർഗം ലഭിച്ചിരിക്കുന്നു. ഇനി അല്ലാഹുവിനോട് ശുപാർശ ചെയ്യുന്നതിന് അല്ലാഹുവിന്റെ മാതാപിതാക്കളെ എനിക്ക് കാണണമെന്നില്ല…”
അപ്പോൾ ശാഹ് കമാൽ(റ) പറഞ്ഞു:
“ഒരു ഔഷധ സസ്യത്തിന്റെ ഉള്ളിൽ തന്നെ അല്ലാഹു ഇത്ര ഫലങ്ങൾ വെച്ചിട്ടുണ്ടെങ്കിൽ നീ നിസ്കരിക്കുകയും അല്ലാഹു പറഞ്ഞതുപോലെ ജീവിക്കുകയും ചെയ്താൽ അല്ലാഹു നിനക്ക് ചോദിച്ചതെല്ലാം നൽകുമല്ലോ…?”
ശേഷം അല്ലാഹുവിന് മാതാപിതാക്കളില്ലെന്നും മറ്റുമുള്ള വിശ്വാസപരമായ കാര്യങ്ങൾ അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തു. അങ്ങനെ നിഷ്കളങ്കനായ ആ ഗ്രാമവാസി ശൈഖവർകളുടെ തവജ്ജുഹിനാൽ അല്ലാഹുവിന്റെ പ്രത്യേക നോട്ടം ലഭിച്ചവനാവുകയും ശേഷമുള്ള ജീവിതത്തിൽ ശൈഖവർകളോട് സുഹ്ബത്ത് ചെയ്തും അല്ലാതെയും ദീനിന്റെ ളാഹിരിയും ബാത്വിനിയുമായ വിജ്ഞാനങ്ങൾ സ്വായത്തമാക്കുകയും ഒരു ആലിമും ആരിഫുമെല്ലാമായി മാറുകയും ചെയ്തു.

ജനബാഹുല്യം

ശാഹ് കമാൽ(റ) ടിപ്പുസുൽത്വാൻ(റ) യുടെ കൊട്ടാരത്തിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞ് നിരവധി ജനങ്ങൾ സന്ദർശകരായി എത്തിക്കൊണ്ടിരുന്നു. സാധാരണക്കാർ മാത്രമല്ല സുൽത്വാന്റെ സൈന്യാധിപന്മാരായവരും പടയാളികളും മറ്റ് ഉയർന്ന ഉദ്യോഗങ്ങൾ വഹിച്ചിരുന്നവരുമെല്ലാം അവരിലുണ്ടായിരുന്നു. അവരിൽ കൂടുതൽ പേരും ദീനി ഇൽമ് സ്വായത്തമാക്കാൻ കൂടുതൽ താത്പര്യമുള്ളവരായിരുന്നു. അവർക്കാകട്ടെ ഈ ഗുണം ലഭിച്ചത് ടിപ്പുസുൽത്വാൻ(റ) വഴിയായിരുന്നു. അവരിൽ പലരും ദീനുള്ളവരും സൂഫികളും കവികളുമെല്ലാമായിരുന്നു. ശാഹ് കമാൽ(റ) കവി കൂടിയായ ഒരു സൂഫിയായതിനാൽ തഅ്ലീമിനിടയിൽ മഅരിഫത്തിന്റെ പല കവിതകളും ചൊല്ലിയിരുന്നതിനാൽ ശ്രോതാക്കളിൽ അത് വലിയ അനുരണനങ്ങളുണ്ടാക്കി. അങ്ങനെ ദിനേന ശാഹ് കമാൽ(റ) യുടെ സദസ്സുകളിൽ ജനബാഹുല്യമേറി വന്നു. സ്ഥലം തികയാത്ത അവസ്ഥ വന്നപ്പോൾ വിശാലമായ മസ്ജിദ് അഅ്ലായിൽ വെച്ചാക്കി ശൈഖവർകളുടെ ഭാഷണങ്ങൾ. മസ്ജിദിലെ ഈ സദസ്സിൽ ടിപ്പുസുൽത്വാൻ(റ)യും മന്ത്രിമാരുമെല്ലാം പങ്കെടുക്കുമായിരുന്നു. എന്നാൽ വെള്ളിയാഴ്ച ഖുത്വുബ നിർവ്വഹിച്ചിരുന്നത് നാട്ടിലെ രീതിയനുസരിച്ച് ടിപ്പുസുൽത്വാൻ(റ) തന്നെയായിരുന്നു.
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy