സൈനുദ്ദീൻ മന്ദലാംകുന്ന്:
ഇസ് ലാമിക വിശ്വാസവും കർമ്മ മാതൃകകളും സ്വന്തം സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും വിശേഷ മൂല്യമായി സ്വീകരിച്ച ഇന്ത്യയിലെ അപൂർവ്വം മുസ്ലിം ഭരണാധികാരികളിൽ പ്രധാനികളാണ് ഔറം ഗസേബ്(റ) യും ടിപ്പു സുൽത്വാൻ(റ) യും. വിശ്വാസവും സംസ്കാരവും ഇസ് ലാമികമാകുമ്പോൾ തന്നെ സ്വന്തം ഭരണ പ്രദേശങ്ങളിലെ ജനങ്ങളുടെ വിശ്വാസ വൈവിദ്ധ്യങ്ങളെയും ബഹുസ്വരമായ സംസ്കാര മൂല്യങ്ങളെയും വിലമതിച്ചവരും ഉന്നതമായ മാനവിക വീക്ഷണങ്ങളെ പ്രതിനിധീകരിച്ചവരുമായ ഈ ഭരണാധികാരികളുടെ സ്വൂഫീ സ്വാധീനങ്ങളെ കൂടി അനാവരണം ചെയ്യുന്ന പഠന ലേഖനത്തിന്റെ രണ്ടാം ഭാഗം. മഹാനായ ഭരണാധികാരി ടിപ്പു സുൽത്വാൻ(റ) യും അദ്ദേഹത്തെ വലിയ നിലയിൽ സ്വാധീനിച്ച ജാമിഎ ദഖൻ എന്ന അപരാഭിധാനത്താൽ അറിയപ്പെട്ട ചിശ്തി സ്വൂഫി ശാഹ് കമാൽ(റ) യും തമ്മിലുള്ള ഗാഢ ബന്ധങ്ങളെ ഇതിൽ വിശകലനം ചെയ്യുന്നു.
ജനങ്ങളിൽ ദീനി മൂല്യങ്ങൾ പുലർന്ന് കാണാൻ കാംക്ഷിച്ച ടിപ്പുസുൽത്വാൻ(റ) ദുനിയാവിന്റെ ക്ഷണികതയെയും അതിൽ ലയിച്ച് പോകാതെ ഉപാധികൾ എന്ന നിലയിൽ അതിനെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെയുമൊക്കെയാണ് തന്റെ ഭാഷണങ്ങളിൽ ഊന്നിപ്പറയുന്നത്. മഅരി ഫത്തിൽ ചാലിച്ച ഉദ്ബോധനങ്ങളായിരുന്നു അത്.
ഒരു ദിവസം ടിപ്പുസുൽത്വാൻ(റ) ജുമുഅക്ക് മുമ്പുള്ള പ്രഭാഷണം നിർവ്വഹിക്കുകയാണ്. ശാഹ് കമാൽ(റ) ഉൾപ്പെടെയുള്ളവരെല്ലാം ജുമുഅ നിസ്കരിക്കാനായി പള്ളിയിൽ സന്നിഹിതരാണ്. ആ പ്രഭാഷണത്തിൽ ടിപ്പുസുൽത്വാൻ(റ) ജനങ്ങളെ ഉദ്ബോധിപ്പിച്ചത് ഇപ്രകാരമാണ്:
“ദുനിയാവ് എന്നാൽ ഒരു അതിഥി മന്ദിരം മാത്രമാണ്. അല്ലാഹുവാണ് ഭൂമിയെയും ആകാശത്തെയും പടച്ചത്. അവൻ തന്നെയാണ് അതിന്റെ ഉടമയും. ദുനിയാവിൽ അല്ലാഹു തആല ധാരാളം സബബുകളെ വെച്ചിട്ടുണ്ട്. അതെല്ലാം നാം പരിഗണിക്കണം. നബി(സ്വ) തങ്ങൾ വഴി നന്മയും തിന്മയും നമുക്ക് വിവേചിച്ച് കാണിച്ചു തന്നിട്ടുണ്ട്. അല്ലാഹുവിന്റെ നിഅ്മത്തുകളെ നാം ദുരുപയോഗം ചെയ്യരുത്. മാലിക്കായ അല്ലാഹുവിന്റെതാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞ് ഇബാദത്ത് ചെയ്യലാണ് വലിയ നിഅ്മത്ത്. നിഅ്മത്ത് നൽകുന്ന അല്ലാഹുവിന്റെ താത്പര്യമനുസരിച്ച് നാം ജീവിക്കലും ഇബാദത്ത് ചെയ്യലുമാണ് ഏറ്റവും വലിയ നിഅ്മത്ത്. അങ്ങനെ അല്ലാഹുവിന്റെ നിഅ്മത്തുകളിൽ പെട്ട വലിയ നിഅ്മത്താണ് നമ്മുടെ ശരീരം. അല്ലാഹു നമ്മുടെ ശരീരത്തിന് നൽകിയ ആരോഗ്യത്തെ ഖൈറിന്റെ വഴിയിൽ ദീനിന് വേണ്ടിയാണ് നാം ഉപയോഗിക്കേണ്ടത്. ബഹുദൈവാരാധകർക്ക് അല്ലാഹുവിന്റെ ദീൻ എത്തിച്ചുകൊടുക്കുകയും അവരെ മുവഹ്ഹിദുകളാക്കാൻ നാം പരിശ്രമിക്കുകയും ചെയ്യണം.
അല്ലാഹു സുബ്ഹാനഹു വതആല അയച്ച നബി(സ്വ) തങ്ങൾ രണ്ട് തരം ശേഷികളെയും പരിപൂർണ്ണമായി അല്ലാഹുവിന്റെ വഴിയിൽ ഉപയോഗിച്ചവരായിരുന്നു. ഒന്ന് ശരീരത്തിന്റെ ശക്തി. അതുപയോഗിച്ച് അവർ ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്യുകയും അല്ലാഹുവിന്റെ വഴിയിൽ മറ്റ് അദ്ധ്വാന പരിശ്രമങ്ങൾ ചെയ്യുകയും ചെയ്തു. രണ്ടാമത്തേത് ആത്മീയ ശക്തിയാണ്. ആത്മീയ ശക്തിമൂലമാണ് അവർ ദീനിനെ തബ്ലീഗ് ചെയ്തത്.”
മസ്ജിദു അഅ്ലായിൽ ഈ പ്രഭാഷണം കേട്ടിരുന്ന ഒരു ഫഖീറിന്റെ വസ്ത്രമണിഞ്ഞ ഒരാൾ ഇതുകേട്ട് എഴുന്നേറ്റ് നിന്ന് ടിപ്പു സുൽത്വാൻ(റ) യോട് “നിങ്ങൾ ഇങ്ങനെ പറയുമ്പോൾ അതിന് അനുയോജ്യമായ ചില സംഭവങ്ങൾ കൂടി പറയണമല്ലോ? എങ്കിലേ ഇത് കേൾക്കുമ്പോൾ ഒരു റാഹത്തുണ്ടാവുകയുള്ളൂ”എന്ന് പറഞ്ഞു. ജുമുഅയുടെ മുമ്പ് മസ്ജിദിൽ നടന്ന ഒരു പ്രസംഗത്തിനിടയിൽ ഒരു ഫഖീറിന് പോലും ചോദ്യം ചോദിക്കാനും അഭിപ്രായം പറയാനും കഴിയും വിധം വളരെ ഉദാരമതിയായിരുന്നു ടിപ്പു സുൽത്വാൻ(റ) എന്ന കാര്യവും ഈ സംഭവത്തിലൂടെ വ്യക്തമാകുന്നുണ്ട്. അപ്പോൾ ടിപ്പുസുൽത്വാൻ(റ) പറഞ്ഞു:
“ദീൻ എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി നബി(സ്വ) തങ്ങൾ ഒരു പാട് യുദ്ധം ചെയ്തിട്ടുണ്ടല്ലോ? അതെല്ലാം ശരീരം കൊണ്ടല്ലേ..? നബി(സ്വ) തങ്ങളുടെ ശാരീരിക ശക്തിയെയും ആരോഗ്യാവസ്ഥയെയും കുറിച്ചുള്ള ധാരാളം ഹദീസുകൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഹദീസ് ഞാൻ പറയാം: അറബ് ലോകത്ത് റുകാന എന്ന ഒരു ഗുസ്തിക്കാരനുണ്ടായിരുന്നു. അയാളുടെ ധീരതയെയും ആരോഗ്യസ്ഥിതിയെയും കുറിച്ച് അറബികൾക്കിടയിൽ വലിയ ധാരണകൾ തന്നെ പടർന്നിരുന്നു. ആയിരം പേരേക്കാൾ ശക്തിയുള്ളവനാണ് ഇയാൾ എന്നെല്ലാം അവർ പറഞ്ഞിരുന്നു. ഈ റുകാന നബ(സ്വ) തങ്ങളുടെ അടുത്ത് വന്ന് നബി(സ്വ) തങ്ങളെ ദ്വന്ദ്വയുദ്ധത്തിന് ക്ഷണിച്ചു. നബി(സ്വ) തങ്ങൾ ഗുസ്തിയിൽ നീ പരാജയപ്പെട്ടാൽ നീ ഇസ്ലാം സ്വീകരിക്കണം എന്ന ഉപാധിയോടെ ആ ക്ഷണം സ്വീകരിക്കുകയും അവനോട് മല്ലിടുകയും അവനെ പരാജയപ്പെടുത്തുകയും ചെയ്തു. ആദ്യം പരാജയപ്പെട്ടപ്പോൾ അവൻ വീണ്ടും നബി(സ്വ) തങ്ങളോട് അവസരം ചോദിച്ചു. നബി(സ്വ) തങ്ങൾ അത് അനുവദിച്ചു. രണ്ടാമതും അയാൾ പരാജയപ്പെട്ടതോടെ ഒരവസരം കൂടി നൽകണമെന്ന് അപേക്ഷിച്ചു. അതും നബി(സ്വ) തങ്ങൾ സമ്മതിക്കുകയും മൂന്ന് തവണ അയാളെ പരാജയപ്പെടുത്തുകയും ചെയ്തു. നബി(സ്വ) തങ്ങൾ റുകാനയെ പരാജയപ്പെടുത്തിയാൽ ഇസ്ലാം സ്വീകരിക്കണമെന്ന ഉപാധിയോടെയായിരുന്നു ദ്വന്ദ്വയുദ്ധമെങ്കിലും റുകാന ഇസ്ലാം സ്വീകരിക്കാൻ ആദ്യം വിസമ്മതിക്കുകയും പിന്നീട് സ്വീകരിക്കുകയും ചെയ്തു. എന്നാൽ അസാമാന്യ കഴിവുകളുള്ള റുകാന നബി(സ്വ) തങ്ങളുടെ മുന്നിൽ മൂന്ന് തവണ പരാജയപ്പെട്ടതോടെ ഇത് കണ്ട് നിന്നവരിൽ പലർക്കും നബി(സ്വ) തങ്ങളുടെ അസാധാരണ ശക്തിയിലും ശേഷിയിലും ആദരവ് തോന്നുകയും അവരിൽ പലരും അത് നിമിത്തമായി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.”
ടിപ്പു സുൽത്വാൻ(റ) യുടെ പാണ്ഡിത്യം:
ഈ പ്രഭാഷണം നടന്ന അന്ന് രാത്രി ടിപ്പുസുൽത്വാൻ(റ) ശാഹ് കമാൽ(റ) യുടെ മജ്ലിസിൽ പോയി ഇരുന്നു. ശൈഖവർകൾ അന്നത്തെ ബയാനിൽ പറഞ്ഞ് തുടങ്ങിയത് ഇപ്രകാരമായിരുന്നു:
“നമ്മുടെ പണം, സമ്പത്ത്, സന്താനങ്ങൾ എല്ലാം ഫിത്നയാണ്.” അതെങ്ങിനെ ഫിത്നയാകും, അതെങ്ങനെ ഫിത്നയാവുകയില്ല എന്നെല്ലാം വിശദീകരിക്കുന്ന ആ പ്രഭാഷണം ശാഹ് കമാൽ(റ) ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ സദസ്യരിൽ നിന്ന് ചിലർ ശാഹ് കമാൽ(റ) യോട് ചില ചോദ്യങ്ങൾ ചോദിച്ചു:
“ഇതെങ്ങനെയാണ് ഫിത്നയാവുക..?”
അപ്പോൾ ശൈഖവർകൾ അവരോട് പ്രത്യുത്തരം ആരംഭിച്ചത് എല്ലാം ഫിത്നയൊന്നുമല്ല എന്ന് അറിയിച്ചാണ്. സകരിയ്യ(അ) അല്ലാഹുവിനോട് ഒരു കുട്ടിയെ ചോദിച്ചുവാങ്ങിയതും പല അമ്പിയാക്കളും അങ്ങനെ ചോദിച്ചുവാങ്ങിയതുമായ സംഭവങ്ങൾ ഉദ്ധരിച്ച് എങ്ങനെയാണ് സന്താനങ്ങൾ ഫിത്നയാകാതിരിക്കുന്നതെന്നും ഫിത്നയാകുന്നതെന്നും ആമുഖമായി ശൈഖവർകൾ പറഞ്ഞിരുന്നു. ആ സന്ദർഭത്തിൽ ആ സദസ്സിൽ ഒരു സാധാരണ വസ്ത്രമണിഞ്ഞ് ടിപ്പുസുൽത്വാൻ(റ) ഉണ്ടായിരുന്നു. ടിപ്പു സുൽത്വാൻ(റ) അവിടെ വന്നതുപോലും ശാഹ് കമാൽ(റ) അത്ര പരിഗണിച്ചിരുന്നില്ല. സുൽത്വാനാകട്ടെ പരിഗണിക്കേണ്ട തരത്തിൽ വന്നിട്ടുമില്ലായിരുന്നു. സദസ്സിന്റെ അറ്റത്ത് സ്ഥലമുള്ള ഒരു സ്ഥലത്ത് പോയി ഇരുന്ന് ശൈഖവർകളുടെ ബയാൻ കേൾക്കുകയാണ് അദ്ദേഹം ചെയ്തത്. ആളുകൾ ഇങ്ങനെ ശാഹ് കമാൽ(റ) യോട് ചോദ്യങ്ങളുന്നയിച്ചപ്പോൾ ടിപ്പു സുൽത്വാൻ(റ) എഴുന്നേറ്റ് ഉത്തരം പറയാൻ തുടങ്ങി. ശൈഖവർകൾക്ക് പ്രയാസം വേണ്ട എന്ന് കരുതിയാണ് ഇപ്രകാരം ചെയ്തത്. ശാഹ് കമാൽ(റ) ആ സദസ്സിൽ പറഞ്ഞു:
“ദുനിയാവിനെ ഉപേക്ഷിക്കുക എന്നത് കുഫ്റാനുന്നിഅ്മത്താണ്. ദുനിയാവ് അല്ലാഹു നമുക്ക് നൽകിയ പരീക്ഷണമാണ്. ദുനിയാവിനെ ഉപേക്ഷിച്ചാൽ നിഅ്മത്തിനെ ഉപേക്ഷിച്ച പാപിയായി തീരും. അതേ സമയം ദുനിയാവിനെ സ്വീകരിക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. ദുനിയാവിനെ ഒന്നായി വേണ്ടാ എന്ന് വെക്കുക എന്നാൽ അത് സന്യാസ ജീവിതം സ്വീകരിക്കലാണ്. ദീനിലാകട്ടെ അത് പാടുള്ളതുമല്ല.”
ഇതെല്ലാം പറയുമ്പോൾ ടിപ്പുസുൽത്വാൻ(റ) ശ്രോതാക്കളിലുണ്ടായിരുന്നു.
ജനങ്ങൾ ഇതിനെ കുറിച്ച് വീണ്ടും ചർച്ച ചെയ്യുകയും ചോദ്യങ്ങളുന്നയിക്കുകയും ചെയ്തപ്പോൾ ടിപ്പു സുൽത്വാൻ(റ) പറഞ്ഞു:
“ചിലർക്ക് സമ്പത്തും ധനവും സന്താനങ്ങളും ഫിത്നയല്ല എന്ന് ശൈഖുനാ പറഞ്ഞു. അത് വളരെ സ്പഷ്ടമായ കാര്യമാണ്. സന്താനങ്ങൾ ഫിത്നയാണെങ്കിൽ ഇബ്റാഹിം ഖലീലുല്ലാഹി(അ) അല്ലാഹുവിനോട് തനിക്കൊരു ആൺകുട്ടിയെ നൽകണമെന്ന് പ്രാർത്ഥിക്കുമായിരുന്നില്ല. ഒരു ഫിത്നയെ ഒരു പ്രവാചകൻ അല്ലാഹുവോട് ചോദിച്ചു വാങ്ങുമോ..? അത് മുഴുവനായും നമുക്ക് ദോഷം ചെയ്യുന്നതാണെങ്കിൽ ഇബ്റാഹിം നബി(അ) ചോദിക്കുമായിരുന്നോ..? ധനം ഫിത്നയാണെങ്കിൽ സകാത്ത് എന്നൊരു ഇബാദത്ത് ഉണ്ടാവുകയില്ലല്ലോ..? ശൈഖുനാ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായിട്ടില്ലെങ്കിൽ ഈ വിശദീകരണം നിങ്ങൾ ശ്രദ്ധിക്കുക. നല്ല നിലയിൽ ഈ അനുഗ്രഹങ്ങളെ ഉപയോഗിച്ചാൽ അത് നിഅ്മത്തുകൾക്കുള്ള ശുക്റായി തീരും. തെറ്റായ വഴിയിൽ ഉപയോഗിച്ചാൽ നമുക്കത് കേടായി തീരും. ഫിത്ന എന്നതുകൊണ്ട് ശൈഖവർകൾ ഉദ്ദേശിക്കുന്നത് പരീക്ഷണം എന്നാണ്. അതിനാൽ നന്നായി ഉപയോഗിച്ചിട്ടില്ലെങ്കിൽ അത് കുഫ്റാനുന്നിഅ്മത്താണ്. സന്താനങ്ങളെ അല്ലാഹു നൽകുമ്പോൾ എനിക്ക് സന്താനങ്ങളെ നൽകരുതേ എന്ന് നാം പറയാൻ പാടില്ല. കാരണം ഇബ്റാഹിം നബി(അ) അല്ലാഹുവിനോട് ഇസ്മാഈൽ(അ) മിനെ ചോദിച്ചുവാങ്ങിയിട്ടുണ്ട്. സമ്പത്തും ധനവുമെല്ലാം ഫിത്നയാണെന്ന് പറഞ്ഞാൽ സകാത്ത് ഫിത്നയായി പോകുമല്ലോ..? അത് ഇബാദത്താണല്ലോ…?”
ഇപ്രകാരം ടിപ്പുസുൽത്വാൻ(റ) വിശദീകരിച്ചു. അദ്ദേഹം തുടരുന്നു:
“നല്ല സന്താനങ്ങളെ ലഭിച്ചാൽ അവർ മുഖേന ഇസ്ലാം ദീനിനെ നമുക്ക് തബ്ലീഗ് ചെയ്യാമല്ലോ…? അത് തീർച്ചയായും നിഅ്മത്താണല്ലോ..? ഇക്കാര്യം ശരിക്കും നിങ്ങൾ മനസ്സിലാക്കണം. നല്ല സന്താനങ്ങൾ നമുക്കുണ്ടായാൽ അല്ലാഹുവിനെയും റസൂൽ(സ്വ) തങ്ങളെയും അവർ അനുസരിക്കുകയും അല്ലാഹുവിനെ അവർ ഇബാദത്ത് ചെയ്യുകയും മാതാപിതാക്കളെ അനുസരിച്ച് അവർ ജീവിക്കുകയും ചെയ്താൽ നമുക്കും അവർ മുഖേന നന്മ ലഭിക്കും. ഇങ്ങനെ സന്താനങ്ങളെക്കൊണ്ട് അല്ലാഹുവിനെയും റസൂൽ(സ്വ) തങ്ങളെയും സന്തോഷിപ്പിച്ചാൽ അതിന്റെ നന്മകൾ നമുക്ക് ലഭിക്കും.”
അദ്ദേഹം തുടരുന്നു:
“ആർ അല്ലാഹുവിന്റെ ഭയമില്ലാതെ ജീവിക്കുന്നുവോ അല്ലാഹുവിന്റെ ശരീഅത്തിനോട് വേണ്ടത്ര താത്പര്യം കാണിക്കാതെ അതിനെ അവഗണിക്കുന്നുവോ അവരെ സംബന്ധിച്ച് സമ്പത്തും സന്താനങ്ങളുമെല്ലാം പരീക്ഷണം തന്നെയാണ്. മുഅ്മിനിനെ സംബന്ധിച്ച് ഇതവന് നിഅ്മത്താണ്. മുഅ്മിൻ അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനേയും മുഹബ്ബത്ത് വെക്കില്ല. മുഅ്മിനെന്ന് പറഞ്ഞാൽ തന്നെ അല്ലാഹുവിനെ മുഹബ്ബത്ത് വെക്കുന്നവനാണ്. സമ്പത്തിനെയും സന്താനങ്ങളെയും അവൻ സ്നേഹിക്കുന്നവനാവുകയില്ല.”
ശൈഖവർകളുടെ ബയാനിനെ ഇങ്ങനെ വിശദീകരിച്ച ശേഷം അദ്ദേഹം സംസാരമവസാനിപ്പിച്ചു. ഈ വിശദീകരണം കേട്ട് ശാഹ് കമാൽ(റ) ഏറെ സന്തോഷിച്ചു. ശൈഖവർകൾ തന്റെ സന്തോഷത്തെ ഈ വാക്കുകളിലൂടെയാണ് പ്രകടിപ്പിച്ചത്:
“അല്ലാഹു തആല മുസ്ലിമീങ്ങൾക്ക് ടിപ്പുസുൽത്വാനെ പോലുള്ള ഭരണാധികാരികളെ നൽകിയിട്ടുണ്ടെങ്കിൽ ഇനി ഇന്ത്യയിൽ ഇസ്ലാമിന്റെ ചർച്ച തന്നെയായിരിക്കും.”
ജാമിഎ ദക്കൻ എന്ന നാമകരണം
ശാഹ് കമാൽ(റ)യെ കുറിച്ച് ടിപ്പുസുൽത്വാൻ(റ) പറഞ്ഞത്”നിങ്ങൾ ജാമിഎ ദക്കൻ’ ആണ് എന്നാണ്. ശാഹ് കമാൽ(റ) പിൽക്കാലത്ത് ഈ നാമത്താൽ അറിയപ്പെട്ടു. ഇങ്ങനെയൊരു നാമകരണം തന്റെ ശൈഖവർകൾക്ക് നൽകണമെങ്കിൽ ജാമി(റ) ആരാണെന്ന ശരിയായ പരിജ്ഞാനം അദ്ദേഹത്തിനുണ്ടാകണം. മഅരിഫത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുന്ന ജാമി(റ) യെ മനസ്സിലാക്കണമെങ്കിൽ അസ്റാറിന്റെ ഇൽമുകളുമായി സമ്പർക്കങ്ങളുണ്ടാവുക എന്നത് അനിവാര്യമാണ്. തീർച്ചയായും ടിപ്പുസുൽത്വാൻ (റ) ക്ക് ഇതുണ്ടായിരുന്നു. ജാമി(റ) യുടെ രചനകളുമായി അദ്ദേഹത്തിന് സമ്പർക്കങ്ങളുണ്ടായിരുന്നു എന്നതിനർത്ഥം അദ്ദേഹം ഒരേ സമയം ആലിമും ആരിഫുമായിരുന്നു എന്നാണ്.
ശാഹ് കമാൽ(റ) യെ ജാമിഎ ദക്കൻ എന്ന് ടിപ്പുസുൽത്വാൻ(റ) നാമകരണം ചെയ്തപ്പോൾ ശൈഖവർകൾ ടിപ്പു സുൽത്വാൻ(റ) യെ കുറിച്ച് ഇപ്രകാരം പറഞ്ഞു:
“നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് ളാഹിരിയും ബാത്വിനിയുമായ ഫൈളുകൾ ഒരുമിച്ച് ലഭിച്ചിട്ടുണ്ട്.”
ഇതുകേട്ട് ടിപ്പുസുൽത്വാൻ(റ) കണ്ണീർ പൊഴിക്കുകയും അല്ലാഹുവിനോട് ശുക്റ് ചെയ്യുകയും ചെയ്തു. ശേഷം തന്റെ ശൈഖിനോട് ഇപ്രകാരം പറഞ്ഞു:
“എന്റെ മുർശിദും മൗലയുമായവരെ… എനിക്ക് ലഭിച്ച ഈ അനുഗ്രഹങ്ങളുടെ പേരിൽ എനിക്ക് അഹങ്കാരമോ(കിബ്റ്) ലോകമാന്യമോ(രിയാഅ്) വന്നുപോകരുത്. അത്തരം ദൂഷ്യങ്ങളിൽ നിന്ന് കാത്തുരക്ഷിക്കണം എന്ന് അല്ലാഹുവിനോട് ദുആ ചെയ്യണം. അല്ലാഹുവിങ്കൽ ഞാൻ നന്ദികെട്ടവനായി പോകരുത്. ഈ മൂന്നിനും വേണ്ടി നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം.”
ടിപ്പുസുൽത്വാൻ(റ) കണ്ണീരോടെയാണ് ഇപ്രകാരം പറഞ്ഞത്. അങ്ങനെ ശാഹ് കമാൽ(റ) ദുആ ചെയ്യുകയും സന്നിഹിതരായവരെല്ലാം അതിന് ആമീൻ പറയുകയും ചെയ്തു. അപ്പോൾ ആ സദസ്സിൽ വലിയൊരു പ്രശാന്തത നിലനിന്നിരുന്നു. ശാഹ് കമാൽ(റ) അക്കാലത്തുള്ള ഒരു ആലിമും സൂഫിയുമായിരുന്നു. ശാഹ് മീർ ഔലിയ(റ) യായിരുന്നല്ലോ അദ്ദേഹത്തിന്റെ ശൈഖ്. ശാഹ് കമാൽ(റ) വഹ്ദത്തുൽ വുജൂദിന്റെയും വക്താവായിരുന്നു. ശൈഖവർകളാകട്ടെ വഹ്ദത്തുൽ വുജൂദിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്ന പതിവുണ്ടായിരുന്നില്ല. തന്റെ ശൈഖിന്റെ ചര്യ തന്നെയാണ് ഇക്കാര്യത്തിൽ ശാഹ് കമാൽ(റ) യും പിൻപറ്റിയിരുന്നത്. പൊതുജനങ്ങൾക്കു മുന്നിൽ ശരീഅത്ത് മാത്രമാണ് സംസാരിച്ചിരുന്നത്. എത്ര കൂടുതൽ സുഹ്ബത്ത് ചെയ്താലും നല്ല ബുദ്ധിയും നല്ല ഫഹ്മുമുള്ളവർക്ക് മാത്രമേ വഹ്ദത്തുൽ വുജൂദ് പഠിപ്പിച്ചുകൊടുക്കുമായിരുന്നുള്ളൂ. എന്നാൽ ശാഹ് കമാൽ(റ) ടിപ്പുസുൽത്വാൻ(റ) ക്ക് വഹ്ദത്തുൽ വുജൂദ് പഠിപ്പിച്ചുകൊടുക്കുകയുണ്ടായി. ഒരു ശക്തനായ ഭരണാധികാരിയായിട്ട് പോലും ദീനിന്റെ ളാഹിരിയും ബാത്വിനിയുമായ വിജ്ഞാനങ്ങൾ സ്വായത്തമാക്കാൻ ടിപ്പുസുൽത്വാൻ(റ) നടത്തിയ തേട്ടങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമായിരുന്നു ഇത്. ശാഹ് കമാൽ(റ) തന്റെ ശിഷ്യനിൽ ഈ യോഗ്യത കണ്ടതിനാലാണ് ദീനിന്റെ അസ്റാറുകളുൾക്കൊള്ളുന്ന വഹ്ദത്തുൽ വുജൂദിന്റെ വിജ്ഞാനങ്ങൾ ടിപ്പുസുൽത്വാൻ(റ) ക്ക് പകർന്നുനൽകിയത്.
സന്ദേശ സംഗ്രഹം:
അല്ലാഹു ദുനിയാവിന്റെ അധികാരവും ആധിപത്യവുമെല്ലാം നൽകിയിട്ടും അതിനെ അമാനത്തായി തിരിച്ചറിഞ്ഞു എന്നതായിരുന്നു ഔറം ഗസേബ്(റ) യുടെയും ടിപ്പുസുൽത്വാൻ(റ) യുടെയുമെല്ലാം സവിശേഷത. ഈ തിരിച്ചറിവ് അവർക്ക് ലഭിച്ചതാകട്ടെ മഹാന്മാരായ സൂഫിയാക്കൾ വഴിയായിരുന്നു. ദീനിനെ അതിന്റെ പൂർണ്ണതയിൽ പ്രതിനിധീകരിച്ചിരുന്ന സൂഫിയാക്കളിൽ നിന്ന് ദീനിന്റെ ളാഹിറും ബാത്വിനും പകർന്നെടുത്തുവെന്നതുകൊണ്ടാണ് ഇത്തരം സദ്ഗുണങ്ങൾ അവർക്ക് സംസിദ്ധമായത്. അതുകൊണ്ട് തന്നെ അവർ സ്വയം തന്നെ അല്ലാഹുവിന്റെ ദീനുകൊണ്ട് ഫലപ്രദരാവുകയും തങ്ങൾക്ക് ആധിപത്യമുള്ള പ്രദേശങ്ങളിൽ ദീൻ എത്തിച്ചുകൊടുക്കാൻ പരിശ്രമിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ആലിമീങ്ങളുടെയും ആരിഫീങ്ങളുടെയും സഹായത്താൽ ജനങ്ങൾക്കിടയിൽ ദീനി വിജ്ഞാനങ്ങൾ പ്രചരിപ്പിക്കാനുള്ള പല വിധ ഉദ്യമങ്ങൾക്കും അവർ നേതൃത്വം നൽകി. ആധുനിക ഘട്ടത്തിലേതുപോലെ ജാമിഅകളും കോളേജുകളും സ്ഥാപിക്കാൻ അവർ മുതിർന്നില്ല എന്നത് അത്തരം മാതൃകകൾ അന്ന് സാർവ്വത്രികമായി നിലവിലുണ്ടായിരുന്നില്ല എന്നതുകൊണ്ടാണ്. എങ്കിലും ജനങ്ങളെ ദീനി വിദ്യാഭ്യാസം ചെയ്യിക്കാൻ അക്കാലത്ത് അവലംബിച്ചിരുന്ന എല്ലാ വഴികളും അവർ ഉപയോഗിച്ചു. ആധുനിക പൂർവ്വഘട്ടത്തിലെ ദീനിവിദ്യാഭ്യാസ സങ്കേതങ്ങളെല്ലാം ഉപയോഗിച്ച് ധാരാളം ദീനിമദാരിസുകൾ അവർ സ്ഥാപിച്ചു. ഔറം ഗസേബ്(റ) സ്ഥാപിച്ച ഒരു വിദ്യാകേന്ദ്രത്തിലാണ് പിൽക്കാലത്ത് നിസാമിയ്യ സിലബസിന്റെ അടിസ്ഥാനത്തിൽ ആദ്യമായി വ്യവസ്ഥാപിതമായ നിലയിൽ ദീനി വിദ്യാഭ്യാസ രംഗം പുന:ക്രമീകരിക്കപ്പെടുന്നത്. അതിനുമുമ്പും നിരവധി ദീനി വിദ്യാകേന്ദ്രങ്ങൾ പൂർവ്വികരായ പല രാജാക്കന്മാരുടെയും ആശീർവാദങ്ങളോടെ പ്രമുഖരായ പല ഉലമാക്കളുടെയും ആരിഫീങ്ങളുടെയും നേതൃത്വത്തിൽ ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിലായി ആരംഭിച്ചിരുന്നു.
ഔറം ഗസേബ്(റ) ഫതാവ ആലംങ്കീരി ക്രോഡീകരിക്കാൻ പണ്ഡിതമഹത്തുക്കളെയും ആരിഫീങ്ങളെയും ഒരുമിച്ചുകൂട്ടിയതുപോലെ ടിപ്പുസുൽത്വാൻ(റ) അല്ലാഹുവിന്റെ ഔലിയാക്കളുടെയും ആരിഫീങ്ങളുടെയും പണ്ഡിതന്മാരുടെയും മുൻകൈയ്യോടെ ജനങ്ങളിലേക്ക് നേരിട്ട് ദീനി വിജ്ഞാനങ്ങൾ പകർന്നു നൽകാനുള്ള സംവിധാനങ്ങളൊരുക്കി. മാത്രമല്ല വ്യക്തി ജീവിതത്തിൽ ദീനി മൂല്യങ്ങൾ പാലിക്കുകയും ദീനി വിദ്യാഭ്യാസം ആർജ്ജിക്കുകയും ചെയ്ത അവർ ജനങ്ങളെ നേരിട്ട് തന്നെ അല്ലാഹുവിന്റെ ദീനിന്റെ വഴിയിൽ ചരിപ്പിക്കാൻ മാർഗദർശനം നൽകുന്നവരും അവർക്ക് വഴികാട്ടികളാകുന്നവരുമായി മാറി. നാമിവിടെ മാതൃകയായി പറഞ്ഞ ഇന്ത്യാ ചരിത്രം കണ്ട പ്രമുഖരായ ഈ രണ്ട് മുസ്ലിം ഭരണാധികാരികളും ഇക്കാര്യത്തിൽ ഇസ്ലാമിക ഖിലാഫത്തിന്റെ ആദ്യകാല സുവർണ്ണ വ്യക്തിത്വങ്ങളെ അനുധാവനം ചെയ്യുന്നവരായിരുന്നു.
അവസാനിച്ചു