അറിവും അനുഭവങ്ങളും പുതുക്കിയ ഇന്ത്യയിലെ സൂഫി ഹൃദയഭൂമികയിലൂടെ ഒരു യാത്ര: രണ്ടാം ഭാഗം:
നബീൽ മുഹമ്മദലി:
അജ്മീര്‍ ശരീഫിൽ നിന്നും 150 കിലോമീറ്റര്‍ ദൂരത്താണ് നഗൂറ് ശരീഫുള്ളത്. അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദായ ബഗ്ദാദിലെ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) വിന്റെ മകനായ അബ്ദുൽ വഹാബ് ജീലാനി(റ) യടക്കം ധാരാളം സൂഫി പ്രബോധകരും ഇസ്ലാമിക പണ്ഡിതരുടേയും ചരിത്രമടങ്ങിയ പ്രദേശമാണ് നഗൂർ ശരീഫ്.
പുലർച്ച 6.30ന് തന്നെ അജ്മീറില്‍ നിന്നും നഗൂറിലേക്ക് ഒരു ടെമ്പോ ട്രാവലറിൽ പുറപ്പെട്ടു. ഒരു വൃദ്ധനായ രാജസ്ഥാനിയായിരുന്നു ഡ്രൈവർ. നല്ല മധുരമായ കവാലിയുടെ അകമ്പടിയോടെ വണ്ടി നഗൂറിലേക്ക് കുതിച്ചു കൊണ്ടിരുന്നു. രാജസ്ഥാന്റെ ഭൂഭാഗങ്ങളെ കൗതുകത്തോടെ കണ്ടു കൊണ്ടിരിക്കുമ്പോൾ കവാലിയുടെ പാശ്ചാത്തല സംഗീതം ഒരു പ്രത്യേക അനുഭൂതി തന്നെയായിരുന്നു. റോഡിന്റെ ഇരു ഭാഗങ്ങളിലും കണ്ണെത്താ ദൂരത്ത് തോട്ടങ്ങളും കുറ്റികാടുകളും മാത്രമാണ് കാണുവാനുള്ളത്. നേർ രേഖ പോലെ കിടക്കുന്ന റോഡിൽ ഇടക്കിടെ ഗോക്കളെ കാണാം. അലക്ഷ്യമായി റോഡിലൂടെ നടക്കുന്ന ഗോക്കളുടെ മേല്‍ വണ്ടി തട്ടി ചത്ത് കിടക്കുന്നതും നിരന്തരമായി കാണാവുന്ന കാഴ്ച്ചയാണ്. ഏകദേശം മൂന്ന് നാല് മണിക്കൂറുകൾ നേർ രേഖയിലുള്ള റോഡിലൂടെ സഞ്ചരിച്ചതിനൊടുവിൽ റോള്‍ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ നിന്ന് ഉള്ളിലേക്ക് തിരിഞ്ഞു പോക്കറ്റ് റോഡ് പോലെ വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിച്ച് ഒരു പള്ളിയിലേക്ക് എത്തി. റോളിലെ ആ പള്ളിയോട് അനുബന്ധിച്ചുള്ള കെട്ടിടത്തിൽ നബി(സ) യുടെ വസ്ത്രത്തിന്റെ ഒരു കഷ്ണം സൂക്ഷിച്ചുവച്ചിട്ടുണ്ട്. അത് സന്ദർശകർക്കു മുമ്പിൽ തുറന്ന് കാണിച്ചു കൊടുക്കുന്നു. അജ്മീര്‍ ഖ്വാജ (റ) തങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു കിണ്ടിയും അവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. നബി(സ) തങ്ങളെ കുറിച്ചുള്ള മദ്ഹിന്റെ ഈരടികൾ പാടി കൊണ്ട് ആ ജുബ്ബ കാണുകയും ചെയ്തു. സാമ്പത്തിക ചൂഷണങ്ങളോ കച്ചവട താല്‍പ്പര്യങ്ങളോ അവിടെ പ്രകടമായിരുന്നില്ല എന്നത് അവിടെ സൂക്ഷിച്ച ശേഷിപ്പുകളെ വിശ്വസിക്കാൻ സഹായിക്കുന്നതാണ്. അടുത്ത സന്ദർശന സ്ഥലം ഹമീദുദ്ദീന് നാഗൂരി (റ)യുടെ ദർഗയാണ്. സൂഫി ഹമീദുദ്ദീൻ നഗൂരി (റ) ചിശ്ത്തി ത്വരീഖത്തിലെ ഒരു പ്രസിദ്ധനായ ശൈഖാണ്. നഗൂർ പട്ടണത്തിലുള്ള അദ്ദേഹത്തിന്റെ മഖ്ബറ സന്ദർശിക്കുകയും സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തിൽ ദുആ ചെയ്യുകയും ചെയ്തു. ശേഷം നഗൂറിൽ നിന്നും അധികം വിദൂരത്തിലല്ലാത്ത ഒരു ഗ്രാമ ഭാഗത്തേക്ക് പോയി. അവിടെ ഖാസി ളിയാഉദ്ദീന്‍ നഗൂരി (റ) എന്ന പേരിലുളള ഒരു സൂഫിവര്യന്റെ ദർഗ സന്ദർശിച്ചു. അവാരിഫുൽ മആരിഫ് എന്ന പ്രസിദ്ധമായ സൂഫി കിതാബിന്റെ രചയിതാവും സുഹ്രവര്‍ദി ത്വരീഖത്തിന്റെ ശൈഖുമായ ശിഹാബുദ്ദീന് ഉമർ സുഹ്രവർദി (റ) യുടെ ഖലീഫയായ ഖാസി ഹമീദുദ്ദീന് നഗൂരി (റ) ഇന്ത്യയിലേക്ക് വന്നിരുന്നു. അദ്ദേഹത്തിന്റെ മകനാണ് ഈ ഗ്രാമത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ളിയാഉദ്ദീൻ(റ). ഡൽഹിയിലെ മെഹ്റോളിയിലാണ് ഖാസി ഹമീദുദ്ദീന് നഗൂരി (റ) യുടെ കബർ.
അടുത്ത സന്ദർശന സ്ഥലം ബടേപീറാണെന്നു ഡ്രൈവറോട് ഉണർത്തിയ ശേഷം ഞങ്ങൾ വണ്ടിയിൽ പുറപ്പെട്ടു. ഡ്രൈവർ മനസ്സിലാക്കിയ ബടേപീര് അജ്മീര്‍ ഖാജ (റ) യായിരുന്നു. അയാൾ വണ്ടി നേരെ അജ്മീര്‍ ഭാഗത്തേക്ക് തിരിച്ചു. 25 കിലോമീറ്ററോളം ഓടിയതിന് ശേഷമാണ് ഇത് മനസ്സിലാകുന്നത്. അങ്ങിനെ നഗൂരിലേക്ക് തന്നെ വണ്ടി തിരിച്ചു വന്നു. ബടേപീര് എന്ന് പറയുന്നത് മുഹ് യിദ്ദീന്‍ ശൈഖ്(റ) വിന്റെ മകനായ അബ്ദുൽ വഹാബ് ജീലാനി (റ) യെയാണ്. മുഹ് യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) വിന്റെ മകൻ എന്ന നിലയിലും ഖാദിരിയ്യ സരണിയിലെ ശൈഖ് എന്ന നിലയിലും ബടേപീർ തന്നെയാണ് ശൈഖ് അബ്ദുൽ വഹാബ് ജീലാനി(റ). മഹാനവർകൾ ദീനി പ്രബോധനാർത്ഥം ഇന്ത്യയിലെ ഈ പ്രദേശത്ത് വരികയും ഈ മണ്ണിൽ പ്രഭപരത്തി ഈ മണ്ണിനോട് തന്നെ ചേർന്നു കിടക്കുകയാണ്. അവരെ പോലുള്ളവർ പൂർവ്വകാലത്ത് ചെയ്ത സേവനങ്ങളുടെ ഫലമായാണ് ഇസ്ലാമിന്റെ ശോഭനമായ വെളിച്ചം ഇന്ത്യയിൽ ഉദിച്ചുയർന്നത്. അതിന്റെ ബാക്കി പത്രങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നതും കൈവശം വെച്ചിരിക്കുന്നതുമെന്ന സത്യം നാം വിസ്മരിക്കരുത്. പൂർവ്വീകരോട് കടപ്പാടില്ലാത്ത അവരുടെ സേവന പാന്ഥാവുകളെ തിരിച്ചറിയാത്ത അത്തരത്തിലുള്ള പ്രതാപശാലികളുടെ കാലത്ത് മുസ്ലിംകൾക്ക് സ്വായത്തമാക്കാൻ സാധിച്ച അഭിമാനകരമായ ചരിത്രങ്ങളും നമ്മെ സ്വാധീനിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്യുന്നില്ല എന്നത് എത്ര ഖേദകരമാണ്. അബ്ദുല്‍ വഹാബ് ജീലാനി(റ)യുടെ കബറു ശരീഫിന്റെ പരിസരം അനാചാരങ്ങളിൽ നിന്നും അനിസ്ലാമികതകളിൽ നിന്നും സുരക്ഷിതമായി നിലകൊള്ളുന്നു. അവിടെ സ്ത്രീകൾക്ക് അകത്ത് പ്രവേശനമില്ല. കബറിന് സുജൂദ് ചെയ്യൽ പോലുള്ള അനാചാരങ്ങളെ വിലക്കി കൊണ്ടുള്ള ബോർഡും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
നഗൂർ പട്ടണത്തിൽ ഗാന്ധി ചൗക്കിനടുത്തുള്ള സൈഫുദ്ദീൻ ജീലാനി(റ) റോഡിലാണ് അബ്ദുൽ വഹാബ് ജീലാനി(റ) യുടെ മഖ്ബറ. ആ മഖ്ബറ നിലകൊള്ളുന്ന കോംബൗണ്ടിൽ ഒരു മസ്ജിദും വേറെയും മഖ്ബറകളുമുണ്ട്. പ്രാചീനതയും പ്രൗഢിയും തോന്നിക്കുന്ന ഒരു കെട്ടിടവും അവിടെ കാണുന്നുണ്ട്. അതിൽ ഒരു കബറുമുണ്ട്. അത് ആരുടേതാണ് എന്ന് അന്വേഷിച്ചപ്പോൾ ഗുജറാത്തിലെ അഹ്മദ് ഷാഹ് സുൽത്വാന്റെ സഹോദരനാണെന്നാണ് മറുപടി കിട്ടിയത്. പുരാതനമായ കുറച്ച് ചരിത്ര ശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള ഒരു മ്യൂസിയവും ആ വളപ്പിനകത്തുണ്ട്. മഖ്ബറയിൽ സിയാറത്തും മ്യൂസിയത്തിലെ സന്ദർശനങ്ങളും പൂർത്തിയാക്കി ഏകദേശം അസറിന്റെ സമയത്ത് നഗൂറിനോട് വിട പറഞ്ഞു.
അജ്മീറിലേക്ക് തിരിച്ചെത്തി രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും വിശ്രത്തിനായി റൂമുകളിലേക്ക് തിരിച്ചു പോയി. അടുത്ത ദിവസത്തിലെ പകൽ അജ്മീറിൽ തന്നെയാണ് ചിലവഴിക്കേണ്ടത്. രാത്രിയിലാണ് ഡൽഹിയിലേക്ക് ട്രെയിൻ ബുക്ക് ചെയ്തിരിക്കുന്നത്.
അജ്മീറിൽ ഖ്വാജാ (റ) തങ്ങളും അവിടുത്തെ ശിഷ്യനായ ബക്തിയാർ കാക്കി (റ) യും ഖൽവത്ത് ഇരുന്നിരുന്ന ചെറിയ പാറകൾ ഇന്ന് പ്രത്യേകം അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. അവിടങ്ങളിൽ ഞങ്ങൾ സന്ദർശനം നടത്തി. അനാസാഗർ തടാകത്തിന്റെ തീരം ഇന്നൊരു ഉല്ലാസ കേന്ദ്രമാണ്. അവിടെ ധാരാളമായി സന്ദർശകർ വന്നു കൊണ്ടിരിക്കുന്നു. അവിടങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച് അൽപം ഭക്ഷണവും കഴിച്ച് റൂമിലേക്ക് എത്തുമ്പോഴേക്ക് മഗ് രിബിന് സമയമായിരിക്കുന്നു. മഗ് രിബും ഇശാഉം കൂടി ജംആക്കി നിസ്കരിച്ച് അജ്മീർ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും ഡൽഹിയിലേക്ക് ട്രെയിൻ കയറി. ആ രാത്രി ട്രെയിനിലാണ് ഉറക്കം. ട്രെയിനിൽ കയറിയ ഉടനെ സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങളെ കുറച്ച് ഗുജറാത്തികൾ പരിചയപ്പെട്ടു. ഗുജറാത്തിലെ സൂറത്തിൽ നിന്നും കേരളത്തിലേക്ക് വന്നവരാണ് തങ്ങളുടെ പൂർവ്വീകർ. ആ പാരമ്പര്യത്തെ കുറിച്ചു തങ്ങൾ സംസാരിച്ചപ്പോൾ അവർക്ക് വല്ലാത്ത ആദരവായി. തങ്ങളുടെ വ്യക്തി പ്രഭാവവും സംസാരവും കേട്ടപ്പോൾ തങ്ങളെ വിട്ടുപിരിയാൻ അവർക്ക് മനസ്സ് സമ്മതിക്കുന്നില്ല. തങ്ങൾക്ക് നിശ്ചയിക്കപ്പെട്ടിരുന്ന സീറ്റിലേക്ക് മാറിയപ്പോൾ അവിടേക്ക് ആ ഗുജറാത്തികൾ വന്നു കൊണ്ട് ആദരപൂർവ്വം നിൽക്കുകയാണ്. തങ്ങൾ അവർക്ക് അറിയാവുന്ന ഹിന്ദിയിൽ അൽപം മാനവികമായ ഉപദേശങ്ങൾ നൽകി. ഹൈന്ദവ സമുദായത്തിൽ നിന്നുള്ളവരാണ് ആ ഗുജറാത്തികൾ! മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെ നടന്ന ദാരുണമായ കലാപമാണ് നമുക്ക് ഗുജറാത്ത് എന്ന് പറയുമ്പോൾ മനസ്സിലേക്ക് വരുന്നതെങ്കിൽ ഇത് തീർത്തും വിപരീതമായ അനുഭവമാണ്. അറബികടലിൽ നിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ അറബിനാട്ടിലേക്ക് കടക്കാവുന്ന ഇന്ത്യയിലെ സ്റ്റേറ്റാണ് ഗുജറാത്ത്. അതുകൊണ്ട് തന്നെയാകണം ഒരുപാട് അറബികള്‍ ഗുജറാത്ത് തീരത്ത് കൂടെയാണ് ഇന്ത്യയിലേക്ക് കടന്നു വന്നിട്ടുള്ളത്. പഴയ സിന്ധിന്റെ ഭാഗം കൂടി ഗുജറാത്തിലുൾപ്പെടുന്നതാണല്ലോ. അന്ന് അറബികൾ വരുമ്പോൾ ഇതേ ആദരവോടെയാകണം അന്നത്തെ നിഷ്കളങ്കരായ ഗുജറാത്തി തദ്ദേശീയർ സ്വീകരിച്ചിട്ടുണ്ടാവുക. വംശീയവും മതാത്മകവുമായ വിഭജന ബോധവും അതിനെ അടിസ്ഥാനമാക്കിയ രാഷ്ട്രീയവുമൊക്കെ പിന്നീടാണല്ലോ ഈ നാടിനെ കാർന്നു തിന്നത്. എല്ലാതരം സാമൂഹിക വർഗീകരണങ്ങളെയും വിഭജനങ്ങളേയും മറികടക്കുന്ന ഇസ്ലാമിന്റെ മാനവിക സങ്കൽപം തസ്വവ്വുഫിന്റെ പാതയിലുള്ളവർക്കാണ് പ്രകടിപ്പിക്കാനാവുക. അതാണ് സയ്യിദ് അവർകളുടെ സ്വഭാവത്തില്‍ നിന്ന് ആ ഗുജറാത്തികൾക്ക് ലഭിച്ചത്. മനുഷ്യൻ ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ് എന്ന ഏക മാനവ സങ്കൽപത്തെ കുറിച്ച് തങ്ങളവരോട് സംസാരിച്ചപ്പോൾ അത് കേട്ട മറ്റു സഹയാത്രികരുടെ കണ്ണുകളും തിളങ്ങി. ഇന്ത്യയെ വർഗീയമായി നയിക്കുന്ന ഒരു ഭരണകൂടത്തിന്റെ കാലഘട്ടത്തിലും പൗരസമൂഹത്തിന്റെ മനസ്സ് മാനവികതയിലേക്കും നന്മയിലേക്കും ആകർഷിക്കപ്പെടുക തന്നെയാണ്. മാനവിക സന്ദേശവുമായി സമൂഹത്തെ സ്വാധീനിക്കാൻ അല്ലാഹു അനുഗ്രഹിക്കുകയാണെങ്കിൽ ഖാജ തങ്ങളുടെ കാലഘട്ടത്തിലേതു പോലുള്ള മാറ്റങ്ങൾ ഈ സമൂഹത്തിലും സൃഷ്ടിക്കാൻ സാധിക്കും.
പിറ്റെ ദിവസത്തെ പ്രഭാതത്തില്‍ ഡൽഹി റെയിൽ വേ സ്റ്റേഷനിൽ വണ്ടിയിറങ്ങി. പ്രഭാത ഭക്ഷണം കഴിക്കാൻ ഓൾഡ് ഡൽഹിയിലെ ഡൽഹി ജുമാമസ്ജിദിനടുത്തുള്ള ഒരു ഹോട്ടലിൽ പോയി, തിരിച്ച് റെയിൽ വേ സ്റ്റേഷനിലേക്ക് തന്നെ വന്നു. അവിടുത്തെ ഡോർമറ്ററിയിൽ ട്രെയിൻ വരുന്നത് വരെ വിശ്രമിക്കാൻ തീരുമാനിച്ചു. അടുത്ത ലക്ഷ്യ സ്ഥലമായ പഞ്ചാബിലെ സർഹിന്ദിലേക്ക് പതിനൊന്ന് മണിക്കുള്ള ട്രെയിനാണ് ബുക്ക് ചെയ്തിരിക്കുന്നത്. പതിനൊന്ന് മണിക്ക് ശഹീദ് എക്സ്പ്രസില്‍ പഞ്ചാബിലേക്ക് പുറപ്പെട്ടു. സർഹിന്ദിൽ ട്രെയിനിറങ്ങുമ്പോൾ വൈകുന്നേരം അഞ്ച് മണി ആകുന്നു. സർഹിന്ദിൽ റെയിൽ വേ സ്റ്റേഷനിൽ നിന്ന് ഞങ്ങൾ ഒമ്പത് പേരും കൂടി ഒരു വലിയ ഓട്ടോറിക്ഷയിൽ മുജദ്ദിദ് അൽ ഫഥാനി അഹ്മദുൽ ഫാറൂഖ് സർഹിന്ദി(റ) ഇമാമിന്റെ ദർഗ ഉൾപ്പെടുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഒമ്പത് ആളുകളും അവരുടെ ലഗേജുകളും കയറ്റാവുന്ന ഓട്ടോറിക്ഷ കേരളക്കാരെ സംബന്ധിച്ചിടത്തോളം കൗതുകം തന്നെയായിരിക്കും!
പഞ്ചാബിൽ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് മുസ്ലിംകളുള്ളത്. വിഭജനം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. പള്ളികൾ പോലെ മിനാരങ്ങളും ബുബ്ബകളും ഉയർന്നു നിൽക്കുന്ന ധാരാളം കെട്ടിടങ്ങൾ കാണുന്നുണ്ടെങ്കിലും അതൊന്നും പള്ളികളല്ല. സിക്കുകാരുടെ ആരാധനാലയങ്ങളാണവ. ഗോതമ്പും നെല്ലും കൃഷി ചെയ്യുന്ന പാടങ്ങളാണ് പഞ്ചാബിൽ കാണാവുന്ന പ്രധാന കാഴ്ച്ച. അമൃത്സറിലേക്ക് ഏത്താൻ 45 കിലോമീറ്റര്‍ ഉണ്ടായിരിക്കെയാണ് സർഹിന്ദിൽ എത്തിയത്. അമൃത്സറില് നിന്ന് പാക്കിസ്ഥാനിലെ ലാഹോറിലേക്ക് ട്രെയിന്‍ സർവ്വീസ് ഉള്ളതാണല്ലോ. അമൃത്സറിൽ നിന്ന് ലാഹോറിലേക്ക് 50 കിലോമീറ്ററാണ് ദൂരം. എന്നാൽ അമൃത്സറിൽ നിന്നും ഇന്ത്യാ-പാക് അതിർത്തിയായ വാഗയിലേക്ക് വെറും 28 കിലോമീറ്റർ മാത്രമെ ദൂരമുള്ളൂ. കേരളത്തിൽ നിന്നും 2900 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് പഞ്ചാബിലെ സർഹിന്ദിൽ എത്തിയവരെ സംബന്ധിച്ചിടത്തോളം ഈ പ്രദേശത്ത് പാദമൂന്നുന്നത് ഒരൽപം കൗതുകം തന്നെയാണ്. സർഹിന്ദിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ സഞ്ചരിച്ചാൽ പാക്കിസ്ഥാനിലേക്ക് പ്രവേശിക്കാം. അതുകൊണ്ട് തന്നെ 1948ലെ ഇന്ത്യ – പാക്ക് വിഭജനം ഈ നാടിനെ നല്ലവണ്ണം കീറിമുറിച്ചിട്ടുണ്ടാകുമെന്നും വിഭജനത്തിന്റെ മുറവും വേദനയും നന്നായി അനുഭവിച്ചവരാണ് ഈ ജനതയെന്നും ഊഹിക്കാവുന്നതേയുള്ളൂ. ഈ അതിർത്തി സംസ്ഥാനത്തിലാണ് ഇന്ത്യൻ മുസ്ലിംകൾകൾക്കിടയിൽ വലിയ ധാർമ്മിക വിപ്ലവം സൃഷ്ടിച്ച അഹ്മദുൽ ഫാറൂഖ് സർഹിന്ദി(റ) യുടെ നാട്. സർഹിന്ദിയുടെ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഊർജ്ജം സമാഹരിച്ച ഒരു സമൂഹത്തിന്റെ പാരമ്പര്യം അവിടെ കണ്ടെത്താൻ ഇന്ന് കഴിയില്ല. കാരണം വിഭജനാന്തര സമൂഹമാണ് ഇന്നവിടെ ശേഷിക്കുന്നത്. പ്രതാപമുള്ളവരെല്ലാം വാഗാ അതിർത്തിക്കപ്പുറത്തേക്ക് പോയിട്ടുണ്ടാകുമെന്നാണ് ഊഹിക്കാവുന്നത്. ഉത്തരേന്ത്യൻ മുസ്ലിം സമൂഹത്തിന്റെ പൊതുവായ കഥ ഇതു തന്നെയാണ്. 1948ലെ വിഭജനത്തേക്കാൾ വലിയ ഒരു ദുരന്തം ഇന്ത്യൻ മുസ്ലിംകൾക്ക് സംഭവിച്ചിട്ടില്ല. ഒരു നാട്ടില്‍ നിന്ന് പാലായനം ചെയ്യേണ്ട സ്ഥിതി വന്നാൽ സ്വഭാവികമായും ഒരൽപം പ്രതാപമുള്ളവർക്കാകും പെട്ടെന്ന് പലായനം ചെയ്യാൻ സാധിക്കുക. അങ്ങിനെ സംഭവിച്ചാൽ, പലായനം ചെയ്യാൻ ശേഷിയില്ലാത്തവരായിരിക്കും ആ പ്രദേശത്ത് അവശേഷിക്കുക. അവർക്ക് വിദ്യാഭ്യാസവും മറ്റു കഴിവുകളും കുറവായിരിക്കും. അങ്ങിനെ ആ ജനത പിന്നാക്കം തള്ളപ്പെടുന്നു. ഇതാണ് ഇന്ന് പിന്നാക്കം തള്ളപ്പെട്ടു പോയ ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ കഥ.
അഹ്മദുല്‍ ഫാറൂഖ് സർഹിന്ദി(റ) ഇമാമിന് നിരവധി ഖലീഫമാരുണ്ടായിരുന്നുവെന്നാണ് ചരിത്രം. അവരെ വിവിധ ദിക്കുകളിലേക്ക് സർഹിന്ദി(റ) ദീനി പ്രബോധനത്തിനായി നിയോഗിക്കുകയായിരുന്നു. അങ്ങിനെ ലോകത്തിന്റെ നാനാദിക്കുകളിലും ഇന്ന് പടർന്നു പന്തലിച്ചിരിക്കുന്ന നഖ്ശബന്ദി സരണിയിലെ സൂഫികൾക്ക് അഹ്മദുല്‍ ഫാറൂഖ് സർഹിന്ദി (റ)യുമായി സിൽസില ബന്ധം ഉണ്ട്. ഉസ്മാനിയ ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന തുർക്കിയിലും അഹ്മദുല്‍ ഫാറൂഖ് സർഹിന്ദി(റ) യുടെ നഖ്ശബന്ദി സിൽസില പ്രചരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തുർക്കിയിൽ നിന്നും ധാരാളമായി സർഹിന്ദി (റ)യെ സന്ദർശിക്കാൻ വരുന്നവരുണ്ട്. പട്ടണ സ്വഭാവമുള്ള ഒരു പ്രദേശത്തല്ല സർഹിന്ദി(റ)യുടെ ഖബറിടമെന്നതിനാൽ പുറമെ നിന്ന് വരുന്നവര്‍ക്ക് താമസം ഒരു പ്രശ്നമായിരുന്നു. അതിനാൽ തുർക്കികളുടെ സാമ്പത്തിക സഹായത്തോടെ സർഹിന്ദി (റ) യുടെ ദർഗയും മസ്ജിദും ഉൾപ്പെടുന്ന പ്രദേശത്ത് ലോഡ്ജുകൾ പണിതിട്ടുണ്ട്.
ഉത്തരേന്ത്യയിലെ പല ദര്‍ഗ്ഗകളില്‍ നിന്നും വ്യത്യസ്തമാണ് സർഹിന്ദി (റ) യുടെ ദർഗ. ഇവിടെ അനിസ്ലാമികമായ നടപടികൾ ഒന്നും തന്നെ പാടില്ല എന്ന് വിവരിക്കുന്ന വലിയൊരു ബോർഡ് ഉണ്ട്. സൂഫിസത്തിന്റെ പേരിലുള്ള വഴിവിട്ട പ്രവണതകൾക്ക് കടിഞ്ഞാണിടാനാണല്ലോ സർഹിന്ദി ഇമാം രംഗത്ത് വന്നത്. അതിന്റെ പ്രതിഫലനം ഇന്നും നിലനിൽക്കുന്നുണ്ട്. ഉച്ചക്കും രാത്രിയും അവിടെ എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്. പരിസരത്ത് സർഹിന്ദി (റ)യുമായി ബന്ധപ്പെട്ട പലരുടേയും ദർഗകളുമുണ്ട്.
പഞ്ചാബില്‍ ഒരു രാത്രി ഉറങ്ങിയ ശേഷം പിറ്റത്തെ പ്രഭാതത്തില്‍ സർഹിന്ദി (റ) വിന്റെ പരിസര പ്രദേശങ്ങളിലെല്ലാം സന്ദർശിക്കാനിറങ്ങുകയാണ്. അമ്പിയാക്കളുടെ ഖബറുകൾ അടങ്ങിയ ആ സ്ഥലത്തേക്കാണ് ഞങ്ങൾ ആദ്യം പുറപ്പെട്ടത്. കൃഷി ഭൂമിയല്ലാതെ മറ്റൊന്നുമില്ലാത്ത ഗ്രാമ പ്രദേശത്തു കൂടി 20 കിലോമീറ്റർ സഞ്ചരിച്ചാണ് ബാറാസില് എത്തുന്നത്. അഹ്മദുല്‍ ഫാറൂഖ് സര്‍ഹിന്ദി (റ) ഇൽഹാമിന്റെ അടിസ്ഥാനത്തിലാണ് ഇത് അമ്പിയാക്കളുടെ ഖബറിടമാണെന്ന് തിരിച്ചറിയുന്നത്. ഒമ്പത് ഖബറുകൾ അവിടെ കാണുന്നുണ്ട്. അതിൽ മൂന്നെണ്ണം സൂറത്ത് യാസീനിൽ അല്ലാഹു വിവരിച്ചിട്ടുള്ള മൂന്ന് മുർസലുകളാണെന്നാണ് അഹ്മദുല്‍ ഫാറൂഖ് സർഹിന്ദി (റ) അവിടുത്തെ മക്തൂബാത്തിൽ വിവരിച്ചിട്ടുള്ളത്. അവിടെ വെച്ച് സൂറത്ത് യാസീൻ പാരായണം ചെയ്ത് ദുആ ചെയ്ത ശേഷം മടങ്ങി. അതിന് ശേഷം, സർഹിന്ദി (റ) യുടെ മാതാപിതാക്കളുടെ ഖബറിടങ്ങളിലും പരിസരത്തെ മറ്റു ചില മഖ്ബറകളിലും സന്ദർശിച്ചു. സർഹിന്ദി(റ) യുടെ മഖ്ബറക്ക് സമീപത്തെ ഞങ്ങളുടെ റൂമിലേക്ക് തിരിച്ചെത്തിയ ശേഷം ഉച്ച ഭക്ഷണവും കഴിച്ച് റെയിൽ വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. വൈകുന്നേരം നാല് മണിക്ക് ഡൽഹിയിലേക്ക് ട്രെയിൻ കയറി.
സർഹിന്ദി നിന്നും ഡൽഹിയിലേക്കുള്ള യാത്രക്കിടയിൽ സിക്കുകാരനായ ടി.ടി.ആർക്കും ഞങ്ങളുടെ സംഘത്തോട് പ്രത്യേക മതിപ്പും ബഹുമാനവും തോന്നി. അദ്ദേഹം ചോദിച്ചു, ”നിങ്ങള്‍ പഞ്ചാബില്‍ വന്നിട്ട് എന്തെങ്കിലും പ്രയാസമുണ്ടായോ? വല്ല ആവശ്യങ്ങളും ഉണ്ടോ?.” ഞങ്ങളുടെ യാത്ര സംഘത്തിലെ എക്സ് പ്രവാസിയായ കാഞ്ഞങ്ങാട്ട് ഇബ്രാഹീം ഹാജി തമാശ രൂപത്തില്‍ പറഞ്ഞു, ”ഞങ്ങള്‍ പഞ്ചാബില്‍ വന്നിട്ട് ലെസ്സി കിട്ടിയിട്ടില്ല”!. ടി.ടി.ആര് പറഞ്ഞു, ”എങ്കില്‍ അടുത്ത സ്റ്റോപ്പില്‍ നിന്ന് എല്ലാവർക്കും ലെസ്സി വാങ്ങിച്ചു തരാം.” അങ്ങിനെ സിക്കുകാരനായ ടി.ടി.ആറുടെ ലെസ്സി സൽക്കാരം ആസ്വദിച്ചു ഡൽഹിയിലേക്ക് ട്രെയിനിൽ കുതിച്ചു കൊണ്ടിരുന്നു.
ഏകദേശം രാത്രി 9 മണി ആകുമ്പോൾ ന്യൂഡൽഹി റെയിൽ വേ സ്റ്റേഷനിൽ വന്നിറങ്ങി. പിറ്റേന്നാൾ പ്രഭാതത്തിൽ ഡൽഹിയിലെ സിയാറത്ത് കേന്ദ്രങ്ങളിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ, യാത്ര സംഘത്തിന് അമീറായിരുന്ന അബ്ദുൽബാരി ഉസ്താദിന് സുഖമില്ലാത്തതിനാൽ അന്ന് സിയാറത്തിന് ഇറങ്ങാൻ സാധിച്ചില്ല. ബാഖിബില്ലാഹ് ദർഗയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹിഫ്സ് കോളേജിലെ വിദ്യാർഥികൾക്ക് തണുപ്പിൽ നിന്ന് സംരക്ഷണം നൽകുന്ന വസ്ത്രങ്ങൾ വാങ്ങിച്ചു കൊടുക്കാൻ വേണ്ടി ഞങ്ങളുടെ സംഘത്തിലെ കുറച്ച് ആളുകൾ ഇറങ്ങി പുറപ്പെട്ടു. സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ അന്ന് ഉച്ചക്ക് നാട്ടിലേക്ക് മടങ്ങുന്നതിനാൽ തങ്ങളോടൊപ്പം നിസാമുദ്ദീനിൽ പോയി മഹ്ബൂബെ ഇലാഹി (റ) യെ സിയാറത്ത് ചെയ്യാൻ ഞാനും സുഹൃത്ത് റസൽ സാഹിബും കൂടി പുറപ്പെട്ടു. നിസാമുദ്ദീൻ ഔലിയ (റ) യുടെ ദർഗ കമ്മിറ്റിയുടെ ചെയർമാൻ തങ്ങളുടെ സുഹൃത്താണ്. അദ്ദേഹം ഒരു മെഡിക്കൽ ഡോക്ടറുമാണ്. ഉസ്താദിന്റെ രോഗ വിവരങ്ങൾ പറഞ്ഞ് അദ്ദേഹത്തിൽ നിന്ന് മരുന്ന് വാങ്ങി. അന്നത്തെ പ്രഭാത ഭക്ഷണം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നായിരുന്നു. തങ്ങളും റസൽ സാഹിബും അദ്ദേഹവും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകളെല്ലാം എടുത്തു അവിടെ നിന്ന് പിരിഞ്ഞു. റൂമിൽ വന്ന് ലഗേജുകൾ എടുത്ത ശേഷം തങ്ങളെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ കൊണ്ടു പോയി യാത്രയാക്കി. ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ തങ്ങൾ യാത്ര തിരിച്ചു. പിറ്റേന്ന് പ്രഭാതത്തിലും ഉസ്താദിന്റെ അസുഖത്തിന് യാതൊരു ശമനവുമില്ല. അസുഖം രൂക്ഷമായിരിക്കുകയാണ്. ഉടനെ കാഞ്ഞങ്ങാട് ഇബ്രാഹീം ഹാജി ഉസ്താദിനെയും കൂട്ടി മംഗലോപുരത്തേക്ക് പുറപ്പെടാൻ തീരുമാനിച്ചു. ഞങ്ങളുടെ ടൂർ ഒപ്പറേറ്റർ സക്കീർ ഹുസൈനെ വിളിച്ച് ടിക്കറ്റ് അറേഞ്ച് ചെയ്തു. അടുത്ത വിമാനത്തിൽ ഉസ്താദും ഇബ്രാഹീം ഹാജിക്കയും മംഗലാപുരത്തേക്ക് വിമാനം കയറി.
നേരത്തെ തീരുമാനിച്ചത് പ്രകാരം ഞങ്ങൾക്ക് ഡൽഹി മുഴുവൻ ചുറ്റി സഞ്ചരിക്കാൻ വേണ്ടി ഏർപ്പാട് ചെയ്തിരുന്ന ഇന്നോവ കാറ് വന്ന് നിൽപുണ്ട്. ബാക്കിയുള്ള ഞങ്ങൾ ആറ് പേരും കൂടി അതിൽ കയറി യാത്ര പുറപ്പെട്ടു. ആദ്യം പോയത് ഇമാം ശാഹ് വലിയുല്ലാഹി ദഹ്ലവി (റ)യുടെ ചാരത്തേക്കാണ്. ന്യൂഡൽഹിയിലെ മെഹന്തിയാറിൽ മൗലാന അബുൽ കലാം ആസാദിന്റെ പേരിലുള്ള മെഡിക്കൽ കോളേജിന്റെ പുറക് വശത്തുള്ള മദ്റസത്തു റഹീമിയ്യയുടെ വളപ്പിലാണ് ആ മഹാമനീഷി അന്ത്യവിശ്രമം കൊള്ളുന്നത്. ചുമ ബാധിച്ചു ക്ഷീണിച്ച ഉസ്താദ് അവർകൾ മടങ്ങുന്ന അവസരത്തിൽ എന്റെ കൈ പിടിച്ചു കൊണ്ട് പ്രത്യേകം പറഞ്ഞിരുന്നു, ”ശാഹ് വലിയുല്ലാഹി ദഹ്ലവി (റ)യുടെ അടുത്ത് പോകുമ്പോൾ എന്റെ സലാം പറയണം”. ഉസ്താദ് അവർകൾക്ക് ശാഹ് വലിയുല്ലാഹി ദഹ്ലവി (റ) യോടുള്ള ആ മഹബ്ബത്താണ് അത് കാണിക്കുന്നത്. അതേ ശാഹ് വലിയുല്ലാഹി(റ) യുടെ തൂലിക തുമ്പിൽ നിന്നും നിർഗളിച്ച വൈജ്ഞാനിക മുത്തുകൾ പെറുക്കിയെടുത്തവർക്ക് ശാഹ് വലിയുല്ലാഹ് (റ) എന്ന നാമം വല്ലാത്ത ആവേശം തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ഹുജ്ജത്തുല്ലാഹിൽ ബാലിഗ അത്ഭുത ഗ്രന്ഥമാണ്. ഇന്ത്യയിൽ പിറന്ന ഗസ്സാലി എന്ന വിശേഷണവും ഇമാം അവർകൾക്ക് ലഭിച്ചിട്ടുണ്ട്. യൂറോപ്പിൽ നവോത്ഥാനം നാമ്പെടുക്കുന്ന ഘട്ടത്തിലാണ് ശാഹ് വലിയുല്ലാഹി(റ)യുടെ യുഗം. ബൗദ്ധിക വിജ്ഞാനങ്ങൾക്ക് അപ്രമാദിത്വമുള്ള ഒരു കാലത്തിന്റെ ആരംഭമായിരുന്നുവത്. അത് മുന്നിൽ കണ്ട് കൊണ്ട് അല്ലാഹു ഈ ദീനിനെ തജ്ദീദ് ചെയ്യാൻ വേണ്ടി തെരഞ്ഞെടുത്ത ഇമാമാണ് ശാഹ് വലിയുല്ലാഹ്(റ) എന്ന് ഹുജ്ജത്തുല്ലാഹിൽ ബാലിഗ സാക്ഷ്യപ്പെടുത്തുന്നു. ആധ്യാത്മികമായ വാരിദാത്തുകളുടെ അടിസ്ഥാനത്തിലാണ് ആ രചനക്ക് മഹാനവർകൾ മുതിരുന്നത് എന്ന് ഹുജ്ജയുടെ ആമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.
ശാഹ് വലിയുല്ലാഹി(റ)യുടെ മഖ്ബറയിലേക്ക് യാത്ര പുറപ്പെടുന്നത് മുതൽ ഞങ്ങളുടെ നേതൃത്വം വളപട്ടണം ഹനീഫ് ഉസ്താദാണ്. ഹനീഫ് ഉസ്താദിന്റെ നേതൃത്വത്തിൽ മഖ്ബറയിലേക്ക് കടക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ആഗ്രഹം, ഇവിടെ വെച്ച് എനിക്ക് ദുആ ചെയ്യണം. ദുആയുടെ വരികൾ ഉച്ചരിക്കാൻ കഴിയൽ നമുക്ക് കൂടുതൽ ഊര്‍ജ്ജം പകരുമെന്ന തോന്നൽ. യാസീൻ ഓതി ദുആ ചെയ്യാനായപ്പോൾ ഹനീഫ് ഉസ്താദ് എന്നോട് തന്നെ ദുആ ചെയ്യാൻ പറഞ്ഞു. അല്‍ഹംദുലില്ലാഹ്! ഇമാം അവർകളുടെ ചാരത്ത് നിന്ന് ദുആ ചെയ്യാൻ സാധിച്ചു. നല്ല ആവേശത്തോടെ ദുആ ചെയ്യുമ്പോൾ ശാഹ് വലിയുല്ലാഹി(റ)യുടെ തൂലിക തുമ്പിൽ നിന്നും ഹൃദയത്തിന് കിട്ടിയ മധുരത്തിന്റെ ഓർമ്മകളായിരുന്നു.
പിന്നീട് ഡൽഹി ജുമാ മസ്ജിദിലേക്ക് പോയി. അവിടെ പ്രത്യേകം ബോർഡുകളൊന്നും വെക്കാത്തിടത്ത് ഒരു തങ്ങൾ ഇരിക്കുന്നുണ്ട്. ഹനീഫ് ഉസ്താദിന് നേരത്തെ അവിടെ പോയ പരിചയമുണ്ട്. ഞങ്ങള്‍ ആ തങ്ങളുടെ അടുത്ത് പോയി ഹബീബായ നബി(സ) യുടെ അനുഗ്രഹിതമായ തലമുടിയും മറ്റു ആസാറുകളും കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. അദ്ദേഹം ഞങ്ങളെ ഗ്രില്ലുകള്‍ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന ഒരു ഭാഗത്തേക്ക് ക്ഷണിച്ചു. അവിടെ ഗ്രില്ലുകൾ ലോക്ക് ചെയ്ത ശേഷം ഒരു പെട്ടി പോലുള്ള കൗണ്ടറിനകത്തേക്ക് അദ്ദേഹം പ്രവേശിച്ചു. ഞങ്ങൾ അതിന്റെ പുറത്ത് നിന്നപ്പോൾ അദ്ദേഹം അകത്ത് നിന്ന് ആസാറുകൾ കൊണ്ട് വന്നു. കൗണ്ടറിന്റെ ഇപ്പുറത്ത് നിന്ന് ഞങ്ങൾ അവ ഗ്ലാസ്സിന്റെ ഉള്ളിലായിരിക്കുന്ന അവസ്ഥയിൽ തന്നെ മുത്തി മണത്തു. സ്വലാത്തുകൾ ചൊല്ലി പിരിഞ്ഞു പോന്നു.
അടുത്തത് ഡൽഹി നിസാമുദ്ദീനിലെ നിസാമുദ്ദീൻ ഔലിയ(റ) യുടെ ദർഗയിലേക്കാണ് പോയത്. നബി(സ)യുടെ പേരമകനായ ഹുസൈൻ (റ) വിന്റെ പരമ്പരയിൽ ജനിച്ച അഹ് ലു ബൈത്തിന്റെ താവഴിയിലുള്ളവരാണ് നിസാമുദ്ദീൻ (റ). നിസാമുദ്ദീന്‍ ഔലിയ(റ) യുടെ പിതാവ് അഹ്മദ് ഇബ്നു അലി ആദ്യം ലാഹോറിലേക്കാണ് വന്നത്. അവിടെ നിന്ന് പിന്നീട് ഉത്തർപ്രദേശിലെ ബദായൂന്നിൽ വന്ന് താമസമാക്കി. ഹിജ്റ 636 ൽ ബദായൂനിൽ വെച്ചാണ് മുഹമ്മദ് എന്ന കുട്ടി ആ പിതാവിന് ജനിക്കുന്നത്. നിസാമുദ്ദീൻ ഔലിയ(റ) യുടെ യഥാർത്ഥ നാമം മുഹമ്മദ് എന്നാണ്. പതിനാറാം വയസ്സിൽ ഉപരിപഠനാർത്ഥമാണ് നിസാമുദ്ദീൻ(റ) ഡൽഹിയിൽ എത്തുന്നത്. ശൈഖ് ഫരീദുദ്ദീൻ ഖഞ്ച്ശകർ (റ) യുടെ ശിഷ്യനും അനന്തരഗാമിയുമാണ് നിസാമുദ്ദീൻ(റ).
തുടരും