വംശീയതയുടെ അടിവേരുകൾ

ജോർജിയ യൂണിവേഴ്സിറ്റിയിലെ കാപാരറ്റീവ് ലിറ്ററേച്ചർ പ്രൊഫസർ ഡോറൊത്തി എം. ഫി​ഗേറയുടെ ​ഗവേഷണ ​ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ആര്യൻ ജൂതൻ ബ്രാഹ്മണൻ; സ്വത്വത്തിന്റെ മിത്തുകളിലൂടെ എന്ന ശീർഷകത്തിൽ കോഴിക്കോട് അദർ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശമീർ കെ.എസ്. ആണ് പരിഭാഷകൻ. വംശ വിശുദ്ധിയുടെയും വരേണ്യ, അധീശത്വ ഭാവങ്ങളുടെയും പ്രവർജക രാഷ്ട്രീയത്തിന്റെയും സൈദ്ധാന്തിക സ്രോതസ്സായി വർത്തിക്കുന്ന വംശീയ, വരേണ്യ ശ്രേഷ്ഠതയുടെ മിത്തുകളെ വിശകലന വിധേയമാക്കി സമൂഹ നിർമ്മിതിയിൽ അത് വഹിക്കുന്ന പ്രതിലോമകരമായ ദൗത്യത്തെ ഈ ​ഗ്രന്ഥം അനാവരണം ചെയ്യുന്നു. ​ഗ്രന്ഥത്തിന്റെ പ്രമേയത്തെയും സൈദ്ധാന്തിക പശ്ചാത്തലത്തെയും സാമാന്യമായി വിശകലനം ചെയ്യുന്ന ​ഗ്രന്ഥ കർത്താവിന്റെ മുഖക്കുറിപ്പിൽ നിന്നുള്ള ഏതാനും ഭാ​ഗങ്ങളാണ് താഴെ. ​​

പൗരാണിക കാലം മുതൽക്കേ ഇന്ത്യയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും സാഹിത്യസങ്കൽപത്തെ വശീകരിച്ചിട്ടുള്ള വിഷയമാണ് ആര്യൻ എന്ന പ്രതിരൂപം. അന്നുമുതലേ വ്യത്യസ്ത സംസ്കാരങ്ങളിലുള്ള അതിന്റെ പ്രതിഷ്ഠാപനം (Cross-Cultural Emplotment) വീക്ഷിക്കുവാനാഗ്രഹിക്കുന്ന പഠിതാക്കൾക്ക് ഗവേഷണങ്ങൾക്കും മറ്റും അനുയോജ്യമായ വിഷയമാണ് ആര്യൻ. ഏതായാലും സാഹിത്യപരമായ വീക്ഷണകോണിലൂടെ മാത്ര മായി ആര്യന്മാരെ തിരിച്ചറിയുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. കാരണം ആര്യൻ പ്രതിരൂപത്തെ രേഖപ്പെടുത്താനുപയോഗിച്ചിട്ടുള്ള മൂ ലഗ്രന്ഥങ്ങളെല്ലാം തന്നെ ഇന്ന് വീണ്ടെടുക്കാൻ സാധിക്കാത്ത രൂപത്തിലാണ്. പലപ്പോഴായി സ്മരിക്കപ്പെടുകയും അപൂർവമായി ഉദ്ധരിക്കപ്പെ ടുകയും ചെയ്യുന്ന ആ പാഠങ്ങൾ, അവധിയിലിരിക്കുന്ന അധികാരികളെപ്പോലെ അവയുടെ ധർമം നിർവഹിക്കുന്നു. അതിലുപരി, ചരിത്രകാരന്മാ രും ഭാഷാശാസ്ത്രകാരന്മാരും വേർതിരിച്ചെടുക്കാനും പ്രതിഷ്ഠിക്കാനും അവരുടെ കുടിയേറ്റങ്ങളെ പിന്തുടരാനും വേണ്ടി അന്വേഷിച്ച രൂപം മാ ത്രമല്ല ആര്യൻ; അതൊരു മിത്ത് നിർമാണത്തിന്റെ കൂടി വിഷയമായിരുന്നു. ആര്യന്മാരുമായി ബന്ധപ്പെട്ട മിത്തുകൾ സ്വത്വബോധത്തെ അപ നിർമിക്കുന്നതിലും പുതിയ സാമൂഹ്യരീതികൾ നിർമിക്കുന്നതിലും വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. ആര്യൻ മിത്ത് എങ്ങനെ ജ്ഞാനോദയകാലം മുതൽ ആധുനികകാലഘട്ടം വരെ ഇന്ത്യയ്ക്കും യൂറോപ്പിനുമിടയിൽ പരസ്പരം പങ്കുവെക്കപ്പെടുന്നു എന്നാണ് ഈ പുസ്തകത്തിൽ ഞാൻ നിരീക്ഷിക്കുന്നത്.
വോൾട്ടയറിന്റെ രചനകളിലെ ആര്യന്മാരുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ചർച്ചകളെയും യജുർവേദത്തിൽ ഒരു ആര്യൻ മൂലഗ്രന്ഥത്തെ തിരയുന്ന അദ്ദേഹത്തിന്റെ അന്വേഷണത്തെയും രേഖപ്പെടുത്തിക്കൊണ്ടാണ് ഈ പഠനം ആരംഭിക്കുന്നത്. പുരാതന ഹീബ്രു സംസ്കാരത്തിൽ നിന്നും പര മാവധി വിട്ടുനിൽക്കുന്ന, ഒരു പരിഷ്കൃത സംസ്കാരത്തെയാണ് വോൾട്ടയർ ഇന്ത്യയിൽ തെരഞ്ഞത്. ഈ അർഥത്തിൽ പുരാതന ഇന്ത്യ അദ്ദേ ഹത്തിന് എല്ലാ നിലക്കും ഒരു പരിച പ്രദാനം ചെയ്തു. അഥവാ അദ്ദേഹത്തിന്റെ ജൂത ക്രൈസ്തവ വിമർശനങ്ങൾ സൗകര്യപൂർവ്വം ചുമത്താൻ പാകമായ മറ്റൊരിടം.
പുരാതന ഇന്ത്യയെ മനുഷ്യനാഗരികതയുടെ പ്രാരംഭ സംസ്കാരമായി ഉദ്ഘോഷിച്ച ജർമൻ ഫിലോസഫർ ജൊഹാൻ ഗോട്ട്ഫ്രൈഡ് വോൻ ഹെർഡർ (1744-1803) പുരാതന ഇന്ത്യയെ കുറിച്ചുള്ള പഠനം യൂറോപ്പിനെ തങ്ങളുടെ ഉൽപ്പത്തി കണ്ടെത്തുന്നതിൽ കൂടുതൽ സഹായകരമാ യേക്കുമെന്ന് വിശ്വസിച്ചു. എല്ലാ മനുഷ്യരിലുമുള്ള പരസ്പര സാധർമ്മ്യത്തെ അന്വേഷിക്കുകയും അസഹിഷ്ണുതയിൽ നിന്ന് സ്വാതന്ത്ര്യത്തെ രൂപപ്പെടുത്തുകയും ചെയ്യുന്ന ജ്ഞാനോദയ പദ്ധതി ആര്യൻ ആചാരങ്ങളെയും കാവ്യങ്ങളെയും കുറിച്ചുള്ള ഹെർഡറുടെ ലേഖനത്തിൽ പിന്തുണ കണ്ടെത്തുന്നുണ്ട്. അങ്ങനെ തങ്ങൾക്ക് പലതും പഠിക്കാനുണ്ട് എന്ന് ജ്ഞാനോദയ യൂറോപ്പിനു തോന്നിപ്പിച്ച, മാതൃകാപരമായൊരു പ്രാചീന ലോകത്തിന്റെ പര്യായമായിത്തീരുന്നു പുരാതന ഇന്ത്യ. അനന്തരം മുൻകാല ഓറിയന്റലിസ്റ്റുകൾക്കും റൊമാന്റിക് ലിംഗിസ്റ്റുകൾക്കും ഈ ജ്ഞാനോദയ കാല വാദങ്ങൾ ദൃഢീകരിക്കുയോ നിരാകരിക്കുകയോ ചെയ്യാൻ ആര്യന്മാരുടെ ഭാഷ വിശകലനം ചെയ്യേണ്ടതായുണ്ടായിരുന്നു.
പ്രാമാണികമായ സംസ്കൃത ഗ്രന്ഥങ്ങൾ ക്രമേണ യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്തതോ
ടെ പത്തൊമ്പതാം നൂറ്റാണ്ടിലെ മിത്ത് ഗവേഷകർ ആര്യന്മാരുടെ ചരിത്രമറിയാൻ തങ്ങളുടെ തന്നെ മിത്തുകളെ ആശ്രയിച്ചു. വെളിവാക്കപ്പെ
ട്ട ഏകദൈവ സിദ്ധാന്തം, ജനങ്ങളിലെ സവിശേഷ സ്വഭാവം, അതിന്റെ പതിയെയുള്ള അപചയം തുടങ്ങിയ കാൽപനിക മാതൃകകൾക്ക് പാക മായിരുന്നു ആര്യൻ ഇന്ത്യ. ഋഗ്വേദത്തിന്റെ മാക്സ് മുള്ളർ പതിപ്പ് പ്രത്യക്ഷപ്പെട്ടതോടെ, യൂറോപ്പിന് ആര്യന്മാരെന്നത് ഒരു വിദൂര ബന്ധു മാത്രമായി ഒതുങ്ങിയില്ല. അവരുടെ ഗ്രന്ഥപരമായ സാന്നിധ്യം ബൈബിളിനേക്കാൾ പഴക്കം ചെന്ന ഒരു പാരമ്പര്യത്തിന്റെ അവശേഷിപ്പിനെ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ലോകത്ത്, വേദങ്ങളിലൂടെ അവതരിക്കപ്പെട്ട ആര്യസാന്നിധ്യം അതുവരെ ജൂതർക്കുണ്ടായിരുന്ന മുഖ്യസ്ഥാനത്തുനി
ന്നും അവരെ മാറ്റുന്നതിൽ വിജയിച്ചു. ഇതോടെ ജൂതർ എന്നത് ചരിത്രത്തിൽ ഒരു കീഴാളവേഷ പ്രതീകമായി മാറി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവശേഷിപ്പെന്നോണം, ആര്യന്മാരുടെ ഈ മിത്ത് യൂറോപ്പിന്റെ സാങ്കൽപ്പിക മാതൃകാചരിത്രനിർമിതിക്കായി വിനിയോഗിച്ചു. ഇത് ദേശീയതയെ വളർത്തുകയും ക്രമേണ ജൂതരെ അതിന്റെ മിത്തിക ബലിയാടുകളായി ചിത്രീകരിക്കുകയും ചെയ്തു. നീച്ചെ, ഗോബിന്യോ, എച്ച്. എസ് ഷാമ്പർലിൻ തുടങ്ങിയവരടെ രചനകളിലും, ഏറ്റവും അവസാനമായി നാസിഭക്തരുടെ പ്രശംസ പ്രകടനങ്ങളിലും കാണപ്പെട്ടിട്ടുള്ളത് പോലെ, ഇന്ന് ആര്യന്മാരും ജൂതരും ലോകത്തെ പ്രവർത്തനസജ്ജരായ രണ്ട് ശക്തികളായിരുന്നേക്കാം.

യൂറോപ്യൻ കാൽപനികർ അവരുടെ പൂർവികരെക്കുറിച്ച് സങ്കൽപ കഥകൾ മെനയുമ്പോൾ ഇന്ത്യയിൽ ഹിന്ദു പരിഷ്കർത്താവ് രാജാറാം മോഹൻ റോയ് സംസ്കൃതവേദങ്ങൾ നാട്ടുഭാഷകളിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് ബ്രഹ്മസമാജമെന്ന പ്രസ്ഥാനത്തിനു അടിത്തറ പാകുക യായിരുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും സ്വാധീനം ആളുകളിലുണ്ടാക്കാൻ സാധിക്കണമെങ്കിൽ ഈ ഗ്രന്ഥസഞ്ചയത്തെ അതിന്റെ ബ്രാഹ്മണ സംരക്ഷണത്തിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. ഈയൊരു ലക്ഷ്യം നിറവേറാൻ സതി, വിഗ്രഹാരാധന പോലുള്ള ആചാരങ്ങൾ നിലനിന്നിരുന്നിട്ടേയില്ലാത്ത, മികച്ച മാതൃകയായി ആര്യൻ ഭൂതകാലത്തെ അവതരിപ്പിക്കാൻ വേദങ്ങളിൽ ചില ഭാഗങ്ങൾ തിരുത്തിയെഴുതുക പോലും ചെയ്തു. അന്ധമായ ആചാരങ്ങളിലേക്ക് നയിച്ച പല അനാവശ്യ നിയമങ്ങളെയും അദ്ദേഹം തന്നിഷ്ടപ്രകാരം തന്റെ വിവർത്തനത്തിൽ തിരുത്തിയെഴുതുകയും വേദപരമായ സാധുതക്കുവേണ്ടി നിയമങ്ങളുണ്ടാക്കുകയും ചെയ്തു. പിൽകാലത്ത് രാജയുടെ പരിഷ്കരണ തന്ത്രങ്ങൾ അതേപടി അനുകരിച്ചയാളാണ് ദയാനന്ദ സരസ്വതി. ആര്യസമാജത്തിന്റെ സ്ഥാപകനായ അദ്ദേഹം വേദ ദിവ്യബോധ നങ്ങളെ അതിന്റെ കാർക്കശ്യത്തിൽ നിന്നും ആചാരാനുഷ്ഠാന സ്വഭാവത്തിൽ നിന്നും സ്വതന്ത്രമാക്കാൻ വ്യാഖാനതന്ത്രങ്ങളുടെയൊരു പരമ്പര
വികസിപ്പിച്ച് സംസ്കൃത പ്രമാണസംഹിതകൾ കൂടുതൽ വിശ്വാസികളിലേക്കെത്തിക്കാൻ പരിശ്രമിച്ചു. ആര്യന്മാരെ പരിഷ്കൃതരും ലോകപരി ജ്ഞാനമുള്ളവരുമാക്കി ചിത്രീകരിക്കാനായി, അവർ രസതന്ത്രത്തിലും വിദ്യുത്ശാസ്ത്രത്തിലും അറിവുള്ളവരായിരുന്നുവെന്നു വരുത്തിത്തീർ ക്കാൻ ദയാനന്ദ വേദങ്ങൾ “വിവർത്തനം” ചെയ്തു. ഈ ഹിന്ദു പരിഷ്കരണപ്രസ്ഥാനത്താൽ പ്രചരിപ്പിക്കപ്പെട്ട ആര്യൻ സുവർണകാലഘട്ടമെന്ന കെട്ടുകഥ ഹിന്ദു ദേശീയതയുടെ വളർച്ചക്ക് വേദിയൊരുക്കി.

തിലകിന്റെ കാലമായപ്പോഴേക്കും ദേശീയ അഭിമാനബോധത്തെ വളർത്തുന്നതിനായി ആര്യനെന്ന മാതൃകാചിത്രത്തെ സജീവമാക്കിയിരുന്നു. വിവാഹപ്രായ വിവാദകാലത്ത് ജസ്റ്റിസ് റാനഡെയുമായി ഉണ്ടായിട്ടുള്ള വാദപ്രതിവാദങ്ങളിൽ മുൻകാല സാഹിത്യങ്ങളിൽ ആര്യന്മാരെ വര ച്ചുകൊണ്ടുള്ള ധാരാളം പ്രമേയങ്ങൾ (വംശീയ അധപതനം, പ്രമാണപരമായ അപചയം, സ്ത്രീകളുടെ സ്ഥാനം) തിലക് ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തിയിരുന്നേക്കാം. ദയാനന്ദയെപ്പോലെ തിലകും ആര്യന്മാർക്ക് ശാസ്ത്ര സാങ്കേതികമേഖലകളിൽ പ്രാവീണ്യമുള്ളവരാക്കിത്തീ ത്തു. ആർടിക്കിലെ ഒരു പുരാതന ഹിമ ദുരന്തത്തെ അതിജീവിച്ച ധീരരായ ആര്യർ, ലോകത്തെ സംസ്കരിക്കാനായി ഉത്തരധ്രുവത്തിൽ നിന്നും യാത്ര തിരിച്ചു. തിലകിന്റെ ആര്യന്മാർ തങ്ങൾ കീഴടക്കിയ ദേശങ്ങളിലെല്ലാം തങ്ങളുടെ കഴിവുകളെ ഗണ്യമായ രീതിയിൽ കൊണ്ടുവന്നവർ കൂടിയാണ്. ഈ വംശീയ സാംസ്കാര മേധാവിത്വ ആശയം വിവേകാനന്ദൻ കൂടുതൽ വികസിപ്പിക്കുമായിരുന്നു, അങ്ങനെ ആര്യൻ പ്രതിഭകളെ പുനർസ്ഥാപിക്കുകയും അതിനെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പ്രതിഷ്ഠിക്കാനും അദ്ദേഹം ആശിച്ചു, മറ്റു ഇന്ത്യൻ പരിഷ്കർത്താക്ക ളെപ്പോലെ വിവേകാനന്ദ തന്റെ പ്രചാരണ പ്രവർത്തനങ്ങൾ സ്വദേശമുഖത്ത് മാത്രം ഒതുക്കിയില്ല, മറിച്ച് വിദേശത്തേക്കും കയറ്റിയയച്ചു. കാലി ഫോർണിയ, ഷിക്കാഗോ എന്നിവിടങ്ങളിലെ സാമൂഹിക രക്ഷാധികാരികൾക്കു മുന്നിലായിരുന്നു വംശീയവാദത്തിൽ ഊന്നിക്കൊണ്ടുള്ള തന്റെ ആര്യൻ ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ അദ്ദേഹം ആദ്യമായി സവിസ്തരം അവതരിപ്പിച്ചത്. അവർ വിപണനം ചെയ്തുകൊണ്ടിരിക്കുന്ന വർണ നകളിൽ വശീകൃതരായ പാശ്ചാത്യരിൽ ഈ വിവരണം വേണ്ടവിധം പ്രവർത്തിച്ചു. തൽസ്ഥിതിയിലെ പരിഷ്കരണത്തെ നിരാകരിക്കുന്നതിനെ മറയിടുന്ന ഒന്നായിട്ടാണ് തിലകിനെപ്പോലെ വിവേകാനന്ദനും ആര്യൻ ഭൂതകാല സംവാദത്തെ യാഥാസ്തികതയുടെ കപടവേഷത്തിൽ സ്വീ കരിച്ചത്. ആര്യൻ ഇന്ത്യയെന്ന ഇന്ത്യൻ മഹത്വവൽക്കരണത്തിലെ ഈ മിത്ത് നിർമാണത്തിന്റെ ഒരേയൊരു ഗുണഭോക്താവ് ശരിക്കും ആര്യ ന്മാരുടെ പിന്തുടർച്ചക്കാരായ ബ്രാഹ്മണ വംശമാണെന്നത് വ്യക്തമാണ്.

എന്തായാലും, ആര്യൻ അധിനിവേശമെന്ന ചരിത്രദർശനത്തിനകത്ത് താഴ്ന്നജാതികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ സ്ഥാപിക്കാൻ മുൻ കാലങ്ങളിലെ ഈ വക സിദ്ധാന്തങ്ങളെ പുനർവ്യാഖ്യാനിക്കേണ്ടതിന്റെ ആവശ്യകത അംബേദ്കറും ഫൂലേയും തിരിച്ചറിഞ്ഞിരുന്നു. സംസ്കാര ത്തെ അതിന്റെ ഉപസംസ്കാരം കൊണ്ട് നിർവചിക്കാൻ ആര്യൻ അധിനിവേശ സിദ്ധാന്തത്തെ പുനർവായിച്ചുകൊണ്ടാണ് ഫൂലെ അതിനു തുട
ക്കം കുറിച്ചത്. കുത്തക ജാതിയിലെ മത സാമൂഹിക പരിഷ്കർത്താക്കൾ തരംതാഴ്ത്തി മാറ്റിനിർത്തിയ അതേ ജനതയുമടങ്ങിയതാണ് ദേശീയ സംസ്കാരമെന്ന് സ്ഥാപിച്ചുകൊണ്ട് ഫൂലെ ആര്യൻമിത്തിനെ പൊളിച്ചെഴുതി. പാശ്ചാത്യ ഓറിയന്റലിസ്റ്റുകളും ബ്രാഹ്മണ പരിഷ്കർത്താക്കളും കൂടി ആര്യന്മാർക്ക് ചാർത്തിക്കൊടുത്തിട്ടുള്ള പ്രഭാവവും നന്മയും അതേ പോലെയെടുത്ത് താഴ്ന്നജാതിക്ക് മേൽ പുനസ്ഥാപിച്ചുകൊടുത്തു കൊണ്ട് ആര്യൻമിത്തിനെ കുലീനരുടെ നേർക്കുതന്നെ തിരിച്ചടിച്ചു. ഒരു ആര്യൻ സുവർണകാലമെന്ന സങ്കൽപത്തിൽ ആകർഷിക്കപ്പെടുന്നതിനു പകരം ഫൂലെ ഒരു ബദൽ പുരാണകാലം – ബാലി രാജാവിന്റെ ഭരണത്തിലെ അനാര്യൻ സുവർണ കാലഘട്ടം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്തു. അതിലേറെ പ്രധാനമായി ഒരുടോപ്യൻ ഇന്ത്യൻ പുരാണത്തെ വെല്ലുവിളിച്ചുകൊണ്ട് ചർച്ചയിലേക്ക് യുക്തിയുടെ പുതിയ തലം ഫൂലെ അവതരിപ്പിച്ചു. അതുവഴി ബ്രാഹ്മണ പരിഷ്കർത്താക്കളുടെ ആധിപത്യപരമായ പദ്ധതികളെ ആര്യൻ നവോത്ഥാനം എങ്ങനെ മറച്ചുപിടിച്ചുവെന്ന് ഫൂലെ വെളിപ്പെടുത്തി.

ഫൂലെ നിർത്തിവെച്ചിടത്ത് നിന്നും ബി ആർ അംബേദ്കർ തന്റെ ദൗത്യം തുടങ്ങുന്നു. ആര്യൻ സ്വത്വത്തിന്റെ ഉറവിടമായി വേദങ്ങൾ എത്രത്തോളം ആധികാരികമാണെന്ന ചോദ്യത്തോടെ അംബേദ്കർ ആരംഭിക്കുന്നു. അദ്ദേഹം അതിന്റെ പ്രാമാണികതയെയും അപ്രമാദിത്വത്തെയും സംശയിക്കുകയും ആര്യന്മാരുടെ വംശീയമായ ചിത്രീകരണത്തെയും നിഷേധിക്കുകയും ചെയ്തു. അതുപോലെ അക്ഷരജ്ഞാനമുള്ള കുത്ത കജാതിയുടെ ആവശ്യങ്ങൾ സാധ്യമാക്കാൻ പ്രയോജനപ്പെടുന്ന രീതിയിലുള്ള, വേദാടിസ്ഥാന സാമൂഹിക പരിഷ്കരണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ആര്യന്മാരുമായി ബന്ധപ്പെട്ട എല്ലാ വിധ വിശേഷാധികാര ജാതി-ഹിന്ദു അനുമാനങ്ങളും ബ്രാഹ്മണ മേൽക്കോയ്മയെയും അബ്രാഹ്മണീയർക്കു മേൽ അവർക്കുള്ള യജമാനത്വത്തെയും ന്യായീകരിക്കാനും ബ്രാഹ്മണ ധാർഷ്ട്യത്തെ തൃപ്തിപ്പെടുത്താനും ആസൂത്രണം ചെയ്ത ഒരു തന്ത്രം മാത്രമായിരുന്നുവെന്നും അംബേദ്കർ ഉപസംഹരിച്ചു. തങ്ങളുടെ ആര്യ വിരുദ്ധ ചർച്ചകളിൽ അംബേദ്കറും ഫൂലേയും ചരിത്രത്തിന്റെ കുലീന മിത്തായി ക്രമപ്പെടുത്തിയിട്ടുള്ള ഹിന്ദു നവോത്ഥാനത്തിനുമേൽ ഉത്പതിഷ്ണുവായ വിമർശനം തൊടുത്തുവിട്ടു.

ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്ന സ്വത്വ നിർമാണമെന്ന് പറയുന്നത് ശരിക്കും മിത്തികമാണ്, അത് നരവംശ ശാസ്ത്രാടിസ്ഥാനത്തിലുള്ളതോ സാഹിത്യ സംസ്കാരത്തിന്റെ ഭാഗമായോ ഉള്ളതല്ല. മറിച്ച് ഒരു സാങ്കൽപിക ശാസ്ത്രയുഗത്തിലും അർധ മിത്തിക സ്വഭാവമുള്ള ചിന്താ രീതികളെയും ആവിഷ്കരണത്തെയും ആശയവിനിമയത്തെയും തുടർച്ചയായി ആശ്രയിച്ചുകൊണ്ടുള്ള അസ്തിത്വമാണ് അവർ മനുഷ്യരാശിക്കു മേൽ നിഷ്കർഷിക്കുന്നത്. മിത്ത് എന്നത്കൊണ്ട് ഒരു കാവ്യാത്മക അർത്ഥമല്ല ഞാനുദ്ദേശിച്ചിട്ടുള്ളത്,മറിച്ച് ഗദ്യാത്മകവും വിരസവുമായ അർ ത്ഥത്തിലാണ്. പലപ്പോഴുമത് അശ്ലീലപരവും ഉപയുക്തത പരവുമാണ്. ഒരു കൂട്ടായ പ്രാതിനിധ്യമെന്ന നിലയിലും മിത്തിനെ മനസ്സിലാക്കാവുന്നതാണ്. ജർമൻ ഫിലോസഫറായ ഏണസ്റ്റ് കാസിയർ സിദ്ധാന്തിച്ചതു പോലെ നിലനിന്നിരുന്ന സാമൂഹ്യസ്ഥാപനങ്ങളെ രേഖപ്പെടുത്തുകയും സാധൂകരിക്കുകയുമാണ് അവയുടെ ലക്ഷ്യം. കാസിയർ തന്റെ മിത്ത് ഓഫ് ദി സ്റ്റേറ്റിൽ (1946) യുക്തിരഹിതമായ പലതിനെയും മിത്തുപയോഗിച്ച് മഹത്വവൽകരിക്കുന്നതിന്റെ സർവത്രിക വിവക്ഷകളെക്കുറിച്ചുള്ള തന്റെ ഉത്കണ്ഠ പങ്കുവെക്കുന്നുണ്ട്. ചരിത്രം വ്യക്തിപരതക്ക് ഊന്നൽ നൽകുമ്പോൾ മിത്ത് പ്രതീകമായി പ്രാപഞ്ചികതയെ ഉയർത്തിപ്പിടിക്കുന്നുവെന്ന് വിലയിരുത്തിയ തന്റെ സമകാലികരെ കാസിയർ വിമർശിച്ചു. യുക്തിയാലും ചരിത്രത്താലും വിമർശിക്കപ്പെടാത്ത പ്രാപഞ്ചികാർഥത്തെ മിത്തെന്ന മണ്ഡലത്തിൽ തിരയുകയെന്ന അപകടം അതിലുണ്ടെന്നും, പ്രത്യേകിച്ചും ഒരു രാഷ്ട്രീയ മാറ്റം സാധ്യമാക്കാൻ വേണ്ടി അതിന്റെ സ്വാധീനം പ്രയോജനപ്പെടുത്തുന്നിടത്തു വരെ എത്തിനിൽക്കുന്ന സാഹചര്യത്തിലുണ്ടെന്ന് കാസിയറിനു ബോധമുണ്ടായിരുന്നു. മിത്തിൽ അയുക്തതയെ പൊലിപ്പിച്ച് കാണിക്കുകയെന്നത് രാഷ്ട്രീയത്തിൽ അയുക്തതയെ ബലപ്പെടുത്തുകയെന്ന അതേ രോഗത്തിന്റെ ലക്ഷണമായിരുന്നു. ആര്യന്മാരുമായി ബന്ധപ്പെട്ട മിത്തുകളെ എങ്ങനെയാണ് ഇന്ത്യക്കാരും യൂറോപ്പ്യന്മാരും തങ്ങളുടെ വിവിധ പരിഷ്കരണങ്ങളിലും ദേശീയവാദ പദ്ധതികളിലും പ്രയോജനപ്പെടുത്തിയതെന്ന മിത്തിന്റെ അടിവശമാണ് ഇവിടെ പരിശോധിച്ചിരിക്കുന്നത്. ഫലമായുണ്ടായ നിഗമനം ദൗർഭാഗ്യവശാൽ രണ്ടിടത്തും ഒന്നു തന്നെയായിരുന്നു. നിങ്ങളുടേത് ആര്യ രക്തമല്ലെന്നുണ്ടെങ്കിൽ നിങ്ങൾ പരിഷ്കൃതരാവില്ലെന്നു മാത്രമല്ല, ആര്യരല്ലാത്തവർ നിർവീര്യമാക്കപ്പെടുകയോ അല്ലെങ്കിൽ ഉന്മൂലനം ചെയ്യപ്പെടണമെന്നു പോലുമുണ്ടായിരുന്നു. ഫൂലെയും അംബേദ്കറും ആര്യൻമിത്തിൽ അന്തർലീനമായിട്ടുള്ള അപകടത്തെ അന്നേ തിരിച്ചറിയുകയും അതിനെ വെല്ലുവിളിക്കുകയും അനാവരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് ഡോറൊത്തി ഫി​ഗേറ ഈ ​ഗ്രന്ഥത്തിന്റെ രചനാ വേളയിൽ ചിന്തിക്കാത്തതും ഇന്ത്യൻ രാഷ്ട്രീയത്തിൽ സമകാലികമായി രൂപപ്പെട്ടതുമായ രാഷ്ട്രീയ സംവിധാനത്തെ സംബന്ധിച്ച പ്രവചനാത്മക സ്വഭാവമുള്ള ആശങ്കകൾ സമകാലിക ഇന്ത്യൻ അവസ്ഥയിൽ യാഥാർത്ഥ്യമായതിനെ സംബന്ധിച്ച് വിസ്മയം കൂറുന്നു. ​ഗവേഷണ കാലത്ത് ഇന്ത്യയിൽ നിന്ന് നേരിട്ട ചില അനുഭവങ്ങളും അവലോകനം ചെയ്ത ശേഷം അവർ തുടർന്നെഴുതുന്നു:

ഒരുപാട് സംസ്കൃത പ്രമാണ സ്രോതസ്സുകൾ വായിക്കേണ്ടതായുള്ള, സ്വത്വത്തെ കുറിച്ചുള്ള പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലെ ആര്യൻ മിത്തുകൾ ക്രോഡീകരിച്ച് താരതമ്യ പഠനം നടത്തുന്നൊരാൾ മാത്രമായിരുന്നു ഞാൻ. പക്ഷേ എന്റെ പുസ്തകം ഒന്നുകൂടി വായിച്ചുകൊണ്ട് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഞാൻ ആശ്ചര്യപ്പെടുകയാണ്. ആര്യൻ മിത്ത് ഇത്ര അനായാസം വീണ്ടെടുക്കപ്പെടുമെന്ന് ഈ വാള്യം എഴുതുമ്പോഴും ഞാൻ മനസ്സിൽ കരുതിയതല്ല.

ആര്യൻ മിത്തിന്റെ പ്രയോ​ഗവും സാധൂകരണവും സമകാലിക ഇന്ത്യൻ യാഥാർത്ഥ്യമാണെന്നിരിക്കെ ഈ ​ഗ്രന്ഥം നൽകുന്ന മുന്നറിയിപ്പുകൾക്ക് തീർച്ചയായും പ്രസക്തിയേറെയാണ്. ഇന്ത്യാ ചരിത്രത്തെ വളർത്തിയെടുക്കുന്നതിൽ ആര്യൻ മിത്തിന്റെ പങ്ക് എന്താണെന്ന് അന്വേഷിക്കുന്ന ഈ ​ഗ്രന്ഥം രണ്ട് ഭാ​ഗങ്ങളായാണ് വിഭജിക്കപ്പെട്ടിട്ടുള്ളത്. ആദ്യ ഭാ​ഗത്തിന് ശീർഷകം നൽകിയിട്ടുള്ളത് അസാന്നിധ്യത്തിലെ പാഠത്തിന്റെ അധികാരം എന്നാണ്. ഈ ഭാ​ഗത്തെ പ്രധാന ശീർഷകങ്ങൾ ആര്യന്റെ ജ്ഞാനോദയ ഓർയന്റലിസ്റ്റ് വ്യവഹാരങ്ങൾ, കാൽപനിക ആര്യന്മാർ, നീത്ഷെയുടെ ആര്യൻ അതിമാനുഷൻ, അയഞ്ഞ കാനൂനുകൾ തുടങ്ങിയവയാണ്. ഇതിൽ ഓരോ ശീർഷകത്തിന് കീഴിലും ഉപശീർഷകങ്ങളുമുണ്ട്. രണ്ടാം ഭാ​ഗം റാം മോഹൻ റോയ് പരിഷ്കരണത്തെ വായിക്കുമ്പോൾ എന്ന ശീർഷകത്തിലാണ് ആരംഭിക്കുന്നത്. തുടർന്ന് ആര്യൻ സ്വത്വത്തെ ദയാനന്ദ സരസ്വതി പുനർനിർമ്മിക്കുന്നു, ആര്യൻ സ്വത്വവും ​ദേശീയാഭിമാനവും, പ്രതിമിത്ത് എന്നിങ്ങനെയുള്ള ശീർഷകങ്ങളുമുണ്ട്. ഇവക്കിടയിലും ഉപശീർഷകങ്ങളിലൂടെ കൂടുതൽ വിശദാംശങ്ങൾ നൽകുന്നുണ്ട്. ആകെ 336 പേജുകളുള്ള ഈ ​ഗ്രന്ഥം 350 രൂപയാണ് മുഖവില.
വംശീയതയും വരേണ്യതയും വിശുദ്ധ പരിവേശത്തോടെയുള്ള ശ്രേഷ്ഠതാ ഭാവങ്ങളുമെല്ലാം കേവല മിത്തുകളിൽ മാത്രം വേരുകളുള്ള പാഴ് ചെടികളാണെന്നും ചരിത്രത്തിന്റെ വിവിധ സന്ദർഭങ്ങളിൽ ആവിർഭവിക്കുകയും കുമിളകളുടെ ആയുസ്സിൽ മാത്രം നിലനിന്ന് തിരോഭവിക്കുകയും ചെയ്ത പ്രതിഭാസങ്ങളാണെന്നതും ചരിത്രാനുഭവമാണ്. അപര സ്വത്വങ്ങളോട് പ്രവർജക ഭാവം പ്രകടമാക്കുന്ന ഏതൊരു മിത്തും സിന്താന്തവും വ്യാജമാണെന്നും മനുഷ്യന്റെ ഏകതയും സാഹോദര്യബന്ധവും അനുഭാവപൂർണ്ണമായ അപരോന്മുഖത്വവുമാണ് മനുഷ്യന്റെ യാഥാർത്ഥ്യങ്ങളുമായി താദാത്മ്യപ്പെടുന്നതെന്നും തിരിച്ചറിയുമ്പോൾ എല്ലാ വംശീയ, വരേണ്യ സിദ്ധാന്തങ്ങളും തിരോഭവിക്കുന്നു. ഈ ​ഗ്രന്ഥപാരായണത്തിലൂടെ ഒടുവിലെത്തേണ്ടതും ഈ തിരിച്ചറിവിലേക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy