ഉസ്മാൻ മാരാത്ത്:
ഈ മണ്ണിൽ
എന്റെ വേര് ആഴത്തിലേക്ക് പടർന്നിരിക്കുന്നു …
എത്രമാത്രം എന്ന് ചോദിക്കരുത്..!
എന്റെ ഉടലിന്റെ കരുത്തിലൂടെ,
എന്റെ ശിഖരങ്ങൾ കാറ്റിനെ തടയിടുന്നതിലൂടെ
ഏതു വേനലിനേയും അതിജീവിക്കാനുള്ള കെൽപ്പിലൂടെ..
നിനക്ക് അളന്നുനോക്കാം എന്റെ വേരുകളെ.
എന്നെ വെട്ടാനോങ്ങുന്ന നിന്റെ മഴുവിന്റെ പിടിയോട് ചോദിക്കുക
എന്റെ വേരുകളെ പറ്റി…
എന്റെ ശിഖരമായിരുന്നപ്പോൾ അവനെ ഊട്ടിയതും എന്റെ വേരുകളല്ലേ ..
എന്റെ വിത്തുകളിൽ കരുത്തിന്റെ നീര് നിറക്കപ്പെട്ടിരുന്നു..
എന്റെ വേരുകളിൽ പടരുന്നതും ആ നീര് തന്നെ!
എന്നെ മുറിച്ചെടുത്ത കുറ്റിയിൽ നിന്നും,
ഒരായിരം മുളകൾ ഉയർന്നു വന്ന് ഒരു കാടായി നിന്നെ മൂടും…
അപ്പോൾ നീ അറിയും നീര് വറ്റാത്ത എന്റെ വേരിന്റെ മണം.