ഗുരുമൊഴികൾ:
സാലിക്:
ആത്മജ്ഞാനികളായ ഗുരുവര്യന്മാർ ലളിതമായ വാക്കുകളിൽ വലിയ ആശയ ലോകങ്ങൾ തുറന്നു തരുന്നവരാണ്. പുറമെ അവരുടെ വാക്കുകളിൽ പലതും നമുക്കറിയാവുന്ന കേവല അറിവുകളും വിവരങ്ങളുമൊക്കെയാവാമെങ്കിലും അകമേ ആ വാക്കുകൾ നമ്മുടെ അകത്തുള്ള നിരവധി പ്രതിഷ്ഠകൾ തച്ചുടക്കുന്നതും ആന്തരിക ദൂഷ്യങ്ങളുടെ മുൾപ്പടർപ്പുകൾ വകഞ്ഞുമാറ്റി തെളിച്ചവും പ്രശാന്തതയും പകർന്നു നൽകുന്നതുമായിരിക്കും.
പൊതുവെ വിശ്വാസികളെല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും അല്ലാഹുവാണ് എന്നത്. തന്റെ സൃഷ്ടിപ്പിനെ കുറിച്ചും അതിന്റെ കാര്യകാരണ ബന്ധങ്ങളെ കുറിച്ചും ചിന്തിക്കുന്ന ഒരുവന് ഇത് കേവല അറിവും വിശ്വാസവും മാത്രമല്ലാതെ ഒരനുഭവമായി മാറുന്നുണ്ട്. എന്നാൽ ഈ അനുഭവത്തിലും തിരിച്ചറിവിലുമാവണം തന്റെ ജീവിതം എന്ന കാര്യത്തിൽ ഒട്ടുമിക്ക പേരും അശ്രദ്ധയിലാണ്. ഇങ്ങനെ അശ്രദ്ധയിലുള്ളവരെ ഉണർത്താൻ അല്ലാഹുവിന്റെ ഔലിയാക്കളായ ആത്മ പ്രകാശം സിദ്ധിച്ച മഹത്തുക്കൾ തങ്ങളുടെ സംബോധിതർക്ക് സ്വന്തം യാഥാർത്ഥ്യങ്ങളിലേക്ക് നോക്കാനുള്ള കണ്ണാണ് തുറന്നുകൊടുക്കുന്നത്. ഏത് അന്ധനും ഉൾക്കണ്ണ് തുറക്കുന്ന വിധം മഹാനായ എന്റെ സ്നേഹഗുരു ബഹുമാനപ്പെട്ട ശൈഖുനാ കുറ്റിക്കാട്ടൂർ ഉസ്താദ് അൻവാറുല്ലാഹ് ശാഹ് (ത്വ.ഉ) എനിക്കും നിങ്ങൾക്കും സ്വന്തത്തെ കുറിച്ച തിരിച്ചറിവ് പകരുന്ന താഴെ ഉദ്ധരിക്കുന്ന മൊഴിമുത്തുകൾ ശ്രദ്ധിക്കുക:
”ആദം നബി(അ) മിനെ അല്ലാഹു ഈ ഭൂമിയിൽ സൃഷ്ടിച്ചത് മുതൽ ആദ്യമായി അവർക്ക് പഠിപ്പിച്ചു കൊടുത്തത് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയിലെ പൊരുളുകളാണ്. ഈ കലിമയാണ് അടിമയെയും ഉടമയായ റബ്ബിനെയും പരസ്പരം ബന്ധിപ്പിക്കുന്നത്. പരസ്പരമുള്ള തിരിച്ചറിവ് ഈ
കലിമയിൽ നിന്നാണുണ്ടാവുക. ഈ കലിമയിൽ സ്വന്തത്തെ അറിയുക അല്ലാഹുവിനെ അറിയുക എന്ന പാഠമുണ്ട്. അല്ലാഹുവിന്റെ തിരിച്ചറിവ് എന്നാൽ എന്താണ്, അഥവാ അല്ലാഹു ആരാണ്? സ്വയത്തെ തിരിച്ചറിയുക എന്നാൽ എന്താണ്, അഥവാ ഞാൻ ആരാണ്? ഈ വിഷയങ്ങളാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയിൽ ചർച്ച ചെയ്യുന്നത്. അതുമനസ്സിലായാൽ അടിമ പറയും: “ഞാൻ മഅ്ബൂദല്ല(ആരാധ്യനല്ല), മഅ്ബൂദ്(ആരാധ്യൻ) അല്ലാഹു മാത്രമാണ്. ഒരു സൃഷ്ടിയും ആരാധനക്കർഹതയുള്ളതോ ആവശ്യങ്ങൾ പൂർത്തീകരിച്ച് തരുന്നതോ അല്ല, അല്ലാഹു മാത്രമാണ് ആരാധനക്കർഹതയുള്ളവനും ആവശ്യങ്ങളെ പൂർത്തീകരിച്ച് തരുന്നവനും.” ഈ കാര്യത്തിലുള്ള തസ്ദീഖും യഖീനും കലിമ മനസ്സിലായാൽ നമുക്കുണ്ടാകും. ഈ കലിമ എത്രത്തോളം നാം മനസ്സിലാക്കുന്നുവോ അത്രത്തോളം അമലും
ശുഗ് ലും അതിലുണ്ടായി തീരുക എന്നത് വളരെ പ്രധാനമാണ്. കൂടുതൽ പഠിക്കുക എന്നതല്ല നമ്മുടെ വിജയത്തിന്റെ അടയാളം. എത്രത്തോളം അറിവ് നമ്മളിൽ വന്നു ചേരുന്നുവോ അത്രത്തോളം നാം അതുകൊണ്ട് ഫലപ്രദരാവണം. അത് നാഫിഅ് (പ്രയോജനം സിദ്ധിക്കുന്നത്) ആയി മാറണം. ഏതെല്ലാം രംഗങ്ങളിൽ ആ ഇൽമിന്റെ ഉപകാരം നമുക്ക് ലഭിക്കേണ്ടതുണ്ടോ അവിടെയെല്ലാം അത് ലഭ്യമാവണം. ആസാറിന്റെ(സൃഷ്ടികളുടെ കാണപ്പെടുന്ന ഈ ബാഹ്യരൂപം, അടയാളം, ദൃഷ്ടാന്തം എന്നൊക്കെ ആസാറിന് അർത്ഥ കൽപന നൽകാമെങ്കിലും സൂഫി സാങ്കേതിക പദാവലികളിലെ ഇത്തരം ചില പ്രയോഗങ്ങൾ ഒരു തർബിയത്തിന്റെ ശൈഖിനെ(ഗുരുവിനെ) അനുസരണ പ്രതിജ്ഞ ചെയ്ത് അവരിൽ നിന്ന് പടിപടിയായി ലഭിക്കുന്ന അറിവും അനുഭവങ്ങളും നേടി സഞ്ചരിക്കുമ്പോഴാണ് യഥോചിതം ഗ്രഹിക്കാനാവുകയുള്ളൂ. അങ്ങനെ ജീവിതം സമർപ്പിച്ച് നേടിയെടുക്കുമ്പോൾ മാത്രമേ ഈ അറിവ് ഫലപ്പെടുകയുള്ളൂ) മേഖലയിലെ സ്വയത്തെ അറിയുക എന്നത്, എനിക്ക് മിൽക്കിയത് (ഉടമാവകാശം) ഇല്ല എന്നതാണ്. ഇതാണ് കലിമയിലെ ഒന്നാമത്തെ പാഠം. ഇത് വലിയ ഇൽമാണ്. ഈ വാക്കുകൾ മഹാന്മാരായ
ഔലിയാക്കളുടെ ചുണ്ടുകളിലൂടെ വന്നതും അവരുടെ ഹൃദയങ്ങളിൽ എത്രയോ കാലം വസിച്ചതും അവർ അതുകൊണ്ട് ആവേണ്ടതൊക്കെ ആയതുമായ ഇൽമുകളാണ്. ഈ വാക്കുകളിൽ അവർ ഒരുമിച്ചു കൂട്ടിയിട്ടുള്ളത് ഖുർആനിന്റെ തന്നെ സാരത്തെയും കാമ്പിനെയുമാണ്.
മനുഷ്യൻ മരണപ്പെട്ടാൽ അവന്റെ എല്ലാ കാര്യങ്ങളും അവസാനിക്കും. മൂന്ന് കാര്യങ്ങളൊഴികെ. അതിലൊന്നാണ് നാഫിഅ് ആയ ഇൽമ് (പ്രയോജനപ്രദമായ വിജ്ഞാനം). അതിൽ പെട്ടതാണ് നാമിവിടെ ചർച്ച ചെയ്യുന്ന ഇൽമ്. മിൽകിയത്ത് എന്ന വാക്കിന്റെ അർത്ഥം ഉടമാവകാശം എന്നാണ്. ആസാറിൽ സ്വന്തത്തെ അറിയുക എന്ന് പറഞ്ഞാൽ എനിക്ക് ഉടമാവകാശം ഇല്ലാ എന്നാണ് അതിന്നർത്ഥം. അപ്പോൾ പിന്നെ എനിക്കെന്താണുള്ളത്? എനിക്ക് കൈവശാവകാശം മാത്രമേ ഉള്ളൂ. കൈവശാവകാശത്തിന് പറയുന്ന പേരാണ് അമാനത്ത്. അപ്പോൾ എനിക്ക് മിൽകിയത്ത് ഇല്ല, അമാനത്ത് മാത്രമേ ഉള്ളുവെന്നത് സ്ഥിരപ്പെട്ട യാഥാർത്ഥ്യമാണ്. ആസാറിൽ അല്ലാഹുവിനെ അറിയുക എന്ന് പറഞ്ഞാൽ എന്താണ്? അല്ലാഹുവിന് മാത്രമാണ് മിൽക്കിയത്ത് (ഉടമാവകാശം) എന്ന് അറിയലാണ്. അവനെപ്പോലുള്ള ഒരു വസ്തുവും ഇല്ല(അശ്ശൂറാ: 11) എന്ന ആയത്തിന്റെ അർത്ഥം ഇവിടെ വ്യക്തമാകുന്നുണ്ട്. ഈ ആയത്തിൽ പറയപ്പെട്ട വസ്തുക്കളിൽ താനും ഉൾപ്പെടുന്നു. ഞാൻ അല്ലാഹുവിനെ പോലെയല്ല, എനിക്ക് മിൽക്കിയത്തില്ല(ഉടമാവകാശം), അല്ലാഹുവിന്നാണ് മിൽക്കിയത്ത്. എനിക്കും മിൽക്കിയത്തുണ്ട് അല്ലാഹുവിനും മിൽക്കിയത്തുണ്ട് എന്ന് പറയുമ്പോൾ താൻ അല്ലാഹുവിനെ പോലെയാണ് എന്നു വരും. അപ്പോൾ അവിടെ ശിർക്ക് വരും. എനിക്ക് മിൽക്കിയത്ത് ഇല്ല എന്ന് നാം പറയുമ്പോൾ താനുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വസ്തുവിനെ മനസ്സിൽ ഹാജരാക്കിക്കൊണ്ട് പറയണം. ശരീരം, ശരീരാവയവങ്ങൾ, കുട്ടികൾ, ഭാര്യ, മാതാപിതാക്കൾ, താൻ പാർക്കുന്ന വീട്, തന്റെ സ്വത്തുക്കൾ ഇതിലൊന്നും എനിക്ക് മിൽക്കിയത്തില്ല എന്നറിയണം. ഓരോ വസ്തുവിനെയും മനസ്സിൽ ഹാജരാക്കിക്കൊണ്ട് അതിൽ നിന്നൊക്കെ തന്റെ മിൽക്കിയത്തിനെ (ഉടമാവകാശം) നിരാകരിക്കണം. ഇതാണ് കലിമയുടെ പ്രാരംഭ അമല്. ഇത് ഒരു തവണയെങ്കിലും നാമുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളെയും ഖൽബിൽ ഹാജരാക്കി നാം ചെയ്തു തീർക്കണം. ഈ പറയപ്പെട്ട കാര്യങ്ങളെല്ലാം നമ്മുടെ മനസ്സിൽ നാം പ്രയത്നിക്കാതെ തന്നെ നിരന്തരമായ സാന്നിധ്യമാണല്ലോ? അവയിലൊന്നും തന്നെ തനിക്ക് മിൽക്കിയത്ത് ഇല്ല എന്ന നിരാകരണം നാം നടത്തണം. അപ്പോൾ ശത്രുവായ പിശാച് തോറ്റുപിന്മാറും. നിസ്കാരത്തിൽ താനുമായി ബന്ധപ്പെട്ട വസ്തുക്കൾ മനസ്സിൽ കടന്നു വരുമ്പോൾ, അതിൽ എനിക്ക് മിൽക്കിയത്ത് (ഉടമാവകാശം) ഇല്ല എന്ന ഇദ്റാക് കൊണ്ടു വരിക. ഈ വസ്തുക്കളുമായി ബന്ധപ്പെട്ട ഉത്ക്കണ്ഠകളും വിചാരങ്ങളുമാണ് ശത്രുവായ പിശാച് ഖൽബിൽ കൊണ്ടു വരിക. അല്ലാഹുവാണ് മാലിക് (ഉടമ) എന്ന ഇദ്റാക് ശൈഖിൽ നിന്നാണ് ലഭിക്കുന്നത്. അത് പിശാചു കൊണ്ടുവരുന്നതുമായി ഇടിക്കുമ്പോൾ അവൻ തോറ്റ് പിന്മാറും. അങ്ങിനെ അല്ലാഹുവിനെക്കുറിച്ച ഖൗഫും ഖശിയ്യത്തും (ഭയഭക്തി) അനസ്യൂതമായി(ജാരിയ്യ) തീരും. അങ്ങനെ അവനോടുള്ള മുഹബ്ബത്തും(പ്രേമം) നമ്മിൽ നിറയും.
ഇവിടെ അല്ലാഹുവിന്റെ ഹിക്മത്ത് നോക്കുക. നിസ്കാരത്തിൽ കൈകെട്ടിക്കഴിഞ്ഞാൽ പിന്നെ മനസ്സിൽ അല്ലാഹു അല്ലാത്തതിനെക്കുറിച്ച വിചാരം ഉണ്ടാവാൻ പാടില്ല എന്ന് പറയുന്നുണ്ട്. എങ്ങിനെയാണ് ഇത് സാധിക്കുക? അതിന്റെ ഉത്തരമിങ്ങനെയാണ്. മാസ്വിവല്ലായുടെ(അള്ളാഹു അല്ലാത്തതിന്റെ അഥവാ സൃഷ്ടികളുടെ ഓർമ്മ ഖൽബിൽ വന്നുകൊണ്ടേയിരിക്കും. അല്ലാഹു അറിഞ്ഞുകൊണ്ട് തന്നെയാണ് അവ വന്നുകൊണ്ടിരിക്കുന്നത്. അപ്പോൾ താനും തന്റെ മനസ്സിൽ വരുന്നതുമെല്ലാം അവന്റെ മിൽക്കാണെന്നും അവയിലൊന്നും തന്നെ തനിക്ക് മിൽക്കിയത്ത് ഇല്ല എന്നും തിരിച്ചറിഞ്ഞ് അവയിൽ നിന്ന് താൻ ഒഴിഞ്ഞാൽ തന്റെ നിസ്കാരം പരിപൂർണമായി. അപ്പോൾ നിസ്കാരത്തിൽ ഈ ചിന്തകൾ വന്നതു തന്നെ നിസ്കാരത്തിന്റെ പൂർത്തീകരണത്തിന് ഒരു കാരണമായിത്തീർന്നു. തുടർന്ന് ഇതിൽ നിന്ന് മുന്നോട്ടു കടന്ന് പരിപൂർണമായി ഹഖിൽ ലയിച്ചിട്ടുള്ള നിസ്കാരത്തിലേക്ക് താൻ കടന്നു ചെല്ലും. അതിന് ആദ്യം ഈ കാടും മുൾപടർപ്പുകളും വെട്ടിത്തെളിക്കണം. അല്ലെങ്കിൽ പിന്നെ, “നിസ്കാരത്തിൽ അല്ലാഹു അല്ലാത്ത വിചാരങ്ങൾ വരാൻ പാടില്ല” എന്നിങ്ങനെ പറയാമെന്നല്ലാതെ ആ പറയുന്ന ആൾക്ക് തന്നെ ആ അവസ്ഥ ലഭിക്കുകയില്ല. ലോകത്തുള്ള ഏത് വലിയ യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കപ്പെടാത്ത നാഫിഅ് ആയ ഇൽമാണ് മശാഇഖാരുടെ ഖാൻഗാഹുകളിൽ നിന്ന് നാം പഠിക്കുന്നത്. എനിക്ക് മിൽക്കിയത്ത് ഇല്ല എന്ന ഈ ഇൽമ് അറിയേണ്ട ക്രമത്തിൽ അറിഞ്ഞ് അതുകൊണ്ട് ഉണ്ടാവേണ്ട അവസ്ഥകൾ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ അവൻ തന്നെയാണ് ലോകത്തിലെ രാജാവ്. അത്രയും ഐശ്വര്യത അല്ലാഹുവിന്റെ മിൽക്കിയത്തിനെക്കുറിച്ചുളള ഈയൊരു ബോധം അവനിൽ ഉളവാക്കും. സർവ്വ സൃഷ്ടികളിൽ നിന്നും ഇവൻ ഐശ്വര്യവാനാകും. എന്ന് ഈ ഐശ്വര്യം സിദ്ധിച്ചുകൊണ്ട് അല്ലാഹു അല്ലാത്തതിൽ നിന്ന് അവന്റെ ഖൽബ് മുറിയുന്നുവോ അപ്പോഴാണ് ഈ ഇൽമ് അവന് നാഫിഅ് ആയി തീരുന്നത്. അതുപോലെ തന്നെ ഈ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിക്കും മിൽക്കിയത്ത് ഇല്ല. അപ്പോൾ ഇതെല്ലാം തന്റെ ഉടമസ്ഥന്റേതാണ് എന്ന് അടിമ തിരിച്ചറിയും. അപ്പോൾ ആകാശ ഭൂമികളിലുള്ളതെല്ലാം ഉടമസ്ഥൻ തനിക്ക് കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു എന്ന കാര്യം ബോധ്യമാകും. അവയൊന്നും തന്നെ യജമാനൻ തന്റെ പേരിലാക്കി തന്നിട്ടില്ല എന്നു മാത്രം. അല്ലാഹു തന്റെ അടിമയെ ഹിസാബിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. എന്നാൽ അവയെല്ലാം തന്നെ വിധേയപ്പെടുത്തി കൊടുത്തിരിക്കുന്നു. ഉദാഹരണത്തിന് ഒരു വ്യക്തി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഒരു ബസിൽ കയറി പോകുന്നു എന്ന് വിചാരിക്കുക. ആ ബസ്സ് അയാളുടെ സ്വന്തമല്ലെങ്കിൽ പിന്നെ, അതിനെക്കുറിച്ച ഹിസാബ് അയാൾക്ക് കൊടുക്കേണ്ടതില്ല. അതിന്റെ നികുതി, ടയർ മാറ്റി വെക്കൽ, ഡ്രൈവറുടെ ശമ്പളം എന്നു തുടങ്ങിയ എല്ലാകാര്യങ്ങളെക്കുറിച്ചുമുള്ള ഉത്ക്കണ്ഠകളിൽ നിന്നും അയാൾ വിമുക്തനാകും. സ്വന്തം നാട്ടിലേക്ക് ചെന്ന് ഇത്തരം മനോവ്യഥകളൊന്നുമില്ലാതെ സുഖമായി പോയി അവനു കിടന്നുറങ്ങാം. ഇങ്ങനെയല്ലാതെ തന്റെ പേരിൽ പത്തു ബസ്സുകൾ ആണ് ഉള്ളത് എങ്കിൽ ആ പത്തു ബസ്സുകളും സ്വന്തം നെഞ്ചത്തു കൂടെയായിരിക്കും ഓടുക. ഇതോർത്താൽ അല്ലാഹു, തന്നെ ബസ്സിന്റെ മുതലാളിയാക്കാതെ തന്റെ ആവശ്യങ്ങൾക്കനുസൃതമായി ബസ്സിനെ കീഴ്പെടുത്തി തന്നിരിക്കുകയാണ് എന്നത് തിരിച്ചറിയാനും അതിന് അവനോട് ശുക്റുള്ളവനാകാനും സാധിക്കും. അതെങ്ങാനും അമാനത്തായി വരികയാണെങ്കിൽ ആഖിറത്തിൽ അതിന് കണക്കു പറയാതെ അയാൾക്ക് സ്വർഗത്തിൽ പോകാൻ സാധിക്കുകയില്ല. ഇത് അല്ലാഹു ചെയ്ത വലിയ അനുഗ്രഹമാണ്. അപ്പോൾ എനിക്ക് മിൽക്കിയത്ത് ഇല്ല എന്ന് പറയുന്നതിന്റെ മറ്റൊരർത്ഥം അല്ലാഹുവിന്റെ ഉടമത്വത്തിലുള്ള പലതിനെയും എനിക്ക് കീഴ്പ്പെടുത്തി(മുസഖ്ഖർ) തന്നിരിക്കുന്നുവെന്നാണ്.”
എത്ര മനോഹരമായാണ് തൗഹീദിന്റെ ഉന്നതമായ ഒരു വിജ്ഞാനവും അതിന്റെ അനുഭവവും നമ്മുടെ പ്രിയ ജ്ഞാന ഗുരു ബഹുമാനപ്പെട്ട ശൈഖുനാ കുറ്റിക്കാട്ടൂർ ഉസ്താദ് അൻവാറുല്ലാഹ് ശാഹ് അവർകൾ നമുക്ക് പകർന്നു തരുന്നത്. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം അടിമ ഉടമ ബന്ധമാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സൃഷ്ടിയും സ്രഷ്ടാവും എന്ന ബന്ധമാണ്. സൃഷ്ടിയെ രൂപകൽപന ചെയ്യുകയും അതിനെ സൃഷ്ടിക്കുകയും ചെയ്തവന്റേതാണ് സൃഷ്ടി എന്ന കാര്യത്തിൽ നമുക്കാർക്കും അഭിപ്രായ ഭേദങ്ങളില്ല. സൃഷ്ടിച്ചവനാണ് ഉടമ എങ്കിൽ സൃഷ്ടിയായ ഈ അടിമ ഉടമയുടെ ഇഷ്ടങ്ങളെ പരിഗണിച്ചും അവന്റെ ഉടമ വസ്തുവാണ് താനും തനിക്ക് നൽകപ്പെട്ടതും എന്നും താൻ കാണുന്ന ഈ ലോകങ്ങളൊക്കെയും അല്ലാഹുവിന്റെ ഉടമ വസ്തുക്കളാണെന്നും മനസ്സിലാക്കുന്നതിൽ എന്ത് സങ്കീർണ്ണതയാണുള്ളത്? ഒരു സങ്കീർണ്ണതയുമില്ലാത്ത ഈ മൗലിക യാഥാർത്ഥ്യമാണ് നാമിന്ന് വിസ്മരിച്ചിട്ടുള്ളത്. ഈ വിസ്മൃതി കൊണ്ടാണ് മനുഷ്യർ തമ്മിൽ തമ്മിൽ രക്തം ചിന്തുന്നത്. അപരന്റെ അവകാശങ്ങൾ നിഷേധിക്കുന്നത്. രാഷ്ട്രങ്ങൾ നിതാന്ത ശത്രുതയോടെ നിഗ്രഹങ്ങൾ തുടരുന്നതുമെല്ലാം ഈ യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച വിസ്മൃതിയുടെ പ്രതിഫലനങ്ങൾ തന്നെയാണ്. വാസ്തവത്തിൽ ഗുരു നിനക്ക് തന്നെ ഇനിയും പ്രാപിക്കാനാവാത്ത നിന്നെയാണ് തൊട്ടുകാണിച്ചു തരുന്നത്. നിന്റെ പദവിയും സ്ഥാനവുമാണ് നിർണ്ണയിച്ചു തരുന്നത്.
തുടരും