നബീൽ മുഹമ്മദലി
പഴയ ദഖൻ മേഖലയിലെ പ്രമുഖമായ സൂഫി കേന്ദ്രങ്ങളായ വടക്കൻ കർണാടകയിലെ ഗുൽബർഗാ ശരീഫും ഇപ്പോഴത്തെ തെലുങ്കാന സംസ്ഥാനത്തെ ഹൈദരാബാദും സന്ദർശിച്ചതിന്റെ യാത്രാനുഭവങ്ങൾ പങ്ക് വെക്കുന്ന ലേഖനം. ചരിത്രവും വർത്തമാനവും അനുഭവങ്ങളിലൂടെ ഇഴ ചേർത്ത് പുതിയ തിരിച്ചറിവുകൾ പകരുന്ന ആഖ്യാനം.
അബ്ദുല്ഖാദിര് ഹൈദ്രാബാദി(റ) എന്ന സൂഫിവര്യനെ സംബന്ധിച്ച സ്മരണയാണ് ഒരു ഹൈദ്രാബാദ് യാത്രക്ക് പ്രേരിപ്പിച്ചത്. ഹൈദ്രാബാദില് നിന്നും ഖുല്ബര്ഗ ശരീഫിലേക്ക് ഇരുനൂറില്പരം കിലോമീറ്റര് ദൂരെമെയുള്ളൂവെന്നറിഞ്ഞപ്പോള് രണ്ടും ഒന്നിച്ചാക്കാം എന്ന തീരുമാനത്തിലായി. ചരിത്രത്തിന്റെ ഇന്നലകളില് പ്രതാപം നിറഞ്ഞ ഒരുപാട് കഥകള് പറയാനുള്ള നാടുകളാണ് ഹൈദ്രാബാദും ഖുല്ബര്ഗയുമെല്ലാം. പ്രതാപശാലികളായ മുസ്ലിംകള് ഭൂമിക്ക് മേലെ ഉണ്ടായിരുന്ന കാലഘട്ടങ്ങളില് മുസ്ലിം ഉമ്മത്തിന് അല്ലാഹു പ്രതാപമുള്ള ചരിത്രങ്ങളാണ് സമ്മാനിച്ചത്. ഈമാനും തഖ്വയും കൈമുതലാക്കിയ ഒരു നാടിന് ആകാശങ്ങളിലേയും ഭൂമിയിലേയും അനുഗ്രഹങ്ങള് അല്ലാഹു തുറന്നു കൊടുക്കുമെന്നാണല്ലോ വിശുദ്ധ ഖുര്ആനിന്റെ പ്രഖ്യാപനം. ആ പ്രഖ്യാപനത്തെ അന്വര്ത്ഥമാക്കുന്ന സംഭവങ്ങളാണ് ചരിത്രത്തിലുടനീളം നമുക്ക് കാണാന് സാധിക്കുന്നത്. ആ ചരിത്രങ്ങളുടെ ശ്മശാന ഭൂമികകളില് ഉയര്ന്നു നില്ക്കുന്ന മീസാന് കല്ലുകളാണ് ഇന്ന് നമുക്ക് കണ്ട് അനുഭവിക്കാനുള്ള ചരിത്ര ശേഷിപ്പുകള്.
അബ്ദുല്ഖാദിര് ഹൈദ്രാബാദി സൂഫി(റ)യെ സംബന്ധിച്ച് അറിയുന്നത് മഹാനായ കക്കിടിപ്പുറം ശൈഖുനായുടെ ശിഷ്യനായ എന്റെ ഗുരു അബ്ദുൽ ബാരി ഉസ്താദിൽ നിന്നാണ്. ബഹുവന്ദ്യരായ എന്റെ ഗുരുനാഥന് തളിപറമ്പിലെ മുഹമ്മദ് അബ്ദുല്ബാരി ഫൈസി അവര്കള് അവിടുത്തെ ആത്മീയ വഴികാട്ടിയായി സ്വീകരിച്ചത് കക്കിടിപ്പുറം അബൂബക്കര് മുസ്ലിയാര്(ന.മ) അവര്കളെയാണ്. കക്കിടിപ്പുറം ശൈഖ് അവര്കള് അവിടുത്തെ വിദ്യാര്ത്ഥി പ്രായത്തിലെ അനുഭവം വിവരിച്ച സംഭവം അബ്ദുല്ബാരി ഉസ്താദ് ഈയുള്ളവനോട് പറയുകയാണ്. കക്കിടിപ്പുറം ശൈഖിന്റെ വൈജ്ഞാനികവും ആധ്യാത്മികവുമായ മുഖ്യ ഗുരു ബഹുവന്ദ്യരായ അറക്കല് കുഞ്ഞിമല്ക്കാന്(ന.മ) ഉസ്താദായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ഓതിപഠിക്കുന്ന കാലം. അന്ന് മുതിര്ന്ന മുത്തഅല്ലിമീങ്ങളൊക്കെ ത്വരീഖത്ത് സ്വീകരിക്കാന് വേണ്ടി ഹൈദ്രാബാദിലേക്ക് പോകുന്നുണ്ടായിരുന്നു. അറക്കല് മൂപ്പരുടെ മകനടക്കം അക്കൂട്ടത്തില് ഹൈദ്രാബാദിലേക്ക് പോയി അബ്ദുല്ഖാദിര് ഹൈദ്രാബാദി സൂഫി(റ) യെ ബൈഅത്ത് ചെയ്തിട്ടുണ്ട്. പക്ഷെ, അറക്കല് മൂപ്പര് കക്കിടിപ്പുറം ശൈഖുനാക്ക് മാത്രം ഹൈദ്രാബാദിലേക്ക് പോകാന് സമ്മതം കൊടുത്തില്ല. ”ഔക്കര് പോകണ്ട… ഔക്കര്ക്കുള്ളതെല്ലാം ഇവിടെയുണ്ട്” എന്നായിരുന്നു അറക്കല് മൂപ്പരുടെ പ്രതികരണം. കക്കിടിപ്പുറം ശൈഖുനായും അറക്കല് മൂപ്പരും തമ്മിലുള്ള പ്രത്യേക ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്വന്തം മകനോട് പോലും പുലര്ത്താത്ത ബന്ധമാണിത്. കാരണം, അറക്കല് മൂപ്പരുടെ മകന് പോലും ഹൈദ്രാബാദില് പോയി അബ്ദുല് ഖാദിര് ഹൈദ്രാബാദി സൂഫി(റ) യെ ബൈഅത്ത് ചെയ്തു. പക്ഷേ, കക്കിടിപ്പുറം ശൈഖുനാട് പോകണ്ട നിങ്ങള്ക്കുള്ളത് ഇവിടെയുണ്ട് എന്നാണ് മറുപടി!. അങ്ങിനെ കക്കിടിപ്പുറം ശൈഖുന അറക്കല് മൂപ്പരെ മാനിച്ച് അവിടെ ഒതുങ്ങി നിന്നെങ്കിലും ഒരു യാത്രയില് ഹൈദ്രാബാദില് എത്തിച്ചേര്ന്നപ്പോള് വീണ്ടും ഹൈദ്രാബാദി സൂഫിയെ കാണാന് മോഹമുദിച്ചു. ഹൈദ്രാബാദി സൂഫി ജീവിച്ചിരുന്ന നാളിലാണത്. അങ്ങിനെ ഹൈദ്രാബാദി സൂഫി(റ)യെ കാണാന് വേണ്ടി പുറപ്പെടുന്ന സമയത്ത് എന്തോ ചില പ്രശ്നങ്ങളില് അകപ്പെട്ട് കൈയ്യില് കരുതിയ പണമെല്ലാം നഷ്ടമായി. പിന്നീട് നാട്ടിലേക്ക് തിരിച്ചുവരാന് പോലും പൈസയില്ലാതെ ആരുടെയോ പക്കല് നിന്ന് കടം വാങ്ങിയിട്ടാണ് നാട്ടിലേക്ക് തിരികെ എത്തിയത്. അറക്കല് മൂപ്പര്ക്ക് തൃപ്തിയില്ലാതെ ഹൈദ്രാബാദി സൂഫി(റ) യെ കാണാന് ശ്രമിച്ചതിന് വന്ന തടസ്സമാണത്രെ അത്! അറക്കല് മൂപ്പര്(ന.മ) പല ശിഷ്യഗണങ്ങളെയും ബഹുമാന്യനായ ഹൈദരാബാദ് അബ്ദുൽ ഖാദിർ സൂഫി(റ)യുടെ അടുത്ത് പറഞ്ഞയച്ചിരുന്നുവെങ്കിലും തന്റെ അരുമ ശിഷ്യന്റെ കാര്യത്തിൽ മാത്രമാണ് അത് വിലക്കിയിരുന്നത്. ശൈഖിന്റെ ആജ്ഞ ശിരസ്സാവഹിച്ചുകൊണ്ട് ബഹുമാനപ്പെട്ട കക്കിടിപ്പുറം ശൈഖുന അതിന് പിന്നീട് മുതിർന്നിരുന്നില്ല. എങ്കിലും അബ്ദുൽ ഖാദിർ സൂഫി(റ)യെ കക്കിടിപ്പുറം ശൈഖുന വലിയ ആദരവോടെയാണ് പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് തന്റെ ശൈഖായ അറക്കൽ മൂപ്പർ(ന.മ)യുടെ കാല ശേഷം ഹൈദ്രാബാദി സൂഫി(റ)യുടെ ബറക്കത്തിനു വേണ്ടി ആ താവഴിയിലെ പിൻഗാമിയായ ശൈഖിനെ തന്റെ ശിഷ്യനായ ബഹുവന്ദ്യരായ അബ്ദുല്ബാരി ഉസ്താദിനെ കൊണ്ട് ബൈഅത്ത് ചെയ്യിച്ചത്.
സയ്യിദുല് വാഇളീന് എന്ന അപരനാമത്തില് അറിയപ്പെട്ട അബ്ദുല്ഖാദിര് ഹൈദ്രാബാദി സൂഫി(റ) യെ കുറിച്ചുള്ള കേട്ടറിവിനപ്പുറം അവിടുത്തെ മഖ്ബറയെവിടെയെന്ന് നമുക്ക് അറിയില്ലായിരുന്നു. ഹൈദ്രാബാദില് എവിടെയാണ് ശൈഖ് അവര്കളുടെ ഖബര് എന്നറിയാന് ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന സന്ദര്ഭത്തിലാണ് പ്രിയ സ്നേഹിതന് ശമ്മാസ് വാഫിക്ക് ഹൈദ്രാബാദില് ജോലി ലഭിക്കുന്നത്. അതോടെ കാര്യങ്ങള് എളുപ്പമായി തീര്ന്നു. അദ്ദേഹത്തോട് അബ്ദുല്ഖാദിര് ഹൈദ്രാബാദി സൂഫി(റ) യുടെ മഖ്ബറ കണ്ടുപിടിക്കാന് പറഞ്ഞു. അങ്ങിനെ അദ്ദേഹമാണ് മിസ്റ്ഖഞ്ചിലുള്ള ഹൈദ്രാബാദി സൂഫി(റ) യുടെ മഖ്ബറ മനസ്സിലാക്കി അറിയിച്ചു തന്നത്. ശേഷമാണ് ഹൈദ്രാബാദ് യാത്രക്ക് ഒരുങ്ങുന്നത്.
അബ്ദുല്ബാരി ഉസ്താദും സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങളുമടക്കം കുറച്ച് സഹോദരങ്ങള് കണ്ണൂര് എയര്പോര്ട്ടില് നിന്നും ഹൂബ്ലിയില് വന്നിറങ്ങിയ ശേഷം ഖുല്ബര്ഗയിലേക്കാണ് ആദ്യം എത്തിചേര്ന്നത്. ഞാനും എന്റെ സുഹൃത്ത് ഫഹദ് സലീമും കൂടി നേരെ ഹൈദ്രാബാദിലേക്ക് ഷൊര്ണ്ണൂര് നിന്നും ട്രെയിന് കയറി. ഹൈദ്രാബാദില് എത്തിച്ചേര്ന്ന് ഒരു രാത്രി അവിടെ തങ്ങിയ ശേഷം പിറ്റെ ദിവസത്തെ പ്രഭാതത്തിലാണ് ഖുല്ബര്ഗയിലേക്ക് പുറപ്പെടുന്നത്. ഖുല്ബര്ഗയിലേക്ക് ട്രെയിന് ബുക്ക് ചെയ്യാന് വേണ്ടി റെയില്വേയുടെ സൈറ്റില് കുറെ പരിശ്രമിച്ചിട്ടാണ് സാധിച്ചത്. അതിന് കാരണം, ഖുല്ബര്ഗയുടെ പേര് ഇപ്പോള് കലാബുര്ഗി എന്നാക്കിയിരിക്കുന്നത് നമ്മള് അറിഞ്ഞിരുന്നില്ല എന്നത് തന്നെ. അങ്ങിനെ ഉച്ചയോടെ അവിടെ ട്രെയിന് ഇറങ്ങി. ഖാജ ബന്ദേനവാസ് യസൂദറാസ്(റ) എന്നവരുടെ സന്നിധാനത്തിലേക്ക് ഓട്ടോ വിളിച്ചു ചെല്ലുമ്പോഴേക്കും ഉസ്താദും സംഘവും അവിടെ എത്തി ആദ്യ സിയാറത്തൊക്കെ കഴിഞ്ഞിട്ടുണ്ടായിരുന്നു.
സയ്യിദ് മുഹമ്മദ് ബിന് യൂസുഫല് ഹുസൈനി എന്നാണ് ബന്ദേനാവാസ്(റ)യുടെ യഥാര്ത്ഥ നാമം. എ.ഡി 1321ല് ഡല്ഹിയില് ജനിച്ച് എ.ഡി 1422ല് അവിടുത്തെ നൂറ്റി ഒന്നാമത്തെ വയസ്സിലാണ് വഫാത്താകുന്നത്. ഖാജാ നസീറുദ്ദീന് ചിറാഗ് ദഹ്ലവി(റ)യുടെ ശിഷ്യനും അവിടുത്തെ അനന്തരഗാമിയുമാണ്. ചിശ്ത്തി ത്വരീഖത്തിലെ ദക്ഷിണേന്ത്യയിലെ പ്രസിദ്ധരായ ആദ്യത്തെ ശൈഖന്മാരിൽ പ്രമുഖ സ്ഥാനത്തുള്ളവരാണ് ഖ്വാജ ബന്തേനവാസ്(റ). ബാഹ്മനി സുല്ത്താനേറ്റിന്റെ ആസ്ഥാനമായിരുന്ന കാലത്ത് അഹ്സനാബാദ് എന്നായിരുന്നു ഈ സ്ഥലനാമം. 1428ല് ബാഹ്മനി സുല്ത്താനേറ്റ് അഞ്ച് സ്വതന്ത്ര രാജ്യങ്ങളായി പൊട്ടിപ്പിളര്ന്നതോടെ ഗുല്ബര്ഗയുടെ ഗതിയും മാറി.
തന്റെ ഗുരുവിനെ പല്ലക്കില് ചുമക്കുന്ന സമയത്ത് മുടിയിഴകള് അതിനിടയില് കുടുങ്ങി വേദനിച്ചിട്ടും ഗുരുവിനെ അറിയിക്കാതിരുന്ന സംഭവത്തോടുള്ള ശൈഖിന്റെ പ്രതികരണത്തില് നിന്നാണ് ഗേസോദറാസ് എന്ന പേരു വരുന്നത്. തന്റെ ശൈഖുമൊത്തുള്ള നാല്പത് വര്ഷത്തെ ഡല്ഹിവാസത്തിനു ശേഷം ഡൽഹിയിലെ രാഷ്ട്രീയ സാമൂഹിക അധികാര ബന്ധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ നിമിത്തമായി സൂഫിയാക്കൾക്ക് പ്രതികൂലമായ സാഹചര്യങ്ങൾ സംജാതമായപ്പോൾ ബഹ്മ നി രാജാവ് താജുദ്ദീന് ഫൈറോസ് ഷായുടെ ക്ഷണമനുസരിച്ചാണ് ഖ്വാജാ ബന്ദേനവാസ്(റ) ഗുല്ബര്ഗയിലെത്തുന്നത്.
ഖുല്ബര്ഗയില് വെച്ച് അബ്ദുല്ബാരി ഉസ്താദിന്റെ വളരെ അനുഗ്രഹീതമായ സംസാരമുണ്ടായിരുന്നു. സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള് അതിന് ശേഷം സംസാരിക്കാന് ഉദ്ദേശിച്ചിരുന്നുവെങ്കിലും അബ്ദുല്ബാരി ഉസ്താദിന്റെ സംസാരത്തിന്റെ ഗരിമ കാരണം ഇനി മറ്റൊരു സംസാരത്തിന്റെ ആവശ്യമില്ല എന്ന് പറഞ്ഞു സദസ്സ് അവസാനിപ്പിക്കുകയായിരുന്നു. ഖുല്ബര്ഗ ശരീഫിലെ ഖാജ ബന്ദേനവാസ്(റ)യുടെ സാന്നിദ്ധ്യത്തിലെത്തുന്ന സൂഫികള്ക്ക് ഇല്മിയായ ഫൈളാന് നല്ലവണ്ണം ഉണ്ടാകല് പതിവാണെന്നും തങ്ങള് പറഞ്ഞു.
പിറ്റെ ദിവസത്തെ രാത്രിയില് ഉസ്താദിന്റെ സംഘത്തോടൊപ്പമാണ് ഞങ്ങള് ഹൈദ്രാബാദിലേക്ക് തിരികെ വരുന്നത്.
ഹൈദ്രാബാദില് എത്തിയ ആദ്യ ദിനത്തിലെ വൈകുന്നേരം തന്നെ ഹൈദ്രബാദില് ഗൂഗിളില് ജോലി ചെയ്യുന്ന സുഹൃത്തും എഴുത്തുകാരനും സൂഫി ചിന്തകനുമായ ഹാഫിസ് കലച്ചാംതൊടിയുമായി കണ്ടുമുട്ടിയിരുന്നു. അന്നത്തെ രാത്രി ഭക്ഷണം ഹാഫിസ് സാഹിബിന്റെ വകയായിരുന്നു. യമനികള് നടത്തുന്ന ഒരു ഹോട്ടല് തേടിപിടിച്ചു പോയി അവിടെ നിന്ന് യമനി മന്തി കഴിച്ചു. അതിനിടയില് ഹൈദ്രാബാദിനെ സംബന്ധിച്ച മൊത്തത്തിലുള്ള ഒരു ഔട്ട് ലൈന് ഹാഫിസ് സാഹിബിന്റെ സംസാരത്തില് നിന്ന് ലഭിച്ചു. ഹാഫിസിന്റെ സംസാരത്തില് നിന്ന് ലഭിച്ച ഹൈദ്രാബാദിന്റെ ചുരുക്ക ചരിത്രം ഇവിടെ കുറിക്കട്ടെ. കാക്കാത്തിയ ഭരണ വംശത്തെ അധികാര ഭ്രഷ്ടമാക്കിയാണ് ഹൈദ്രാബാദില് ആദ്യമായി മുസ്ലിം ഭരണം വരുന്നത്. ഖുതുബുശാഹി രാജ വംശത്തിന്റെ ഭരണമായിരുന്നുവത്. ബിജാപൂരില് ആദില് ശാഹിമാരും ഹൈദ്രാബാദില് ഖുതുബുശാഹിമാരുമാണ് ഭരണം നടത്തിയിരുന്നത്. ഈ കാലഘട്ടത്തിലാണ് ഹൈദ്രാബാദിലേക്ക് ധാരാളം സൂഫികള് കടന്നുവരുന്നത്. പഹാടി ശരീഫില് അന്ത്യവിശ്രമം കൊള്ളുന്ന ബാബാ ശറഫുദ്ദീന് സുഹ്രവര്ദി(റ) യുടെ പ്രബോധന പ്രവര്ത്തനത്താല് എഴുപതിനായിരത്തോളമോ ഒരു ലക്ഷത്തോളമോ ആളുകള് ഇസ്ലാം സ്വീകരിച്ചുവെന്നാണ് ചരിത്രം. ഹിന്ദുക്കള്ക്കും മുസ്ലിംകള്ക്കും ഒരു പോലെ പ്രിയപ്പെട്ട ആളായിരുന്നു ബാബ ശറഫുദ്ദീന് സുഹ്രവര്ദി(റ). ഇമാം സുഹൃവര്ദി(റ) യുടെ നേരെ ശിഷ്യനാണെന്നും ശിഷ്യന്റെ ശിഷ്യനാണെന്നുമൊക്കെ അദ്ദേഹത്തെ കുറിച്ച് അഭിപ്രായമുണ്ട്. എന്തായിരുന്നാലും അദ്ദേഹം മുഖേനയാണ് ഹൈദ്രാബാദിന്റെ ജനസംഖ്യയില് വലിയൊരു ശതമാനം മുസ്ലിംകളും ഇസ്ലാം പുല്കിയത്. അജ്മീറ് ഖാജയുടെ കാലഘട്ടത്തോട് അടുത്താണ് ബാബ സുഹ്റവര്ദി(റ) യുടെ കാലം. ഖുതുബുശാഹി ഭരണ വംശം മുസ്ലിം ഭരണകൂടമായിരുന്നുവെങ്കിലും അവര് ശീഇകളായിരുന്നു. അവരുടെ ഭരണം ചില വഴിവിട്ട നിലയിലെത്തിയ സമയത്ത് മുഗള് ഭരണാധികാരിയായിരുന്ന ഔറംഗസീബ് ഹൈദ്രാബാദിനെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചു. നാമ്പളിയിലെ യൂസുഫൈന് ശരീഫൈന് ഔറംഗസീബിനെ സഹായിക്കാന് വന്ന സൂഫികളാണ്. ഔറംഗസീബിന്റെ സൈന്യം ഖുതുബുശാഹി ഭരണക്കാരുടെ സൈന്യത്തോട് തോറ്റിരിക്കുന്ന സമയത്താണ് യൂസുഫൈനിമാരുടെ ആഗമനം. അവര് ഇറാനില് നിന്നും വന്നവരാണ്. ഈ രണ്ട് സൂഫികള് അവരുടെ ശൈഖിനോടൊപ്പം മദീന മുനവ്വറയിലായിരിക്കെ ശൈഖിന് അല്ലാഹുവില് നിന്ന് ലഭിച്ച സന്ദേശ പ്രകാരം ഔറംഗസീബിന്റെ പോരാട്ടത്തെ കുറിച്ച് അറിയുകയാണ്. അല്ലാഹുവിന്റെ വലിയ്യായ ഒരു ഭരണാധികാരി ഇന്ത്യയിലെ ഹൈദ്രാബാദ് എന്ന സ്ഥലം പിടിച്ചെടുക്കാന് ശ്രമിച്ചിട്ട് വിജയം പ്രാപിക്കാനാവാതിരിക്കുകയാണ്. നിങ്ങള് രണ്ട് പേരും അവരെ സഹായിക്കാന് പോകണമെന്നാണ് ശൈഖ് അവരോട് പറഞ്ഞത്. അവരുടെ സാന്നിദ്ധ്യത്തിന്റെ അനുഗ്രഹവും പ്രാര്ത്ഥനയുമാണ് തോറ്റ് പിന്മാറാന് പോയിരുന്ന ഔറംഗസീബിന്റെ സൈന്യത്തെ വിജയത്തിലെത്തിച്ചത്. തോല്ക്കാന് പോയിരുന്ന യുദ്ധം പെട്ടെന്ന് വിജയത്തിലെത്തിയപ്പോള് ഔറംഗസീബിന് തന്നെ അത്ഭുതം തോന്നി. യുദ്ധ വിജയത്തിന് ശേഷം ഔറംഗസീബ് സൈന്യത്തിനിടയിലൂടെ നടന്നു നോക്കുമ്പോളാണ് യൂസുഫൈനികളെ ഖുര്ആന് ഓതുന്നവരായി കണ്ടത്. ഈ ആത്മീയ വ്യക്തിത്വങ്ങളാകും തന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം മനസ്സിലാക്കുകയായിരുന്നു. ഹൈദ്രാബാദിന്റെ ഭരണം ഔറംഗസീബ് യൂസുഫൈനികളെ ഏല്പ്പിക്കാന് ശ്രമിച്ചിരുന്നു, പക്ഷേ അവര് അതിന് സമ്മതിച്ചില്ല. നാമ്പള്ളി എന്ന ഗ്രാമത്തില് സാധാരണക്കാരോടൊപ്പം അവര് ജീവിച്ചു മരിച്ചു. അവരുടെ ദര്ഗ്ഗ വലിയ സന്ദര്ശന കേന്ദ്രമാണ്.
ഹൈദ്രാബാദിലെ നാമ്പള്ളി റെയില്വേക്കടുത്ത് തന്നെ താമസിക്കാനുള്ള ഹോട്ടലുകള് എടുത്തു അല്പ്പ നേരം വിശ്രമിച്ച ശേഷം ഒരു മിനി ബസ്സ് വിളിച്ചു സിയാറത്തിന് ഇറങ്ങി. യൂസുഫൈന് ശരീഫൈനിയെയാണ് ആദ്യം സിയാറത്ത് ചെയ്തത്. പിന്നീട് മക്കാ മസ്ജിദ്, ചാര്മിനാര് എന്നിവ സന്ദര്ശിച്ചു. അതിന് ശേഷം ഹൈദ്രാബാദ് സിയാറത്തിന്റെ പ്രധാന ലക്ഷ്യമായ മിസ്റ് ഖഞ്ചിലെ അബ്ദുല്ഖാദിര് ഹൈദ്രാബാദി സൂഫി(റ) യുടെ മഖ്ബറയിലേക്ക് തിരിച്ചു. മിനിബസ്സിന് പാര്ക്ക് ചെയ്യാന് പ്രയാസമുള്ള ഇടത്താണ് ഈ മഖ്ബറ എന്നതിനാല് ഒരു നിശ്ചിത ദൂരത്ത് വണ്ടിയില് നിന്ന് എല്ലാവരും ഇറങ്ങിയ ശേഷം വണ്ടി വിദൂരത്ത് പോയിട്ടാണ് പാര്ക്ക് ചെയ്തത്. അബ്ദുല്ബാരി ഉസ്താദിന്റെ നേതൃത്വത്തില് അബ്ദുല്ഖാദിര് ഹൈദ്രാബാദി സൂഫി(റ) യെ സിയാറത്ത് ചെയ്തു.
മക്കാ മസ്ജിദിന്റെ മുറ്റത്ത് ധാരാളം സന്ദര്ശകരുണ്ട്. നാനാ മതസ്ഥരടങ്ങുന്ന സന്ദര്ശകരെല്ലാം പള്ളിയുടെ നിര്മാണത്തിലുള്ള കൗതുകത്താലാണ് അവിടെ വന്നിട്ടുള്ളത്. പള്ളിയുടെ അകത്തളത്തിലേക്ക് അമുസ്ലിംകള്ക്ക് പ്രവേശനമില്ലെങ്കിലും പള്ളിയുടെ അങ്കണത്തില് അവരൊക്കെ സജ്ജീവമാണ്. പള്ളിയുടെ ഇടത് ഭാഗത്ത് ഒരുപാട് ദര്ഗ്ഗകള് കാണുന്നുണ്ട്. പക്ഷേ, ആ ദര്ഗ്ഗകളില് സന്ദര്ശനം നടത്താന് ആരേയും കാണുന്നില്ല!. അജ്മീര് ഖാജ(റ)യുടേയും നിസാമുദ്ദീന് ഔലിയ(റ) യുടേയും യൂസുഫൈന് ശരീഫൈനി(റ)യുടെ ദര്ഗയിലും സന്ദര്ശകരുടെ പ്രവാഹമാണെങ്കില് ഈ ദര്ഗ്ഗയിലേക്ക് എന്തുകൊണ്ടാണ് ആരും ആകര്ഷിക്കപ്പെടാതെ കിടക്കുന്നത്?. ആ ദര്ഗ്ഗകള് നൈസാമുമാരുടേതാണ്. ഔറംഗസീബ് ഈ നാട് പിടിച്ചെടുത്ത ശേഷം ഔറംഗസീബിന്റെ പ്രവിശ്യ ഭരണാധികാരികളായി വന്ന നൈസാമുമാരുടെ ദര്ഗ്ഗകളായത് കൊണ്ട് തന്നെയാണ് അവിടെ സന്ദര്ശകരുടെ പ്രവാഹമില്ലാത്തത്. ഭരണാധികാരികളല്ല സൂഫികളാണ് ജനങ്ങളുടെ മനസ്സില് ജീവിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ജനങ്ങള്ക്ക് ആത്മീയ മധു നുകര്ന്നു കൊടുത്ത സൂഫി വ്യക്തിത്വങ്ങളോടാണ് ജനങ്ങള്ക്ക് ആദരവും ബന്ധവുമുള്ളത് എന്ന വസ്തുത പറയുമ്പോള് മറ്റൊരു കാര്യവും കൂടി ഇവിടെ അടിവരയിട്ട് പറയാനുണ്ട്. ഇന്ത്യാരാജ്യത്ത് ഇസ്ലാം മതത്തിന്റെ പ്രചാരണ-പ്രബോധനത്തിനു പിന്നിലും സൂഫി പ്രബോധകരാണ് മുസ്ലിം ഭരണാധികാരികളല്ല. മുസ്ലിംകള്ക്ക് ഭരണ സാരഥ്യം ലഭിക്കാത്ത മലബാറില് മുസ്ലിംകള്ക്കും ഇസ്ലാമിനും വലിയ വളര്ച്ച ലഭിച്ചതെങ്ങിനെ എന്ന കാര്യവും ഇതിലേക്ക് ചേര്ത്ത് ചിന്തിക്കേണ്ടതുണ്ട്.
നേരത്തെ ഹാഫിസ് സാഹിബുമായുള്ള ചര്ച്ചക്കിടയില് നൈസാമുമാരുടെ കൈയ്യില് നിന്നും ആധുനിക ഇന്ത്യയില് ഹൈദ്രാബാദ് ലയിച്ചതെങ്ങിനെ എന്നതും വിഷയമായി വന്നിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ അഭ്യന്തര മന്ത്രിയായിരുന്ന സര്ദാര് വല്ലഭായ് പട്ടേലിന്റെ നിര്ദേശാനുസരണം നടന്ന പോലീസ് ആക്ഷനിലൂടെയാണ് നൈസാമുമാരുടെ അധികാരം അവസാനിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കി ഹൈദ്രാബാദിനെ ലയിപ്പിച്ചത്. രണ്ട് ലക്ഷത്തോളം മുസ്ലിംകള് ആ ഓപറേഷനില് കൊല്ലപ്പെട്ടിട്ടുണ്ടെന്നതാണ് റിപ്പോര്ട്ട്.
ഹൈദരാബാദിലെ സന്ദർശനങ്ങൾക്കിടയിൽ ഞങ്ങളുടെ യാത്ര സംഘത്തിലെ അംഗം സയ്യിദ് ഹാശിം അല് ഹദ്ദാദ് തങ്ങൾ അവര്കള് അഭിപ്രായപ്പെട്ടു, നമുക്ക് അടുത്തത് സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ നാട്ടിലേക്ക് പോകാം. അവിടെ അദ്ദേഹത്തിന്റെ മകൻ ആരിഫുദ്ദീന് ജീലാനിയുണ്ട്. അദ്ദേഹത്തെ നേരില് സന്ദര്ശിക്കാം. സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ മഖ്ബറയില് പോയി ഒരു സലാം പറയാം. കേരളക്കരയിലെ ഒരുപാട് മുസ്ലിംകളുടെ നേതാവാണല്ലോ സയ്യിദ് നൂരിശാഹ്(റ) തങ്ങള്. 1974 വരെ കേരളത്തിലെ സമസ്ത കേരള ജംഇയ്യത്തുല് ഉലമയും അതിന്റെ അനുയായികളുമാണ് സയ്യിദ് നൂരിശാഹ്(റ) തങ്ങളെ ഗുരുവായി കൊണ്ട് നടന്നിരുന്നത്. പിന്നീടാണ് അവര് തമ്മില് പിണങ്ങുന്നത്. എന്തായിരുന്നാലും ഹൈദ്രാബാദില് വന്ന സ്ഥിതിക്ക് ഇവിടെ സയ്യിദ് നൂരിശാഹ്(റ) തങ്ങളേയും അദ്ദേഹത്തിന്റെ ശിഷ്യന്മാരേയും ഹൈദ്രാബാദിലെ സുന്നി മുസ്ലിംകള് എങ്ങിനെ കാണുന്നുവെന്ന് മനസ്സിലാക്കുകയും വേണം. അങ്ങനെ ഞങ്ങൾ ബഹുമാന്യനായ സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ പിൻഗാമിയായ സയ്യിദ് ആരിഫുദ്ദീന് ജീലാനി തങ്ങളുടെ വീട്ടില് പോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന്റെ ചായ സല്ക്കാരം സ്വീകരിച്ചു. സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ മഖ്ബറ സിയാറത്തും ചെയ്തു. ശേഷം ഹൈദ്രാബാദ് നിസാമിയ്യ കോളേജിലെ ശൈഖുല് ഹദീസിനെ സന്ദര്ശിക്കലായിരുന്നു ലക്ഷ്യം. നിസാമിയ്യയില് പോയപ്പോള് ശൈഖുല് ഹദീസ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയിരിക്കുന്നു. നിസാമിയ്യയിലെ ഒരു വിദ്യാര്ത്ഥിയെ വണ്ടിയില് കയറ്റി അയാളെ വഴികാട്ടിയാക്കി കൊണ്ട് ശൈഖുല് ഹദീസിന്റെ വീട്ടില് പോയി സന്ദര്ശിച്ചു. പല കാര്യങ്ങളും ചര്ച്ച ചെയ്ത കൂട്ടത്തില് അദ്ദേഹം സയ്യിദ് നൂരിശാഹ്(റ) തങ്ങളെ കുറിച്ചും സംസാരിച്ചു. ത്വരീഖത്തിന്റെ പേരില് ഹൈദ്രാബാദില് പല ധാരകളുമുണ്ട്. അവരില് മിക്ക ആളുകള്ക്കും ശരീഅത്തിനോട് ആഭിമുഖ്യമില്ല. സയ്യിദ് നൂരിശാഹ്(റ) തങ്ങളും ശിഷ്യന്മാരുമാണ് ശരീഅത്തിനെ ഏറ്റവും കാര്യഗൗരവത്തില് എടുക്കുന്നത് എന്നാണ് ശൈഖുല് ഹദീസ് അഭിപ്രായപ്പെട്ടത്. വാര്ധക്യ സഹജമായ ക്ഷീണവും പ്രയാസങ്ങളും ശൈഖുല് ഹദീസിനെ അലട്ടുന്നുണ്ടായിരുന്നതിനാല് സന്ദര്ശനം ദീര്ഘിപ്പിക്കല് ഉചിതമല്ല എന്ന് മനസ്സിലാക്കി ഞങ്ങള് വേഗം പിരിഞ്ഞു.
പിറ്റത്തെ ദിവസത്തില് ഏകദേശം ഉച്ച നേരത്താണ് പുതിയൊരു അതിഥി ഹോട്ടല് മുറിയില് എത്തുന്നത്. ശൈഖ് റാശിദ് അശാദുലി!. ശാദുലി സൂഫി സരണിയില് ഇന്ന് ലോക പ്രസിദ്ധരായ ശൈഖ് നൂഹ് ഹാമീം കെല്ലറുടെ മരീദാണ് റാശിദും അദ്ദേഹത്തിന്റെ മകനും. ഏകദേശം മദ്ധ്യവയസ്സിനടുത്ത പ്രായം തോന്നിക്കുന്ന നല്ല ഉയരവും ഒത്ത തടിയുമുള്ള ഹൈദ്രാബാദിയാണ് റാശിദ്. ഹൈദ്രാബാദിലെ സൂഫി സരണികളെ സംബന്ധിച്ചും ശാദുലി ത്വരീഖത്തിനെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിന്റെ സംസാരത്തിലാണ് പഹാടി ശരീഫിലെ ബാബാ ശറഫുദ്ദീന് സുഹ്റവര്ദി(റ) പരാമര്ശിക്കപ്പെട്ടത്. സയ്യിദ് നൂരിശാഹ്(റ) തങ്ങള് ശരീഅത്ത് സൂക്ഷിക്കുന്നതില് കണിശതയുള്ള വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഹൈദ്രാബാദ് എം.പി അസദുദ്ദീന് ഉവൈസി അടക്കമുള്ളവര് അവരുടെ ശാദുലി ഖാന്ഗാഹില് സംബന്ധിക്കാറുണ്ടെന്ന് പറയുകയും ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു. ഞങ്ങളുടെ സംഘത്തില് ഞാനും ഫഹദ് സലീമും ഒഴിച്ചുള്ളവരെല്ലാം പിറ്റെ ദിവസം രാവിലെ 11 മണിക്ക് ഹൈദ്രാബാദ് എയര്പോര്ട്ടില് നിന്നും കണ്ണൂരിലേക്ക് വിമാനം കയറേണ്ടവരാണ്. അതിനാല് ഏയര്പോര്ട്ടിലേക്കു പോകുന്ന വഴിയിലാണ് റാശിദിന്റെ ശാദുലി ഖാന്ഗാഹ്. അവിടേക്ക് പ്രഭാതത്തില് തന്നെ പുറപ്പെട്ട് അവിടെ കുറച്ച് നേരം സൂഫി ഗാനാലാപനത്തില് പങ്കെടുത്ത ശേഷം പ്രാതല് കഴിച്ച് പിരിയാന് നിശ്ചയിച്ചു. ഹോട്ടല് മുറിയിലെ പരിമിതമായ സൗകര്യത്തില് വെച്ച് കുറച്ച് നേരം ശാദുലി ഹളറയുടെ ആട്ടത്തോട് കൂടിയ ദിക്റുകൾ ചൊല്ലുകയും അകമ്പടിയായി അല്പ്പം വരികള് ആലപിക്കുകയും ചെയ്തു. ശാദുലി ഹളറക്കിടയില് അത് വീഡിയോ പകര്ത്താന് ഞാന് ശ്രമിച്ചപ്പോള് അത് ശ്രദ്ധയില്പ്പെട്ട റാശിദും മകനും എന്നെ വിലക്കി. ശൈഖ് നൂഹ് ഹമീം കെല്ലറ് ഫോട്ടോയും വീഡിയോയും എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ല എന്ന കാര്യം അപ്പോളാണ് അവര് പറയുന്നത്. സ്മാര്ട്ട് ഫോണുകളുടെ യുഗത്തില് ഫോട്ടോകളെ സൂക്ഷിക്കുന്ന ആളായി നിലകൊള്ളണമെങ്കില് അത് നല്ല തഖ്വയുള്ള ആള് തന്നെയായിരിക്കുമല്ലോ! അന്ന് രാത്രി പഹാടി ശരീഫ് സിയാറത്ത് ചെയ്ത ശേഷം വിശ്രമത്തിനായി ഹോട്ടല് മുറിയിലേക്ക് തന്നെ തിരിച്ചു. പഹാടി ശരീഫിലെ ബാബാ ശറഫുദ്ദീന്(റ) ഹൈദ്രാബാദിലെ അജ്മീറ് ഖാജ(റ) തന്നെയാണ്.
തലേദിവസം നിശ്ചയിച്ചത് പ്രകാരം രാവിലെ തന്നെ ശാദുലി ഖാന്ഗാഹിലേക്ക് പുറപ്പെട്ടു. തുടര്ന്നു എയര്പോര്ട്ടിലേക്ക് പോകാനുള്ളത് കൊണ്ട് എല്ലാവരും ലഗേജുകള് സഹിതമാണ് യൂബര് ടാക്സിയില് പുറപ്പെട്ടത്. അവിടെ വളരെ മനോഹരമായ സൗധമാണ് ഖാന്ഗാഹ്! നൂഹ് ഹമീം കെല്ലര് എന്ന ആ ഖാന്ക്കാഹിലെ ശൈഖ് വര്ഷത്തില് എല്ലാ ഫെബ്രുവരി മാസത്തിലുമാണ് അവിടെ സന്ദര്ശിക്കുക. 1954ല് അമേരിക്കയില് ജനിച്ച ശൈഖ് ഹാമീം കെല്ലര് 1977ലാണ് ഇസ്ലാം സ്വീകരിക്കുന്നത്. തുടര്ന്ന്, അബ്ദുറഹ്മാന് ഷന്ഗോറി എന്ന സിറിയയിലെ ശാദുലി ത്വരീഖത്തിന്റെ ശൈഖിന്റെ ശിഷ്യനായി. 1996 ല് ശാദുലി ത്വരീഖത്തിന്റെ ശൈഖായി നിയോഗിതനായി. ഇപ്പോള് ജോര്ദാനിലെ അമ്മാനിലാണ് സ്ഥിരതാമസം. ആ ശാദുലി ഖാന്ഗാഹില് ഹൈദ്രാബാദികളായ ശാദുലിയാക്കള് നശീതകള്(ഒരിനം മദ്ഹ് കീര്ത്തനം) അവതരിപ്പിച്ചതിന് ശേഷം ഞങ്ങളുടെ സംഘത്തിലെ വളപട്ടണം ഹനീഫ് ഉസ്താദും പയ്യന്നൂര് നജീബ് ഉസ്താദും അവര് അവതരിപ്പിക്കാറുള്ള നശീതകളും അവതരിപ്പിച്ചു. ശുഅയ്ബ് അബൂമദ്യന്(റ) എന്ന പൂര്വ്വകാല സൂഫിയുടെ വരികളാണ് ശാദുലി സദസ്സുകളില് അധികവും അവതരിപ്പിക്കാറുള്ളത്. ശാദുലി ഹളറ എന്നും ശാദുലി റാതിബ് എന്നും വിളിക്കപ്പെടുന്ന ദിക്റ് മജ്ലിസ് ചില പ്രത്യേക രീതിയിലുള്ള അംഗ ചലനങ്ങളോടെയും ഒത്തൊരുമയോടെയുമുള്ളതാണ്. ഓരോ അനക്കത്തിനും അടക്കത്തിനും അവര് ചില അര്ത്ഥങ്ങള് കല്പ്പിക്കുന്നുണ്ട്. എന്നാല്, ഇതിന്റെ ഉള്ളടക്കങ്ങളെ ഉള്കൊള്ളാതെ ഇതിനെ ഒരു അനുഷ്ഠാനമാക്കി കൊണ്ടു നടക്കുന്നവര് ഇതിന്റെ ആത്മാവിനെ നശിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഖാന്ഗാഹിലെ ഇത്തരം പരിപാടികള്ക്ക് ശേഷം മനോഹരമായി സെറ്റ് ചെയ്ത ഖാന്ഗാഹിന്റെ മുറ്റത്തെ പുല്മേടുകളില് സുപ്ര വിരിച്ച് ഭക്ഷണം വിളമ്പി. ഹൈദ്രാബാദിന്റെ തനതായ രീതിയില് പാചകം ചെയ്ത ആട് മാംസവും റോട്ടിയും ചായയും സുഭിക്ഷമായി എല്ലാവരും ഭക്ഷിച്ച ശേഷം ഒരു സംഘം വിമാനതാവളത്തിലേക്കു മടങ്ങി.
ഞാനും എന്റെ സഹയാത്രികനും സുഹൃത്തുമായ ഫഹദ് സലീമും ഹൈദ്രാബാദില് ജോലി ചെയ്യുന്ന ശമ്മാസിന്റെ റൂമിലേക്ക് മടങ്ങി. ഞങ്ങളുടെ യാത്ര പിറ്റെ ദിവസമാണ്. അതിനാല് ഞങ്ങള് കുറച്ച് നേരം വിശ്രമിച്ച ശേഷം മിസ്റ് ഖഞ്ചിലെ അബ്ദുല്ഖാദിര് ഹൈദ്രാബാദി സൂഫി(റ) യുടെ മഖ്ബറ സിയാറത്തിന് പോയി. അവിടെയും പരിസരങ്ങളിലും മക്കാമസ്ജിദിലുമൊക്കെ സന്ദര്ശിച്ചു തിരിച്ചു റൂമിലെത്തുമ്പോള് ഇശാ സമയമായിരിക്കുന്നു. അതിനിടയില് യു.പി അബ്ദുറഹ്മാന് എന്ന സുഹൃത്ത് ഫോണില് ബന്ധപ്പെട്ട് തീരുമാനിച്ചത് പ്രകാരം അദ്ദേഹവും എത്തിയിരുന്നു. ഞങ്ങളെല്ലാവരും ചേര്ന്ന് മന്തി കഴിച്ച ശേഷം സംസാരത്തിനായി ഇരുന്നു. യു.പി അബ്ദുറഹ്മാന് ഹൈദ്രാബാദ് യൂനിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്ത്ഥിയാണ്. അദ്ദേഹവും കുടുംബവും ഹൈദ്രാബാദില് തന്നെ. ഫേസ്ബുക്ക് വഴി മാത്രം പരിചയമുള്ള അദ്ദേഹത്തെ ആദ്യമായിട്ടാണ് നേരില് കാണുന്നത്. ആദ്യത്തെ കൂടികാഴ്ച്ചയായതിനാല് അന്ന് രാത്രി മൂന്ന് മണി വരെ ഞങ്ങളിരുന്നു സംസാരിച്ചു. തസവുഫും ഇന്ത്യന് മുസ്ലിംകളുടെ ചരിത്രവും ഹൈദ്രാബാദിന്റെ ചരിത്രവും മറ്റു വ്യക്തിപരമായ വിഷയങ്ങളുമൊക്കെ ചര്ച്ചയില് വിഷയീഭവിച്ചിരുന്നു. പിറ്റത്തെ പ്രഭാതത്തില് ശബരി എക്സ്പ്രസില് കയറി ഞങ്ങള് നാട്ടിലേക്ക് തിരിച്ചു.