നബീൽ മുഅബി, മന്ദലാംകുന്ന്:
മത വൈജ്ഞാനിക നിർദ്ധാരണ രംഗത്ത് കേവല യുക്തിയും ആധുനിക ചിന്തയും മുൻ നിറുത്തിയുള്ള പ്രതിലോമകരമായ ഒരു ധൈഷണിക ആക്റ്റിവിസം സജീവമാണിന്ന്. ഇസ് ലാമിക നിയമ നിർദ്ധാരണ തത്വങ്ങളുടെ അടിസ്ഥാനങ്ങളറിയാതെ കേവല യുക്തിയുടെ അടിസ്ഥാനത്തിൽ ഇസ് ലാമിനെ ചരിത്ര വത്കരിക്കാനും ശാസ്ത്ര വത്കരിക്കാനുമുള്ള ശ്രമങ്ങൾ വാസ്തവത്തിൽ മത നിഷേധത്തിലേക്കാണ് നയിക്കുന്നതെന്ന വസ്തുത ഇന്ന് വേണ്ടത്ര തിരിച്ചറിയപ്പെടുന്നില്ല. മതനവീകരണ ചിന്തയുടെ മേലങ്കിയണിഞ്ഞ് പാരമ്പര്യനിഷേധവും പൗരോഹിത്യ വിരുദ്ധതയും പ്രകടിപ്പിച്ച് സ്വയം ആദർശവത്കരിച്ച് മുന്നേറുന്ന ഈ പ്രവണത ഇസ് ലാമിന്റെ വൈജ്ഞാനിക ചരിത്രത്തെയും അതിന്റെ സവിശേഷതകളെയും സംബന്ധിച്ച പൂർണ്ണമായ അജ്ഞതയിൽ നിന്ന് ഉരുവം കൊണ്ടതാണെന്നും അതെത്ര മാത്രം ഇസ് ലാം വിരുദ്ധമാണെന്നും വിശകലനം ചെയ്യുന്ന പഠന ലേഖനം.
”ജാഹിലീങ്ങളോട് മസ്അല പറഞ്ഞാൽ ഒക്കൂല്ല…” എന്ന് പറയാറുണ്ട്. കാരണം, അവർക്ക് അത് ഉൾകൊള്ളാൻ വേണ്ട പ്രാഥമിക ജ്ഞാനത്തിന്റെ അഭാവമാണ്. ഇതേപ്രകാരമാണ് ഇസ്‍ലാമിന്റെ കർമശാസ്ത്രപരമായ വിധിന്യായങ്ങളെ കേവല യുക്തി കൊണ്ട് വിലയിരുത്തുന്നത്. ഇസ്ലാമിക വിധിന്യായങ്ങളെ വിശകലനം ചെയ്യാനും അതിനെ പ്രമാണങ്ങളിൽ നിന്ന് നിർധാരണം ചെയ്തെടുക്കാനുമായി പ്രത്യേക വിജ്ഞാന ശാഖ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഉസൂലുൽ ഫിഖ്ഹ് എന്ന പേരിൽ അതറിയപ്പെടുന്നു.
പ്രവാചകർ(സ) ക്ക് ശേഷമുള്ള ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിലായിട്ടാണ് അത് രൂപപ്പെട്ടത്. അന്നത്തെ ഉമ്മത്തിന്റെ അമലിന്റെയും ഫത്‍വകളുടെയും ആവശ്യങ്ങൾക്കനുസരിച്ച് അന്നത്തെ വിജ്ഞാനികളായ സമൂഹത്തിൽ രൂപപ്പെട്ടതാണ് പ്രസ്തുത ഉസൂലുകൾ. വ്യത്യസ്ഥ സന്ദർഭങ്ങളിൽ വ്യത്യസ്ഥരായ ജ്ഞാനികളുടെ പഠനത്തിന്റെയും മനനത്തിന്റെയും ഫലമായി രൂപ്പെട്ട വിധിന്യായങ്ങളെ പ്രത്യേകമായി ക്രോഡീകരിച്ചവരാണ് മദ്ഹബിന്റെ ഇമാമീങ്ങളായി രംഗത്ത് വന്നവർ. പ്രത്യേകിച്ച് രണ്ടാം നൂറ്റാണ്ടിന്റെ മുജദിദായി വിശേഷിപ്പിക്കപ്പെട്ട ഇമാം മുഹമ്മദ് ഇബ്നു ഇദ്‍രീസ് അശ്ശാഫിഇ(റ) അതിൽ പ്രത്യേകം സ്മരണീയരാണ്. ഈ മദ്ഹബിന്റെ ഇമാമീങ്ങൾ രൂപപ്പെടുത്തിയ യുക്തിയുടെയും ന്യായങ്ങളുടെയും അടിസ്ഥാനത്തിലാണ് പിൽക്കാലത്ത് ഇസ്ലാമിക വിധിന്യായങ്ങളെല്ലാം വികാസിച്ചു വന്നിട്ടുള്ളത്. അത് കൊണ്ട് തന്നെ ഏതൊരു ഫിഖ്ഹിയായ വിഷയത്തേയും ഇവർ രൂപപ്പെടുത്തിയ വിധിന്യായത്തിന്റെ മാനദണ്ഢത്തിലാണ് വിശകലനം ചെയ്യേണ്ടത്. അതല്ലാത്തവ ഇസ്‍ലാമിൽ സ്വീകാര്യമല്ല എന്നതാണ് മുസ്ലിം ലോകത്തിന്റെ തീരുമാനം. എന്നാൽ, ഇസ്ലാമിന്റെ ആഗോള അസ്ഥിത്വത്തെ സുഭദ്രമാക്കി നിലനിർത്തിയിരുന്ന ഖിലാഫത്തിന്റെ പതനത്തിന് ശേഷം യുറോപ്യൻ യുക്തിവാദത്തിന് സമൂഹത്തിൽ പ്രാധാന്യം കൈവരികയും അതോടെ കുറെ യുക്തിവാദികൾ ഇസ്ലാമിന്റെ ഉള്ളിൽ തന്നെ ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. സയ്യിദ് അബുൽഹസൻ അലി നദ്‍വി(റ) സാഹിബിന്റെ ഭാഷയിൽ പറഞ്ഞാൽ, ഇസ്ലാമിനെ ഒരു നവജാത ശിശുവിനെ പോലെയാണ് അവർ കാണുന്നത്. ഖുർആനും ഹദീസും പിന്നെ ഈ ആധുനികരുടെ ബുദ്ധി കൊണ്ട് ആലോചിച്ച് ഉണ്ടാക്കുന്ന നിയമങ്ങളുമാണ് അവർ ഇസ്ലാമിന്റെ കർമശാസ്ത്രമായി കാണുന്നത്. ഇത് തീർത്തും ബലിശവും വഴികേടുമാണ്. ചുരുങ്ങിയത് ഒരു ലക്ഷത്തോളം സ്വാഹാബക്കൾ ജീവിച്ചിരുന്ന ഹിജ്‌റ ഒന്നാം നൂറ്റാണ്ടിൽ ഫിഖ്ഹ് സംബന്ധമായ വിഷയങ്ങളിൽ ഫത് വ നൽകിയവർ ഇരുപത് സ്വാഹാബികൾ മാത്രമായിരുന്നുവെന്നതാണ് ഉസൂലുൽ ഫിഖ്ഹിന്റെ ചരിത്രം. ഒരു മസ്അല പ്രശ്നം സ്വാഹാബികളിൽപെട്ട ഒരാളോട് ഉന്നയിക്കപ്പെട്ടാൽ അവർ മറ്റൊരാളിലേക് ചൂണ്ടി ഒഴിഞ്ഞു മാറുന്നതായിരുന്നു അവരുടെ പതിവ്. അഥവാ, നബി(സ) യിൽ നിന്ന് നേർക്കുനേരെ ദീൻ മനസിലാക്കിയവർ ആയിട്ട് പോലും കുറഞ്ഞ സ്വാഹാബികൾ മാത്രമാണ് ഫിഖ്ഹി മസ്അലകൾ പറയാൻ മുതിർന്നത്. പ്രമാണങ്ങളിൽ നിന്ന് മസ്അലകൾ കണ്ടെത്തുന്ന കവാടം അല്ലാഹു എല്ലാവർക്കും പൊതുവായി തുറന്നു കൊടുത്ത ഒന്നായിരുന്നില്ല എന്ന് ഇതിൽ നിന്ന് മനസിലാക്കാം. കർമശാസ്ത്രം എന്നോ വിധിന്യായ ശാസ്ത്രം എന്നോ പേര് നൽകാവുന്ന ഈ വിഷയത്തിന് ഫിഖ്ഹ് എന്ന പേര് വന്നതിന്റെ ചരിത്രം പരിശോധിച്ചാലും ഫിഖ്ഹി മസ്അല കണ്ടെത്തൽ ഒരു പൊതുവായ കാര്യമല്ല എന്ന് മനസിലാക്കാം. ഫിഖ്ഹ് എന്നാൽ ഒരു വിഷയം ആഴത്തിൽ ഗ്രഹിക്കുക എന്നാണ് അർത്ഥം. മസ്അല കണ്ടെത്താവുന്ന വിധം ആഴത്തിൽ ഗ്രഹിക്കുന്നവർ അന്ന് തന്നെ സമൂഹത്തിൽ വിരളമായിരുന്നു. അതിന് കഴിയുന്നവരെ കുറിച്ചാണ് ഫഖീഹ് എന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് നാലക്ഷരം പഠിച്ചവരെല്ലാം ഫഖീഹ് ആയി മാറിയിരിക്കുന്നു!. അങ്ങനെയുള്ള ഇന്നത്തെ സമൂഹത്തിലാണ് യുക്തിവാദി സ്വഭാവത്തിലുള്ള മസ്അല വിശകലനങ്ങൾ നടക്കുന്നത്.
മാസമുറപ്പിക്കുന്ന വിഷയത്തിൽ കണക്ക് വേണോ ചന്ദ്ര പിറവി നേരിൽ കാണുക തന്നെ വേണോ എന്ന വിഷയത്തിലാണ് അടുത്ത ദിവസങ്ങളിൽ ചില യുക്തിവാദത്തിന്റെ ശൈലിയിലുള്ള എഴുത്ത് കുത്തുകൾ കാണാനിടയായത്. ഒരു ഫിഖ്ഹി മസ്അല ഏത് പക്ഷമാണെങ്കിലും അതിന്റെ തന്നെ ജ്ഞാനശാസ്ത്ര പ്രകാരം സമർത്ഥിക്കപ്പെടേണ്ടതും നിരൂപിക്കപ്പെടേണ്ടതുമാണ്. അവിടെ യുക്തിവാദത്തിന്റെ ശൈലിയിലുള്ള വിശകലനവും മറുപക്ഷത്തുള്ളവരെ പൗരോഹിത്യമായി അപഹസിക്കുകയുമൊക്കെ ചെയ്യുന്നത് തീർത്തും അന്യായമാണ്. അല്ലാഹുവിനോടുള്ള കീഴ്വണക്കമാണ് മതം. കീഴ്വണക്കം എപ്രകാരമാകണമെന്ന് വിശദീകരിക്കപ്പെടേണ്ടതും അല്ലാഹു ഇറക്കി തന്നെ പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്. യുക്തിവാദത്തിന്റെ അടിസ്ഥാനത്തിലല്ല. പൂർവ്വീകരായ ഫിഖ്ഹ് പണ്ഡിതന്മാർ ഊന്നിയിട്ടുള്ള പ്രമാണങ്ങളും അതിന്റെ ന്യായങ്ങളും അവലംബമാക്കിയാണ് ഫിഖ്ഹി നിയമങ്ങൾ പറയേണ്ടത്. ഫിഖ്ഹിന്റെ ഒരു സ്വഭാവം തന്നെ അതിൽ എപ്പോഴും വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടാകുമെന്നതാണ്. അതിൽ ഉസൂലുകൾ പാലിച്ചു കൊണ്ട് രൂപപ്പെട്ടിട്ടുള്ള ഏത് പക്ഷവും ശരിയാണ് എന്ന വിശാലതയാണ് അതിനകത്തുള്ളത്. അതുകൊണ്ട് തന്നെ മസ്അലപരമായ വൈവിധ്യ വീക്ഷണങ്ങളെ വൈരുദ്ധ്യമായി കാണാനോ അധിക്ഷേപിക്കാനോ മുതിരുന്നത് നിരർത്ഥകവും അതിരുകടക്കലുമാണ്.
നിസ്കാരത്തിന്റെ സമയം നിർണയിക്കാൻ ആധുനിക കാലത്ത് രൂപപ്പെട്ട സ്റ്റാന്റേർഡ് സമയത്തെ അവലംബിക്കുന്നു. എന്നാൽ, ഹിജ്റ കലണ്ടറിലെ തിയ്യതി നിശ്ചയിക്കുന്നിടത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രനെ ദർശിക്കണമെന്ന നിലപാടിൽ നിൽക്കുന്നു!. ഇത് വൈരുദ്ധ്യമല്ലേ… യാഥാസ്ഥികത്വമല്ലേ? പൗരോഹിത്യമല്ലേ? എന്നാണ് വിമർശനം. നിസ്കാരത്തിന്റെ സമയത്തെ നിർണയിക്കുവാൻ കൽപ്പിക്കുന്ന ഹദീസിൽ വന്നിട്ടുള്ള വാചകത്തിലും മാസം നിർണയിക്കുവാൻ നിർദേശിക്കുന്ന ഹദീസിൽ വന്നിട്ടുള്ള വാചകത്തിലുമുള്ള സൂക്ഷ്മമായ വ്യത്യാസത്തെ മുൻ നിർത്തിയാണ് ഈ നിലപാടുകൾ വന്നിട്ടുള്ളത്. വ്യത്യസ്ഥ ധാരയിൽ നിന്നുള്ള ഫിഖ്ഹ് പണ്ഢിതരിൽ ഭൂരിപക്ഷവും മാസ നിർണയത്തിന് കലണ്ടർ പറ്റില്ല ചന്ദ്രപിറവിയെ നേർക്കു നേരെ സാക്ഷ്യപ്പെടുത്തണമെന്ന പക്ഷക്കാരാണ്. അത് അവരുടെ പ്രമാണ വായനയുടെ അടിസ്ഥാനത്തിലാണ്. അതിൽ മറിച്ചൊരു വായനയും ന്യായങ്ങളും നിരത്താനുള്ളവർക്ക് അത് ആകാം. പക്ഷെ, പരമ്പരാഗത പക്ഷത്തെ അവഹേളിക്കാനും അധിക്ഷേപിക്കാനുമുള്ള അനുവാദമില്ല. ഈമാനിന്റെ അഹ്ലുകാരെ ബഹുമാനപൂർവ്വം കാണാനുള്ള ബാധ്യതയും ഫിഖ്ഹിയായ ചർച്ചയിൽ ഉസൂൽ അനുസരിച്ച് അവരവരുടെ വാദങ്ങൾ ചർച്ച ചെയ്യാനുള്ള ഇടവുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. മാസപിറവിയെ സംബന്ധിച്ച കണക്കുകൾ നിർണയിക്കാൻ മാത്രം നിങ്ങൾ വിജ്ഞാനികൾ ആയിട്ടില്ല എന്നത് കൊണ്ടാണ് ചന്ദ്രനെ നോക്കി മാസം നിർണയിക്കാൻ പറഞ്ഞിട്ടുള്ളതെന്ന ന്യായത്തിലാണ് ചന്ദ്രമാസ കലണ്ടറിന്റെ അനുകൂലികൾ നിൽക്കുന്നത്. അവരുടെ ആ നിലപാടിൽ യുക്തി കാണുന്നുണ്ടെങ്കിലും ഉമ്മത്തിലെ ഫിഖ്ഹ് പണ്ഡിതരിൽ ബഹുഭൂരിക്ഷത്തിന്റെയും പിന്തുണയില്ലാതിരിക്കുകയും ഫിഖ്ഹിയായി തുടർന്ന് വരുന്ന നിയമത്തിന് വിരുദ്ധമായതുമാണത്.
ഉമ്മത്ത് ഇന്ന് ഒരുപാട് പ്രതിസന്ധികളിലാണ്. അതിനെല്ലാമുള്ള പരിഹാരം മാസമുറപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അത് വളരെ ബലിശമാണ്. ഉമ്മത്തിലെ ഭൂരിപക്ഷ ഫിഖ്ഹ് പണ്ഡിതർ എവിടെ നിൽക്കുന്നുവോ അവിടെ തന്നെ നിൽക്കുക എന്നതാണ് അതിൽ സൂക്ഷ്മമായ നിലപാടായി ഈയുള്ളവൻ വിലയിരുത്തുന്നത്. ഫിഖ്ഹ് ആഴത്തിൽ അറിയുന്നവർ ചർച്ച ചെയ്യേണ്ട ഒരു വിഷയമായി അതിനെ കാണുകയും അതൊരു തെരുവ് ചർച്ചക്കോ മറ്റൊരു വിവാദ വിഷയമോ ആക്കരുതെന്നുമാണ് അത് സംബന്ധമായി പറയുവാനുള്ളത്. അതേസമയത്ത് ഇത്തരത്തിലുള്ള വിധിന്യായവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഒരു യുക്തിവാദിയെ പോലെ അഭിപ്രായം പറയുകയും പരമ്പരാഗത പണ്ഡിതരെ പുരോഹിതരായി അപഹസിക്കുകയും ചെയ്യുന്നതിനോട് ഒട്ടും യോജിപ്പില്ല. ചന്ദ്രപിറവി കണക്കാക്കാൻ കണക്കുകൾ ഉണ്ടാകുമ്പോൾ പരമ്പരാഗതമായ രീതിയിൽ ആകാശത്ത് നോക്കി പിറവി ഉറപ്പുവരുത്തുന്നതിൽ തന്നെ നിർബന്ധം ചെലുത്തുന്നത് ഒരു തരം യാഥാസ്ഥികത്വമാണെന്ന് നമ്മുടെ യുക്തിക്ക് തോന്നിയേക്കാം. ശാസ്ത്ര പുരോഗതിയെ ഉൾകൊള്ളാത്തവർ എന്ന വിമർശനവും കാലത്തിനൊത്ത് വികസിക്കാത്തവർ എന്ന ആക്ഷേപവുമൊന്നും ഇസ്ലാമികമായി ചിന്തിക്കുന്നവർക്ക് ഒരു അപരാധമായി തോന്നുന്നതല്ല. ശാസ്ത്രത്തെ പിൻപറ്റുന്നതിലോ കാലത്തിനൊത്ത് മാറ്റം വരുത്തലോ ഒന്നും തന്നെ ഇസ്ലാം നമ്മോട് ആവശ്യപ്പെടുന്ന കൽപ്പനകളിൽപ്പെട്ടതല്ല. ഏറി വന്നാൽ അതെല്ലാം ഇസ്ലാം അനുവദിക്കുന്ന കാര്യങ്ങളായിട്ട് മാത്രമേ വരൂ. എന്നാൽ, ഇസ്‍ലാമിൽ ഏറ്റവും വലിയ അപരാധം അല്ലാഹുവിനെ നിഷേധിക്കലും അവനിൽ പങ്ക് ചേർക്കലും റസൂൽ(സ) കൊണ്ട് വന്ന ദീനിൽ സംശയിക്കലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളേയും വിധിവിലക്കുകളേയും വിലകൽപ്പിക്കാതിരിക്കലുമാണ്.
യുറോ സെൻട്രിക്കായി വികസിച്ചു വന്ന ആധുനിക ശാസ്ത്രത്തെ പുരോഗതിയായും ആത്യന്തിക സത്യമായും ഉൾകൊള്ളേണ്ട യാതൊരു ആവശ്യവും ഇസ്ലാം മുന്നോട്ട് വെക്കുന്നില്ല. അത് നാം സ്വാതന്ത്രമായി പഠിച്ച് നമുക്ക് സ്വയം തീരുമാനമെടുക്കാൻ അല്ലാഹു അനുവാദം തന്നിട്ടുള്ള കാര്യമാണ്. അതേസമയം ഇസ്‍ലാമിക പാരമ്പര്യത്തിൽ വികസിച്ചു വന്ന കർമശാസ്ത്ര മദ്ഹബുകളെ അംഗീകരിക്കൽ ഇസ്ലാമിൽ നിർബന്ധമുള്ള കാര്യമാണ്. സലഫുസ്വാലിഹീങ്ങളിൽ നിന്നല്ലാതെ നമുക്ക് ദീൻ ലഭിക്കില്ല. അല്ലാഹുവിന്റെ മതം, റസൂൽ(സ) അവിടുത്തെ ജീവിതം കൊണ്ട് വിശദീകരിച്ചു തരുമ്പോൾ അതിനെ സ്വന്തം ജീവിതത്തിലേക്ക് പരമാവധി ഒപ്പിയെടുക്കാൻ ശ്രമിച്ച സ്വഹാബാക്കൾ പകർന്നു തന്ന വെളിച്ചമാണ് ഇസ്ലാം ദീൻ. സ്വഹാബാക്കളിൽ നിന്ന് അത് പകർത്തി എടുത്ത് വിജ്ഞാന മുത്തുകളാക്കി കോർത്ത് വെച്ചു തന്നവരാണ് പിൽക്കാലത്ത് വന്ന രണ്ട് നൂറ്റാണ്ടിലെ സംശുദ്ധരായ സലഫുകൾ. അങ്ങിനെ ക്രോഡീകരിക്കപ്പെട്ട ദീനിന്റെ വെളിച്ചത്തെ കെടാതെ കാത്ത് സൂക്ഷിച്ച ഉന്നതരായ ഇമാമീങ്ങളാണ് കർമശാസ്ത്രമടക്കമുള്ള ഇസ്ലാമിന്റെ വിജ്ഞാനീയങ്ങളെ സംരക്ഷിച്ചതും നമുക്ക് പകർന്ന് തന്നതും. ഇങ്ങിനെ ഇസ്ലാമിക പാരമ്പര്യത്തിൽ കടന്നു വന്ന ജ്ഞാനികളെല്ലാം ഇസ്ലാമിലെ കർമശാസ്ത്ര സരണികളെ അവലംബമാക്കിയാണ് വിധിന്യായങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളത്. അതിലെവിടെയും തന്നെ ആധുനിക ശാസ്ത്രത്തെ പുരോഗതിയായി കാണൽ ഒരു അടിസ്ഥാന ഘടകമായി എണ്ണിയിട്ടില്ല.
അതുകൊണ്ട് തന്നെ, ഈമാനിൽ നിലകൊള്ളുന്നവരെ ആരേയും ശാസ്ത്രത്തിന്റെ പേരിൽ പുച്ഛിക്കാനോ പിഴച്ചവരാണെന്ന് മുദ്രകുത്താനോ പാടുള്ളതല്ല. നാസ്തികതയും ഭൗതികവാദവും അടിത്തറയാക്കിയവരാണ് ആധുനിക ശാസ്ത്രത്തിന്റെ വാക്താക്കൾ എന്ന തിരിച്ചറിവോടെ മാത്രം അവരുടെ വിജ്ഞാനീയങ്ങളെ പഠിക്കുക എന്ന ജാഗ്രത നമ്മിൽ ഉണ്ടാകേണ്ടതാണ്. അതുകൊണ്ട്, ശാസ്ത്രം ഇത്രയും പുരോഗമിച്ച നൂറ്റാണ്ടിൽ ഇപ്പോഴും നാം മാനം നോക്കികളാകുന്നതിൽ ആർക്കും ജാള്യത തോന്നേണ്ടതില്ല. ചന്ദ്രപിറവി നോക്കലും അത് കണ്ടാൽ പ്രത്യേകമായ ദിക്റ് ചൊല്ലലും പ്രവാചക ചര്യയുടെ ഭാഗമാണ്. പ്രവാചക ചര്യയിൽപ്പെട്ട ഏതെങ്കിലും കാര്യത്തോട് ജാള്യത തോന്നുന്നുണ്ടെങ്കിൽ അത്തരക്കാർ അതിൽ നിന്ന് പാശ്ചാതപിക്കുകയും ശഹാദത്ത് പുതുക്കുകയും ചെയ്യേണ്ടതുണ്ടന്നുമാണ് ഓർമിപ്പിക്കാനുള്ളത്.
ഇത് ചന്ദ്രപിറവിയുമായി ബന്ധപ്പെട്ടു മാത്രമല്ല. ഏതൊരു ഇസ്ലാമിക വിഷയത്തിലും ആധുനികത പ്രദാനം ചെയ്തിട്ടുള്ള യുക്തി മണ്ഢലത്തിൽ നിന്നു കൊണ്ടല്ല അതിനെ സമീപിക്കേണ്ടത്. ശാസ്ത്ര പുരോഗതി, സ്വതന്ത്ര ചിന്ത പോലുള്ള ആധുനികതയുടെ മേന്മകൾ ഇസ്ലാമിൽ ഒരു മേന്മയുമല്ല എന്ന് നാം അറിയേണ്ടതുണ്ട്. ഇസ്‍ലാമിൽ അല്ലാഹുവിനോടുള്ള അനുസരണ, മുത്തു നബി(സ) യോടുള്ള സ്നേഹവും അനുകരണവും, സ്വഹാബാക്കളോടുള്ള ആദരവും പിൻപറ്റലും, സലഫുസ്വാലിഹീങ്ങളുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന വിജ്ഞാനങ്ങളെ പ്രാമാണികമായി കാണൽ പോലുള്ളതിനാണ് പ്രാധാന്യമുള്ളത്. ഈ വക കാര്യങ്ങളെ പ്രാധാന്യപൂർവ്വം കണ്ടിരുന്ന പിൽക്കാലത്തെ ഇസ്ലാമിക സമൂഹവും ഖിലാഫത്ത് നിലനിന്നിരുന്ന കാലത്തെ മുസ്ലിം ഉമ്മത്തും നമ്മേക്കാൾ മേന്മകൾ ഉള്ളവരായിരുന്നുവെന്ന സത്യം ഉൾകൊള്ളുമ്പോൾ മാത്രമേ നാം സമ്പൂർണ്ണമായും ഇസ്ലാമിന്റെ വാക്താക്കളാവുകയുള്ളൂ. അടിസ്ഥാന ആരാധന സംബന്ധമായ മസ്അലകൾ പോലും ഇന്നത്തേത് പോലുള്ള ഒരു ആധുനിക ആശയ മണ്ഡലത്തിൽ, ആധുനിക വിദ്യാഭ്യാസത്തിലൂടെയും മീഡിയകളിലൂടെയും രൂപപ്പെട്ടിട്ടുള്ള ബുദ്ധിയിലും ബോധത്തിലും ഉദിക്കുന്നവയാണ് ആധുനിക പൂർവ്വ മുസ്ലിംകളുടേതിനേക്കാൾ മികവുറ്റതെന്ന് തോന്നുന്നുവെങ്കിൽ അവർക്ക് അടിയന്തിരമായി നല്ല മാനസിക ചികിത്സ ലഭിക്കേണ്ടതുണ്ട്. ഇസ്ലാമിനെ ഇസ്ലാമിന്റേതായ മാനദണ്ഡത്തിൽ ഉൾകൊള്ളുന്നതിന് പകരം ആധുനിക മാനദണ്ഡത്തിൽ വിലയിരുത്താൻ ശ്രമിക്കുന്നതിന് കാരണം, അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ ഐഹിക ലോകത്തിന് പരിഗണന കല്പിക്കുന്നത് മൂലമാണ്. അത് മാനസിക രോഗമായിട്ടാണ് അല്ലാഹു കണ്ടിട്ടുള്ളത്. അതിന് ഈമാൻ വർധിപ്പിച്ചു കൊണ്ട് ചികിത്സ നേടേണ്ടതുണ്ട്.