പരിത്യാഗത്തിന്റെ പാഠങ്ങൾ

ജലാഉൽ ഖാത്വിർ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ Purificatiion Of The mind എന്ന ഗ്രന്ഥത്തിന്റെ മൊഴിമാറ്റം തുടരുന്നു: അദ്ധ്യായം: 3:

മുഹിയിദ്ദീൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ):
വിവർത്തനം-ബഷീർ മിസ്അബ്:

അല്ലയോ മനുഷ്യരേ, നിങ്ങളിലോ, നിങ്ങളുടെ സമ്പാദ്യങ്ങളിലോ, വീടകങ്ങളിൽ നിങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാരിതോഷികങ്ങളിലോ, എന്തിനധികം എന്റെയീ സംസാരത്തിൽ തന്നെയോ തൽപരനല്ല ഞാൻ. ഞാൻ ഈയൊരവസ്ഥയിൽ ആയിരിക്കുവോളം കാലമേ അല്ലാഹു ഉദ്ദേശിച്ചാൽ എന്റെ ഉപദേശങ്ങളിൽനിന്നും നിങ്ങൾക്കു ഗുണം സിദ്ധിക്കാനാവൂ. പ്രഭാഷകരുടെ കണ്ണുകൾ നിങ്ങളുടെ വേഷഭൂഷാദികളിലും പണക്കിഴികളിലുമാകുവോളം കാലം അവരുടെ ഭാഷണങ്ങളിൽനിന്നും നിങ്ങൾക്കു യാതൊരു ഗുണവും സിദ്ധിക്കില്ല. നിങ്ങളുടെ ഭക്ഷണമുറി ഇടക്കിടെ സന്ദർശിക്കുകയും നിങ്ങളിൽനിന്നുള്ള കാര്യസിദ്ധിയിൽ അത്യാഗ്രഹിയായിരിക്കുകയും ചെയ്യുവോളംകാലം അയാളുടെ വാക്കുകൾ കൊണ്ട് നിങ്ങൾക്കു യാതൊരു നന്മയുമുണ്ടാവില്ല. അകക്കാമ്പില്ലാത്ത പുറംതോടുപോലെ, മാംസമില്ലാത്ത അസ്ഥി പോലെ, മാധുര്യമൊട്ടും ഉൾച്ചേരാത്ത കയ്പുപോലെ, ആത്മശൂന്യമായ വെറും പുറംതോടു മാത്രമായിരിക്കും അത്തരക്കാരുടെ ഭാഷണങ്ങൾ. അത്യാഗ്രഹിയൊരിക്കലും മുഖസ്തുതി ഉപേക്ഷിക്കില്ല. സ്തുതിപാടന സ്വഭാവം കാരണം നിങ്ങളോടയാൾ വിയോജിപ്പു പ്രകടിപ്പിക്കുകയുമില്ല. അതിമോഹി “ത്വമഅ്’ (അതിമോഹം) എന്ന പദം പോലെ ശൂന്യമാണ്. ത്വമഅ്ലെ അക്ഷരങ്ങളോരോന്നും(ത്വാഅ്, മീം, ഐൻ) ശൂന്യമാണല്ലോ.
പരിത്യാഗിക്ക് ജനങ്ങളുടെ പണം വാരുന്ന കൈകളൊരിക്കലും ഉണ്ടാവില്ല. പരിത്യാഗമെന്നാൽ ഇഹലോകവും പരലോകവും ഉപേക്ഷിക്കലാകുന്നു. എല്ലാ സുഖസൗകര്യങ്ങളും, കാമചോദനകളും കൈവെടിഞ്ഞ് സ്വന്തത്തെ തന്നെ മറക്കലാകുന്നു. ആത്മീയാവസ്ഥകളും പദവികളും അത്ഭുതസിദ്ധികളുമുൾപ്പെടെ സ്രഷ്ടാവല്ലാത്ത സകലതും ഉപേക്ഷിക്കലാകുന്നു. അങ്ങിനെ പരിത്യാഗിക്കു മുമ്പിൽ സ്രഷ്ടാവു മാത്രമ അവശേഷിക്കുന്നുള്ളൂ. അയാളുടെ സർവ്വ പ്രതീക്ഷകളുടെയും ദിശയും പരമമായ ലക്ഷ്യവും അല്ലാഹുവായിത്തീരുന്നു. എല്ലാറ്റിനുമുടയവനും അവൻതന്നെയാകുന്നു.
ആത്മജ്ഞാനികൾക്കും അനുസരണയുള്ള അടിമകൾക്കും ഹൃദയശാന്തിയുടെ സ്രോതസ്സാകുന്നു പരിത്യാഗം. പരിത്യാഗത്തിന്റെ ക്ളേശം ശരീരത്തിനാണെങ്കിൽ തിരിച്ചറിവിന്റെ ഭാരം ഹൃദയത്തിലാകുന്നു. പരിത്യാഗം ശീലിക്കുക. അല്ലാഹുവോടു കൃതജ്ഞത കാണിക്കുകയും അവനിൽ തൃപ്തരാവുകയും ചെയ്യുക. അപരരെകുറിച്ച സൽചിന്തയിൽ മുഴുകുക. അഹംബോധവും അപരരെക്കുറിച്ച അധമാഭിപ്രായങ്ങളും ഉപേക്ഷിക്കുക.

നിങ്ങൾ ദുനിയാവിനെ ഉപേക്ഷിക്കുകയും അങ്ങിനെ പരിത്യാഗം യാഥാർത്ഥ്യമാവുകയും ചെയ്യുന്നതോടെ ദുനിയാവ് ഒരു സ്ത്രീരൂപത്തിൽ നിങ്ങളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടും. എന്നിട്ടു പറയും , “ഞാൻ താങ്കളുടെ ദാസിയകുന്നു. താങ്കൾക്കുള്ള നിക്ഷേപങ്ങളൊരുപാടുണ്ട് എന്റെ പക്കൽ. അവ സ്വന്തമാക്കിക്കൊൾക.”നിങ്ങളുടെ ഓഹരി കൂടുതലോ കുറവോ എന്നെല്ലാം അവൾ കൃത്യമായി പറഞ്ഞു തരും. നിങ്ങളുടെ അറിവും ബോധ്യവും ശക്തിപ്പെട്ടു കഴിഞ്ഞാൽ ഉണർച്ചയിൽ ത്തന്നെ അവൾ നിങ്ങളെ സമീപിക്കും.
പ്രവാചകന്മാരുടെ ആദ്യ ആത്മീയാവസ്ഥ ദിവ്യപ്രചോദനത്തിന്റേതും, ദ്വിതീയാവസ്ഥ ദാർശനികസ്വപ്നങ്ങളുടേതുമാകുന്നു. തുടർന്ന് അവരുടെ ആത്മീയാവസ്ഥയുടെ ആഴമേറുന്നതോടെ ഉണർച്ചയിൽത്തന്നെ മാലാഖമാർ പ്രത്യക്ഷപ്പെട്ട് അവരോടിവ്വിധമരുളുന്നു,
“അല്ലാഹു താങ്കളെ ഇന്നയിന്നതെല്ലാം അറിയിച്ചിരിക്കുന്നു”.
സൃഷ്ടികളെ ഒരാൾ ആത്മാർത്ഥമായി പരിത്യജിച്ചാൽ അവ അതേ ആത്മാർത്ഥതയോടെ അയാളിൽ തൽപരരാവുകയും അയാളെ ദർശിച്ചുകൊണ്ട്, അയാളുടെ വാക്കുകൾ ശ്രവിച്ചുകൊണ്ട്, നേട്ടം സിദ്ധിക്കുകയും ചെയ്യും. അല്ലാഹു അല്ലാത്ത സകലതിൽ നിന്നും ഹൃദയത്തെ പരിപൂർണ്ണമായി മുക്തമാക്കുന്നതോടെ അല്ലാഹുവുമായുള്ള ആ അടുപ്പം ഇഹലോകത്ത് അയാൾക്ക് സൗഹൃദവും പരലോകത്ത് പരമാനന്ദവും പ്രദാനം ചെയ്യുന്നു.
വിവേകിയാവുക. നിനക്ക് ഹൃദയമോ അതിനെക്കുറിച്ച ജ്ഞാനമോ ഇല്ലെന്ന വസ്തുത എനിക്കു കാണാനാവുന്നുണ്ട്. കഷ്ടംതന്നെ നിന്റെ കാര്യം. നീ പരിത്യാഗിയെന്നകാശപ്പെടുകയും പരിത്യാഗികളുടെ വേഷമണിയുകയും ചെയ്യുമ്പോൾ തന്നെ ഇഹലോകത്തിന്റെ സന്തതികളായ സമ്പന്നരുടേയും സുൽത്വാൻമാരുടെയും വാതിലിൽ മുട്ടുകയും ചെയ്യുന്നു! നിന്റെ നീച നഫ്സ് ഇഹലോകത്തിനു പിറകെയാണ്, ദുനിയാവിന്റെ ആളുകൾ ഉടമപ്പെടുത്തിയത് മോഹിച്ചുകൊണ്ട്. നബി തിരുമേനി(സ്വ)യുടെ തിരുമൊഴി നീ കേൾക്കണമായിരുന്നു. അവിടുന്ന് അരുളി,
“വിലക്കപ്പെട്ടയിടങ്ങൾക്കു ചുറ്റും അലഞ്ഞു തിരിയുന്നവൻ ഒടുവിൽ അതിനകത്തു പ്രവേശിക്കുവാനുള്ള സാധ്യതയേറെയാകുന്നു”.
ഇഹലോകവുമായുള്ള നിരന്തര വ്യവഹാരം അല്ലാഹുവിന്റെ അടിമകൾക്ക് മാർഗതടസ്സം സൃഷ്ടിക്കുകയും അവരെ ബോധശൂന്യരും പരിഹാസ്യരുമാക്കിത്തീർക്കുകയും ചെയ്യുന്നു. അല്ലാഹു രക്ഷ നൽകാനുദ്ദേശിച്ചവർക്കൊഴികെ മറ്റാർക്കും ഇതു സംഭവിക്കും. അത്തരക്കാരാവട്ടെ, ഒരു ചെറുന്യൂനപക്ഷം മാത്രമാകുന്നു. അവരുടെ ഹൃദയങ്ങളെയും കർമ്മങ്ങളെയും പൊതു-സ്വകാര്യ ജീവിതങ്ങളെയും അല്ലാഹു സംരക്ഷിക്കുകയും ചെയ്യുന്നു. ദിവ്യാധികാരത്തിന്റെ കരങ്ങളാൽ അല്ലാഹു അവരുടെ അന്നപാനീയങ്ങളും ഉടയാടകളും ശുദ്ധീകരിക്കുന്നു. അല്ലാഹുവിന്റെ അഹ്ലുകാർ അവന്റെ തിരുദൂതർ കൊണ്ടുവന്ന സത്യത്തിന് കർമ്മസാക്ഷ്യം വഹിക്കുന്നവരകയാൽ അല്ലാഹു അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

കഷ്ടം തന്നെ നിങ്ങളുടെ കാര്യം! പരിത്യാഗം ശീലിക്കുന്നത് ഹൃദയമാണ്, ശരീരമല്ല. പുറമേക്കു മാത്രം പരിത്യാഗികളായവരേ, നിങ്ങളുടെപരിത്യാഗം (അല്ലാഹു) നിങ്ങൾക്കുതന്നെ എറിഞ്ഞു തരികയാണ്. നിങ്ങൾ നിങ്ങളുടെ നീളൻ കുപ്പായവും തലപ്പാവും മറച്ചു പിടിക്കുന്നു. സ്വർണ്ണം മണ്ണിൽ കുഴിച്ചിട്ടിരിക്കുന്നു. എന്നിട്ടു പുറമേക്കു കമ്പിളിവസ്ത്രം പുതച്ചു നടക്കുന്നു. പശ്ചാത്തപിച്ചില്ലെങ്കിൽ അല്ലാഹു നിങ്ങളുടെ ശിരസ്സറുക്കും. നിങ്ങൾ നിങ്ങളുടെ കട തുറന്നിരിക്കുന്നത് കാപട്യം വിൽക്കാനാണ്. ഖേദിച്ചു മടങ്ങി ആ കട സ്വയം നശിപ്പിച്ചില്ലെങ്കിൽ അല്ലാഹു അതു തകർത്തു നിങ്ങളുടെമേൽ വീഴ്ത്തി നിങ്ങളെ നശിപ്പിക്കട്ടെ.
സത്യവിശ്വാസിയുടെ പരിത്യാഗം ഹൃദയത്തിലാണ്. അല്ലാഹുവുമായുള്ള അവന്റെ അടുപ്പമാവട്ടെ, ആന്തരാത്മാവിലുമാണ്. ഇഹലോകവും പരലോകവും അവന്റെ വാതിൽക്കലാകുന്നു. സമ്പത്തും ദുനിയാവും അവരുടെ ഹൃദയത്തിൽ കയറിയിട്ടില്ല. അല്ലാഹു ഒഴികെ സകലതിൽനിന്നും മുക്തമാണ് അവരുടെ ഹൃദയം. ആദ്യമേ അല്ലാഹുവും അവന്റെ സ്മരണയും അടുപ്പവും നിറഞ്ഞിരിക്കുന്ന ആ ഹൃദയത്തിൽ മറ്റാർക്ക് ഇടം ലഭിക്കാനാണ്? തന്റെ നാഥനുവേണ്ടി തകർന്ന ഹൃദയമാണ് അവന്റേത്. അതിനാൽ സംശയം വേണ്ട, യജമാനൻ അതിൽ പാർപ്പുറപ്പിക്കുകതന്നെ ചെയ്യും. “എനിക്കു വേണ്ടി ഹൃദയം തകർന്നവരുടെ കൂടെയാണു ഞാൻ” എന്ന് അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ടല്ലോ. ഇഹലോക പരിത്യാഗത്തിലൂടെ അവന്റെ നഫ്സും, അല്ലാഹുവിനു വേണ്ടി അവന്റെ ഹൃദയവും തകർന്നിരിക്കുന്നു. അവ്വിധം, ഒരു ഹൃദയം തകർന്നുകഴിഞ്ഞാൽ അല്ലാഹു അതിനെ ചികിത്സിച്ചു പുനർജ്ജനി നൽകി അതിൽ ഉപവിഷ്ഠനാകുന്നു. അതാകുന്നു യഥാർത്ഥ ആനന്ദം, ഇഹലോകത്തിന്റെയും പരലോകത്തിന്റെയും.
നിങ്ങളുടെ നഫ്സിന്റെ കൺതുറന്ന് അവളോടിവ്വിധം പറയുക,”നിന്റെ നാഥനെ കൺപാർത്ത് അവൻ നിന്നെ എവ്വിധം നോക്കുന്നുവെന്നു കാണുക. നിങ്ങൾക്കുമുമ്പ് മരിച്ചുമണ്ണടിഞ്ഞവരെപറ്റി ആലോചിക്കുക. ദുനിയാവിനെ ഉടമപ്പെടുത്തിയിരുന്ന അവർ അതവരിൽനിന്നും പറിച്ചുമാറ്റപ്പെടുവോളം അതിലെ സഖഭോഗങ്ങളാസ്വദിക്കുകയായിരുന്നു. എന്നാലിപ്പോൾ കഠിനശിക്ഷയുടെ തടവറകളിൽ തളക്കപ്പെട്ടിരിക്കുകയാണവർ. അവരുടെ കൊട്ടാരങ്ങൾ ശൂന്യമായി, സ്വത്തുക്കൾ നഷ്ടമായി. കർമ്മങ്ങൾ മാത്രമവശേഷിച്ചിരിക്കുന്നു. അവരുടെ ഭോഗേച്ഛകളെല്ലാം അപ്രത്യക്ഷമായി, അവയുടെ പരിണതികൾ മാത്രമവശേഷിച്ചിരിക്കുന്നു”
അതിനാൽ, സ്വയം മറന്ന് ആനന്ദിക്കരുത്. അതിനുള്ള സമയമല്ലിത്. നിങ്ങളുടെ ഭാര്യാസന്താനങ്ങളുടെ സൗന്ദര്യത്തിലും, സമ്പത്തിന്റെ സമൃദ്ധിയിലും മതിമറക്കാതിരിക്കുക. പ്രവാചകന്മാരും പൂർവ്വസൂരികളും ആനന്ദിക്കാത്ത കാര്യങ്ങളിൽ നിങ്ങളും ആനന്ദമൊഴിവാക്കുക. അല്ലാഹു അരുളിയിരിക്കുന്നു,
“ഇഹലോകത്തിൽ ആനന്ദം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല”.
അല്ലാഹുവിലും അവന്റെ സാമീപ്യത്തിലും സംതൃപ്തിയടയുന്നവരെ മാത്രമേ അവൻ സ്നേഹിക്കുകയുള്ളൂ. അല്ലാഹുവിന്റെ അഹ്ലുകാരുടെ ആലോചനകൾ ഇഹലോകത്തിന്റെ ആനന്ദാസ്വാദനങ്ങളെകുറിച്ചല്ല, പരലോകത്തെ കുറിച്ചാകുന്നു.
അല്ലയോ മിഥ്യാഭ്രമങ്ങൾക്കടിമപ്പെട്ടവരേ, നിങ്ങളിൽനിന്നും അല്ലാഹു ആഗ്രഹിക്കുന്നതല്ല നിങ്ങൾ പ്രവർത്തിക്കുന്നത്. പരലോകവിസ്മൃതിയിലായവരേ, ദൈവനിഷേധികളെ കാത്തിരിക്കുന്നത് കഠിനശിക്ഷയാകുന്നു.

തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy