ഇസ്ലാമിന് മാനവികമാവാൻ മതനിരപേക്ഷതയുടെ വക്കാലത്തെന്തിന്?

അബൂഹന്ന :

സ്രഷ്ടാവും സംരക്ഷകനും ഉപജീവനം നല്‍കുന്നവനുമായവനെ മാത്രമെ ആരാധിക്കാവൂവെന്നും സ്രഷ്ടാവ് അവതരിപ്പിച്ചിട്ടുള്ള നിയമങ്ങളനുസരിച്ചാണ് ജീവിക്കേണ്ടതെന്നുമുള്ള നിലപാടാണ് ഇസ്‌ലാം. ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ വന്നിട്ടുള്ള സന്മാര്‍ഗദര്‍ശകനായ ദൂതരാണ് മുഹമ്മദ് നബി(സ). ആ ദൂതരെ വിശ്വസിക്കുകയും അംഗീകരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് മാത്രമെ പരലോക വിജയം കൈവരിക്കാന്‍ സാധിക്കൂവെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. എന്നാല്‍ മനുഷ്യനെ സംബന്ധിച്ചുള്ള ഇസ്‌ലാമിന്റെ സങ്കല്‍പ്പം ആദമിന്റെ മക്കള്‍ എന്നതാണ്. ആദമിന്റെ മക്കളായിട്ടുള്ളവരാണ് സകല മനുഷ്യരും എന്ന് പറയുമ്പോള്‍ മനുഷ്യരെല്ലാം ഒറ്റ വംശവും ഒറ്റ ജാതിയുമാണ് എന്ന സങ്കല്‍പ്പമാണ് വിഭാവന ചെയ്യുന്നത്. ആദമിന്റെ മക്കളായ മനുഷ്യരെ മുഴുവന്‍ അല്ലാഹു ആദരിച്ചിട്ടുണ്ട്. ഈ ആദം സന്തതികളായ മനുഷ്യര്‍ക്ക് പരലോക വിജയം കരസ്ഥമാക്കാന്‍ മുഹമ്മദ് നബി(സ)യിലൂടെ അല്ലാഹു അവതരിപ്പിച്ച മതത്തിന്റെ വിശ്വാസ-കര്‍മ പാതയിലൂടെ സഞ്ചരിക്കേണ്ടതുണ്ടെങ്കിലും ഐഹിക ലോകത്ത് ജീവിക്കാനും ഇവിടുത്തെ വിജയങ്ങള്‍ കൈവരിക്കാനും സത്യമതത്തെ പുല്‍കണമെന്നില്ല. അതുകൊണ്ട് തന്നെ ഐഹികലോകത്ത് വെച്ച് ഒരാള്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന പരിഗണന കൂടാതെ തന്നെ ഉപജീവനത്തിന്റെ വാതായനങ്ങള്‍ അല്ലാഹു പൊതുവായി തുറന്നു കൊടുക്കുന്നതാണ്. അല്ലാഹുവിന്റെ ഏറ്റവും ഉന്നതമായ ഗുണവിശേഷണമായിട്ടാണ് ഈ കാര്യത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുള്ളത്.
അല്ലാഹുവിന്റെ തൊന്നൂറ്റി ഒമ്പത് നാമങ്ങളില്‍ ഏറ്റവും വിശിഷ്ഠമായതും സൃഷ്ടികള്‍ക്ക് തീരെ പ്രാപിക്കാന്‍ കഴിയാത്തതുമായ ഗുണ വിശേഷമായിട്ടാണ് റഹ്മാന്‍ എന്ന ആ നാമത്തെ പരിചയപ്പെടുത്തിയിട്ടുള്ളത്. അല്ലാഹു സൃഷ്ടിച്ച അവന്റെ അടിമ അവനെ വിശ്വസിക്കുന്നുണ്ടോ അനുസരിക്കുന്നുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ഐഹികമായ ഉപജീവനം നല്‍കുവാന്‍ മാത്രം കരുണയുള്ളവന്‍ എന്നതാണ് ആ നാമത്തിന്റെ അര്‍ത്ഥം. ഒരു മാതാവിനോ പിതാവിനോ പോലും അവരെ തീരെ അംഗീകരിക്കാത്ത മക്കള്‍ക്ക് നിരന്തരം ഗുണം ചെയ്തു കൊടുക്കാന്‍ സാധിക്കില്ല. ഈ വിധത്തിലുള്ള അല്ലാഹുവിന്റെ വിശാലമായ വിട്ടുവീഴ്ച്ചയും കാരുണ്യവുമാണ് ഇസ്‌ലാമിന്റെ മാനവിക സങ്കല്‍പ്പത്തിന്റെ അടിത്തറ. പക്ഷെ, മരണത്തോട് കൂടി അല്ലാഹുവിന്റെ സമീപനത്തില്‍ മാറ്റം വരുന്നതാണ്. ഐഹിക ജീവിതത്തില്‍ വെച്ച് അല്ലാഹുവിനെ തിരിച്ചറിഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങിയ ആളുകള്‍ക്ക് മാത്രമെ മരണാനന്തര ജീവിതത്തില്‍ അല്ലാഹു സുഖകരമായ ജീവിതം നല്‍കുകയുള്ളൂവെന്നുള്ളതാണ് ഇസ്‌ലാമിന്റെ മുന്നറിയിപ്പ്. അപ്പോള്‍, അല്ലാഹുവിലേക്കുള്ള വഴി മനുഷ്യര്‍ക്കിടയില്‍ പ്രബോധനം ചെയ്യുക എന്നുള്ളതല്ലാതെ അതിലേക്ക് ആരേയും ബലപ്രയോഗത്തിലൂടെ ചേര്‍ക്കാനോ അടിച്ചേല്‍പ്പിക്കാനോ ഇസ്‌ലാം അനുശാസിക്കുന്നില്ല എന്നു മാത്രമല്ല അത് അസാധ്യവുമാണ്. കാരണം, ഒരാള്‍ ഇസ്‌ലാം പുല്‍കുവാന്‍ പ്രഥമികമായി വേണ്ടത് അല്ലാഹുവിനേയും മുഹമ്മദ് നബി(സ)യേയും ഇഷ്ടപ്പെടുകയാണ്. ഒരാളുടെ ഇഷ്ടം ഈ വഴിക്ക് വരണമെങ്കില്‍ അയാളെ ഗുണകാംക്ഷ പൂര്‍വ്വം ഉപദേശിക്കുകയും അയാള്‍ക്ക് ഗുണം ചെയ്തു കൊടുക്കുകയുമാണല്ലോ മാര്‍ഗം. ബലപ്രയോഗത്തിലൂടെ ഒരാളെ കീഴ്‌പ്പെടുത്തിയാല്‍ അയാളില്‍ ഈ പറഞ്ഞ മൂല്യങ്ങള്‍ സന്നിവേശിപ്പിക്കാന്‍ സാധിക്കുന്നതല്ല.
തെറ്റായ മത-ദൈവ സങ്കല്‍പ്പത്തില്‍ നില്‍ക്കുന്നവരോട് മനുഷ്യത്വവും നീതിയും കാണിക്കണമെന്നതില്‍ ഇസ്‌ലാം നിര്‍ബന്ധം ചെലുത്തുന്നു. ഇസ്‌ലാമിന് ഇസ്‌ലാമിന്റേതായ ആശയങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്, അതില്‍ മറ്റൊന്നിനെ ഇടകലര്‍ത്താനോ മറ്റുള്ളവയെ സ്വാംശീകരിക്കാനോ ഒരിക്കലും അനുവദിക്കുന്നില്ല. ഈ അതിരുകളെ ഭേദിച്ചു കൊണ്ട് സര്‍വ്വമതങ്ങളെയും അംഗീകരിക്കുന്ന സമീപനം ഇസ്ലാം ഉള്‍കൊള്ളുന്നില്ല. മാനവികത എന്നാല്‍ മനുഷ്യന്റെ ഐഹികമായ ജീവിതത്തെ നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളിലെ സഹകരണ മനോഭാവമാണ്. അതിന് ഇസ്ലാം സര്‍വ്വാത്മനാ സ്വീകാര്യത നല്‍കുമ്പോള്‍ മത വിശ്വാസ-അനുഷ്ഠാന രംഗത്ത് യാതൊരു സഹകരണവും നല്‍കാന്‍ അനുവദിക്കുന്നില്ല.
”മത വിഷയത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തവരോട് നിങ്ങള്‍ ഉപകാരവും നീതിയും പുലര്‍ത്തുന്നതില്‍ നിന്നും അല്ലാഹു നിങ്ങളെ തടയുന്നില്ല. നിശ്ചയം നീതിമാന്മാരെ അല്ലാഹു ഇഷ്ടപെടുന്നു.”(ഖുര്‍ആന്‍ -60:8).
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ ഇന്ന് ഉന്നയിക്കപ്പെടുന്ന ഏറ്റവും വലിയ വിമര്‍ശനം അത് തീവ്രവാദ സ്വഭാവം പുലര്‍ത്തുന്നുവെന്നാണ്. അത് തെളിയിക്കുന്നതിന് വേണ്ടി ഇസ്‌ലാമിന്റെ പ്രമാണങ്ങളെ വളച്ചൊടിച്ച് അവതരിപ്പിക്കുകയും തീവ്രമായി ചിന്തിക്കുന്ന മുസ്ലിംകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിനെ തീവ്രവാദമായി അവതരിപ്പിക്കാനുള്ള ഈ ശ്രമം പുതിയ സംഭവങ്ങളൊന്നുമല്ല. അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേര്‍ക്കു നേരെ ഇസ്‌ലാമിനോട് ഏറ്റുമുട്ടുന്നതിന് പകരം ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കിയ ശേഷം അതിനെ നിഗ്രഹിക്കുക എന്നത് കൊളോണിയല്‍ കാലഘട്ടം മുതല്‍ പാശ്ചാത്യ ശക്തികള്‍ നടപ്പിലാക്കാന്‍ പ്രയത്‌നിച്ചു വരുന്നതാണ്. പാശ്ചാത്യരുടെ അത്തരത്തിലുള്ള ഇസ്‌ലാം വിരുദ്ധമായ ആ പ്രചരണത്തിന് മീഡിയകളുടെ സഹായത്തോടെ ആഗോളതലത്തില്‍ തന്നെ ഇന്ന് വേരോട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയിലകപ്പെട്ടു കഴിഞ്ഞിരുന്ന ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന അധസ്ഥിതര്‍ മാനവികതയുടെ ശുദ്ധവായു ആസ്വദിച്ചത് മുസ്‌ലിംകളില്‍ നിന്നാണെങ്കില്‍ ഇന്ന് അവര്‍ക്ക് പോലും ഇസ്ലാം ഭീകരമാണ്! ഭൂതകാലത്തെ വര്‍ത്തമാന കാലത്തിന് മുമ്പില്‍ വരച്ചു കാണിക്കുന്ന ചരിത്രത്തെ തന്നെ അതിനായി വളച്ചൊടിക്കപ്പെട്ടതോടെ ഈ പ്രചാരണത്തില്‍ ഇസ്‌ലാം വിരുദ്ധരുടെ പ്രൊപഗണ്ട വിജയിച്ചിരിക്കുകയാണ്.
ഇസ്‌ലാമിന്റെ പക്ഷം സത്യമായിരിക്കെ തന്നെ മുസ്‌ലിംകള്‍ക്ക് അതിജീവിക്കാന്‍ സാധിക്കാതിരിക്കുന്നത് മുസ്‌ലിംകളുടെ ഇസ്‌ലാമില്‍ നിന്നുള്ള വ്യതിചലനങ്ങള്‍ മൂലമാണ്. പ്രവാചകര്‍(സ)യെ സഹവസിച്ചും അനുകരിച്ചും പകര്‍ത്തിയെടുത്ത ദീനിനെ ടെക്‌സറ്റുകളുടെ പാരായണത്തില്‍ മാത്രം ഒതുക്കിയതോടെ അതിന്റെ തനതായ മൂല്യം നഷ്ടപ്പെടുകയും മുസ്‌ലിംകള്‍ ദുര്‍ബലരായി തീരുകയും ചെയ്തു. പ്രവാചകര്‍ക്ക് ശേഷവും പ്രവാചകാനുയായികളായ സഹാബാക്കളുടെ കാലത്തിന് ശേഷവും ദീനി മൂല്യങ്ങള്‍ കരസ്ഥമാക്കിയവരില്‍ നിന്നാണ് ദീനിന്റെ കാഴ്ച്ചപ്പാടുകളേയും മൂല്യങ്ങളേയും പകര്‍ത്തി എടുത്തിരുന്നത്. അത് കേവലം അക്ഷര പാരായണത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ പല തെറ്റിദ്ധാരണകളും അബദ്ധങ്ങളും സംഭവിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് പോലും ഇസ്‌ലാമിന് ഒരു ഗുരുവിന്റെ സഹായമില്ലാതെ യഥാവിധി മനസ്സിലാക്കാന്‍ സാധിക്കില്ലെങ്കില്‍ അമുസ്‌ലിംകളായവര്‍ക്ക് ഇത് ഒട്ടും സാധിക്കില്ലല്ലോ. അല്ലാഹുവിന്റെ മതത്തെ പ്രവാചകരില്‍ നിന്ന് മനസ്സിലാക്കിയത് പോലെ സ്വഹാബാക്കളില്‍ നിന്നാണ് പില്‍ക്കാലക്കാര്‍ മനസ്സിലാക്കിയത്. അതിന് ശേഷമുള്ളവര്‍ അതാത് കാലത്തെ മതഭക്തരായ പണ്ഡിതരില്‍ നിന്നുമാണ് മനസ്സിലാക്കിയത്. ഇങ്ങിനെ ഇസ്‌ലാമിന്റെ ആധികാരിക ശബ്ദങ്ങളായി മാറിയ പണ്ഡിത മഹത്തുക്കളുടെ രചനകള്‍ക്ക് ആധികാരികത കൈവന്നു. എന്നാല്‍, ഇന്ന് കാണുന്നത് വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടേയും വരികളെ കേവലം വാക്കര്‍ത്ഥത്തില്‍ എടുത്ത് കൊണ്ടുള്ള വിശകലനങ്ങളാണ്. അത് ഇസ്‌ലാമിനെ മുന്‍വിധിയോടെ കാണുന്നവര്‍ക്ക് വളരെ എളുപ്പം തെറ്റിദ്ധാരണ പരത്താന്‍ സഹായിക്കുന്നു. ഇസ്‌ലാമിന്റെ ജീവിക്കുന്ന മാതൃകയെ പരിചയമില്ലാത്തവര്‍ ഇസ്‌ലാം വിരുദ്ധരുടെ അക്ഷരവായനയുടെ അടിസ്ഥാനത്തിലെ പ്രചരണത്തിന് മുമ്പില്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.
അമുസ്‌ലിംകളോട് അവരുടെ മതപരമായ കാര്യങ്ങളില്‍ സഹകരിക്കുന്നതാണ് മാനവികത എന്ന് ഇന്ന് ചിലര്‍ വിചാരിച്ചിട്ടുണ്ട്. അത് അവരുടെ വിഢിത്തരം, അല്ലെങ്കില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കാനുള്ള വ്യാഗ്രത മാത്രമാണ്. മാനവികത എന്ന വാക്ക് സൂചിപ്പിക്കുന്നത് തന്നെ മനുഷ്യത്വപരമായ കാര്യങ്ങളില്‍ മനുഷ്യനെ ഒന്നായി കാണലാണ്. ഇസ്‌ലാം മാത്രമാണ് സത്യമെന്ന് ഒരു മുസ്ലിം വിശ്വസിക്കുന്നതും മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗ്ഗം സമ്പാദിക്കാന്‍ മുസ്‌ലിം ആകല്‍ അനിവാര്യമാണെന്ന വിശ്വാസവുമൊക്കെയാണ് ഇന്ന് ഇസ്‌ലാമിനെ കുറ്റപ്പെടുത്താന്‍ ചിലര്‍ ഉന്നയിക്കുന്നത്. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുക പോലും ചെയ്യാത്തവര്‍ക്കും അവിടെ സ്വര്‍ഗ്ഗം ലഭിക്കുമെന്ന് പറഞ്ഞാല്‍ ഇസ്ലാം മാനവികമാകുമത്രെ!. മരണാനന്തരം മനുഷ്യര്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നത് ഒരു ആധ്യാത്മിക വിഷയമാണ്. ഓരോ മനുഷ്യരും അവരുടെ കര്‍മങ്ങളും സ്വപ്നങ്ങളുമായി മരണത്തിലേക്ക് മറഞ്ഞതിന് ശേഷം പിന്നെ അവര്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നത് ഐഹിക ലോകത്ത് നിന്ന് കൊണ്ട് കൃത്യമായി അപഗ്രഥിക്കുവാന്‍ സാധിക്കുന്നതല്ല. അദൃശ്യമായ അത്തരം കാര്യങ്ങളില്‍ പ്രവാചകര്‍(സ) പറഞ്ഞു തരുന്ന കാര്യങ്ങളില്‍ അങ്ങിനെ തന്നെ വിശ്വസിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കല്‍പ്പന. പ്രവാചകര്‍(സ) സ്രഷ്ടാവായ അല്ലാഹുവിന്റെ ദൂതര്‍ തന്നെയാണോ എന്ന് പരിശോധിച്ച് പ്രവാചക വ്യക്തിത്വത്തിന്റെ സവിശേഷതയെ അപഗ്രഥിക്കാന്‍ ഇവിടെ തെളിവുകള്‍ അവശേഷിക്കുന്നുണ്ട്. അതിലൂടെ വിശ്വാസത്തെ ദൃഢപ്പെടുത്തിയവര്‍ പ്രവാചകരോടുള്ള വിശ്വാസത്താലും സ്‌നേഹത്താലും അനുഗ്രഹീതരായി തീരുമ്പോള്‍ അവര്‍ക്ക് പരലോകം ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നതാണ്. അത്തരക്കാര്‍ക്കാണ് പരലോക വിജയമുള്ളത്. അതല്ലാത്തവര്‍ക്കൊന്നും പരലോകത്ത് രക്ഷയില്ല എന്ന സന്ദേശം തന്നെയാണ് പ്രവാചകരും ഖുര്‍ആനും ലോകത്ത് വിളമ്പരപ്പെടുത്തിയിട്ടുള്ളത്.
ഐഹിക ലോകത്ത് കോലയും കൊള്ളയും ചതിയും വഞ്ചനയും വംശവെറിയും വര്‍ഗ്ഗീയതയും അനീതിയും അക്രമവും കാണിക്കുന്ന മനുഷ്യരുണ്ട്. സര്‍വ്വരാലും തെറ്റാണെന്ന് വിധിക്കപ്പെട്ടിട്ടുള്ള അത്തരം തിന്മകളില്‍ വ്യാപൃതരായിരിക്കുന്നവരെ സംസ്‌കരിക്കാനോ അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാനോ മുതിരുന്നതിന് പകരം പരലോകത്ത് സ്വര്‍ഗ്ഗം കിട്ടണമെങ്കില്‍ മുസ്ലിമാകണമെന്ന് പറയുന്നതാണത്രെ വന്‍കുറ്റം! ഇസ്‌ലാമികമായ ജീവിതത്തില്‍ ഒരാള്‍ നിഷ്ഠ പുലര്‍ത്തുന്നുവെന്നത് കൊണ്ട് അവര്‍ ഇസ്‌ലാമല്ലാത്തവരെ മുഴുവന്‍ ശത്രുതയോടെ കാണുമെന്നോ നിന്ദിക്കുമെന്നോ ഉള്ള ചിന്ത തീര്‍ത്തും മുന്‍വിധിയാണ്. ജീവിതത്തില്‍ പ്രത്യേക ചിട്ടകളും ചര്യകളും അനുഷ്ഠിക്കുന്ന ധാരാളം മനീഷികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അവര്‍ ആരും തന്നെ അത്തരം ജീവിത ചിട്ടകളോ ചര്യകളോ പാലിക്കാത്ത മനുഷ്യരെ ശത്രുവായി കാണുകയോ നിന്ദിക്കുകയോ ചെയ്ത ചരിത്രമില്ല. ഇസ്‌ലാമിന്റെ പ്രബോധകരായ എത്രയോ മഹാമനീഷികള്‍ ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി ചരിത്രം വിരചിച്ച ആ മഹാവ്യക്തിത്വങ്ങളുടെ അന്ത്യവിശ്രമ ഗേഹങ്ങളില്‍ ഇപ്പോഴും മനുഷ്യര്‍ ആദരപൂര്‍വ്വം സന്ദര്‍ശകരായി വന്നെത്തുന്നുണ്ട്. മുസ്ലിം – അമുസ്ലിം ഭേദമന്യെയാണ് അവിടെ സന്ദര്‍ശനത്തിന് ജനങ്ങൾ വരുന്നത്. ആ വ്യക്തിത്വങ്ങളെ ആ വിധം ആദരിക്കണമെങ്കില്‍ അത് അവരിലെ ഉന്നതമായ മാനവിക മൂല്യങ്ങളുടെ പേരിലായിരിക്കുമല്ലോ? ഏഷ്യയും ആഫ്രിക്കയും യൂറോപ്പിന്റെ പടിവാതില്‍വരേയും മുസ്ലിംകള്‍ അടക്കി വാണിരുന്ന അക്കാലത്ത് ഇസ്‌ലാം മതപ്രബോധകര്‍ എത്ര മനാവികമായും സൗഹാര്‍ദ്ദപരമായുമാണ് ഓരോ നാട്ടിലും സഹവര്‍ത്തിച്ചത്. കാഫിര്‍ എന്ന് വിളിച്ച് അമുസ്ലിംകളെ അധിക്ഷേപിക്കാനും അവരെ നിഗ്രഹിക്കാനും ഉള്ള അധികാര ശക്തികളായിട്ട് പോലും അന്ന് അങ്ങിനെ സംഭവിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഇസ്ലാമിന് അത്തരത്തിലുള്ള ഭീകരമായ മുഖം ഇല്ല. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയില്‍ വീര്‍പ്പ് മുട്ടിയിരുന്ന ഇന്ത്യയിലെ അധിസ്ഥര്‍ക്ക് മാനവികതയുടെ ശുദ്ധവായു ആസ്വദിക്കാന്‍ അവസരം നല്‍കിയവരാണ് ഇവിടെ കടന്നു വന്ന ഇസ്‌ലാം പ്രബോധകര്‍.
ഇസ്‌ലാമിനെ ഭീകരവാദമായും തീവ്രവാദമായും ഒരു ഭാഗത്ത് നിന്ന് ചിത്രീകരിക്കാന്‍ കുത്സിതമായ ശ്രമങ്ങള്‍ ശത്രുക്കള്‍ നടത്തുമ്പോള്‍ ഇസ്‌ലാമിന്റെ ആളുകള്‍ സൗഹാര്‍ദ്ദം കാണിക്കാന്‍ വേണ്ടി മതത്തെ പണയപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. മറ്റുള്ളവരോട് മനുഷ്യത്വം കാണിക്കുന്നതില്‍ അതിവിശാലമായ സമീപനം ഉണ്ടായിരിക്കുമ്പോള്‍ തന്നെ അല്ലാഹുവിന്റെ നിയമം പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത സമീപനമാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. അത് അതേപ്രകാരം നടപ്പിലാക്കിയ ഇസ്‌ലാമിക സൂഫിവര്യന്മാര്‍ ആരും തന്നെ തീവ്രവാദികളായിട്ടില്ല. ഇന്ന് സമുദായത്തിന്റെ മേല്‍ തീവ്രവാദത്തിന്റെ മുദ്ര വീഴുവാന്‍ കാരണം അത് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള പരീക്ഷണമാണ്. നമ്മുടെ ഈമാനിനെ അല്ലാഹു പരീക്ഷിക്കുകയാണ്. പരലോകത്തിന് വേണ്ടി ജീവിക്കാന്‍ തയ്യാറാകാത്ത ഐഹിക പ്രേമികളായ മുസ്‌ലിംകളെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ വേണ്ടി അല്ലാഹു നിശ്ചയിച്ചിട്ടുള്ള പരീക്ഷണമാണിതെന്ന് ഹദീസുകള്‍ സൂചിപ്പിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസത്തിലും അനുസരണയിലും ഉറച്ചു നിന്നു കൊണ്ട് അല്ലാഹുവിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ ഇന്‍ശാ അല്ലാഹ് അല്ലാഹു നമുക്ക് വിജയം നല്‍കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy