പരീക്ഷണങ്ങളിൽ ക്ഷമ

ഫത്ഹുറബ്ബാനി: സദസ്സ്: 2:
ഗൗസുൽ അഅ്ളം മുഹിയിദ്ദീൻ അബുദുൽ ഖാദിർ ജീലാനി(റ):

ബഹുമാനപ്പെട്ട ശൈഖുനാ ഗൗസുൽ അഅ്ളം(റ) മുഹിയിദ്ദീൻ ശൈഖ്(റ) ഹിജ്റ 545 ശവ്വാൽ 5 ന് മദ്രസ്സയിൽ വെച്ച് നടത്തിയ പ്രഭാഷണം:
ഭൗതിക താത്പര്യങ്ങളോടുള്ള നിന്റെ ആഭിമുഖ്യവും അല്ലാഹുവിൽ നിന്ന് പിന്തിരിഞ്ഞ് വേർപ്പെട്ടുള്ള നിന്റെ നിലയും അവനെ സംബന്ധിച്ച് നിന്നെ തെറ്റിദ്ധാരണയിലാക്കിയിരിക്കുന്നു. പരീക്ഷണങ്ങളാകുന്ന കരിന്തേളുകളും വിഷസർപ്പങ്ങളും നിന്നിലേക്ക് അയക്കപ്പെടുന്നതിനുമുമ്പ് നിന്നെ ഇടിച്ചു തകർക്കപ്പെടുന്നതിനുമുമ്പ് നിന്റെ ആ തെറ്റിദ്ധാരണയിൽ നിന്ന് നീ മടങ്ങുക. പരീക്ഷണമെന്തെന്ന് നീ രുചിച്ചുനോക്കാത്തതിനാൽ തെറ്റിദ്ധരിക്കുന്നത് സ്വാഭാവികം. നിന്റെ പ്രതാപവും ഐശ്വര്യവും മറ്റേതും കണ്ട് നീ സന്തോഷിക്കേണ്ട. അവ അടുത്ത സമയം തന്നെ നിന്നിൽ നിന്ന് നീങ്ങിപ്പോകുന്നതാണ്. അല്ലാഹു പറയുന്നു:
”അങ്ങനെ അവർക്ക് നൽകപ്പെട്ടതുകൊണ്ട് ആഹ്ലാദിച്ചു കഴിയുമ്പോൾ പെട്ടെന്ന് നാമവരെ(കഠിന ശിക്ഷയാൽ) പിടിച്ചു.”
ക്ഷമയുള്ളവരല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള പരീക്ഷണങ്ങളിൽ വിജയിക്കുകയില്ല. അതാണ് അല്ലാഹു ക്ഷമയുടെ കാര്യം പ്രത്യേകം ബലപ്പെടുത്തിയത്. ക്ഷമയും ദാരിദ്ര്യവും മുഅ്മിനായ മനുഷ്യനിലല്ലാതെ ഒരുമിക്കുകയില്ല. അവരുടെ മെഹ്ബൂബ് അവരെ പരീക്ഷിക്കുന്നു. അവർ ക്ഷമിക്കുന്നു. പ്രത്യേക സൽക്കർമ്മങ്ങൾ ഇൽഹാം വഴി അവരെ അറിയിക്കപ്പെടുന്നു. അവരുടെ രക്ഷിതാവിങ്കൽ നിന്ന് പുതിയതായി വരുന്ന എല്ലാ ദുരിതങ്ങളും സഹിച്ച് പ്രസ്തുത സൽക്കർമ്മങ്ങൾ അവർ അനുഷ്ഠിക്കുന്നു. ക്ഷമയുണ്ടായിരുന്നില്ലെങ്കിൽ നിങ്ങൾക്കിടയിൽ എന്നെ കാണുകയില്ലായിരുന്നു. പക്ഷികളെ പിടിക്കുന്ന ഒരു വല പോലെയാണ് ഞാനുള്ളത്. രാത്രി സമയങ്ങളിൽ എന്റെ കണ്ണ് തുറക്കപ്പെടും. എല്ലാവരുടെയും തെറ്റുകുറ്റങ്ങൾ എനിക്ക് കാണിക്കപ്പെടും. എന്റെ കാലിന് സഞ്ചരിക്കാൻ സ്ഥലകാലങ്ങളുടെ വിലങ്ങുകളില്ല. എങ്കിലും ഞാൻ കണ്ണുമൂടിയും കാല് ബന്ധിച്ചും നിങ്ങളുടെ നന്മക്കുവേണ്ടി പ്രവർത്തിക്കുന്നത് നിങ്ങൾ മനസ്സിലാക്കുന്നില്ല. ഹഖ് സുബ്ഹാനഹു തആല എന്നെക്കൊണ്ട് ചില ദൗത്യങ്ങളുദ്ദേശിച്ചതിനോടുള്ള ശരിയായ യോജിപ്പില്ലായിരുന്നെങ്കിൽ ഇനി ഈ നാട്ടിൽ പിന്നെ ആരാണ് ഒരു ബുദ്ധിമാനുള്ളത്? ഇവിടെ താമസിക്കുകയും ഈ ജനങ്ങളോട് സഹവസിക്കുകയും ചെയ്യുന്നവൻ?
തീർച്ചയായും ഈ പ്രദേശത്ത് ലോകമാന്യം, കപടവിശ്വാസം, അക്രമം, അനുവദനീയമായതോ അല്ലാത്തതോ എന്ന് തിരിച്ചറിയാത്ത പ്രവണതകൾ, ഹറാമിന്റെ വർദ്ധനവ് ഇത്യാദി കാര്യങ്ങൾ വളരെയേറെ നിറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിക്കലും അവ അതിക്രമങ്ങൾക്കും നീതിരാഹിത്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തലും വളരെ അധികരിച്ചിരിക്കുന്നു. ക്ഷീണിച്ചവൻ തന്റെ വസതിയിൽ, സദ് വൃത്തൻ തന്റെ ആലയത്തിൽ, പിഴച്ചവൻ അവന്റെ മദ്യശാലകളിൽ, ദിവ്യൻ തന്റെ ഇരിപ്പിടത്തിൽ തുടങ്ങിയ നിയമനിഷ്ഠമായ പരിഗണനകളില്ലായിരുന്നെങ്കിൽ നിങ്ങളുടെ വസതികളിലുള്ള സ്ഥിതി ഗതികൾ ഞാൻ എടുത്തുപറയുമായിരുന്നു. എന്നാൽ എനിക്കൊരു അസ്തിവാരമുണ്ട്. അതിന്റെ മേൽ ഭവനം നിർമ്മിക്കൽ എനിക്ക് അനിവാര്യമാണ്. എനിക്ക് സന്തതികളുണ്ട്. അവർക്ക് സംരക്ഷണം നൽകൽ ആവശ്യമായിരിക്കുന്നു. നിങ്ങളെ സംബന്ധിച്ച് ഞാൻ മനസ്സിലാക്കിയത് തുറന്ന് പറഞ്ഞാൽ അത് നമുക്കിടയിലുള്ള ബന്ധം പിരിയുന്നതിനു കാരണമാകും. ഇപ്പോൾ ഞാൻ സ്ഥിതിചെയ്യുന്ന എന്റെ ഈ അവസ്ഥയിൽ അമ്പിയാ മുർസലീങ്ങൾക്കുള്ള പ്രാപ്തി(അല്ലാഹുവിനെ യഥോചിതം അറിഞ്ഞ അൽ ഉലമാഅ് എന്ന ഗണത്തിൽ ഏറ്റവും ഉന്നതമായ വിതാനത്തിൽ വിരാജിക്കുന്ന ഔലിയാക്കളുടെ സുൽത്വാൻ ഗൗസുൽ അഅ്ളം(റ) അമ്പിയാ മുർസലീങ്ങൾക്കുള്ള പ്രാപ്തി എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് മഹോന്നതമായ ആ ഗുണങ്ങളുടെ അനന്തരത്വവും ഫൈളാനുമാണ്) അത്യന്താപേക്ഷിതമാണ്. ആദം നബി(അ) മുതൽ എന്റെ കാലം വരെ കഴിഞ്ഞുപോയ മഹാത്മാക്കളുടെ ക്ഷമ എനിക്ക് അത്യാവശ്യമാണ്. അദ്ധ്യാത്മീക സംരക്ഷണത്തിന്റെ ദിവ്യശക്തി എനിക്ക് അവശ്യം ആവശ്യമായതാണ്. എന്റെ രക്ഷിതാവേ…ശാന്തതയും സഹായവും പൊരുത്തവും എനിക്ക് നീ ഏകി അരുളേണമേ…ആമീൻ….
യാ ഗുലാം…ദുനിയാവിൽ നിത്യമായി വസിക്കാനും അതിലെ സുഖങ്ങളിൽ മുഴുകാനുമല്ല നിന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നീ ഇപ്പോൾ നിലകൊള്ളുന്നത് ഹഖ് തആലയുടെ തൃപ്തികേടിലാണ്. തീർച്ചയായും ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് എന്ന കലിമ ഉച്ചരിക്കുന്നതുകൊണ്ട് മാത്രം അല്ലാഹുവിനുള്ള അനുസരണത്തെ മതിയാക്കുകയാണ് നീ. അത് മാത്രമായി മറ്റ് ചേരുവകളില്ലെങ്കിൽ അതുകൊണ്ട് നിനക്ക് പ്രയോജനം സിദ്ധിക്കാനാവുകയില്ല. സത്യവിശ്വാസമെന്നാൽ അത് ഉച്ചാരണവും പ്രവർത്തനവുമാണ്. പാപങ്ങളും പിഴവുകളും പ്രവർത്തിക്കുകയും അങ്ങനെ ഹഖ്തആല വിരോധിച്ച കാര്യങ്ങളിൽ വ്യാപരിക്കുകയും ചെയ്തുകൊണ്ടിരിക്കെ നിനക്കത് പ്രയോജനം ചെയ്യുകയില്ല. നിന്റെ പക്കൽ നിന്നത് സ്വീകരിക്കപ്പെടുകയുമില്ല. ആ വാക്യത്തിന്റെ പേരിൽ നീ നിലകൊള്ളുകയും നിസ്കാരം, വ്രതം, ദാനധർമ്മാധികൾ തുടങ്ങിയ സൽക്കർമ്മങ്ങൾ നീ വർജ്ജിക്കുകയും ചെയ്യുന്നു. രണ്ട് ശഹാദത്ത് കലിമകളെ ഉച്ചരിച്ചതുകൊണ്ട് നിനക്കെന്തു പ്രയോജനം?
ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഒരു പ്രഖ്യാപനമാണ്. അത് മുഴക്കിയ നിന്നോട് നിന്നിൽ അതിന്റെ തെളിവെന്തെന്ന് ചോദിക്കപ്പെട്ടാൽ എന്ത് തെളിവാണ് നിനക്ക് നൽകാനാവുക? ആജ്ഞകൾ യഥോചിതം ആചരിച്ചനുഷ്ഠിക്കൽ, നിരോധനങ്ങളെ പാടെ വർജ്ജിക്കൽ ദുരിതങ്ങളുടെ പരീക്ഷണ ഘട്ടങ്ങളിൽ ക്ഷമ അവലംബിക്കൽ, അവന്റെ വിധി വന്നുപുലരുമ്പോൾ തൃപ്തിയോടു കൂടി അവങ്കലേക്ക് ചേർന്നുനിൽക്കൽ എന്നിവയാണ് ആ പ്രഖ്യാപനത്തിന്റെ തെളിവ്. പ്രസ്തുത കർമ്മങ്ങൾ നീ അനുഷ്ഠിച്ചാൽ തന്നെ അല്ലാഹുവല്ലാത്ത ലക്ഷ്യങ്ങളിൽ നിന്നെല്ലാം സംശുദ്ധീകരിക്കപ്പെട്ട മന:ശുദ്ധി കൂടാതെ അവ നിന്നിൽ നിന്നു സ്വീകരിക്കപ്പെടുകയില്ല. കർമ്മം കൂടാതെയുള്ള വാക്യം സ്വീകാര്യയോഗ്യമല്ല. ഇസ് ലാമിക നിഷ്ഠകൾക്ക് നിരക്കാത്തതും ഹൃദയശുദ്ധിയില്ലാത്തതുമായ കർമ്മങ്ങളും സ്വീകരിക്കപ്പെടുകയില്ല.
തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy