ഡോ: തഫ്സൽ ഇഹ്ജാസ്:
ആത്മ ജ്ഞാനികളായ പണ്ഡിതൻമാർ അമ്പിയാക്കളുടെ അനന്തരികളാണെന്ന് റസൂൽ (സ്വ) നമ്മളെ പഠിപ്പിക്കുന്നു. മനുഷ്യനെയും പ്രപഞ്ചത്തിനെയും പൊരുളിനെയും കുറിച്ച ഗഹനമായ ജ്ഞാനം അല്ലാഹു അവർക്ക് അനന്തരമായി നൽകിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു അസാധാരണ വ്യക്തിത്വമായിരുന്നു ശൈഖ് അബ്ദുൽ വാഹിദ് യഹ് യ അഥവാ റെനെ ഗ്വെനോൺ. ക്രി: 1886 നവംബർ 15-ന് ഫ്രാൻസിലെ ബ്ളുവാ (Blois)െ പട്ടണത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒരു പരമ്പരാഗത കത്തോലിക്കാ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ക്രി: 1951 ജനുവരി 7-ന് ഈജിപ്തിലെ ഖാഹിറ(Cairo) പട്ടണത്തിൽ വെച്ച് “അല്ലാഹ്” എന്ന അവസാന വാക്കുച്ചരിച്ച് കൊണ്ട് തന്നെ അദ്ദേഹം അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്തു.
ഒട്ടനവധി മതപാരമ്പര്യങ്ങൾ നിലകൊള്ളുന്നതാണല്ലോ നമ്മുടെ ഇൗ ലോകം. അമ്പിയാക്കളുടെ പൈതൃകങ്ങൾ ഇൗ പാരമ്പര്യങ്ങളിൽ തെളിഞ്ഞും മറഞ്ഞും ചിലപ്പോൾ സത്യവും മിഥ്യയും കൂടിക്കലർന്നുമൊക്കെ കിടക്കുന്നു. വിശുദ്ധ ഖുർആനിന്റെയും ഇസ്ലാം ദീനിന്റെയും അടിസ്ഥാന താൽപര്യങ്ങളിൽ പെട്ടതാണ്, ഇവയെയൊക്കെ സംരക്ഷിക്കുകയും ലോകജനസക്ഷം വ്യക്തമാക്കുകയും ചെയ്യുക എന്നത്. ഖുർആനിന്റെ, ഖുർആനിൽ തന്നെയുള്ള ഒരു അപരനാമം അത് അൽ-മുഹൈമിൻ ആണെന്നുള്ളതാണ്. മുൻ വേദങ്ങളിലെ പൈതൃകത്തെ സംരക്ഷിക്കുകയും അവയിൽ കൂട്ടിക്കലർത്തപ്പെട്ട സത്യത്തെയും അസത്യത്തെയും വേർതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണിത്. സൂറ: അൽ-മാഇദയിലെ 48-ാമത്തെ ആയത്തിൽ ഇൗ കാര്യം പറയുന്നുണ്ട്. ശൈഖുൽ അക്ബർ ഇബ്നു അറബി (റ) ഫുതൂഹാതുൽ മക്കിയ്യയിലും ഫുസൂസുൽ ഹികമിലും ഇസ്മാഇൗൽ (അ) – ലൂടെയുള്ള ഇബ്റാഹീമീ (അ)പാരമ്പര്യത്തെ പൈതൃകസംരക്ഷണത്തിന്റെ സ്വഭാവത്തിലുള്ളതായി നമുക്ക് പഠിപ്പിച്ചു തരുന്നു. ഇൗ താവഴിയിൽ വന്ന മുസ്ലിം ഉമ്മത്തിന്റെ കർമ്മങ്ങളിലും സംസ്കാരത്തിലുമെല്ലാം ഇത് കാണാൻ കഴിയും. മുഹൈമിൻ അഥവാ ഹൈമനത്തിനെയാണ് ശൈഖ് നമുക്ക് പരിചയപ്പെടുത്തുന്നത്. ഇബ്രാഹീമീ മില്ലത്ത് പൈതൃക സംരക്ഷണത്തിന്റേതാണ്. പ്രവാചകരുടെ പൈതൃകങ്ങളെ ഫുസൂസുൽ ഹികമിൽ അവതരിപ്പിച്ചിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ, ഇബ്നു അറബി (റ) യുടെ കൃതികളിലേക്ക് ലോകജനശ്രദ്ധ ആകർഷിക്കുന്നതിൽ ഏറ്റവു വലിയ പങ്ക് വഹിച്ച വ്യക്തിത്വമാണ് റെനെ ഗ്വെനോൺ. അദ്ദേഹം ശാദുലി ത്വരീഖത്തിലായിരുന്നു ബൈഅത്ത് ചെയ്തിരുന്നത്.
യഥാർത്ഥ അധ്യാത്മിക പൈതൃകത്തിന്റെ സംരക്ഷണവും പൂർത്തീകരണവുമായി റസൂൽ (സ്വ) തങ്ങളുടെ ഖത്മുന്നുബുവ്വത്തിനെ അഥവാ പ്രവാചകത്വ പൂർത്തീകരണ മുദ്രയെ ഗ്വെനോൺ വിവരിക്കുന്നു. അറബിയിലെ “നൂൻ” എന്ന അക്ഷരത്തിന്റെ രഹസ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന വളരെ സുന്ദരമായ ഒരു പഠനം അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. സംസ്കൃത ഭാഷയിലെ “ന” എന്ന അക്ഷരത്തിന്റെ അടിസ്ഥാന ജ്യാമിതീയ ഘടകങ്ങൾ തലകീഴായ ഒരു അർധവൃത്തത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനെ ഒരു വൃത്തമായി പൂർത്തീകരിച്ച് ഒരു കേന്ദ്രബിന്ദു പ്രദാനം ചെയ്യുന്നത് “നൂൻ” ആണ്. കാലാതീതമായ യഥാർത്ഥ അധ്യാത്മിക പൈതൃകത്തിന്റെ പൂർത്തീകരണവും സംരക്ഷണവും ഇസ്ലാമിലൂടെ തന്നെയാണ് പുലരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊളോണിയൽ- ഒാറിയന്റലിസ്റ്റ് പാരമ്പര്യങ്ങൾ വികലമാക്കി നശിപ്പിച്ചു കൊണ്ടിരുന്ന യഥാർത്ഥ അധ്യാത്മികതയെ (metaphysics) അതിന്റെ അടിത്തറകൾ വ്യക്തമാക്കി ആധുനിക കാലഘട്ടത്തിൽ ഗ്വെനോൺ പുനരുജ്ജീവിപ്പിക്കുന്നു. അന്ധകാരാവൃതമായ എല്ലാ പാരമ്പര്യങ്ങളുടെയും യാഥാർത്ഥ്യം അതോട് കൂടി ലോകജനസമക്ഷം വീണ്ടും സുവ്യക്തമായി തീർന്നു. സത്യവും അസത്യവും വേർതിരിക്കപ്പെട്ടു. പൈശാചികവും ദജ്ജാലിയ്യവുമായ കപട ആത്മീയതയുടെ പൊയ് വേഷങ്ങൾ അതോടെ അഴിഞ്ഞു വീണു. ഇന്നും അവ ലോകത്ത് നിറഞ്ഞാടുന്നതിന്റെ കാരണങ്ങളും ഗ്വെനോൺ വിവരിക്കുകയുണ്ടായിട്ടുണ്ട്. എന്ന് മാത്രമല്ല, ഇത് അദ്ദേഹത്തിന്റെ കൃതികളിലെ പരമപ്രധാനമായ ഒരു പ്രമേയം തന്നെയാണ്. ഏതായാലും, വ്യാജ അധ്യാത്മികതയെ വ്യക്തമായി തിരിച്ചറിയാനുള്ള മാനദണ്ഡങ്ങൾ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
മറ്റൊരു ശ്രദ്ധേയമായ കാര്യം, ഇൗ അവസാന കാലഘട്ടത്തിൽ ഭൗതികതയെ ചരിത്രത്തിന്റെ അന്ത്യമായി അദ്ദേഹം കാണുന്നില്ല എന്നതാണ്. ഇത്, അതിനേക്കാളും ഭീകരമായ തലകീഴായ ആത്മീയതയിലേക്ക് (inverted spirituality) പ്രവേശിക്കുന്നതിന് മുമ്പായുള്ള ഒരു താൽക്കാലിക ഘട്ടം മാത്രമാണെന്നാണ് അദ്ദേഹം നമ്മെ ഉണർത്തുന്നത്. ദജ്ജാലിൽ ചെന്നവസാനിക്കുന്ന ഒന്നാണിത്. ആധുനിക നാഗരികതയുടെയും ശാസ്ത്രത്തിന്റെയും പരിണാമത്തെ ഇൗയൊരു കാഴ്ചപ്പാടിലൂടെ വേണം കാണാൻ. അദ്ദേഹത്തിന്റെ “Reign of Quantity and the Sign of Times” എന്ന കൃതിയിൽ ഇൗ വിഷയങ്ങളെല്ലാം വളരെ വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. ആധുനികലോകത്തി ലെ മനുഷ്യന്റെ അധ്യാത്മിക ചരിത്രത്തിലുള്ള യഥാർത്ഥ സ്ഥാനത്തെ വളരെ കൃത്യമായി തന്നെ റെനെ ഗ്വെനോൺ നമുക്ക് നിർണയിച്ചു തരുന്നു. ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം ചരിത്രം ഭൗതികമാത്രമല്ല : അടിസ്ഥാനപരമായി അധ്യാത്മികമായ ഒരു പ്രതിഭാസമാണ്. ഇൗ ഖുർആനികാശയത്തിന്റെ വെളിച്ചത്തിൽ ആധുനികതയുടെ യാഥാർത്ഥ്യത്തെ ഗ്വെനോൺ വിശദീകരിക്കുന്നു. ഇൗയൊരു വിശദീകരണം സാമ്പ്രദായികമായ അർത്ഥത്തിൽ നാം കാണുന്ന പടിഞ്ഞാറിനെയും ആധുനികതയെയും കുറിച്ച പൊള്ളയായതും ഉപരിപ്ലവമായതുമായ ഒരു വിമർശമല്ല. പടിഞ്ഞാറിന്റെ തനതായതും സാധുവായതുമായ അധ്യാത്മിക പൈതൃകത്തെ കുറിച്ച ആഴമേറിയ ഉൾക്കാഴ്ചകൾ ഗ്വെനോൺ നമുക്ക് പകർന്നു നൽകുന്നു. യൂറോപ്യൻ മധ്യകാലത്തെ സാധാരണ പറയാറുള്ളത് പോലെ, കേവലം ഇരുണ്ട യുഗമായിട്ടല്ല ഗ്വെനോൺ പരിചയപ്പെടുത്തുന്നത്. പടിഞ്ഞാറൻ-ആധുനിക വ്യതിചലനത്തെ ശരിക്കും മനസ്സിലാക്കണമെങ്കിൽ ഇന്ന് ഗ്വെനോണിയൻ പരിപ്രേക്ഷ്യം നമ്മൾ ആർജ്ജിക്കണം എന്ന അഭിപ്രായം ഇൗ ലേഖകനുണ്ട്.
ഗ്വെനോണിലൂടെ നമുക്ക് ലഭിച്ച അധ്യാത്മിക പരിപ്രേക്ഷ്യം ഇന്ന് ലോകത്തുള്ള സകല സമൂഹങ്ങളുടെയും ചരിത്രത്തെയും അവസ്ഥകളെയും മനസ്സിലാക്കാൻ വളരെ അത്യാവശ്യമായതാണ്. എന്തിനേറെ പറയുന്നു, ഒാരോ സമൂഹങ്ങൾക്കും തങ്ങളെ തന്നെയും മറ്റുള്ളവരെയും മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഇത് അനിവാര്യമാണ്. ആധുനികതയുടെ ചട്ടക്കൂടുകളിൽ നിർവചിക്കപ്പെട്ട മത-സാംസ്കാരിക സംവാദങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഒാരോ സമൂഹത്തിന്റെയും സംസ്കൃതിയുടെയും സാരവത്തായ പൈതൃകങ്ങളെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. സമകാലികലോകത്ത് ഇബ്നു അറബി(റ) യുടെയും റൂമി(റ) യുടെയും ഇതര മഹത്തുക്കളുടെയും ജീവിതത്തെയും പ്രവർത്തനങ്ങളെയും കൃതികളെയും കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും ആഗോളാടിസ്ഥാനത്തിൽ തന്നെ വളർന്ന് പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. ഇതിലൂടെ ഇസ്ലാം മറ്റേതൊരു പാരമ്പര്യത്തേക്കാളും പ്രബലമായി സംവാദത്തിന്റെ പുതിയതും പ്രസക്തമായതുമായ ഒരു ഭൂമിക രൂപപ്പെടുത്തുന്നു. ഇതിലൊക്കെയുള്ള ഗ്വെനോണിന്റെ ഗുരുസ്ഥാനം അവിതർക്കിതമാണ്.
ഗ്വെനോണിനെ കുറിച്ച് പറയാറുള്ളത് അദ്ദേഹം അഫ്റാദുകളിൽ പെട്ട ഒരാളാണെന്നാണ്. ജനങ്ങളിൽ നിന്ന് അകന്ന് സ്വകുടുംബത്തോടൊപ്പം കൈറോ പട്ടണത്തിൽ അദ്ദേഹം നിവസിച്ചു. അതോടൊപ്പം ഇൗജിപ്തിൽ സൂഫീ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. അൽ-അസ്ഹർ സർവകലാശാലയിൽ മാലികി മദ്ഹബിലെ ഫിഖ്ഹ് പഠിപ്പിച്ചിരുന്ന ശൈഖ് മുഹമ്മദ് ഇബ്രാഹീം എന്ന ശാദുലി ശൈഖിന്റെ മകളെയായിരുന്നു അദ്ദേഹം വിവാഹം കഴിച്ചിരുന്നത്. ലോകപ്രശസ്ത പണ്ഠിതനായിരുന്ന അൽ-അസ്ഹർ സർവകലാശാലയുടെ റെക്റ്റർ കൂടിയായിരുന്ന ശൈഖ് അബ്ദുൽ ഹലീം മഹ്മൂദ് അദ്ദേഹത്തോട് വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ശാദുലി ത്വരീഖത്തിനെ കുറിച്ച് ഗഹനമായ ഒരു കൃതി രചിച്ച ശൈഖ്, ആ ഗ്രന്ഥത്തിൽ അബുൽ ഹസൻ ശാദുലി (റ), അബുൽ അബ്ബാസ് മുർസി (റ) എന്നിവരെ കുറിച്ച രണ്ട് അധ്യായങ്ങൾക്ക് ശേഷം അടുത്ത അധ്യായം ശൈഖ് അബ്ദുൽ വാഹിദ് യഹ് യ(റ) (ശൈഖ് റെനെ ഗ്വെനോൺ) എന്നവരെ കുറിച്ചാണ്. അതിൽ അദ്ദേഹം മഹാനവർകളെ വിളിച്ചത് അൽ-ആരിഫ് ബില്ലാഹ് എന്നാണ്. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുക എന്നത് വളരെ പ്രയാസകരമായിരുന്നു. കാരണം അദ്ദേഹം പൊതുസമ്പർക്കങ്ങളോട് വളരെയധികം വിമുഖനായിരുന്നു. എന്നാൽ താനുമായി കത്തിടപാട് നടത്തിയ എല്ലാവർക്കും അദ്ദേഹം മറുപടി നൽകിയിരുന്നു. മരണസന്ദർഭത്തിൽ നാൽപത്തിരണ്ട് പെട്ടി കത്തുകൾ അദ്ദേഹത്തിന്റെയടുക്കൽ ഉണ്ടായിരുന്നു. അഗാധമായ ചിന്തയിലും ഇലാഹീ സ്മരണയിലുമായിട്ടാണ് അദ്ദേഹം അധികസമയവും കഴിച്ചു കൂട്ടിയത്. രാത്രിയിൽ മണിക്കൂറുകളോളം ആകാശത്തേക്ക് നോക്കിക്കൊണ്ട് വീടിന്റെ ബാൽക്കണിയിൽ അദ്ദേഹം നിൽക്കുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകൻ തന്നെ പറയുന്നു. ചുറ്റുവട്ടത്തുള്ള ശൈഖൻമാരുടെയും അഹ്ലുബൈത്തിന്റെയും ഖബ്റുകൾ സന്ദർശിക്കുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.
ശൈഖ് ഗ്വെനോണിന്റെ ജീവിതത്തെയും സംഭാവനകളെയും ഒരു ലേഖനത്തിൽ വിവരിക്കുക എന്നത് അസാധ്യമാണ്. ഒരു യഥാർത്ഥ വലിയ്യിന്റെ കരയില്ലാ സമുദ്രസമാനതയാണ് അദ്ദേഹത്തിൽ കാണാൻ കഴിയുന്നത്. മലയാളത്തിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടതായറിയില്ല. അറബി, ഉർദു, പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുണ്ട്. അദ്ദേഹത്തിന്റെ രചനകൾ മിക്കവാറും ഫ്രഞ്ച് ഭാഷയയിലായിരുന്നു. അറബിയിലും എഴുതിയതായറിയുന്നു. ഫ്രെഞ്ച് ഭാഷ കൂടാതെ അറബി, സംസ്കൃതം, ഹിബ്രൂ, ഗ്രീക്ക്, ലാറ്റിൻ, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ്, ചൈനീസ് തുടങ്ങി ഒട്ടനവധി ഭാഷകളിൽ അദ്ദേഹത്തിന് നല്ല വ്യുൽപത്തിയുണ്ടായിരുന്നു. ഇൗജിപ്തിൽ താമസമാക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ഇവിടെ ചർച്ച ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ അൽഭുതകരമായ ആത്മീയ യാത്രയും പരിണാമവും സ്വയം തന്നെ വലിയ ഒരു വിഷയമാണ്. ഇൗ ലേഖനത്തിൽ തന്നെ അത് ഉൾക്കൊള്ളിക്കുക പ്രയാസമാണ്. റെനെ ഗ്വെനോൺ രചിച്ച വിഖ്യാത കൃതിയായ The Reign of Quantity and the Signs of the Times എന്ന ഗ്രന്ഥത്തിന്റെ മൊഴിമാറ്റമാണ് പരിമാണത്തിന്റെ വാഴ്ചയും കാലഘട്ടത്തിന്റ അടയാളങ്ങളും എന്ന പേരിൽ നാമിവിടെ നിർവ്വഹിച്ചിട്ടുള്ളത്. ഫ്രെഞ്ച് ഭാഷയിൽ എഴുതപ്പെട്ട Le regne de la quantite et les signes des temps എന്ന മൂലകൃതിയും ഇംഗ്ലീഷ് പരിഭാഷയും അവലംബിച്ചാണ് ഇൗ മൊഴിമാറ്റം തയ്യാറാക്കിയിട്ടുള്ളത്.