സയ്യിദ് നൂരിശാഹ്(റ) തങ്ങളും സ്വൂഫി സിൽസിലകളും

The Educational and Knowledge Mission of Noor-ul-Mashaikh Sayyid Noorisha (R.A.): The Continuation of the Intellectual Legacy of Early Sufi Luminaries

അന്നസ്വീഹഃ
قال تعالى: وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا … (سورة آل عمران – 103)
قال: الْحَقَّ وَإِنْ كَانَ مُرًّا (مشكوة المصابيح)

ദക്ഷിണേന്ത്യയിലെ ഒട്ടെല്ലാ സാദാത്തീങ്ങളും മശാഇഖന്മാരും ഉലമാക്കളും അംഗീകരിച്ച് സ്വീകരിച്ച ഉന്നതനായ ശൈഖും ഖുത്വുബും മുർശിദും വലിയ്യുമൊക്കെയാണ് ഹിജ്റഃ 1207 ൽ ജനിച്ച് ഹിജ്റഃ 1289 ൽ വഫാത്തായ വിശുദ്ധ മദീനഃയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ ശൈഖുനാ ഖുതുബെ വേലൂർ സയ്യിദ് ശാഹ് മുഹ്‌യിദ്ദീൻ അബ്ദു‌ൽ ലത്വീഫിൽ ഖാദിരി(റ). മഹാനവർകൾ മുൻഗാമികളിൽ നിന്ന് സിൽസിലഃയായി പകർന്നുകിട്ടിയ ഹഖാഇഖിന്റെയും മആരിഫിൻ്റെയും അമൂല്യ വിജ്ഞാനങ്ങളെ തന്റെ മുരീദന്മാർക്ക് പഠിപ്പിച്ചവരും അതിൻ്റെ അനുഭവങ്ങളിലൂടെ സുലൂക്ക് ചെയ്യിപ്പിച്ചവരുമാണ്.
ഉലൂഹിയ്യത്തിന്റെ വിജ്ഞാനമേഖലയിലെ സങ്കീർണ്ണമായ സമസ്യകളെയും കുരുക്കഴിച്ച് വിശദീകരിക്കുകയും യോഗ്യരായവർക്ക് അത് പകർന്നു നൽകുകയും ചെയ്തിരുന്ന മഹാനവർകൾ ഇവ്വിഷയകമായി തലമുറകൾക്ക് പ്രയോജനകരമാകുന്ന വിധം ഗ്രന്ഥങ്ങളും രചിച്ചിരുന്നു. അവ അക്കാലത്തെയും പിൽക്കാലത്തെയും മശാഇഖന്മാർക്കും സാലിക്കീങ്ങൾക്കും ഒരു ഗൈഡായി മാറുകയും ചെയ്‌തു. അവയിൽ പ്രധാനപ്പെട്ട വൈജ്ഞാനിക ഗ്രന്ഥമാണ് ‘ജവാഹിറുസ്സുലൂക്’. ഈ ഗ്രന്ഥത്തിൽ സുലൂക്കിന്റെ മേഖലയിലെ പ്രധാനപ്പെട്ട നാൽപത് മസ്‌അലഃകളും സാലികിൻ്റെ ആയിരം മഖാമാത്തുകളും വിശദീകരിക്കുന്നുണ്ട്.

പ്രസ്തുത ഗ്രന്ഥത്തിൽ ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ഉപ്പാപ്പ ശൈഖായ ബഹുമാനപ്പെട്ട ശൈഖുനാ ശാഹ് കമാൽ സാനി(റ) യുടെ “മഖ്സനുൽ ഇർഫാനിൽ’ നിന്നുള്ള മആരിഫിൻ്റെ മൊഴിമുത്തുകളെയും ഉദ്ധരിച്ചിട്ടുണ്ട്. മഹാനായ ശാഹ് കമാൽ സാനി(റ) യെ ഉദ്ധരിക്കുന്നത് ‘സുബ്‌ദത്തുൽ ആരിഫീൻ’ എന്ന വിശേഷണ നാമത്തോടെയാണ്. ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ സിൽസിലായിലെ ഉപ്പാപ്പ ശൈഖന്മാർക്ക് മഹാനായ ഖുതുബെ വേലൂർ(റ) നൽകിയ ഔന്നത്യ സ്ഥാനത്തെയും പരിഗണനയെയും കൃത്യമായി സാക്ഷ്യപ്പെടുത്തുന്നതാണ് ഇത്തരം വിശേഷണങ്ങൾ.
ഉന്നതരായ മശാഇഖന്മാർ തങ്ങളുടെ ഹൃദയത്തിൽ വസിപ്പിച്ച് ബാഹ്യവും ആന്തരികവുമായ എല്ലാ തഅയ്യുനുകളെയും ഈ മആരിഫിൻ്റെ മുത്തുകളാൽ അലങ്കരിച്ച് അതിന്റെ അനുഭൂതിദായകമായ അനുഭവ ലോകങ്ങളിലൂടെ സഞ്ചരിച്ച് തങ്ങളിൽ പ്രയോഗവത്കരിച്ച മആരിഫിന്റെ ഈ ഇൽമുകളെയാണ് യോഗ്യരായവർക്ക് ബൈഅത്ത് നൽകി അതിന്റെ വ്യവസ്ഥ പ്രകാരം പകർന്നുകൊണ്ടിരുന്നത്.
അമൂല്യമായ ഈ അസ്‌റാറിൻ്റെ ഇൽമുകൾ പിൽക്കാല സമൂഹങ്ങളിലെ യോഗ്യരായവർക്ക് ലഭിക്കാതെ പോകരുത് എന്ന ജാഗ്രതയാണ് ഇത്തരം അത്യപൂർവ്വമായ ഗ്രന്ഥരചനകൾക്ക് അവരെ പ്രേരിപ്പിച്ചത്. തീർച്ചയായും ഇത് അവർ ഉമ്മത്തിനോട് ചെയ്ത വലിയ ഔദാര്യം തന്നെയാണ്. പിന്നീട് വിജ്ഞാനസമ്പുഷ്‌ടമായ ഈ ഗ്രന്ഥത്തെ ക്രമീകരിക്കാനും അച്ചടിച്ച് പ്രസിദ്ധീകരിക്കാനും മഹാനായ ഖുതുബെ വേലൂർ(റ) തൻ്റെ പ്രധാന ശിഷ്യനും ഖലീഫഃയും വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൻ്റെ സ്ഥാപകനുമായ അഅ്ലാ ഹസ്രത്ത് ശാഹ് അബ്‌ദുൽ വഹാബുൽ ഖാദിരി(റ) എന്ന ബാനി ഹസ്രത്തിന്റെ കൈയ്യിൽ ഏൽപിക്കുകയും ചെയ്തു. മഹാനവർകൾ അത് സൂക്ഷ്‌മ ക്രമീകരണങ്ങൾക്കു ശേഷം പുറത്തിറക്കുകയും ഖുതുബെ വേലൂർ(റ) യുടെ ഖലീഫഃമാരും മറ്റ് മശാഇഖന്മാരും ഈ ഗ്രന്ഥത്തെ അക്കാലത്തും പിൽക്കാലത്തും ഒരു അവലംബനീയ ഗ്രന്ഥമായി തങ്ങളുടെ ഖാൻഖാഹുകളിൽ നിലനിർത്തുകയും പഠിപ്പിക്കുകയും ചെയ്തു പോന്നു.

ജ്ഞാനപൂർണ്ണമായ ഈ ‘ജവാഹിറുസ്സുലൂകിലെ’ പ്രതിപാദ്യങ്ങളെ സാലികീങ്ങൾക്ക് ഗ്രാഹ്യമാകുന്ന വിധം ദർസ് നടത്തി വിശദീകരിച്ചുകൊടുത്തവരും അതിന് സവിശേഷ സിദ്ധികളുള്ള മഹാനുമായിരുന്നു ബഹു: ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ ഉപ്പാപ്പ ശൈഖായ ശൈഖുനാ കമാലുല്ലാ മച്ഛ്ലിവാലേ ശാഹ്(റ).
വഹ്ദത്തുൽ വുജൂദ്, ദാത്തിയായ മഇയ്യത്ത്, ഇൻദിറാജ് ശൈഅ് ഫി ശൈഅ്, ഐനിയ്യത്ത്, ഗൈരിയ്യത്ത് ഉൾപ്പെടെ മആരിഫിൻ്റെ സർവ്വ വിജ്ഞാനങ്ങളിലും ഒരേ വഴി സ്വീകരിച്ചവരായിരുന്നു ഖുതുബെ വേലൂർ(റ) യും ബാനീ ഹസ്രത്ത്(റ) യും സയ്യിദ് നൂരിശാഹ്(റ) തങ്ങളും. ഹിജ്റഃ പതിമൂന്നാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ ‘ജവാഹിറുസ്സുലൂക്കിലെ’ ഈ തഅ്ലീമാത്തുകളും നമ്മുടെ നൂറ്റാണ്ടിന്റെ മുജദ്ദിദായ ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ തഅ്ലീമാത്തുകളും ഒന്നാണെന്ന കാര്യം പ്രസ്തു‌ത ഗ്രന്ഥം പാരായണം ചെയ്യുന്ന ഏതൊരാൾക്കും ഗ്രഹിക്കാവുന്നതാണ്. അഥവാ ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങളുടെ തഅ്ലീമാത്തുകൾ മുഴുവനും ഖുതുബെ വേലൂർ(റ) ‘ജവാഹിറുസ്സുലൂകിൽ’ പൂർവ്വീക മശാഇഖന്മാരിൽ നിന്ന് ക്രോഡീകരിച്ച തഅ്ലീമാത്തുകളാണ്. അത് ബാനി ബാഖിയാത്തുസ്സ്വാലിഹാത്ത് ശാഹ് അബ്ദുൽ വഹാബുൽ ഖാദിരി (റ) അച്ചടിച്ച് പ്രസിദ്ധീകരിച്ചതുമാണ്. ഇന്നും മഹാനായ ശൈഖുനാ ഖുത്വുബെ വേലൂർ(റ) യുടെ ഖാൻഖാഹുകളിൽ ഖിലാഫത്ത് നൽകുമ്പോൾ ഈ കിതാബ് നൽകുന്ന പതിവുണ്ട്. കൂടാതെ ഖിലാഫത്ത് നാമഃയും നൽകും.
ആ ഖിലാഫത്ത് നാമായിൽ തന്നെ എഴുതിയിട്ടുള്ളത് “ജവാഹിറുസ്സുലൂക്’ ഞാൻ മുത്വാലഅഃ ചെയ്യുമെന്നും അതിലുള്ള ഇൽമുകൾ പുറത്തുള്ള അനർഹരായ ആർക്കും പകർന്നു നൽകുകയില്ല എന്നും സുലൂകിൻ്റെ അഹ്ലുകാർക്ക് മാത്രമേ അത് നൽകുകയുള്ളൂവെന്നുമാണ്.

പൂർവ്വീക മശാഇഖന്മാരുടെ ഈ ചര്യ പിന്തുടർന്നാണ് നമ്മുടെ ജാമിഅഃ അൻവാരിയ്യഃയുടെ കാമിൽ കോഴ്സിൽ ബൈഅത്തും തഅ്ലീമാത്തുകളും നൽകിയ ശേഷം യോഗ്യരായവരെ തിരഞ്ഞെടുത്ത് ഖിലാഫത്ത് നൽകുകയും അവർക്ക് “മഖ്സനുൽ ഇർഫാൻ’ എന്ന ഗ്രന്ഥത്തോടൊപ്പം ‘ജവാഹിറുസ്സുലൂക്’ എന്ന ഈ മഹത്തായ ഗ്രന്ഥം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പഠിപ്പിക്കുകയും ചെയ്യുന്നത്.

ഇതോടൊപ്പം മഹാനായ ഖുതുബെ വേലൂർ(റ) രചിച്ച മറ്റൊരു പ്രധാന കിതാബായ ‘ഗായത്തുതഹ്ഖീഖ്’ എന്ന ഗ്രന്ഥത്തിന്റെ 87-ാം പേജിൽ വഹ്ദത്തുൽ വുജൂദ് അംഗീകരിക്കുന്ന ആരിഫീങ്ങളുടെ കൂട്ടത്തിൽ മഹാന്മാരും ഔലിയാക്കളുമായ ശൈഖ് ജിഫ്രി(റ) തങ്ങൾ, ശൈഖ് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ(റ) തുടങ്ങിയ പ്രമുഖരായ സാദാത്തീങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേ വേരുകളുള്ള വിവിധ ശാഖകളായ ത്വരീഖത്തുകളെ പ്രതിനിധീകരിച്ചവരാണ് ഇവരെന്നതിനാലാണ് ആശയപരമായ ഈ പൊരുത്തവും ചേർച്ചയുമെന്നതാണ് വസ്തുത.
ഈ മഹത്തുക്കൾ പഠിപ്പിച്ചതും പകർന്നു നൽകിയതുമായ തഅ്ലീമാത്തുകൾ തന്നെയാണ് ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾ സംഭവബഹുലമായ ആ ജീവിത കാലത്ത് തൻ്റെ സാലികീങ്ങളായ മുരീദന്മാരിൽ യോഗ്യതയുള്ളവർക്ക് ക്രമാനുഗതികമായി പഠിപ്പിച്ച് ഹാലും ശു​ഗ് ലും പകർന്നുകൊടുത്തതും തന്റെ ചില രചനകളിലൂടെ ആവിഷ്കരിച്ചതും. അതുകൊണ്ട് തന്നെ ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നവർ വേലൂർ ബാഖിയാത്തു സ്വാലിഹാത്തിന്റെ ബാനീ ഹസ്രത്തിനെതിരെ കൂടിയാണ് വിരൽ ചൂണ്ടുന്നത്. അതാകട്ടെ ദക്ഷിണേന്ത്യൻ സമൂഹങ്ങളിലാകമാനം ദീനീ നവജാഗരണത്തിന് നേതൃത്വം നൽകിയ ഉന്നതമായ ഒരു സിൽസിലഃയുടെ പ്രമുഖ ശൈഖായ ശൈഖുനാ ഖുത്വുബെ വേലൂർ(റ) യെയും അതുവഴി ശൈഖ് ജിഫ്രി(റ) തങ്ങൾ, ശൈഖ് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ(റ) തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടെല്ലാ സിൽസിലഃകളിലെയും മശാഇഖന്മാരെയും എതിർക്കലും ആക്ഷേപിക്കലുമായി തീരും. അല്ലാഹു കാക്കട്ടെ, ആമീൻ.

കേരളത്തിലെ സുന്നത്ത് ജമാഅത്തിനെ പ്രതിനിധീകരിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും നായക സ്ഥാനത്ത് ഇന്നുള്ളവരും മുമ്പുണ്ടായിരുന്നവരും വേലൂർ ബാഖിയാത്തു സ്വാലിഹാത്തിന്റെ സന്തതികളാണ്. അതുകൊണ്ട് തന്നെ ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരിശാഹ്(റ) തങ്ങൾക്കെതിരെ പിഴച്ച ഫത് വ പുറപ്പെടുവിച്ചവരും അത് പുനഃപരിശോധിക്കാതെ മഹാനവർകളെ സംബന്ധിച്ച് വ്യാജാരോപണങ്ങൾ ഉന്നയിച്ച് തലമുറകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരും സ്വന്തം അടിത്തറ തന്നെയാണ് തകർക്കുന്നത്. ഇതിലൂടെ അവർ തങ്ങളുടെ ബിരുദങ്ങളുടെയും സനദ് പരമ്പരകളുടെയും യഥാർത്ഥ ഉറവിടത്തിലേക്കുള്ള പ്രവേശനകവാടം അടച്ചുകളയുകയാണ് ചെയ്യുന്നത്.
ഇന്നത്തെ കേരളത്തിലെ സുന്നത്ത് ജമാഅത്തിനെ പ്രതിനിധീകരിക്കുന്ന ഒട്ടെല്ലാ ജാമിഅഃകളും ദീനീ മദാരിസുകളും അവയുടെ സ്ഥാപകർ വഴിയും ഉസ്‌താദന്മാർ വഴിയും വെല്ലൂർ ബാഖിയാത്തിനോടും അതിൻ്റെ ബാനി ഹസ്രത്തിനോടും അവരുടെ ശൈഖായ മഹാനായ ശൈഖുനാ ഖുത്വുബെ വേലൂർ(റ) യോടും ബന്ധപ്പെടുന്നുണ്ട്. സ്വന്തം വേരുകളിൽ നിന്ന് തന്നെ ബന്ധമറ്റതറിയാതെ വടവൃക്ഷമെന്ന ഭാവത്തിൽ ഇപ്പോഴും നിലകൊള്ളുന്ന പണ്ഡിതന്മാരും അവരുടെ തണലിൽ കഴിയുന്ന സാധാരണക്കാരും എത്ര വേഗത്തിൽ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സ്വയം തിരുത്താൻ തയ്യാറാവുന്നുവോ തീർച്ചയായും അതിന്റെ ഫലം ശുഭകരമായിരിക്കും.
മദ്ഹബും മസ്ലകും മശ്റബും തഅ്ലീമാത്തുകളുമെല്ലാം ഒന്നാണെന്ന സാദൃശ്യവും സമാനതയും മാത്രമല്ല സിൽസിലഃകളിലും ഈ സാദൃശ്യവും സമാനതയും കാണാൻ കഴിയും. ഒരു വൃക്ഷത്തിന്റെ പല ശാഖകളെന്ന പോലെയാണ് ഈ സിൽസിലഃകൾ.

അതുകൊണ്ട് തന്നെ ഹഖും ബാത്വിലും വേർതിരിച്ചറിഞ്ഞ് തിരുത്തലിന് പ്രചോദനമേകുന്ന ഈ ‘ഫൈളാനെ നൂരി; ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് അഹ്മദ് മുഹ്യിദ്ദീൻ ജീലാനി നൂരിശാഹ്(റ) തങ്ങൾ ഹിജ്റ 15-ാം നൂറ്റാണ്ടിന്റെ മുജദ്ദിദ്’ എന്ന ഗ്രന്ഥം മുൻവിധികളില്ലാതെ പാരായണം ചെയ്യാൻ സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ഒരു മുഅ്മിൻ മറ്റൊരു മുഅ്മിനിന് നന്മ കാംക്ഷിക്കണം എന്ന തിരുനബി തങ്ങളുടെ ഉപദേശമനുസരിച്ചാണ് ഇവിടെ ഇക്കാര്യം ഉദ്ബോധിപ്പിച്ചത്. അല്ലാഹു ഹഖ് തിരിച്ചറിയാനും അതിനെ പ്രതിനിധീകരിക്കാനും നമുക്ക് തൗഫീഖ് ചെയ്യുമാറാകട്ടെ, ആമീൻ.

കടപ്പാട്:
ഫൈളാനെ നൂരി: ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് അഹ്മദ് മുഹ് യിദ്ദീൻ ജീലാനി നൂരിശാഹ്(റ) തങ്ങൾ ഹിജ്റ 15-ാം നൂറ്റാണ്ടിന്റെ മുജദ്ദിദ്: വോള്യം: 1 രചന കുറ്റിക്കാട്ടൂർ ഉസ്താദ് യു. മുഹമ്മദ് ഇബ്റാഹിം മുസ് ലിയാർ ഫാളിൽ ബാഖവി അൻവാറുല്ലാഹ് ശാഹ് നൂരി ജാമിഉസ്സലാസീൽ, അൻവാരിയ്യ ഇസ്ലാമിക് പബ്ലിഷേഴ്സ്, മസ്കനുൽ അൻവാർ, കുറ്റിക്കാട്ടൂർ, കോഴിക്കോട്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy