സൈനുദ്ദീൻ മന്ദലാംകുന്ന്.
സ്വൂഫിസത്തിലും മൗലാനാ ജലാലുദ്ദീൻ റൂമി(റ) പോലുള്ള ഉന്നതരായ സ്വൂഫികളുടെ ആത്മീയ കേന്ദ്രങ്ങളിലും സ്ത്രീകൾ അടിച്ചമർത്തപ്പെട്ടിരുന്നു എന്ന തരത്തിലുള്ള വാദങ്ങൾ അടുത്തകാലത്തിറങ്ങിയ ചില സമകാലിക സാഹിത്യ നോവലുകളെ ആസ്പദമാക്കി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ പ്രാഥമിക ചരിത്ര സ്രോതസ്സുകളും അക്കാദമിക പഠനങ്ങളും മുൻനിർത്തി പരിശോധിക്കുമ്പോൾ ഇത്തരം വാദങ്ങൾ ചരിത്രസത്യങ്ങളേക്കാളേറെ സമകാലിക സാഹിത്യ ഭാവനകളാൽ നിർമ്മിക്കപ്പെട്ടതാണെന്ന് വ്യക്തമാകുന്നു.

ഇസ്ലാമിക ചരിത്രത്തിലും വിവിധ സ്വൂഫി ധാരകളുടെ ദർശനങ്ങളിലും സ്ത്രീയുടെ പദവിയും സുരക്ഷിതത്വവും എന്നും ആഴത്തിലുള്ള പഠനങ്ങൾക്കും സംവാദങ്ങൾക്കും വഴിവെച്ചിട്ടുള്ള വിഷയങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്ത സ്വൂഫി പണ്ഡിതനും കവിയുമായ മൗലാനാ ജലാലുദ്ദീൻ റൂമി(റ), അദ്ദേഹത്തിന്റെ ആത്മീയ വഴികാട്ടിയായ ശംസ് തബ്രീസി(റ), റൂമിയുടെ വളർത്തുമകളായ കീമിയ ഖാതൂൻ എന്നിവരുടെ ജീവിതത്തെ ചുറ്റിപ്പറ്റി അടുത്തകാലത്ത് ചില ആധുനിക സാഹിത്യകൃതികൾ ഉയർന്നുവന്നിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ പേർഷ്യൻ, അറബിക്, ഇംഗ്ലീഷ് നോവലുകളിൽ ഉന്നയിക്കപ്പെടുന്ന കഥാതന്തുക്കളെ അടിസ്ഥാനമാക്കി സ്വൂഫിസത്തിലും റൂമി(റ) യുടെ വൈജ്ഞാനിക കേന്ദ്രത്തിലും സ്ത്രീകൾ അടിച്ചമർത്തപ്പെട്ടിരുന്നു എന്ന തരത്തിലുള്ള വാദങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ, പ്രാഥമിക ചരിത്ര സ്രോതസ്സുകൾ, തത്ത്വശാസ്ത്ര ഗ്രന്ഥങ്ങൾ, ചരിത്രാത്മക പണ്ഡിത പഠനങ്ങൾ എന്നിവ മുൻനിർത്തി വസ്തുനിഷ്ഠമായി അപഗ്രഥിക്കുമ്പോൾ, ഇത്തരം വാദങ്ങൾ ചരിത്രസത്യങ്ങളേക്കാളേറെ ആധുനിക സാഹിത്യ ഭാവനകളിലും വ്യാഖ്യാന വൈകല്യങ്ങളിലുമാണ് അധിഷ്ഠിതമായിരിക്കുന്നത് എന്ന് വ്യക്തമാകുന്നു.
സ്വൂഫിസത്തിലെ ആത്മീയ സമത്വവും സ്ത്രീ പദവിയും
ഇസ്ലാമിക ആത്മീയതയുടെ കാതലായ സ്വൂഫിസത്തിൽ, അഥവാ ഇസ് ലാമിൽ മനുഷ്യന്റെ മൂല്യം നിശ്ചയിക്കപ്പെടുന്നത് ഭൗതികമായ ലിംഗഭേദത്തിന്റെ (Gender) അടിസ്ഥാനത്തിലല്ല, മറിച്ച് ആത്മാവിന്റെ (റൂഹ്) വിശുദ്ധിയിലൂടെയും ഇലാഹി സാമീപ്യത്തിലൂടെയുമാണ്. ഭൗതിക ശരീരത്തിന് മാത്രമാണ് ലിംഗ വ്യത്യാസമുള്ളതെന്നും ആത്മാവിന് ലിംഗഭേദമില്ലെന്നുമുള്ള തത്ത്വമാണ് സ്വൂഫിസത്തിന്റെ ആധാരം. ഇലാഹി പ്രണയത്തിലും (ഇശ്ഖ്) ജ്ഞാനത്തിലും (മഅ് രിഫ) എത്തിച്ചേരാൻ പുരുഷനുള്ള അതേ സാധ്യതയും അവകാശവും സ്ത്രീക്കുമുണ്ടെന്ന് സ്വൂഫിസം അഥവാ ഇസ് ലാം ദീൻ സ്ഥാപിക്കുന്നു. എട്ടാം നൂറ്റാണ്ടിൽ ബസ്രയിൽ ജീവിച്ചിരുന്ന റാബിയ അൽ-അദവിയ്യ(റ) (Rabia al-Adawiyya) എന്ന വനിതാ സ്വൂഫിവര്യയുടെ ജീവിതം ഇതിന് ഉത്തമ ഉദാഹരണമാണ്. തന്റെ പ്രണയഭാജനത്തിന്റെ അതൃപ്തിവരുമോ എന്ന ഭയമല്ലാതെ മറ്റൊരു ഭയവുമില്ലാതെ പ്രതിഫലേച്ഛയില്ലാതെ അല്ലാഹുവിനോടുള്ള അദമ്യമായ സ്നേഹത്തിലായും അവന്റെ സ്നേഹത്തിനായും കൊതിച്ച് ജീവിതം മുഴുവനും അവനുള്ള സമർപ്പണമാക്കി അല്ലാഹുവിന് ഇബാദത്ത് ചെയ്യുക എന്ന ഭക്തിമാർഗ്ഗം ഇസ് ലാമിക ചരിത്രത്തിൽ അഥവാ സ്വൂഫിസത്തിന്റെ പാദയിൽ തത്ത്വവൽക്കരിച്ചവരിലും പ്രയോഗവത്കരിച്ചവരിലും ആദ്യനാമങ്ങളിലൊന്ന് റാബിയ അദവിയ്യഃ(റ) യുടേതായിരുന്നു. ‘തസ്വവ്വുഫിന്റെ രാജ്ഞി’ എന്ന് വിശേഷിപ്പിക്കപ്പെട്ട റാബിയഃ(റ) യെ അക്കാലത്തെ പ്രമുഖ പുരുഷ സ്വൂഫി പണ്ഡിതന്മാരെല്ലാം തന്നെ തങ്ങളുടെ ഗുരുതുല്യയായി ആദരിച്ചിരുന്നു.
സ്വൂഫി പാരമ്പര്യത്തിൽ സ്ത്രീകൾ കേവലം അനുയായികൾ മാത്രമായിരുന്നില്ല, മറിച്ച് സന്മാർഗ്ഗദർശികളും ആത്മീയ നേതൃത്വം വഹിച്ചവരുമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. (Lucy Mary Jane Garnett, Women Mystics of the Dervish Orders. Female muslim Sufi saints. World4 Costume Culture History, Gender Public Space Visual Culture)
മൗലാനാ റൂമി(റ) യുടെ കൃതികളിലെ തിയോളജിക്കൽ സ്ത്രീ സങ്കൽപ്പം
മൗലാനാ ജലാലുദ്ദീൻ റൂമി(റ) യുടെ വിശ്വപ്രസിദ്ധമായ ‘മസ്നവി’ (Masnavi) എന്ന ആത്മീയ കാവ്യഗ്രന്ഥത്തിൽ സ്ത്രീ പദവിയെ ഉന്നതമായ തിയോളജിക്കൽ തലത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭൗതികമായ ആഗ്രഹങ്ങൾ, ഭോഗേച്ഛകൾ പൂർത്തീകരിക്കാനുള്ള കേവല കാമുകിയായല്ല റൂമി(റ) സ്ത്രീയെ കാണുന്നത്, മറിച്ച് ഇലാഹി പ്രകാശത്തിന്റെ (തജല്ലി) നേരിട്ടുള്ള പ്രതിഫലനമായിട്ടാണ്. (Selections from the Persian Mystics – World Literature, Masnawi Poem by Mewlana Jalaluddin Rumi, poemhunter.com)
മസ്നവിയിലെ ഒന്നാം വാള്യത്തിൽ റൂമി(റ) കുറിക്കുന്നു:
“زن پرتوی خداست او آن محبوب زمینی نیست: او خلاق است، نه آفریده”
“സ്ത്രീ, ഇലാഹി പ്രകാശത്തിന്റെ ഒരു കിരണമാണ്. കേവലം ഭൗതികമോ ശാരീരികമോ ആയ ആഗ്രഹങ്ങൾ തീർക്കാനുള്ള ഒരു കാമുകിയല്ല അവൾ. അവൾ സൃഷ്ടിക്കപ്പെട്ട ഒരു വസ്തു മാത്രമായി നിലകൊള്ളുന്നവളല്ല, മറിച്ച് സൃഷ്ടിപരമായ (നിർമ്മാണാത്മകമായ) കഴിവുകളുള്ള, ഇലാഹി (സൃഷ്ടിയുടെ) സ്വഭാവം ഉള്ളവളാണ്.”
റൂമി(റ) യുടെ വിശകലനത്തിൽ, മനുഷ്യരിലെ സ്നേഹവും ആർദ്രതയും മൃഗീയമായ വികാരങ്ങളെ കീഴ്പെടുത്താൻ ശേഷിയുള്ളതാണ്. പ്രവാചക വചനത്തെ ഉദ്ധരിച്ചുകൊണ്ട് റൂമി(റ) വ്യക്തമാക്കുന്നത്, ജ്ഞാനികളും ഹൃദയവിശുദ്ധിയുള്ളവരുമായ പുരുഷന്മാരുടെ മേൽ സ്ത്രീകൾ സ്നേഹം കൊണ്ട് വിജയം നേടുന്നു. എന്നാൽ, കഠിനചിത്തരും കോപസ്വഭാവികളുമായ വിഡ്ഢികൾ അജ്ഞത കാരണം സ്ത്രീക്ക് മേൽ മൃഗീയമായി ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ആത്മീയമായ ഉന്നതി പ്രാപിച്ച ഒരു സാധകന് സ്ത്രീയിലെ ഇലാഹി സൗന്ദര്യത്തെയും സർഗ്ഗാത്മകതയെയും തിരിച്ചറിയാൻ സാധിക്കുമെന്ന് റൂമി(റ) നിരീക്ഷിക്കുന്നു.
ഇസ്ലാമിക ആത്മീയതയുടെ കാതലായ സ്വൂഫിസത്തിൽ, അഥവാ ഇസ് ലാമിൽ മനുഷ്യന്റെ മൂല്യം നിശ്ചയിക്കപ്പെടുന്നത് ഭൗതികമായ ലിംഗഭേദത്തിന്റെ (Gender) അടിസ്ഥാനത്തിലല്ല, മറിച്ച് ആത്മാവിന്റെ (റൂഹ്) വിശുദ്ധിയിലൂടെയും ഇലാഹി സാമീപ്യത്തിലൂടെയുമാണ്. ഭൗതിക ശരീരത്തിന് മാത്രമാണ് ലിംഗ വ്യത്യാസമുള്ളതെന്നും ആത്മാവിന് ലിംഗഭേദമില്ലെന്നുമുള്ള തത്ത്വമാണ് സ്വൂഫിസത്തിന്റെ ആധാരം. ഇലാഹി പ്രണയത്തിലും (ഇശ്ഖ്) ജ്ഞാനത്തിലും (മഅ് രിഫ) എത്തിച്ചേരാൻ പുരുഷനുള്ള അതേ സാധ്യതയും അവകാശവും സ്ത്രീക്കുമുണ്ടെന്ന് സ്വൂഫിസം അഥവാ ഇസ് ലാം ദീൻ സ്ഥാപിക്കുന്നു. എട്ടാം നൂറ്റാണ്ടിൽ ബസ്രയിൽ ജീവിച്ചിരുന്ന റാബിയ അൽ-അദവിയ്യ(റ) (Rabia al-Adawiyya) എന്ന വനിതാ സ്വൂഫിവര്യയുടെ ജീവിതം ഇതിന് ഉത്തമ ഉദാഹരണമാണ്. തന്റെ പ്രണയഭാജനത്തിന്റെ അതൃപ്തിവരുമോ എന്ന ഭയമല്ലാതെ മറ്റൊരു ഭയവുമില്ലാതെ പ്രതിഫലേച്ഛയില്ലാതെ അല്ലാഹുവിനോടുള്ള അദമ്യമായ സ്നേഹത്തിലായും അവന്റെ സ്നേഹത്തിനായും കൊതിച്ച് ജീവിതം മുഴുവനും അവനുള്ള സമർപ്പണമാക്കി അല്ലാഹുവിന് ഇബാദത്ത് ചെയ്യുക എന്ന ഭക്തിമാർഗ്ഗം ഇസ് ലാമിക ചരിത്രത്തിൽ അഥവാ സ്വൂഫിസത്തിന്റെ പാദയിൽ തത്ത്വവൽക്കരിച്ചവരിലും പ്രയോഗവത്കരിച്ചവരിലും ആദ്യനാമങ്ങളിലൊന്ന് റാബിയ അദവിയ്യഃ(റ) യുടേതായിരുന്നു. ‘തസ്വവ്വുഫിന്റെ രാജ്ഞി’ എന്ന് വിശേഷിപ്പിക്കപ്പെട്ട റാബിയഃ(റ) യെ അക്കാലത്തെ പ്രമുഖ പുരുഷ സ്വൂഫി പണ്ഡിതന്മാരെല്ലാം തന്നെ തങ്ങളുടെ ഗുരുതുല്യയായി ആദരിച്ചിരുന്നു.

കീമിയ ഖാതൂൻ സംഭവം: ചരിത്രാഖ്യാനങ്ങളും ആധുനിക ഫിക്ഷനും
റൂമി(റ) യുടെ രണ്ടാം ഭാര്യയായ കീറാ ഖാതൂന്റെ മകളും റൂമി(റ) യുടെ വളർത്തുമകളുമായ കീമിയ ഖാതൂൻ, റൂമി(റ) യുടെ ആത്മീയ ഗുരുവായ ശംസ് തബ്രീസി(റ) യെ വിവാഹം കഴിച്ചതും തുടർന്നുള്ള മരണവുമാണ് അക്കാദമിക തലത്തിലും സാഹിത്യ ലോകത്തും വലിയ ചർച്ചയായിട്ടുള്ളത്. ആധുനിക വിമർശകർ ഈ സംഭവത്തെ ഉദ്ധരിച്ച് സ്വൂഫി കേന്ദ്രങ്ങളിലെ സ്ത്രീ സുരക്ഷയെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഈ വാദങ്ങളുടെ ചരിത്രപരമായ സാധുത പരിശോധിക്കേണ്ടതുണ്ട്. (Kimia Khatoon, Grokipedia)
പ്രാഥമിക ചരിത്ര സ്രോതസ്സുകളിലെ രേഖപ്പെടുത്തലുകൾ
കീമിയ ഖാതൂന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്ന പ്രധാന പ്രാഥമിക ഗ്രന്ഥങ്ങൾ രണ്ടാണ്:
1.രിസാല-യി സിപഹ്സാലാർ (Risala-yi Sipahsalar): റൂമി(റ) യുടെ നേരിട്ടുള്ള ശിഷ്യനും 40 വർഷത്തോളം അദ്ദേഹത്തിന് സേവനം ചെയ്യുകയും ചെയ്ത ഫരീദൂൻ ബിൻ അഹ്മദ് സിപഹ്സാലാർ രചിച്ച സമകാലിക ജീവചരിത്ര കൃതി.
- മനാഖിബുൽ ആരിഫീൻ (Manaqib al-Arifin): റൂമിയുടെ പൗത്രനായ ജലാലുദ്ദീൻ ആരിഫ് ചലബിയുടെ നിർദ്ദേശ പ്രകാരം ശംസുദ്ദീൻ അഹ്മദ് അഫ്‌ലാക്കി പതിനാലാം നൂറ്റാണ്ടിൽ എഴുതിയ മൗലവി ത്വരീഖത്തിന്റെ ഔദ്യോഗിക ചരിത്ര സമാഹാരം.
അഫ്‌ലാക്കിയുടെ രേഖപ്പെടുത്തൽ പ്രകാരം, 1247-ന്റെ അവസാനത്തിൽ ശംസ് തബ്രീസി(റ) ഖൂനിയയിലേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തെ മൗലവി കുടുംബവുമായി കൂടുതൽ അടുപ്പിക്കാനും ഖൂനിയയിലെ ജനങ്ങളുടെ ശത്രുതയിൽ നിന്ന് സംരക്ഷിക്കാനുമാണ് റൂമി(റ) കീമിയ ഖാതൂനുമായുള്ള വിവാഹം ആലോചിച്ചു നടപ്പിലാക്കിയത്. വിവാഹശേഷം, കീമിയ ഭർത്താവായ ശംസിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ കുടുംബത്തിലെ മറ്റ് മുതിർന്ന സ്ത്രീകളോടൊപ്പം (സുൽത്താൻ വലദിന്റെ വലിയമ്മ ഉൾപ്പെടെ) മറാം പൂന്തോട്ടത്തിലേക്ക് ഉല്ലാസയാത്ര പോവുകയുണ്ടായി. ഇതറിഞ്ഞ് ശംസ് അസ്വസ്ഥനാവുകയും, വീട്ടിൽ തിരിച്ചെത്തിയ കീമിയയ്ക്ക് പെട്ടെന്ന് കഠിനമായ രോഗബാധ (കഴുത്തുവേദനയും പനിയും) ഉണ്ടാവുകയും ചെയ്തു. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ (1248 ഒടുവിൽ) കീമിയ മരണപ്പെട്ടു.(Kimia Khatoon, Grokipedia)
ആധുനിക ഫിക്ഷനുകളുടെ സ്വാധീനവും ഭാവനാത്മകതയും
ഇരുപത്തൊന്നുാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ ചില നോവലുകൾ ഈ ചുരുങ്ങിയ ചരിത്രവസ്തുതയെ വൈകാരികമായും നാടകീയമായും പുനരാവിഷ്കരിക്കുകയുണ്ടായി: ഈ ഗണത്തിൽ പെട്ട എല്ലാ കൃതികളും ചരിത്രവസ്തുതകളേക്കാൾ കാൽപനിക ഭാവനകൾക്ക് പ്രാമുഖ്യം നൽകി എഴുതപ്പെട്ടവയാണ്.
സഈദ ഖുദ്സ് (Kimia Khatoon, 2004): ഇറാനിയൻ എഴുത്തുകാരിയായ സഈദ ഖുദ്സ് കീമിയയെ ഒരു ഇരയായി ചിത്രീകരിക്കുകയും, റൂമി(റ) യുടെയും ശംസി(റ) യുടെയും ബന്ധത്തിന് വേണ്ടി ബലി കഴിക്കപ്പെട്ട പെൺകുട്ടിയായി കഥ മാറ്റിയെഴുതുകയും ചെയ്തു.
വലീദ് അലാഉദ്ദീൻ (Kimya): ഈജിപ്ഷ്യൻ എഴുത്തുകാരനായ വലീദ് അലാഉദ്ദീൻ തന്റെ സ്വപ്നങ്ങളെയും സങ്കൽപ്പങ്ങളെയും ആസ്പദമാക്കി റൂമി(റ) യുടെ മകൻ അലാഉദ്ദീനും കീമിയയും തമ്മിലുള്ള പ്രണയവും, ശംസിനോടുള്ള പ്രതികാരവും പ്രമേയമാക്കി കഥ മെനഞ്ഞു.
എലിഫ് ഷഫാക് (The Forty Rules of Love, 2010): തുർക്കിഷ്-ബ്രിട്ടീഷ് എഴുത്തുകാരിയായ ഷഫാക്, കീമിയ ശംസിനെ സ്നേഹിച്ചുവെന്നും എന്നാൽ അലാഉദ്ദീന്റെ ഗൂഢാലോചനയിൽ ശംസ് കൊല്ലപ്പെട്ടതിലുണ്ടായ ആഘാതത്തിൽ മരണപ്പെട്ടുവെന്നും സങ്കൽപ്പിച്ചു എഴുതി.(Analysis and study of the re-creation of the narrative of Shams and Rumi in the novel “The Nation of Love” based on intertextuality, Scientific Information Database)
ആയ അൽ-സയ്യാബി: ഒമാനി എഴുത്തുകാരി ആധുനിക പത്രലേഖനങ്ങളിലൂടെ ശംസ് തബ്രീസിയുടെ അസൂയയും അലാഉദ്ദീന്റെ കൊലപാതക ശ്രമങ്ങളും വിവരിച്ച് സമാനമായ ആഖ്യാനം നൽകി.
ചരിത്ര അക്കാദമിക് പണ്ഡിതന്മാരുടെ വിലയിരുത്തൽ
റൂമി(റ) യുടെ ജീവചരിത്ര സംബന്ധമായ വിവരങ്ങൾ ക്രോഢീകരിച്ചവരിലും കാവ്യങ്ങളെ പഠനവിധേയമാക്കിയവരിലും പാശ്ചാത്യ ലോകത്തെ ഏറ്റവും പ്രശസ്തനായ പണ്ഡിതൻ ഫ്രാങ്ക്ലിൻ ലൂയിസ് (Franklin D. Lewis) തന്റെ Rumi: Past and Present, East and West (2000) എന്ന ഗ്രന്ഥത്തിൽ കീമിയ ഖാതൂന്റെ ജീവിതത്തെപ്പറ്റി ചരിത്രരേഖകളിൽ വളരെ അപൂർവ്വം വിവരങ്ങൾ മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കുന്നു (“we know little”). ലഭ്യമായ വിവരങ്ങൾ വെച്ച് വലിയ രാഷ്ട്രീയ-പ്രണയ ഗൂഢാലോചനകൾ നിർമ്മിക്കുന്നത് ചരിത്രപരമായ തെളിവുകളുടെ അഭാവത്തിൽ അക്കാദമികമായി നിലനിൽക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രശസ്ത ജർമ്മൻ പ്രൊഫസർ ആൻമേരീ ഷിമ്മലും (Annemarie Schimmel) തങ്ങളുടെ ഗവേഷണങ്ങളിൽ ഈ സംഭവത്തെ അക്കാലത്തെ സാധാരണമായ ഒരു ആകസ്മിക മരണമായി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.(Rumi: Past and Present, East and West : the Life, Teaching and Poetry of Jalâl Al-Din Rumi, Kimia Khatoon, Grokipedia)
ചുരുക്കത്തിൽ കീമിയ ഖാതൂനുമായുള്ള ശംസ് തബ് രീസി(റ) യുടെ വിവാഹ ഉദ്ദേശ്യത്തെ സംബന്ധിച്ച്, ചരിത്രരേഖകളിൽ കാണുന്നത് ശംസിന് കുടുംബപരമായ സുരക്ഷിതത്വവും ഖൂനിയയിൽ സ്ഥിരതാമസവും നൽകുക എന്നതായിരുന്നു. എന്നാൽ സാഹിത്യ ഫിക്ഷനുകളിൽ അത് പ്രണയ സാക്ഷാത്കാരത്തിനായി ഒരു പെൺകുട്ടിയെ ബലി കഴിക്കുന്നതായാണ് ചിത്രീകരിക്കുന്നത്. മരണ കാരണമായി ചരിത്രരേഖകൾ പെട്ടെന്നുണ്ടായ കഠിനമായ പനിയും അസുഖവും ചൂണ്ടിക്കാണിക്കുമ്പോൾ, സാഹിത്യ ഫിക്ഷനുകളിൽ മാനസിക പീഡനം, ശാപം അല്ലെങ്കിൽ കൊലപാതകം എന്നിവയായാണ് അവതരിപ്പിക്കുന്നത്. അലാവുദ്ദീന്റെ പങ്കിനെക്കുറിച്ച് പറയുമ്പോൾ, ശംസിനോടുള്ള അലാവുദ്ദീന്റെ പൊതുവായ അഭിപ്രായവ്യത്യാസമാണ് ചരിത്രരേഖകളിൽ കാണുന്നതെങ്കിൽ, ഫിക്ഷനുകളിൽ അത് പ്രണയ നൈരാശ്യത്താലുള്ള കൊലപാതക പദ്ധതിയായി ചിത്രീകരിക്കപ്പെടുന്നു. അവസാനമായി, അക്കാദമിക മൂല്യത്തിന്റെ കാര്യത്തിൽ പ്രാഥമിക ചരിത്രരേഖകൾ ചരിത്രപരമായ പ്രാഥമിക സ്മരണകളായി (Hagiography) പരിഗണിക്കപ്പെടുമ്പോൾ, രണ്ടാമത്തേത് സർഗ്ഗാത്മക സാഹിത്യ ഭാവനകളായാണ് (Fiction) വിലയിരുത്തപ്പെടുന്നത്.
യഥാർത്ഥ ചരിത്രവസ്തുതകളിൽ നിന്ന് വളരെ വിദൂരത്താണ് ഫിക്ഷണൈസ് ചെയ്യപ്പെട്ട ഈ അതി ആഖ്യാനങ്ങൾ എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
വിമർശനങ്ങളുടെ അക്കാദമിക അപഗ്രഥനവും തെറ്റിദ്ധാരണകളും
സ്വൂഫിസത്തെയും റൂമി(റ) യെയും അടിച്ചമർത്തലിന്റെ കേന്ദ്രങ്ങളായി ചിത്രീകരിക്കുന്ന വാദങ്ങളിൽ പ്രധാനമായും മൂന്ന് വശങ്ങളാണുള്ളത്:
- രൂപക ഭാഷയെ ഭൗതികവൽക്കരിക്കൽ: സ്വൂഫി സാഹിത്യത്തിൽ ഗുരുവും ശിഷ്യനും തമ്മിലുള്ള തീവ്രമായ ആത്മീയ ബന്ധത്തെ ‘ഇശ്ഖ്’ (പ്രണയം) എന്ന വാക്കുകൊണ്ടാണ് സൂചിപ്പിക്കാറുള്ളത്. ഭൗതിക ശരീരങ്ങൾക്കപ്പുറമുള്ള ആത്മാവിന്റെ ഇലാഹി പ്രകാശത്തോടുള്ള അനുരാഗമാണിത്. ഇതിനെ ഭൗതികമോ ലൈംഗികമോ ആയ ബന്ധമായി ചിത്രീകരിക്കുന്നത് സ്വൂഫി ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ്.(Kimia Khatoon, Grokipedia)
നോവലുകളെ ചരിത്രരേഖകളായി സ്വീകരിക്കൽ: സഈദ ഖുദ്സിന്റെയോ വലീദ് അലാഉദ്ദീന്റെയോ സാഹിത്യസൃഷ്ടികൾ അക്കാദമിക ചരിത്രരേഖകളല്ല. സർഗ്ഗാത്മക സ്വാതന്ത്ര്യം ഉപയോഗിച്ച് രചിക്കപ്പെട്ട ഫിക്ഷനുകളെ പ്രാഥമിക സ്രോതസ്സുകളായി സ്വീകരിക്കുന്നത് ശാസ്ത്രീയമായ ഗവേഷണ രീതികൾക്ക് നിരക്കുന്നതല്ല.
കുടുംബ വൈരുദ്ധ്യങ്ങളുടെ തെറ്റായ വ്യാഖ്യാനം: റൂമിയുടെ മകൻ അലാഉദ്ദീനും ശംസ് തബ്രീസി(റ) യും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അത് ഏതെങ്കിലും പെൺകുട്ടിക്ക് വേണ്ടിയുള്ള വ്യക്തിപരമായ തർക്കമായിരുന്നില്ല, മറിച്ച് ഒരു പ്രശസ്ത പണ്ഡിതനായിരുന്ന റൂമി ത തന്റെ ജനകീയ മദ്രസാ അധ്യാപനം ഉപേക്ഷിച്ച് ശംസിനോടൊപ്പം ഏകാന്തത സ്വീകരിച്ചപ്പോൾ ഉണ്ടായ സാമൂഹിക ഉത്കണ്ഠകളായിരുന്നു.
ഉപസംഹാരം
മുകളിൽ വ്യക്തമാക്കിയ ചരിത്രപരവും തിയോളജിക്കലുമായ തെളിവുകളുടെ വെളിച്ചത്തിൽ, സ്വൂഫിസത്തിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നുവെന്നോ റൂമി(റ) യുടെ കേന്ദ്രത്തിൽ സ്ത്രീ സുരക്ഷിതയായിരുന്നില്ലെന്നോ ഉള്ള വാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാം.
മൗലാനാ റൂമി(റ) തന്റെ കൃതികളിൽ ഉടനീളം സ്ത്രീയെ ഇലാഹി സർഗ്ഗാത്മകതയുടെയും സൗന്ദര്യത്തിന്റെയും പ്രകാശമായിട്ടാണ് നിർവചിച്ചിട്ടുള്ളത്. റൂമി(റ) യുടെ വ്യക്തിജീവിതത്തിലും, കീറാ ഖാതൂൻ, ഫാത്തിമ ഖാതൂൻ തുടങ്ങിയ വനിതകൾക്ക് ഉന്നതമായ അക്കാദമിക-ആത്മീയ സ്വാതന്ത്ര്യം നൽകപ്പെട്ടിരുന്നു. കീമിയ ഖാതൂന്റെ മരണം ഒരു ദാരുണമായ ചരിത്ര സംഭവമായിരുന്നുവെങ്കിലും, അതിനെ സാഹിത്യ നോവലുകൾ വഴി ഗൂഢാലോചന കഥകളാക്കി മാറ്റുന്നത് വ്യാജ ആഖ്യാനങ്ങൾ മാത്രമാണ്. ബെസ്റ്റ് സെല്ലറുകളായി വിൽക്കപ്പെടാനുള്ള കേവല മസാല ചേരുവകളാണവ. അത്തരം ദുർവ്യാഖ്യാനങ്ങളെയും അതി ആഖ്യാനങ്ങളെയും അവലംബിച്ച് വിശുദ്ധരായ സ്വൂഫി ചരിത്രപുരുഷന്മാരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തീർച്ചയായും അപലപനീയമാണ്. സർവ്വമത സത്യവാദവും സർവ്വവേദ സത്യവാദവും മാർക്കറ്റ് ചെയ്യുന്നതിന് ആരെങ്കിലും റൂമി(റ) യെയും സ്വൂഫിസത്തെയും മറയാക്കുന്നുണ്ടെങ്കിൽ അത് റൂമി(റ) യെ യും സ്വൂഫിസത്തെയും അപകീർത്തിപ്പെടുത്തി കൊണ്ട് നേരിടേണ്ട ഒരു പ്രവണതയല്ല. എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഇത്തരം വിവേക ശൂന്യത അങ്ങേയറ്റം ചരിത്രനിഷേധപരവും വിജ്ഞാനവിരുദ്ധവുമാണെന്ന് പറയാതെ വയ്യ.
ചുരുക്കത്തിൽ ഇസ് ലാമിന്റെ അതിന്റെ അന്തഃസാരം തന്നെയായ സ്വൂഫിസത്തിന്റെ സാർവത്രിക ചരിത്രത്തിലും, റൂമി(റ) യുടെ അധ്യാപനങ്ങളിലും സ്ത്രീ കേവലം സംരക്ഷിക്കപ്പെടേണ്ടവൾ മാത്രമല്ല, മറിച്ച് ഇലാഹി സാമീപ്യം പ്രാപിക്കാൻ പൂർണ്ണ അർഹതയുള്ള ആത്മീയ പദവിയുടെ ഉടമകൂടിയാണ്.



