സമദാനി സാഹിബ്: സ്നേഹം പൂക്കുന്ന വാക്കുകളുടെ വസന്തം

Samadani Sahib: A Spring of Words Blossoming with Love

ചില മനുഷ്യരെ നാം ഓർക്കുന്നത് അവർ വഹിച്ച ഔദ്യോഗിക പദവികളുടെ പേരിലല്ല, മറിച്ച് നമ്മുടെ മനസ്സിൽ അവർ അവശേഷിപ്പിച്ച വാക്കുകളുടെ പേരിലാണ്. ചില പ്രഭാഷണങ്ങൾ കേട്ടുകഴിഞ്ഞാൽ, വേദി ഒഴിഞ്ഞാലും ആ വാക്കുകൾ നമ്മോടൊപ്പം നടക്കും. ചില വാക്കുകൾ അറിവായി മാറും, ചിലത് ചിന്തയായി വളരും, മറ്റു ചിലത് വിശ്വാസത്തിന് കരുത്താകും; പ്രധാനം, അവ മനുഷ്യനെ കൂടുതൽ മനുഷ്യനാക്കും എന്നതാണ്. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി സാഹിബിന്റെ വ്യക്തിത്വത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്നത് ഇതാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത് ആ വാക്കുകളാണ്. എന്നാൽ, ആ പദങ്ങൾക്ക് പിന്നിൽ വർഷങ്ങളുടെ പഠനവും വായനയും അനുഭവ സമ്പത്തും രാഷ്ട്രീയബോധവും മതപാണ്ഡിത്യവും സാഹിത്യസ്നേഹവും ഒക്കെ ചേർന്ന വലിയൊരു ഹൃദയമുണ്ട്.

സമദാനി സാഹിബിനെ ‘രാഷ്ട്രീയ നേതാവ്’ എന്ന ഒറ്റ വിശേഷണത്തിൽ ഒതുക്കുന്നത് അദ്ദേഹത്തോട് കാണിക്കുന്ന നീതിയാവില്ല. അദ്ദേഹം രാഷ്ട്രീയ പ്രവർത്തകനാണ്, ജനപ്രതിനിധിയാണ്, മികച്ചൊരു പാർലമെന്റേറിയനാണ്. ഒപ്പം അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനും മതപണ്ഡിതനും വാഗ്മിയും എഴുത്തുകാരനും ഭാഷാപണ്ഡിതനുമാണ്. സാഹിത്യത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും ലോകത്തോട് നിരന്തരം സംവദിക്കുന്ന ഒരാൾ. വിവിധ മതങ്ങളെയും പാരമ്പര്യങ്ങളെയും അകറ്റിനിർത്താതെ അവയ്ക്കിടയിൽ സംവാദത്തിന്റെ പാലങ്ങൾ പണിയുന്ന മനുഷ്യൻ. ഈ പല അടരുകൾ ഒന്നിച്ചുചേരുമ്പോഴാണ് സമദാനി സാഹിബ് എന്ന വ്യക്തിത്വം പൂർണ്ണമാകുന്നത്.
പഠനത്തോടുള്ള അദ്ദേഹത്തിന്റെ അനുരാഗം ജീവിതത്തിന്റെ ആദ്യകാലം മുതൽക്കേ ശ്രദ്ധേയമാണ്. ഫാറൂഖ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദവും രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിലും ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് (JNU) ഡോക്ടറേറ്റും കരസ്ഥമാക്കി. നിയമപഠനവും പൂർത്തിയാക്കി. എന്നാൽ, അദ്ദേഹത്തിന്റെ വിദ്യാഭ്യാസപരമായ യാത്ര ബിരുദങ്ങളിൽ അവസാനിച്ചില്ല. വായനയും പഠനവും ജീവിതകാലം മുഴുവൻ തുടരേണ്ട ഒരു പ്രക്രിയയാണെന്ന ബോധമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത്.

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ വിശാലമായ കാഴ്ചപ്പാട് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിലും പാർലമെന്ററി ഇടപെടലുകളിലും കാണാം. രാജ്യസഭാംഗമായിരുന്ന കാലത്ത് സർവകലാശാലകളും ഉന്നത വിദ്യാഭ്യാസവും സംബന്ധിച്ച പാർലമെന്ററി ഉപസമിതിയുടെ കൺവീനറായി പ്രവർത്തിച്ച അദ്ദേഹം, കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോർഡിലും അംഗമായിരുന്നു. മനുഷ്യവിഭവശേഷി വികസനം, ആരോഗ്യം, വിദേശകാര്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സമിതികളിലും സജീവമായി. സർവകലാശാല എന്നത് അറിവിന്റെ വിവിധ ശാഖകൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്ന ഇടമായിരിക്കണമെന്ന ആശയം അദ്ദേഹം പിന്നീട് ലോക്സഭയിലും ശക്തമായി ഉയർത്തിക്കാട്ടി. ശാസ്ത്രവും മാനവിക വിഷയങ്ങളും തത്ത്വചിന്തയും സൗന്ദര്യശാസ്ത്രവും ഒരേ അക്കാദമിക ലോകത്ത് പരസ്പരം സംവദിക്കണമെന്ന് അദ്ദേഹം വാദിച്ചു.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം ഒരു തൊഴിൽ നേടലിൽ അവസാനിക്കുന്നില്ല. വിദ്യാഭ്യാസം മനുഷ്യനെ വിശാല മനസ്സുള്ളവനാക്കണം, ചരിത്രബോധമുള്ളവനാക്കണം, വ്യത്യസ്തതകളെ മനസ്സിലാക്കാൻ പ്രാപ്തനാക്കണം. അറിവിന്റെ സമഗ്രതയിലേക്ക് വിദ്യാർത്ഥിയെ നയിക്കണം. അതിവേഗം മാറുന്ന ആധുനിക സാഹചര്യങ്ങളോട് പ്രതികരിക്കുമ്പോഴും മാനവിക മൂല്യങ്ങൾ കൈവിടരുതെന്നും, ഇന്ത്യൻ സമൂഹത്തിന്റെ ബഹുസ്വരത വിദ്യാഭ്യാസത്തിന്റെ ആത്മാവിൽ തന്നെ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പാർലമെന്റിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രവർത്തനം പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നില്ല. പ്രതിരോധം, മനുഷ്യവിഭവശേഷി, ആരോഗ്യം, വിദേശകാര്യം, വഖഫ്, വിദ്യാഭ്യാസം തുടങ്ങി ജനജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്ററി സമിതികളിലും ചോദ്യങ്ങളിലൂടെയും അദ്ദേഹം നിരന്തരം ഉന്നയിച്ചു. രാജ്യസഭയിൽ രണ്ടുതവണ അംഗമായിരുന്ന അദ്ദേഹം, പിന്നീട് കേരള നിയമസഭയിലും മലപ്പുറം, പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധാനംചെയ്ത് ലോക്സഭയിലുമെത്തി. ഒരു വിഷയത്തിന്റെ ബാഹ്യതലത്തിനപ്പുറം അതിൻ്റെ സാമൂഹികവും സാംസ്കാരികവുമായ ആഴങ്ങളിലേക്ക് കടക്കാനുള്ള കഴിവാണ് അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകളെ വേറിട്ടുനിർത്തുന്നത്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ച അദ്ദേഹം, കേവലം മുപ്പത്തിനാലാം വയസ്സിലാണ് രാജ്യസഭയിൽ കേരളത്തെ പ്രതിനിധാനംചെയ്തത്. രാഷ്ട്രീയത്തെ അധികാരത്തിന്റെ ഗണിതമായി മാത്രം കാണാതെ, സമൂഹത്തിന്റെ വിവിധ തലങ്ങളുമായി നിരന്തരം സംവദിക്കാനുള്ള മാധ്യമമായാണ് അദ്ദേഹം കാണുന്നത്. അതുകൊണ്ടുതന്നെ, ഒരു വേദിയിൽ മതത്തെക്കുറിച്ച് സംസാരിക്കുന്ന സമദാനി സാഹിബിനെയും മറ്റൊരു വേദിയിൽ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംസാരിക്കുന്ന പാർലമെന്റേറിയനെയും വേർതിരിച്ചുകാണാൻ കഴിയില്ല; രണ്ടിടത്തും അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ഒരേ മനുഷ്യനെയാണ് നാം കാണുന്നത്.
അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു ഉറച്ച അടിത്തറ മതപാണ്ഡിത്യമാണ്. ഇസ്ലാമിക ചരിത്രം, ഖുർആനിക ചിന്ത, പ്രവാചകചരിത്രം, സൂഫി പാരമ്പര്യം എന്നിവയിലുള്ള ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ വ്യക്തമാണ്. എന്നാൽ ആ പാണ്ഡിത്യം കേൾവിക്കാരനെ അകറ്റിനിർത്തുന്ന ഒന്നല്ല. സങ്കീർണ്ണമായ ആശയങ്ങളെ ലളിതമായി അവതരിപ്പിക്കാനും, അതേസമയം ആശയത്തിന്റെ ഗൗരവം ചോർന്നുപോകാതിരിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്ക് പൊതുസാംസ്കാരിക വേദികളിലും വലിയ സ്വീകാര്യത ലഭിക്കുന്നത്.

മതത്തെ ആത്മീയ ജീവിതത്തിൽ മാത്രം ഒതുക്കാതെ സാമൂഹിക ഉത്തരവാദിത്വവുമായി ബന്ധിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഖുർആനിക ആശയങ്ങൾ അവതരിപ്പിക്കുമ്പോൾ അതിന്റെ സാമൂഹിക പ്രസക്തി അദ്ദേഹം തേടുന്നു. മതവിശ്വാസം മനുഷ്യനെ കൂടുതൽ വിനയമുള്ളവനാക്കണമെന്നും സഹിഷ്ണുതയും കരുണയും പഠിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നതാണ് യഥാർഥ ആത്മീയതയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അറബി, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, പേർഷ്യൻ, സംസ്കൃതം തുടങ്ങി വിവിധ ഭാഷകളിലുള്ള പരിജ്ഞാനം അദ്ദേഹത്തിന്റെ ചിന്താലോകത്തെ കൂടുതൽ വിശാലമാക്കുന്നു. അല്ലാമ ഇക്ബാലിന്റെ ചിന്തകളെയും കൃതികളെയും മലയാളിക്ക് പരിചയപ്പെടുത്തുന്നതിലും ഉറുദു സാഹിത്യത്തെ അടുത്തറിയുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവയിൽ അംഗമായി പ്രവർത്തിച്ച അദ്ദേഹം, എസ്.കെ. പൊറ്റെക്കാട്ട് പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾക്കും അർഹനായി.

എന്നാൽ പുരസ്കാരപ്പട്ടികകൾക്കുമപ്പുറം, ശ്രോതാക്കളുടെ ഹൃദയത്തിൽ ലഭിച്ച അംഗീകാരമാണ് പ്രധാനം. അതിന്റെ മനോഹരമായ ഒരു സാക്ഷ്യം എന്റെ വീട്ടിൽ തന്നെയുണ്ട്. പ്ലസ് ടുവിൽ പഠിക്കുന്ന എന്റെ മൂത്ത മകൾ ആയിശ റസാനും യു.പി സ്കൂളിൽ പഠിക്കുന്ന എന്റെ ഇളയ മകൾ ഫാതിമ സഹ്റാ ബതൂലിനും ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗം സമദാനി സാഹിബിന്റേതാണ്.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പത്നിക്കും സമദാനി സാഹിബിന്റെ പ്രഭാഷണങ്ങളോടാണ് പ്രിയമെന്നറിഞ്ഞപ്പോഴും ഇതേ സന്തോഷമാണ് തോന്നിയത്. അക്കാദമിക തലത്തിലുള്ളവർ മുതൽ സാധാരണക്കാർ വരെയും, പല പ്രായത്തിലുള്ളവരും അദ്ദേഹത്തിന്റെ വാക്കുകളെ നെഞ്ചിലേറ്റുന്നു.

എന്നാൽ, ഇതിനെയൊക്കെക്കാൾ എന്നെ തൊട്ട ഒരു അനുഭവമുണ്ട്. അടുത്തിടെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ഫെയറിൽ സയൻസ് എക്സ്പെരിമെന്റ് അവതരിപ്പിക്കാൻ പോകുന്നതിനിടെ മകൾ എന്നോട് പറഞ്ഞു: “ഉപ്പാ, സമദാനി സാഹിബിനെ ഒന്ന് വിളിച്ച് പറയണം; എനിക്ക് എക്സ്പെരിമെന്റ് നന്നായി അവതരിപ്പിക്കാൻ കഴിയാൻ ഒന്ന് ദുആ ചെയ്യാൻ പറയണം.”
ഒരു നിമിഷം ഞാൻ നിശ്ചലനായിപ്പോയി. മുന്നിൽ സയൻസ് പരീക്ഷണത്തിന്റെ ആവേശം, മനസ്സിൽ ചെറിയൊരു പരിഭ്രമം. ആ നിമിഷത്തിൽ ഒരു കുട്ടി ഓർക്കുന്നത് ഒരു പണ്ഡിതനെയാണ്; തന്റെ ശാസ്ത്രീയ ശ്രമത്തിനൊപ്പം അദ്ദേഹത്തിന്റെ ദുആയും വേണമെന്ന് അവൾ ആഗ്രഹിക്കുന്നു. ആ കുഞ്ഞിന്റെ മനസ്സിൽ ശാസ്ത്രവും വിശ്വാസവും തമ്മിൽ വൈരുദ്ധ്യമില്ലായിരുന്നു! സമദാനി സാഹിബിന്റെ വാക്കുകൾക്ക് ലഭിക്കാവുന്ന ഏറ്റവും സുന്ദരമായ അംഗീകാരങ്ങളിലൊന്നാണിതെന്ന് എനിക്ക് തോന്നി. കേവലം വേദികളിലെ കയ്യടികൾക്കപ്പുറം, ഒരു കുട്ടിയുടെ ആത്മവിശ്വാസത്തിലും പ്രാർത്ഥനയിലും ഇടംനേടുക എന്നത് എത്രയോ ആഴമുള്ള ബന്ധമാണ്!

അറിവ് മനുഷ്യനെ അകറ്റുന്നതാകരുത്, കൂടുതൽ വിനയമുള്ളവനാക്കണം. മതം സ്നേഹിക്കാൻ പഠിപ്പിക്കണം. രാഷ്ട്രീയം പൊതുനന്മയ്ക്കുള്ള ഉത്തരവാദിത്വമാകണം. സാഹിത്യം ജീവിതത്തെ ആഴത്തിൽ കാണാനുള്ള കണ്ണാകണം. സമദാനി സാഹിബിന്റെ വ്യക്തിത്വത്തിൽ ഈ ആശയങ്ങളെല്ലാം സ്വാഭാവികമായി സമന്വയിക്കുന്നു.
സമദാനി സാഹിബിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ അടയാളം വാക്കുകളാണ് — അറിവിൽനിന്നും വായനയിൽനിന്നും വിശ്വാസത്തിൽനിന്നും അനുഭവത്തിൽനിന്നും പിറന്ന വാക്കുകൾ. ആ വാക്കുകൾ ഇനിയും ഏറെ ദൂരം സഞ്ചരിക്കട്ടെ. പുതിയ തലമുറയുടെ മനസ്സിൽ അവ അറിവിന്റെ വിത്തുകളായി വീഴട്ടെ, മതസൗഹാർദത്തിന്റെ പൂക്കളായി വിരിയട്ടെ, വിദ്യാഭ്യാസത്തിന്റെ പുതിയ വഴികൾ തുറക്കട്ടെ.
വേദിയിലെ കയ്യടികളിലല്ല, ഒരാളുടെ ഹൃദയത്തിൽ നല്ലൊരു ചിന്തയായി ശേഷിക്കുന്നിടത്താണ് ഒരു പ്രഭാഷകന്റെ യഥാർഥ വിജയം. ഒരു കുഞ്ഞിന്റെ പ്രാർത്ഥനയിൽ ഒരു പണ്ഡിതന്റെ പേര് സ്നേഹത്തോടെ ഉച്ചരിക്കപ്പെടുമ്പോൾ, ആ വിജയത്തിന്റെ ഏറ്റവും മനോഹരമായ ശബ്ദമാണ് നാം കേൾക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy