അഹന്തയുടെ വസ്ത്രമഴിച്ച് ഇഖ്ലാസിന്റെ വസ്ത്രമണിയൂ…

Beyond External Disguises: The Spiritual Paths of Heart Purification

പ്രദർശനപരതയുള്ളവന്റെ (രിയാഇന്റെ ആളുടെ) വസ്ത്രം ശുദ്ധിയുള്ളതാണ്; എന്നാൽ അവന്റെ ഹൃദയം അശുദ്ധവും അഴുക്കുനിറഞ്ഞതുമാണ്. അവൻ അനുവദനീയമായ കാര്യങ്ങളിൽ (മുബാഹാത്തുകളിൽ) വിരക്തി നടിക്കുകയും, അധ്വാനിച്ച് സമ്പാദിക്കുന്നതിൽ മടി കാണിക്കുകയും ചെയ്യുന്നു. അവൻ തന്റെ ദീൻ വിറ്റ് തിന്നുന്നു, ഒരു കാര്യത്തിലും സൂക്ഷ്മത (വറഅ്) പാലിക്കുന്നുമില്ല. അവൻ വ്യക്തമായ ഹറാം തിന്നുന്നു. അവന്റെ അവസ്ഥ സാധാരണക്കാർക്കോ പ്രത്യേകക്കാർക്കോ അജ്ഞാതമല്ല. അവന്റെ സൂക്ഷ്മതയും അനുസരണവുമെല്ലാം ബാഹ്യപ്രകടനത്തിൽ മാത്രമാണ്. അവന്റെ ബാഹ്യം അലങ്കരിക്കപ്പെട്ടതും ആന്തരികം തകർന്നതുമാണ്. അല്ലാഹുവിനോടുള്ള അനുസരണം ഹൃദയം കൊണ്ടാണ് വേണ്ടത്, വെറും ശരീരം കൊണ്ടല്ല. ഈ കാര്യങ്ങളെല്ലാം ഹൃദയങ്ങളുമായും രഹസ്യങ്ങളുമായും പൊരുളുകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

നീ ഇപ്പോൾ ഏത് അവസ്ഥയിലാണോ ഉള്ളത് അതിൽ നിന്നും വിട്ടുനിൽക്കുക. മഹത്വമുടയവനായ അല്ലാഹുവിൽ നിന്ന് ഒരിക്കലും ജീർണ്ണിക്കാത്ത വസ്ത്രം നിനക്ക് ലഭിക്കുന്നത് വരെ നീ അതിൽ ഉറച്ചുനിൽക്കുക. അവൻ നിന്നെ വസ്ത്രം ധരിപ്പിക്കുന്നത് വരെ നിന്റെ സ്വന്തം വസ്ത്രങ്ങൾ അഴിച്ചുവെക്കുക. മഹത്വമുടയവനായ അല്ലാഹുവിന്റെ അവകാശങ്ങളിൽ കാണിക്കുന്ന-അവനോടുള്ള നിന്റെ ബാധ്യതകളിൽ കാണിക്കുന്ന- നിന്റെ മടി എന്ന വസ്ത്രം അഴിച്ചുവെക്കുക. പടപ്പുകളോടൊപ്പമുള്ള നിലനിൽപ്പും അവരിലെ നിന്റെ പങ്കാളിത്തവും അഴിച്ചുവെക്കുക. ദുരാഗ്രഹങ്ങൾ, അഹങ്കാരം, അഹന്ത, കപടത എന്നിവയുടെ വസ്ത്രങ്ങൾ അഴിച്ചുവെക്കുക. ജനങ്ങളുടെ അംഗീകാരത്തോടും അവർ നിന്റെ നേരെ തിരിയുന്നതിനോടും അവരിൽ നിന്നുള്ള സമ്മാനങ്ങളോടുമുള്ള സ്നേഹം വെടിയുക. ഭൗതികലോകത്തിന്റെ (ദുനിയാവിന്റെ) വസ്ത്രങ്ങൾ അഴിച്ചുവെക്കുക, പരലോകത്തിന്റെ (ആഖിറത്തിന്റെ) വസ്ത്രങ്ങൾ ധരിക്കുക.

നിന്റെ ശക്തിയിൽ നിന്നും കഴിവുകളിൽ നിന്നും നീ ഒഴിഞ്ഞുമാറുക. അല്ലാഹുവിന്റെ മുന്നിൽ യാതൊരു ശക്തിയോ കഴിവോ ഇല്ലാതെ, യാതൊരു പടപ്പിനെയും അവനിൽ പങ്കുചേർക്കാതെ സമർപ്പിക്കുക. നീ ഇത് ചെയ്യുകയാണെങ്കിൽ, അവന്റെ ലളിതമായ കരുണകൾ നിനക്ക് ചുറ്റും വരുന്നത് നീ കാണും. അവന്റെ ഔദാര്യവും അനുഗ്രഹങ്ങളും നിന്നെ പൊതിയുകയും സംരക്ഷിക്കുകയും ചെയ്യും. നീ അവനിലേക്ക് ഓടിയെത്തുക. നഗ്നനായി, നിന്റെ സ്വന്തം അസ്തിത്വം-നിലനിൽപ്- പോലും(മറന്ന്) ഇല്ലാതെ അവനിലേക്ക് മുറിയുക. മറ്റുള്ളവരിൽ നിന്ന് പൂർണ്ണമായി വേർപെട്ട് അവനിലേക്ക് സഞ്ചരിക്കുക; അവൻ നിന്നെ ഒന്നാക്കുകയും നിന്റെ ബാഹ്യവും ആന്തരികവുമായ ശക്തികളെ ഏകോപിപ്പിക്കുകയും ചെയ്യുന്നത് വരെ.
പ്രപഞ്ചങ്ങൾ മുഴുവൻ നിനക്കെതിരെ അടയ്ക്കപ്പെടുകയും പ്രയാസങ്ങൾ നിന്റെ മേൽ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്താലും, അത് നിനക്ക് യാതൊരു ദോഷവും വരുത്തില്ല; മറിച്ച് അവൻ അതിലൂടെ നിന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. തന്റെ തൗഹീദ് (ഏക ഇലാഹിലുള്ള വിശ്വാസം) കൊണ്ട് സത്യത്തെ (അല്ലാഹുവിനെ) കണ്ടെത്തിയവൻ, തന്റെ വിരക്തി (സുഹ്ദ്) കൊണ്ട് ദുനിയാവിനെ ഉപേക്ഷിച്ചവൻ, ആഗ്രഹങ്ങൾ വെടിഞ്ഞ് അല്ലാഹു അല്ലാത്തതിനെയെല്ലാം(മനസ്സിൽ നിന്ന്) ഇല്ലാതാക്കിയവൻ—അവൻ നന്മയും വിജയവും പൂർണ്ണമാക്കിയവനാണ്. അവൻ ദുനിയാവിന്റെയും ആഖിറത്തിന്റെയും നന്മകൾ സ്വന്തമാക്കിയിരിക്കുന്നു. നിങ്ങൾ മരണപ്പെടുന്നതിന് മുൻപ് നിങ്ങളുടെ നഫ്സിനെയും ശഹവത്തുകളെയും പിശാചുക്കളെയും മൃതമാക്കുക! പൊതുവായ മരണത്തിന് മുൻപ് പ്രത്യേക മരണത്തിലേക്ക് (ആത്മീയ വിശുദ്ധിയിലേക്ക്) നിങ്ങൾ വരിക!
ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്കുള്ള വിളിക്ക് ഉത്തരം നൽകുക. ഞാൻ നിങ്ങളെ മഹത്വമുടയവനായ അല്ലാഹുവിന്റെ വാതിലിലേക്കും അവനെ അനുസരിക്കുന്നതിലേക്കുമാണ് ക്ഷണിക്കുന്നത്, എന്റെ സ്വന്തം നഫ്സിലേക്കല്ല. കപടവിശ്വാസി (മുനാഫിഖ്) ജനങ്ങളെ അല്ലാഹുവിലേക്കല്ല ക്ഷണിക്കുന്നത്, അവൻ സ്വന്തം സ്വാർത്ഥതയിലേക്കാണ് ക്ഷണിക്കുന്നത്. അവൻ ലാഭങ്ങളും അംഗീകാരങ്ങളും ദുനിയാവും തേടുന്നവനാണ്.

ഓ അജ്ഞാനീ! നീ ഈ വാക്കുകൾ കേൾക്കുന്നത് ഉപേക്ഷിച്ച് നിന്റെ നഫ്സിനോടും ആഗ്രഹങ്ങളോടുമൊപ്പം സ്വന്തം പള്ളിയിൽ (ഏകാന്തതയിൽ) പോയിരിക്കുന്നത് ശരിയല്ല. ആദ്യം നിനക്ക് ശൈഖുമാരുടെ (ഗുരുക്കന്മാരുടെ) സഹവാസവും, നിന്റെ നഫ്സിനെയും പ്രകൃതത്തെയും അല്ലാഹു അല്ലാത്തവയെയും നി​ഗ്രഹിക്കൽ ആവശ്യമാണ്. നീ അവരുടെ(​ഗുരുക്കന്മാരുടെ) വാതിലുകളിൽ ഉറച്ചുനിൽക്കുക. അതിനുശേഷം മാത്രം, അവരിൽ നിന്ന് വേർപെട്ട് നിന്റെ ഏകാന്തതയിൽ അല്ലാഹുവുമായി മാത്രം കഴിയുക. അപ്പോൾ നീ ജനങ്ങൾക്ക് അല്ലാഹുവിന്റെ അനുമതിയോടെ സന്മാർ​ഗദർശിയും വഴികാട്ടിയുമായി(ഹാദിയും മഹ്ദിയും) മാറും.

നിന്റെ നാക്ക് സൂക്ഷ്മതയുള്ളതാണ്, എന്നാൽ ഹൃദയം പാപപൂർണ്ണമാണ്. നിന്റെ നാക്ക് അല്ലാഹുവിനെ സ്തുതിക്കുന്നു, എന്നാൽ ഹൃദയം അവനെതിരാണ്. നിന്റെ ബാഹ്യം മുസ്ലിമും ആന്തരികം കാഫിറുമാണ്. നിന്റെ ബാഹ്യം മുവഹ്ഹിദും (ഏക ഇലാഹിലുള്ള വിശ്വാസി) ആന്തരികം മുശ് രികുമാണ് (പങ്കുചേർക്കുന്നവൻ). നിന്റെ ബാഹ്യത്തിലെ വിരക്തി നിന്റെ ദീനിന് മേലാണ്, എന്നാൽ നിന്റെ ആന്തരികം കക്കൂസിന് മുകളിൽ പണിതുയർത്തിയ ഒരു വീട് പോലെ തകർന്നതാണ്.
നീ ഇപ്രകാരമാണെങ്കിൽ പിശാച് നിന്റെ ഹൃദയത്തിൽ തമ്പടിക്കുകയും അതിനെ തന്റെ വാസസ്ഥലമാക്കുകയും ചെയ്യും. സത്യവിശ്വാസി ആദ്യം തന്റെ ആന്തരികം നന്നാക്കുന്നു, തുടർന്ന് ബാഹ്യവും നന്നാക്കുന്നു. അത് ഒരു വീട് പണിയുന്നവനെപ്പോലെയാണ്; അവൻ വീടിന്റെ അകം പണിയാൻ പണം ചെലവഴിക്കുന്നു, അകത്തളങ്ങളുടെ പണി പൂർത്തിയായ ശേഷമേ അവൻ വാതിൽ സ്ഥാപിക്കുന്നുള്ളൂ.
ഇതുപോലെ തുടക്കം അല്ലാഹുവിലും അവന്റെ തൃപ്തിയിലുമാകണം; അതിനുശേഷം അവന്റെ അനുമതി പ്രകാരം ജനങ്ങളിലേക്ക് തിരിയണം. തുടക്കം പരലോകം കരസ്ഥമാക്കുന്നതിലാകണം, അതിനുശേഷം മാത്രമേ ദുനിയാവിലെ ഓഹരികൾ സ്വീകരിക്കാവൂ.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy