നസീർ കാതിയാളം

പണ്ടൊരു കാലമുണ്ടായിരുന്നു,
വേലികളില്ലാത്ത വീടുകൾ,
അയൽപ്പക്കത്തെ അടുപ്പുകളിൽ നമ്മുടെ വിശപ്പും വെന്തിരുന്ന കാലം.
ഒരു കല്ലെടുത്ത് അതിരു വരച്ചു,
പിന്നെ മുള്ളുകൾകൊണ്ട് ഉറപ്പിച്ചു,
കാലം വളർന്നപ്പോൾ മുള്ളുകൾ മതിലുകളായി.
പണമുള്ളവന്റെ മതിലിന് പൊക്കമേറെയായിരുന്നു,
അതിനുമുകളിൽ ചില്ലുകൾ മുളച്ചു,
അടിയിൽ മനുഷ്യത്തം ചോരവാർന്നു.
വാതിലിൽ ഒരു ബോർഡ് തൂങ്ങി, ‘പട്ടി സൂക്ഷിക്കുക!’
പട്ടിയേക്കാൾ പേടിക്കേണ്ടത് പുറത്തുനിൽക്കുന്ന
മനുഷ്യനാണെന്ന് ആരോ നമ്മെ പഠിപ്പിച്ചു.
പിന്നെ അയൽക്കാരൻ അന്യനായി,
അന്യൻ അപരിചിതനായി,
വിളിച്ചിരുന്ന പേരുകൾ മാഞ്ഞുപോയി
അങ്കിളും ആന്റിയും ബന്ധങ്ങളുടെ പുതിയ പേരുകളായി.
മലയാളം അടുക്കളയിൽനിന്ന് പതിയെ പടിയിറങ്ങി,
മുറ്റത്തെ കിണറ്റിൽ പഴയ വിളികളുടെ പ്രതിധ്വനി മാത്രം.
ഇപ്പോൾ ഓരോ വീടിനും സുരക്ഷിതമായൊരു ലോകമുണ്ട്,
ജനലുകൾക്ക് കാഴ്ചകളില്ല, വാതിലുകൾക്ക് വരവേൽപ്പില്ല.
കാലം വീണ്ടും വേലി കെട്ടുന്നു,
നിഴലുകൾക്കിടയിൽ മതിൽ വളരുന്നു,
ഒരേ മഴ നനയുന്ന മനുഷ്യർ ഒരേ മണ്ണിൽ അന്യരാകുന്നു.
നാളെ ഒരുപക്ഷേ കാറ്റിനും അതിരുണ്ടാകും,
പൂക്കൾക്ക് വേരുകളുടെ പേരിൽ വേർതിരിവുണ്ടാകും,
പക്ഷികൾ ആകാശം പങ്കിട്ടെടുക്കും…
ഒടുവിൽ, മതിലുകൾക്കപ്പുറം ഒരു വീട്,
വീടുകൾക്കപ്പുറം ഒരു ലോകം,
ലോകത്തിനപ്പുറം മനുഷ്യൻ തേടുന്നത് തന്നെപ്പോലൊരു മനുഷ്യനെ!



