ലൂയിസ് മോൺട്രോസും നവചരിത്രവാദത്തിന്റെ രാഷ്ട്രീയവും

"Louis Montrose is a thinker who played a vital role in establishing the school of literary criticism known as New Historicism within the modern academic world. He was able to redefine traditional understandings of the relationship between literature and history, simultaneously influencing both historiography and literary criticism projects."

നവചരിത്രവാദം: പാഠത്തിന്റെ ചരിത്രപരത, ചരിത്രത്തിന്റെ പാഠപരത: 3

നവചരിത്രവാദം (New Historicism) എന്ന സാഹിത്യവിമർശന ശാഖയെ ആധുനിക അക്കാദമിക് ലോകത്ത് പ്രതിഷ്ഠിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ചിന്തകനാണ് ലൂയിസ് മോൺട്രോസ് (Louis Montrose). സാഹിത്യവും ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കാനും ഒരേ സമയം ചരിത്രരചനയെയും സാഹിത്യവിമർശന പദ്ധതിയെയും ഒരു പോലെ സ്വാധീനിക്കാനും അദ്ദേഹത്തിന് സാധിച്ചു. മോൺട്രോസ് കാലിഫോർണിയ സർവകലാശാലയിൽ (സാൻ ഡിയാഗോ) നിന്ന് പിഎച്ച്.ഡി നേടി. പിൽക്കാലത്ത് ഇതേ സർവകലാശാലയിൽ ഇംഗ്ലീഷ്, നവോത്ഥാന പഠനങ്ങളിൽ (Renaissance studies) മുൻനിര വ്യക്തിത്വമായി അദ്ദേഹം മാറി. “Professing the Renaissance’, ‘Shaping Fantasies’ എന്നിവയുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ ന്യൂ ഹിസ്റ്റോറിസിസത്തിന്റെ (New Historicism) പ്രധാന തത്വങ്ങളെ ആവിഷ്കരിച്ചു: ലൂയിസ് മോൺട്രോസിന്റെ ആശയങ്ങളെ സാമാന്യമായി പരിചയപ്പെടാതെ നവചരിത്രവാദത്തെ കുറിച്ചുള്ള പഠനങ്ങൾ ശരിയായ ദിശയിലേക്ക് പ്രവേശിക്കുകയില്ല.

സാഹിത്യം വെറുമൊരു ഭാവനയല്ലെന്നും മറിച്ച് അത് രൂപംകൊള്ളുന്ന കാലഘട്ടത്തിലെ അധികാരഘടനകളുമായും സാംസ്കാരിക സംഘർഷങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്നും ലൂയിസ് മോൺട്രോസ് വാദിക്കുന്നു. സാഹിത്യകൃതികൾ അവ രൂപപ്പെട്ട കാലഘട്ടത്തിൽ നിന്ന് വേർതിരിച്ച് മനസ്സിലാക്കാനാകില്ലെന്നും മോൺട്രോസ് വാദിച്ചു. ഓരോ സാഹിത്യകൃതിയും അതിന്റെ കാലഘട്ടത്തിലെ രാഷ്ട്രീയ, സാമ്പത്തിക, മത, ലിംഗ, സാമൂഹിക ഘടകങ്ങളുടെ സ്വാധീനത്തിൽ രൂപപ്പെടുന്നു. ഉദാഹരണത്തിന് William Shakespeareന്റെ നാടകങ്ങളെ വായിക്കുമ്പോൾ എലിസബത്തൻ ഇംഗ്ലണ്ടിലെ രാജത്വം, മതപരമായ സംഘർഷങ്ങൾ, കോളനിയലിസത്തിന്റെ ആരംഭഘട്ടം, പുരുഷാധിപത്യ സമൂഹം തുടങ്ങിയവ പരിഗണിക്കേണ്ടതുണ്ടെന്ന് നവചരിത്രവാദം ചൂണ്ടിക്കാണിക്കുന്നു. അതിനാൽ സാഹിത്യം ചരിത്രത്തിന്റെ പ്രതിഫലനം മാത്രമല്ല; ചരിത്ര നിർമ്മാണത്തിന്റെ ഭാഗവുമാണ്.
മോൺട്രോസിന്റെ പ്രധാന സംഭാവന സാഹിത്യവും സംസ്കാരവും തമ്മിലുള്ള പരസ്പര സ്വാധീനം വ്യക്തമാക്കിയതാണ്. സാഹിത്യം സമൂഹത്തെ പ്രതിഫലിപ്പിക്കുന്നത് മാത്രമല്ല; അത് സമൂഹത്തെ സ്വാധീനിക്കുകയും പുതിയ ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് രാജാധികാരം, ലിംഗപദവി, മതധാർമികത തുടങ്ങിയ ആശയങ്ങൾ സാഹിത്യത്തിലൂടെ സമൂഹത്തിൽ ശക്തിപ്പെടാം; അതുപോലെ അവയെ ചോദ്യം ചെയ്യാനും സാഹിത്യത്തിന് കഴിയും. ഈ നിലയിൽ സാഹിത്യം ഒരു സാംസ്കാരിക പ്രവർത്തനമേഖലയായി മാറുന്നു.

നവചരിത്രവാദത്തിലെ പ്രധാന ആശയമായ ചരിത്രത്തിന്റെ പാഠപരത ‌പാഠത്തിന്റെ ചരിത്രപരത (The historicity of texts and the textuality of history) എന്ന ആശയം ആവിഷ്കരിച്ചത് ലൂയിസ് മോൺട്രോസായിരുന്നു.
Historicity of Texts എന്നാൽ എന്താണെന്ന് നോക്കാം: ഒരു സാഹിത്യകൃതി ജനിക്കുന്നത് ശൂന്യതയിലല്ല. അത് നിർമ്മിക്കപ്പെട്ട കാലത്തെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ ആ കൃതിയുടെ ഉള്ളടക്കത്തെ സ്വാധീനിക്കുന്നു.
Textuality of History എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് ചരിത്രം എന്നത് വസ്തുനിഷ്ഠമായ ഒരു സത്യമല്ല, മറിച്ച് അത് രേഖപ്പെടുത്തപ്പെട്ട വിവരണങ്ങളാണ്, അഥവാ ആഖ്യാനങ്ങളാണ് (Narratives). ചരിത്രകാരന്റെ കാഴ്ചപ്പാടിലൂടെ നിർമ്മിക്കപ്പെട്ട ഒരു ‘ടെക്സ്റ്റ്’ ആണ് ചരിത്രം എന്ന് അദ്ദേഹം വിശ്വസിച്ചു. ചരിത്രം തന്നെ ഒരു “പാഠം” (text) ആണെന്നാണ് ഈ നിലപാടിന്റെ ആകെത്തുക. സാധാരണയായി ചരിത്രത്തെ ഒരു നിഷ്പക്ഷ സത്യമായി കാണാറുണ്ട്. എന്നാൽ മോൺട്രോസ് പറയുന്നത് ചരിത്രം എന്നും ആരോ ഒരാളുടെ ഭാഷയിലൂടെയും കാഴ്ചപ്പാടിലൂടെയും നിർമ്മിക്കപ്പെടുന്ന ഒരു വിവരണമാണ് എന്നതാണ്. അതായത്, ചരിത്രം എന്നത് സംഭവങ്ങളുടെ “ശുദ്ധ രേഖപ്പെടുത്തൽ” അല്ല; മറിച്ച് അധികാരവും ആശയധാരകളും സ്വാധീനിക്കുന്ന ഒരു നിർമ്മിതിയാണ്. ചരിത്രകാരൻ ഉപയോഗിക്കുന്ന ഭാഷ, അവൻ തെരഞ്ഞെടുത്ത സംഭവങ്ങൾ, അവഗണിച്ച വസ്തുതകൾ—എല്ലാം ചരിത്രത്തെ സ്വാധീനിക്കുന്നു. അതിനാൽ ചരിത്രവും സാഹിത്യത്തെപ്പോലെ വിമർശനാത്മകമായി വായിക്കപ്പെടേണ്ട ഒരു പാഠമാകുന്നു.

അട്ടിമറിയും പ്രതിരോധവും (Subversion and Containment) എന്നൊരാശയം അദ്ദേഹം തന്റെ സൈദ്ധാന്തിക വിശകലനങ്ങൾക്കുവേണ്ടി ഉപയോ​ഗിക്കുന്നുണ്ട്. എലിസബത്തൻ കാലഘട്ടത്തിലെ നാടകങ്ങളെക്കുറിച്ച് പഠിക്കുമ്പോളാണ് അദ്ദേഹം സുപ്രധാനമായ ഈ നിരീക്ഷണം നടത്തുന്നത്. അധികാരത്തെ വെല്ലുവിളിക്കുന്ന (Subversion) രീതിയിലുള്ള രംഗങ്ങൾ പലപ്പോഴും നാടകങ്ങളിൽ വരാം. എന്നാൽ പലപ്പോഴും ഭരണകൂടം ഇത്തരം ‘കലാപങ്ങളെ’ മുൻകൂട്ടി കണ്ടുകൊണ്ട് അവയെ സ്വാംശീകരിക്കുകയും (Containment) അതുവഴി അധികാരം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു എന്ന് മോൺട്രോസ് നിരീക്ഷിച്ചു.

സാഹിത്യം ഒരു സാംസ്കാരിക നിർമ്മിതി (Cultural Artifact) യാണെന്നതും ലൂയിസ് മോൺട്രോസ് അവതരിപ്പിക്കുന്ന സവിശേഷമായ ഒരു ആശയമാണ്. സാഹിത്യത്തെ കേവലം ഭംഗിയുള്ള വാക്കുകളുടെ സമാഹാരമായി കാണുന്നതിന് പകരം, അദ്ദേഹം അതിനെ ഒരു ‘സാംസ്കാരിക നിർമ്മിതി’ ആയി കണ്ടു. അധികാരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, മനുഷ്യർ എങ്ങനെ സ്വയം അടയാളപ്പെടുത്തുന്നുവെന്നും സാഹിത്യകൃതികളിലൂടെ നമുക്ക് മനസ്സിലാക്കാം. ഉദാഹരണത്തിന്, ഷേക്സ്പിയറുടെ നാടകങ്ങൾ അന്നത്തെ എലിസബത്ത് രാജ്ഞിയുടെ അധികാരത്തെ എങ്ങനെ ആഘോഷിച്ചുവെന്നും അല്ലെങ്കിൽ വിമർശിച്ചുവെന്നും അദ്ദേഹം പരിശോധിച്ചു.
മറ്റ് നവചരിത്രവാദികളിൽ നിന്ന് വ്യത്യസ്തമായി, മോൺട്രോസ് സാഹിത്യത്തിന് ‘സാംസ്കാരിക കാവ്യശാസ്ത്രം’ (Cultural Poetics) എന്നൊരു തലം നൽകി. സാഹിത്യം സാംസ്കാരിക വ്യവഹാരങ്ങളുമായി (Discourses) സദാ വിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.

മിഷേൽ ഫൂക്കോയുടെ സ്വാധീനം

Michel Foucault എന്ന ഫ്രഞ്ച് ചിന്തകന്റെ ആശയങ്ങൾ മോൺട്രോസിനെ ഏറെ സ്വാധീനിച്ചു. പ്രത്യേകിച്ച് “power/knowledge” എന്ന ഫൂക്കോയുടെ ആശയം നവചരിത്രവാദ ചിന്തയുടെ അടിത്തറയായി മാറി. സമൂഹത്തിൽ അറിവും അധികാരവും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു; അധികാരകേന്ദ്രങ്ങൾ തന്നെയാണ് സത്യങ്ങളെയും അറിവിനെയും നിർമിക്കുന്നത് എന്ന ഫൂക്കോയുടെ നിരീക്ഷണം മോൺട്രോസ് സാഹിത്യ പഠനത്തിലേക്ക് കൊണ്ടുവന്നു. ഇതിന്റെ ഫലമായി സാഹിത്യത്തെ വെറും സൗന്ദര്യാനുഭവമല്ല, മറിച്ച് അധികാരബന്ധങ്ങളുടെ സാംസ്കാരിക പ്രകടനമെന്ന നിലയിൽ വായിക്കാൻ നവചരിത്രവാദം ശ്രമിച്ചു.
മോൺട്രോസിന്റെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച Stephen Greenblatt പോലുള്ള ചിന്തകരുടെയും ഇടപെടലുകൾ മൂലം നവചരിത്രവാദം ലോക സർവകലാശാലകളിലെ സാഹിത്യപഠനത്തിന്റെ പ്രധാന സൈദ്ധാന്തികധാരയായി മാറി. പ്രത്യേകിച്ച് ഇംഗ്ലീഷ് സാഹിത്യപഠനത്തിൽ ചരിത്രവും സാഹിത്യവും തമ്മിലുള്ള ബന്ധത്തെ പുതുതായി വിലയിരുത്താനുള്ള അവസരം ഈ സിദ്ധാന്തം തുറന്നു. ഇത് സാഹിത്യ വിമർശനത്തെ സാമൂഹ്യശാസ്ത്രം, ചരിത്രം, സംസ്കാരപഠനം, ജെൻഡർ സ്റ്റഡീസ്, പോസ്റ്റ്‌കോളോണിയൽ പഠനം തുടങ്ങിയ മേഖലകളുമായി ബന്ധിപ്പിക്കുകയും ചെയ്തു.

ചുരുക്കത്തിൽ ലൂയിസ് മോൺട്രോസിന്റെ ആശയങ്ങൾ സാഹിത്യപഠനത്തെ ചരിത്രത്തിലേക്കും നരവംശശാസ്ത്രത്തിലേക്കും (Anthropology) വഴിതിരിച്ചുവിട്ടു. കൃതിയെ മാത്രം പഠിക്കുന്നതിന് പകരം, ആ കൃതി നിലനിന്നിരുന്ന ലോകത്തെ മൊത്തമായി വിശകലനം ചെയ്യണമെന്ന അദ്ദേഹത്തിന്റെ വാദം ചരിത്രരചനാരം​ഗത്തും സാഹിത്യനിരൂപണ രം​ഗത്തും പുതിയ ആശയലോകങ്ങൾ തുറന്നു. ചരിത്രവും സാഹിത്യവും വെവ്വേറെ പാളികളല്ല, മറിച്ച് പരസ്പരം പിണഞ്ഞു കിടക്കുന്ന രണ്ട് ആശയലോകങ്ങളാണ് എന്നതാണ് അദ്ദേഹത്തിന്റെ ചിന്തകളുടെ കാതൽ. ആധുനികതയുടെ ‘വസ്തുനിഷ്ഠത’ അവകാശപ്പെടുന്ന ‘ആധികാരിക’ ചരിത്രധാരണകളെ പൊളിക്കുന്നതിലും സ്വത്വവും സംസ്കാരവും അടിസ്ഥാനമായുള്ള അനേക ചരിത്രങ്ങളെയും ആവിഷ്കാരങ്ങളെയും രൂപപ്പെടുത്തുന്നതിൽ ഈ ചിന്താധാര വളരെയേറെ സ്വാധീനം ചെലുത്തുന്നുണ്ട്, സമൂഹത്തിന്റെ ഓരങ്ങളിലേക്കും പ്രാന്തങ്ങളിലേക്കും അധികാരഘടനകൾ മാറ്റി നിർത്തിയ, അസന്നിഹിതമാക്കിയ പല സമൂങ്ങൾക്കും ശബ്ദവും ആവിഷ്കാരസാധ്യതകളും തുറന്നുനൽകാൻ ധൈഷണിക പശ്ചാത്തലമൊരുക്കി എന്നതാണ് ഈ ചിന്താധാരയുടെ ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടുതന്നെ നവചരിത്രവാദത്തിന്റെ സൈദ്ധാന്തികർക്കിടയിൽ ലൂയിസ് മോൺട്രോസിന്റെ ആശയങ്ങൾക്ക് സവിശേഷമായ പരി​ഗണന ലഭിക്കുന്നു.

ലൂയിസ് മോൺട്രോസിനെ കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ താഴെ:
Born: 1946, London, United Kingdom
Citizenship: United States
Academic post: Distinguished Professor Emeritus, University of California, San Diego
Major works: The Purpose of Playing (1996); The Subject of Elizabeth (2006)
Award: Guggenheim Fellowship in Humanities (1996).

തുടരും:

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy