ഭൂമിയിലെ വിലാപവും ആകാശത്തിലെ തരംഗവും: മസ്നവിയിലെ ആത്മാലാപനങ്ങൾ

"In 'Naynama' (Song of the Reed), the opening lines of the Masnavi, Rumi (R.A.) unveils the deep dimensions of separation and love between the individual soul and the Supreme Soul, using the reed flute as a symbol throughout all these verses."

دو دهان داریم گویا همچو نی
یک دهان پنهانست در لبهای وی

Like reed-flutes we’ve two mouths, it seems, as well:
One’s hidden in His lips where He can blow,
“പുല്ലാങ്കുഴലെന്ന പോലെ സംസാരിക്കുന്ന രണ്ട് വായകൾ നമുക്കുമുണ്ട്; അതിലൊരു വായ അല്ലാഹുവിന്റെ അധരങ്ങളിൽ മറഞ്ഞിരിക്കുകയാണ്.”
പുല്ലാങ്കുഴലിന് രണ്ട് അറ്റങ്ങളിലായി വായകൾ (ദ്വാരങ്ങൾ) ഉള്ളതുപോലെ മനുഷ്യനും രണ്ട് തലങ്ങളുണ്ട്. ഒരു വായ വഴി ഈ ഭൗതിക ലോകത്ത് സംസാരിക്കുമ്പോൾ, രണ്ടാമത്തെ വായ ഇലാഹിയായ ഉറവിടവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇലാഹിയായ ശ്വാസവും അറിവും നമ്മിലേക്ക് എത്തുന്നത് ഈ മറഞ്ഞിരിക്കുന്ന വഴിയിലൂടെയാണ്. (മൗലാനാ മൗലവി മുഹമ്മദ് നസീർ സ്വാഹിബ് അർശി നഖ്ശബന്ദി മുജദ്ദിദി, മിഫ്താഹുൽ ഉലൂം ശറഹ് മസ്നവി മൗലാനാ റൂമി)
മസ്നവിയുടെ ആമുഖ ഭാഗമായ ‘നയ്നാമ’യിൽ (Song of the Reed) പുല്ലാങ്കുഴലിന്റെ പ്രതീകാത്മകത ഉപയോഗിച്ച് ഈ വരികളിലൂടെ റൂമി(റ) വിവരിക്കുന്ന ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ബന്ധത്തെക്കുറിച്ച് ജാവേദ് മുജദ്ദിദി നൽകുന്ന പ്രധാന ആശയങ്ങൾ താഴെ സം​ഗ്രഹിക്കാം:
പുല്ലാങ്കുഴലിന് രണ്ട് തുറസ്സുകളുണ്ട്—ഒന്ന് കാറ്റ് ഊതുന്ന സ്ഥലവും (വാദ്യക്കാരന്റെ അധരങ്ങളോട് ചേർന്ന ഭാഗം), മറ്റൊന്ന് ശബ്ദം പുറത്തുവരുന്ന അറ്റവും. മനുഷ്യനും അതുപോലെയാണ്. മനുഷ്യന്റെ ഒരു ഭാഗം (അദൃശ്യമായ വായ) ഇലാഹി ചൈതന്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് അതിലേക്ക് ജീവശ്വാസവും ആത്മീയ പ്രചോദനവും (Divine Breath) നൽകുന്നത്.
ഒട്ടോമൻ സ്വൂഫി പണ്ഡിതനായ ഇസ്മാഈൽ അങ്കാരവി, ‘റുഖ്ൻ അൽ-ദീൻ’ (റൂമിയുടെ വ്യാഖ്യാതാക്കളിലെ പ്രമുഖൻ) എന്ന നിലയിലാണ് അറിയപ്പെടുന്നത്. അദ്ദേഹം ഈ വരികളെ വഹ്ദത്തുൽ വുജൂദ് (Existential Unity) എന്ന കാഴ്ചപ്പാടിലും ആത്മീയ പ്രഭാവത്തിന്റെ (Fayd) തലത്തിലുമാണ് വിശദീകരിക്കുന്നത്:
അങ്കാരവിയുടെ അഭിപ്രായത്തിൽ മനുഷ്യന് രണ്ട് വശങ്ങളുണ്ട് — ‘ബാത്വിൻ’ (അന്തരംഗം/ആന്തരിക തലം), ‘ളാഹിർ’ (ബാഹ്യ തലം).
ദൈവത്തിന്റെ ചുണ്ടുകളോട് ചേർന്നിരിക്കുന്ന വായ മനുഷ്യന്റെ ആത്മാവാണ് (റൂഹ്). അതിലൂടെയാണ് അല്ലാഹുവിന്റെ ‘ഫയ്ള്’ (Divine Grace/Emanation) അഥവാ ആത്മീയ ചൈതന്യം നിരന്തരം ഒഴുകിയെത്തുന്നത്. രണ്ടാമത്തെ വായ മനുഷ്യന്റെ ശരീരവും നാവുമാണ് (ജിസ്മ്). ഇത് ഭൗതിക ലോകത്തേക്ക് തുറന്നിരിക്കുന്നു.

ഈ വരികൾക്ക് ഇസ് ലാമിന്റെ ബാഹ്യമായ അനുഷ്ഠാന വിജ്ഞാനങ്ങളെയും ആന്തരീകമായ ആത്മീയ അനുഭവജ്ഞാന മേഖലകളെയും സമന്വയിപ്പിച്ച് വ്യാഖ്യാനിച്ച അശ്റഫലി താനവി(റ) യുടെ വിവരണങ്ങളും കൂടുതൽ ഉൾക്കാഴ്ച പകരുന്നതാണ്.
ശരീഅത്തും ത്വരീഖത്തും സമന്വയിപ്പിച്ച് വ്യാഖ്യാനിച്ച അശ്റഫ് അലി താനവി (റ), തസ്വവ്വുഫിലെ സങ്കീർണ്ണമായ വിഷയങ്ങളെ വളരെ ലളിതവും പ്രായോഗികവുമായ ശൈലിയിലാണ് അവതരിപ്പിക്കുന്നത്:
താനവി (റ) ചൂണ്ടിക്കാണിക്കുന്നത്, ഒരാൾ അല്ലാഹുവിനെ ഓർക്കുന്നതും (ദിക്ർ), അവനോട് വിലാപത്തോടെ പ്രാർത്ഥിക്കുന്നതും സ്വന്തം കഴിവ് കൊണ്ടല്ല എന്നാണ്. അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ആദ്യമൊരു ‘തൗഫീഖ്’ (പ്രചോദനം/അനുഗ്രഹം) ഉണ്ടാകുമ്പോൾ മാത്രമാണ് മനുഷ്യന്റെ നാവിൽ നിന്ന് വിലാപമോ പ്രാർത്ഥനയോ പുറപ്പെടുന്നത്.
നഖ്ശബന്ദിയ്യഃ ത്വരീഖത്തിലെ പ്രമുഖ സ്വൂഫി പണ്ഡിതനും മസ്നവിയുടെ പ്രസിദ്ധ വ്യാഖ്യാതാവുമായ ഖ്വാജാ അയ്യൂബ് പാർസ (Khwaja Ayyub Parsa – (റ) തന്റെ ‘അസ്രാർ അൽ-ഗൈബ്’ (Asrar al-Ghayb – അദൃശ്യ കാര്യങ്ങളുടെ രഹസ്യങ്ങൾ) എന്ന മസ്നവി വ്യാഖ്യാന ഗ്രന്ഥത്തിൽ ഈ വരിക്ക് തസ്വവ്വുഫിന്റെ ​ഗുപ്തജ്ഞാന സങ്കേതങ്ങളുടെ അടിസ്ഥാനത്തിൽ ആഴമേറിയ വ്യാഖ്യാനമാണ് നൽകുന്നത്. അദ്ദേഹം ഈ വരികളുടെ അടിസ്ഥാനത്തിൽ മനുഷ്യന്റെ ആത്മാവിനെ (റൂഹ്) രണ്ട് പ്രധാന തലങ്ങളുമായി ബന്ധിപ്പിച്ച് വിവരിക്കുന്നു:
അല്ലാഹുവിന്റെ അധരങ്ങളിലെ മറഞ്ഞിരിക്കുന്ന വായ (ജാനിബെ ഗൈബ് / ബാത്വിൻ) എന്ന കാവ്യത്തിലെ പരാമർശത്തെ അദ്ദേഹം വിശദീകരിക്കുന്നത് ഇപ്രകാരമാണ്:
ജാനിബെ ​ഗൈബ് എന്നത് മനുഷ്യന്റെ ആത്മാവിന്റെ യഥാർത്ഥ ഉറവിടമാണ് (ആലമുൽ അംറ് – ഇലാഹി കൽപ്പനകളുടെ ലോകം). നഖ്ശബന്ദി സ്വൂഫി ധ്യാനരീതികളിൽ, തഅ്ലീമുകളിൽ പറയുന്ന ആന്തരിക സ്വീകരണ ശേഷിയാണിത്. മനുഷ്യനിൽ ഇത് നിലീനമാണ്. ഇത് ഓരോ മനുഷ്യനിലും അല്ലാഹു പ്രകൃത്യാ (Fitrah) നിക്ഷേപിച്ചിട്ടുള്ള ആന്തരിക ശേഷിയാണ്. എന്നാൽ ഭൗതിക ലോകത്തെ അജ്ഞതയും ആഗ്രഹങ്ങളും കാരണം ഇത് ഭൂരിഭാഗം ആളുകളിലും നിഷ്ക്രിയമായോ (Dormant) മറഞ്ഞു കിടക്കുന്ന രൂപത്തിലോ ആണ് ഉള്ളത്.
മനുഷ്യ ശരീരത്തിൽ അദൃശ്യമായി സ്ഥിതിചെയ്യുന്ന 6 ആത്മീയ കേന്ദ്രങ്ങളെക്കുറിച്ച് (Subtle Spiritual Centers/Latā’if) നഖ്ശബന്ദി സ്വൂഫി തഅ്ലീമുകളിൽ പറയാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘ഖൽബ്’ (Spiritual Heart).
അല്ലാഹുവിൽ നിന്നുള്ള ‘ഫയ്ള്’ (Divine Grace), ‘കലാമേ ഇലാഹി’ (ഇലാഹി വചനങ്ങൾ/സന്ദേശങ്ങൾ), ആത്മീയ വെളിപാടുകൾ എന്നിവ നേരിട്ട് സ്വീകരിക്കുന്നത് അദൃശ്യമായ ഈ വഴിയിലൂടെയാണ്. ഈ ഖൽബ് എന്നത് രക്തം പമ്പ് ചെയ്യുന്ന മാംസപിണ്ഡമല്ല, മറിച്ച് ദൈവീക അറിവുകൾ (‘ഫയ്ള്’, ‘ഇൽഹാം’) സ്വീകരിക്കാനുള്ള ആത്മീയ അവയവമാണ്. ഈ ശേഷി നിലീനമാണെങ്കിൽ പിന്നെ എന്തുകൊണ്ട് എല്ലാവർക്കും ഈ ആത്മീയ വെളിപാടുകളും അനുഭൂതികളും ലഭിക്കുന്നില്ല? മസ്നവി വ്യാഖ്യാതാക്കളും നഖ്ശബന്ദി പണ്ഡിതന്മാരും ഇതിന് നൽകുന്ന ഉപമ ‘തുരുമ്പെടുത്ത കണ്ണാടി’യുടേതാണ്:
കണ്ണാടിയുടെ പ്രകൃതി വെളിച്ചത്തെ പ്രതിഫലിപ്പിക്കുക എന്നതാണ്. എന്നാൽ അതിൽ പൊടിയും തുരുമ്പും മൂടിയാൽ അത് വെളിച്ചം കാണിക്കില്ല.
മനുഷ്യന്റെ അഹങ്കാരം (നഫ്സ്), പാപങ്ങൾ, ഭൗതിക ലോകത്തോടുള്ള അമിതമായ ആസക്തി എന്നിവ ഈ ആന്തരിക വായയെ (ഖൽബിനെ) അടച്ചുകളയുകയോ കണ്ണാടിയിൽ തുരുമ്പ് വീഴ്ത്തുകയോ ചെയ്യുന്നു. അതുകൊണ്ട് തന്നെ ‘ആന്തരിക സ്വീകരണ ശേഷി’ അവിടെത്തന്നെയുണ്ടെങ്കിലും പക്ഷെ അത് മറയ്ക്കപ്പെട്ടിരിക്കുന്നു (Hijab). നിലീനമായിരിക്കുന്ന ഈ ശേഷിയെ ഉണർത്തിയെടുക്കാനാണ് നഖ്ശബന്ദി സ്വൂഫി ധാരയിൽ ‘ദിക്റെ ഖഫിയ്യ്’ (ആന്തരിക നിശബ്ദ ദിക്ർ) പരിശീലിക്കുന്നത്.
നഖ്ശബന്ദി ത്വരീഖത്ത് ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് ‘ദിക്റെ ഖഫിയ്യ്’ (നിശബ്ദമായ ആന്തരിക ഓർമ്മ). ഇതിനെ അടിസ്ഥാനമാക്കി ഖ്വാജാ അയ്യൂബ് പാർസ ഈ വരിയെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:
മനുഷ്യന്റെ നാവ് ചലിക്കാതെ തന്നെ അവന്റെ ഹൃദയം (ഖൽബ്) അല്ലാഹുവിനോട് നിരന്തരം സംഭാഷണത്തിൽ ഏർപ്പെടുന്നുണ്ട്. അല്ലാഹുവിന്റെ അധരങ്ങളോട് ചേർന്നിരിക്കുന്ന ആ മറഞ്ഞിരിക്കുന്ന വായ യഥാർത്ഥത്തിൽ മനുഷ്യന്റെ ആത്മീയ ഹൃദയമാണ് (ഖൽബ്/റൂഹ്).
ബാഹ്യ ലോകത്തുള്ളവർ കേൾക്കുന്നത് നാവിൽ നിന്നുള്ള വാക്കുകൾ മാത്രമാണെങ്കിലും, നഖ്ശബന്ദി ആരിഫീങ്ങൾ അല്ലാഹുവിലേക്ക് കണക്ട് ചെയ്തിരിക്കുന്നത് ഈ രഹസ്യ വായ (Secret Mouth) വഴിയാണ്. നാവ് ചലിക്കാതെ, ഹൃദയം കൊണ്ട് അല്ലാഹുവിനെ നിരന്തരം ഓർക്കുമ്പോൾ ആന്തരിക കണ്ണാടിയിലെ തുരുമ്പ് മാറുന്നു.
അവിടെയാണ് റൂമി(റ) പറഞ്ഞ “അല്ലാഹുവിന്റെ അധരങ്ങളോട് ചേർന്നിരിക്കുന്ന അദൃശ്യമായ വായ” തുറക്കപ്പെടുന്നത്.
അപ്പോൾ മനുഷ്യൻ സ്വന്തം ബുദ്ധി കൊണ്ട് മാത്രം കാര്യങ്ങൾ മനസ്സിലാക്കുന്നതിന് പകരം, അല്ലാഹുവിൽ നിന്നുള്ള ആത്മീയ വെളിച്ചവും ശാന്തതയും (സകീനത്ത്) നേരിട്ട് അനുഭവിക്കാൻ തുടങ്ങുന്നു.
വിശുദ്ധ ഖുർആനിലെ “ഞാൻ എന്റെ ആത്മാവിൽ നിന്ന് അതിൽ ഊതി” (സൂറഃ അൽ-ഹിജ്ര്: 29) എന്ന സൂചനയെ പാർസ ഈ വരിയുമായി ബന്ധിപ്പിക്കുന്നു. പുല്ലാങ്കുഴൽ വാദ്യക്കാരന്റെ അധരങ്ങളോട് ചേരുമ്പോൾ മാത്രമാണ് കാറ്റ് ഉള്ളിലേക്ക് കടക്കുന്നത്. അതുപോലെ, മനുഷ്യ സൃഷ്ടിപ്പിൽ അല്ലാഹു തന്റെ ആത്മാവിൽ നിന്ന് ഊതിയ ആ നിമിഷം മുതൽ മനുഷ്യന്റെ ആന്തരിക വായ അല്ലാഹുവിന്റെ അദൃശ്യ അധരങ്ങളോട് ചേർന്ന നിലയിലാണ്.
മനുഷ്യൻ സംസാരിക്കുന്നതും പ്രാർത്ഥിക്കുന്നതും അവനിലെ ഈ ഇലാഹി ശ്വാസത്തിന്റെ (Divine Breath / Nafas al-Rahman) പ്രഭാവം കൊണ്ടാണ്. മനുഷ്യന് സ്വന്തമായി സംസാര ശേഷിയില്ല; അല്ലാഹു ഊതിയ കാറ്റാണ് അവനിൽ സംഗീതമായി മാറിയത്.
ചുരുക്കത്തിൽ ഈ ആന്തരിക സ്വീകരണ ശേഷി എല്ലാ മനുഷ്യരിലും അല്ലാഹു നിക്ഷേപിച്ചിട്ടുള്ള അത്യന്തം സ്വാഭാവികമായ ഒന്നാണ് (Inherent). അത് ആർക്കും പുതുതായി ഉണ്ടാക്കേണ്ടതില്ല. മറിച്ച്, നമ്മളിലുള്ള പാപങ്ങളുടെയും അഹങ്കാരത്തിന്റെയും മൂടുപടം നീക്കി (തസ്കിയത്തുന്നുഫ്സ് – Purification of Soul), അതിനെ പൂർവ്വസ്ഥിതിയിലാക്കുക (Purified Heart) മാത്രമാണ് ചെയ്യേണ്ടത്. ഖ്വാജാ അയ്യൂബ് പാർസയുടെ വ്യാഖ്യാനപ്രകാരം, മനുഷ്യൻ കേവലം ഒരു ബാഹ്യ ശരീരമല്ല. അവന്റെ ആത്മാവിന് അല്ലാഹുവിലേക്ക് നേരിട്ട് ഒരു രഹസ്യ കവാടമുണ്ട് (മറഞ്ഞിരിക്കുന്ന വായ). ഈ വഴിയിലൂടെ ഇലാഹിയായ അനുഗ്രഹങ്ങളും ജ്ഞാനവും സ്വീകരിച്ച്, അതിനെ ഭൗതിക ലോകത്ത് വാക്കുകളായും പ്രവൃത്തികളായും മാറ്റുന്ന ഒരു ആത്മീയ ഉപകരണമാണ് (Instrument) അവനെന്ന് സ്വയം തിരിച്ചറിയുക എന്നതാണ് അവന്റെ ജീവിതധർമ്മം.
ബാഹ്യമായ വായ (ജാനിബെ ശഹാദത്ത് / ളാഹിർ) എന്നാൽ ഭൗതിക ലോകത്തേക്ക് തുറന്നിരിക്കുന്ന മനുഷ്യന്റെ നാവാണ്. ആന്തരിക വായ വഴി സ്വീകരിക്കുന്ന ഇലാഹി ചൈതന്യവും അനുഭൂതിയും ഭൗതിക ലോകത്ത് പ്രകടിപ്പിക്കപ്പെടുന്നതിനുള്ള മാധ്യമമാണ് ഈ രണ്ടാമത്തെ വായ.

یک دهان نالان شده سوی شما
های و هویی درفکنده در سما
The other wails to you, making a show
Of clamour that ascends up to the sky.
“രണ്ടാമത്തെ വായ നിങ്ങൾക്കു നേരെ വിലാപങ്ങൾ ഉയർത്തുന്നു; അത് ആകാശലോകങ്ങളിൽ വലിയ അലർച്ചയും ചലനവും സൃഷ്ടിച്ചിരിക്കുന്നു.”

മനുഷ്യൻ ഭൗതിക ലോകത്ത് പുറപ്പെടുവിക്കുന്ന പ്രാർത്ഥനകളും വിലാപങ്ങളും സ്തുതികളും കേവലം വായ കൊണ്ട് നിർമ്മിക്കുന്ന ശബ്ദ തരംഗങ്ങൾ മാത്രമാണോ? അല്ല എന്ന് റൂമി(റ) വ്യക്തമാക്കുന്നു. പുല്ലാങ്കുഴലിന്റെ ആന്തരിക വായയിലേക്ക് അല്ലാഹു ആത്മീയ ശ്വാസം (Divine Breath) ഊതുമ്പോൾ, അതിന്റെ ബാഹ്യമായ രണ്ടാമത്തെ വായയിലൂടെ പുറത്തുവരുന്ന ശബ്ദം ഭൂമിയിൽ മാത്രമല്ല, ഉന്നതമായ ആകാശലോകങ്ങളിൽ (ആത്മീയ ലോകത്ത്) പോലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഈ ആത്മീയ യാഥാർത്ഥ്യത്തെ വിവിധ തസ്വവ്വുഫ് പാരമ്പര്യങ്ങളിലെ പ്രമുഖ പണ്ഡിതന്മാർ എങ്ങനെയാണ് വിശദീകരിക്കുന്നതെന്ന് നോക്കാം:
“അല്ലാഹുവിൽ നിന്ന് ആത്മീയ അറിവ് സ്വീകരിക്കുന്ന മനുഷ്യൻ, തന്റെ ബാഹ്യമായ വായ ഉപയോഗിച്ച് ഈ ലോകത്തുള്ളവരോട് സംസാരിക്കുകയും വിലാപങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. ഈ വിലാപം വെറുമൊരു ശബ്ദമല്ല, മറിച്ച് ഇലാഹിൽ നിന്നുള്ള വിരഹത്തിന്റെ ആഴത്തിലുള്ള ആത്മാലാപനമാണത്. അത് ഭൂമിയിൽ മാത്രമല്ല, ആകാശലോകങ്ങളിൽ (ആത്മീയ ലോകത്ത്) പോലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു.” (മൗലാനാ മൗലവി മുഹമ്മദ് നസീർ സ്വാഹിബ് അർശി നഖ്ശബന്ദി മുജദ്ദിദി, മിഫ്താഹുൽ ഉലൂം ശറഹ് മസ്നവി മൗലാനാ റൂമി)
ഓക്സ്ഫോർഡ് വേൾഡ്സ് ക്ലാസിക്സിന് വേണ്ടി മസ്നവി പരിഭാഷപ്പെടുത്തിയ ജാവേദ് മുജദ്ദിദി (Jawid Mojaddedi), റൂമി ഉപയോഗിച്ച ‘ഇരട്ട വായകളുടെ’ പ്രതീകാത്മകതയെ ലളിതമായും എന്നാൽ ആഴത്തിലും വിശകലനം ചെയ്യുന്നു.
“പുല്ലാങ്കുഴൽ സ്വന്തമായി ശബ്ദമുണ്ടാക്കുന്നില്ല. പുറത്തേക്ക് കേൾക്കുന്ന അലർച്ചയും വിലാപവും (clamour that ascends up to the sky) ബാഹ്യമായ വായയുടേതാണെന്ന് തോന്നാമെങ്കിലും, അതിന് ആധാരം മറഞ്ഞിരിക്കുന്ന ദൈവീകമായ ഊത്താണ്. മനുഷ്യൻ ഈ ലോകത്തുള്ളവരോട് തന്റെ ദുഃഖങ്ങളും ദൈവവിരഹത്തിന്റെ വിലാപങ്ങളും പങ്കുവെക്കുന്നത് അവന്റെ രണ്ടാമത്തെ വായ (ശരീരവും നാവും) ഉപയോഗിച്ചാണ്. മനുഷ്യന്റെ ഈ ആത്മീയ നിലവിളി ഭൗതിക അതിരുകൾ കടന്ന് ആകാശ ലോകത്തേക്ക് ഉയരുന്നു”എന്ന് മുജദ്ദിദി ചൂണ്ടിക്കാണിക്കുന്നു.
ഒട്ടോമൻ സ്വൂഫി പണ്ഡിതനായ ഇസ്മാഈൽ അങ്കാരവി (Ismail Ankaravi) തന്റെ ഷർഹ്-ഇ മസ്നവിയിൽ ഈ വരിയെ കൂടുതൽ ആഴത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെ വായിക്കാം:
“അങ്കാരവിയുടെ വീക്ഷണത്തിൽ, ദൈവീക അധരങ്ങളോട് ചേർന്നിരിക്കുന്ന ആന്തരിക വായയിലൂടെ (ബാത്വിൻ/ആത്മാവ്) സ്വീകരിക്കുന്ന അനുഭൂതിയും ആത്മീയ വെളിച്ചവുമാണ് മനുഷ്യന്റെ ബാഹ്യമായ നാവിലൂടെ (ളാഹിർ/രണ്ടാമത്തെ വായ) പുറത്തേക്ക് ഒഴുകുന്നത്.” അഥവാ ബാത്വിനിൽ നിന്ന് ളാഹിറിലേക്ക്. ആത്മാവിൽ തട്ടുന്ന ഈ ഇലാഹി ചൈതന്യം സഹിക്കാൻ കഴിയാതെ വരുമ്പോഴാണ് മനുഷ്യൻ വിലാപങ്ങൾ ഉയർത്തുന്നത്. ഈ വിലാപം മനുഷ്യൻ നിർമ്മിക്കുന്നതല്ല, മറിച്ച് അവനുള്ളിൽ അനുഭവപ്പെടുന്ന ഇലാഹി പ്രഭാവത്തിന്റെ സ്വാഭാവികമായ പ്രകടനമാണ്.
ശരീഅത്തും തരീഖത്തും സമന്വയിപ്പിച്ച മൗലാനാ അശ്റഫ് അലി താനവി (റ) തന്റെ കലീദ്-ഇ-മസ്നവിയിൽ ഈ വരിക്ക് മൂന്ന് പ്രായോഗിക ആത്മീയ തലങ്ങൾ വിശദീകരിക്കുന്നു:
ആത്മീയ പ്രബോധകന്റെ (മുർശിദ്) അവസ്ഥ: രണ്ടാമത്തെ വായ നിങ്ങൾക്കു നേരെ വിലാപങ്ങൾ ഉയർത്തുന്നു എന്നതിന്റെ താത്പര്യം, ആത്മജ്ഞാനികൾ (ആരിഫീങ്ങൾ) ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കാൻ നടത്തുന്ന പ്രബോധനങ്ങളും ഉപദേശങ്ങളുമാണ്.
മലക്കുകളിലെ ചലനം: ഒരു അടിമ ഇലാഹി പ്രേമത്താൽ വിരഹത്തോടെ കരയുമ്പോൾ, ആ വിലാപത്തിന്റെ പ്രതിധ്വനി ഭൗതിക ലോകം കടന്ന് മലകൂതിൽ (ആകാശലോകത്ത്) എത്തുന്നു. അത് മലക്കുകൾക്കിടയിൽ വലിയ ആശ്ചര്യവും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള ചലനവും സൃഷ്ടിക്കുന്നു.
എളിമയുടെ പാഠം: ഉപദേശങ്ങൾ നൽകുകയും വിലാപങ്ങൾ ഉയർത്തുകയും ചെയ്യുമ്പോൾ പോലും, താൻ സ്വന്തമായി സംസാരിക്കുകയാണെന്ന അഹങ്കാരം മനുഷ്യന് ഉണ്ടാകരുത്. താൻ അല്ലാഹുവിന്റെ വിനീതമായ ഒരു ഉപകരണം മാത്രമാണെന്ന് അവൻ തിരിച്ചറിയണം.”
യഥാർത്ഥ ഫാഇലായി(പ്രവർത്തിക്കുന്നവനായി) അല്ലാഹുവിനെ തിരിച്ചറിയുന്നവരാണ് ആരിഫീങ്ങൾ.
നഖ്ശബന്ദിയ്യ ത്വരീഖത്തിലെ മഹാനായ പണ്ഡിതൻ ഖ്വാജാ അയ്യൂബ് പാർസ തന്റെ അസ്രാർ അൽ-ഗൈബ് എന്ന ഗ്രന്ഥത്തിൽ നൽകുന്ന വ്യാഖ്യാനം ഇപ്രകാമാണ്:
മനുഷ്യനിൽ രണ്ട് ലോകങ്ങളുടെയും സമാ​ഗമമുണ്ട്. മനുഷ്യന്റെ ആന്തരിക വായ ആലമുൽ അംറുമായി (ദൈവിക കൽപ്പനകളുടെ അദൃശ്യ ലോകം) ബന്ധപ്പെട്ടിരിക്കുന്നു. അവിടെ നിന്ന് സ്വീകരിക്കുന്ന ദിക്റും സന്ദേശങ്ങളുമാണ് ആലമുൽ ഖൽഖ് അഥവാ ആലമുശ്ശഹാദയിൽ (ഭൗതിക സൃഷ്ടിപ്പുകളുടെ ലോകം) രണ്ടാമത്തെ വായ വഴി ശബ്ദമായി മാറുന്നത്.
ഹൃദയം (ഖൽബ്) കൊണ്ട് നടത്തുന്ന ‘ദിക്റെ ഖഫിയ്യ്’ (നിശബ്ദ ഓർമ്മ) വഴി ആന്തരിക വായ ശുദ്ധീകരിക്കപ്പെടുമ്പോൾ, മനുഷ്യൻ ഭൗതികമായി പുറപ്പെടുവിക്കുന്ന ഓരോ വാക്കും ആകാശലോകങ്ങളിൽ (ആത്മീയ മണ്ഡലങ്ങളിൽ) വലിയ തരംഗം സൃഷ്ടിക്കുന്നു. ഈ തരം​ഗങ്ങളെയാണ് ആകാശലോകത്തെ അലർച്ച എന്ന് ഇവിടെ വിശേഷിപ്പിച്ചിട്ടുള്ളത്.
ചുരുക്കത്തിൽ റൂമി(റ) യുടെ പതിനഞ്ചാമത്തെ ഈരടി നമ്മെ ഓർമ്മിപ്പിക്കുന്നത് മനുഷ്യന്റെ ആത്മീയ വാഗ്ധോരണികളുടെയും പ്രാർത്ഥനകളുടെയും യഥാർത്ഥ ഉറവിടത്തെക്കുറിച്ചാണ്. പുറമെ കേൾക്കുന്ന വിലാപങ്ങളും അലർച്ചകളും മനുഷ്യന്റേതാണെന്ന് തോന്നാമെങ്കിലും, അതിന്റെ വേരുകൾ അല്ലാഹുവിന്റെ അദൃശ്യമായ ചൈതന്യത്തിലാണ് നിലകൊള്ളുന്നത്. സ്വന്തം അഹങ്കാരത്തെ ഇല്ലാതാക്കി, അല്ലാഹുവിന്റെ ആത്മീയ സംഗീതം ഒഴുകുന്ന പരിശുദ്ധമായ ഒരു പുല്ലാങ്കുഴലായി മാറുമ്പോൾ മാത്രമാണ് മനുഷ്യന്റെ വാക്കുകൾക്ക് ആകാശലോകങ്ങളെ വരെ ചലിപ്പിക്കാനുള്ള ശക്തി കൈവരുന്നത്.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

Please Don't try to copy