രിസാലത്തു ആദാബി സുലൂക്കിൽ മുരീദ് പരിഭാഷ:
അദ്ധ്യായം: 1
ഹബീബ് അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ്(റ)
സ്വൂഫി വഴിയിൽ സാധകർക്ക് മാർഗദർശനമായി എഴുതപ്പെട്ട പ്രമുഖ സ്വൂഫി ഗ്രന്ഥത്തിന്റെ പരിഭാഷ. പ്രമുഖ ബാ അലവി സ്വൂഫി ഹബീബ് അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ്(റ) രചിച്ച ഗ്രന്ഥത്തിന്റെ ആമുഖഭാഗം.

ആമുഖം
അളവറ്റ ദയാലുവും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അത്യുന്നതനും മഹത്വമുടയവനുമായ അല്ലാഹുവല്ലാതെ മറ്റൊരു കഴിവോ ശക്തിയോ ഇല്ല.
ഇച്ഛാശക്തിയുള്ളവരുടെ ഹൃദയങ്ങളിൽ താൻ ഉദ്ദേശിക്കുമ്പോൾ (സത്യമാർഗ്ഗത്തിലുള്ള) അതിയായ ആഗ്രഹം ജനിപ്പിക്കുകയും, അതുവഴി സൗഭാഗ്യത്തിന്റെ പാതയിലേക്ക്—അതായത് വിശ്വാസത്തിലേക്കും ആരാധനയിലേക്കും, സകല ദുരാചാരങ്ങളെയും ദുഃശ്ശീലങ്ങളെയും തുടച്ചുനീക്കുന്നതിലേക്കും—അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിനാണ് സർവ്വ സ്തുതിയും. സകല നേതാക്കളുടെയും നേതാവായ നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങളുടെ മേലും, അവരുടെ കുടുംബത്തിന്റെയും അനുചരന്മാരായ സദ് വൃത്തരുടെ മേലും അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും വർഷിക്കട്ടെ.
അല്ലാഹു പറയുന്നു: “ആരെങ്കിലും ഇഹലോകത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ, നാം ഉദ്ദേശിക്കുന്നവർക്ക് അതിൽ നാം വേഗത്തിൽ നൽകുന്നതാണ്. പിന്നീട് അവന് നാം നരകത്തെ നിശ്ചയിക്കുകയും ചെയ്യും. അതിൽ അവൻ നിന്ദ്യനും പുറന്തള്ളപ്പെട്ടവനുമായി കടന്നുചെല്ലും. വല്ലവരും പരലോകത്തെ ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടിയുള്ള പരിശ്രമം നടത്തുകയും ചെയ്താൽ, അത്തരക്കാരുടെ പരിശ്രമം നന്ദിയോടെ സ്വീകരിക്കപ്പെടുന്നതാണ്” (വിശുദ്ധ ഖുർആൻ, 17:18-19).
‘അൽ-ആജില’ എന്നത് ഇഹലോകമാണ്. ഒരാൾ അതിനെ ലക്ഷ്യം വെക്കുകയോ (അതിലുപരി) അതിനെ നേടാൻ പരിശ്രമിക്കുകയോ ചെയ്താൽ, അയാളുടെ പരിണാമം നിന്ദ്യതയോടും അപമാനത്തോടു കൂടിയുമുള്ള നരകമാണ്. അതിനാൽ, ബുദ്ധിമാനായവൻ അതിൽ നിന്ന് പിന്തിരിയുന്നതും അതിന്റെ ഉപദ്രവത്തെ തൊട്ട് സൂക്ഷിക്കുന്നതും എത്രയോ ഉചിതമാണ്!
ഇനി പരലോകം എന്നത് സ്വർഗ്ഗമാണ്. അത് നേടുന്നതിന് വെറും ആഗ്രഹം മാത്രം പോരാ. മറിച്ച്, സത്യവിശ്വാസത്തോടും അല്ലാഹു പറഞ്ഞ “അതിനുവേണ്ടിയുള്ള യഥാർത്ഥ പരിശ്രമം” എന്നതിനനുസരിച്ചുള്ള സൽപ്രവൃത്തികളോടും കൂടെയായിരിക്കണം അത്. ‘നന്ദിയോടെ സ്വീകരിക്കപ്പെടുന്ന പരിശ്രമം’ (സഅയുൻ മശ്കൂറുൻ) എന്നത് അല്ലാഹുവിന്റെ കാരുണ്യത്താൽ സ്വീകരിക്കപ്പെടുന്നതും, അർഹമായ പ്രതിഫലവും പുകഴ്ത്തലും ലഭിക്കുന്നതുമായ പ്രവർത്തനമാണ്. അല്ലാഹുവിന്റെ കൃപയാൽ അനന്തമായി നിലനിൽക്കുന്നതാണ് ആ പ്രതിഫലം.
ഇഹലോകത്തെ മാത്രം ലക്ഷ്യം വെക്കുകയും, അതുമൂലം പരലോകത്തെ മറക്കുകയും ചെയ്യുന്നവനാണ് എല്ലാ നിലയ്ക്കും പരാജയപ്പെട്ടവൻ. അവൻ പരലോകത്തിൽ വിശ്വസിക്കുന്നില്ല, അല്ലെങ്കിൽ വിശ്വസിച്ചിട്ടും അതിനുവേണ്ടി പ്രവർത്തിക്കുന്നില്ല. ഇതിൽ ആദ്യത്തേവൻ കാഫിറാണ്, അവൻ നരകത്തിൽ സ്ഥിരവാസിയായിരിക്കും. രണ്ടാമത്തേവൻ പാപിയാണ് (ഫാസിഖ്), അവൻ പരാജയത്തിന്റെ മുദ്രകുത്തപ്പെട്ടവനാണ്.
പ്രവാചകൻ (സ) പറഞ്ഞു: “തീർച്ചയായും പ്രവർത്തനങ്ങൾ അവയുടെ നിയ്യത്തുകളെ (ഉദ്ദേശ്യങ്ങളെ) അനുസരിച്ചാണ്. ഓരോ മനുഷ്യനും അവൻ കരുതിയത് മാത്രമേ ലഭിക്കൂ. അതിനാൽ ആരുടെ ഹിജ്റ (പലായനം) അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ആണോ, അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാണ്. ആരുടെ ഹിജ്റ ദുൻയാവിനെ നേടാനോ അല്ലെങ്കിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കാനോ ആണോ, അവന്റെ ഹിജ്റ അവൻ എന്തിലേക്കാണോ ഹിജ്റ ചെയ്തത് അതിലേക്കാണ്.”
അതായത്, നിയ്യത്തില്ലാതെ ഒരു പ്രവർത്തനവുമില്ലെന്ന് പ്രവാചകൻ (സ) അറിയിച്ചു. മനുഷ്യന് തന്റെ നിയ്യത്തിനനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുന്നത്; നന്മ കരുതിയാൽ നന്മയും തിന്മ കരുതിയാൽ തിന്മയും ലഭിക്കും.
ഇഹലോകത്തെ മാത്രം ലക്ഷ്യം വെക്കുകയും, അതുമൂലം പരലോകത്തെ മറക്കുകയും ചെയ്യുന്നവനാണ് എല്ലാ നിലയ്ക്കും പരാജയപ്പെട്ടവൻ. അവൻ പരലോകത്തിൽ വിശ്വസിക്കുന്നില്ല, അല്ലെങ്കിൽ വിശ്വസിച്ചിട്ടും അതിനുവേണ്ടി പ്രവർത്തിക്കുന്നില്ല. ഇതിൽ ആദ്യത്തേവൻ കാഫിറാണ്, അവൻ നരകത്തിൽ സ്ഥിരവാസിയായിരിക്കും. രണ്ടാമത്തേവൻ പാപിയാണ് (ഫാസിഖ്), അവൻ പരാജയത്തിന്റെ മുദ്രകുത്തപ്പെട്ടവനാണ്.
പ്രവാചകൻ (സ) പറഞ്ഞു: “തീർച്ചയായും പ്രവർത്തനങ്ങൾ അവയുടെ നിയ്യത്തുകളെ (ഉദ്ദേശ്യങ്ങളെ) അനുസരിച്ചാണ്. ഓരോ മനുഷ്യനും അവൻ കരുതിയത് മാത്രമേ ലഭിക്കൂ. അതിനാൽ ആരുടെ ഹിജ്റ (പലായനം) അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ആണോ, അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാണ്. ആരുടെ ഹിജ്റ ദുൻയാവിനെ നേടാനോ അല്ലെങ്കിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കാനോ ആണോ, അവന്റെ ഹിജ്റ അവൻ എന്തിലേക്കാണോ ഹിജ്റ ചെയ്തത് അതിലേക്കാണ്.”
അതായത്, നിയ്യത്തില്ലാതെ ഒരു പ്രവർത്തനവുമില്ലെന്ന് പ്രവാചകൻ (സ) അറിയിച്ചു. മനുഷ്യന് തന്റെ നിയ്യത്തിനനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുന്നത്; നന്മ കരുതിയാൽ നന്മയും തിന്മ കരുതിയാൽ തിന്മയും ലഭിക്കും. ആരുടെ നിയ്യത്ത് നന്നാവുന്നുവോ അവന്റെ പ്രവർത്തനം തീർച്ചയായും നന്നാവുന്നു. ആരുടെ നിയ്യത്ത് മോശമാവുന്നുവോ അവന്റെ പ്രവർത്തനം തീർച്ചയായും മോശമാവുന്നു; പുറമെ അത് നല്ലതായി തോന്നിയാലും (ഉദാഹരണത്തിന്: സൃഷ്ടികളെ കാണിക്കാൻ വേണ്ടി മാത്രം സൽപ്രവൃത്തികൾ ചെയ്യുന്നവൻ).
അല്ലാഹുവിനുവേണ്ടി, പ്രവാചകൻ (സ) കാണിച്ചുതന്ന മാതൃക പിൻപറ്റിക്കൊണ്ട് പ്രവർത്തിക്കുന്നവന്റെ പ്രതിഫലം അല്ലാഹുവിങ്കലാണെന്നും, അവൻ അല്ലാഹുവിന്റെ തൃപ്തിയിലേക്കും സ്വർഗ്ഗത്തിലേക്കും എത്തുമെന്നും പ്രവാചകൻ (സ) അറിയിച്ചു. നേരെമറിച്ച്, അല്ലാഹുവല്ലാത്തവരെ ലക്ഷ്യം വെക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തവന്റെ പ്രതിഫലം, താൻ ആരെ കാണിക്കാൻ വേണ്ടി പ്രവർത്തിച്ചുവോ അവർക്കടുക്കലായിരിക്കും. എന്നാൽ അവർക്ക് അവനോ തങ്ങൾക്കോ ഉപകാരമോ ഉപദ്രവമോ മരണമോ ജീവിതമോ ഉയിർത്തെഴുന്നേൽപ്പോ നൽകാൻ അധികാരമില്ല.
മറ്റ് എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ‘ഹിജ്റയെ’ പ്രത്യേകം എടുത്തുപറഞ്ഞത്, എല്ലാ കർമ്മങ്ങളും ഹിജ്റയെപ്പോലെ നിയ്യത്തിനെ ആശ്രയിച്ചിരിക്കുന്നു എന്ന് ഉണർത്താനാണ്. കാരണം, ഹിജ്റ എന്നത് ഒരു പ്രത്യേക കർമ്മം മാത്രമല്ല, ഇസ്ലാമിലെ എല്ലാ ആരാധനകളിലും ഇത് ബാധകമാണ്.
തുടർന്ന് ഞാൻ പറയുന്നു: ആഗ്രഹിക്കുന്നവരും അന്വേഷിക്കുന്നവരുമായ വിദ്യാർത്ഥികളേ, അറിഞ്ഞേക്കുക. ആത്മീയ പാതയിലെ മര്യാദകളെക്കുറിച്ച് ലളിതമായ ഭാഷയിൽ ചില അധ്യായങ്ങൾ എഴുതിത്തരണമെന്ന് നിങ്ങൾ എന്നോട് ആവശ്യപ്പെട്ടപ്പോൾ, എനിക്ക് അനുയോജ്യമായി തോന്നിയ കാര്യങ്ങൾ തയ്യാറാക്കാൻ ഞാൻ തുനിഞ്ഞു. എനിക്കും നിങ്ങൾക്കും മറ്റ് സഹോദരങ്ങൾക്കും ഉപകരിക്കുന്നതും, ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതുമായ കാര്യങ്ങൾ ഉൾപ്പെടുത്താൻ അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു. അവനാണ് എനിക്ക് മതിയായവൻ, ഏറ്റവും മികച്ച കാര്യനിർവാഹകൻ.
തുടരും…
